Image

ആരാണ് ഒരുവന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി? (ജിംസി കിത്തു)

Published on 18 November, 2023
ആരാണ് ഒരുവന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി? (ജിംസി കിത്തു)

എന്തുകൊണ്ടാണ് ആത്മഹത്യ കണക്കുകൾ പെരുകുന്നത്?
 ഒരു മനുഷ്യന്റെ അന്തർഹിതങ്ങളിലൂടെ കടന്നു ചെന്നു സഞ്ചരിക്കാൻ ആ മനുഷ്യനോളം മറ്റാർക്കാണ് കഴിയുക?
 ഇവിടെ വിരൽ ചൂണ്ടുന്നത്  പോരായ്മകളിലേക്ക് മാത്രമാണ്.
 " അവന്റെ സമയമടുത്തു. അങ്ങനെ ആശ്വസിക്കാം. എന്നൊരു കൂട്ടർ, " എല്ലാം അവന്റെ വിധി" എന്നു മറ്റൊരുകൂട്ടർ?
 എന്നാൽ ആത്മഹത്യ എന്ന തെറ്റായ തീരുമാനത്തിലേക്ക്, കാലെടുത്തു വയ്ക്കുമ്പോൾ ആ മനുഷ്യൻ  എത്രത്തോളം മുറിപ്പെട്ടുണ്ടാകും എന്നു ചിന്തിക്കാൻ എത്ര പേരുണ്ടാകും ?
ഈ ഭൂമിയിൽ എല്ലാമെല്ലാവർക്കും എല്ലാംതുല്യമായിട്ടല്ല കിട്ടിയിരിക്കുന്നത്. ഒന്നൊഴിച്ച് സമയം.
 അതൊന്നൊഴിച്ചാൽ ബാക്കിയെല്ലാം വ്യത്യസ്തം.എന്നതിന്റെ ഉത്തമ തെളിവാണ്  മേൽത്തട്ടുകൾ കീഴ്ത്തട്ടുകൾ പോലും.
 ഒരുവന്റെ നിസ്സഹായ അവസ്ഥയാണ് മറ്റൊരുവന്റെ ഇൻവെസ്റ്റ്മെന്റ്. എന്ന അവസ്ഥയിലേക്ക്  കൂപ്പുകുത്തി തുടങ്ങി  നാം അധിവസിക്കുന്ന നമ്മുടെ ചുറ്റുപാടുകൾ.

"പണം " എന്ന  രണ്ടക്ഷരത്തിൽ കോർത്തു കെട്ടിയിരിക്കുന്നു ഇവിടെ ജീവിതങ്ങൾ.
 ജീവിക്കാൻ പണം വേണം. അതെ, അത് ശരി തന്നെ.
 എന്നാൽ പണം ഉണ്ടായതുകൊണ്ട് മാത്രം മനുഷ്യത്വം നശിക്കണം എന്നുണ്ടോ?  കരുണ പാടെ തുടച്ചുനീക്കണം എന്നുണ്ടോ?
 പണത്തിനു പുറകെ പാഞ്ഞു കൊള്ളുക, അത് തെറ്റെന്ന് ഞാനും പറയുന്നില്ല. ജീവിതത്തിൽ പണത്തിന്റെ പ്രാധാന്യം ഒരിക്കലെങ്കിലും തിരിച്ചറിഞ്ഞവർക്ക് പൂർണ്ണമായും അത് തെറ്റ് എന്ന് പറയുവാൻ കഴിയില്ല.
എന്നാൽ ആ ഓട്ടത്തിനിടയിൽ  അറിഞ്ഞുകൊണ്ട് ഞെരിച്ചു കളയരുത് ഒരു ജീവൻ പോലും. ഒരു കൈ സഹായം നൽകാൻ നിങ്ങളെക്കൊണ്ട് കഴിഞ്ഞില്ലെങ്കിൽ പോലും,  ഒരു ജീവൻ  പൊലിയാൻ  നിങ്ങൾ നിമിത്തമാകാതെ എങ്കിലും ഇരിക്കട്ടെ.

 നാം വളരുന്നു വളർന്നുകൊണ്ടേയിരിക്കുന്നു.
 എന്നാൽ ആ വളർച്ച പേരിനു മാത്രമാണോ വേണ്ടത്?
 പൂർണ്ണത കൈവരിക്കാൻ കഴിയാത്ത വളർച്ചയെ എങ്ങനെ വളർച്ച എന്നും വിശേഷിപ്പിക്കും?

 വിയർപ്പിന്റെ കണങ്ങൾ പറ്റിയ നാണയത്തുട്ട് ആണെങ്കിൽ പോലും അതിനുമുണ്ടൊരു മൂല്യം.
 വിയർപ്പ് പൊടിക്കാതെ  അന്യരിൽ നിന്ന് കയ്യിട്ടുവാരുന്ന തലയ്ക്കു മുതിർന്നവർ എന്നു  സ്വയം സങ്കൽപ്പിക്കുന്നവർക്ക്  മൂല്യമല്ല, പണം അവരുടെ ആർത്തിയുടെ പ്രതീകം മാത്രം.

 സ്വന്തം മരണം കൊണ്ട്, ചിലർ  സമൂഹത്തിൽ നടമാടുന്ന വൈകൃതങ്ങളെ  പുറത്തേക്ക് എത്തിക്കുന്നു.  ഒന്നിനും കഴിയാതെ മറ്റൊരു കൂട്ടർ  എടുത്തുചാടി ഒരു തീരുമാനം എന്ന നിലയ്ക്ക് , ഇനി മുന്നേറാൻ ഒരിക്കലും കഴിയില്ല എന്ന ചിന്ത പേറി മൃതി പുൽകുന്നു.

 ശരിക്കും ഇവിടെ ആർക്കാണ് നഷ്ടം?
 നിങ്ങൾ പോയാൽ നിങ്ങൾക്ക് തന്നെ! അതുമല്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് തന്നെ.
 ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന്  അവരുടെ ജീവിത നിലവാരത്തെ കുറിച്ച്  വ്യക്തമായി അപഗ്രഥിച്ചു പഠിച്ചു കൊണ്ടാകണം  അനിവാര്യമായ മാറ്റങ്ങൾ കൊണ്ടുവരാൻ.

 ഏറ്റവും അറ്റം പോയാൽ എന്താണ് നിങ്ങൾക്ക് നഷ്ടപ്പെടാൻ ഉള്ളത്? ഈ ഭൂമിയിലേക്ക് വന്നത് വെറുംകയ്യോടെ ആണോ നിങ്ങൾ? അതേയെന്നു നിങ്ങൾ സമ്മതിക്കുന്നുണ്ടെങ്കിൽ പോകുമ്പോഴും നിങ്ങൾ ഒന്നും കൊണ്ടുപോകുന്നില്ല എന്നുൾക്കൊള്ളാൻ ശ്രമിക്കുക. നിങ്ങളുടെ നഷ്ടങ്ങൾ ഒക്കെ എത്ര നിസ്സാരമെന്ന്!

 ആത്മഹത്യയല്ല ഒരു പ്രശ്നത്തിന് പരിഹാരം. അതു മനസ്സിലാക്കി സ്വയം പിന്തിരിയാൻ ശ്രമിക്കുക.
 നിങ്ങളെക്കൊണ്ട് അതിന് കഴിയുന്നില്ലെങ്കിൽ, നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന  മറ്റാരുടെയെങ്കിലും  സഹായം തേടുക.
 നിങ്ങളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ,  പരിഹാരമാർഗ്ഗം  കണ്ടെത്താൻ കഴിയാതെ ഉഴറുമ്പോൾ വല്ലാത്ത മാനസിക പിരിമുറുക്കം നിങ്ങൾക്ക് അനുഭവപ്പെടുമ്പോൾ, സ്വയം നിയന്ത്രണം നഷ്ടപ്പെട്ടു പോകുന്ന അവസ്ഥയിൽ  ഒരു നല്ല ഡോക്ടറുടെ സേവനം തേടുന്നത് എന്തുകൊണ്ടും   അഭികാമ്യം എന്ന്  ചിന്തിക്കുക. ഉൾകൊള്ളുക.
 അതിലൊരു മാനക്കേടും വിചാരിക്കേണ്ടതില്ല.
 നിയന്ത്രിക്കാൻ കഴിയാത്ത മനോനിലകളെ നിയന്ത്രണത്തിൽ ആക്കാൻ  വിദഗ്ധസേവനം നിങ്ങളെ സഹായിക്കും.
 തോറ്റു തൊപ്പിയിട്ടവർ തന്നെയാണ്  വിജയകിരീടം ചൂടിയിട്ടുള്ളത്.
 മാനസികമായ പിന്തുണ,  സ്നേഹം, കൊണ്ട് അത്തരം അവസ്ഥയിൽ കൂടി കടന്നു പോകുന്നവരെ ചേർത്തുപിടിക്കാൻ അവരടങ്ങുന്ന ചുറ്റുപാടുകൾക്ക് കഴിയുമെങ്കിൽ അതിനേക്കാൾ വലിയ മരുന്നില്ല.

 ഇനിയൊരു ജീവനും നോവുകൾ പേറി സ്വയം ഉരുകി ഇല്ലാതാകാതിരിക്കട്ടെ.

Join WhatsApp News
abdul punnayurkulam 2023-11-18 15:32:15
Keeping busy with even little productive things helps.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക