Image

എഴുത്തച്ഛൻ നാടകം: ഒരു ചക്കു പുരാണം (സന്തോഷ് പിള്ള)

Published on 02 December, 2023
എഴുത്തച്ഛൻ നാടകം: ഒരു ചക്കു പുരാണം (സന്തോഷ് പിള്ള)

വെള്ളിയാഴ്ച മദ്ധ്യാഹ്നം മൂന്നുമണിക്ക് നാടകം അവതരിപ്പിക്കണം, നാട്ടിൽനിന്നും, അമേരിക്ക, കാനഡ മുതലായ സ്ഥലങ്ങളിൽ നിന്നും വളരെ അധികം കലാപരിപാടികൾ അവതരിപ്പിയ്ക്കാനുള്ളതുകൊണ്ട് സമയ ക്ലിപ്തത കർശനമായും പാലിക്കണം. അനുവദിച്ചിരിക്കുന്ന സമയത്ത് നാടകം നടത്താൻ സാധിച്ചില്ല എങ്കിൽ മറ്റൊരു സമയവും അനുവദിക്കുകയില്ല. കൺവെൻഷനിലെ കലാപരിപാടികളുടെ ചുമതലവഹിക്കുന്ന വ്യക്തിയുടെ കർശന നിർദ്ദേശം.

ഡാലസ്സിൽ നിന്നും ഹൂസ്റ്റണിലേക്ക് നാലരമണിക്കൂർ യാത്രയുണ്ട്. എഴുത്തച്ഛൻ നാടക അഭിനേതാക്കളുടെ യാത്രക്കായി ഒരു മിനിബസ് വെള്ളിയാഴ്ച  അതിരാവിലെ അഞ്ചു മണിക്ക് ഡാളസ്സിൽ നിന്നും തയ്യാറാക്കി. നാടകത്തിന്  ആവശ്യമുള്ള  ചക്കുൾപ്പെടെയുള്ള മറ്റു സാമഗ്രികൾ കൊണ്ടുപോകാനായി ഒരു പിക്കപ്പും മിനിബസിനോടൊപ്പം യാത്രക്കായി ഒരുക്കി . എല്ലാവരും വാഹനങ്ങളിൽ കയറാൻ തുടങ്ങിയപ്പോഴേക്കും അപ്രതീക്ഷിതമായി  ഇടിമിന്നലും മഴയും ആരംഭിച്ചു. മാനത്തെ മഴക്കാറിനോടൊപ്പം, ചിതറിവീണ ഒരു കൊള്ളിയാൻ മിന്നൽ എല്ലാവരുടെയും നെഞ്ചിനുള്ളിലേക്ക് ഇടിച്ചുകയറി..

അയ്യോ ചക്ക്?

മഴയത്ത് ചക്ക്, പിക്കപ്പിൽ കൊണ്ടുപോയാൽ ഹൂസ്റ്റണിൽ എത്തുമ്പോൾ വെള്ളത്തിൽ കുതിർന്ന് എന്തു പരുവത്തിലാകും?

ഒരു കാർഗോ വാൻ കിട്ടാൻ എന്താണ് മാർഗ്ഗം? താങ്ക്സ്ഗിവിങ്ങ് അവധി ആയതിനാൽ വണ്ടി വാടകക്ക് കൊടുക്കുന്ന മിക്ക കടകൾക്കും  അവധി ആകുന്നു. ചക്കും, ഭടൻമാർ, യോദ്ധാക്കൾ ഒക്കെ ഉപയോഗിക്കുന്ന വാളുകൾ, കുന്തങ്ങൾ മുതലായ വലിയ സാധനങ്ങൾ കേടുപാടുകൾ കൂടാതെ എത്തിക്കാൻ ഒരു കാർഗോ വാൻ കൂടിയേ തീരു. അതിനുവേണ്ടിയുള്ള  അന്വേഷണത്തിന്റെ അവസാനം, നാടകത്തിൽ രണ്ട് റോളുകൾ അനായാസം അവതരിപ്പിക്കുന്ന ശ്രീകുമാറിൽ

വന്നു നിലച്ചു. ത്രിവേണി എന്ന  ഇന്ത്യൻ ഗ്രോസറിയും, കേറ്ററിംഗ് സർവീസും നടത്തുന്ന ശ്രീകുമാറിന്റെ കാർഗോ വാനിൽ  ഹൂസ്റ്റണിലേക്ക് നാടക സാമഗ്രികൾ കൊണ്ടുപോകാമെന്ന്  തീരുമാനിച്ചു.

നവംബറിലെ ഇരുട്ടിന് കട്ടികൂടുതലാണ്. ബ്രാഹ്മമുഹൂർത്തത്തിലും ഒട്ടും വിട്ടുവീഴ്ചയില്ല. മിനിബസിലെ യാത്രക്കാരോടു വിടചൊല്ലി ശ്രീകുമാർ വാൻ പാർക്ക് ചെയ്തിരിക്കുന്ന കടയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു. പിക്കപ്പിലെ സാധനങ്ങളെല്ലാം വാനിലാക്കി എട്ടുമണിയോടെ ഹൂസ്റ്റണിലേക്ക് യാത്ര ആരംഭിക്കാം എന്നും ശ്രീകുമാർ അറിയിച്ചു.

ആവൂ, സമാദാനമായി.....

സമയം രണ്ടുമണിയായപ്പോൾ ഹൂസ്റ്റണിലെ ഹിൽട്ടൺ ഹോട്ടലിൽ നാടകത്തിൽ പങ്കെടുക്കാൻ എത്തിയ  എല്ലാവരുടെയും ഹൃദയമിടിപ്പ് അധികരിക്കുവാൻ ആരംഭിച്ചു. ശ്രീകുമാറും,  വാനും ഇതുവരെ എത്തിയില്ലല്ലോ? ചക്കില്ലെങ്കിൽ ഒരുവിധത്തിലും നാടകം അവതരിപ്പിക്കുവാൻ സാധിക്കുകയില്ല. പലരും തുരുതുരെ ശ്രീകുമാറിനെ ഫോണിൽ വിളിക്കുവാൻ തുടങ്ങി.ഫോൺ എടുക്കുന്നില്ല.

മേക്കപ്പിട്ടു അരങ്ങിൽ കയറാൻ തയ്യാറായി നിൽക്കുന്നവരുടെ കണ്ണുകളിൽ ഉരുണ്ടു കൂടുന്ന ജലകണങ്ങൾ. ഓരോരുത്തരും അവരവരുടെ ഇഷ്ടദേവതകളെ അലസോരപ്പെടുത്താൻ ആരംഭിച്ചു.

സമയം ഇരട്ടി വേഗത്തിൽ പായുന്നുവോ?. രണ്ടുമണി മുപ്പത്തിയഞ്ചു മിനിറ്റ്, ശ്രീകുമാർ അതാ ഓടി പാഞ്ഞെത്തുന്നു. എന്തു സംഭവിച്ചു എന്തു സംഭവിച്ചു എന്ന് എല്ലാവരുടെയും ചോദ്യത്തിന്, എല്ലാം നാടകം കഴിഞ്ഞിട്ട് പറയാം, പോലീസ് പുറകേയുണ്ടോ? എന്നൊക്കെ പറയുന്നുണ്ടായിരുന്നു.

പിന്നീടെല്ലാം ഞൊടിയിടയിലാണ് സംഭവിച്ചത്. ചക്ക്,  വാനിൽ നിന്നിറക്കി ഹോട്ടലിലെ നാലാമത്തെ നിലയിലെ സ്റ്റേജിൽ എത്തിച്ചു. ശ്രീകുമാറിനെ കഥാപാത്രമാക്കി മാറ്റി, എഴുത്തച്ഛൻ നാടകം ഭാഷാ പ്രേമികൾക്ക് മുന്നിൽ സ്തുത്യർഹമായ വിധത്തിൽ അവതരിപ്പിക്കപ്പെട്ടു.

നാടകാവതരണത്തിനുശേഷം ഞങ്ങളെല്ലാവരും ശ്രീകുമാറിനു ചുറ്റും കൂടി യാത്ര വൈകിയതിന്റെ കാരണം അന്വേഷിച്ചു .

"ഹൂസ്റ്റണിലെത്താൻ ഒരുമണിക്കൂർ ബാക്കിനില്കുമ്പോൾ ഹൈവേ പോലീസ് വാൻ നിർത്തിച്ചു"

.അവർക്ക് എന്തോ സംശയം തോന്നി.

"എവിടെ പോകുന്നു? എവിടുന്നു വരുന്നു?"

"ഹൂസ്റ്റണിലെ ഹിൽട്ടൺ ഹോട്ടലിലേക്ക് പോകുന്നു. ഡാലസിൽ നിന്നും വരുന്നു".

"വാനിന്റെ പുറകിലെ വാതിൽ തുറക്കൂ?"

വാതിൽ തുറന്നതും. രണ്ടു വാളുകളും കുന്തങ്ങളും റോഡിലേക്കു വീണു.

"പിന്നീട് സംഭവിച്ചതെല്ലാം ഒരു ഭീകര സ്വപ്നമായിരുന്നു"

"ഇരുകൈകളും തലയുടെ പുറകിൽ വയ്ക്കൂ. പാതവക്കിലെ പുല്ലിൽ മുഖം താഴേക്കാക്കി കിടക്കൂ" പോലീസുകാരൻ ആജ്ഞാപിച്ചു.

അയാൾ പെട്ടെന്ന് തന്നെ റേഡിയോ എടുത്ത് ബാക്ക് അപ്പ് പൊലീസുകാരെ വിളിച്ചു മെസ്സേജ് അയച്ചു.

ഡാലസ്സിൽ നിന്നും ഒരുവണ്ടി ആയുധങ്ങളുമായി തീവൃവാദി ഹൂസ്റ്റൺ ഹിൽട്ടൺ ഹോട്ടലിനെ ലക്ഷ്യമാക്കി നീങ്ങിയിട്ടുണ്ട്. വണ്ടിക്കുള്ളിൽ ചെറിയ ന്യൂക്ലിയർ റിയാക്ടർ പോലെയുള്ള ഒരു വസ്തുവും ഉണ്ട്, ബോംബ് ആയിരിക്കാനാണ് സാദ്ധ്യത, ഫുഡ് സർവീസ് എന്ന പേരുള്ള വാനിലാണ് ആയുധങ്ങൾ ഒളിപ്പിച്ചു കടത്തുന്നത്."

“നിമിഷങ്ങൾക്കുളിൽ മൂന്നുനാലു പോലീസ്‌കാർ എൻ്റെ വാനെ കവർ ചെയ്ത് നിലയുറപ്പിച്ചു. എത്രസമയം അങ്ങനെ കിടത്തി എന്നറിയില്ല. അവസാനം ഇതെല്ലാം നാടകത്തിനു വേണ്ടിയുള്ളതാണെന്നും, ഹിൽട്ടണിൽ കൺവെൻഷൻ നടക്കുന്നുണ്ടെന്നുമെല്ലാം അറിയിച്ചു. അവർ ഹോട്ടലിലെ പ്രോഗ്രാം  ലിസ്റ്റെല്ലാം ഇന്റെർനെറ്റിലൂടെ നോക്കി പറഞ്ഞതെല്ലാം സത്യമാണെന്ന് ഉറപ്പാക്കിയതിനുശേഷമാണ് എന്നെ വിട്ടയച്ചത്”

ഹൈവേയിൽ അരങ്ങേറിയ നാടകത്തിൽ വിജയിച്ചു വന്ന്, നടന്ന സംഭവങ്ങൾ ഹോട്ടലിലെ നാടകം കഴിയുന്നതുവരെ ആരെയും അറിയിക്കാതെ, തന്നിൽ നിക്ഷിപ്തമായ കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കിയ മാറ്റിയ കലാഭവൻ ശ്രീകുമാർ അർപ്പണ ഭാവത്തോടെ കലയെ പ്രണയിക്കുന്ന അതുല്യ പ്രതിഭയാകുന്നു.

മേക്കപ്പെല്ലാം മാറ്റുവാനായി പോകുന്ന ശ്രീകുമാറിനോട് ഞങ്ങളുടെ നാടക സംഘത്തിലെ ഒരു ബാലതാരം അറിയിച്ചു, " അങ്കിൾ, നെറ്റിയിൽ പറ്റിയിരിക്കുന്ന പുൽനാമ്പ് കൂടി കഴുകി കളഞ്ഞേക്കണേ".

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക