Image

ഗോൽഗോഥായിലെ  കല്ലറ (ജെസ്സി ജിജി)

Published on 25 November, 2023
ഗോൽഗോഥായിലെ  കല്ലറ (ജെസ്സി ജിജി)

“ജോസഫ് , സമയം ഏറെ വൈകിയിരിക്കുന്നു. അതിരാവിലെ നമുക്ക് ജോലി തുടങ്ങേണ്ടതല്ലേ. ഞാൻ ഇറങ്ങട്ടെ. രാവിലെ നമുക്ക് കാണാം.".  

അങ്ങനെയാകട്ടെ ഡേവിഡ്, ഞാൻ ഒന്ന് പ്രാര്ഥിച്ചിട്ടു കിടക്കാൻ പോകുകയാണ്.".  

“എത്ര വൈകിയാലും നീ നിന്റെ പ്രാർത്ഥന മുടക്കാറില്ലല്ലോ. അതുകൊണ്ടാവും ദൈവം നിന്റെ കൈവിരലുകൾക്കു മരത്തടിയിൽ അതിമനോഹരമായ രൂപങ്ങൾ കൊത്തിയെടുക്കുവാൻ ഉള്ള മാന്ത്രിക ശക്തി നൽകിയിരിക്കുന്നത്.” 

 "  നിന്റെ കൽപ്പണിയിലുള്ള വൈദഗ്ധ്യവും അവിടുത്തെ ദാനം തന്നെയല്ലേ ഡേവിഡ്.” ജോസഫ് ഒരു പുഞ്ചിരിയോടെ പറഞ്ഞു. ഒരു പുഞ്ചിരി മടക്കി നൽകി അയാൾ വേഗം തന്റെ വീട്ടിലേക്കു നടന്നു. 

ഡേവിഡ് അതായിരുന്നു അയാളുടെ പേര്. ഗലീലിയയിലെ ഒരു കൊച്ചുപട്ടണത്തിലെ പേര് കേട്ട ഒരു കൽപ്പണിക്കാരൻ. കൽപ്പണിയിൽ അയാളെ വെല്ലാൻ ഗലീലി പ്രദേശത്തു ആരുമില്ലായിരുന്നു. മരത്തടിയിൽ മാന്ത്രികം തീർക്കുന്ന ജോസഫ് ആയിരുന്നു അയാളുടെ ഏക കൂട്ടുകാരൻ. ജോസെഫിന്റെ വിവാഹം ആണ് അടുത്ത മാസം,വധു മേരി, റോസാപ്പൂവ് പോലെ നിർമ്മലയായ പെൺകുട്ടി. ജോസഫ് ഭാഗ്യവാനാണ്. ഒരു വിവാഹത്തെപ്പറ്റി താനും ചിന്തിച്ചുതുടങ്ങേണ്ട സമയം ആയിരിക്കുന്നു. 

ഓരോന്ന് ചിന്തിച്ചു വീടെത്തി. ഉറക്കം കൺപോളകളെ തഴുകി. ആ രാത്രി ഡേവിഡ് ഭയപ്പെടുത്തുന്ന എന്തൊക്കെയോ സ്വപ്നങ്ങളിലൂടെ കടന്നു പോയി.രാവിലെ സൂര്യപ്രകാശം വീടിന്റെ വാതിലുകൾക്കിടയിലൂടെ അരിച്ചിറങ്ങിയപ്പോഴാണ് ഡേവിഡ് കണ്ണ് തുറന്നത്. 

തലക്കും ദേഹത്തിനുമെല്ലാം വല്ലാത്ത ഭാരം. ഡേവിഡ് പതുക്കെ കൈകൾ കുത്തി എഴുന്നേൽക്കാൻ ശ്രമിച്ചു.കൈകളും കാലുകളും അനക്കാൻ പറ്റുന്നില്ല,’തനിക്കു എന്താണ് പറ്റിയത്. 

ശരീരം ഒന്ന് ചലിപ്പിക്കാൻ പോലും പറ്റുന്നില്ല. ദൈവമേ എന്താണ് തനിക്കു പറ്റിയത്? ‘ 

“ഡേവിഡ്, നീ എഴുന്നേറ്റില്ലേ, സമയം ഏറെ വൈകിയിരിക്കുന്നു. നമുക്ക് ജോലിക്കു പോകണ്ടേ” 

.” ജോസഫ്, എന്റെ ശരീരം തളർന്നുപോയിരിക്കുന്നു, എനിക്ക് അനങ്ങാൻ പോലും പറ്റുന്നില്ല. ദൈവമേ ഇതെന്തൊരു പരീക്ഷണം. എന്റെ ഏതു തെറ്റിന്റെ ശിക്ഷ ആണ് ഇത്. അറിഞ്ഞുകൊണ്ട് ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല, കൽപ്പണിയിൽ എന്നെ വെല്ലാൻ ആരും ഇല്ല എന്നഹങ്കരിച്ചതുകൊണ്ടാണോ ഇങ്ങനെ എനിക്ക് സംഭവിച്ചത്”. 

“സാരമില്ല ഡേവിഡ് , ദൈവം നിന്നെ കൈവിടില്ല, വരൂ നമുക്ക് ഗലീലിയയിലെ ഏറ്റവും നല്ല വൈദ്യന്റെ അടുത്ത് പോകാം” , ജോസഫ് അയാളെ തോളിൽ തട്ടി സമാധാനിപ്പിച്ചു. 


ഇരുകണ്ണുകളിൽ കൂടി ഒലിച്ചിറങ്ങിയ കണ്ണുനീർ തുടക്കുവാൻ പോലും ആകാതെ ഡേവിഡ് ആ കൊച്ചുവീടിന്റെ ഉൾമുറിയിൽ കിടന്നു. ഏതാണ്ട് മുപ്പതു വർഷങ്ങൾക്കു മേലെയായി അയാൾ ശയ്യാവലംബി ആയിട്ട്. അകന്ന ഒരു ബന്ധുവിന്റെ കാരുണ്യത്തിലാണ് അയാൾ ഇന്ന് ജീവൻ നിലനിർത്തുന്നത്. ഗലീലിയിലും പ്രാന്തപ്രെദേശങ്ങളിലും ഉള്ള ഒരു വൈദ്യനും അയാളെ സുഖപ്പെടുത്താൻ പറ്റിയില്ല.ഇങ്ങനെ ശയ്യാവലംബിയാകാൻ അയാൾ എന്തൊക്കെയോ ദൈവ  നിയമങ്ങൾ തെറ്റിച്ചതിന്റെ ശിക്ഷ ആണ് എന്നാണ് കഴിഞ്ഞദിവസവും പുരോഹിതൻ പറഞ്ഞത്.  ഇനി എത്ര നാൾ താൻ ഈ കിടപ്പു കിടക്കണം. ജോസഫ് ജീവിച്ചിരുന്ന കാലമത്രയും തന്നെ വന്നു കണ്ടു ആശ്വസിപ്പിക്കുകയും സഹായിക്കുകയാണ് ചെയ്യുമായിരുന്നു. ചുറ്റുമുള്ള ബാക്കി എല്ലാവരും തന്നെ കുറ്റപ്പെടുത്തുക മാത്രം.. 


“ജേക്കബ് എന്താണ് പുറത്തു ഒരു ബഹളം കേൾക്കുന്നത്? അതിങ്ങു അടുത്ത് വരികയാണല്ലോ.” ഡേവിഡ് ചോദിച്ചു. ജേക്കബ് ആണ് ഡേവിഡിന് ഒരു സഹായി ആയി വീട്ടിൽ ഉള്ളത്. “അറിയില്ല, ആരൊക്കെയോ ഇങ്ങോട്ടു വരുന്നുണ്ട്, അത് നമ്മുടെ ലേവിയും കൂട്ടരുമാണല്ലോ?”  

  “ഡേവിഡ് , നമുക്ക് വേഗം കഫർണാമിലേക്കു പോകാം. നീ കേട്ടോ എന്നറിയില്ല.ഒരു പ്രവാചകൻ, നസ്രത്തിൽ നിന്നുമുള്ളവൻ, അവൻ വളരെയേറെ അത്ഭുതങ്ങൾ പ്രവർത്തിക്കുന്നു. നമ്മുടെ സിനഗോഗധികാരിയുടെ മകളെ അവൻ ഉയിർപ്പിച്ചു. എത്രയോ രോഗികളെ സുഖമാക്കി.തീർച്ചയായും അവന്റെ അടുത്ത് എത്തിയാൽ നിനക്കും എഴുന്നേറ്റു നടക്കാൻ പറ്റും”. 

“എത്രയെത്ര ചികിത്സകൾ ഇതിനകം നടത്തി. എന്റെ പാപങ്ങളുടെ ശിക്ഷ ആണ് ഇത്. മരണം നോക്കിയിരിക്കുന്ന ഈ വൃദ്ധന് ഇനി ഒരിക്കലും എഴുന്നേറ്റു നടക്കാൻ പറ്റില്ല. ഞാൻ എങ്ങോട്ടും ഇല്ല”. ഡേവിഡ് കണ്ണുകൾ ഇറുക്കിയടച്ചു. 

“ഡേവിഡ് , നിങ്ങൾ എന്ത് പറഞ്ഞാലും ഞങ്ങൾക്ക് ഉറച്ച വിശ്വാസം ഉണ്ട്, അവന്റെ അടുക്കൽ ഒന്ന് എത്തിയാൽ മാത്രം മതി. നിങ്ങൾ എഴുന്നേറ്റു നടക്കും. നിന്റെ വിരലുകൾ കൽപ്പണിയിൽ വീണ്ടും വൈദഗ്ധ്യം കാട്ടും.” 

“നടന്നത് തന്നെ”. ഡേവിഡ് ഉള്ളിൽ പുച്ഛിച്ചു ചിരിച്ചു. 

“ജേക്കബ് നീ ആ കിടക്കയുടെ അറ്റത്തു പിടിച്ചോളൂ. നമുക്ക് ഡേവിഡിനെ കിടക്കയോടെ കൊണ്ടുപോകാം” 

ഡേവിഡ് കണ്ണുകൾ പൂട്ടി കിടന്നു. ഇനി ഇവരെ മുഷിപ്പിക്കണ്ട. 

“നമ്മൾ വീടിനകത്തു എങ്ങനെ കടക്കും?” കഫർണാമിലെ വീടിനുള്ളിലും ചുറ്റിലുമായി തിങ്ങി നിൽക്കുന്ന ജനസഞ്ചയത്തെ  കണ്ടപ്പോൾ ജേക്കബ് കൂടെയുള്ളവരോട് ചോദിച്ചു. 

“നമുക്ക് വീടിന്റെ മേൽക്കൂര പൊളിച്ചു കിടക്കയോടെ താഴോട്ടിറക്കാം. തീർച്ചയായും അവന്റെ മുൻപിൽ എത്തിപ്പെട്ടാൽ ഡേവിഡ് സുഖപ്പെടും” 

“മകനെ ധൈര്യമായിരിക്കുക” . ഘനഗംഭീരമായ ശബ്ദം.ഡേവിഡ് കണ്ണ് തുറന്നു. മുൻപിൽ കണ്ട   മുഖത്തേക്ക് അയാൾ നോക്കി. എന്തൊരു തേജസ്. ഉള്ളിൽ ഉയർന്ന ആനന്ദം പറഞ്ഞറിയിക്കാൻ പറ്റുന്നില്ല.അവൻ പിന്നീട് എന്താണ് പറഞ്ഞതെന്ന് അയാൾ കേട്ടില്ല. ഡേവിഡ് ഒരു സ്വപ്നത്തിലെന്നതുപോലെ തന്റെ കിടക്കയും തോളിലേറ്റി നടന്നു. 


ഡേവിഡ് ഇന്ന് തിരക്കിലാണ് . പ്രായത്തിന്റെ അവശത പോലും മറന്നു അയാൾ തന്റെ പണിയിൽ ഏർപ്പെട്ടിരിക്കുകയാണ്. അസുഖം സുഖപ്പെട്ടതിനുശേഷം ഡേവിഡിന് കിട്ടിയ ജോലി. ഗോല്ഗോത്തയുടെ താഴ്വരയിലെ പറമ്പിൽ ഒരു കല്ലറ പണിയുക. അരിമത്തിയക്കാരൻ ജോസെഫിന്റെ പറമ്പു ആണ് അത്. പ്രായത്തിന്റെ അവശത ആ കല്ലറ പണിയാൻ ഡേവിഡിന് ഒരു തടസമേ ആകുന്നില്ല. മാത്രമല്ല, വളരെയെളുപ്പത്തിൽ , മനോഹരമായി പണിയാൻ പറ്റുന്നു. ഈ കല്ലറ പണിയാൻ  ഏൽപ്പിച്ച ജോസഫ് പറഞ്ഞപ്പോഴാണറിഞ്ഞത്, തന്നെ സുഖപ്പെടുത്തിയവൻ, തന്റെ പ്രിയ സുഹൃത്ത് ജോസഫിന്റെയും മേരിയുടെയും  മകൻ ആണ് എന്ന്. ഒരിക്കൽ കൂടി അവനെ ഒന്ന് കാണണം.അവൻ ദൈവപുത്രൻ ആണ് എന്ന് കേട്ടു. ആയിരിക്കും , അവൻ ദൈവപുത്രൻ തന്നെ. അതുകൊണ്ടല്ലേ തളർന്നുകിടന്ന തനിക്കു ഇപ്പോൾ ഈ ജോലി ചെയ്യാൻ പറ്റുന്നത്. 

അയാൾ ഉത്സാഹത്തോടെ പണി തുടർന്നു. പണി ഏതാണ്ട് പൂർത്തിയായി. ഇനി അവസാനത്തെ മിനുക്കുപണികൾ മാത്രം. പണി മൊത്തം തീർത്തു പ്രസന്നമായ മുഖത്തോടെ അയാൾ എഴുന്നേറ്റു. തന്റെ പണികളിലെ ഏറ്റവും മാസ്റ്റർപീസ് . സംതൃപ്തിയോടെ അയാൾ തന്റെ പണി ആയുധങ്ങൾ എടുത്തു വീട്ടിലേക്കു നടന്നു, 

               പതിവില്ലാത്ത ബഹളങ്ങൾ ആണ് ജറുസലേമിലെങ്ങും. ഡേവിഡ് തെരുവിന്റെ ഓരം പറ്റി നടന്നു.ഒരു വലിയ ജനക്കൂട്ടം തെരുവിലൂടെ വരുന്നു. കുരിശു ചുമന്നു വരുന്ന  ഒരുവൻ. പട്ടാളക്കാർ അവന്റെ ചുറ്റിലും, ഗാഗുൽത്തായെ ലക്ഷ്യമാക്കി ആണ് ആ യാത്ര. കുരിശിന്റെ ഭാരം താങ്ങുവാൻ ആകാതെ അവൻ നിലം പതിക്കുന്നുമുണ്ട്. "ഇതൊന്നും കാണുവാൻ തനിക്കു കരുത്തില്ല, ഡേവിഡ് തെരുവിന്റെ മറുവഴിയിൽ കൂടി വീട്ടിലേക്കു നടന്നു. 

വഴിയിലെ കാഴ്ച വീണ്ടും വീണ്ടും ഡേവിഡിനെ അലട്ടിക്കൊണ്ടിരുന്നു. എങ്കിലും എന്തിനുവേണ്ടിയാണ് അവനെ കുരിശിലേറ്റുന്നത്?  ആരാണവൻ ഡേവിഡിന്റെ മനസ്സ് വളരെ അസ്വസ്ഥമായിക്കൊണ്ടിരുന്നു. അയാൾ തന്റെ പണി ആയുധങ്ങൾ എടുത്തു സഞ്ചിയിലേക്കു തിരികെ വെച്ചു. ഇന്നത്തെ ജോലിയോട് കൂടി താൻ ഈ പണി അവസാനിപ്പിക്കുകയാണ്. ഇനി പണിആയുധങ്ങൾ കയ്യിലേന്താൻ തനിക്കു ത്രാണിയില്ല. 

    പ്രകൃതിക്കു വരെ വളരെ മാറ്റം. ഇന്നെന്തോ ഒരു അസാധാരണ ദിവസം ആണ്. അസ്വസ്ഥമായ മനസോടെ ഡേവിഡ് കസേരയിൽ കണ്ണടച്ചു കിടന്നു. 

  “ഡേവിഡ്, ഒന്ന് പുറത്തേക്കു വരുമോ?” ജോസഫ് ആണല്ലോ. “എന്താണ് ജോസഫ് ഈ വൈകിയ വേളയിൽ?” 

“ഡേവിഡ് നീയുണ്ടാക്കിയ കല്ലറക്കു ഇന്ന് തന്നെ അവകാശി ആയി”. 

“നീ കൂടി ഒന്ന് വരുമോ?” 

ഡേവിഡ് വീട് പൂട്ടി വേഗം ജോസെഫിന്റെ ഒപ്പം ഇറങ്ങി നടന്നു. 

“ആരെയാണ് ജോസഫ് നീ ആ കല്ലറയിൽ അടക്കുന്നത്”?. 

“ഇന്ന് എല്ലാവരും കൂടി കുരിശിലേറ്റിയില്ലേ ഒരു ചെറുപ്പക്കാരനെ. നീതിമാനായ അവൻ. നന്മ ചെയ്തതുകൊണ്ട് ക്രൂശിക്കപ്പെട്ടവൻ.” 

        “ഇനി പറഞ്ഞിട്ടെന്തു കാര്യം?” 

കാലുകൾ നീട്ടി വെച്ചു ഡേവിഡ് ജോസെഫിന്റെ ഒപ്പം നടന്നു. കല്ലറയുടെ അടുത്തേക്ക്. ഏതാനും സ്ത്രീകൾ കല്ലറയുടെ ചുറ്റും നിൽപ്പുണ്ട്. അവന്റെ ശരീരം ഒരു പുതിയ തുണിയിൽ പൊതിഞ്ഞു കല്ലറയിങ്കൽ വെച്ചിട്ടുണ്ട്. കല്ലറയിൽ അടക്കം ചെയ്യുന്നതിനുമുമ്പ് അവന്റെ മുഖം ഒന്ന് കാണാൻ ഡേവിഡിന് ആഗ്രഹം തോന്നി. മുഖത്തെ തുണി മാറ്റി അയാൾ ആ മുഖത്തേക്ക് നോക്കി. ദൈവമേ ഈ മുഖം."മകനെ ധൈര്യമായിരിക്കുക" ആ വാക്കുകൾ ഡേവിഡിന്റെ കര്ണപുടങ്ങളിൽ മുഴങ്ങി. എന്റീശോയെ.  ഡേവിഡിന്റെ കാലുകൾ കുഴഞ്ഞു, അവന്റെ കാലടിയിലേക്കു കുഴഞ്ഞുവീണപ്പോൾ  അവന്റെ കരുണാമയമായ മുഖം ഏറെ തേജസോടെ അയാളുടെ  മനോമുകുരത്തിൽ തെളിഞ്ഞുനിന്നു. 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക