ന്യൂ ജേഴ്സിയിൽ സ്വന്തം കുടുംബത്തിലെ മൂന്നു പേരെ കൊലപ്പെടുത്തി എന്ന കുറ്റം ചുമത്തി ഇന്ത്യൻ വംശജൻ ഓം ബ്രഹ്മഭട്ട് (23) എന്ന വിദ്യാർഥിയെ പോലീസ് അറസ്റ്റ് ചെയ്തു.
സൗത്ത് പ്ലൈൻഫീൽഡ് നിവാസി ഓം ബ്രഹ്മഭട്ട് തിങ്കളാഴ്ച്ച രാവിലെ ഏകദേശം 9 മണിക്കു അമ്മയുടെ അച്ഛനായ ദിലീപ്‌കുമാർ ബ്രഹ്മഭട്ട് (72), അമ്മൂമ്മ ബിന്ദു ബ്രഹ്മഭട്ട് (72) എന്നിവരെയും അവരുടെ മകൻ യാഷ്‌കുമാർ ബ്രഹ്മഭട്ടിനെയും (38) വെടിവച്ചു കൊന്നു എന്നാണ് മിഡിൽസെക്സ് കൗണ്ടി പോലീസ് ആരോപിക്കുന്നത്.
ഒരു വർഷം മുൻപാണ് മുത്തച്ഛന്റെ നിർദേശ പ്രകാരം പഠിക്കാനായി ഓം ബ്രഹ്മഭട്ട് ഗുജറാത്തിലെ ആനന്ദിൽ നിന്നു യുഎസിൽ എത്തിയത്. പോലീസ് ഓഫിസറായി വിരമിച്ചയാളാണ് ദിലീപ്‌കുമാർ.
അവരോടൊപ്പം ആയിരുന്നു താമസം. മുത്തശ്ശനും മുത്തശ്ശിയും വെടിയേറ്റു വീട്ടിൽ തന്നെ മരിച്ചു വീണു. അമ്മാവനെ ആശുപത്രിയിലേക്കു നീക്കിയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ഇന്റർനെറ്റ് വഴി വാങ്ങിയ തോക്കാണ് ഉപയോഗിച്ചതെന്നു പ്രതി പറഞ്ഞുവെന്നു പോലീസ് അറിയിച്ചു. ഉറങ്ങിക്കിടക്കുമ്പോഴാണ് മുത്തശ്ശനെയും മുത്തശ്ശിയേയും വെടിവച്ചത്. കൊലയ്ക്കു ശേഷം അയാൾ തന്നെയാണ് 911 വിളിച്ചത്.
പ്രതിയെ ചൊവാഴ്ച കോടതിയിൽ ഹാജരാക്കി.
Indian held over murder of kin