Image

കൂനമ്പാറക്കവല (അധ്യായം 20 നോവല്‍: തമ്പി ആന്റണി)

Published on 26 November, 2023
കൂനമ്പാറക്കവല (അധ്യായം 20 നോവല്‍: തമ്പി ആന്റണി)

ജനമര്‍ദ്ദകനും ഹിറ്റ്‌ലറും. 

    അച്ചനെ മര്‍ദ്ദിച്ച സംഭവത്തിനുശേഷം ജനമര്‍ദ്ദകനെ താല്‍ക്കാലികമായി പൊന്‍കുന്നം സ്റ്റേഷനിലേക്കു സ്ഥലം മാറ്റിയിരുന്നു. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സത്യശീലനെ അന്വേഷണച്ചുമതല ഏല്‍പ്പിച്ചെന്നു പത്രത്തിലും ടി വിയിലും വാര്‍ത്ത വന്നു. നാട്ടുകാരെപ്പേടിച്ച് അയാള്‍ രായ്ക്കു രാമാനം സ്ഥലം വിട്ടതാണെന്നും കേള്‍ക്കുന്നു. 

    'എങ്ങനെ പോകാതിരിക്കും! പുലിപോലെ വന്നിട്ട് എലിപോലെയല്ലേ പോയത്? ഹല്ല പിന്നെ! കൂനമ്പാറക്കാരോടാ അവന്റെ കളി!'

    കമ്യൂണിസ്റ്റ് സഹയാത്രികന്‍ കരുണാകര്‍ജി ഒന്നാന്തരം വാറ്റുചാരമായമടിച്ചിട്ട്, കുട്ടാപ്പിയുടെ കടയിലിരുന്നു പ്രസ്താവിച്ചു.

    സംഭവങ്ങള്‍ നടന്നതിന്റെ പിറ്റേദിവസം നേരം വെളുത്തിട്ടും കൂനമ്പാറക്കുന്നിന്റെ മുകള്‍ഭാഗം മഞ്ഞു മൂടിക്കിടക്കുകയായിരുന്നു. തേയില നുള്ളുന്ന പെണ്ണുങ്ങള്‍ കവലയിലേക്കു ചാക്കുകെട്ടുകളും തോളിലിട്ടു നടന്നുനീങ്ങുമ്പോഴേക്കും, പാതിരിപ്പീഡനക്കേസ് നാട്ടുകാര്‍ പറഞ്ഞുതുടങ്ങിയിരുന്നു. അതുതന്നെയായിരുന്നു കൂനമ്പാറക്കവലയിലെ അന്നത്തെ ബ്രേക്കിംഗ് ന്യൂസ്. 

    കരണ്ടുരാജപ്പന്‍ പറഞ്ഞു:

    'സ്ത്രീപീഡനം, ബാലപീഡനം എന്നൊക്കെക്കേട്ടിട്ടുണ്ട്. ഇതിപ്പം ആദ്യമായിട്ടാ പാതിരിപ്പീഡനം എന്നു കേള്‍ക്കുന്നത്. എന്തായാലും ഒരു പാതിരിയെവരെ പീഡിപ്പിക്കാന്‍ ധൈര്യം കാണിച്ച ജനാര്‍ദ്ദനന്‍പിള്ളയ്ക്ക് കുറഞ്ഞപക്ഷം ഒരു ഗുഡ് സര്‍വ്വീസ് എന്‍ട്രിയും അതോടുകൂടിയ പ്രമോഷനും കൊടുക്കണം.'

    ആ കൊച്ചുവെളുപ്പാന്‍കാലത്ത്, രാജപ്പന്റെ തമാശകേട്ടു ചിരിക്കാന്‍ ഹോട്ടലുടമ കുട്ടാപ്പി മാത്രമേയുണ്ടായിരുന്നുള്ളു. 

    തലേന്നു രാത്രിയിലായിരുന്നു, കൂനംപാറക്കാര്‍ ജനമര്‍ദ്ദകന്റെ കോലം കത്തിച്ചത്. ആ വിളിപ്പേര് ജനാര്‍ദ്ദനന്‍പിള്ളയ്ക്ക് അച്ചട്ടാണ്. ആരെ കിട്ടിയാലും പേരുപോലും ചോദിക്കാതെ നിരുപാധികം മര്‍ദ്ദിക്കും. അതുകഴിഞ്ഞേ ചോദ്യമുള്ളു. അപ്പോഴാണ് ഒരു കത്തനാരെ തരത്തിനൊത്തുകിട്ടിയത്. തിരുവസ്ത്രംപോലും ഊരിക്കാതെ, കുനിച്ചുനിര്‍ത്തിയുള്ള ഇടിയായിരുന്നു. ഇടി കഴിഞ്ഞപ്പോഴാണ്, ആള്‍ നിരപരാധിയാണെന്നറിയുന്നത്. അയാള്‍ക്ക്, പണ്ടു കുടിപ്പള്ളിക്കൂടത്തില്‍ പഠിക്കുന്ന കാലത്തുതൊട്ടുള്ള ആഗ്രഹമായിരുന്നു, ഒരു വെള്ള ളോഹയിട്ട പള്ളീലച്ചനെ കുനിച്ചുനിര്‍ത്തി ഒന്നു പെരുമാറണമെന്നുള്ളത്. അത്യാഗ്രഹമാണ്. എന്നാല്‍ അതിന് അതിന്റേതായ കാരണവുമുണ്ട്. അന്ന്, ജനാര്‍ദ്ദനന്‍ എന്ന, മെല്ലിച്ച പാവം ചെറുക്കനെ, മഴയത്തു മുറ്റത്തിറങ്ങി ഗുസ്തി പിടിച്ചതിനാണ് സേക്രഡ് ഹാര്‍ട് സ്‌കൂളിലെ വെള്ളക്കുപ്പായമിട്ട ഹെഡ്മാസ്റ്ററച്ചന്‍ പൊതിരെ തല്ലിയത്. സ്‌കൂളിന്റെ വരാന്തയിലേക്കു വലിച്ചുകയറ്റിയായിരുന്നു ആ ചൂരല്‍പ്രയോഗം. വീട്ടിലെത്തിയിട്ടും അടിയുടെ പാടുകള്‍ തുടയില്‍ കല്ലിച്ചുകിടന്നു. അവിടംകൊണ്ടും തീര്‍ന്നില്ല; കുളിച്ചുകൊണ്ടിരുന്നപ്പോള്‍, തുടയില്‍ പാടുകണ്ട അമ്മ അച്ഛനോടു വിളിച്ചുകൂവി: 

    'കുരുത്തംകെട്ട ചെറുക്കന്‍ സാറുമ്മാരുടെ അടീം കൊണ്ടോണ്ടു വന്നിരിക്കുന്നു!'

    അച്ഛന്റെ കൈയില്‍നിന്ന് പിന്നെയും കിട്ടി, കണക്കിന്. അതൊക്കെ അത്ര പെട്ടെന്നു മറക്കാന്‍ പറ്റുമോ?!

    പള്ളിമേടയിലെ പട്ടി ഹിറ്റ്‌ലര്‍ കടിച്ചെന്ന പരാതിയുമായി വന്നത് കപ്യാര്‍ പൊട്ടന്‍ ചെങ്ങാലിയായിരുന്നു. അയാള്‍ ഭിന്നശേഷിക്കാരനാണെന്നു നാട്ടുകാര്‍ പറയുന്നു. പരാതി കേട്ടപാതി കേള്‍ക്കാത്തപാതി ഇന്‍സ്‌പെക്ടര്‍ ജനാര്‍ദ്ദനന്‍ ഒരക്ഷരമുരിയാടാതെ, കത്തനാരെ കുനിച്ചുനിര്‍ത്തി കൈമുട്ടുകൊണ്ടിടിച്ചു!

    ഫാദര്‍ റോഷന്‍ കാടുകേറിയുടെ വെള്ള ളോഹയും ബുള്ളറ്റിലുള്ള വരവും വല്ലാത്ത നോട്ടവും കണ്ടപ്പോള്‍, പണ്ടത്തെ അച്ചന്റെ ചൂരല്‍പ്രയോഗത്തിന്റെ ഓര്‍മ്മകള്‍ തികട്ടിവന്നെന്നാണ്, സര്‍ക്കിള്‍ ചോദ്യം ചെയ്തപ്പോള്‍ ജനമര്‍ദ്ദകന്‍ പറഞ്ഞത്. അതു കേട്ടപ്പോഴേ, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സത്യാനന്ദമൂര്‍ത്തിക്കു ദേഷ്യം വന്നു.

    'എടോ, അതൊക്കെ താനിങ്ങനെ വിളിച്ചുകൂവിയാല്‍ നമ്മള്‍ രണ്ടും അകത്താകും. പ്രതികളെ ദേഹോപദ്രവമേല്‍പ്പിച്ചാല്‍ വകുപ്പു വേറെയാ. അതും, ജനസമ്മതനായ ഒരു പുരോഹിതനാ പ്രതി. അവരേപ്പോലെയുള്ളവരുടെ അടി കിട്ടിയതുകൊണ്ട് താന്‍ ഇവിടംവരെയെത്തി. അല്ലെങ്കില്‍ പണ്ടേ താനൊക്കെ സെന്‍ട്രല്‍ ജയിലിന്റെ അഴിയെണ്ണിയേനേ.'

    'അയ്യോ സര്‍... പറ്റിപ്പോയി. അപ്പോഴത്തെ ദേഷ്യത്തിന് ഒന്നു പെരുമാറിയതാ...'

    'ഇതാ തന്റെ കുഴപ്പം. മുമ്പും പിമ്പും നോക്കാതെയുള്ള പെരുമാറ്റം. ചുമ്മതല്ല ജനമര്‍ദ്ദകനെന്നൊക്കെ നാട്ടുകാരു വിളിക്കുന്നത്. അതിരിക്കട്ടെ, ആരെങ്കിലും കണ്ടോ?'

    'ആ കോണ്‍സ്റ്റബിള്‍ കുഞ്ഞിമുഹമ്മദ് തൊട്ടടുത്തു നില്‍പ്പുണ്ടായിരുന്നു.'

    'ഇനിയിപ്പം അവനു വല്ല ചിക്കിലീം കൊടുത്തൊതുക്കാന്‍ നോക്ക്. അല്ലെങ്കില്‍ ആകെ പുലിവാലാകും. മോളീന്നു വിളി വരുന്നതുപേടിച്ച് ഞാന്‍ ഫോണ്‍പോലും ഓഫ് ചെയ്തിരിക്കുവാ.'

    'ഇതൊക്കെ എല്ലാ സ്റ്റേഷനിലും നടക്കുന്ന കാര്യമല്ലേ? ഇതൊരു കത്തനാരായിപ്പോയെന്നല്ലേയുള്ളു? ഞാന്‍ ഇരുചെവിയറിയാതെ ഒതുക്കിക്കോളാം.'

    'എന്തായാലും സാക്ഷി പാടില്ല. ആ കുഞ്ഞിമുഹമ്മദിനോടു പറഞ്ഞേക്ക്, അവനന്ന് അവധിയിലായിരുന്നെന്ന്... എന്നിട്ട് അതാ ബുക്കിലൊന്നു രേഖപ്പെടുത്തുക. ബാക്കി കാര്യങ്ങള്‍ ഞാന്‍ തനിക്കു പറഞ്ഞുതരേണ്ട ആവശ്യമില്ലല്ലോ... അപ്പോള്‍ എല്ലാം പറഞ്ഞതുപോലെ...'

    ഇങ്ങനെ കുറേ കള്ളങ്ങള്‍ പറയാന്‍ ഉത്തരവിട്ടിട്ട്, ഡിപ്പാര്‍ട്‌മെന്റിലെ സത്യസന്ധനായ ഓഫീസര്‍ എന്നു പേരുകേട്ട സത്യമൂര്‍ത്തി സ്ഥലംവിട്ടു. 

    'സത്യമേവ ജയതേ!'

    ജനമര്‍ദ്ദകന്‍, ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന, ഗാന്ധിയപ്പൂപ്പന്റെ ഫോട്ടോയുടെ മുകളിലെഴുതിയിരിക്കുന്നത്, ആദ്യമായി കാണുന്നതുപോലെ ഒരിക്കല്‍ക്കൂടി വായിച്ചു. 

    സത്യത്തില്‍ ജനമര്‍ദ്ദകനില്‍നിന്ന്, ഇടവകയിലെ നല്ലയിടയന്‍മാര്‍ക്കു കിട്ടിയ ആദ്യത്തെ അടിയായിരുന്നു അച്ചന്‍മര്‍ദ്ദനം. അതും, നാട്ടുകാര്‍ക്കെല്ലാം സമ്മതനായ കാടുകേറിയച്ചന്! നാട്ടുകാര്‍ അടങ്ങിയിരിക്കുമോ? അവര്‍ അടിയന്തരമായി യോഗം കൂടി. പെറ്റീഷന്‍ വകുപ്പുമന്ത്രിയ്ക്കയച്ചതിന്റെ പിറ്റേദിവസമാണ്, എസ് ഐയെ സര്‍ക്കിള്‍ സത്യമൂര്‍ത്തി ചോദ്യം ചെയ്തത്. 

    പട്ടിയെ അഴിച്ചുവിട്ടത്, കൈക്കാരന്‍ കുഞ്ചാക്കോയായിരുന്നു എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. അയാള്‍ സ്റ്റൈലിക്കുഞ്ഞമ്മയുമായി കറങ്ങിനടക്കുന്ന കാര്യം ചെങ്ങാലിക്കറിയാമായിരുന്നു. ഒരിക്കല്‍ പള്ളിക്കുര്‍ബ്ബാന കഴിഞ്ഞു രണ്ടുപേരുംകൂടി പള്ളിനടയില്‍ ശൃംഗരിച്ചുകൊണ്ടു നിന്നപ്പോഴാണ്, പൊട്ടന്‍ ചെങ്ങാലി, ഓടിച്ചെന്നു കുഞ്ചാക്കോയ്ക്ക് ഒരുശിരന്‍ തള്ളു കൊടുത്തത്. അയാള്‍ നടയില്‍ക്കൂടി ഉരുണ്ടു താഴേക്കുവീണു. ഉടനേതന്നെ, കഥയറിയാതെ ഭക്തജനങ്ങള്‍ പൊട്ടനെ അടിക്കാന്‍ ചെന്നു. തലയില്‍ മുറിവുണ്ടായിട്ടും കുഞ്ചാക്കോ ചാടിയെഴുന്നേറ്റു. ഈറ്റപ്പുലിയെപ്പോലെ പൊട്ടന്‍ചങ്ങാലിയുടെനേരേ ചാടിവന്നെങ്കിലും നാട്ടുകാരും കാടുകേറിയച്ചനുംകൂടി ഓടിവന്ന്, വലിയൊരു സംഘര്‍ഷം ഒഴിവാക്കുകയായിരുന്നു. അതുകൊണ്ട്, മനപ്പൂര്‍വ്വം കൈക്കാരന്‍ പൊട്ടനൊരു പണികൊടുത്തതാണെന്നു പറയപ്പെടുന്നു. 

    അച്ചനോ കുഞ്ചാക്കോയോ ആജ്ഞാപിച്ചാല്‍ മാത്രമേ ഹിറ്റ്‌ലര്‍ ആരെയും കടിക്കുകയുള്ളു എന്ന് എല്ലാവര്‍ക്കുമറിയാം. പേരുപോലെയുള്ള ശൗര്യമൊന്നും അവനില്ല. പഞ്ചപാവമാണ്. ജര്‍മ്മന്‍ ഇനമായതുകൊണ്ട്, കുഞ്ഞായിരിക്കുമ്പോള്‍ത്തന്നെ അച്ചന്‍ സ്‌നഹത്തോടെ വിളിച്ചുതുടങ്ങിയ ഓമനപ്പേരാണ് ഈ 'ഹിറ്റ്‌ലര്‍' എന്നത്. എന്തായാലും അച്ചന്റെയോ കുഞ്ചാക്കോയുടെയോ ആജ്ഞ കിട്ടിയാല്‍പ്പിന്നെ, ഹിറ്റ്‌ലറിനു സ്ഥലകാലബോധമില്ല. ഏതു പെരുങ്കള്ളനെയും ഓടിച്ചിട്ടു പിടിക്കും. അങ്ങനെ പല കള്ളന്‍മാരെയും രാത്രിയില്‍ ഓടിച്ചിട്ടു പിടിച്ചിട്ടുള്ള ചരിത്രമുണ്ടെന്നാണ് ഇടവകക്കാര്‍ പറയുന്നത്. 

    പൊട്ടനെ പട്ടികടിച്ചു എന്നത് പരമമായ സത്യമാണ്. ഓടിയപ്പോള്‍ ഏതോ കുഴിയില്‍വീണു സാരമായ പരിക്കുണ്ട്. ആശുപത്രിയില്‍ കിടപ്പാണ്. പൊക്കിളിനുചുറ്റും പത്തു കുത്തണമെന്ന് ആരോ ആംഗ്യഭാഷയില്‍ പറഞ്ഞതോടെ, ചെങ്ങാലി വലിയവായില്‍ നിലവിളിക്കാന്‍ തുടങ്ങി. 

    'അതിനിപ്പം പേപ്പട്ടിയൊന്നുമല്ലല്ലോ! വളര്‍ത്തുനായയല്ലേ? അതും അതിരൂപതപ്പിതാവിനെക്കൊണ്ട് ആനാവെള്ളം തളിച്ചു വെഞ്ചരിപ്പിച്ച പള്ളിമേടയിലെ പട്ടി! ജര്‍മ്മന്‍ ഷെപ്പേഡ്...'

    കൈക്കാരന്‍ കുഞ്ചാക്കോതന്നെയാണ് അതു പറഞ്ഞ്, മുന്‍കൂര്‍ ജാമ്യമെടുത്തത്. ആരെയും കടിക്കാത്ത ജര്‍മ്മന്‍നായ, പൊട്ടനെ ഓടിച്ചിട്ടു കടിച്ചു എന്നാണു പരാതി. പൊട്ടന്‍ ചെങ്ങാലി നല്ല വേഗത്തിലോടിയതുകൊണ്ടാണ് കടിച്ചതെന്നും ആളുകള്‍ക്കഭിപ്രായമുണ്ട്. ഓടിയാല്‍ കടിക്കാത്ത ഏതെങ്കിലും കൊടിച്ചിപ്പട്ടിയുണ്ടോ? അപ്പോള്‍പ്പിന്നെ, ജര്‍മ്മന്‍ ഷെപ്പേഡിന്റെ കാര്യം പറയണോ! കടി കിട്ടിയപ്പോഴേ, ചെങ്ങാലി ഉച്ചത്തില്‍ കരഞ്ഞു. എത്ര ഉറക്കെ നിലവിളിച്ചാലും ഒച്ച വച്ചാലും പൊട്ടനതറിയുന്നില്ലല്ലോ. അതെല്ലാം വെറും വനരോദനങ്ങളായി, കൂനമ്പാറയിലെ കുന്നുമ്പുറങ്ങളില്‍ പ്രതിധ്വനിച്ചു. 

    അടുത്ത ദിവസംതന്നെ നാട്ടില്‍ ചെങ്ങാലിക്കനുകൂലമായി സഹതാപതരംഗമുണ്ടായി. ജനമര്‍ദ്ദകന്‍ ആ അവസരം മുതലെടുത്താണ്, അച്ചനിട്ടു നല്ല പൂശു പൂശിയത്!

    'വന്നുവന്നിപ്പം കത്തനാരുമാര്‍ക്കിട്ടൊക്കെ രണ്ടു കൊടുത്താലും ആരുമൊന്നും പറയില്ല. അമ്മാതിരി പണിയല്ലേ ഈ പുരോഹിതവര്‍ഗ്ഗങ്ങള്‍ കാട്ടിക്കൂട്ടുന്നത്!'

    കുട്ടാപ്പിയാണതു പറഞ്ഞ്. എന്നാലും കാടുകേറിയച്ചന്‍ അങ്ങനെയൊന്നുമല്ലെന്നു കൂനമ്പാറയിലെ കുഞ്ഞാടുകള്‍ക്കൊക്കെ നന്നായി അറിയാമായിരുന്നു. അതുകൊണ്ട്, ഇന്‍സ്‌പെക്ടര്‍ ജനമര്‍ദ്ദകനെതിരേ ശക്തമായ പ്രതിഷേധമുണ്ടായി. പള്ളിക്കമ്മിറ്റിക്കാരും സത്യവിശ്വാസികളുംകൂടി പഞ്ചായത്തുപ്രസിഡന്റായ നീലിമ ഉണ്ണിത്താന്റെ നേതൃത്വത്തില്‍, കൂനമ്പാറയില്‍ ഒത്തുകൂടി. ജനമര്‍ദ്ദകന്റെ കോലം കത്തിച്ചു. ഇടതുപക്ഷം സീറ്റു കൊടുത്തില്ലെങ്കില്‍ അടുത്ത ഇലക്ഷനില്‍ സ്വതന്ത്രയായി മത്സരിക്കാനിരിക്കുന്ന നീലിമ അവസരത്തിനൊത്തു നിന്നുകൊടുത്തു. എം എല്‍ ഏയായ ചക്കാലയ്ക്കല്‍ കുട്ടപ്പനും കരണ്ടപ്പച്ചനും കരുണാകര്‍ജിയും മുന്‍വൈരാഗ്യം മറന്ന് ഒപ്പം കൂടി. കാശു വീഴുന്നിടത്തും ജനം കൂടുന്നിടത്തും രാഷ്ട്രീയക്കാരുണ്ടാകുമെന്ന് അവര്‍ തെളിയിച്ചു. പത്തു വോട്ടു കിട്ടാനുള്ള വഴിയുണ്ടോ എന്നാണല്ലോ അവരുടെ നോട്ടം! 

    'ജനമര്‍ദ്ദകന്‍ മര്‍ദ്ദനമവസാനിപ്പിക്കുക; പോലിസ് ഞങ്ങള്‍ക്കു പുല്ലാണേ; ജനമര്‍ദ്ദകന്‍ ഗോ ബാക്ക്' എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ അന്തരീക്ഷത്തില്‍ മുഴങ്ങി. കാടുകേറിയച്ചന് സ്വീകരണമേര്‍പ്പാടു ചെയ്‌തെങ്കിലും പുറംവേദന കാരണം അദ്ദേഹം പള്ളിമേടയില്‍നിന്നിറങ്ങിയതേയില്ല. കുഞ്ചാക്കോ വന്നു പറഞ്ഞപ്പോഴാണ്, പള്ളിമേടയുടെ പിന്നിലെ ജനാല തുറന്ന് ഒന്നെത്തിനോക്കിയത്. ജനാലയ്ക്കു മുകളില്‍ ഉത്തരത്തില്‍ പറ്റിപ്പിടിച്ചിരുന്ന വവ്വാലുകള്‍ 'കീ, കീ' എന്നു കരഞ്ഞുകൊണ്ട് നാലുപാടും ചിതറിയപ്പോള്‍ അച്ചന്‍ പെട്ടെന്നൊന്നു പേടിച്ചുപോയി. അപ്പോഴേക്കും കോലം കത്തിത്തീരാറായിരുന്നു. എന്നാലും അച്ചനൊരു സംശയം: 

    'ഇതേതു പാര്‍ട്ടിക്കാരാ ഇപ്പോള്‍ കോലം കത്തിക്കുന്നത്?'

    'അച്ചനൊന്നുകൊണ്ടും പേടിക്കണ്ട. അതാ ജനമര്‍ദ്ദകന്‍ ജനാര്‍ദ്ദനന്‍പിള്ളയുടെയാ. ഇപ്പോള്‍ സസ്പന്‍ഷനിലാണെന്നും കേട്ടു. എം എല്‍ ഏ നീലിമാമാഡം മുകളിലേക്കു വിളിച്ചുപറഞ്ഞിട്ടുമുണ്ട്. അതുപിന്നെ, ജനസമ്മതനായ അച്ചനെത്തല്ലിയാല്‍ നാട്ടുകാരു വെറുതേയിരിക്കുമോ?'

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക