Image

മധ്യപ്രദേശിൽ ഏത് കമൽ വിരിയും

Published on 20 November, 2023
മധ്യപ്രദേശിൽ ഏത് കമൽ വിരിയും

കമലവും കമൽ നാഥും തമ്മിലുള്ള മത്സരമാണ് മധ്യപ്രദേശിൽ ഇത്തവണ നടക്കുന്നത്. ഇന്ത്യയുടെ ഹൃദയഭൂമിയിലെ 5,61,36,229 വോട്ടർമാർ ഇവരിൽ ഏത് കമലത്തെ വിരിയിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. പതിനെട്ട് വർഷത്തോളം മധ്യപ്രദേശ് ഭരിച്ച ശിവരാജ് സിങ് ചൌഹാൻ സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധവികാരവും മടുപ്പും വിരൽതുമ്പിൽ പ്രതിഫലിച്ചാൽ അത് കമൽ നാഥിന് മധുര പ്രതികാരം കൂടിയാകും. 2020 ൽ ഓപറേഷണ കമലയിലൂടെ തൻറെ പതിനഞ്ച് മാസം മാത്രം പ്രായമായ സർക്കാരിനെ അട്ടിമറിച്ചതിൻറെ പ്രതികാരം. അതേസമയം ശിവരാജ് സിങിനെ അകറ്റിനിർത്തി മോദിയുടെ തല മാത്രം കാണിച്ച് വോട്ട് പെട്ടിയിലാക്കാനുള്ള ബിജെപി തന്ത്രം വിജയം കണ്ടാൽ അത് വരാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ക്ഷീണവുമാകും.2018 ൽ 116 സീറ്റുമായി അധികാരത്തിലേറിയ കോൺഗ്രസിനെ ജ്യോതിരാദിത്യ സിന്ധ്യയുടെ കളംമാറ്റമാണ് താഴെയിറക്കിയത്. സിന്ധ്യയ്ക്കൊപ്പം മറുകണ്ടം ചാടിയ 22 എംഎൽഎ മാർ കോൺഗ്രസിനെ ന്യൂനപക്ഷമാക്കിയതോടെയാണ് ബിജെപി വീണ്ടും അധികാരത്തിലേറിയത്.

കൂടുതലുള്ള സ്ത്രീവോട്ടർമാരെ വരുതിയിലാക്കാനാണ് ഇരുപക്ഷവും ശ്രമിക്കുന്നത്. വനിതകൾക്ക് വമ്പൻ പദ്ധതികളാണ് ഇരുപാർട്ടികളും പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം പിന്നാക്ക വിഭാഗവും ഗോത്രവിഭാഗക്കാരും ധാരാളമുള്ള മധ്യപ്രദേശിൽ ജാതിസംവരണമെന്ന തുറപ്പുശീട്ടും കോൺഗ്രസ് പയറ്റുന്നു. മറുവശത്ത്  ബിജെപി ആകട്ടെ മോദി സർക്കാരിൻറെ വികസനത്തിനാണ് വോട്ട് ചോദിക്കുന്നത്.

എംപിയായിരിക്കെ മുഖ്യമന്ത്രിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്കിറങ്ങിയവരാണ് കമൽ നാഥും ശിവരാജ് സിങ് ചൌഹാനും. 2006 ൽ ബുധിനി മണ്ഡലത്തിൽ നിന്ന് ഉപതിരഞ്ഞെടുപ്പുവഴിയാണ് സംസ്ഥാനനേതൃത്വത്തിലെ അടിയെ തുടർന്ന് ചൌഹാനെ ബിജെപി സംസ്ഥാനത്തിൻറ ഭരണം ഏൽപ്പിച്ചത്. പിന്നീടിങ്ങോട്ട് മധ്യപ്രദേശിൽ ബിജെപിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. 2008 ൽ ബിജെപിയുടെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് വിജയമാണ് ചൌഹാൻ പാർട്ടിക്ക് സമ്മാനിച്ചത്. എന്നാൽ 2018 ൽ കോൺഗ്രസ് തിരികെ അധികാരത്തിലെത്തിയതോടെ ദേശിയ നേതൃത്വത്തിനും ചൌഹാനോടുള്ള മമത കുറഞ്ഞുതുടങ്ങിയിരുന്നു. അതിനാലാണ് ഇത്തവണ മൂന്ന് കേന്ദ്രമന്ത്രിമാരടക്കം ഏഴ് എംപിമാരേയും പാർട്ടി ദേശിയ ജനറൽസെക്രട്ടറിയേയും ബിജെപി കളത്തിലിറക്കിയത്. ജയിച്ചാൽ ആര് മുഖ്യമന്ത്രിയെന്ന് ജനത്തിനോ അണികൾക്കോ ഒരു ഉറപ്പുമില്ല. ചൌഹാനെ ഒതുക്കലാണ് ദേശിയ നേതൃത്വം ലക്ഷ്യം വെക്കുന്നത് എന്നത് മാത്രമാണ് വ്യക്തമായിട്ടുള്ളത്. മറുവശത്ത് കോൺഗ്രസിലാകട്ടെ ജ്യോതിരാദിത്യ സിന്ധ്യ ബിജെപിയിലേക്ക് പോയതോടെ കമൽ നാഥ് മാത്രമായി നേതാവ്. മുഖ്യമന്ത്രിപദത്തിലേക്ക് മറ്റൊരും അവകാശമുന്നിയിക്കുന്നുമില്ല.

ഇന്ത്യ സഖ്യം രൂപീകരിച്ച് പൊതുതിരഞ്ഞെടുപ്പി ബിജെപിക്കെതിരെ നീങ്ങാനുള്ള പ്രതിപക്ഷത്തിൻറെ പരീക്ഷണത്തിന് തുടക്കത്തിലേ കല്ലുകടിയേറ്റുവെന്നത് കോൺഗ്രസിൻറെ മധ്യപ്രദേശിലെ സാധ്യതകളെ വല്ലാതെ ഇല്ലാതാക്കുന്നില്ല. കമൽനാഥിൻറെ കടുത്ത നിലപാടാണ് ഇന്ത്യ സഖ്യത്തിന് മധ്യപ്രദേശിൽ തടസം നിന്നത്. മധ്യപ്രദേശിൽ ഒറ്റക്ക് ശക്തിതെളിയിക്കാനാണ് കമൽനാഥിൻറെ ശ്രമം. എസ് പി അടക്കമുള്ള പാർട്ടികളെയെല്ലാം പടിക്ക് പുറത്താക്കി ഏകപക്ഷീയമായി കമൽനാഥ് എടുക്കുന്ന തീരുമാനത്തോട് കോൺഗ്രസ് ദേശിയ നേതൃത്വവും ഏതാണ്ട് ഒപ്പമുണ്ട്. എന്നാൽ ഇത് സഖ്യത്തിലെ മറ്റ് പാർട്ടികളെ അലോസരപ്പെടുത്തിയിട്ടുണ്ട് . ഉത്തർപ്രദേശിൽ ഇന്ത്യ സഖ്യമെന്ന് പറഞ്ഞ് വരേണ്ടെന്ന അഖിലേഷ് യാദവിൻറെ കടുത്ത പ്രഖ്യാപനങ്ങൾ പിറക്കുംമുമ്പേ ഇന്ത്യസഖ്യം ദുർബലമാകുന്നുവെന്നതിൻറെ സൂചനയാണ് നൽകുന്നത്. മാത്രവുമല്ല, മധ്യപ്രദേശിൽ കമൽനാഥ് പയറ്റുന്ന മൃദുഹിന്ദുത്വ നിലപാടിനോടും മറ്റ് പാർട്ടികൾക്ക് ശക്തമായ എതിർപ്പാണുള്ളത്.

അഭിപ്രായസർവ്വേകളെല്ലാം കോൺഗ്രസിന് അനുകൂലമാണ്. ഇത്തവണ മികച്ച ഭൂരിപക്ഷം തന്നെ കോൺഗ്രസിന് ലഭിക്കുമെന്നാണ് സർവ്വേഫലങ്ങൾ. അതിൻറെ ആത്മവിശ്വാസം കോൺഗ്രസ് ക്യാമ്പുകളിൽ കാണാം. അങ്ങനെ വന്നാൽ പല നേതാക്കളുടേയും അവസാനത്തിനാവും ഡിസംബർ 3 ലെ ഫലം വഴിവെക്കുക. പ്രത്യേകിച്ചും ജ്യോതിരാദിത്യ സിന്ധ്യയെന്ന ഗ്വാളിയോർ രാജകുടുംബാംഗത്തിൻറെ. മുഖ്യമന്ത്രി പദവി ലഭിക്കാത്തതിനെ തുടർന്നാണ്, പിന്നീട് ലോക്സഭ തിരഞ്ഞെടുപ്പിലും തോറ്റ് വെറുതെ നടന്നിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോൺഗ്രസ് വിട്ടത്. ജ്യോതിരാദിത്യ സിന്ധ്യയുടെ തട്ടകമായ ഗ്വാളിയോർ ചമ്പൽ മേഖലയിൽ നിന്ന് കഴിഞ്ഞതവണ 26 സീറ്റുകളാണ് കോൺഗ്രസ് നേടിയത്. ഇത്തവണ അത് കോൺഗ്രസ് പിടിച്ചാൽ സിന്ധ്യയ്ക്ക് പ്രദേശത്ത് ഉണ്ടെന്ന് അവകാശപ്പെടുന്ന സ്വാധീനം വെറും കടലാസിലാണെന്ന് തെളിയിക്കപ്പെടും. അങ്ങനെവന്നാൽ ബിജെപിയിൽ സിന്ധ്യയ്ക്ക് വലിയ ഭാവിയുണ്ടായേക്കില്ല. ഇപ്പോഴെ സിന്ധ്യയ്ക്കും സംഘത്തിനും ബിജെപിയിൽ ലഭിക്കുന്ന പ്രാധാന്യത്തിൽ പ്രദേശത്തെ ബിജെപി പ്രവർത്തകർ അസംതൃപ്തരാണ്.

ഗോത്രമേഖലയിലെ വോട്ടുകളാവും മധ്യപ്രദേശിൽ വിധി നിർണയിക്കുക. സംസ്ഥാനത്തിൻറെ ആറ് മേഖലകളിലും എസ് ടി വോട്ടുകൾ നിർണായകമാണ്. 37 ശതമാനമാണ് സംസ്ഥാനത്തെ മൊത്തം ദളിത് - ഗോത്രവിഭാഗം വോട്ടുകൾ. ഇത് സ്വന്തം പെട്ടിയിലാക്കാനുള്ള എല്ലാ തന്ത്രങ്ങളും ഇരുപാർട്ടികളും പയറ്റുന്നുണ്ട്. അതേസമയം ദളിത് പാർട്ടിയായ ബിഎസ് പി ഗോത്രവിഭാഗം പാർട്ടിയായ ജിജിപിയുമായി ഇത്തവണ സഖ്യത്തിലേർപ്പെട്ടത് ഇരു വിഭാഗത്തിൻറേയും ആശങ്ക വർദ്ദിപ്പിക്കുന്നു. കഴിഞ്ഞ സഭയിൽ 6 അംഗങ്ങളുണ്ടായിരുന്നു ബി എസ് പിക്ക്. (പിന്നീട് ഈ അംഗങ്ങളെല്ലാം കോൺഗ്രസിൽ ചേർന്നു). ഉത്തർപ്രദേശുമായി അതിർത്തി പങ്കിടുന്ന ബാഗേൽഖണ്ഡ് മേഖലയിൽ വലിയ സ്വാധീനമാണ് ബിഎസ് പിക്ക് ഉള്ളത്. ഇതിനൊപ്പം സംസ്ഥാനത്തെ പ്രമുഖ ഗോത്രവിഭാഗമായ ഗോണ്ടികളുടെ പാർട്ടിയായ ജിജിപിയുമായി കൈകോർക്കുന്നത് തീർച്ചയായും വോട്ട് ഭിന്നിപ്പിക്കാൻ കാരണമാകും. 1991 ൽ രൂപീകരിച്ച ജിജിപി 2003 ൽ ഒറ്റക്ക് മത്സരിച്ച് 3 സീറ്റ് നേടിയിരുന്നു. പിന്നീട് പാർട്ടിയ്ക്കകത്തെ ആഭ്യന്ത്രപ്രശ്നങ്ങളെ തുടർന്ന് മത്സരംഗത്ത് നിന്ന് വിട്ടുനിന്ന പാർട്ടി കഴിഞ്ഞതവണ എസ് പിയുമായി സഖ്യമുണ്ടാക്കിയെങ്കിലും ഫലം കണ്ടില്ല. എന്നാൽ കഴിഞ്ഞ വർഷം ഉമരിയിൽ നടത്തിയ സമരതതിലൂടെ പാർട്ടി വീണ്ടും ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. ബാലഗഡ്, മണ്ഡല, ദിൻദോരി, സിയോണി, ചിന്ദ്വാര, ബേരുൾ ജില്ലകളാണ് ഗോണ്ടികളുടെ ശക്തികേന്ദ്രങ്ങൾ. ഇവിടങ്ങളിലെ മണ്ഡലങ്ങളിൽ ആര് ജയിക്കണമെന്ന് നിശ്ചയിക്കാൻ തക്ക പ്രാപ്തരാണ് ജിജിപി. കഴിഞ്ഞതവണ കോൺഗ്രസിനൊപ്പമുണ്ടായിരു്ന ജയ് ആദിവാസി യുവ സങ്കേതൻ പാർട്ടി (ജെഎവൈഎസ്) ഇത്തവണ ഒറ്റയ്ക്കാണ് മത്സരിക്കുന്നത്. ഇതും ഗോത്രമേഖലയിൽ കോൺഗ്രസിൻറെ സാധ്യതകളെ സംശയത്തിലാക്കുന്നുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക