Image

പേടി മറക്കും പിന്നെ മരണത്തിന്റെ എലിക്കുഴികളിൽ അവർ ജീവിക്കാനായി ഇറങ്ങും

Published on 29 November, 2023
പേടി മറക്കും പിന്നെ മരണത്തിന്റെ  എലിക്കുഴികളിൽ അവർ ജീവിക്കാനായി ഇറങ്ങും

പേടി മറക്കും പിന്നെ മരണത്തിന്റെ 
എലിക്കുഴികളിൽ അവർ ജീവിക്കാനായി ഇറങ്ങും

ഉത്തരകാശിയിൽ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനിറങ്ങിയ യന്ത്രങ്ങൾ പണിമുടക്കിയപ്പോൾ ഒരു കൂട്ടം മനുഷ്യർ കുഞ്ഞുക്കുഴികളിൽ നുഴഞ്ഞിറങ്ങിയാണ് 41 തൊഴിലാളികളെ രക്ഷിച്ചത്. ജീവനും ജീവിതത്തിനുമിടയിലുള്ള പാവം മനുഷ്യരുടെ അനുഭവങ്ങളിലൂടെ.... 

എലികളെപ്പോലെയാണ് അവർ തുരന്ന് ഭൂമിക്ക് താഴേക്ക് ഇറങ്ങുന്നത്. കഷ്ടി ഒരാൾക്ക് മാത്രം നൂഴ്ന്നിറങ്ങാനുള്ള വലിപ്പമേ കാണൂ. റാറ്റ് മൈനേഴ്‌സ് എന്നോ, റാറ്റ് ഹോൾ മൈനേഴ്‌സ് എന്നോ പേരിട്ട് വിളിക്കുന്ന ഇവരുടെ ജോലി മരണം പോലെ പേടിപ്പിക്കുന്ന അനുഭവമാണ്. അവർക്ക് പേടിയുണ്ടായിരിക്കാം, പക്ഷേ, ജീവിക്കാനായി ധൈര്യവാൻമാരായി അവർക്ക് ഈ ജോലി തുടർന്നേ പറ്റൂ. ഉത്തരകാശിയിൽ റാറ്റ് മൈനേഴ്‌സ്  തുരന്നിറങ്ങി രക്ഷാമാർഗമൊരുക്കിയതാണ് 17 ദിവസങ്ങൾക്കുശേഷം  41 തൊഴിലാളികളെ പുറത്തെത്തിക്കുന്നതിൽ നിർണായകമായത്. 
ഉത്തർപ്രദേശിൽനിന്നെത്തിയ റാറ്റ് ഹോൾ മൈനേഴ്‌സ് സംഘമാണ് രക്ഷാമാർഗം കുഴിച്ച് കൂണ്ടെത്തിയത്. രണ്ടരയടി വ്യാസമുള്ള കുഴലുകളിൽപ്പോലും നുഴഞ്ഞുകടന്ന് മണ്ണുതുരന്ന് അഞ്ചുമുതൽ 100 മീറ്റർ വരെ ആഴത്തിലുള്ള തുരങ്കങ്ങൾ നിർമിക്കുന്നവരാണ് റാറ്റ്ഹോൾ മൈനേഴ്‌സ്.

ഒരിക്കൽ നിരോധിച്ചു, പിന്നെ സഹായം തേടി

സുരക്ഷിതമല്ലാത്തതിനാൽ ഇന്ത്യയിൽ നിരോധിച്ച ഖനന സമ്പ്രദായമാണ് റാറ്റ് ഹോൾ മൈനേഴ്‌സിന്റേത്. ഉത്തരാഖണ്ഡിലെ തുരങ്കത്തിനുള്ളിൽ കുടുങ്ങിയ 41 തൊഴിലാളികൾ ജീവന്റെ തീരത്തെത്തിയത് ഒരു കൂട്ടം മനുഷ്യരുടെ റാറ്റ് ഹോൾ മൈനിംഗിലൂടെയും എന്നത് മറക്കാൻ കഴിയുന്നതല്ല. ഖനനത്തിലെ ഒരു രീതിയാണ് റാറ്റ് മൈനിംഗ് എന്നറിയപ്പെടുന്നത്. ഉത്തരകാശിയിൽ രക്ഷാപ്രവർത്തനത്തിനായി ഇറക്കുമതി ചെയ്ത ഹൈടെക്, യന്ത്രങ്ങൾ ദീർഘനാളത്തെ പ്രവർത്തനത്തിനിടെ തകരാറിലായപ്പോഴാണ് ഒടുവിൽ രാജ്യം തന്നെ നിരോധിച്ച റാറ്റ് ഹോൾ മൈനിംഗിനെ തിരിച്ചു വിളിക്കേണ്ടി വന്നത്. മാനുവൽ രീതിയിലുള്ള ഡ്രില്ലിംഗ് രീതിയാണ്. ഇതു വഴിയാണ് തൊഴിലാളികളിലേക്ക് എത്താനുള്ള കുഴികൾ രൂപപ്പെടുത്തിയതും തുരങ്കത്തിൽ നിന്നും അവരെ ഓരോന്നായി ഒഴിപ്പിച്ചതും. 

എന്താണ് റാറ്റ്-ഹോൾ ഖനനം?

ഒരാൾക്ക് നിരങ്ങിക്കയറാൻ പാകത്തിനു മാത്രം വലുപ്പത്തിൽ തുരക്കുന്ന ഇടുങ്ങിയ കുഴികളാണ് റാറ്റ് ഹോൾ. ഇങ്ങനെ തുരക്കുന്ന കുഴികളിലൂടെ കയറും മുളകൊണ്ട് നിർമിച്ച ഏണികളും ഉപയോഗിച്ചിറങ്ങി കൽക്കരി ഖനനം ചെയ്‌തെടുക്കുമായിരുന്നു. ശ്വാസം കിട്ടാതെ പലപ്പോഴും ഖനനം നടത്തുന്നയാൾ ഈ കുഴികളിൽ മരിച്ചുവീഴാറുണ്ട്. ഇപ്പോഴും പലയിടങ്ങളിലും ഈ മാർഗം ഉപയോഗിക്കുന്നുണ്ടെങ്കിലും കുഴിക്കുന്നയാൾക്കും പരിസ്ഥിതിക്കും അത്യന്തം അപകടകരമായതിനാൽ വിലക്കേർപ്പെടുത്തുകയായിരുന്നു. നാലടിയിൽ കൂടുതൽ വീതിയില്ലാത്ത വളരെ ചെറിയ കുഴികൾ കുഴിച്ച് കൽക്കരി വേർതിരിച്ചെടുക്കുന്ന ഒരു രീതിയാണ് റാറ്റ്-ഹോൾ ഖനനം. ഖനിത്തൊഴിലാളികൾ കൽക്കരി ഖനികളിൽ എത്തിക്കഴിഞ്ഞാൽ, കൽക്കരി വേർതിരിച്ചെടുക്കാൻ വശങ്ങളിലായി തുരങ്കങ്ങൾ ഉണ്ടാക്കുന്നു. പുറത്തേക്ക് കൊണ്ടുവരുന്ന കൽക്കരി സമീപമെത്തിക്കുകയും അവ  ഹൈവേകൾ വഴി കൊണ്ടുപോകുകയും ചെയ്യും.  റാറ്റ്-ഹോൾ ഖനനത്തിൽ, തൊഴിലാളികൾ ഖനികളിൽ പ്രവേശിച്ച് കൈകൊണ്ട് പിടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ചാണ് ചെറുകുഴികൾ ഉണ്ടാക്കുന്നത്. 

കുട്ടിക്കളി മാറാത്ത പ്രായത്തിൽ അപകടമുഖത്ത്

മേഘാലയയിലെ ഖനനത്തിന്റെ ഏറ്റവും സാധാരണമായ രീതിയാണിത്, കൽക്കരി പുറത്തേക്ക് എടുക്കുന്ന സീം വളരെ നേർത്തതായതിനാൽ മറ്റേതെങ്കിലും രീതി ഉപയോഗിക്കുന്നത് സാമ്പത്തികമായി അത്ര ലാഭകരമല്ല. കുഴികൾ എത്ര ചെറുതാണോ അത്രയും എളുപ്പത്തിൽ കൽക്കരിയെടുക്കാം. അതേ സമയം ഈ കാരണം കൊണ്ടു തന്നെ ചെറിയ കുട്ടികളെയാണ് ഈ പ്രവൃത്തിക്ക് ഉപയോഗിക്കുന്നത്. കെ.ജി.എഫ് സിനിമയിലെ ഖനികളിൽ ജോലി ചെയ്യുന്ന ധാരാളം കുട്ടികളെ കണ്ടിരുന്നല്ലോ.. 
കൂടാതെ ഉപജീവനത്തിനായി പരിമിതമായ തിരഞ്ഞെടുപ്പുകൾ ഉള്ള ഒരു സംസ്ഥാനത്ത്, പലരും ജീവന് പോലും ഭീഷണിയുണ്ടെന്നറിഞ്ഞിട്ട് പോലും അപകടകരമായ ജോലിക്കായി അണിനിരക്കുന്നു. ഇത്തരം ഖനികളിൽ ജോലി ലഭിക്കാൻ പല കുട്ടികളും മുതിർന്നവരെപ്പോലെ അഭിനയിക്കുന്നു പോലുമുണ്ട്. 

റാറ്റ് ഹോൾ ഖനനം നിരോധനം് എന്തുകൊണ്ട്?

അശാസ്ത്രീയ സമ്പ്രദായമായതിനാലും സുരക്ഷിതമല്ലാത്തതിനാലുമാണ് ദേശീയ ഹരിത ട്രൈബ്യൂണൽ 2014-ൽ റാറ്റ് ഹോൾ ഖനനം നിരോധിച്ചിരുന്നത്. എങ്കിൽ പോലും ഖനികൾ കൂടുതൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ സംസ്ൽാനങ്ങളിൽ ഈ രീതി  വ്യാപകമായ രീതിൽ തുടരുന്നുണ്ട്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഖനിത്തൊഴിലാളികളുടെ മരണത്തിന് കാരണമായ നിരവധി അപകടങ്ങളുണ്ടായിട്ടുണ്ട്. 2018ൽ അനധികൃത ഖനനത്തിൽ ഏർപ്പെട്ടിരുന്ന 15 പേർ വെള്ളപ്പൊക്കത്തിൽ ഖനിയിൽ കുടുങ്ങിയിരുന്നു. രണ്ട് മാസത്തിലേറെ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ഒടുവിൽ കണ്ടെത്താനായത്. 2021 ൽ അഞ്ച് ഖനിത്തൊഴിലാളികൾ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ ഖനിയിൽ കുടുങ്ങിയപ്പോൾ അത്തരത്തിലുള്ള മറ്റൊരു അപകടം നടന്നു. ഒരു മാസത്തിനുശേഷം രക്ഷാപ്രവർത്തകർ ഓപ്പറേഷൻ അവസാനിപ്പിക്കുന്നതിന് മുമ്പ് മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തി. 

ഒഴിവാക്കാൻ കഴിയാത്ത വരുമാനം

സംസ്ഥാന സർക്കാരുകളുടെ പ്രധാന വരുമാന സ്രോതസ്സാണ് ഖനനം. അതുകൊണ്ട് തന്നെ ഖനന നിരോധനത്തെ മണിപ്പൂർ സർക്കാർ തന്നെ വെല്ലുവിളിച്ചിരുന്നു.  മേഖലയ്ക്ക് സാധ്യമായ മറ്റൊരു ഖനന മാർഗവുമില്ലെന്നായിരുന്നു അവരുടെ വാദം. 2022ൽ മേഘാലയ ഹൈക്കോടതി നിയോഗിച്ച സമിതി മേഘാലയയിൽ എലിക്കുഴി ഖനനം തടസ്സമില്ലാതെ തുടരുന്നതായി കണ്ടെത്തിയിരുന്നു. ഉത്തരാഖണ്ഡിൽ കഴിഞ്ഞദിവസം തൊഴിലാളികളെ രക്ഷിക്കാനായി എത്തിയ അമേരിക്കൻ ആഗർ യന്ത്രം പരാജയപ്പെട്ടപ്പോൾ വീണ്ടും നിയമവിരുദ്ധമായ എലിക്കുഴി മൈനിംഗ് തൊഴിലാളികളെ തന്നെ വിളിക്കേണ്ടി വന്നു.  സ്‌പെഷ്യലിസ്റ്റുകളുടെ രണ്ട് ടീമുകൾ, ആകെ 12 പേർ, ഈ ടാസ്‌ക്കിനായി ഡൽഹിയിൽ നിന്ന് പറന്നു. എന്നാൽ കൊണ്ടുവന്നത് റാറ്റ് ഹോൾ ഖനന തൊഴിലാളികളല്ലെന്നും സാങ്കേതിക വിദ്യയിൽ വിദഗ്ധരാണെന്നും ഉത്തരാഖണ്ഡ് സർക്കാരിന്റെ നോഡൽ ഓഫീസർ നീരജ് ഖൈർവാൾ പിന്നീട് വ്യക്തമാക്കിയെങ്കിലും അവിടെ നിന്നുള്ള റിപ്പോർട്ടുകൾ ഇത് ശരിവയ്ക്കുന്നില്ല. 
ഒരാൾ ഡ്രില്ലിംഗ് നടത്തുകയും മറ്റൊരാൾ അവശിഷ്ടങ്ങൾ ശേഖരിക്കുകയും മൂന്നാമൻ അത് പുറത്തെടുക്കാൻ ട്രോളിയിൽ സ്ഥാപിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധരിൽ ഒരാളായ രജ്പുത് റായ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
800 എംഎം പൈപ്പിനുള്ളിൽ കൈകൊണ്ട് പിടിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് അവശിഷ്ടങ്ങൾ സ്വമേധയാ നീക്കം ചെയ്യുന്നതിനായാണ് സ്‌പെഷ്യലിസ്റ്റുകൾ പ്രവർത്തിച്ചതെന്നാണ് ഇവരുടെ വാദം. ഇതിനായി പ്രത്യേകം ഉപകരണങ്ങളുണ്ട്. ഓക്‌സിജനു വേണ്ടി ഒരു ബ്‌ളോവർ കൊണ്ടു പോകും.

പേടി മറക്കും പിന്നെ മരണത്തിന്റെ  എലിക്കുഴികളിൽ അവർ ജീവിക്കാനായി ഇറങ്ങുംപേടി മറക്കും പിന്നെ മരണത്തിന്റെ  എലിക്കുഴികളിൽ അവർ ജീവിക്കാനായി ഇറങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക