Read in Em-The Weekly: https://mag.emalayalee.com/weekly/25-nov-2023/#page=42
സിനിമ കണ്ടിറങ്ങുന്ന ഏത് പ്രേക്ഷകനും നിരൂപകന്റെ കുപ്പായം അണിയുന്ന ഇക്കാലത്ത് ആധികാരികതയോടെ ചലച്ചിത്രങ്ങളെ എങ്ങനെ വിലയിരുത്താം എന്നതിനുള്ള പാഠപുസ്തകമാണ് അമേരിക്കൻ മലയാളിയും എഴുത്തുകാരനുമായ എബ്രഹാം തോമസ്. മനോഹാരിതയോടും വ്യതിരിക്തമായ ശൈലിയോടും കൂടി ചലച്ചിത്രങ്ങൾ വിശകലനം ചെയ്യാനുള്ള മികവാണ് അദ്ദേഹത്തിന്റെ തൂലികയുടെ മാറ്റ് കൂട്ടുന്നത്. വസ്തുതകൾ കൃത്യമായി കണ്ടെത്തി ഫലിപ്പിക്കുന്നതിന് പത്രപ്രവർത്തകൻ-അഭിഭാഷകൻ എന്നീ നിലകളിൽ പ്രവർത്തിച്ച് നേടിയ അനുഭവപാടവം ഗുണം ചെയ്തിട്ടുണ്ടെന്ന് ഈ എഴുത്തുകാരൻ പറയുന്നു. അരനൂറ്റാണ്ടിലേറെയായി എഴുത്തിനെ ഒരു തപസ്യയായി കാണുന്ന എബ്രഹാം തോമസ്, ഇ-മലയാളി വായനക്കാർക്കു മുൻപിൽ മനസുതുറക്കുന്നു...
അമേരിക്കയിൽ എത്തുന്നതിനുമുൻപ്?
ജനിച്ചതും വളർന്നതും കൊല്ലം ജില്ലയിലാണ്.വീടിനടുത്തെ മുനിസിപ്പൽ ലൈബ്രറിയിൽ പോയിരുന്ന് ഇംഗ്ലീഷ്-മലയാളം-ഹിന്ദി ഭാഷകളിലെ പത്രങ്ങളും മാസികകളും വായിക്കുന്ന ശീലം ഒൻപതാം വയസ്സുമുതലുണ്ട്.ഓരോ പത്രങ്ങളുടെ ശൈലികൾ മനസ്സിലാക്കുകയും അവ വിശകലനം ചെയ്ത് സ്വന്തമായൊരു വീക്ഷണം രൂപപ്പെടുത്തുകയും ചെയ്ത പിൽക്കാലത്ത് ഏറെ ഗുണകരമായി. എസ്.എൻ.കോളജിൽ നിന്ന് ബി.കോം പാസായ ശേഷമാണ് ബോംബെയിൽ പോയത്. അവിടെ ബാങ്ക് ഓഫ് ബറോഡയിൽ ക്ലാർക്കായി ജോലി ചെയ്യുന്നതിനൊപ്പം തന്നെ ബോംബെ ഗവണ്മെന്റ് ലോ കോളജിൽ എൽഎൽബി പഠിച്ചു പാസായി. പിന്നീട് ബാങ്കിൽ ഉദ്യോഗക്കയറ്റം നേടി ഓഫീസറും മാനേജറുമായി. ഇതിനിടയിൽ എൽഎൽഎം പഠനം പൂർത്തിയാക്കി. പിന്നീട് ജേർണലിസത്തിൽ അസ്സോസിയേറ്റ് ഡിഗ്രിയും ബാങ്കിങ്ങിൽ അസ്സോസിയേറ്റ് ഡിപ്ലോമയും കരസ്ഥമാക്കി.
എഴുത്തിൽ സജീവമായത്?
1971 ലാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നത്. ദേവാനന്ദിന്റെ ചിത്രം 'മേരാ നാം ജോക്കർ' കണ്ടത് വഴിത്തിരിവായി. ഭാഷയും പശ്ചാത്തലവും എല്ലാം വ്യത്യസ്തമായിട്ടും നമ്മെ പിടിച്ചിരുത്താൻ കഴിയുന്ന വശ്യതയാണ് സിനിമയിലേക്ക് എന്നെ ആകർഷിച്ചത്. തിരുവനന്തപുരത്തുനിന്ന് ഇറങ്ങിയിരുന്ന കേരളദേശത്തിൽ മീരാ നാം ജോക്കറിനെക്കുറിച്ച് ഞാൻ എഴുതി. നക്സൽ പ്രസ്ഥാനം കൊടുമ്പിരികൊള്ളുകയും വർഗീസും സ്റ്റീഫനും കൊല്ലപ്പെടുകയും ചെയ്ത സമയത്ത് എക്സ്ക്ലൂസീവ് കവറേജ് കൊടുത്തിരുന്ന 'കേരളദേശ'ത്തിന് വലിയ സ്വീകാര്യതയായിരുന്നു. മലയാള ചലച്ചിത്രങ്ങളാണ് മികച്ചത് എന്നാണ് അതുവരെയും എല്ലാ മലയാള പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവന്നിട്ടുള്ളത്. ഹിന്ദി സിനിമയുടെ നിലവാരം അക്കാലത്തെ മലയാള സിനിമകൾക്ക് ഇല്ലെന്നുള്ള എന്റെ അഭിപ്രായം ശ്രദ്ധിക്കപ്പെട്ടു.
സിനിമയോടുള്ള അഭിനിവേശം?
റഷ്യൻ,ബ്രിട്ടീഷ്,അമേരിക്കൻ,ജാപ്പനീസ്,പോളിഷ്,ചെക്കോസ്ലോവാക്യൻ തുടങ്ങി വിവിധ ഭാഷാചിത്രങ്ങൾ അതാതു കോൺസുലേറ്റുകളിൽ പ്രദർശിപ്പിക്കുമ്പോൾ, ഞാൻ അതൊക്കെ പോയി കാണുമായിരുന്നു. ചില സിനിമകൾക്ക് സബ്ടൈറ്റിൽ ഉണ്ടാകില്ല. എങ്കിലും, പ്രേക്ഷകനെന്ന നിലയിൽ ഞാനുമായി സംവേദിക്കാനും എന്നിൽ സ്വാധീനം ചെലുത്താനും അവയ്ക്ക് സാധിച്ചു എന്നതാണ് ചലച്ചിത്രം എന്ന മാധ്യമത്തിന്റെയും അതിനുപിന്നിൽ പ്രവർത്തിച്ചവരുടെയും മികവ്.
എല്ലാം തുറന്നെഴുതുന്ന സ്വഭാവം ശത്രുക്കളെ സൃഷ്ടിച്ചിരിക്കുമല്ലോ?
ശത്രുതയൊന്നുമില്ല. നൈമിഷികമായ ചില പിണക്കങ്ങളും വഴക്കുകളും ഉണ്ടായിട്ടുണ്ട്.1973 ൽ ഹിന്ദി സംവിധായകനായ ഭാസു ഭട്ടാചാര്യയെ ഇന്റർവ്യൂ ചെയ്തു.അദ്ദേഹത്തിന്റെ 'തീസരി കാസം' എന്ന ചിത്രത്തിന് പ്രസിഡന്റിന്റെ ഗോൾഡ് മെഡൽ കിട്ടിയതാണ്.രാജ് കപൂറും വഹീദ റഹ്‌മാനുമാണ് അതിൽ ജോഡി.ഭാസുവിന്റെ 'ആവിഷ്കാർ' എന്ന ചിത്രം തീയറ്ററിൽ ഓടിക്കൊണ്ടിരുന്ന സമയത്താണ് ഞാൻ അഭിമുഖം നടത്തിയത്. ആ ചിത്രത്തിൽ രാജേഷ് ഖന്നയും ശർമിള ടഗോറുമാണ് നായികാനായകന്മാർ. അവർ താരങ്ങളായതുകൊണ്ട് ജൂറി ആ ചിത്രം അവാർഡിന് പരിഗണിച്ചില്ലെന്ന് സംസാരത്തിനിടയിൽ അദ്ദേഹം പറഞ്ഞു. ഞാൻ അക്കാര്യം തുറന്നെഴുതിയത് നാഷണൽ അവാർഡ് ജൂറിയിൽ ഉണ്ടായിരുന്ന ഒ.വി.വിജയനെ ചൊടിപ്പിച്ചു. സിനിമയെക്കുറിച്ച് എനിക്ക് വിവരമില്ലാത്തതുകൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയിലെ എന്റെ അറിവ് ആർക്ക് മുൻപിലും തെളിയിക്കേണ്ട ആവശ്യമില്ലെന്ന് ഞാൻ അദ്ദേഹത്തിന് മറുപടി കൊടുക്കുകയും ചെയ്തു.
ശങ്കരൻ നായർ സംവിധാനം ചെയ്ത മലയാള സിനിമയിൽ അഭിനയിച്ച ശേഷമാണ് ശർമിള ടഗോറിനെ ഇന്റർവ്യൂ ചെയ്തത്. അഭിനേതാക്കളോട് സൗഹൃദപരമായി പെരുമാറാൻ ശങ്കരൻ നായർക്ക് അറിയില്ലെന്ന് അവർ പറഞ്ഞത് ഞാൻ എഴുതി.ഒപ്പം പ്രവർത്തിക്കുന്ന നായികമാരെ കിടപ്പറയുടെ പടിവരെയെ അനുവദിക്കൂ എന്നായിരുന്നു ഇതിന് സംവിധായകന്റെ പ്രതികരണം.നായിക പറഞ്ഞ വാചകം എഴുതുക മാത്രമാണ് ചെയ്തതെന്ന് ഞാൻ മറുപടി നൽകി.
മീനാക്ഷി ശേഷാദ്രി എൻ.ടി.രാമറാവുവിന്റെ വിശ്വാമിത്രൻ എന്നൊരു സിനിമയിൽ അഭിനയിച്ചിരുന്നു.അതിൽ മേനകയായി നൃത്തം ചെയ്യുന്ന ആറു മിനിറ്റ് മാത്രം ദൈർഘ്യമുള്ള റോളാണ് മീനാക്ഷി ചെയ്തതെന്ന് വിമർശിച്ച് എഴുതിയതിന്റെ പേരിൽ ആ നടി എനിക്കെതിരെ കേസ് കൊടുക്കുമെന്ന് പറഞ്ഞു. എൽഎൽഎം ഡിഗ്രി ഉണ്ടെന്നും സ്വയം വാദിച്ചോളാം എന്നുമാണ് അതിന് ഞാൻ കൊടുത്ത മറുപടി.സിനിമയിൽ ചാൻസ് കുറഞ്ഞ സമയത്ത് തെന്നിന്ത്യൻ നടി മാധവി ശയനപ്രദക്ഷിണം ചെയ്തപ്പോൾ, കൂടുതൽ പടം കിട്ടാൻ വേണ്ടി ആയിരിക്കുമെന്ന് ഞാൻ എഴുതി. മാധവി കേസ് കൊടുക്കുമെന്ന് പറഞ്ഞപ്പോഴും ഈ രീതിയിൽ തന്നെയാണ് നേരിട്ടത്.
സമൂഹ മാധ്യമങ്ങളുടെ സ്വാധീനംകൊണ്ട് സിനിമ കാണുന്ന എല്ലാവരും നിരൂപകരായി മാറിയിരിക്കുന്നു. എന്നാൽ, യഥാർത്ഥ സിനിമ നിരൂപണം നിസാരമായ ഒരു കാര്യമല്ല. അത് സമർത്ഥിക്കാൻ കഴിയുന്ന ഒരനുഭവം?
പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലും ഫിലിം ആർകെയ്‌വിലും പോയി സിനിമാനിർമ്മാണത്തെക്കുറിച്ച് ഗൗരമായി മനസ്സിലാക്കാൻ ശ്രമിച്ചത് ഈ രംഗത്ത് എന്നെ ഏറെ സഹായിച്ചിട്ടുണ്ട്. ബോംബെയിലെ ഫിലിം സ്റ്റുഡിയോകളിലും തീയറ്ററുകളിലെ പ്രൊജക്ഷൻ റൂമിലും കയറിയിറങ്ങി സിനിമയുടെ സാങ്കേതിക വശങ്ങളെക്കുറിച്ചും അറിവ് നേടിയിട്ടുണ്ട്.ചാപ്ലിൻ സിനിമകൾക്ക് 12 ഫ്രെയിമേ ഉണ്ടായിരുന്നുള്ളു. പിന്നീടാണ് അത് 14 ഫ്രെയിം ആയത്.ഇപ്പോൾ കാണുന്ന വേഗതയിൽ സിനിമ മാറിയത് അങ്ങനെയാണ്. ഇതുപോലെ സിനിമയ്ക്കൊപ്പം സഞ്ചരിച്ചാൽ മാത്രമേ ഓരോ കാലത്തെയും സിനിമകളെക്കുറിച്ച് സംസാരിക്കാൻ കഴിയൂ.ഒരു ഗവേഷണ വിദ്യാർത്ഥിയുടെ ജിജ്ഞാസയോടെയാണ് ഞാൻ സിനിമകളെ സമീപിക്കുന്നതും നിരൂപണം ചെയ്യുന്നതും. ആർക്കും ചെയ്യാവുന്ന നിസ്സാരമായ കാര്യമാണ് അതെന്ന് എനിക്ക് തോന്നുന്നില്ല.
ഒരു റീൽ തുടങ്ങി എവിടെ അവസാനിക്കുമെന്നും ഇടവേള എവിടെ വരുമെന്നുമൊക്കെ മുൻകൂട്ടി പറയാൻ കഴിയുന്ന അറിവ്, താല്പര്യപൂർവം നിരന്തരമായി സിനിമ വീക്ഷിച്ച് ആർജ്ജിച്ചെടുത്തതാണ്.
'ലഗാൻ' എന്ന ഹിന്ദി സിനിമ ഇന്ത്യക്കാർ അഭിമാനത്തോടെ നെഞ്ചിലേറ്റിയതാണ്. ആ കഥാപശ്ചാത്തലം മുൻപൊരു ചെക്കോസ്ലോവാക്യൻ സിനിമയിൽ ഞാൻ കണ്ടതാണ്. ജർമൻ പട്ടാളക്കാരും ജൂത തടവുകാരും തമ്മിലുള്ള ഫുട്ബോൾ മത്സരം കാണാൻ ഹിറ്റ്ലർ വരുന്നതായിട്ടാണ് ആ സിനിമയിൽ. പട്ടാളക്കാരുടെ ടീമിനെ തോൽപ്പിച്ചാൽ തടവുകാരെ മോചിപ്പിക്കാം എന്നായിരുന്നു ഹിറ്റ്ലറുടെ വാഗ്ദാനം. അതനുസരിച്ച് തടവുകാർ നന്നായി കളിക്കുമ്പോൾ, ഗോളടിച്ചവനെ വെടിവയ്ക്കാൻ ഹിറ്റ്ലർ നിർദ്ദേശം നൽകും.ആ പ്രമേയമാണ് ബ്രിട്ടീഷുകാർ ഇന്ത്യയിലെ ഗ്രാമവാസികളുടെ കരം വേണ്ടെന്ന് വയ്ക്കുന്ന രീതിയിൽ ലഗാനിൽ ആവിഷ്കരിച്ചത്. ഞാൻ ഒഴികെ ഒരു നിരൂപകനും ഈ സാമ്യം ചൂണ്ടിക്കാണിച്ചില്ല. പല ഭാഷാചിത്രങ്ങളും ചരിത്രങ്ങളും മനസ്സിലാക്കി നിരൂപണത്തെ ആധികാരികമായി കൈകാര്യം ചെയ്യാനാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. സുരേഷ്‌ഗോപിയുടെ ഏറ്റവും പുതിയ ചിത്രമായ ഗരുഡനിൽ ബിജു മേനോൻ ചെയ്ത കഥാപാത്രത്തിന് മുൻപ് ഞാൻ ബോംബെ കോൺസുലേറ്റിൽ വച്ചുകണ്ട 'ഇഡിയൻസ് ട്രംപറ്റ്' എന്ന ഡോക്യൂ -ഫിലിമിലെ ഇഡിയനുമായി തോന്നിയ സാദൃശ്യത്തെക്കുറിച്ചും അടുത്തിടെ എഴുതി.
ഇംഗ്ലീഷ് ഫിലിം ജേർണലിസത്തിലേക്ക് കടന്നത്?
ഇംഗ്ലീഷ് സിനിമാഗ്രന്ഥങ്ങൾ എഴുതിയിട്ടുള്ള ആളാണ് ഫിറോസ് രംഗൂൺവാലാ. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നിരൂപണം ഞാൻ മലയാളത്തിൽ എഴുതി പ്രസിദ്ധീകരിച്ചിരുന്നു. അത് വായിച്ചറിഞ്ഞ് താല്പര്യം തോന്നിയ അദ്ദേഹമാണ് ഇംഗ്ലീഷ് ഫിലിം ജേർണലിസത്തിലേക്ക് എന്നെ കൈപിടിച്ച് നടത്തിയത്. ഇന്ത്യൻ എക്സ്പ്രസിലെ സൺഡേ സ്റ്റാൻഡേർഡ്‌സ് ആണ് ആദ്യം ലഭിച്ച കോളം. എൺപതുകളായപ്പോൾ ടിവി സീരിയലുകളെക്കുറിച്ചും ഒരു കോളം ചെയ്തു. കാരവൻ ഗ്രൂപ്പിന്റെ 'വിമൻസ് ഇറ' എന്ന പ്രസിദ്ധീകരണത്തിൽ 'ബോംബെ മസാല' എന്ന പേരിലും കോളം ചെയ്തിരുന്നു.
അരനൂറ്റാണ്ട് പിന്നിട്ട എഴുത്തുകുത്തുകൾ എത്ര വരും?
കൃത്യമായ കണക്ക് സൂക്ഷിച്ചിട്ടില്ല.എൺപതുകളിലെ ഒട്ടുമിക്ക സിനിമ താരങ്ങളെയും സംവിധായകർ അടക്കമുള്ള സാങ്കേതിക പ്രവർത്തകരെയും ഇന്റർവ്യൂ ചെയ്തിട്ടുണ്ട്.ഹിന്ദിയിൽ ഭാസു ഭട്ടാചാര്യ, ഷമ്മി കപൂർ, സുനിൽ ദത്ത്, ദേവാനന്ദ്, ദിലീപ് കുമാർ, ധർമേന്ദ്ര, വിനോദ് ഖന്ന, ശശി കപൂർ, അമിതാഭ് ബച്ചൻ, രേഖ, ശബാന ആസ്മി, ഷർമിള ടാഗോർ, നർഗീസ്, ഉഷാ കിരൺ, നിരുപ റോയ്,ഋഷി കപൂർ, രാജീവ് കപൂർ, സറീന വഹാബ്, പദ്മിനി കപില, പദ്മ ഖന്ന, അർച്ചന പുരൺ സിംഗ്, അംജദ് ഖാൻ തുടങ്ങിയവരുടെ അഭിമുഖം നടത്തിയിട്ടുണ്ട്.നാന,ചലച്ചിത്രം,ചിത്രരമ,സിനിമാരമ തുടങ്ങിയ മലയാളം പ്രസിദ്ധീകരണങ്ങളിൽ ധാരാളമായി എഴുതി.തെന്നിന്ത്യയിൽ പ്രേംനസീർ, മേനക, അമല, രാധിക, സോമൻ, സുകുമാരൻ,അരവിന്ദൻ,അടൂർ ഗോപാലകൃഷ്ണൻ എന്നിങ്ങനെ പ്രമുഖരുടെ അഭിമുഖം നടത്തിയിട്ടുണ്ട്.
ഇംഗ്ലീഷിൽ നിന്ന് ഹിന്ദി, മറാത്തി, ഗുജറാത്തി, തമിഴ്, തെലുങ്ക്, കന്നഡ, ഉറുദു, ബംഗാളി ഭാഷകളിലേക്കുള്ള വിവർത്തനങ്ങൾ ഉൾപ്പെടെ 250-ലധികം പ്രസിദ്ധീകരണങ്ങളിൽ എന്റെ ലേഖനങ്ങളും അവലോകനങ്ങളും അഭിമുഖങ്ങളും ഫീച്ചറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കേരളം, ബോംബെ, ചെന്നൈ, ഡൽഹി, ബാംഗ്ലൂർ, കൽക്കട്ട, കുവൈറ്റ്, മലേഷ്യ, യുഎഇ, യുകെ എന്നിവിടങ്ങളിലെ ആനുകാലികങ്ങൾ പതിവായി എന്റെ ലേഖനങ്ങൾ വന്നിരുന്നു.
പദവികൾ,നേട്ടങ്ങൾ,അംഗീകാരങ്ങൾ...
പിക്ചർപോസ്റ്റ് മാസികയുടെ അസിസ്റ്റന്റ് എഡിറ്റർ, ഡാലസിൽ നിന്ന് പുറത്തിറക്കിയ ഏഷ്യൻ ടൈംസ് എന്ന വാരികയുടെ ചീഫ് എഡിറ്റർ, ഇന്ത്യ ഒബ്സർവറിന്റെ ചീഫ് എഡിറ്റർ, ഫൊക്കാന ടുഡേയുടെ എഡിറ്റർ, വേൾഡ് മലയാളി വോയ്‌സിന്റെ റസിഡന്റ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ജനനി മാസികയുടെ എഡിറ്റോറിയൽ അഡ്വൈസറി ബോർഡിലും ഉണ്ടായിരുന്നു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ദേശിയ വൈസ് പ്രസിഡന്റ്;ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ സെക്രട്ടറി,വൈസ്-പ്രസിഡന്റ്; ഡിഎഫ്ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ്ബ് പ്രസിഡന്റ്,സെക്രട്ടറി;ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ്,സെക്രട്ടറി;കേരള ലിറ്റററി സൊസൈറ്റിയുടെ പ്രസിഡന്റ്,സെക്രട്ടറി എന്നീ പദവികൾ വഹിച്ചിട്ടുണ്ട്.
മലയാളി അസോസിയേഷൻ ഓഫ് മേരിലാൻഡിന്റെ ഗ്ലോബൽ ബെസ്റ്റ് ജേർണലിസ്റ്റ് അവാർഡ്, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക അവാർഡ്, കേരള ദർശനം മാസികയുടെ സെക്രട്ടറി അവാർഡ്,ഫൊക്കാന അവാർഡ്,ഫോമാ അവാർഡ്,വേൾഡ് മലയാളീ അവാർഡ്,രജനി മാസികയുടെ അവാർഡ്,ഡിഎഫ്ഡബ്ലിയു ഇന്ത്യൻ ലയൺസ് ക്ലബ്ബ് സെക്രട്ടറി അവാർഡ്, ദഹിസർ ബോംബെ മലയാളികളുടെ അവാർഡ്, കേരള അസോസിയേഷൻ ഡാളസ് അവാർഡ് എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
പുസ്തകങ്ങൾ?
ഈ ലോകം ഈ ഗ്രാമം, ഈ സ്വപ്നഭൂമിയിൽ, അബ് കി ബാർ ട്രംപ്, അമേരിക്കൻ നേർക്കാഴ്ചകൾ എന്നിങ്ങനെ നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. അമേരിക്കൻ മലയാളികൾ എഴുതിയ ലേഖനങ്ങൾ, ചെറുകഥകൾ, കവിതകൾ എന്നിവയുടെ സമാഹാരവും ഞാൻ എഡിറ്റ് ചെയ്തിട്ടുണ്ട്.
എഴുത്തുജീവിതത്തിലെ നാഴികക്കല്ലുകൾ?
ലൈല മജ്‌നുവിന് എത്ര പതിപ്പുകൾ ഇറങ്ങി എന്നുള്ളതും വിദേശ ലൊക്കേഷനുകളിൽ ചിത്രീകരിച്ച സിനിമകളെപ്പറ്റിയും ഗവേഷണാത്മക ലേഖനം എഴുതിയത് ഏറെ സംതൃപ്തി തന്ന അനുഭവമാണ്.ഇന്ത്യൻ സിനിമാചരിത്രത്തെക്കുറിച്ചും ഗവേഷണം നടത്തി ചലച്ചിത്രം വാരികയിൽ ഒരു പരമ്പര എഴുതിയതും ഏറെ ആസ്വദിച്ചിരുന്നു.മാതൃഭൂമിയുടെ വെള്ളിയാഴ്‌ച ദിനപത്രത്തിൽ താരാപഥം എന്നൊരു കോളം ചെയ്തതും നല്ല അനുഭവമാണ്. ഫിലിം വേൾഡിന്റെ നാഷണൽ ജൂറിയിൽ പ്രവർത്തിക്കാൻ സാധിച്ചു.നാഷണൽ ഫിലിം അവാർഡിന്റെ റീജിയണൽ ജൂറിയിലും പ്രവർത്തിച്ചു.വനിത ദ്വൈവാരികയ്ക്കു വേണ്ടി ഇന്ത്യൻ സിനിമയിലെ മലയാളി സംവിധായകരെക്കുറിച്ച് ഒരു നീണ്ടപരമ്പര എഴുതി.അതുപോലെ, സ്വർണ്ണമെഡൽ നേടിയ 32 ചിത്രങ്ങളെക്കുറിച്ചും ലേഖന പരമ്പര ചെയ്തു.പിക്ച്ചർ പോസ്റ്റ് എന്ന മാസികയ്ക്കുവേണ്ടി ഇംഗ്ലീഷിലാണ് ആദ്യം എഴുതിയത്. പിന്നീട് ഞാൻ തന്നെ മലയാളത്തിലേക്കത് തർജ്ജമ ചെയ്ത് മലയാള മനോരമ ആഴ്ചപ്പതിപ്പിന് നൽകി.ഇതൊക്കെയും തിരിഞ്ഞുനോക്കുമ്പോൾ,എഴുത്തുജീവിതത്തിലെ നാഴികക്കല്ലുകളായി തോന്നുന്നു.
ഇന്ത്യയിൽ എഴുത്തുകാരനായി പേരെടുത്ത സമയത്ത് അമേരിക്കയിലേക്ക് ജീവിതം പറിച്ചുനട്ടപ്പോൾ എന്ത് തോന്നി? എഴുത്ത് ഇവിടെയും തുടരാൻ എങ്ങനെ സാധിച്ചു?
എന്റെ ഭാര്യയ്ക്കുവേണ്ടി സഹോദരി ഫയൽ ചെയ്താണ് വിസ ലഭിച്ചത്.
ബാങ്കിലെ ഉദ്യോഗസ്ഥരുടെ ക്രമക്കേടുകൾ കണ്ടുപിടിക്കുന്ന വിജിലൻസ് ഓഫീസർ സ്ഥാനത്തിരിക്കെ ഒട്ടും താല്പര്യമില്ലാതെയാണ് അമേരിക്കയിലേക്ക് വന്നത്. ഇവിടെ അന്ന് മലയാളം പ്രസിദ്ധീകരണങ്ങൾ കുറവായിരുന്നു. 93 ലാണ് മലയാളപത്രം തുടങ്ങിയത്. ആദ്യകാലം മുതൽ അതിൽ എഴുതി.ഇന്ത്യക്കാർക്ക് ഇവിടെ പരമാനന്ദ സുഖമാണെന്നും അമേരിക്കക്കാർ നമ്മെ നല്ല രീതിയിൽ പരിഗണിക്കും എന്നുമാണ് പൊതുവെ നാട്ടിലെ ധാരണ. മലയാളി കുടിയേറ്റക്കാരെക്കുറിച്ച് നേർക്കാഴ്ച്ച വരച്ചുകാട്ടുക എന്ന ഉദ്ദേശത്തോടെ ഇവിടുള്ള പ്രശ്നങ്ങളും രാഷ്ട്രീയ സാമൂഹിക ചുറ്റുപാടുകളും വിശദീകരിക്കുന്ന ലേഖനങ്ങൾ ഞാൻ എഴുതി.നിയമപരമായ വശങ്ങൾ പഠിച്ചാണ് അവ ഓരോന്നും എഴുതിയത്.2005 ൽ ഷിക്കാഗോയിൽ നിന്നിറങ്ങുന്ന 'സംഗമം' എന്ന പത്രത്തിനുവേണ്ടി പൊളിറ്റിക്കൽ അനാലിസിസിന്റെ ഒരു കോളം ചെയ്തു.അമേരിക്കയിലെ പ്രശ്നങ്ങൾ ഇത്ര സ്പർശിച്ച രചനകൾ മലയാളത്തിൽ മുൻപ് ഉണ്ടായിട്ടില്ല.പത്തുവർഷം തുടർച്ചയായത് ചെയ്തു.ഗൂഗിളിൽ നോക്കി എന്തെങ്കിലും കുത്തിക്കുറിക്കുന്ന രീതിയല്ല എന്റേത്.
കുടുംബം?
ഭാര്യ സരള കുണ്ടറ സ്വദേശിനിയാണ്.മെഡിക്കേഷൻ ടെക്നിഷ്യനായി പ്രവർത്തിക്കുന്നു.ഡാലസിലാണ് ഞങ്ങൾ താമസിക്കുന്നത്.രണ്ടു പെണ്മക്കൾ-കവിത(ന്യൂജേഴ്‌സി),ഷെറിൻ(മിസ്കിറ്റ്).മരുമക്കൾ: അനിൽ എബ്രഹാം,റ്റിജി ടോംസ്.കവിതയ്ക്ക് രണ്ടു മക്കൾ: നേഥൻ,ഹാനാ.ഷെറിന് നാലു മക്കൾ: സിറീന,തിയോ,സാഷ,ടിമോ.