അമേരിക്കന്‍ മലയാളികളുടെ കലാ-സാംസ്‌കാരിക മണ്ഡലങ്ങളിലെ സജീവ സാന്നിധ്യമായ ശ്രീ. ഫ്രെഡ് കൊച്ചിന്‍ ശതാഭിഷിക്തനാകുന്നു. എണ്‍പതിന്റെ പൂര്‍ണ്ണതയിലേക്കെത്തുന്ന അദ്ദേഹത്തിന്റെ ജനനം 1943 ഡിസംബര്‍ 7-ന് ഫോര്‍ട്ട് കൊച്ചിയിലാണ്.
മലയാള നാടക വേദിയില്‍ നവോത്ഥാനത്തിന്റെ തിരി തെളിയിച്ച പ്രശസ്ത നാടകാചാര്യന്‍ ശ്രീ. എഡി മാഷാണ് ഫ്രെഡിയുടെ പിതാവ്. കേരള സംഗീത-നാടക അക്കാദമിയുടെ പരമോന്നത പുരസ്‌കാര ബഹുമതി നേടിയിട്ടുള്ള എഡി മാഷ് 'കൂട്ടുകുടുംബം', 'ഇതു മനുഷ്യനോ' തുടങ്ങിയ സിനിമകളിലും ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. വിശ്വപ്രസിദ്ധമായ 'ചെമ്മീന്‍' സിനിമയിലെ തുറയില്‍ അരയന്റെ വേഷം നിരൂപക പ്രശംസ നേടിയിട്ടുണ്ട്.
ഫ്രെഡ് കൊച്ചിന്‍
'മിന്നാമിനുങ്ങ്', 'സ്വര്‍ഗരാജ്യം' എന്നീ സിനിമകളില്‍ ഫ്രെഡിയുടെ മാതാവ് മേരി നായിക പ്രധാന്യമുള്ള റോളുകളില്‍ അഭിനയിച്ചിട്ടുണ്ട്.
1974 -ല്‍ ഉപരിപഠനാര്‍ത്ഥം സിറാക്യൂസില്‍ എത്തിയ ഫ്രെഡി, പിന്നീട് താമസം ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റിലേക്ക് മാറ്റി.
1978 ജനുവരി ഒന്നിനായിരുന്നു ഫ്രെഡ് കൊച്ചിന്റെ വിവാഹം. തിരുവല്ലയിലെ പ്രശസ്തമായ കോടിയാട്ട് കുടുംബത്തിലെ അംഗമായ ലിസിയാണ് ഭാര്യ. ഫ്രെഡിയുടെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ലിസിയുടെ അകമഴിഞ്ഞ പിന്തുണയുണ്ട്.
ഫ്രെഡ് കൊച്ചിന്‍ ഭാര്യ ലിസിക്കൊപ്പം
വിശ്വഗായകന്‍ യേശുദാസുമായി വളരെ ചെറുപ്പത്തിലേ തുടങ്ങിയ കുടുംബ സ്‌നേഹബന്ധം ഇന്നും അഭംഗുരം തുടരുന്നു. ദാസേട്ടന്റെ നിരവധി ഗാനമേളകളുടെ അമേരിക്കന്‍ സ്‌പോണ്‍സര്‍കൂടിയാണ് ഫ്രെഡി. കുടുംബ സമേതം ന്യൂര്‍ക്കിലെത്തുമ്പോള്‍ യേശുദാസ്, ഫ്രെഡിയുടെ വീട്ടിലാണ് താമസം. അദ്ദേഹത്തോടൊപ്പം വിവിധ നഗരങ്ങളില്‍ നടത്തിയ പര്യടനമാണ് ഫ്രെഡിയെ അമേരിക്കന്‍ മലയാളികള്‍ക്ക് സുപരിചിതനാക്കിയത്.
യേശുദാസിനൊപ്പം
ഫൊക്കാനയിലും, ഫോമയിലും നിരവധി തവണ കലാപരിപാടികളുടെ കോര്‍ഡിനേറ്ററും, അവതാരകനും ഫ്രെഡിയായിരുന്നു. പ്രശസ്ത കലാസംവിധായകന്‍ തിരുവല്ല ബേബിയോടൊപ്പം, നിരവധി വേദികളില്‍ അദ്ദേഹം അവതരിപ്പിച്ചിട്ടുള്ള നാടകങ്ങള്‍ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ നേടിയിട്ടുണ്ട്.
നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള ഫ്രെഡിയുടെ, തോപ്പില്‍ ഭാസി സംവിധാനം ചെയ്ത 'ഒരു സുന്ദരിയുടെ കഥ' എന്ന സിനിമയില്‍ ജയഭാരതി, കെ.പി.എ.സി ലളിത തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഗാനരംഗം ഇന്നും പ്രേക്ഷക മനസുകളില്‍ തങ്ങിനില്‍ക്കുന്നു. 'അഭയം', 'ഉദയം പടിഞ്ഞാറ്' തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.
ഫ്രെഡ് കൊച്ചിന്റെ മാതാപിതാക്കള്‍
പത്രപ്രവര്‍ത്തന രംഗത്തും ഫ്രെഡ് കൊച്ചിന്‍ സജീവമാണ്. അമേരിക്കയിലെ ആദ്യകാല മലയാള പ്രസിദ്ധീകരണമായ 'അശ്വമേധ'ത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായി ദീര്‍ഘകാലം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്റെ പ്രസിഡന്റായി സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചിട്ടുള്ള ഫ്രെഡ്, ഭാരത് എയ്ഡ് അസോസിയേഷന്‍ സെക്രട്ടറി, ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് കേരള സമാജം, വേള്‍ഡ് മലയാളി കൗണ്‍സില്‍, കാത്തലിക് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളിലും വിവിധ തസ്തികകളില്‍ തന്റെ പ്രവര്‍ത്തന മികവ് തെളിയിച്ചിട്ടുണ്ട്.
വിവിധ സംഘടനകളുടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഫ്രെഡ് കൊച്ചിനെ സ്റ്റാറ്റന്‍ഐലന്റ് മലയാളി അസോസിയേഷന്‍ 'ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ്' നല്‍കി ആദരിച്ചിട്ടുണ്ട്.
ഫ്രെഡ്, രാജു മൈലപ്രാ (ഫയല്‍ ഫോട്ടോ)
കൊച്ചിയിലെ Rangers ക്ലബിലാണ് ശതാഭിഷേക ചടങ്ങുകള്‍ നടക്കുന്നത്. നിരവധി കലാ-സാംസ്‌കാരിക പ്രമുഖര്‍ പങ്കെടുക്കുന്ന ഈ പരിപാടി ഡിസംബര്‍ എട്ടിനാണ് നടക്കുന്നത്.
സ്റ്റാറ്റന്‍ഐലന്റില്‍ ഭാര്യ ലിസിയോടൊപ്പം സന്തുഷ്ട കുടുംബ ജീവിതം നയിക്കുന്ന അദ്ദേഹത്തിന്റെ മക്കള്‍ അഭിലാഷ്, ഡോ. കവിത എന്നിവാണ്. കാവ്യ, പാര്‍വി, നിര്‍വി എന്നിവരാണ് കൊച്ചുമക്കള്‍.
ഞാനും ഫ്രെഡിയുമായുള്ള സൗഹൃദബന്ധം തുടങ്ങിയിട്ട് നാലു പതിറ്റാണ്ടാകുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളില്‍ എന്നും എന്നോടൊപ്പം ചേര്‍ന്നു നിന്നിട്ടുള്ള, നല്ല സുഹൃത്തായ ഫ്രെഡ് കൊച്ചിന് സ്‌നേഹനിര്‍ഭരമായ ജന്മദിനാശംസകള്‍ നേരുന്നു!