Image

ജോർജ് കോശിയുടെ പ്രയാണം, ഫൊക്കാന മുതൽ ഫോമാ വരെ  (മീട്ടു  റഹ്മത്ത് കലാം)

Published on 14 November, 2023
ജോർജ് കോശിയുടെ പ്രയാണം, ഫൊക്കാന മുതൽ ഫോമാ വരെ  (മീട്ടു  റഹ്മത്ത് കലാം)
 
see: photos and report at Em-The Weekly: https://mag.emalayalee.com/weekly/11-nov-2023/#page=2
 
 
ബാലജനസഖ്യത്തിലൂടെയും കെ.എസ്.യു എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയും വളർന്ന നിരവധി രാഷ്ട്രീയപ്രമുഖരെ നമുക്കറിയാം. ചെങ്ങന്നൂരിന്റെ മണ്ണിൽ കെ.എസ്.യു വിന്റെ പതാക ആദ്യമായി ഉയർത്തിയ ജോർജ്ജ് കോശി,എഴുപതുകളിൽ അമേരിക്കയിലേക്ക് പറന്നിരുന്നില്ലെങ്കിൽ ആ ശ്രേണിയിലൊരു നേതാവിനെക്കൂടി മലയാണ്മയ്ക്ക് ലഭിക്കുമായിരുന്നു. അറുപതുകളിൽ കോളിളക്കം സൃഷ്ടിച്ച മുരളി സമരത്തിന്റെ ഭാഗമായി ഉമ്മൻ ചാണ്ടി ലോ കോളജിൽ നിരാഹാരം കിടന്നപ്പോൾ അന്ന് സി.എം.എസ് കോളജിൽ പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന ജോർജ്ജ്  കോശിയുടെ നേതൃത്വത്തിൽ  യുവാക്കൾ അണിനിരന്നതും അറസ്റ്റ് വരിച്ചതും അധികം ആളുകൾക്ക് അറിയില്ല.രാഷ്ട്രീയം കളിച്ച് നടക്കേണ്ടെന്ന് കരുതി വീട്ടുകാർ ഒരു നാടുകടത്തൽ പോലെ അമേരിക്കയിലേക്ക് വിട്ടപ്പോഴും സാമൂഹികസേവനത്തിലുള്ള ജന്മവാസനയ്ക്ക് കുറവുവന്നില്ല. അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായി വളർന്ന ഫോമായുടെ രൂപീകരണത്തിന് ചുക്കാൻ പിടിച്ച പ്രധാനികളിൽ ഒരാൾ എന്നതടക്കം,നിർണ്ണായകമായ പല പ്രവർത്തനങ്ങളിലും ആ കരസ്പർശമുണ്ട്. ശാരീരികമായ വിഷമതകൾ മൂലം, സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് അകന്നുകഴിയുമ്പോഴും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഇപ്പോഴും അദ്ദേഹം സജീവമാണ്.മറ്റുള്ളവരെ സഹായിക്കണമെന്ന ആത്മാർത്ഥമായ ആഗ്രഹം,ജീവിക്കാനുള്ള പ്രേരണയും മനോബലവും നൽകുമെന്നാണ് ജോർജ്ജ് കോശിയുടെ വിശ്വാസപ്രമാണം... 
 
കേരളത്തിൽ വച്ചുതന്നെ സംഘടനാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നോ?
 
സഹായം അഭ്യർത്ഥിക്കുന്നവർക്ക് അത് നൽകുക എന്നത് കുഞ്ഞുനാളുമുതൽ കണ്ടുവളർന്നതാണ്. പണം ചോദിച്ച് വരുമ്പോൾ കയ്യിലില്ലെങ്കിൽ, ആഭരണം ഊരിക്കൊടുക്കാൻ പോലും മനസ്സ് കാണിച്ചിരുന്ന ആളാണ് അമ്മ. മറ്റൊരാളുടെ കണ്ണീരൊപ്പാൻ കഴിയുന്നതിലും വലിയ പുണ്യമില്ലെന്ന് അങ്ങനെയാണ് പഠിച്ചത്. ജനസേവനവും രാഷ്ട്രീയവും ഞാനൊരിക്കലും രണ്ടായി കണ്ടിട്ടില്ല.
ബാലജനസഖ്യത്തിലൂടെയും കെ.എസ്.യു എന്ന വിദ്യാർത്ഥി പ്രസ്ഥാനത്തിലൂടെയുമാണ് പൊതുപ്രവർത്തനത്തിന്റെ ബാലപാഠങ്ങൾ സ്വായത്തമാക്കിയത്. ചെങ്ങന്നൂരിന്റെ മണ്ണിൽ കെ.എസ്.യു വിന്റെ പതാക ആദ്യമായി ഉയർത്തിയത് ഞാനാണ്.
പന്തളം എൻ.എസ്.എസ് കോളജിന്റെ ആദ്യത്തെ യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ ,കേരള യൂണിവേഴ്സിറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
മുരളി എന്ന വിദ്യാർത്ഥി കൊല്ലപ്പെട്ടതിനെത്തുടർന്ന് നടന്ന 'മുരളി സമരം' അറുപതുകളിൽ കോളിളക്കം സൃഷ്‌ടിച്ച സംഭവമാണ്. ഉമ്മൻ ചാണ്ടി എറണാകുളം ലോ കോളജിൽ നിരാഹാരസമരം നടത്തി പ്രതിഷേധ ജ്വാല ആളിപ്പടർന്ന സമയം. അന്ന് ഞാൻ സിഎംഎസ് കോളജിൽ പ്രീഡിഗ്രി വിദ്യാർത്ഥിയായിരുന്നു.അവിടെ പ്രതിഷേധങ്ങൾക്ക് നേതൃത്വം നൽകുകയും അറസ്റ്റ് വരിക്കുകയും ചെയ്തിട്ടുണ്ട്. 
 
ഇന്ത്യൻ ആർമിയിൽ ചേരാൻ ആഗ്രഹിച്ചിരുന്നല്ലോ?
 
അതെ. ഒരമ്മാവൻ മേജറും മറ്റൊരാൾ കേണലുമായാണ് റിട്ടയർ ചെയ്തത്. കുടുംബത്തിൽ പട്ടാളക്കാർ ഉള്ളതുകൊണ്ട്, ആർമിയിൽ ചേരാൻ വലിയ ആഗ്രഹമായിരുന്നു. 1970 ൽ ഇന്ത്യൻ ആർമിയിലെ ഓഫീസർസ് ട്രെയിനീ പരീക്ഷ പാസായതാണ്. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ പിതാവ് മരിച്ചതോടെ, വല്യപ്പനാണ് എന്റെ കാര്യങ്ങളിൽ തീരുമാനം എടുത്തിരുന്നത്. ആർമിയിൽ ചേരാൻ അദ്ദേഹം സമ്മതിക്കാതിരുന്നതുകൊണ്ട് ബിരുദാനന്തരബിരുദം കഴിഞ്ഞ് നിയമപഠനത്തിന് ചേർന്നു.
 
രാഷ്ട്രീയത്തിലേക്കുള്ള വാതിൽ എന്ന നിലയിലാണോ നിയമപഠനത്തിന് ചേർന്നത്?
 
 രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നായിരുന്നു മനസ്സിൽ. നിയമപഠനം എന്റെ ചിന്തകളെയും പ്രവർത്തനങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്.എന്നാൽ,മൂന്നാം വർഷ വിദ്യാർത്ഥിയായിരിക്കെത്തന്നെ എന്നെ നാടുകടത്താൻ വീട്ടിൽ ശക്തമായ ആലോചന നടന്നിരുന്നു. ജനസേവനത്തിലുള്ള എന്റെ താല്പര്യം അവർ മനസ്സിലാക്കിയില്ല.രാഷ്ട്രീയം കളിച്ച് നടക്കുന്നു എന്ന പരാതി ഉയർന്നതോടെ, അമേരിക്കയിലുള്ള ജ്യേഷ്ഠൻ ഡോ.ചാണ്ടി ഇടപെട്ടു. അദ്ദേഹമാണ് ഒരു പേപ്പർ തന്ന് മദ്രാസിലെ കോൺസുലേറ്റിൽ അതുമായി പോകാൻ പറഞ്ഞത്. 
 
പലരും സ്വപ്നം കാണുന്ന ഒന്നാണ് അമേരിക്കയിലേക്കുള്ള വിസ. ചെറുപ്രായത്തിൽ തികച്ചും അപ്രതീക്ഷിതമായി ആ ഭാഗ്യം കൈവന്നപ്പോൾ എന്താണ് തോന്നിയത്?
 
116 അപേക്ഷകരായിരുന്നു അന്നേ ദിവസം കോൺസുലേറ്റിൽ എത്തിയത്. വിസ ലഭിക്കാൻ പ്രയാസമായിരുന്നതുകൊണ്ട് യാതൊരുവിധ പ്രതീക്ഷയും വയ്ക്കാതെയാണ് ഞാൻ ചെന്നത്. അമേരിക്ക സ്വപ്നം കാണാത്തതുകൊണ്ട് മറ്റുള്ളവർ അനുഭവിച്ച ടെൻഷനൊന്നും എനിക്ക് തോന്നിയില്ല. റിച്ചാർഡ് ഡെൻബർ എന്നൊരാളാണ് എന്നെ ഇന്റർവ്യൂ ചെയ്തത്. ഇരുപത് വയസ്സിൽ മാസ്റ്റേഴ്സ് പൂർത്തിയാക്കിയ എന്നോട് മതിപ്പ് തോന്നിയ അദ്ദേഹം, ഉപരിപഠനത്തിന് വേണ്ടി മുന്നിൽ വച്ച എന്റെ അപേക്ഷ സ്വീകരിച്ചതുകൊണ്ട് 73 ൽ  സ്റ്റുഡന്റ് വിസയിൽ അമേരിക്കയിൽ വന്നു. ന്യൂയോർക്ക് ബിസിനസ് സ്‌കൂളിലായിരുന്നു എം.ബി.എ പഠനം. അമേരിക്കയിൽ വന്നെത്തിയതൊരു ഭാഗ്യമായി അന്നും ഇന്നും തോന്നിയിട്ടില്ല. സത്യത്തിൽ,തിരിഞ്ഞുനോക്കുമ്പോൾ കേരളം വിട്ടതിൽ ചെറിയ ഖേദമുണ്ടുതാനും. 
 
പ്രൊഫഷണൽ ജീവിതം?
 
ന്യൂയോർക്ക് ലൈഫ് ഇൻഷുറൻസ് കമ്പനിയാണ് എന്നെ സ്പോൺസർ ചെയ്തത്.വന്ന് ഒരുവർഷം കഴിഞ്ഞപ്പോൾ തന്നെ,ഗ്രീൻ കാർഡ് ലഭിച്ചു.സാധാരണ ഏഴെട്ട് വർഷം പിടിക്കുമായിരുന്നു. പിന്നീട് അമ്മാച്ചന്റെ കൺസ്ട്രക്ഷൻ കമ്പനിയിൽ അദ്ദേഹത്തിനൊപ്പം കൂടി.
 
പിന്നീട് ന്യൂജേഴ്‌സിയിലേക്ക്‌?
 
എഞ്ചിനീയറായ അങ്കിൾ ന്യൂജേഴ്‌സിയിൽ കുടുംബസമേതം താമസിച്ചിരുന്നതുകൊണ്ട് ഞാനും അങ്ങോട്ടേക്ക് മാറി.ഡോ.സാമുവൽ ഫിലിപ്പ് എന്ന കരുവാറ്റക്കാരൻ ഉൾപ്പെടെ മറക്കാൻ പറ്റാത്ത ഒരുപാട് പേരെ പരിചയപ്പെട്ടു.അങ്ങനെയാണ് ന്യൂജേഴ്‌സി അസോസിയേഷൻ ഉണ്ടാക്കിയത്.വീടുകളിൽ നിന്ന് ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവന്ന് ഒരുമിച്ചിരുന്ന് കഴിച്ച് ആഘോഷിച്ച ഓണത്തിന്റെയും ക്രിസ്മസിന്റെയും മധുരം ഇപ്പോഴും നാവിലുണ്ട്.
 
സംഘടനാപ്രവർത്തനങ്ങൾ?
 
ഏഷ്യ-പസിഫിക്  ഡെമോക്രാറ്റിക്‌ പാർട്ടിയുടെ ചെയർമാൻ,കുട്ടികളുടെ ആരോഗ്യത്തിനുവേണ്ടി പ്രവർത്തിക്കുന്ന  മാർച്ച് ഓഫ് ഡൈംസ് എന്ന ചാരിറ്റബിൾ ഓർഗനൈസേഷന്റെ ന്യൂയോർക്ക് സിറ്റി ചെയർമാൻ, ന്യൂയോർക്ക് സിറ്റി ബ്ലഡ് ബാങ്ക് ചെയർമാൻ,ജൂനിയർ ചേംബർ ഓഫ് കോമേഴ്‌സ് ഡയറക്ടർ തുടങ്ങി നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. കേരള അസോസിയേഷൻ ഓഫ് ന്യൂജേഴ്സിയുടെ സ്ഥാപകനേതാക്കളിൽ ഒരാളാണ്. ഫൊക്കാനയുടെ പ്രാരംഭം മുതൽ സജീവമായി പ്രവർത്തിച്ചിരുന്നു. ഡി.സി.കിഴക്കേമുറി, എം.പി.വീരേന്ദ്രകുമാർ, പ്രൊഫ.പുതുശേരി രാമചന്ദ്രൻ,വയലാർ രവി,ഡോ.അലക്‌സാണ്ടർ മാർത്തോമാ മെത്രാപ്പോലീത്ത തുടങ്ങി  പ്രമുഖരായ നിരവധിപേരെ ഫൊക്കാനയുടെ ആദ്യ സമ്മേളനത്തിൽ പങ്കെടുത്തിരുന്നു.സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം,റീജിയണൽ വൈസ് പ്രസിഡന്റ്,വൈസ് പ്രസിഡന്റ്,പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.കേവലം ആറ് സംഘടനകൾ മാത്രം ചേർന്നാണ് ഫൊക്കാന രൂപീകരിച്ചത്.പക്ഷേ ഓരോരുത്തരും ആത്മാർത്ഥമായി പ്രവർത്തിച്ചതിന്റെ ഫലമായി കേരളത്തിൽ പോലും അതിനൊരു മതിപ്പ് ലഭിച്ചു. 
 
ആ വളർച്ചയാണോ പിളർപ്പിലേക്ക് നയിച്ചത്?
 
 അംഗസംഘടനകൾ കൂടിയപ്പോൾ പലരുടെയും ചിന്ത ഫൊക്കാനയിലൂടെ  പേരെടുത്ത് ബന്ധങ്ങൾ വിപുലപ്പെടുത്തി, തങ്ങളുടെ ബിസിനസും മറ്റും അഭിവൃദ്ധിപ്പെടുത്താമെന്നതിലേക്കായി. നിസ്വാർത്ഥ സേവനം നടത്താൻ ആഗ്രഹിക്കുന്നവർ സ്ഥാനമാനങ്ങൾക്കുവേണ്ടി കടിപിടി കൂടില്ല.ഞാൻ ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ സ്ഥാനത്തിരിക്കെയാണ് ഫൊക്കാനയിൽ ഭിന്നസ്വരം ഉയർന്നത്. എതിർഭാഗം കൊടുത്ത കേസിൽ, അന്നത്തെ പ്രസിഡന്റ് ശശിധരൻ നായരും സെക്രട്ടറി അനിയൻ ജോർജും ഞാനും ഫൊക്കാനയുടെ ഒരുവിധ സ്ഥാനങ്ങളും വഹിക്കരുതെന്ന് വിധി വന്നു. അങ്ങനെ തളരാൻ ഞങ്ങൾ ഒരുക്കമായിരുന്നില്ല.52 സംഘടനകളിൽ 
ഞങ്ങളെ വിശ്വസിച്ച് കൂടെ നിന്ന 50 സംഘടനകളെ അണിചേർത്ത്  ദിവസങ്ങൾക്കുള്ളിൽ തന്നെ 'ഫോമാ' എന്ന സംഘടന രൂപീകരിച്ചു.ഡാലസിലും മുള്ള രണ്ടുസംഘടനകൾ മാത്രമേ വിട്ടുനിന്നുള്ളു.
 എല്ലാ കോടതികൾക്കും മുകളിലൊരു ശക്തിയുണ്ടെന്നതിന്റെ തെളിവാണ് ഫോമായുടെ അനിതരസാധാരണമായ വളർച്ച. 
 
ഡി.സി.കിഴക്കേമുറിയുടെ ഒപ്പം നിന്നാണല്ലോ കോട്ടയം സിഎംഎസ് കോളജിൽ പഠിച്ചിരുന്നത്.അദ്ദേഹം ജീവിതത്തിൽ ചെലുത്തിയ സ്വാധീനം?
 
 ഡി.സി.കിഴക്കേമുറി എന്റെ അങ്കിളാണ്.ഡിസി എന്ന വ്യക്തിയിൽ നിന്ന് ഒരുപാട് കാര്യങ്ങൾ ജീവിതത്തിൽ പകർത്തിയിട്ടുണ്ട്. അറിയാതെ ചില ശീലങ്ങൾ സ്വാധീനിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന് ദൈനംദിനം വന്നിരുന്ന അഞ്ചേട്ട് പത്രങ്ങളും ആറേഴ് മാസികകളും എടുത്ത് വായിക്കാൻ സാധിച്ചതൊക്കെ ഇപ്പോൾ ഓർക്കുമ്പോൾ വലിയ അനുഭവമാണ്. പബ്ലിക് ലൈബ്രറിയെക്കാൾ വലിയ പുസ്തകശേഖരണമാണ് അദ്ദേഹത്തിന് ഉണ്ടായിരുന്നത്. രാഷ്ട്രീയപരവും ജോഗ്രഫിയുമായി ബന്ധപ്പെട്ട പുസ്തകളാണ് എനിക്ക് വായിക്കാൻ താല്പര്യം.ശ്രീനാരായണ ഗുരുദേവന്റെ പുസ്തകങ്ങളും ഇഷ്ടമാണ്. ആവശ്യത്തിന് മാത്രമേ ഫോൺ വിളിക്കാവൂ എന്നും അദ്ദേഹം ശഠിച്ചിരുന്നു.സമയത്തിന്റെ കാര്യത്തിലും കണിശത പാലിച്ചിരുന്നു. അതുപോലെ, തീന്മേശയ്ക്കു മുൻപിൽ ഷർട്ടിടാതെ ഇരിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല.വണ്ടിയോടിക്കുന്ന ആളെ ഡ്രൈവർ എന്നുവിളിക്കാതെ അയാളുടെ പേര് വിളിക്കണമെന്ന് അദ്ദേഹത്തിന് നിർബന്ധമായിരുന്നു.ജോലിക്കാരെയും ബഹുമാനിക്കണമെന്ന് പറയാതെ പറഞ്ഞുവച്ചതാകാം.അത്തരം ചെറിയ ശീലങ്ങൾ ഞാനും സ്വാംശീകരിച്ചിട്ടുണ്ട്.
 
ശ്രീനാരായണ ഗുരുവിന്റെ ഏത് ആശയമാണ് അദ്ദേഹത്തോട് അടുപ്പിച്ചത്?
 
ഒരു ജാതി,ഒരു മതം,ഒരു ദൈവം എന്നുള്ള കൺസപ്റ്റ് എന്നെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ട്. ആകെയുള്ള ഹ്രസ്വമായ ജീവിതത്തിൽ, വിവേചനങ്ങൾ പാടില്ലെന്ന അഭിപ്രായക്കാരനാണ് ഞാൻ.നാട്ടിൽ പോകുമ്പോൾ  ഗുരുദേവന്റെ സമാധി സന്ദർശിക്കാറുണ്ട്.
 
ശാരീരികമായ വിഷമതകൾ മനോബലം കൊണ്ട് മറികടക്കാം എന്ന് താങ്കൾ സ്വജീവിതംകൊണ്ട് പഠിപ്പിക്കുകയാണ്. പുതുതലമുറയ്ക്ക് ഇതേക്കുറിച്ച് നൽകാനുള്ള ഉപദേശം?
 
ഉപദേശിക്കാനൊന്നുമില്ല. എന്റെ കാര്യം പറയാം.പ്രമേഹം വൃക്കയെ ബാധിക്കുകയും ഡയാലിസിസ് ആവശ്യമായി വരികയും ചെയ്തതോടെ സംഘടനാപ്രവർത്തനങ്ങളിൽ നിന്ന് 12 വർഷത്തോളമായി വിട്ടുനിൽക്കുകയാണ്. കിഡ്‌നി മാറ്റിവച്ചതോടെ അസ്വസ്ഥകൾ കുറയുന്നുണ്ട്. ശരീരത്തെക്കാൾ കരുത്ത് ആവശ്യം മനസ്സിനാണ് എന്ന തിരിച്ചറിവാണ് മുന്നോട്ട് കുതിക്കാൻ പ്രേരണയാകുന്നത്. കോവിഡ് സമയത്ത് പലരും പറഞ്ഞുകേട്ടതാണ് വീട്ടിൽ അടച്ചുപൂട്ടി ഇരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ. എവിടെ ആയിരുന്നാലും, സാധ്യമാകുന്നത് ചെയ്തുകൊണ്ടേയിരിക്കണം. ഇപ്പോഴും ചാരിറ്റി പ്രവർത്തനങ്ങളിൽ ഞാൻ സജീവമാണ്. വായനയും ഏറെ താല്പര്യമുള്ള കാര്യമാണ്.

കുടുംബം?
 
ഭാര്യ ഷീല ഐ.ടി.ഫീൽഡിലാണ്. മകൻ വിവേക് മാർക്കറ്റിങ് രംഗത്താണ്.മകൾ നീന കൗണ്ടിയിലെ സ്കൂളുകളുടെ ഓഫീസിൽ ജോലി ചെയ്യുന്നു.
Join WhatsApp News
Dr. Jacob Thomas 2023-11-15 00:29:06
Great Leader
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക