Image

ദാരിദ്ര്യം പാപമാണ്, ദൈവത്തോടു  കണക്ക് പറയേണ്ടി വരും: മാർപാപ്പാ 

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ് Published on 21 November, 2023
ദാരിദ്ര്യം പാപമാണ്, ദൈവത്തോടു  കണക്ക് പറയേണ്ടി വരും: മാർപാപ്പാ 

 

ദരിദ്രരുടെ ആഗോള ദിനം ആചരിച്ചു കൊണ്ട് വത്തിക്കാനിൽ ഞായറാഴ്ച അർപ്പിച്ച ദിവ്യബലിയിൽ ഫ്രാൻസിസ് പാപ്പാ നടത്തിയ വചന പ്രഘോഷത്തിലാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായ പ്രകടനം. സുവിശേഷ ഭാഗത്തു വിവരിച്ചിരിക്കുന്ന (മത്തായി 25, 14 -30) താലന്തുകളുടെ ഉപമയിൽ നിന്നും യജമാനന്റെ യാത്രയും താലന്തു വിതരണവും തിരിച്ചു വരവും കണക്കുതീർക്കലും ഒക്കെ പാപ്പാ യേശുവിന്റെ യാത്രയും നമ്മുടെ ജീവിതയാത്രയും വിശദീകരിക്കാനായി വിനിയോഗിച്ചു.

കർത്താവിന്റെ മാംസ ധാരണവും, ഉത്ഥാനവും, സ്വർഗ്ഗാരോഹണവും ഉൾക്കൊള്ളുന്ന പിതാവിന്റെ പക്കലേക്കുള്ള യാത്രയും, അവസാന കാലങ്ങളിൽ "കണക്ക് തീർക്കാൻ" തിരിച്ചു വരുന്ന കർത്താവിന്റെ യാത്രയും ബന്ധിപ്പിച്ചു കൊണ്ടാണ് പാപ്പാ താലന്തുകളുടെ ഉപമയെ വിശദീകരിച്ചത്. തന്റെ ദൗത്യത്തിനു ശേഷം പിതാവിന്റെ അടുത്തേക്ക് നടത്തിയ “തിരിച്ചു യാത്ര”യ്ക്കു മുമ്പായി, അവന്റെ ദൗത്യം തുടരാൻ അവൻ നമുക്ക് നൽകിയ സമ്പത്തുകളായിരുന്നു അവനെ തന്നെ വിരുന്നാക്കുന്ന പരിശുദ്ധ കുർബ്ബാന, ജീവന്റെ വചനം, നമ്മുടെ അമ്മയായി നൽകിയ പരിശുദ്ധ അമ്മ, പരിശുദ്ധാത്മാവിന്റെ വരങ്ങൾ എന്നിവ. 

നമ്മുടെ അനുദിന ജീവിതത്തിൽ കർത്താവ് ഏൽപ്പിക്കുന്ന വ്യക്തിപരവും സാമൂഹികവും സഭാപരവുമായ  ദൗത്യങ്ങൾക്കായി ഈ "താലന്തുകൾ’’ ഓരോരുത്തരുടേയും കഴിവുകൾക്കനുസരിച്ചാണ് (വാക്യം 15) നൽകുന്നതെന്നു പാപ്പാ അറിയിച്ചു. തനിക്കു പിതാവിന്റെ പക്കൽ നിന്ന് കിട്ടിയതെല്ലാം യേശു തനിക്കു മാത്രമാക്കി സൂക്ഷിക്കാതെ നമുക്കായി നൽകി. നല്ല സമറിയക്കാരനായി നമ്മുടെ മുറിവുകളിൽ തൈലം പുരട്ടി, നമ്മെ ധനികരാക്കാൻ ദരിദ്രനായി നമുക്കായി ജീവിച്ചു. ഇതായിരുന്നു യേശുവിന്റെ ഭൂമിയിലേക്കുള്ള യാത്രയുടെ ലക്ഷ്യം എന്ന് പാപ്പാ ചൂണ്ടിക്കാണിച്ചു.

ഇന്നത്തെ ഉപമ കണക്കു തീർക്കാൻ വരുന്ന യജമാനന്റെ തിരിച്ചു വരവും കാണിച്ചു തരുന്നു എന്ന് പറഞ്ഞു കൊണ്ട്, പാപ്പാ യേശുവിന്റെ കണക്കുകൾ തീർക്കാനായുള്ള ഒരു രണ്ടാം വരവുണ്ടാകും എന്ന് സൂചിപ്പിച്ചു. അതിനാൽ ഏതവസ്ഥയിലായിരിക്കും അവൻ നമ്മെ കണ്ടെത്തുക എന്ന് ചിന്തിക്കാൻ ഫ്രാൻസിസ് പാപ്പാ ആഹ്വാനം ചെയ്തു. തുടർന്ന് നമ്മുടെ ജീവിതയാത്രയെക്കുറിച്ച് പാപ്പാ സംസാരിച്ചു. യേശുവിന്റെ വഴിയായിരിക്കുമോ നാം സ്വീകരിക്കുന്ന വഴി എന്നാരാഞ്ഞ പാപ്പാ, നമ്മുടെ സാധ്യതകൾക്കനുസരിച്ച് നമുക്കു നൽകിയിട്ടുള്ള താലന്തുകൾ നമ്മുടെ കഴിവല്ല കർത്താവിന്റെ സമ്മാനമാണെന്ന് നാം തിരിച്ചറിയണമെന്ന് അടിവരയിട്ടു. 

അവയോടൊപ്പം കർത്താവ് നമ്മെ ദൈവമക്കളാക്കുകയും സുവിശേഷ സാക്ഷികളായി ദൈവരാജ്യത്തിന്റെ വരവിനു വേണ്ടി  പ്രവർത്തിക്കാൻ അവൻ നൽകിയ പരിശുദ്ധാത്മാവും ഉൾപ്പെടെ അളക്കാനാവാത്ത മൂലധനമാണ് നമ്മെ ഏൽപ്പിച്ചിരിക്കുന്നത്. അത് നമ്മുടെ ജീവിതത്തിന്റെ അടിത്തറയും നമ്മുടെ യാത്രയുടെ ശക്തികേന്ദ്രവുമാണ് എന്ന് പ്രാൻസിസ് പാപ്പാ പറഞ്ഞു. അതിനാൽ നമുക്കു നൽകിയ “താലന്തുകളെ” നമ്മുടെ ജീവിത യാത്രയിൽ നാം എന്തു ചെയ്യുന്നു എന്ന് ചോദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. 

ഉപമയിൽ പറയുന്ന രണ്ടു പേർ അതിന്റെ മൂല്യം വർദ്ധിപ്പിച്ചപ്പോൾ മൂന്നാമൻ യജമാനനെ വിശ്വസിക്കാതെ ഭയം മൂലം സാഹസത്തിനു മുതിരാതെ തന്റെ താലന്തു കുഴിച്ചിട്ട സംഭവം നമുക്കുള്ള സാധ്യതകളെക്കുറിച്ചും സത്യമാണ്. രണ്ടു തരം സാധ്യതകളും നമ്മുടെ മുന്നിലുണ്ട്. നമ്മുടെ ജീവിതത്തിൽ വിശ്വാസത്തിന്റെ ശക്തിയാൽ സാഹസത്തിന് നാം തയ്യാറാകാറുണ്ടോ എന്ന് സ്വയം ചോദിക്കാൻ പാപ്പാ ആവശ്യപ്പെട്ടു.

ദരിദ്രർക്കായുള്ള ഈ ആഗോള ദിനത്തിൽ താലന്തുകളുടെ ഉപമ നമ്മുടെ ജീവിതയാത്ര നാം എങ്ങനെ അഭിമൂഖീകരിക്കുന്നു എന്നതിനുള്ള ഒരു വിളിയാണ്. കർത്താവിന്റെ സ്നേഹ സമ്മാനം സ്വീകരിച്ച നാം മറ്റുള്ളവർക്ക് സമ്മാനമാകാനാണ് വിളിക്കപ്പെട്ടിട്ടുള്ളത്. നമുക്ക് നൽകപ്പെട്ടിട്ടുള്ള താലന്തുകളെ നന്നായി ഉപയോഗിച്ചില്ലെങ്കിൽ മരിച്ചു കഴിഞ്ഞവരെ പോലെ നമ്മുടെ ജീവിതം ഭൂമിയിൽ കുഴിച്ചുമൂടപ്പെടും, നമുക്ക് ചുറ്റും നമ്മുടെ സ്നേഹം പരത്തിയില്ലങ്കിൽ നമ്മുടെ ജീവിതം ഇരുളിലേക്ക് പിൻവാങ്ങും എന്നതാണ് ഉപമകളിലെ മാതൃകകളിലെ വാചാലത എന്ന് പാപ്പാ വിശദീകരിച്ചു.

ഉന്മത്തമായ സമൂഹത്തിന്റെ പൊതുവായ നിസ്സംഗത കേൾക്കാതെ പോകുന്ന നമ്മുടെ ലോകത്തിലെ ഭൗതീകവും സാംസ്കാരികവും ആത്മീകവുമായ എല്ലാത്തരം ദാരിദ്ര്യങ്ങളെയും ദരിദ്രരുടെ നിലവിളിയേയും കുറിച്ച് എടുത്തു പറഞ്ഞ ഫ്രാൻസിസ് പാപ്പാ ദാരിദ്ര്യം സ്വയം മറന്നിരിക്കാൻ കഴിവുള്ളതാണെന്ന് സൂചിപ്പിച്ചു. അതിനാൽ ധൈര്യപൂർവ്വം നടന്ന് അതിനെ കണ്ടു പിടിക്കണം. 

എല്ലാ അടിച്ചമർത്തപ്പെട്ടവരേയും, പാർശ്വവൽക്കരിക്കപ്പെട്ടവരേയും, യുദ്ധത്തിന്റെ ഇരകളേയും, പലായനം ചെയ്യാൻ നിർബ്ബന്ധിതരായവരേയും, പട്ടിണിയിൽ കഴിയുന്നവരേയും, തൊഴിൽ രഹിതരേയും, പ്രതീക്ഷ നഷ്ടപ്പെട്ടവരേയും ഓർമ്മിക്കാൻ പാപ്പാ ആവശ്യപ്പെട്ടു. ദാരിദ്ര്യങ്ങളുടെയും ദരിദ്രരുടേയും പെരുപ്പം വരച്ചുകാട്ടിയ ഫ്രാൻസിസ് പാപ്പാ കർത്താവിന്റെ മൂലധനം കുഴിച്ചിടാതിരിക്കാനും ഉപവിയും സ്നേഹവും വർദ്ധിപ്പിച്ച് പങ്കുവയ്ക്കാനും സുവിശേഷം താലന്തുകളുടെ ഉപമയിലൂടെ ആവശ്യപ്പെടുകയാണ് എന്ന് ആഹ്വാനം ചെയ്തു.

Pope says poverty is sinful 

 

Join WhatsApp News
Jayan varghese 2023-11-21 02:14:52
മതം മനസ്സിൽ നിന്ന് കുടിയിറങ്ങിയാൽ മനുഷ്യത്വം അവിടെ കൂടു കൂട്ടും. ! ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക