ലോകത്തെ മറ്റേതൊരു നാട്ടിലെയും പോലെ ഗസ്സയിലെ വീടുകൾക്കുള്ളിലും കുഞ്ഞുങ്ങൾ അവരുടെ പിതാവിന്റെ ചുമലിൽ ചാരിയിരിക്കുന്നുണ്ടാവും, അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും സ്വപ്നങ്ങളും പരിഭവങ്ങളും പറയുന്നുണ്ടാവും. പക്ഷേ പൊടുന്നനെ കേൾക്കുന്ന ബോംബിന്റെ മുഴക്കം അവരുടെ സംസാരങ്ങളെ പാതിവഴിയിൽ മുറിക്കുന്നു. ബോംബുകളും മിസൈലുകളും ആ വീടിനെ ഉന്നമിടുകയും അവ പതിക്കുകയും ചെയ്യുന്നതോടെ ആ സ്വപ്നങ്ങളും ആഗ്രഹങ്ങളും അവസാനിക്കുന്നു. (റുവൈദ അമീർ, ഗസ്സയിലെ മാധ്യമ പ്രവർത്തക)
ഗസ്സയിലെ സുഹ്ദി അബു അൽ-റൂസിന് വയസ്സ് ഏഴ്. അവന് ഫുട്ബാൾ കളിക്കണം.
എന്നും കൂടെ കളിച്ചിരുന്ന പ്രിയ ചങ്ങാതി അവന്റെ കൂടെ ഫുട്ബോൾ കളിക്കണം. പക്ഷേ ഇനി ഒരിക്കലും അത് കഴിയില്ല. ഇനി ഭൂമിയിൽ താമിറിന്റെ കൂടെ കളിക്കാനാവില്ല.
താമിർ എന്ന കുട്ടി ഇസ്രയേലി ബോംബിങ്ങിൽ മരണപ്പെട്ടിട്ടുണ്ട്. പക്ഷേ സുഹൃത്തിൻറെ മരണം സുഹൃത്തായ സുഹ്ദിന് വിശ്വസിക്കാനാവുന്നില്ല. താമിർ മരിച്ചു എന്ന് പറയുന്നത് കേൾക്കാൻ പോലും അവന് ഇഷ്ടമല്ല. അതുകൊണ്ട് ദിവസവും അവൻ താമിറിനെ വിളിക്കും. അവന്റെ കൂടെ ഫുട്ബോൾ കളിക്കാൻവരാൻ പറഞ്ഞു കൊണ്ടാണിത്.
താമിറിന് ദിവസവും കത്തെഴുതുന്ന ഏഴു വയസ്സുകാരൻ
ഖത്തറിൽ കഴിഞ്ഞതവണ നടന്ന വേൾഡ് കപ്പ് ഫുട്ബോൾ ഒരുമിച്ചിരുന്നാണ് അവർ ടിവിയിൽ കണ്ടത്. അടുത്ത ലോകകപ്പിന് ഒരുമിച്ച് പോകാനും അവർ പ്ലാൻ ചെയ്തിരുന്നു. അത് ഇപ്പോഴും അവനെ ഓർമ്മിപ്പിച്ചു കൊണ്ടിരിക്കുന്നു സുഹ്ദി. എല്ലാ ദിവസവും എഴുന്നേറ്റാൽ സുഹ്ദി ഒരു കീറക്കടലാസ് എടുത്ത് കത്തെഴുതും. എൻറെ പ്രിയപ്പെട്ട ചങ്ങാതി താമിർ വായിച്ചറിയുവാൻ. ഏറ്റവും ഒടുവിൽ അവൻ എഴുതിയ കത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഒന്ന് അവന്റെ വാപ്പ ഫലസ്തീൻ ക്രോണിക്കിളിന് കാണിച്ചു കൊടുത്തിരുന്നു.
'സുഹ്ദി എഴുതുന്ന കത്ത്, താമിറെ നീ എവിടെയാണ്. എനിക്ക് നിന്റെ കൂടെ കളിക്കണം. നിന്നോടൊപ്പം ഒരിമിച്ച് ലോകകപ്പിന് പോകാൻ ഞാൻ ആഗ്രഹിച്ചതല്ലേ, ദൈവം നിന്നോട് കരുണ കാണിക്കട്ടെ -താമിർ. ഇങ്ങനെയായിരുന്നു ആ നാലുവരി കത്തിലുണ്ടായിരുന്നത്.
കൂട്ടുകാരൻറെ മരണം സുഹ്ദിയുടെ കുഞ്ഞുമനസ്സിൽ മുറിവേൽപ്പിച്ചതായി അവൻറെ പിതാവ് ഫലസ്തീൻ ക്രോണിക്കിളിനോട് പറഞ്ഞു. അവൻറെ മാനസികാരോഗ്യത്തെ ആ സുഹൃത്തിൻറെ വേർപാട് കാര്യമായി ബാധിച്ചിട്ടുണ്ട്. തന്റെ സുഹൃത്ത് താമിർ അൽ-തവീൽ കൊല്ലപ്പെട്ട ശേഷം സുഹ്ദി ഒരുപാട് മാറിയിരിക്കുന്നു - അവൻറെ പിതാവ് പറഞ്ഞു. ബുൾഡോസർ ശബ്ദം കേട്ടാണ് എല്ലാ ദിവസവും സുഹ്ദി ഉണരുന്നത്. വൈകുന്നേരം അവ നിർത്തുമ്പോൾ മാത്രമേ അവൻ ഉറങ്ങുകയുള്ളൂ.തൻറെ സുഹൃത്ത് ജീവനോടെ പുറത്ത് വരാൻ വേണ്ടി കാത്തിരിക്കുന്ന പോലെ അവൻ വാതിലിനരികെത്തന്നെ ഇരിക്കും. താമിർ മരിച്ചെന്നും അവനെ കബറടക്കി എന്നുമുള്ള വിവരം ആരുപറഞ്ഞാലും ഉൾക്കൊള്ളാനും വിശ്വസിക്കാനും സുഹ്ദിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ഹയ മോളുടെ വിൽപത്രം
Days of Palestine (Palestinian media organisation concerned with international media) പുറത്തുവിട്ട ഹയ മോളുടെ അറബിയിലെഴുതിയ ഒരു ഒസ്യത്ത് ലോകത്തെ കണ്ണീരണിയിക്കുന്നതായി മാറിയിട്ടുണ്ട്. ഹയ എന്ന അറബി പദത്തിന്റെ അർത്ഥം സന്തോഷത്തോടെ വരൂ എന്നാണ്. ഗാസിയിൽ നിന്നും രക്ഷാപ്രവർത്തകർക്ക് കിട്ടിയ ഒരു കടലാസ് തുണ്ടിലാണ് ഹയയുടെ വിൽപത്രമുള്ളത്. മരണം മുന്നിൽകണ്ട് എഴുതിയതാണിത്. തിരിച്ചു കൊടുക്കാനുള്ള പണവും തന്റെ കളിപ്പാട്ടങ്ങളും ഉടുപ്പുകളും ആർക്കൊക്കെയാണ് നൽകേണ്ടത് എന്ന് ആ വിൽപത്രത്തിൽ പറയുന്നു.
അതിലിങ്ങനെയാണ് എഴുതിയിരിക്കുന്നത്.
"മർഹബ(സ്വാഗതം ). ഞാൻ ഹയാ, തീ ഗോളങ്ങളാൽ മൈലാഞ്ചി ചുവപ്പണിഞ്ഞ രാവിലിരുന്ന് ഞാൻ എൻ്റെ ഔസിയത്ത് എഴുതുന്നു. ആകെ 80 ഷക്കലിന്റെ ബാധ്യത ക്യാഷായി ഉണ്ട്. 45 ഷക്കൽ ഉമ്മാക്ക് കൊടുക്കാനുള്ളതാണ്. സീനത്തിനും ഹാഷിമിനും 5 ഷക്കൽ വീതം. ഹിബതാത്തക്കും മറിയത്തക്കുമുണ്ട് 5 ഷക്കൽ കൊടുക്കാൻ. പിന്നെ അബൂദ് മാമനും സാറ എളാമക്കും അഞ്ചു വീതം. ക്യാഷ് ആയിട്ടുള്ള ബാധ്യത അത്രയേ ഉള്ളൂ. ഇനി കളിപ്പാട്ടങ്ങളാണ്. നാല് പേർക്കാണ് അത് വീതിച്ചു നൽകേണ്ടത്. കുഞ്ഞാനുജത്തി സീനക്കാദ്യം, പിന്നെ കൂട്ടുകാരികളായ റീമയ്ക്കും മിൻഹയ്ക്കും അമലിനും.
ഇനിയുള്ളത് ഉടുപ്പുകളണ്. അവയെല്ലാം എളാപ്പയുടെ മക്കൾ എടുത്തോട്ടെ. മിച്ചമുണ്ടെങ്കിൽ പാവങ്ങൾക്ക് കൊടുത്തോളും. ബാക്കിയുള്ളത് എൻ്റെ ചെരുപ്പുകളാണ്. എന്റേത് മാത്രമാകുമെന്ന് കിനാവ് കണ്ട് എൻ്റെ മണ്ണിനെ ചുംബിച്ചു നടന്ന പാദരക്ഷകൾ, അവ എടുത്തു കഴുകി വൃത്തിയാക്കണം. എന്നിട്ട് പാവങ്ങൾക്ക് കൊടുത്തോളൂ.
ഇന്നവൾ ജീവിച്ചിരുപ്പുണ്ടെങ്കിൽ ഈ വിൽപത്രത്തിലുള്ള സാധനങ്ങൾ അവളുടെ കയ്യിൽ ഉണ്ടാകണമെന്നില്ല. അതിന്റെ അവകാശികൾ ജീവിച്ചിരിക്കണം എന്നുമില്ല.
ഏതാണ്ട് പതിനഞ്ച് വർഷക്കാലം ഒരു കുഞ്ഞിക്കാല് കാണാൻ വേണ്ടി ചികിത്സയും പ്രാർത്ഥനയുമായി കഴിഞ്ഞ ഗസ്സയിലെ ഫാദി അൽ ബാബ, വഫാ അൽ സർകി എന്നീ ദമ്പതികൾക്ക് പടച്ചോൻ കാരുണ്യത്തോടെ നൽകിയത് ഒരൊറ്റ പ്രസവത്തിൽ നാല് കുഞ്ഞുങ്ങളെയാണ്. ആ വീടിനകത്ത് സന്തോഷത്തിന്റെ റോസാപൂക്കളും അപ്പൂപ്പൻ താടിയും പാറിക്കളിച്ചു. ഫാദിയും വഫയും ആ കുത്തുങ്ങൾക്ക് കാവലിരുന്നു. വിടരുന്ന കൺകൾ നോക്കി പരസ്പരം കൈകൾ കോർത്തു. മെത്തയിൽ പൂക്കൾ വിതറി സ്വപ്നങ്ങൾ പങ്കു വയ്ച്ചു. ഖാലിദ്, അബ്ദുൽ ഖാലിഖ്, മഹ്മൂദ്, മഹാ.. ഉറക്കെ വിളിച്ച് കൊഞ്ചിക്കാനും കൈകൊട്ടി കാണിക്കാനും താരാട്ട് പാടാനും അവർക്ക് നാല് പേർ വെച്ചു.
വളർന്നു വലുതായിട്ട് ആരാകാനാണിഷ്ടം എന്ന് ചോദിക്കപ്പെട്ട കുട്ടി
വരുന്നവരോടും മിണ്ടുന്നവരോടും പറയാൻ ദമ്പതികൾക്ക് നാല് പേരെ കുറിച്ചും നാലായിരം വാക്കുകളാണ്. കുഞ്ഞുടുപ്പുകളും പൗഡറും അത്തറും അവർക്കായി വാങ്ങിയ അലമാരയിൽ നിവർന്ന് നിന്ന് ചിരിക്കുന്നുണ്ടായിരുന്നു. ഉറക്കമൊഴിച്ചും പാലൂട്ടിയും രണ്ട് മാസങ്ങൾ പിന്നിട്ടതേയുള്ളൂ. പതിവിലേറെ ക്രൗര്യം നിറച്ച തീഗോളങ്ങൾ കണ്ട് ഞെട്ടാൻ ഇരുവർക്കും നേരം കിട്ടിയില്ല. സയണിസ്റ്റ് പിശാചുക്കൾ വർഷിച്ച ബോംബിൽ ആറു പേരും സ്വർഗത്തിലേക്ക് യാത്രയായി. ശൈഖ് റദ്-വാനിലെ വിറങ്ങലിച്ച മണ്ണ് അവരെ ഏറ്റുവാങ്ങി.
ഒരു പത്രപ്രവർത്തകൻ ഫലസ്തീൻ ബാലനോട് ചോദിക്കുന്നു - "വളർന്നു വലുതായാൽ ആരാവാനാണ് ആഗ്രഹം?"
അപ്പോൾ ആ കുട്ടി പറയുന്ന മറുപടി - "ഞങ്ങൾ വളർന്നു വലുതാകുമെന്ന് ഒരു ഉറപ്പുമില്ല. നടക്കുമ്പോഴും ഉറങ്ങുമ്പോഴും എല്ലാം ഞങ്ങൾ കൊല്ലപ്പെട്ടേക്കാം എന്ന ചിന്തയിലാണ്. പിന്നെ ആരാവാൻ ആഗ്രഹിച്ചിട്ടെന്താണ്"?! നമുക്ക് കിനാക്കളുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ക്കും. വലിയ കിനാക്കള്‍ കാണാന്‍ പഠിപ്പിച്ചു കൊണ്ടാണ് നമ്മളവരെ വളര്‍ത്തുന്നത്. എന്നാല്‍ കിനാവ് കാണാന്‍ പോലും അവകാശമില്ലാത്ത കുഞ്ഞുങ്ങളാണ് ഫലസ്തീനിലേത്. ഏത് നിമിഷവും തങ്ങള്‍ക്കു മേല്‍ പതിച്ചേക്കാവുന്ന മരണത്തീപ്പൊരികള്‍ക്കിടയില്‍ അവരെന്ത് കിനാക്കള്‍ കാണാനാണ്. ചുറ്റിലും നിത്യേനയെന്നോണം തകര്‍ന്നു വീഴുന്ന കെട്ടിടങ്ങളാണ്. അവര്‍ കിനാക്കള്‍ കണ്ടുറങ്ങേണ്ട അവരുടെ വീടുകള്‍ അവര്‍ക്കറിവ് നല്‍കേണ്ട വിദ്യാലയങ്ങള്‍ ഒടുവിലിതാ അഭയമാവേണ്ട ആശുപത്രികളും പള്ളികളും വരെ തകർത്തെറിഞ്ഞിരുന്നു. പിന്നെ തങ്ങളെന്ത് കിനാവ് കാണാനാണെന്ന് ചോദിക്കുകയാണ് ആ ഫലസ്തീന്‍ ബാലന്‍. വലുതായാല്‍ ആരാവാനാണ് ആഗ്രഹമെന്ന ചോദ്യത്തിന് അതിന് ഞങ്ങള്‍ വലുതാവില്ലല്ലോ എന്നാണ് കുഞ്ഞുമോന്റെ മറുപടി. കിനാവ് കാണാനും മനോഹരമായ തങ്ങളുടെ ബാല്ല്യം പിറന്ന മണ്ണിൽ കളിക്കാനും അവസരം നൽകാതെ അവരെ കൊന്നു തള്ളാൻ കാപട്യം ഉള്ളിലൊതുക്കി മൗനാനുവാദം നൽകിയ ലോക ജനതയുടെ നെറുകയിൽ ഇന്നല്ലെങ്കിൽ നാളെ ആ കുഞ്ഞുങ്ങളുടെ ശാപത്തിൽ നിന്നുമുയർന്ന ഇടിത്തീ പതിക്കാതിരിക്കില്ല. പത്രക്കാരന്റെ ചോദ്യത്തിന് നോവ് സഹിക്കാനാകാതെ ഗസയിലെ ഒരു കുഞ്ഞ് പറഞ്ഞ മറുപടി - ഞാനും ഉമ്മക്കൊപ്പം മരിച്ചിരുന്നെങ്കിൽ ഇതൊന്നും കാണേണ്ടിയിരുന്നില്ല എന്നാണ്.
അലി എന്നാണ് ഈ ബാലന്റെ പേര്. വളരെ സമർത്ഥനും മിടുക്കനുമായിരുന്നു അവൻ.
കൂട്ടുകാർക്കൊക്കെ ഏറെ പ്രിയപ്പെട്ടവനായിരുന്നു അവൻ. ചൊവ്വാഴ്ച്ച രാവിലെയുള്ള സ്കൂൾ വിനോദ യാത്രക്ക് തയ്യാറെടുക്കുകയായിരുന്നു അവൻ. പക്ഷേ അവൻ വീട്ടിൽ ഉറങ്ങിക്കിടക്കുമ്പോൾ ഇസ്രയേൽ മിസൈലാക്രമണത്തിൽ അവൻ കൊല്ലപ്പെട്ടു. അലിയുടെ ഉറ്റ സുഹൃത്താണ് ജമാൽ. അവനോട് അലി മരിച്ചുപോയി എന്ന് എങ്ങനെ അറിയിക്കുമെന്ന് ആവലാധിപ്പെടുകയായിരുന്നു ജമാലിന്റെ ഉമ്മ. എങ്ങനെയോ വിവരമറിഞ്ഞ കുഞ്ഞു ജമാൽ ആകെ ഷോക്കിലാണ്. അവനില്ലാത്ത സ്കൂളിലേക്ക് ഇനി ഞാനെങ്ങിനെ പോകും ഇനി അലിയെ ഒരിക്കലും എവിടേയും എനിക്ക് കാണാനാവില്ലല്ലോ എന്ന് വിലപിക്കുകയാണ് ജമാൽ. എന്താണ് ആ കുഞ്ഞുങ്ങൾ ചെയ്ത തെറ്റ്?
ഞങ്ങൾക്കും മറ്റു കുട്ടികളെപോലെ ജീവിക്കണം എന്നാണ് ഗസയിലെ മക്കൾ പറയുന്നത്.
അലി എന്ന ബാലൻ
ഗസ്സയിൽ മരിച്ചുവീഴുന്ന കുരുന്നുകളെ വരെ കളിയാക്കി ഇസ്രായേലി സമൂഹമാധ്യമങ്ങളിൽ വിഡിയോകൾ നിറയുന്നു എന്ന ആശ്ചര്യം നിറഞ്ഞ വാർത്ത ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്.
ഈ ഇസ്രയേലി വംശീയ ഉൻമൂലനത്തിനെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ പ്രതിഷേധങ്ങളാണ് നടക്കുന്നത്.
UNESCO യുടെ കുറ്റകരമായ മൗനത്തിൽ പ്രതിഷേധിച്ച് UNESCO യുടെ ഗുഡ്‌വിൽ അംബാസഡറിൽ ഒരാളായ ശൈഖ മൗസ ബിൻത്ത് നാസർ പദവിൽ നിന്നും രാജിവെച്ചു. ഇസ്തംബൂളിൽ നടന്ന യുനൈറ്റഡ് ഫോർ പീസ് ഇൻ ഫലസ്തീൻ ഉന്നതതല ഉച്ചക്കോടിയിലാണ് രാജി പ്രഖ്യാപനം. സ്ത്രീകളും കുട്ടികളുമാണ് ഫലസ്തീനിൽ കൂടുതൽ കൊല്ലപ്പെട്ടത്. ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്ക്കാരിക ഉപസംഘടനയാണ് UNESCO. അന്താരാഷ്ട്ര സഹകരണത്തിലൂടെ വിദ്യാഭ്യാസ ശാസ്ത്ര സാംസ്കാരിക വഴികളിലൂടെ സമാധാനം സ്ഥാപിക്കേണ്ട സംഘട നിർണായക സമയത്ത് പേരിന് പോലും ഇസ്രയേൽ അധിനിവേഷത്തിനെതിരെ മിണ്ടാത്തതാണ് ശൈഖ മൗസയെ ചൊടിപ്പിച്ചത്.
മരിച്ചവരില്‍ 70 ശതമാനം കുട്ടികളും സ്ത്രീകളുമാണ് ഏറെ ഞെട്ടിക്കുന്ന കാര്യം.
പതിനായിരത്തിലധികം പേർ കൊല്ലപ്പെട്ടു. ഇവരിൽ 4,237 പേർ കുട്ടികളായിരുന്നു. കുട്ടികളുടെ ശവപ്പറമ്പാണ് ഗാസ എന്ന് ഉത്തരവാദിത്തപ്പെട്ടവർ തന്നെ വിളിച്ച് പറയുന്നുണ്ട്. ഗാസയിൽ, നവജാതശിശു മരണനിരക്ക് ഏറെ ഉയർന്നതായി യുണിസെഫ് നിരീക്ഷിച്ചു. ഉയർന്ന വരുമാനമുള്ള രാജ്യങ്ങളുടെ നിരക്കിന്റെ ഇരട്ടിയിലധികം.ആ കുട്ടികളിൽ പലരും ഇപ്പോൾ അനാഥരാണ്. അവരുടെ ബന്ധുക്കളുടെ ഗതിയും വിശദാംശങ്ങളും അറിയാത്ത അവസ്ഥയാണുള്ളത്.
ഇവിടെയെല്ലാം തകിടം മറിഞ്ഞിരിക്കുന്നു. സാധാരണപോലെ എനിക്ക് ജീവിക്കണം. സാധാരണ പോലെ കുളിക്കണം. സാധാരണ പോലെ ബാത്റൂം ഉപയോഗിക്കണം. സ്വസ്ഥമായി ശ്വസിക്കാൻ പോലും ഇപ്പോഴിവിടെ കഴിയുന്നില്ല. എല്ലാം അനുദിനം മോശമായി വരുന്നു - ഗാസയിൽ നിന്നും 19 കാരിയായ കോളേജ് വിദ്യാർത്ഥിനി തസ്നിം ഇബ്രാഹിം പറയുന്നു.
ശൈഖ മൗസ
ഗസ്സയെ രണ്ടായി പിളർക്കാൻ ഇസ്രായേൽ നീക്കം നടത്തുന്നുവെന്നും കുഞ്ഞുങ്ങളുടെ ശ്മശാനമായി ഗസ്സ മാറിയെന്ന് യൂനിസെഫ് പറയുന്നു. ഗസ്സയിൽ വാർത്തവിനിമയ സംവിധാനം ഇല്ലാത്തത് സഹായവിതരണത്തിന് പോലും തടസമാവുന്നുവെന്ന് യു.എൻ നേരത്തെ അറിയിച്ചതാണ്. അനേകം ഹോസ്പിറ്റലുകളിലും പൊതു ജനം താമസിക്കുന്ന ഇടങ്ങളും തിരഞ്ഞ് പിടിച്ച് മനുഷ്യക്കൊന്ന് വംശ ഹത്യയിലൂടെ സിയോണിസ്റ്റ് രാജ്യം സ്ഥാപിക്കാനാണ് ശ്രമം. ആശുപത്രികൾ യുദ്ധക്കളങ്ങളല്ല, ഞങ്ങൾ വളരെയധികം ആശങ്കയിലാണെന്നാണ് ഇസ്രായേലിനെതിരെ ലോകാരോഗ്യ സംഘടന പറഞ്ഞത്. അവിടുത്തെ ആശുപത്രിക്ക് മുന്നിലുള്ളത് മൃതശരീരങ്ങളും കൂട്ടക്കുഴിമാടങ്ങളുമാണ്. ഭൂമിയിൽ ഒരു നരകമുണ്ടെങ്കിൽ അത് വടക്കൻ ഗാസയാണെന്നാണ് ഒരു U N ഒഫീഷ്യൽ പറഞ്ഞത്. പ്രസവത്തിനും ഓപ്പറേഷനും കൈകാലുകൾ മുറിച്ചുമാറ്റാൻ പോലും അനസ്തേഷ്യയില്ല. വളരെ ദുരിത പൂർണ്ണമായ സാഹചര്യമാണ് അവിടെയുള്ളത്. രോഗിക്ക് വേദനയുള്ള അവസരങ്ങളിൽ കടിച്ച് പിടിക്കാൻ തുണിയുടെ ഒരു കഷ്ണം മാത്രമാണ് ഹോസ്പിറ്റലുകളിലുള്ളതെന്ന് മീഡിയകൾ റിപ്പോർട്ട് ചെയ്തതാണ്!
ഗസലയിലെ ഹോസ്പിറ്റലുകൾ ഹമാസ് താവളം ആക്കിയതിന് തെളിവുണ്ടോ എന്ന് മാധ്യമപ്രവർത്തക ചോദ്യത്തിന് കൃത്യമായ ഉത്തരമില്ലാതെ ഉരുണ്ട് കളിക്കുകയാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി വക്താവ്.
ഗാസ മുനമ്പിലെ ഒട്ടുമിക്ക ആശുപത്രികളും അടച്ചിരിക്കയാണ്. പ്രവർത്തിക്കുന്നവ വലിയ ബുദ്ധിമുട്ടിലും. വളരെ പരിമിതമായ അടിയന്തര സേവനങ്ങളും ജീവൻ രക്ഷാ ശസ്ത്രക്രിയയും തീവ്രപരിചരണ സേവനങ്ങളും മാത്രമേ നൽകാൻ കഴിയൂ. വെള്ളം, ഭക്ഷണം, ഇന്ധനം എന്നിവയുടെ ദൗർലഭ്യം ആശുപത്രികളിലും ചുറ്റുപാടുകളിലും അഭയം പ്രാപിക്കുന്ന സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ആയിരക്കണക്കിനാളുകളുടെ ജീവനും ഭീഷണിയാണ്. സുരക്ഷിത താവളമാകേണ്ട ആശുപത്രികൾ മരണത്തിന്റെയും നാശത്തിന്റെയും നിരാശയുടെയും ദൃശ്യങ്ങളായി മാറുമ്പോൾ ലോകത്തിന് നിശബ്ദത പാലിക്കാൻ കഴിയില്ല.
ഇസ്രായേൽ, ഈജിപ്ത്, മെഡിറ്ററേനിയൻ കടലുകൾ എന്നിവയ്‌ക്കിടയിലെ ചെറിയ ഭൂപ്രദേശമായ ഗാസ, ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള ഇടങ്ങളിലൊന്നാണ്. ജനസംഖ്യയുടെ 40 ശതമാനവും 14 വയസ്സിന് താഴെയുള്ളവരാണവിടെ.
ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡർ
ഗാസയിലെ അക്രമം ഉടൻ അവസാനിപ്പിക്കണമെന്ന് യുഎൻഎഫ്‌പിഎ (യുണൈറ്റഡ് നാഷൻസ് പോപ്പുലേഷൻ ഫണ്ട്), യൂണിസെഫ് (യുനൈറ്റഡ് നാഷൻസ് ചിൽഡ്രൺസ് ഫണ്ട് ) ഡബ്ല്യൂഎച്ച്‌ഒ (വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ) എന്നിവയുടെ റീജ്യണൽ ഡയരക്ടർമാർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. അൽ-ഷിഫ ആശുപത്രി, അൽ-റാന്റിസ്സി നാസർ പീഡിയാട്രിക് ഹോസ്പിറ്റൽ, അൽ-ഖുദ്സ് ആശുപത്രി തുടങ്ങിയയിടങ്ങളിലും ഗാസ നഗരത്തിലും വടക്കൻ ഗാസയിലും കുട്ടികൾ ഉൾപ്പെടെ നിരവധി പേരെ കൊന്നൊടുക്കിയ ആക്രമണങ്ങളുടെ റിപ്പോർട്ടുകൾ പേടിപ്പെടുത്തുന്നതാണ്. വടക്കൻ ഗാസയിലെ നിരവധി ആശുപത്രികളിൽ ആരോഗ്യ പ്രവർത്തകർക്കും പരിക്കേറ്റവർക്കും മറ്റ് രോഗികൾക്കും സുരക്ഷിതപ്രവേശനം തടയുന്നു.അൽ-ഷിഫയിൽ വൈദ്യുതി, ഓക്‌സിജൻ, ജലം എന്നിവ മുടങ്ങിയതിനാൽ വെന്റിലേറ്ററിലുള്ള മാസം തികയാതെ പ്രസവിച്ച കുട്ടികളും നവജാതശിശുക്കളും മരിക്കുന്നതായും മറ്റുള്ളവർ അപകടസാധ്യതയിലാണെന്നും റിപ്പോർട്ടുണ്ട്. നിരവധി ആശുപത്രികളിലുടനീളമുള്ള ജീവനക്കാർ ഇന്ധനം, വെള്ളം, അടിസ്ഥാന ആരോഗ്യ സഹായങ്ങൾ എന്നിവയുടെ അഭാവം റിപ്പോർട്ട് ചെയ്യുന്നു. അത് എല്ലാ രോഗികളുടെയും ജീവൻ അപകടത്തിലാക്കുന്നുണ്ട്. ആശുപത്രി കോംപൗണ്ടിനുള്ളില്‍ ഇസ്‌റാഈല്‍ ടാങ്കുകള്‍ ഉണ്ട്. ആശുപത്രിയുടെ മരുന്ന്, ശസ്ത്രക്രിയ വിഭാഗങ്ങള്‍, സി.ടി സ്‌കാനര്‍, എം.ആര്‍.ഐ സ്‌കാനര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും തകര്‍ത്തു. കാന്റീന്‍, ജീവനക്കാരുടെ വാഹനങ്ങള്‍ എന്നിവയും തകര്‍ത്തിരുന്നു.
ആശുപത്രി വിടാന്‍ ആവശ്യപ്പെട്ട ആശുപത്രിയിലെ പ്രശസ്തനായ ഡോക്ടര്‍ ഹമ്മാമുള്ളായെ സൈന്യം വെടിവച്ചുകൊന്നു. ഗസ്സയിലെ വാര്‍ത്താവിനിമയ സൈംവിധാനങ്ങള്‍ തകരാറിലായിട്ടുണ്ട്
അല്‍ശിഫ ഹോസ്പിറ്റലില്‍നിന്ന് ആയുധങ്ങളൊന്നും ലഭിക്കാതിരുന്നതോടെ ആയിരങ്ങളെയാണ് സയണിസ്റ്റ് സൈന്യം ബന്ദികളാക്കിയത്. ഡോക്ടര്‍മാര്‍, രോഗികള്‍, നഴ്‌സുമാരടക്കമുള്ള ജീവനക്കാര്‍, ആശുപത്രി കോംപൗണ്ടില്‍ അഭയംതേടിയ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികള്‍ തുടങ്ങി.
കൊളോണിയലിസത്തിന്റെ വക്താക്കളായ അമേരിക്ക ഇംഗ്ലണ്ട് ഫ്രാൻസ് എന്നീ രാജ്യങ്ങളാണ് ഇസ്രയേലിന് പിന്തുണ നൽകുന്നത്. വംശഹത്യക്ക് ഈ രാഷ്ട്രങ്ങൾ പിന്തുണ നൽകുകയാണ് എന്ന് ഇന്ത്യയിലെ ഫലസ്തീൻ അംബാസിഡറായ അദ്നാൽ അബു അൽഹൈജ കുറ്റപ്പെടുത്തി.ചിലർ കരുതുന്നത് ഒക്ടോബറിൽ ആണ് ഇസ്രയേൽ ആക്രമണം ആരംഭിച്ചത് എന്നാണ്. 75 വർഷമായി അവർ ഇത് തുടങ്ങിയിട്ട്. 1993 മുതൽ ഫലസ്തീനിന്റെ ഇരുപത്തിരണ്ട് ശതമാനം മണ്ണാണ് ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനായി ഞങ്ങളുടെ കയ്യിലുള്ളത്. ഫലസ്തീന്റെ 78 ശതമാനം പ്രദേശങ്ങളും ഇസ്രായേലിന്റെ അധീനതയിലാണ്. വംശഹത്യ അവസാനിപ്പിക്കാൻ ലോക രാഷ്ട്രങ്ങൾക്ക് ഉത്തരവാദിത്തമുണ്ട്. സ്വന്തം മണ്ണിൽ ജീവിക്കുക അല്ലെങ്കിൽ മരിക്കുക എന്നതാണ് ഫലസ്തീൻ ജനതയുടെ തീരുമാനം എന്ന് അദ്ദേഹം പറഞ്ഞു. ഇനിയും അഭയാർത്ഥികളായി ജീവിക്കാൻ ഫലസ്തീനികൾക്കാവില്ല എന്ന് അദ്ദേഹം പറഞ്ഞു.
അന്റോണിയോ ഗുട്ടറസ്
ഗസയിൽ ഇപ്പോൾ നടക്കുന്ന കൂട്ടക്കുരുതിക്ക് ഹമാസിനെ നശിപ്പിക്കുക എന്നതിനപ്പുറത്ത് വേറെമാനമുണ്ട് എന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്. തുടക്കം മുതലേ വംശീയ ഉന്മൂലനം സയണിസ്റ്റ് അധിനിവേശ പദ്ധതിയുടെ ഭാഗമായിരുന്നു. ഫലസ്തീനിന്റെ മണ്ണിൽ ഫലസ്തീനികൾക്ക് സ്വന്തമായി ഒരു രാഷ്ട്രം എന്ന ആശയത്തെ ഇസ്രായേൽ ഒരിക്കലും അംഗീകരിച്ചിട്ടില്ല.
ഇസ്രായേലിന്റെ രാഷ്ട്രീയ നയമാണ് ഈ വംശഹത്യ എന്നാണ് ഡോ. ജിനു സക്കറിയ്യയെ പോലുള്ളവർ പറയുന്നത്. ഗാസയിൽ അവശേഷിക്കുന്ന സിവിലിയൻസിനോട് ഒഴിഞ്ഞുപോകാനും, മറ്റ് രാജ്യങ്ങളോട് അവരെ അഭയാർഥികളായി സ്വീകരിക്കുവാനും ആവശ്യപ്പെട്ടിരിക്കുകയാണ് ഇസ്രായേൽ ഭരണകൂടം. പതിനൊന്നായിരത്തിലധികം പലസ്തീനികളാണ് ഒക്ടോബർ 7 മുതൽ ഇതുവരെ കൊല്ലപ്പെട്ടത്. ഒരു സങ്കോചവുമില്ലാതെ ഇസ്രായേൽ ഈ വംശഹത്യ തുടരുന്നത് എന്തുകൊണ്ടാണ്? ക്രിസ്ത്യൻ സയണിസം ഈ സംഘർഷത്തിൽ വഹിക്കുന്ന ചരിത്രപരമായ പങ്കെന്താണ് തുടങ്ങിയവയെ കുറിച്ച് വിദേശകാര്യ വിദഗ്ധനായ ഡോ. ജിനു സക്കറിയ ഉമ്മനും ഡോ. അലക്സാണ്ടർ ജേക്കബുമൊക്കെ കേരളത്തിലെ വിവിധ മീഡിയകളോട് സംസാരിച്ചതാണ്.
1975 നവംബർ പത്തിന് യു എൻ പൊതുസഭ 35 നെതിരെ 72 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ പാസാക്കിയ 3379ാം പ്രമേയമനുസരിച്ച് സയണിസം വംശീയ പ്രത്യേക ശാസ്ത്രവും ഇസ്രയേൽ വംശീയ രാഷ്ട്രവുമാണ്. ഓസ്ലോ കരാറിനുവേണ്ടി 1991ലാണ് പി.എൽ.ഒവിന്റെകൂടി സമ്മതത്തോടെ ഈ പ്രമേയം റദ്ദ് ചെയ്യപ്പെടുന്നത്. അങ്ങനെയാണെങ്കിലും അവരുടെ സ്വഭാവത്തിൽ പ്രകടമായ മാറ്റം ഒന്നുമില്ല. ഇസ്രയേൽ 2018 ൽ ജ്യൂയിഷ് നേഷൻ സ്റ്റേറ്റ് ലൊ ബില്ല് സെനറ്റിൽ പാസാക്കി അവരുടെ ജനാധിപത്യ മാനവിക വിരുദ്ധ സ്വഭാവം കാണിച്ചത് ലോകം അത്ഭുതത്തോടെ നോക്കിക്കണ്ടതാണ്. ഇസ്രയേലിന്റെ വംശഹത്യ ചരിത്രത്തിലെ നിരവധി കണ്ണികളിൽ ഒന്നുമാത്രമാണ് ഇപ്പോൾ ഗസയിൽ നടക്കുന്ന ഈ സംഭവം. ജൂത മൂലധന ശക്തികൾ നിയന്ത്രിക്കുന്ന വൻകിട മാധ്യമങ്ങളാണ് ഇസ്രായേലിന്റെ വലിയ ഭാഗ്യങ്ങളിൽ ഒന്ന്. ഇന്ന് ഗസയിൽ നടക്കുന്ന അധിനി വേശത്തിന്റെ വേരുകൾ മനസ്സിലാക്കാൻ അമേരിക്കൻ-ഫലസ്തീനി ചരിത്രകാരനായ റശീദ് ഖാലിദിയുടെ ‘ഫലസ്തീൻ യുദ്ധത്തിന്റ നൂറുവർഷങ്ങൾ’ ഒരാവർത്തി മാത്രം വായിച്ചാൽ മതി.
യുക്രെയിനിലേക്ക് അയച്ച ആയുധങ്ങൾ വഴിമാറ്റി ഇസ്രയേലിലേക്ക് എത്തിച്ചത് അമേരിക്കയാണ്. ഗസൽ പ്രയോഗിക്കുന്ന ആയുധങ്ങളിൽ അധികവും യുഎസിന്റെ സംഭാവനയാണ്. ലേസർ സഹായത്തോടെയുള്ള മിസൈലുകൾ, 155 എം.എം ഷെല്ലുകൾ, രാത്രിക്കാഴ്ച ഉപകരണങ്ങൾ, ബങ്കറുകൾ തകർക്കുന്ന ആയുധങ്ങൾ, അത്യാധുനിക സൈനിക വാഹനങ്ങൾ തുടങ്ങിയവയെല്ലാം അമേരിക്കയുടെ വകയായി ഇസ്രായേലിൽ എത്തുന്നു. അവയിൽ കൂടുതലും അമേരിക്ക സൗജന്യമായാണ് അവർക്ക് നൽകുന്നത്. ഇസ്രായേലിന് സ്വയം പ്രതിരോധത്തിന് എന്ന പേരിൽ അമേരിക്കയിൽ നിന്നുള്ളതിനു പുറമേ ലോകത്തുടനീളം വിന്ന്യസിച്ച ആയുധങ്ങൾ കൂടി ഇവിടേക്ക് മാറ്റുന്നു എന്ന ഒരു വാർത്തയും ഉണ്ട്. ഒൿടോബർ അവസാനമാകുമ്പോഴേക്ക് 36,000 റൗണ്ട് 30 എം എം പീരങ്കി ഉണ്ടകൾ 1800 ബാങ്കറുകൾ തകർക്കുന്ന എം 141 സ്ഫോടക വസ്തുക്കൾ 3500 രാത്രി കാഴ്ച ഉപകരണങ്ങൾ എന്നിവ അമേരിക്ക ഇസ്രായേലിൽ എത്തിച്ചു കഴിഞ്ഞിട്ടുണ്ട്. മാരക പ്രഹര ശേഷിയുള്ള ബോംബുകളും സുഫോടക വസ്തുക്കളും കൈമാറി ഗസയെ ശവപ്പറമ്പ് ആക്കി മാറ്റാൻ അമേരിക്ക കാർമികത്വം വഹിക്കുകയാണെന്ന് യുഎസിലെ പല സംഘടനകളും വിമർശനം ഉന്നയിച്ചു കഴിഞ്ഞു. അതി മാരക പ്രഹര ശേഷിയുള്ള 155 എം എം ഷെല്ലുകൾ ഇനിയും ഇസ്രായേലിലേക്ക് അയക്കരുത് എന്ന് പ്രതിരോധ സെക്രട്ടറിക്ക് 30 സംഘടനകൾ കത്തയച്ചത് വാർത്തയായിരുന്നു. ലോക്ഹീഡ് മാർട്ടിൻ എന്ന അമേരിക്കൻ ആയുധഭീമൻ നിർമിച്ച ഹെൽഫയർ ലേസർ നിയന്ത്രിത മിസൈലുകൾ മാത്രം 2,000 എണ്ണമാണ് ഇസ്രായേലിൽ എത്തിച്ചത്. ജർമ്മനിയിലും ദക്ഷിണ കൊറിയയിലും വിന്യസിച്ചത് വരെ ഇസ്രയേലിലേക്ക് എത്തിച്ചു എന്ന് സാരം. പുതുതായി 57000 155 എം എം ഷെല്ലുകൾ 20,000 എം4എ1 റൈഫിളുകൾ, 5,000 പി.വി.എസ്-14 രാത്രിക്കാഴ്ച ഉപകരണങ്ങൾ, 3,000 എം.141 ബങ്കർ തകർക്കും സ്ഫോടകവസ്തുക്കൾ എന്നിവയാണ് യുഎസിൽ നിന്നും ഇസ്രായേൽ പുതുതായി ആവശ്യപ്പെട്ടിരിക്കുന്നത്. 400 120 എം എം മോർട്ടാറുകൾ പുതിയ 75 സൈനിക വാഹനങ്ങൾ എന്നിവയും പുതുതായി ഇസ്രായേൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന് പുറമേ 312 തമീർ മിസൈൽ പ്രതിരോധ സംവിധാനം യു.എസ് സൗജന്യമായി ഇസ്രായേലിൽ എത്തിച്ചിട്ടുണ്ട്.
ദ്വിരാഷ്ട്ര പരിഹാരമാണ് ഇസ്രയേൽ - പലസ്തീൻ പ്രശ്‌നം തീർക്കാനുള്ള ഏക മാർഗം, പക്ഷേ ഇസ്രയേൽ അതിനെ അംഗീകരിക്കുന്നുമില്ല.
ഇസ്രയേലിന് നേരെയുണ്ടായ ഹമാസ് ആക്രമണം ശൂന്യതയില്‍ നിന്നും ഉണ്ടായതല്ലെന്നാണ് യു എന്‍ ജനറല്‍ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞത്. കഴിഞ്ഞ 56 വര്‍ഷമായി പലസ്തീന്‍ ജനത തങ്ങളുടെ ഭൂമിയില്‍ അധിനിവേശത്തിനിരയായി വീര്‍പ്പുമുട്ടി കഴിയുകയാണെന്നും ഗുട്ടെറസ് പറഞ്ഞു. യുഎന്‍ സുരക്ഷാ കൗണ്‍സിലിലാണ് പരാമര്‍ശം.തങ്ങളുടെ ഭൂമി ഒത്തുതീര്‍പ്പിലൂടെയും ആക്രമണത്തിലൂടെയും വീതം വെക്കുന്നത് പലസ്തീന്‍ ജനത കണ്ടു. അവരുടെ സമ്പദ് വ്യവസ്ഥ സ്തംഭിച്ചു. ജനങ്ങള്‍ കുടിയിറക്കപ്പെട്ടു, അവരുടെ വീടുകള്‍ തകര്‍ക്കപ്പെട്ടു, രാഷ്ട്രീയമായ പരിഹാരം ഉണ്ടാകും എന്ന അവരുടെ പ്രതീക്ഷകള്‍ അസ്തമിച്ചുവെന്നും ഗുട്ടെറസ് പറഞ്ഞു.
പലസ്തീന്‍ ജനത നേരിടുന്ന ദുരിതങ്ങള്‍ക്ക്, ഹമാസിന്റെ ആക്രമണത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ല. ഒരു ഭീകരാക്രമണത്തിന്റെ പേരില്‍ പലസ്തീന്‍ ജനതയെ ഒന്നാകെ ശിക്ഷിക്കുന്നതിനെയും ന്യായീകരിക്കാനാവില്ലെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ പറഞ്ഞു. ഇസ്രയേല്‍ അന്താരാഷ്ട്ര നിയമം ലംഘിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏറെ ആശങ്കപ്പെടുത്തുന്ന കാര്യമാണത്. സായുധ പോരാട്ടത്തില്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് മുന്നില്‍ ഒരു കക്ഷിയും അതീതരല്ല എന്നും ഗുട്ടെറസ് പറഞ്ഞു. തികഞ്ഞ വംശഹത്യയാണ് അവിടെ നടക്കുന്നത്. യു.എൻ ഉദ്യോഗസ്ഥർക്ക് വിസ നൽകില്ല, അവരെ പാഠം പഠിപ്പിക്കും എന്നാണ് കലിപ്പ് കയറിയ ഇസ്രായേൽ പറയുന്നത്. യു എൻ മാത്രമാണ് എന്തെങ്കിലുമൊന്ന് ഇസ്രയേലിനെതിരെ പറയുന്നത്.
ഫലസ്തീൻ പോരാട്ടങ്ങളെ വിമർശിക്കുന്നവർ എന്നും ഓർത്തിരിക്കേണ്ടതാണ് നെൽസൺമണ്ടേലയുടെ ഈ വാചകങ്ങൾ - "ഒരു പൂച്ചയെ കെട്ടിയിടുക; പട്ടിണിക്കിടുക; ശ്വാസം മുട്ടിക്കുക. പൂച്ച മാന്തും. അത് ഒരു ഭീകര വാദിയായത് കൊണ്ടല്ല. മറിച്ച് ഒരു ജീവിയെന്ന നീലക്കുള്ള പരിമിതമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടതിനാൽ. ഹമാസ് നേതാവ് മൂസ മർസൂഖ്: ഞങ്ങൾ പല വാതിലുകളും മുട്ടി; മനുഷ്യരെന്ന നിലക്കുള്ള എല്ലാ അവകാശങ്ങളും ഞങ്ങൾക്ക് വേണ്ട; എങ്കിലും പരിമിതമായ ചില അവകാശങ്ങൾക്ക് ഞങ്ങൾക്കർഹതയില്ലേ? ഫലസ്തീനികളുടെ ഓരോ ചോദ്യവും ലോക സമൂഹത്തിന് നേരെയാണ് എന്നത് ഏറെ ചിന്തനീയമാണ്.