Image

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

Published on 15 November, 2023
മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

കവിയും എഴുത്തുകാരനുമായ പ്രശസ്ത അമേരിക്കന്‍ മലയാളി ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ Bouquet of Emotions  എന്ന ഇംഗ്ലീഷ് കവിതാ സമാഹാരത്തിന്റെ ഒരു കോപ്പി അദ്ദേഹം എനിക്ക് അയച്ചുതന്നിരുന്നു.  പലപ്പോഴായി അദ്ദേഹം എഴുതിയ കവിതകളുടെ സമാഹാരമാണിത്.  മാനുഷികഭാവങ്ങള്‍ക്ക് പൂക്കളുടെ നിറവും, ആ നിറങ്ങള്‍ക്ക് വ്യത്യസ്തങ്ങളായ  അര്‍ത്ഥങ്ങളുമുണ്ടെന്ന്  കവിയായ അദ്ദേഹം മനസ്സിലാക്കിയത് കൊണ്ടായിരിക്കും പുസ്തകത്തിനു ഈ പേരു കണ്ടെത്തിയത്. വീണുകിടന്ന ഒരു പൂവിനെ  നോക്കി മഹാകവി കുമാരനാശാനും ജീവിതത്തിന്റെ വ്യര്‍ഥതയെക്കുറിച്ച് എഴുതി. ഇവിടെ ഒരു മലര്‍ച്ചെണ്ടാണ് കവി കാണുന്നത്. അത് വാടുമെന്നു കവിക്കറിയാമെങ്കിലും അതിനെ കൈവിടാന്‍ കവി തയ്യാറല്ല. അതു വിവിധതരം പൂക്കളെ കൂട്ടികെട്ടിയ ഒന്നാണു. പ്രവാസത്തെ ഒരു പൂച്ചെണ്ടായി കാണുന്ന കവിമനസ്സ് പ്രതീക്ഷാഭരിതമാണ്.

നമുക്കു പരിചയമുള്ള ചില പൂക്കളുടെ അര്‍ത്ഥം പരിശോധിക്കാം. പനിനീര്‍പൂവ്  - ഇത് സ്‌നേഹം, ആനന്ദം, സൗന്ദര്യം എന്നതിന്റെ പ്രതീകമത്രെ. ഈ പൂക്കളുടെ നിറമനുസരിച്ച് അതിന്റെ ഭാവങ്ങള്‍ മാറുന്നു. ചുവന്നറോസ് പ്രണയത്തിന്റേയും ഇളംചുവപ്പ് റോസ് നന്ദിയുടേയും വെള്ളറോസ് പവിത്രതയുടേയും മഞ്ഞ സുഹ്രുബന്ധത്തിനേയും കാണിക്കുന്നു. സൂര്യകാന്തി പൂക്കള്‍ വിശുദ്ധചിന്തകള്‍, ആരാധന, സമര്‍പ്പണം എന്നിവ പ്രകടിപ്പിക്കുന്നവയാണ്. എന്നാല്‍ മാനുഷിക വികാരങ്ങള്‍ക്ക് എണ്ണമറ്റ നിറവും അവയ്‌ക്കെല്ലാം വ്യത്യസ്ത ഭാവങ്ങളുമാണ്. അതു കൊണ്ടായിരിക്കും കവിതാസമാഹാരത്തെ വികാരങ്ങളുടെ പൂച്ചെണ്ട് എന്നു കവി വിശേഷിപ്പിക്കുന്നത്.  കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഓടികൊണ്ടിരിക്കുന്ന മാനുഷികവികാരങ്ങള്‍ ചവുട്ടിമെതിച്ചു പോകുന്ന മണ്ണില്‍ ജീവിതത്തിന്റെ അടയാളങ്ങള്‍ അവശേഷിപ്പിക്കുന്നു. കവികള്‍ വാസ്തവത്തില്‍   പ്രവാസികളാണ്. അവര്‍ അന്വേഷിക്കുന്നത് എന്താണ് എന്ന് ശ്രദ്ധിക്കാതെ, അന്വേഷണം തുടര്‍ന്നുകൊണ്ടിരിക്കുന്നു. ഒരുപക്ഷെ,  വ്യക്തമായ ലക്ഷ്യത്തോടെ, അല്ലെങ്കില്‍ വെറുതെ കൗതുകകരമായ ഒരു സഞ്ചാരസുഖം തേടി. അപ്പോള്‍ കവി അക്ഷരാര്‍ത്ഥത്തില്‍ പ്രവാസിയാകുന്നു. 

ആരും ഈ ലോകത്ത് നിന്നും ജീവനോടെ രക്ഷപ്പെടുന്നില്ല.മരണം എന്ന അനിവാര്യതയിലൂടെ മനുഷ്യരാശി ഈ ലോകം വിടുന്നു. എന്നാല്‍ പ്രവാസികള്‍ ജീവനോടെ അവരുടെ പിറന്ന നാട്ടില്‍ നിന്നും ഓരോരോ കാരണങ്ങളാല്‍ ഒരു വ്യത്യസ്ത രാജ്യത്ത് എത്തിപ്പെടുന്നു. ജീവിതം അവിടെ കെട്ടിപ്പടുക്കുമ്പോഴും ഗ്രഹാതുരത്വം എന്ന വേദന അവരെ ബാധിക്കുന്നു. എഴുത്തുകാര്‍ അവരുടെ പേനയിലെ മഷി ഒത്തിരി വറ്റിച്ചിട്ടുണ്ട് ഈ വികാരങ്ങളെ കടലാസ്സിലാക്കാന്‍.

പ്രവാസത്തെക്കുറിച്ചുള്ളസൂചനാത്മകമായ കുറെ കവിതകള്‍ ഈ പുസ്തകത്തിലുണ്ട്. അതിലൊന്നാണ് Alie  എന്ന കവിത പേരു സൂചിപ്പിക്കുന്നപോലെ അന്യദേശത്തെത്തുന്ന ഒരാളുടെ മനോവികാരങ്ങളാണ്. കവിതയിലെ ബിംബങ്ങളെ നമുക്ക് പരിശോധിക്കാം. ഭാഷ, കലങ്ങിയ കുളം, ആമ്പല്‍പൂ, (പരിശുദ്ധിയുടെ  പ്രതീകമാണ്) വഴിപോക്കന്‍, അയാളുടെ ലക്ഷ്യം. പ്രവാസിയെ ആദ്യം അഭിമുഖീകരിക്കുന്ന പ്രശ്‌നമാണ് ഭാഷ. അതിവിടെ രസകരമായി പ്രതിപാദിക്കുന്നു.ഒരേ ഭാഷ പറഞ്ഞാലും രണ്ടു കൂട്ടര്‍ക്കും മനസ്സിലാകാത്ത അവസ്ഥ. മാത്രുഭാഷയുടെ ചുവകലര്‍ത്തി പ്രവാസരാജ്യത്തെ ഭാഷ പറയുമ്പോള്‍ അമ്പരക്കുന്ന അവിടത്തെ മനുഷ്യര്‍ എന്തുകൊണ്ട് തന്റെ ഭാഷ അവര്‍ക്ക് മനസ്സിലകുന്നില്ലെന്ന് മനസ്സിലാകാതെ പരിഭ്രമിക്കുന്ന പ്രവാസിയെ ഭയത്തോടെ നോക്കിക്കാണുന്ന സ്വദേശികള്‍ (My anxiety scares people away; the flower is my only life’s hope!), സ്വന്തം അസ്ത്വിത്വം പുതിയ രാജ്യത്തുറപ്പിക്കാനുള്ള ബദ്ധപ്പാടില്‍ അവര്‍ കൈവശമുള്ള ഭാഷ തന്നെ പറയുന്നു.കുളം എന്നുദ്ദേശിക്കുന്നത് കെട്ടികിടക്കുന്നത് എന്നര്‍ത്ഥത്തില്‍ തന്നെ. അതിലെ വെള്ളം കലങ്ങിയതാണു. കാരണം അതിലേക്ക് പ്രവാസമെന്ന വെള്ളമൊഴുകികൊണ്ടിരിക്കുന്നു. എന്നാല്‍ അതില്‍ വിരിയുന്ന പൂ ശോഭായമാനമായ ലില്ലിയാണ്. സൂര്യാസ്തമയത്തില്‍ പൂക്കള്‍ വാടുമെന്ന സൂചനയിലൂടെ പ്രവാസം തേജോമയമാക്കാന്‍  സമയം കളയരുതെന്നും അറിയിക്കുന്നു. വളരെ  ലളിതമായ ബിംബ കല്പ്പനയിലൂടെ  ഒരു പ്രവാസിയുടെ ജീവിതത്തിന്റെരൂപരേഖ ഇതില്‍ വരച്ചിരിക്കുന്നു.

പ്രവാസജീവിതത്തിന്റെ നേര്‍ച്ചിത്രങ്ങള്‍ പ്രതിമാനങ്ങളിലൂടെ പ്രദര്‍ശിപ്പിക്കുന്നത് പല കവിതകളിലും കാണാവുന്നതാണ്. വിശന്നപ്പോള്‍ ദൈവം തന്ന പഴം പകുതിയോളം തിന്നപ്പോഴാണ് അതില്‍ ഒരു പുഴുവിനെ കാണുന്നത്. എന്നിട്ടും ദൈവത്തിനെ സ്തുതിച്ചു. അദ്ധ്വാനത്തിന്റെ ഫലത്തില്‍ പുഴുവിനെ കാണുമ്പോള്‍ അത് എന്തിനെ സൂചിപ്പിക്കുന്നു(“I Praise you – page 8). പ്രവാസം നല്‍കുന്ന അനുഗ്രഹങ്ങള്‍ക്കൊപ്പം നമുക്ക്  അപ്രീതിയുളവാക്കുന്ന സംഭവങ്ങളും നിറയുന്നു എന്ന് കവിക്ക് ബോദ്ധ്യമുണ്ട്. കാലില്‍ ചങ്ങല കിടന്നിട്ടും രാത്രികള്‍ അവസാനിക്കാതിരുന്നിട്ടും മറികടക്കാന്‍ അപാരമായമരുഭൂമികള്‍ ഉണ്ടായിട്ടും സൂര്യോദയം കാണാതിരുന്നിട്ടും പ്രവാസികള്‍ അവരുടെ ദ്രുഢനിശ്ചയത്തില്‍ നിന്നും ഇളകുന്നില്ലെന്നു കവി  ആലങ്കാരികമായി പറയുന്നു(Indian Philosophy page 9) ഭാഷയും ആചാരങ്ങളും അവരെ ചുറ്റിപ്പിടിക്കുന്നു. കവി പറയുന്നത് നമ്മള്‍ പ്രവാസ രാജ്യത്തെ ജനങ്ങളില്‍ കാണുന്നത് നമ്മളെ തന്നെയാണെന്നാണു;  കാരണം അവരും ഒരിക്കല്‍ പ്രവാസികളായിരുന്നു.  ആ  തിരിച്ചറിവിന്റെ  നേരിയ ഒരു വിടവ് മറികടക്കാന്‍ പ്രയാസമുള്ളവരാണു പ്രവാസരാജ്യത്ത് പരാജയപ്പെടുന്നത് എന്ന സൂചനയും നല്‍കുന്നു.

ആലങ്കാരിക പ്രയോഗങ്ങള്‍ കവിക്ക് വളരെ പ്രിയതരമാണെന്ന് മറ്റു കവിതകള്‍ വായിക്കുമ്പോഴും ബോദ്ധ്യപ്പെടാവുന്നതാണ്. - പക്ഷികള്‍ എന്നെ പിന്തുടരുമ്പോള്‍ പട്ടങ്ങളെ പറപ്പിച്ചുകൊണ്ട് ഞാന്‍ നടക്കുകയാണെന്ന്  എനിക്ക് തോന്നുന്നു. നാം നടക്കുമ്പോള്‍ നമ്മളെ പിന്തുടരുന്ന മേഘങ്ങളുടെ ഓര്‍മ്മ കവിയെ ബാല്യകാലത്തേക്ക് കൊണ്ടുപോകുന്നു(Birds and Clouds, Page 4 –When the birds are chasing me I feel like I’m flying many kites) നുഷ്യനും പ്രക്രുതിയും തമ്മിലുള്ള  സ്‌നേഹബന്ധത്തിന്റെ ഇപ്പോള്‍ മങ്ങികൊണ്ടിരിക്കുന്ന  ഒരു ചിത്രം കവി വളരെ  പ്രസാദാത്മകമായി പ്രദര്‍ശിപ്പിക്കുന്നു. അതേ സമയം വളര്‍ത്തു മ്രുഗങ്ങളോടുള്ള സ്‌നേഹത്തിന്റെ മുന്നില്‍ മനുഷ്യരെ മറക്കുന്ന ഇന്നത്തെ സമൂഹത്തിന്റെ ഭ്രമാത്മകമായ മാനസികാവസ്ഥ കവി നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഹ്രുദയമിടിപ്പുകളെ തീവണ്ടിയുടെ സഞ്ചാര താളത്തിനൊത്ത് ഉപമിക്കുന്ന കവി മനസ്സിലേക്ക് കയറി വരുന്ന ഭയങ്ങളും  ഉല്‍ക്കണ്ഠകളും  വിവരിക്കുന്നത് തീവണ്ടി മുറികളിലേക്ക്  കടന്നു വരുന്നറൗഡികളായിട്ടാണ്. മനസ്സ് ശാന്തമാകുമ്പോള്‍ അത്തരം ഭീഷണികള്‍ ഒഴിഞ്ഞു പോകുന്നുവെന്നും ബിംബങ്ങളിലൂടെ പ്രതിപാദിച്ചിരിക്കുന്നു (New York City Subway, Page 15).

പ്രവാസം ഒരു കാലയളവ്‌വരെ  തടവറയാകുന്നു. ചിലപ്പോള്‍ ആ തടവറയില്‍ നിന്ന് നമ്മള്‍ രക്ഷപ്പെട്ടാലും നമ്മള്‍ സ്വതന്ത്രരാകുന്നില്ല. കാരണം നമ്മള്‍ അവിടത്തെ ആചാരങ്ങളില്‍ അറിയാതെ അലിഞ്ഞുചേരുന്നു.ഗ്രഹാതുരത്വം കുറഞ്ഞുവരുന്നു. അദ്ധ്വാനിക്കാന്‍ കഴിയാതെ വരുന്ന നാളുകളില്‍പ്രവാസഭൂമി വീണ്ടും മാത്രുഭൂമിയായി പരിണമിക്കുന്ന ഒരു മാറ്റ പ്രക്രിയ കാലം വരുത്തുന്നു. പെറ്റമ്മയെക്കാള്‍ കൂടുതല്‍ കരുതല്‍ കാണിച്ച പോറ്റമ്മയായി  അതിനു  മനസ്സില്‍ ഇടംകൊടുക്കും. പ്രതിസന്ധികളില്‍ കൂടെ നിന്ന് പോരാടിയ പോറ്റമ്മയെന്ന പ്രവാസഭൂമിയെ കവി സ്‌നേഹിക്കുന്നു. അവരോട് പറയുന്നു എന്നെ സ്വന്തം മകനായി കാണുക (Mother, Page 12).  പ്രവാസ ജീവിതത്തിന്റെ ശരിയായി പറഞ്ഞാല്‍ കുടിയേറ്റത്തിന്റെ അന്ത്യനാളുകളില്‍ ഓരോ പ്രവാസിക്കും ഉണ്ടാകുന്ന മാനസിക പരിണാമം കലാപരമായി ആവിഷകരിച്ചിട്ടുണ്ട്. ഇംഗ്ലീഷില്‍ ആയതുകൊണ്ട് വാക്കുകളുടെ കളിയും രസകരമായി ഉപയോഗിച്ചിരിക്കുന്നു. ഫ്രീഡം, ഫ്രീ (Freedom, Free)എന്ന വക്കുകള്‍ ഒരു തടവു പുള്ളി ഉപയോഗിക്കുമ്പോള്‍ ഉരുത്തിരിയുന്ന അര്‍ത്ഥത്തിന്റെ ചില സ്വാധീനങ്ങള്‍ ടര്‍ക്കിഷ് പ്രിസണര്‍ എന്ന കവിതയില്‍ കാണാം.

കവിതകള്‍ പൊതുവായി പ്രവാസമെന്ന വിഷയത്തിലാണു ഒതുങ്ങി നില്ക്കുന്നത്.  അതിനോടനുബന്ധിച്ച് വരുന്ന വികാരങ്ങളാണു കവിതകളിലെ പ്രമേയം (Theme).. അതുകൊണ്ട് സ്വയം ഒരു പ്രവാസിയായ കവി പലയിടത്തും അത്തരം വികാരങ്ങള്‍ ഉളവാകുന്ന വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നത് പ്രകടമാണു. അമേരിക്ക ഒരു മങ്ങിയ പനിനീര്‍പൂവ്  പോലെ, നിശ്ശബ്ദമായ ഒരു പിയാനോ പോലെ, ശുശ്രൂഷ കേന്ദ്രങ്ങളിലെ സ്ഥിര അന്തേവാസിയെന്ന പോലെ, മുന്നോട്ട് നോക്കുമ്പോള്‍ ലക്ഷ്യം സീമകള്‍ക്കപ്പുറം  കാണപ്പെടുന്ന, തിരിഞ്ഞു  നോക്കുമ്പോള്‍ വിട്ടുപോന്ന കരയിലേക്ക് ഒത്തിരി ദൂരം അനുഭവപ്പെടുന്ന, അങ്ങനെ പ്രതിമാനങ്ങള്‍ അനവധി (No Particular Reason, Page 20)  യാന്ത്രികതയുടെ വിരസമായ പ്രയാണത്തില്‍ യുവത്വം നഷ്ടപ്പെടുന്നത് കവി മനസ്സിലാക്കുന്നു. സ്‌നേഹസാരത്തെക്കുറിച്ച് സംസാരിക്കാന്‍ വേണ്ടി എന്നും യുവാവായിരിക്കാന്‍ കവി മോഹിക്കുന്നു.

കവി ഉപയോഗിച്ചിരിക്കുന്ന ബിംബങ്ങള്‍ക്ക് നാം കല്പ്പിക്കുന്ന  അര്‍ത്ഥങ്ങള്‍ നമ്മുടെ കാഴ്ച്ചപ്പാടില്‍  നിന്നാണ്. ഇലപൊഴിഞ്ഞ മരങ്ങളും ശീതക്കാറ്റും ശിശിരത്തെ സൂചിപ്പിക്കുന്നു.ശിശിരകാലം നമ്മെ ചിന്താകുലരാക്കുന്നു; അന്തര്‍മുഖരാക്കുന്നു. അതിനോടു യോജിച്ചുപോകാന്‍ നമ്മെ ശീലിപ്പിക്കുന്നു. മകള്‍ക്കുവേണ്ടി ദുശ്ശീലങ്ങള്‍ ഉപയോഗിച്ച അമ്മ ആ ശീലങ്ങള്‍ മകളില്‍ കാണുമ്പോള്‍ മാറി മാറി വരുന്ന പ്രക്രുതിയുടെ ഋതുക്കളില്‍ സാന്ത്വനം തേടുന്നു (Weeping Mother, Page 33). . കവിതകള്‍ ഒരമേരിക്കന്‍ മലയാളിയുടെ ചിന്തകളിലൂടെ രൂപപ്പെട്ടുവരുന്നതായിട്ടാണു മനസ്സിലാകുക. ദുര്‍വ്വിധിയുടെ  കെണിയില്‍പ്പെട്ടു കിടക്കുന്നവര്‍ എന്ന കവിതയില്‍ അമേരിക്ക ഗള്‍ഫ് രാജ്യങ്ങളുമായി നടത്തുന്ന പോരാട്ടങ്ങളെ വിമര്‍ശിക്കുന്നുണ്ട്. ആരാണു ധൈര്യശാലി, ആരാണു കൂടുതല്‍ ധൈര്യശാലി, ആര്‍ ആരെ ചതിക്കുന്നു, ആര്‍ ആരെ സ്വതന്ത്രരാക്കുന്നു. വിദ്വേഷമാണോ, മതമാണോ, അധികാരമാണോ, ആരാണു ക്രൂരനായ കഴുകന്‍. അതുകണ്ടുപിടിക്കാന്‍ വര്‍ഷ വര്‍ഷങ്ങളുടെ കുടിപ്പകയിലേക്ക് തിരിച്ചു നടക്കണമെന്നു കവി പറയുമ്പോള്‍ സംക്ഷിപ്തരൂപത്തില്‍ സമഗ്രമായി പറയുക എന്ന ശൈലി ഉപയോഗിച്ചിരിക്കയാണ് (Trapped In The Doom, Page 30).

പ്രവാസഭൂമിയില്‍ നഷ്ടപ്പെടുന്ന അവസരങ്ങളെക്കുറിച്ചും കവി ഉല്‍ക്കണ്ഠയുള്ളവനാണു; അതേസമയം ക്ഷണികമായ ജീവിതത്തെപ്പറ്റിയും. ജീവിതത്തിന്റെ സമയസൂചി നിലക്കുന്നതിനു മുമ്പ് ലക്ഷ്യങ്ങളില്‍ എത്താനുള്ള വെമ്പലിനെപ്പറ്റിയും ചിന്തിക്കുന്ന കവി താത്വികമായ ചില കണ്ടെത്തലുകള്‍ വായനക്കാര്‍ക്കായി നല്കുന്നു. ആകാശത്തെ ലക്ഷ്യമാക്കുകയെന്നാല്‍ ഉയര്‍ന്ന ചിന്തയെന്നര്‍ത്ഥമെന്ന് കവിയും സ്ഥാപിക്കുന്നു.ഇവിടെ കവി പ്രസാദാത്മകമായി വായനക്കാരോട് വിളിച്ചു പറയുന്നു ആ ആകാശം അകലെയല്ല, മലാഖമാരെപ്പോലെ  പറക്കാന്‍ നിങ്ങള്‍ ചിറകുകള്‍ നെയ്യുക ( The Naked Truth About Life, Page 14).

അധികം ദുരൂഹതകള്‍ ഒന്നും രചനകളില്‍ കലര്‍ത്താത്ത ഒരു രീതി സ്വീകരിച്ചുകൊണ്ട്, വളരെ മനോഹരവും അതേസമയം  താത്വികമായ ഭാവങ്ങള്‍ പ്രകടിപ്പിക്കുന്നവയുമായ ഇരുപത്തിയൊമ്പത് കവിതകള്‍ വായനക്കാര്‍ക്ക് വളരെ ഹ്രുദ്യമായ ഒരു അനുഭൂതി പകരുന്നവയാണു. ഈ കവിതാസമാഹാരത്തിനു അവതാരിക എഴുതിയ പ്രശസ്ത ഭിഷഗ്വരനും വാഗ്മിയുമായ ഡോക്ടര്‍ എം. വി. പിള്ള ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ കവിതകള്‍ നൈസ്സര്‍ഗികവും ജന്മനാഉള്ളതും  സ്വച്ഛന്ദമായി ഒഴുകിവരുന്നതുമാണെന്നു അഭിപ്രായപ്പെട്ടിട്ടുണ്ട്.

ശ്രീ പുന്നയൂര്‍ക്കുളത്തിന്റെ ഇംഗ്ലീഷ് കവിതകള്‍ അമേരിക്കയില്‍ നിന്നിറങ്ങുന്ന  പ്രസിദ്ധീകരണങ്ങളില്‍ വരുന്നത് വായനാപ്രിയര്‍ക്ക് സന്തോഷകരമാകുമെന്ന് വിശ്വസിക്കുന്നു. പുസ്തകത്തിന്റെ കോപ്പി വേണ്ടവര്‍ക്ക് ആമസോണ്‍ വഴി ബന്ധപ്പെ ടാവുന്നതാണ്.

കവിക്ക് മംഗളാശംസകള്‍ !!

ശുഭം

Join WhatsApp News
എം.പി.ഷീല 2023-11-24 15:58:40
അമേരിക്കയിലെ എഴുത്തുകാരുടെ ഒട്ടുമിക്ക കൃതികളെയും ആസ്വദിക്കുകയും നിരൂപണത്തിലൂടെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശ്രീ സുധീർ പണിക്കവീട്ടിൽ അതിഗംഭീരമായി ശ്രീ അബ്ദുൾ പുന്നയൂർക്കുളത്തിന്റെ Bouquet of Emotions എന്ന കൃതി ഇവിടെ ആസ്വദിച്ചു പരിചയപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ പ്രാവിണ്യമുള്ള ശ്രീ പണിക്കവീട്ടിൽ ഓരോ കവിതയും അതിലെ ഓരോ വരികളും ആസ്വദിച്ചിരിക്കുന്നത് പുസ്തകം വാങ്ങി വായിക്കുവാൻ പ്രോൽസാഹിപ്പിക്കുന്നു..തീർച്ചയായും പുസ്തകംവാങ്ങി പുതിയതലമുറക്ക്സമ്മാനിക്കാവുന്നതാണ്. എഴുത്തുകാരനും ആസ്വദനനിരൂപകനും ആശംസകൾ!
ജോസഫ്‌ എബ്രഹാം 2023-11-25 15:04:17
കവിത വായിച്ചിട്ടില്ല. സുധീര്‍ പണിക്കവീട്ടിന്‍റെ ഈ അവലോകനം കവിതകളുടെ ഗുണനിലവാരത്തെ പരിചയപ്പെടുത്തുന്നു. ഒരു നിരൂപകന്‍ എന്നനിലയില്‍ ശ്രീ സുധീര്‍ ഉപയോഗിക്കുന്ന ഭാഷ ഒരു കവിത പോലെ തന്നെ മനോഹരം എന്നു പറയുന്നു. ' മരണത്തില്‍ നിന്നും രക്ഷപെട്ടു ആര്‍ക്കും ഈ ഭൂമിയില്‍ നിന്നും കടന്നു പോകാനാവില്ല' എന്നുള്ള പ്രയോഗമെല്ലാം വളരെ മനോഹരമായിരിക്കുന്നു. കവിക്കും നിരൂപകനും ആശംസകള്‍
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക