മരണം പോലെ തന്നെ ജീവിതത്തിൽ അനിവാര്യമായ ഒന്നാണ് വാർദ്ധക്യവും . ചെറുപ്പത്തിലേ ആയുസ്സു തീർന്നു പോയില്ലെങ്കിൽ എല്ലാ മനുഷ്യരും ഈ ദശയിലൂടെ കടന്നു പോയെ തീരൂ. എന്തു പറഞ്ഞാലും വാർദ്ധക്യം അത്ര നല്ല സമയമല്ല മനുഷ്യ ജന്മത്തിൽ . ഓരോരോ അസുഖങ്ങൾ, ക്ഷീണം, തളർച്ച, നഷ്‌ടപ്പെട്ട് പോയ സൗന്ദര്യം, ഏകാന്തത - ഇതൊക്കെ വാർദ്ധക്യത്തിന്റെ സന്തത സഹചാരികളാണ്.
വാര്‍ദ്ധക്യത്തിന് ഇന്ന് വളരെയധികം മാറ്റം സംഭവിച്ചിരിക്കുന്നു. സ്കൂൾ കാലഘട്ടത്തിൽ ജൂബയും, കാലൻ കുടയും , നരച്ച മുടിയുമായി വരുന്ന മാഷുമാരുടെയും, നമ്മുടെ മുത്തശ്ശി, മുത്തശ്ശൻമാരുടേയുമെക്കെ രൂപം നമ്മുടെ മനസ്സിൽ ഉണ്ട്. അവരെപ്പറ്റി നമുക്കുണ്ടായിരുന്നു ധാരണ, പ്രായമായി ഏത് നിമിഷവും ഈ ലോകത്തു നിന്നും അപ്രത്യക്ഷമാകാവുന്ന കുറെ മനുഷ്യർ എന്നായിരുന്നു. ഇന്നിപ്പോൾ കാലം മാറി , അവസ്ഥ മാറി, വാര്‍ദ്ധക്യത്തെപ്പറ്റിയുള്ള നമ്മുടെ സങ്കൽപ്പങ്ങളും മാറി.
കൃത്രിമത്വം കാണിക്കാതെ ജീവിതത്തിന്റെ വിവിധ അവസ്ഥകളെ അതേപടി സ്വീകരിച്ചിരുന്ന പണ്ടത്തെ മനുഷ്യന്റെ ചിന്തകള്‍ക്കും ജീവിത രീതിക്കും ഇന്ന് വ്യത്യാസം വന്നിരിക്കുന്നു. വെളുത്ത തലമുടിയുള്ള കൂട്ടര്‍ ഇപ്പോള്‍ വിരളം. മുത്തശ്ശിക്ക് കഥപറയാനോ ലാളിക്കാനോ ഇന്ന് സമയമില്ല, അല്ലെങ്കിൽ മുത്തശ്ശിമാരില്ല എന്നതാണ് സത്യം. വാര്‍ദ്ധക്യം എന്ന സങ്കൽപ്പത്തിന് ഇന്ന് വളരെയധികം മാറ്റം സംഭവിച്ചിരിക്കുന്നു. കാലത്തിന് അനുസരിച്ചുള്ള ഒരു മാറ്റമായിരിക്കാം അത് എന്ന് വിശ്വസിക്കുമ്പോഴും സങ്കൽപ്പങ്ങൾ പലതും മാറ്റി എഴുതേണ്ട സമയമായിരിക്കുന്നു എന്നതാണ് സത്യം.
ഒന്ന് തിരിഞ്ഞു നോക്കുബോൾ ഇത്രയും കാലം ജീവിച്ചതിൽ ഏറ്റവും നല്ലത് കുട്ടിക്കാലം തന്നെ ആയിരുന്നു. കുട്ടി ആയിരിക്കുമ്പോൾ തോന്നും ഒന്ന് പെട്ടെന്ന് വലുതായാൽ മതി എന്ന്. വലിയവർക്ക് പഠിക്കേണ്ട, എവിടെ വേണമെങ്കിലും പോകാം, എത്ര വേണമെങ്കിലും കഥകൾ വായിക്കുകയും ടി.വി കാണുകയുമൊക്കെ ചെയ്യാം എന്നൊക്കെ ആയിരുന്നു അപ്പോൾ തോന്നുന്നത്. പക്ഷെ വലുതായപ്പോൾ ആണ് തിരിച്ചു ചിന്തിച്ചു പോകുന്നത് . എത്ര മനോഹരമായിരുന്നു കുട്ടികാലം!! എല്ലാവരും സ്നേഹത്തോടെ മാത്രം നോക്കിയിരുന്ന കാലം. കളിച്ചും ചിരിച്ചും മാത്രം നടന്ന ആ കാലം, അങ്ങനെ ഒരു കാലത്തേക്ക് തിരിച്ചു പോകുവാൻ വല്ലാത്തൊരു മോഹം.
കുട്ടിയായിരിക്കുമ്പോൾ മുത്തശ്ശിയുടെ മടിയിൽ കിടന്നു കഥകൾ കേട്ടിരുന്ന ഞാൻ ഒരിക്കൽ മുത്തശ്ശിയോട് ചോദിച്ചു, എന്തിനാണ് മനുഷ്യർ വയസ്സാകുന്നത്, ചെറുപ്പമായി തന്നെ അന്ത്യം വരെ ജീവിച്ച് മരിച്ചാൽ എത്ര നന്നായിരുന്നു? മുത്തശ്ശി എന്നോടായി പറഞ്ഞു എന്നും നമ്മൾ ചെറുപ്പമായി മാത്രം ഇരുന്നാൽ ജീവിതത്തോടുള്ള ഭ്രമം തീരുമോ? മരിക്കാൻ മനസ്സുണ്ടാകുമോ? ഇല്ല. വാർദ്ധക്യം എന്നത് ജീവിതത്തിന്റെ അവസാന സ്റ്റേജ് ആണ്. നാം ഈ ലോകത്തുനിന്നും അപ്രത്യക്ഷമാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്. വാർദ്ധക്യം ജീവിതത്തോട് വിരക്തി ഉളവാക്കും" അങ്ങനെ നമ്മൾ മാനസികമായി ജീവിതം മടുക്കും. അപ്പോൾ നമുക്ക് മരിക്കുവാൻ ഭയമുണ്ടാവില്ല. പതുക്കെ പതുക്കെ നാം ഈ ലോകത്തു നിന്നും അപ്രത്യക്ഷമാകും.
ഒരുകാലത്ത് സുന്ദരികളും സുന്ദന്മാരുമായിരുന്നവർ തല നരച്ച്, മുടി കൊഴിഞ്ഞ്, നിറം മങ്ങി, തൊലി ചുളിഞ്ഞ്, ഏകാന്തതയും രോഗങ്ങളും കൂടപിറവികളായി മാറുന്ന ഒരു അവസ്ഥ ആരെയാണ് വേദനിപ്പിക്കാത്തത് . ചെറുപ്പക്കാരുടെ ഒക്കെ വിചാരം പ്രായമായവർക്ക് ഒന്നും അറിയില്ല, അല്ലെങ്കിൽ അവർ കാലത്തിനു അനുസരിച്ചു മാറിയിട്ടില്ല എന്നുള്ളതാണ്. പോരെങ്കിൽ "പുരാവസ്തു എന്ന ഓമനപ്പേരും !!!. വയസ്സായവരെ മക്കളും മരുമക്കളും കൊച്ചു മക്കളുമെല്ലാം അവഗണിക്കുന്നതും വെറുക്കുന്നതും അവരെ വേദനിപ്പിക്കും.ദ്രോഹിക്കുന്നതുമായ കഥകൾ എത്രവേണമെങ്കിലുമുണ്ട്. സിനിമയിലും സീരിയലിലും കഥകളിലും നോവലുകളിലും മാത്രമല്ല ജീവത്തിലും നാം വളരെ അധികം കാണാറുണ്ട് . നമ്മൾ അവരിൽ ഒരാളാവരുത് എന്ന് ചിന്തിച്ചു ഉറപ്പിച്ചാലും കാലം നമ്മളെ ആ സ്റ്റേജിൽ എത്തിക്കുന്നതാണ് കാണാൻ പലയിടത്തും സാധിക്കുന്നത് .
കാലം കടന്നു പോകുമ്പോള്‍ മനുഷ്യശരീരത്തില്‍ ദൈവം ചില രൂപഭാവങ്ങൾ വരുത്തുന്നു. നാം അറിയാതെ കാലം നമുക്ക് തരുന്ന അടയാളങ്ങൾ ആണ് അത്. കാലക്രമേണ സംഭവിക്കുന്നത് കൊണ്ട് നാം തന്നെ അറിയാതെ നമ്മളിൽ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. ചിലർക്ക് അത് വളരെ ദുസ്സഹവും, ആ അവസ്ഥയോട് പൊരുത്തപെടാന്‍ ബുദ്ധിമുട്ടും അനുഭവപ്പെടുമ്പോള്‍ അവർ കാലത്തിനെതിരെ സഞ്ചരിക്കുന്നു. എന്നിരുന്നാലും "വാര്‍ദ്ധക്യം'' എന്ന ഭീകരന്‍ നമ്മളുടെ മുകളിൽ ആധിപത്യം സ്ഥപിച്ചിരിക്കും . ചിലർ ഇത് കണ്ടില്ല എന്ന് നടിച്ചു കാലത്തിന് എതിരെ നടക്കുബോൾ സമൂഹം നമ്മെ നോക്കി ചിരിക്കുന്നുണ്ടാകും.
വാര്‍ദ്ധക്യത്തിൽ തന്നെയല്ല ചെറുപ്പത്തിലും വാര്‍ദ്ധക്യം എന്ന അവസ്ഥ വന്നേക്കാം. മനസ്സില്‍ സ്വപ്നങ്ങള്‍ക്ക് പകരം ഒരാള്‍ക്ക് നിരാശ നിറയുമ്പോഴും, രോഗികൾ ആകുബോഴും വാര്‍ദ്ധക്യം എന്ന അവസ്ഥ അല്ലെങ്കിൽ ജീവിത്തോടുള്ള വെറുപ്പ് വരാറുണ്ട് എന്ന് മുത്തശ്ശി പറയുമായിരുന്നു. കാലത്തിനനുസരിച്ച് ശരീരത്തില്‍ മാറ്റങ്ങള്‍ സംഭവിക്കുബോൾ മനസ്സും ആ മാറ്റങ്ങള്‍ ഉൾകൊണ്ടാൽ നമുക്ക് സന്തോഷമായി ജീവിക്കാൻ കഴിയും . നമ്മുടെ അവസാനിക്കാത്ത ആഗ്രഹങ്ങളാണ് ദുഃഖങ്ങളും പ്രയാസങ്ങളും കഷ്ടതകളും നല്‍കുന്നത്. പക്ഷേ ആഗ്രഹങ്ങളെ പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ട് നമുക്കു ജീവിക്കുവാനും സാധിക്കുകയില്ല.
വളരെ അധികം മാനസിക സമ്മർദ്ദങ്ങൾ ഉള്ള ഒരു സമയമാണ് വാര്‍ദ്ധക്യം. പ്രായമായവരുടെ വൈകാരിക ആവശ്യങ്ങൾക്ക് അനുയോജ്യവും സംവേദനക്ഷമവുമായ ഒരു സാമൂഹിക ചുറ്റുപാടുകൾ സൃഷ്ടിക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റത്തിന് അനുസരിച്ചു അവരിലും ഒരു മാറ്റം അനിവാര്യം ആണ്.
പ്രായമായവരെ കഴിവതും സമൂഹത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കരുത് . അവരുടെ അനുഭവങ്ങൾ പുതിയ തലമുറകളിലേക്ക് പകർന്നു നൽകുവാൻ വേദികൾ ഉണ്ടാകണം. വാർദ്ധക്യക്ലബ്ബുകൾ പോലുള്ള
സംഘടനകൾ രൂപികരിച്ചു സമപ്രായത്തിലുള്ള ആളുകളുമായി ആശയവിനിമയത്തിനു അവസരമുണ്ടാകണം. അവരിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പെൻഷൻ പോലുള്ള പദ്ധതികൾ നടപ്പാകുകയാണെങ്കിൽ വയോധികർ ഒരു ബാധ്യത അല്ല മറിച്ച് അവർ രാജ്യത്തിന്റെ സമ്പത്താണ് എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറും.
ഒരാൾ ഈ ലോകത്തു നിന്നും അപ്രത്യക്ഷമാകുബോൾ അവിടെ പുതിയ ഒരു കുഞ്ഞു കരഞ്ഞുകൊണ്ട് ജനിക്കുന്നു. അവർ ചരിത്രം പഠിച്ചു പുതിയ ചരിത്രങ്ങൾ എഴുതട്ടെ !! കാലത്തിന്റെ പ്രയാണത്തെ നമുക്ക് പിടിച്ചുനിർത്താനാവില്ലല്ലോ??? കാലത്തിനു അനുസരിച്ചുള്ള മാറ്റങ്ങൾ സമൂഹത്തിലും ഉണ്ടാക്കട്ടെ !!!