Image

യുക്രൈൻ- ആയുധ വ്യവസായികളുടെ പരീക്ഷണശാല! (ജെ. മാത്യൂസ്)

Published on 11 December, 2023
യുക്രൈൻ- ആയുധ വ്യവസായികളുടെ പരീക്ഷണശാല! (ജെ. മാത്യൂസ്)

                                                                                                                             അമേരിക്ക കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ആയുധ ശക്തിയായി കരുതപ്പെടുന്ന റഷ്യ ഒരു ചെറിയ സ്വതന്ത്ര രാജ്യമായ യുക്രൈനിനെതിരെ 2022 ഫെബ്രുവരി 24- ന് ആരംഭിച്ച സൈനികാക്രമണം ഇപ്പോഴും തുടരുന്നു. സാമാന്യ ബുദ്ധിക്കും യുക്തിചിന്തക്കും  നിരക്കാത്ത  ചില നിഗൂഢതകൾ ഈ ആക്രമണ പ്രത്യാക്രമണങ്ങളിൽ പ്രകടമാണ്. ഒരു വൻ ആയുധശക്തിയായ റഷ്യക്ക് ആയുധബലമില്ലാത്ത ചെറിയ അയൽരാജ്യമായ യുക്രൈനിനെ കീഴ്‌പ്പെടുത്തി ആധിപത്യമുറപ്പിക്കാൻ മണിക്കൂറുകളേ വേണ്ടിയിരുന്നുള്ളു.
പക്ഷേ,രണ്ടുവര്ഷത്തോളമായിട്ടും ഇന്നും ആക്രമിച്ചും ആക്രമിക്കപ്പെട്ടും രണ്ടു രാജ്യങ്ങളും യുദ്ധത്തിൽ തന്നെ.
1922 മുതൽ 1991 വരെ - 70 വർഷത്തോളം യുക്രൈനും റഷ്യയും USSR-ന്റെ ഘടകരാജ്യങ്ങളായിരുന്നു. ഇരു രാജ്യങ്ങൾക്കും എതിരാളിയുടെ  യുദ്ധതന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ശരിക്കും അറിയാം. 
ഈ ആക്രമണത്തിൽ,  നേരിട്ടല്ലെങ്കിലും NATO ഒരു പ്രധാന ഘടകമാണ്, രാസത്വരകമാണ്! 
NATO -യിൽ അംഗമാകാനുള്ള യുക്രയിനിന്റെ തീവ്രമായ ആഗ്രഹവും 
NATO -യുടെ   തന്ത്രപരമായ പ്രതികരണവും റഷ്യക്ക് ആശങ്കയുളവാക്കി.
NATO-യിൽ അംഗമായാൽ, യുക്രയിൻ റഷ്യക്കു ഭീഷണിയായ ഒരു ആയുധകേന്ദ്രമാകുമെന്ന് റഷ്യ നിരീക്ഷിക്കുന്നു. അക്കാരണത്താൽ, യുക്രയിനിന്റെ NATO പ്രവേശനത്തെ റഷ്യ ശക്തിയായി എതിർക്കുന്നു. സമാനമായ ഒരു ചരിത്രസംഭവം ഈ അവസരത്തിൽ പരിഗണനീയമാണ്- 1962-ലെ ‘ക്യൂബൻ മിസൈൽ ക്രൈസിസ്’. ലോകത്തെ ഒരു ആണവ യുദ്ധത്തിന്റെ വക്കത്തെത്തിച്ചതാണത്. ക്യൂബയിൽ മിസൈൽ സ്ഥാപിക്കാനുള്ള  സോവ്യറ്റ് നേതാവ് നികിതാ ക്രൂഷ്ചേവിന്റെ നടപടികൾ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി ശക്തിയായ ഭാഷയിൽ വിലക്കി. കാരണമായി പറഞ്ഞത് അമേരിക്കയുടെ സുരക്ഷക്ക് അത് ഭീഷണിയാകുമെന്നാണ്. 60 വർഷങ്ങൾക്കുശേഷം  ഇന്ന് സമാനമായ ഒരു പ്രതിസന്ധിയാണ് യുക്രയിൻ-നാറ്റോ-റഷ്യൻ ആയുധസംഘർഷത്തിൽ ആവർത്തിക്കുന്നത്.
NATO-യുടെ (North Atlantic Treaty Organization ) ഇന്നത്തെ ലക്ഷ്യത്തിലും ഉദ്ദേശശുദ്ധിയിലും റഷ്യക്ക് ആശങ്കയുണ്ട്. 1949 -ൽ, യു എസ് എ യുടെ നേതൃത്വത്തിൽ ബ്രിട്ടനും ഫ്രാൻസും ഇറ്റലിയും ഉൾപ്പെടെയുള്ള 12 രാജ്യങ്ങൾ ചേർന്ന് രൂപീകരിച്ച 
സംഘടനയാണ് NATO. സോവിയറ്റുയൂണിയന്റെ (കമ്മ്യൂണിസ്റ്റ്) വ്യാപനം, സംഘടിതമായ ആയുധശക്തികൊണ്ട് തടയുക എന്നുള്ളതായിരുന്നു NATO -യുടെ മുഖ്യ ലക്ഷ്യം. 1991-ൽ സോവ്യറ്റ് യൂണിയൻ ശിഥിലമായി, റഷ്യ മിക്കവാറും ഒറ്റപ്പെട്ടു. ബോറിസ് യെൽട്സിൻ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭരണം ഏറ്റെടുത്തു. സോവ്യറ്റ് യൂണിയനും കമ്മ്യൂണിസ്റ്റ് വ്യാപനഭീഷണിയും പൂർണ്ണമായും ഇല്ലാതായസ്ഥി തിക്ക് നാറ്റോ തികച്ചും അപ്രസക്തമായിക്കഴിഞ്ഞിരുന്നു. പക്ഷേ, നാറ്റോ കൂടുതൽ ശക്തി ആർജിക്കുകയായിരുന്നു. USSR-ന്റെ തകർച്ചക്കു മുൻപ് നാറ്റോയുടെ അംഗബലം 16 രാജ്യങ്ങളായിരുന്നു. സോവിയറ്റ് യൂണിയനിൽ നിന്ന് വിഘടിച്ചുപോന്ന രാജ്യങ്ങളെ കൂട്ടിച്ചേർത്ത് അംഗസംഖ്യ 31 ആയി വർധിപ്പിച്ചു. 
ഈസ്റ്റോനിയ, ലാത്വിയ, ലിതുവേനിയ തുടങ്ങിയ റഷ്യയുടെ അയൽ രാജ്യങ്ങൾ നാറ്റോയുടെ അംഗങ്ങളായിക്കഴിഞ്ഞു, തൊട്ടപ്പുറത്തു പോളണ്ടും. ഇവയൊക്കെ ഒരിക്കൽ റഷ്യക്ക് എതിരെ തിരിയാൻ സാദ്ധ്യതയുള്ള നാറ്റോ ആയുധ കേന്ദ്രങ്ങളാകാം. ഈ സ്ഥിതി, ഇപ്പോൾതന്നെ റഷ്യയുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് അവർ ചിന്തിക്കുന്നു. യുക്രൈൻ കൂടി നാറ്റോ സഖ്യത്തിൽ ചേർന്നാൽ 
അത് റഷ്യയുടെ നിലനില്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് 
അവർ വാദിക്കുന്നു. 
ഒരു സ്വതന്ത്ര-പരമാധിക രാജ്യമായ ഉക്രയിനിന് ഏതു സഖ്യത്തിൽ 
ചേരുവാനുമുള്ള അവകാശമുണ്ട്. ആ അവകാശം നടപ്പാക്കുന്നത് റഷ്യയുടെ സുരക്ഷയെ ബാധിക്കാൻ പാടില്ലെന്നാണ്   റഷ്യയുടെ വാദം.

ഈ ആക്രമണ പ്രത്യാക്രമണങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ ശ്രദ്ധേയമായ ചില നിഗമനങ്ങളിൽ എത്തിച്ചേരാൻ കഴിയും. രാജ്യവികസനം പ്രസക്തമല്ലിവിടെ. വിയറ്റ്നാമിലേതുപോലെ(1955-1975) ക്യാപിറ്റലിസ്റ്റു -കമ്യൂണിസ്റ്റു മത്സരമല്ലിത്. കക്ഷികളെല്ലാം ക്യാപിറ്റലിസ്റ്റുകളാണ്. ഇറാക്ക് (2003-2011), അഫ്ഘാനിസ്ഥാൻ (2001-2021) യുദ്ധങ്ങളുടെ പകപോക്കൽ സ്വഭാവം യുക്രൈൻ അക്രമണത്തിനില്ല. യുണൈറ്റഡ് നേഷൻസിന്റെ എല്ലാ നടപടികളും അവഗണിക്കപ്പെടുന്നു. ഫലപ്രദമായ സന്ധിസംഭാഷണം നടക്കുന്നേയില്ല. അമേരിക്കയുടെ ശക്തമായ പ്രേരണകൊണ്ട്  നാറ്റോ രാജ്യങ്ങൾ യുക്രൈന് യുദ്ധസഹായം (500 മില്ല്യൻ യൂറോ) ചെയ്‌തുകൊടുക്കുന്നു.
ജർമ്മൻ ഗവേഷണ സ്ഥാപനമായ കീൽ ഇൻസ്റ്റിട്യൂട്ടിന്റെ ( Kiel Institute)             
കണക്കനുസരിച്ച് ഇതിനോടകം 75 ബില്ല്യൻ ഡോളറിന്റെ സഹായം അമേരിക്ക യുക്രൈന് നൽകിക്കഴിഞ്ഞു. ഇതിനുപുറമെ  യുറോപ്യൻ യൂണിയനും സഹായത്തിനുണ്ട്. ഈ സഹായധനത്തിൽ സിംഹഭാഗവും യുദ്ധോപകരങ്ങളാണ്! സമാധാനത്തിനുള്ള സഹായമല്ല, മനുഷ്യരെ കൊല്ലാനുള്ള ആയുധങ്ങളാണ്‌! ഈ യുദ്ധത്തിൽ പങ്കാളികളായ ഓരോ ഭരണകൂടത്തെയും സ്വാധീനിക്കുന്നത്  വൻകിട ആയുധവ്യവസായികളാണ്. 
LOCKHEED MARTIN ( US), BOEING (US), RAYTHEON(US), BAE Systems (UK), 
HECKLER and KOCH (UK), NEXTER ( France), SAFRAN ( France), THALES ( France)
KALASHNLKOV CONCERN ( RUSSIA), VASILYDEGTYARYOV ( RUSSIA) and more!
ഭൂമിയെ പലവട്ടം ചുട്ടുകരിക്കാൻ ശക്തിയുള്ള യുദ്ധായുധങ്ങൾ നിർമ്മിച്ചു വിൽക്കുന്ന പല നിർമ്മാണ ശാലകളിൽ ചിലതു മാത്രമാണിവ. വൻകിട രാജ്യങ്ങളുടെ മുഖ്യമായ ഉല്പന്നമാണ് മാരകായുധങ്ങൾ. അവികസിത-വികസ്വര രാജ്യങ്ങൾ അവരുടെ വരുമാനത്തിന്റെ നല്ല പങ്ക് യുദ്ധോപകരണങ്ങൾ വാങ്ങിക്കൂട്ടാൻ ചെലവഴിക്കുന്നു! കൂടക്കൂടെ യുദ്ധം ഉണ്ടായെങ്കിൽ മാത്രമേ ആയുധങ്ങൾ ഉപയോഗിക്കുകയുള്ളു. പഴയ ആയുധങ്ങൾ വിറ്റഴിയണം,പുതിയവ പരീക്ഷിക്കണം. അതാണ് ആയുധവ്യവസായികളുടെ താൽപര്യം. മനുഷ്യർ  വധിക്കപ്പെടുന്നത് അവർക്കൊരു പ്രശ്‌നമല്ല! 
യുക്രൈൻ-റഷ്യൻ യുദ്ധത്തിൽ ഇതിനോടകം മരിച്ചവ രും പരുക്കേറ്റവരും  അഞ്ചുലക്ഷത്തിലധികമായിക്കഴിഞ്ഞു! എണ്ണം കൂടിക്കൊണ്ടിരിക്കുന്നു! എത്രയോ കുടുംബങ്ങൾ തകരുന്നു, എത്രയോ കുട്ടികൾ അനാഥരാകുന്നു.എത്രയോ മനുഷ്യർ അംഗവൈകല്യമുള്ളവരാകുന്നു! എന്തിനു വേണ്ടി? ആർക്കുവേണ്ടി? യുദ്ധാവസാനം 'ജയിച്ചു' എന്ന് ആരവകാശപ്പെട്ടാലും  മാനവികത മരവിക്കുന്നു,  മനുഷ്യർ തോൽക്കുന്നു.
ആയുധവ്യവസായികളുടെ ശക്തമായ സ്വാധീനത്തിലും നിയന്ത്രണത്തിലും അകപ്പെട്ടിരിക്കുന്ന ഭരണാധികാരികൾ യുദ്ധം ഏറ്റുവാങ്ങുന്നു.
കോർപറേറ്റ് മൂലധനം നിയന്ത്രിക്കുന്ന മാധ്യമങ്ങൾ ദേശീയവികാരം വളർത്തി യുദ്ധത്തെ വാർത്തയാക്കുന്നു. ഈ നയം തുടർന്നാൽ, ഭൂമിയിൽനിന്ന്  മനുഷ്യവർഗ്ഗത്തെ ഉന്മൂലനം ചെയ്യാൻ കുറെ ആയുധ വ്യവസായികൾക്കും ചില ഭരണകൂടങ്ങൾക്കും കഴിയും, ഭൂമികുലക്കമോ 'മഹാപ്രളയമോ' വേണ്ടിവരില്ല.

Join WhatsApp News
Abdul Punnayurkulam 2023-12-15 02:38:56
This weaponry business or war is so so painful, because human beings are dying and suffering left and right! That is heart-breaking! Is there any solutions...?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക