Image

നിര്‍മിത ബുദ്ധിയുടെ ചിറകിലേറി കോട്ടയത്തെ ബില്യണ്‍ ഡോളര്‍  ഇരട്ടകള്‍(കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 09 December, 2023
നിര്‍മിത ബുദ്ധിയുടെ ചിറകിലേറി കോട്ടയത്തെ ബില്യണ്‍ ഡോളര്‍  ഇരട്ടകള്‍(കുര്യന്‍ പാമ്പാടി)

നിര്‍മ്മിതബുധ്ധിയുടെ ചിറകിലേറി ക്ളൗഡ് കംപ്യൂട്ടിങ്ങില്‍   വിപ്ലവം സൃഷ്ട്ടിക്കുന്ന രണ്ടു കുര്യന്‍മാരുണ്ട്- കാലിഫോര്‍ണിയയില്‍ അതേര്‍ട്ടനിലെ തോമസ് കുര്യനും സാന്‍ ഹോസെയിലെ ജോര്‍ജ് കുര്യനും. കോടീശ്വരന്മാരായ ഇവര്‍  കോട്ടയംകാരാണ്, ഇരട്ടകളും. 1966ല്‍ ജനിച്ചു. 56 വയസ്.

ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചായിയെക്കാള്‍ ധനികന്‍

ചാറ്റ് ജിപിടി  കണ്ടുപിടിച്ച സാം ആള്‍ട്ട്മാനെ സിഇഒ ഓഫ് ദി ഇയര്‍ ആയി ടൈം മാഗസിന്‍ തെരഞ്ഞെടുക്കുകയും ജെമിനി എന്ന ആപ്ലിക്കേഷനുമായി ഗൂഗിള്‍ കമ്പനി ചാറ്റിനെതിരെ തിരിയുകയും ചെയ്ത ഈ  ദിവസങ്ങളില്‍ ക്ലൗഡ് രംഗത്തെ  സൂപ്പര്‍താരങ്ങള്‍ എന്ന് വിളിക്കപ്പെടുന്ന കുര്യന്‍മാരുടെ പ്രാധാന്യം അനുദിനം വളരുകയാണ്.

എഐ എന്ന നിര്‍മ്മിത ബുദ്ധി-ഇനിയുള്ള ലോകം

ഗൂഗിള്‍ ക്ളൗഡ് സിഇഒ  ആണ് തോമസ് കുര്യന്‍. നെറ്റ്ആപ് എന്ന സ്ഥാപനത്തിന്റെ സിഇഒ  ജോര്‍ജ് കുര്യന്‍. ഇരുവരും കോട്ടയത്തുനിന്ന് 20 കിമീ കിഴക്കു  കോട്ടയം-കുമളി ദേശീയപാതയില്‍ കോത്തല പുള്ളോലിക്കല്‍ കുടുംബത്തില്‍ ജനിച്ചവര്‍. ബാംഗ്‌ളൂര്‍ സെന്റ് ജോസഫ്സ് ബോയ്സ് ഹൈ സ്‌കൂളിലും മദ്രാസ് ഐഐറ്റിയിലും പ്രിന്‍സ്റ്റണിലും സ്റ്റാന്‍ഫഡിലും  ഒന്നിച്ചു പഠിച്ചവര്‍.

ഇരട്ടകളുടെ നടുവില്‍ അപ്പ, അമ്മ

രൂപം കൊണ്ടും ഭാവം കൊണ്ടും സംസാരം കൊണ്ടും ഒരുപോലിരിക്കുന്ന ഇവരെ തിരിച്ചറിയാന്‍ കൂട്ടുകാര്‍ പോലും വിഷമിക്കും. കൂട്ടുകാരെ അവര്‍ കളിപ്പിച്ചിട്ടുമുണ്ടെന്നു ഇരുവരും അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.  

ഇരുപതു വര്‍ഷം ഒറാക്കിള്‍  സിഇഒ ആയി പ്രവര്‍ത്തിച്ച്  കമ്പനിയെ ബില്യണ്‍ ഡോളര്‍ സ്ഥാപനമായി വളര്‍ത്താന്‍ മുഖ്യപങ്കു വഹിച്ച ആളാണ് തോമസ്. ക്ളൗഡില്‍ എത്തി രണ്ടു വര്‍ഷത്തിനുള്ളില്‍ സ്ഥാപനത്തിന്റെ  ലാഭം രണ്ടര ഇരട്ടിയായി വര്‍ധിപ്പിച്ചു.

ഗൂഗിള്‍ പരമാധികാരി സുന്ദര്‍ പിച്ചായിയെക്കാള്‍ സമ്പത്തുള്ള (ലോക സിഇഒമാരില്‍ ഏറ്റവും സമ്പത്തുള്ള രണ്ടാമത്തെ ഇന്ത്യക്കാരന്‍ എന്നാണ് ഒടുവിലത്തെ കണക്ക് (12,100 കോടി), ഒന്നാമത്തെയാള്‍ അരിസ്റ്റാ നെറ്റ് വര്‍ക്‌സ് സിഇഒ ജയശ്രീ ഉല്ലാല്‍-18,100  കോടി) തോമസ് ഏതെങ്കിലുമൊരു ദിനം പിച്ചായിയുടെ പകരക്കാരനാകുമെന്നും റിപ്പോര്‍ട്ടുണ്ട്.  

ഭാര്യ സ്റ്റാന്‍ഫഡ് പ്രൊഫ. ഡോ. അനിസനും  തോമസും

ശ്രീലങ്കയില്‍ സേവനം ചെയ്ത ശേഷം ഇന്ത്യയിലേക്കു മടങ്ങി വന്ന കെമിക്കല്‍ എന്‍ജിനീയര്‍ പിസി കുര്യന്റെയും മോളിയുടെയും നാലുപുത്രന്മാരില്‍ ഇളയവരാണ് തോമസും ജോര്‍ജും. മൂത്ത ജേഷ്ടന്‍ ജേക്കബ് കുര്യന്‍ ബാംഗളൂരില്‍. രണ്ടാമന്‍ ഡോ. മാത്യുകുര്യന്‍  ബ്രിട്ടനിലെ സൗത്ത് യോര്‍ക് ഷെയറില്‍  മാത്യുവിനേക്കാള്‍  11 വര്‍ഷം ഇളപ്പമാണ് ഇരട്ടകള്‍.  

പുള്ളോലിക്കല്‍ ചാക്കോച്ചന്റെ ഏഴു ആണ്മക്കളില്‍ എഞ്ചിനീയറിങ് കോളജില്‍ പഠിക്കാന്‍ പോയ ഏകയാള്‍ പിസി കുര്യനായിരുന്നു. മെഡിസിന് പോയ ഏക മകന്‍ ജോര്‍ജ് ജേക്കബും. ഇംഗ്ലണ്ടില്‍ നിന്ന് എംആര്‍സിപി എടുത്ത് മടങ്ങിവന്നു കോട്ടയം മെഡിക്കല്‍ കോളജില്‍ കാര്‍ഡിയോളജി വകുപ്പ് സ്ഥാപിച്ചു.

നെറ്റ്ആപ് മേധാവി ജോര്‍ജ് കുര്യന്‍

കെമിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ കുര്യന്‍  പശ്ചിമ ബംഗാളിലെ ബാംഗൂര്‍ കമ്പനിയിലും തമിഴ്നാട്ടിലെ റാണിപ്പെട്ടില്‍  പ്യാരി ആന്‍ഡ് കമ്പനിയിലും സേവനം ചെയ്തു. ഒടുവില്‍ ബാംഗളൂരിലെ ഗ്രാഫൈറ്റ് ഇന്ത്യ ലിമിറ്റഡിന്റെ ജനറല്‍ മാനേജരായി. ഭാര്യ അടൂര്‍ അറപ്പുരക്കല്‍ മോളി സ്വര്‍ണമെഡലോടെ ബിരുദം നേടിയ ആള്‍.

ഭര്‍ത്താവ് ജോലി സംബന്ധമായി മിക്കപ്പോഴും അകലെയായിരുന്നതിനാല്‍ കുട്ടികളെ വളര്‍ത്തി പഠിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിച്ചത് അവരുടെ അമ്മയായിരുന്നു. മക്കളെ  നോക്കാന്‍ വേണ്ടി മറ്റു ജോലികള്‍ വേണ്ടെന്നു വച്ചയാള്‍.

പ്രിന്‍സ്റ്റന്‍ സഹപാഠികളോടൊപ്പം

ജേക്കബ് കുര്യന്‍ ട്രിച്ചി എന്‍ഐറ്റിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദവും ജംഷഡ്പൂര്‍ എക്‌സെല്‍ആര്‍ഐയില്‍ നിന്ന് എംബിഎയും നേടി ടൈറ്റാന്‍ ഇന്ഡസ് ട്രീസിന്റെ തനിഷ്‌ക് ജൂവലറിയെ തകര്‍പ്പന്‍ വിജയത്തിലേക്ക് നയിച്ചു. ഇപ്പോള്‍ സില്‍ക്ക് റൂട്ട് അഡ്വൈസേഴ്‌സ് എന്ന പ്രൈവറ്റ്  ഇക്യുറ്റിയുടെ പാര്‍ട്‌നറും അവര്‍ക്കു ഭൂരിഭാഗം ഓഹരിയുള്ള വാസുദേവ് അഡിഗ എന്ന ഫാസ്‌റ് ഫുഡ് ചെയിനിറെ സിഇഒയും.

പീഡിയാട്രീഷ്യനായ അനുജന്‍ മാത്യു മദ്രാസ് മെഡിക്കല്‍ കോളജില്‍ പഠിച്ച് ഇംഗ്ലണ്ടിലേക്കു കുടിയേറിയ ആളാണ്. സൗത്ത് യോര്‍ക് ഷെയറിലെ ഡങ്കാസ്റ്ററില്‍ നാഷണല്‍ ഹെല്‍ത് സര്‍വീസിന്റെ റെസ്പിറേറ്ററി പീഡിയാട്രിക് വിദഗ്ദ്ധന്‍.

 നോര്‍ത്ത് കരോലിനയില്‍ പൂള്‍  കോളേജ് ഓഫ് മാനേജ്മെന്റില്‍

പിസി കുര്യന്‍ 2015 സെപ്റ്റംബറില്‍ കോത്തലയിലെയിലെ വീട്ടില്‍ അന്തരിച്ചു. മക്കളെല്ലാം നല്ല നിലയിലായപ്പോള്‍ അമ്മ ഒറ്റക്കായി. കുറേക്കാലം ബാഗ്ലൂരില്‍ കന്യാസ്ത്രീകള്‍ നടത്തി  വന്ന സെന്റ് അഗസ്റ്റിന്‍ ഹോമില്‍ അന്തേവാസിയായി. ഒടുവില്‍ മക്കള്‍ കൂട്ടികൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം   കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം.

ബാംഗളൂരില്‍ പ്ലസ് ടു കഴിഞ്ഞയുടന്‍ തോമസും ജോര്‍ജും  അമേരിക്കയില്‍ ബിരുദത്തിനു ചേരാന്‍ യോഗ്യത തെളിയിക്കുന്ന സാറ്റ് (സ്‌കോളാസ്റ്റിക് അസ്സെസ്സ്‌മെന്റ് ടെസ്റ്റ്--കണക്ക്, സംസാരശേഷി, എഴുത്ത് പരീക്ഷ) പാസായി.

 ഇരുവര്‍ക്കും മദ്രാസ് ഐഐടിയില്‍ പ്രവേശനം ലഭിച്ചു വെങ്കിലും അത് ആറു മാസമേ നീണ്ടുനിന്നുള്ളു. . പതിനേഴാമത്തെവയസില്‍ അവര്‍ ന്യുയോര്‍ക്കില്‍ വിമാനം ഇറങ്ങി. പ്രിന്‍സ്റ്റനില്‍ സ്‌കോളര്ഷിപ്പോടെ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങ് ഡിഗ്രി കോഴ്സിന്  പ്രവേശനം ലഭിച്ചതാണ് കാരണം.

കോട്ടയത്ത് അങ്കിള്‍ ഡോ. ജോര്‍ജ് ജേക്കബുമൊത്ത്

 അമേരിക്കയിലെ ജീവിതസൗകര്യങ്ങള്‍  ആദ്യം തങ്ങളെ അമ്പരിപ്പിച്ചുവെന്നു തോമസും ജോര്‍ജും സാക്ഷ്യപ്പെടുത്തുന്നു. ന്യൂജേഴ്സിയിലര്‍ ഒരു സ്റ്റോറില്‍ ബ്രെഡ് വാങ്ങാന്‍ പോയ അവര്‍ നിരവധി തരത്തിലുള്ള ബ്രെഡ് കണ്ടു വിസ്മയിച്ചു. പ്രിന്‍സ് റ്റനിലെ സ്‌കോളര്‍ഷിപ് മതിയാകാതെ വന്നപ്പോള്‍ റെസ്റ്റോറന്റുകളില്‍ പരിചാരകരായും പാത്രംകഴുകുന്നവരായും പിസാ ഷോപ്പിലും ബാറിലും വില്പനക്കാരായും നിന്ന് വരുമാനം കണ്ടെത്തി.  

പ്രിന്‍സ്ടനില്‍ തോമസ് ഒന്നാം ക്ലാസ്സും ഒന്നാം റാങ്കും നേടിയപ്പോള്‍ ജോര്‍ജ് ഒന്നാം ക്ലാസും രണ്ടാം റാങ്കും കരസ്ഥമാക്കി. അങ്ങിനെ  ജോലി എളുപ്പമായി.  ഇരുവരുംമക്കിന്‍സി ആന്‍ഡ് കമ്പനിയില്‍ ആറു  വര്‍ഷം ജോലിചെയ്തു.  സ്റ്റാന്‍ഫഡ് ഗ്രാഡുവേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍ നിന്ന് രണ്ടുപേരും എംബിഎയും നേടി. ഒരാള്‍ ജോലിചെയ്തു മറ്റെയാളെ സഹായിക്കുക എന്നതായിരുന്നു അവരുടെ പ്രമാണം. അങ്ങിനെ മാറിമാറി ജോലിചെയ്തു പഠിച്ചു.  

തോമസും ജോര്‍ജും ഒന്നിച്ചാണ് ഒറാക്കിളില്‍ ചേര്‍ന്നത്. തോമസ് ഒറാക്കിളില്‍ 20  വര്‍ഷം സേവനം തുടര്‍ന്നപ്പോള്‍  ജോര്‍ജ് അക് മായി, സിസ്‌കോ  എന്നീകമ്പനിലേക്ക് ചുവടുമാറ്റി. ഒടുവില്‍ നെറ്റ് ആപ്പില്‍  എത്തി രണ്ടുപതിറ്റാണ്ടിലേറെയായി തുടരുന്നു. അങ്ങിനെയാണ് സൈബര്‍ യുഗത്തിലെ വിജയകരമായ സുദീര്‍ഘ പ്രയാണത്തിന് ഇരുവരും തുടക്കം കുറിക്കുന്നത്. .

ജോര്‍ജ്,  ഭാര്യ സിഗ്‌നെ, മകന്‍ എലിജ

ഒറ്റനോട്ടത്തില്‍ ഒറാക്കിളും നെറ്റ്ആപ്പും ഡേറ്റ മാനേജ്മെന്റ് കമ്പനികളാണ്. അവര്‍ നിര്‍മ്മിക്കുന്ന സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ലോകമാസകലമുള്ള സ്ഥാപനങ്ങള്‍ നെറ്റ് ആപ്ലിക്കേഷനുകള്‍ സൃഷ്ട്ടിക്കുന്നു. ഈ അപ്ലികേഷനുകളാണ് ആഗോള ബിസിനസ് ശ്രുംഘലകളെ സൃഷ്ടിക്കുന്നതും കൂട്ടിയിണക്കുന്നതും.

തോമസ് കുര്യന്റെയും ജോര്‍ജ് കുര്യന്റെയും ഫോക്കസ് പ്രൊഡക്ടുകള്‍ സൃഷ്ട്ടിക്കുന്നതിനേക്കാള്‍ അവയുടെ വില്പനയിലാണ്. ആദ്യം ചെയ്തത് സെയില്‍സ് സ്റ്റാഫിന്റെ വേതനം ഇരട്ടിയാക്കുകയാണ്. 30,000 ഡോളറില്‍ നിന്ന് 60,000 ഡോളര്‍. ബോണസും കമ്മീഷനും വേറെ. പരിചയസമ്പന്നരായ സ്റ്റാഫ് എതിര്‍കമ്പനികളില്‍ നിന്നു ഇവരുടെ സ്ഥാപനങ്ങളിലേക്ക് പൊഴിഞ്ഞുവരാന്‍ തുടങ്ങി. 'നാശം! ഞാന്‍ ഇനി എന്ത് ചെയ്യും!' എന്ന് മുന്‍ കമ്പനിയുടെ സിഇഒ  വിലപിച്ചുവത്രെ.

സൈബര്‍ രംഗത്ത് കടന്നുവന്നിരിക്കുന്ന ഏറ്റവും പുതിയ ആയുധമായ  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  (എഐ) എന്ന നിര്‍മിത ബുദ്ധി ഉപയോഗിച്ച് ഡേറ്റ മാനേജ്മെന്റ് സേവനങ്ങള്‍ എളുപ്പത്തിലും ചെലവുകുറച്ചും ചെയ്യാമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.  ഈ ലോകത്ത് വിപ്ലവകരമായ മാറ്റത്തിനു അതിടയാക്കും. ഇന്ത്യയിലെ 32,000 വരുന്ന ഗൂഗിള്‍ ക്ളൗഡ് സ്റ്റാഫിനെ അതിനു സജ്ജരാകുകയാണ് തോമസ് ഇപ്പോള്‍.

ജെറ്റ് സെറ്റ് ജീവിതത്തിന്റെ തിരക്കിനിടയിലും തോമസും ജോര്‍ജും ഇടയ്ക്കിടെ തങ്ങള്‍ ജനിച്ചുവളര്‍ന്ന കോട്ടയത്തെ ഗ്രാമത്തിലും പഠിച്ചു വളര്‍ന്ന സിറ്റികളിലും വന്നു പോകാറുണ്ട്.

ഇരുവരും വിവാഹിതരാണ്. സ്റ്റാന്‍ഫഡ് മെഡിക്കല്‍ സ്‌കൂളില്‍ മെഡിസിന്‍ പ്രൊഫസറും ഓങ്കോളജിസ്റ്റുമായ ഡോ. അനിസണ്‍ വാല്‍ഷ് കുര്യനാണു തോമസിന്റെ ഭാര്യ. ഒരു മകനുണ്ട്-ഷോണ്‍. പണ്ട് താന്‍ ജോലിചെയ്തിരുന്ന അകമായി കമ്പനിയിലുണ്ടായിരുന്ന സിഗ്‌നെയാണ് ജോര്‍ജിന്റെ ഭാര്യ. എംബിഎക്കാരി. രണ്ടുമക്കള്‍. പുത്രന്‍ എലിജ.  


ചിത്രങ്ങള്‍

1. ക്ളൗഡ് ഇരട്ടകള്‍-തോമസ് കുര്യന്‍, ജോര്‍ജ് കുര്യന്‍

Join WhatsApp News
Reader 2023-12-09 15:51:59
Oh my God !. How impressive. I am also from Kottayam and a loser.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക