Image

61 വർഷം കഴിഞ്ഞ് ഡോക്ടറുടെ യു.എസ്. പൗരത്വം റദ്ദാക്കി

ദുര്‍ഗ മനോജ് Published on 01 December, 2023
61 വർഷം  കഴിഞ്ഞ്   ഡോക്ടറുടെ  യു.എസ്. പൗരത്വം റദ്ദാക്കി

അറുപത്തൊന്നുകാരനായ സിയാവാസ് ശോഭാനി അമേരിക്കയിലാണ് ജനിച്ച് വളര്‍ന്നത്. ശോഭാനിയുടെ അച്ഛന്‍ ഇറാനിയന്‍ നയതന്ത്രജ്ഞനായിരുന്നതിനാലാണ് ഡോ. ശോഭാനിയുടെ പൗരത്വം റദ്ദാക്കിയതെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു, എന്നാല്‍ ഒരു പ്രശ്‌നവും നേരിടാതെ ശോഭാനി മുന്‍പു പലതവണ വിജയകരമായി പാസ്പോര്‍ട്ട് പുതുക്കിയിരുന്നു.

സിയാവാസ് ശോഭാനി അമേരിക്കയില്‍ ആണ് ജനിച്ചു വളര്‍ന്നത്. ഒരു ഡോക്ടറായി പ്രാക്ടീസ് ചെയ്തു വരുന്നു  ജീവിതകാലം മുഴുവന്‍ ശോഭാനി ചെലവിട്ടതും അമേരിക്കയിലാണ്. കൃത്യമായി നികുതി അടച്ച്, മാറി മാറി വന്ന തിരഞ്ഞെടുപ്പുകളില്‍ പ്രസിഡന്റുമാര്‍ക്ക് വോട്ട് ചെയ്ത്, വടക്കന്‍ വെര്‍ജീനിയയിലെ സ്വന്തം കമ്മ്യൂണിറ്റിയില്‍ സേവനം ചെയ്ത്, COVID-19 സമയത്തും കര്‍മ്മനിരതനായിരുന്ന ഒരാള്‍ പൊടുന്നനെ രാജ്യമില്ലാത്തവനായി മാറുകയാണ് ഇവിടെ സംഭവിച്ചത്. അത് ഒരു വ്യക്തിയെ മാത്രമല്ല, അയാളുടെ കുടുംബത്തെ മുഴുവനും അപകടത്തിലാക്കുകയുമാണ് ചെയ്തത്. 61 വര്‍ഷത്തിന് ശേഷം സ്റ്റേറ്റ്, ഒരു വ്യക്തി ഇന്നു മുതല്‍ ആ രാജ്യത്തെ പൗരനല്ല എന്നു പറയുമ്പോള്‍ അതു ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. ഇക്കാര്യത്തില്‍, സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ വിശദീകരണം ഇതാണ്, ഡോ. ശോഭാനി തന്റെ ജനനസമയത്ത് പൂര്‍ണ്ണ നയതന്ത്ര പരിരക്ഷയുള്ള തന്റെ മാതാപിതാക്കളുടെ കുടുംബത്തിന്റെ ഭാഗമായിരുന്നുവെന്നും അതിനാല്‍ത്തന്നെ അദ്ദേഹം ജനനസമയത്ത് യുഎസ് പൗരത്വം നേടിയിട്ടില്ലെന്നും അറിയിച്ചു. നയതന്ത്ര പരിരക്ഷയുള്ള മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ പൗരത്വം നല്‍കപ്പെടുന്നില്ല, ഇത് ജന്മാവകാശ പൗരത്വത്തിന്റെ പൊതു നിയമത്തിന് വിരുദ്ധമാണ്.

ഇപ്പോള്‍ ഡോ. ശോഭാനി നാടുകടത്തല്‍ നേരിടുന്നു എന്നതാണ് ഏറ്റവും പ്രധാന പ്രശ്‌നം ജീവിതകാലം മുഴുവന്‍ അമേരിക്കയില്‍ ജീവിക്കുകയും, ഒരിക്കല്‍പ്പോലും ഇറാന്‍ സന്ദര്‍ശിച്ചിട്ടില്ലാത്തതുമായ, ഡോക്ടര്‍, ഇപ്പോള്‍ നാടുകടത്തലിനെ അഭിമുഖീകരിക്കുന്നു.

യുഎസില്‍ തുടരാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹം, വിര്‍ജീനിയ സെനറ്റര്‍മാരായ ആര്‍. വാര്‍ണറുടെയും പ്രതിനിധി ജെറാള്‍ഡ് ഇ. കനോലിയുടെയും സഹായം തേടിയിട്ടുണ്ട്. ശോഭാനിയുടെ സാഹചര്യത്തിന് മുന്‍ഗണന നല്‍കുമെന്ന് അവര്‍ അറിയിക്കുകയും ചെയ്തു. നിയമത്തോടുള്ള തന്റെ ബഹുമാനവും വിര്‍ജീനിയയിലെയും ഡിസി ഏരിയയിലെയും ജനങ്ങളോടുള്ള തന്റെ സമര്‍പ്പണവും ശോഭാനി തന്റെ അപേക്ഷയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പതിനായിരക്കണക്കിന് രോഗികളുടെ പരിചരണത്തില്‍ അദ്ദേഹം നേരിട്ട് പങ്കെടുത്തിട്ടുള്ള അദ്ദേഹം. 3,000-ത്തിലധികം വരുന്ന സജീവ രോഗികളുടെ പാനലില്‍ ഉള്‍പ്പെട്ടിട്ടുമുണ്ട്.
ഇതിനോടകം ഡോ. ശോഭാനിക്ക് 40,000 ഡോളറിലധികം നിയമച്ചെലവുണ്ടായിട്ടുണ്ട്, അദ്ദേഹത്തിന്റെ കേസ് എപ്പോള്‍ പരിഹരിക്കപ്പെടുമെന്ന് ഇപ്പോഴും അനിശ്ചിതത്വത്തിലുമാണ്.
ഡോ. ശോഭാനിയുടെത് തികച്ചും ഒറ്റപ്പെട്ട സംഭവമാണ് എന്നു പറയുമ്പോഴും വര്‍ഷങ്ങള്‍ക്കു ശേഷം ഒരാള്‍ അത്രകാലം ജീവിച്ചു വന്ന നാട്ടില്‍ നിന്നും പൊടുന്നനെ പുറത്താക്കപ്പെടുക എന്ന അവസ്ഥ തീര്‍ത്തും വിവരണാതീതമായ ഒരു കാര്യമാണ്. കുടുംബനാഥന്റെ പൗരത്വം റദ്ദാക്കപ്പെടുമ്പോള്‍, അയാളെ ആശ്രയിക്കുന്നവരുടേയും പൗരത്വം തുലാസിലാകും. ജീവിത പങ്കാളി, മക്കള്‍ തുടങ്ങിയവര്‍ അതില്‍ ഉള്‍പ്പെടും. പൊടുന്നനെ അവര്‍ ആ രാജ്യത്ത് ആരുമല്ലാതാകും. ഇനി അവരെ നാടുകടത്തിയാലോ, അവര്‍ ചെല്ലേണ്ടുന്ന രാജ്യത്തോട് അവര്‍ക്ക് യാതൊരുവിധ കടപ്പാടും ഉണ്ടാകില്ല. ജനിച്ചതും വളര്‍ന്നതുമായ രാജ്യത്തോടു തോന്നുന്ന വൈകാരികത അവര്‍ എങ്ങനെയാണ് പൊടുന്നനെ മറ്റൊരു ഇടത്തില്‍ രൂപപ്പെടുത്തുക? അതും സാംസ്‌കാരികമായി തീര്‍ത്തും വിരുദ്ധ ധ്രുവങ്ങളില്‍ നില്‍ക്കുന്ന ഒരു രാജ്യത്തില്‍ പ്രത്യേകിച്ചും.

ഇത് കുഴഞ്ഞ പ്രശ്‌നമാണ്. ഇന്ത്യയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ ജീവിതത്തില്‍ ഇതിനു സമാനമായ വിഷയങ്ങള്‍ കണ്ടെത്താം. ഭൂമി ശാസ്ത്രപരമായ, സാംസ്‌കാരികമായ സമാനതകള്‍ ഏറെ ഉണ്ടാകുമ്പോള്‍ പോലും ജനിച്ചു വളര്‍ന്നയിടത്തു നിന്നും പുറന്തള്ളപ്പെടുന്ന മനുഷ്യരുടെ ആധിക്കു പകരം വയ്ക്കാന്‍ മറ്റൊന്നില്ല. അതിര്‍ത്തികളും നിയമങ്ങളും മനുഷ്യര്‍ സൃഷ്ടിച്ചതാണ്. അതു മനുഷ്യര്‍ക്കു വേണ്ടി മാറ്റപ്പെടുമെന്നു പ്രതീക്ഷിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക