കൊട്ടാരക്കടവു പോലീസ് സ്റ്റേഷനില്‍ പുതിയൊരു പരാതി കിട്ടി. എസ് ഐ ഇടിവെട്ടുചാക്കോ, പുത്തന്‍ചന്തയില്‍ കോള്‍ഡ് സ്റ്റോറേജ് നടത്തുന്ന കുര്യാക്കോസിനെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോള്‍ത്തൊട്ട്, അവിടത്തെ കശാപ്പുകാരനായ വിട്ടിലുവാവ സംശയത്തിന്റെ നിഴലിലാണ്.
പുത്തന്‍കുരിശു പള്ളിക്കവലയുടെ എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പിനു പിന്നിലായി, അല്‍പ്പം ഉള്ളിലേക്കു കയറിയാണ് പോലീസ് സ്റ്റേഷന്‍. ഒറ്റ നോട്ടത്തില്‍, വന്‍മരങ്ങളുടെ മറവില്‍ ഒളിച്ചിരിക്കുന്ന ഒരു കൊച്ചു വീടുപോലെയേ തോന്നുകയുള്ളു. പുതിയ ട്രാഫിക് സിഗ്‌നലൊക്കെ വന്നതോടെ കവല ഒന്നു വിപുലമായിട്ടുണ്ട്. എതിര്‍വശത്താണ് കുര്യാക്കോസച്ചായന്റെ കോള്‍ഡ് സ്റ്റോറേജ്.
റോഡിനു വീതി കൂട്ടിയപ്പോള്‍, കുരിശുപള്ളിയെ രക്ഷിക്കാന്‍ കോള്‍ഡ് സ്റ്റോറേജിന്റെയും തൊട്ടടുത്തുള്ള കടകളുടെയും മതിലുകളിടിച്ച് അല്‍പ്പം പിന്നിലേക്കു മാറ്റിവച്ചെങ്കിലും കാഴ്ചയ്ക്കു വലിയ വ്യത്യാസമൊന്നും വന്നില്ല. കോള്‍ഡ് സ്റ്റോറേജിനോടു ചേര്‍ന്ന്, പുതുതായി പണിത മതിലില്‍ ചാരിവച്ച നിലയില്‍, മൂന്നുനാലു ദിവസങ്ങളായി ഒരു സൈക്കിള്‍ പ്രത്യക്ഷപ്പെട്ടതാണ് എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം. ആരോ മതിലില്‍ ചാരിവച്ചിരുന്ന സൈക്കിള്‍, വിട്ടിലുവാവയാണ് രാത്രി മുറ്റത്തേക്കു കയറ്റിവച്ചത്.
ഒന്നുരണ്ടു വര്‍ഷമായി, കുര്യാക്കോസിന് ഒരു സഹായത്തിനായി കൂടിയതാണ്, ബാവാ വിറ്റി എന്ന വിട്ടിലുവാവ. പേരു ബാവാ വി റ്റി എന്നാണ്. നാട്ടിലെ പള്ളിക്കൂടംപിള്ളേരിട്ട അപരനാമമാണ് 'വിട്ടിലുവാവ' എന്നത്. മെല്ലിച്ച ശരീരവും നടക്കുമ്പോള്‍ വിട്ടിലിനെപ്പോലെ ചെറിയൊരു ചാട്ടവുമുള്ളതാണ് അങ്ങനെയൊരു പേരു വന്നുഭവിക്കാന്‍ കാരണം. ബാവ എന്നത് കാലക്രമേണ വാവയായിത്തീര്‍ന്നതാണ്.
കോള്‍ഡ് സ്റ്റോറേജിന്റെ പിന്നിലെ ചായ്പ്പില്‍ ഇറച്ചി വെട്ടുന്ന പണിയാണ് വാവയ്ക്ക്. വാവ ഒന്നാന്തരം ഇറച്ചിവെട്ടുകാരനാണെന്നാണ് അവിടെ വരുന്നവരോടെല്ലാം കുര്യാക്കോസച്ചായന്‍ പറയാറുള്ളത്. ഇപ്പോള്‍ പോലീസ് സ്റ്റേഷനില്‍ വരാനുള്ള കാരണവും മറ്റൊന്നുമല്ല. വാവയുടെ പേരില്‍ ആരോ ഒരു പരാതി കൊടുത്തിരിക്കുന്നു.
രണ്ടുമൂന്നു ദിവസമായി കടയുടെ സമീപം മഴ നനഞ്ഞിരിക്കുകയായിരുന്നു ആ സൈക്കിള്‍. തലേ രാത്രിമുതല്‍ അതു കാണാനില്ല. ആരോ അടിച്ചുമാറ്റിയതാവാനാണു സാധ്യത. അതിലൊരു ദുരുദ്ദേശ്യമില്ലാതില്ല. നേരത്തേ സൈക്കിള്‍മോഷണക്കേസില്‍ പെട്ടിട്ടുള്ള വിട്ടിലിന്റെ തലയില്‍ ഇതും വച്ചുകൊടുക്കാനുള്ള കള്ളന്റെ അടവായിരിക്കണം പരാതി. വിവരംകിട്ടിയ ദിവസം രാവിലെ കട തുറക്കാന്‍ വന്ന കുര്യാക്കോസച്ചായന്‍തന്നെയാണ് ആദ്യം സംഭവം ശ്രദ്ധിച്ചത്. ഉടന്‍തന്നെ പിന്നിലെ ചായ്പ്പില്‍ കിടന്നുറങ്ങിയിരുന്ന വിട്ടിലിനെ വിളിച്ചുണര്‍ത്തി ചോദിച്ചു:
'എടാ വാവാ, ആ മതിലില്‍ ചാരിവച്ചിരുന്ന സൈക്കിള്‍ ഇപ്പോള്‍ കാണുന്നില്ല. നീയെങ്ങാനും ഇന്നലെ രാത്രി മാറ്റിവച്ചോ?'
'ഇല്ലിച്ചായാ, ഞാനിന്നലെ മുറ്റത്തേക്കു മാറ്റിവച്ചതേയുള്ളു. വല്ലവന്റെയും മുതലാണെങ്കിലും ഒരു പുതിയ ചവിട്ടുവണ്ടിയല്ലേ? വെറുതേ മഴ നനഞ്ഞിരിക്കുന്നതു കണ്ടപ്പോള്‍ ഒരു വിഷമം.'
'അല്ലെങ്കിലും പുതിയ സൈക്കിള്‍ കാണുമ്പോള്‍ നിനക്കു കണ്‍ട്രോള്‍ വിട്ടുപോകും. പഠിച്ചതല്ലേ പാടൂ! എടാ, നീയല്ലാതെ ലോകത്താരെങ്കിലും സൈക്കിളിനെ ഇപ്പോള്‍ ചവിട്ടുവണ്ടിയെന്നു വിളിക്കുമോ?!'
'ഇതു ഞാനിട്ട പേരൊന്നുമല്ല. ഈ ഇരുചക്രവണ്ടി വന്നകാലത്ത് നാട്ടുകാരിട്ട പേരാ. അതൊക്കെ പിന്നീടു പരിഷ്‌കരിച്ചല്ലേ സൈക്കിളായത്.'
'ചവിട്ടുവണ്ടിയാണെങ്കിലും സൈക്കിളാണെങ്കിലും നീയാണു മോട്ടിച്ചതെങ്കില്‍ സത്യം പറ. വെറുതേ വയ്യാവേലിയെടുത്തു തലയില്‍ വയ്ക്കരുത്. സംഗതി പുറത്തറിഞ്ഞാല്‍ നമ്മളെ രണ്ടുപേരെയും പൊക്കും... കേസാകും.'
'അമ്മയാണെ സത്യം... ഞാനല്ല. ഞാന്‍ മോഷണമൊക്കെ എന്നേ നിര്‍ത്തി! അച്ചായന്‍ പറയുന്ന പണിയല്ലേ ഞാനിപ്പം ചെയ്യുന്നത്? ഇത് നമ്മളെ കുടുക്കാന്‍വേണ്ടി ആരോ മനഃപൂര്‍വമൊപ്പിച്ച പണിയാ...'
'എങ്കില്‍ നീ ഉടനേ പോലീസ് സ്റ്റേഷനില്‍പ്പോയി റിപ്പോര്‍ട്ട് ചെയ്യണം. അവര്‍ക്കു പരാതി കിട്ടിയിരിക്കുന്നതു നിന്റെ പേരിലാ. അതന്വേഷിക്കാന്‍ അവരെങ്ങാനും ഇങ്ങോട്ടുവന്നാല്‍ പണിയാകും. വിലകൂടിയ സൈക്കിളാണെന്നാ തോന്നുന്നത്. അവിടെച്ചെന്നു ചവിട്ടുവണ്ടി എന്നൊക്കെയെഴുന്നള്ളിച്ചാല്‍ എസ് ഐ ഇടിവെട്ടുചാക്കോ നിന്നെ എടുത്തിട്ടു ചവിട്ടും.'
അങ്ങനെ കുര്യാക്കോസച്ചായന്റെ നിര്‍ബ്ബന്ധത്തിനു വഴങ്ങിയാണ് വിട്ടില്‍വാവ അവന്റെ പഴയ സൈക്കിള്‍ചവിട്ടി, രാവിലെ പോലീസ് സ്റ്റേഷനില്‍ വന്നത്. വാതില്‍ക്കല്‍ കിടന്ന ചാവാലിപ്പട്ടി, വിട്ടിലിനെക്കണ്ട് രണ്ടു പ്രാവശ്യം കുരച്ചു. അവനൊരു കല്ലെടുത്ത് ഒന്നോങ്ങിയപ്പോഴേക്കും പട്ടി ജീവനുംകൊണ്ടോടി. കുരകേട്ടു പുറത്തേക്കെത്തിനോക്കിയ, മീശക്കാരനായ സിവില്‍ പോലീസ് ഓഫീസര്‍ കുട്ടന്‍പിള്ള, വിട്ടിലിനെ നോക്കി ഒരു ഊളച്ചിരി ചിരിച്ചുകൊണ്ടു പറഞ്ഞു:
'കില്ലപ്പട്ടിയാണെങ്കിലും കള്ളന്‍മാരെക്കണ്ടാല്‍ തിരിച്ചറിയും. അതിനെ എറിയാനൊന്നും നില്‍ക്കണ്ട. മൃഗസ്‌നേഹികള്‍ കണ്ടാല്‍ വകുപ്പു വേറെയാ. തെരുവുപട്ടികളൊക്കെ നാട്ടുകാരെ ഓടിച്ചിട്ടു കടിക്കുന്ന സമയമാ... ഒന്നു സൂക്ഷിച്ചാല്‍ ദുഃഖിക്കണ്ട.'
'അതു നേരാ... പേപ്പട്ടിയുടെ കടികൊണ്ടു കുരച്ചു ചാകുന്നതിലും നല്ലത് ജയിലില്‍ കിടക്കുന്നതാ...'
അതിന്, ഒന്നും പ്രതികരിക്കാതെ കുട്ടന്‍പിള്ള അകത്തേക്കു പോയിട്ടു തിരിച്ചുവന്നു. വാവയുടെ നില്‍പ്പു കണ്ടപ്പോള്‍ എന്തോ പന്തികേടുണ്ടെന്നു മനസ്സിലായതുപോലെ കുട്ടന്‍പിള്ള ചോദിച്ചു:
'എന്താ വാവാ, നിനക്കു വല്ലതും പറയാനുണ്ടോ?'
'അതേ, പുതിയ പരാതിയുണ്ടെന്ന് എസ് ഐസാര്‍ കുര്യാക്കോസച്ചായനെ വിളിച്ചുപറഞ്ഞു.'
'നിന്റെ കുലത്തൊഴിലല്ലായിരുന്നോ സൈക്കിള്‍മോഷണം? അതീ നാട്ടുകാരു മറന്നിട്ടില്ല. അതുകൊണ്ട് നിന്റെ പുണ്യവാളന്‍കളിയൊന്നും ഇവിടെ നടക്കില്ല, അറിയാമല്ലോ?'
'മൂന്നു ദിവസമായി നമ്മുടെ കടയുടെ മുന്നിലിരുന്ന സൈക്കിള്‍ കാണാനില്ല. അതിനൊരു പരാതി കൊടുക്കാന്‍ വന്നതാ.'
'വല്ലോന്റെയും മുതലെടുത്തു മുറ്റത്തുവച്ചിട്ടു പരിശുദ്ധനാകാന്‍ നോക്കണ്ട. അന്യന്റെ മുതലിനെ തൊടുന്നതുതന്നെ തെറ്റാ. അതിപ്പം ഉരുട്ടി അകത്തു വച്ചതുകൊണ്ടു മോഷണക്കുറ്റവുമായി.'
ഏതോ സെക്ഷന്‍നമ്പറും അയാള്‍ പറഞ്ഞു,
'അതിനിപ്പം മൊതലു കൈയിലുണ്ടെങ്കിലല്ലേ! ഇന്നലെ രാത്രി ആ പെരുമഴയത്തല്ലേ ആരോ അടിച്ചുമാറ്റിയത്!'
'ഈ കഥയൊന്നുംപറഞ്ഞു കബളിപ്പിക്കാന്‍ നോക്കണ്ട വിട്ടിലേ... നിന്നെയറിയാവുന്ന ആരും അതു വിശ്വസിക്കാന്‍ പോകുന്നില്ല. ആ സൈക്കിള്‍ നീതന്നെയായിരിക്കും അവിടെനിന്നു കടത്തിയത്.'
'സംശയമുണ്ടെങ്കില്‍ സാറൊന്നു വന്നുനോക്ക്. ഇപ്പോള്‍ സൈക്കിളവിടെ കാണുന്നില്ല.'
'നിന്റെ കൂട്ടുകാരുതന്നെയായിരിക്കും, എനിക്കുറപ്പുണ്ട്. വിറ്റാല്‍ നിനക്കും വീതം കിട്ടുമല്ലോ. അതിപ്പം ആ തോട്ടുങ്കരയിലുള്ള ഷാപ്പിന്റെ വാതില്‍ക്കല്‍ കാണും. അതല്ലായിരുന്നോ നിന്റെയും കൂട്ടുകാരുടെയും പഴയ സങ്കേതം? വെറുതെ ഞങ്ങള്‍ക്കു പണി തരാതെ ആദ്യം അവിടെപ്പോയി നോക്ക്.'
അയാളുടെ പരിഹസിച്ചുള്ള ചിരിയും നോട്ടവുമൊന്നും വിട്ടിലിനത്ര പിടിച്ചില്ല. എങ്കിലും ആത്മസംയമനം പാലിച്ചുകൊണ്ടു പറഞ്ഞു:
'ഞാനിപ്പം ഷാപ്പിലൊന്നും പോകാറില്ല. വല്ലപ്പോഴും ബിവറേജില്‍പ്പോയി ഒരുപൈന്റു വോഡ്കയും മേടിച്ചോണ്ടുവന്ന് കടയുടെ പിറകിലെ ചായ്പ്പിലിരുന്നു നാരങ്ങാനീരുമൊഴിച്ച്, ആരും കാണാതെ ഇത്തിരി കഴിക്കും. ആരെയും ശല്യപ്പെടുത്താറില്ല.'
'അതുപിന്നെ എനിക്കറിയരുതോ! എന്തായാലും ചെല്ല്... എസ് ഐ സാര്‍ ആകത്തുണ്ട്. കിട്ടുന്നതു മേടിച്ചോ...'
എസ് ഐ ഇടിവെട്ടുചാക്കോയെ കണ്ടപ്പോള്‍ വിട്ടില്‍ ആദ്യമൊന്നു പരുങ്ങി. ഇടിവെട്ട് എന്നു പറഞ്ഞാല്‍ വെട്ടൊന്ന്, മുറി രണ്ട് എന്നാണെന്ന് എല്ലാവര്‍ക്കുമറിയാം! കാര്യങ്ങള്‍ വ്യക്തമായി പറഞ്ഞില്ലെങ്കില്‍ ഇടി എപ്പോള്‍ വീഴുമെന്നറിയില്ല. അതറിയാവുന്നതുകൊണ്ടാണ് വിട്ടില്‍ പരുങ്ങിയത്.
'എന്താ വാവാ...?'
മീശ മുകളിലേക്കു തടവിക്കൊണ്ട് ചാക്കോ ചോദിച്ചു.
'ആരോ കടയുടെ മുറ്റത്തൊരു സൈക്കിള്‍ കൊണ്ടുവച്ചു. ഇന്നേക്കു മൂന്നു ദിവസമായി. ഇപ്പോള്‍ കാണാനില്ല.'
ഇടിവെട്ട്, ഇടി മുഴങ്ങുന്നതുപോലെ ഒരു കൊലച്ചിരി ചിരിച്ചിട്ടു സഡന്‍ബ്രേക്കിട്ട്, ഗൗരവത്തില്‍ പറഞ്ഞു:
'നിന്റെ പേരിലാ ഇപ്പോള്‍ പരാതി കിട്ടിയിരിക്കുന്നത്. പരാതിക്കാരന്‍ പറയുന്നത് അയാളുടെ സൈക്കിളെടുത്തതു നീയാണെന്നാ...'
'പടച്ചോനാണെ സത്യം... ഞാന്‍ മനസാ വാചാ അറിഞ്ഞിട്ടില്ല.'
'ഇതിപ്പം കടുവയെ കിടുവാ പിടിച്ചെന്നു പറഞ്ഞതുപോലായല്ലോ! സത്യം പറയുന്നതാ നല്ലത്. നിനക്കിതില്‍ എന്തെങ്കിലും പങ്കുണ്ടോ?'
'അയ്യോ! ഇല്ല സാര്‍... ഞാനാ പണിയൊക്കെ നിര്‍ത്തി. ഇപ്പോള്‍ കുര്യാക്കോസച്ചായന്റെ കോള്‍ഡ് സ്റ്റോറേജിന്റെ പിറകില്‍ ഇറച്ചിവെട്ടു മാത്രമേയുള്ളു. അച്ചായന്‍ നല്ല ശമ്പളവും തരുന്നുണ്ട്. പഴയ കൂട്ടുകള്ളന്‍മാരിലാരോ എനിക്കിട്ടു മനഃപൂര്‍വം പണി തന്നതാ... കള്ളവും ചതിയുമൊക്കെ നിര്‍ത്തി മാനംമര്യാദയ്ക്കു ജോലിചെയ്തു ജീവിക്കാന്‍ സമ്മതിക്കൂല, ഇബിലീസുകള്‍...'
'എനിക്കേതായാലും അതത്ര വിശ്വാസം പോരാ... എങ്കിലും നിന്റെ അതേ തൊഴില്‍ ചെയ്ത മുന്‍വൈരാഗ്യക്കാരു കാണുമല്ലോ...'
'അതേ... ഞാനൊന്നു നന്നാകുന്നത് അവര്‍ക്കു സഹിക്കുന്നില്ല. ആ പരാതിക്കാരനെപ്പിടിച്ചു രണ്ടു ചവിട്ടു കൊടുത്താല്‍ അയാളുതന്നെ പുഷ്പംപോലെ പറയും...'
'അതൊക്കെ ഞങ്ങളു തീരുമാനിച്ചോളാം. നീ പോലീസുകാരെ പഠിപ്പിക്കണ്ട...'
വിട്ടിലിന്റെ മറുപടി ഇടിവെട്ടിനിഷ്ടപ്പെട്ടില്ല. വിട്ടിലിനെ രൂക്ഷമായി ഒന്നു നോക്കിയിട്ട്, അയാള്‍ മറ്റൊരു ചോദ്യം ചോദിച്ചു:
'അവിടെ സി സി ടി വി ക്യാമറയില്ലേ?'
'അതൊന്നും എനിക്കറിയില്ല.'
എസ് ഐ ചാക്കോ അല്‍പ്പമൊന്നാലോചിച്ചു പറഞ്ഞു:
'ഇനിയിപ്പം ഒറ്റ മാര്‍ഗമേയുള്ളു... വിരലടയാളം!'
'അതിപ്പം തൊണ്ടി കിട്ടിയാലല്ലേ! അല്ലെങ്കില്‍ത്തന്നെ അതൊക്കെ മഴ നനഞ്ഞു പോയിക്കാണും സാറേ...'
വിട്ടില്‍ അറിയാതെയൊന്നു ചിരിച്ചു.
'നീ ആളെ കളിയാക്കുവാണോടാ?'
ഇടിവെട്ടു ചാടിയെഴുന്നേറ്റു. വിട്ടില്‍ ഞെട്ടിപ്പോയി. ഏതോ ഫയലെടുക്കാനെഴുന്നേറ്റതാണെന്നു പിന്നീടാണു മനസ്സിലായത്. അതുകൊണ്ട് അല്‍പ്പം താമസിച്ചാണ് വിട്ടില്‍ മറുപടി പറഞ്ഞത്:
'അല്ല സാറേ... പുറത്തു പെരുംമഴയായിരുന്നു. അതു സാറിനറിയില്ലല്ലോ...'
'നീയാ കുട്ടന്‍പിള്ളയുടെ കൈയില്‍ ഒരു പരാതിയെഴുതിക്കൊടുത്തിട്ടു പൊയ്‌ക്കോ... ഞങ്ങളൊന്നന്വേഷിക്കട്ടെ.'
ഇടിവെട്ട് അങ്ങനെ പറഞ്ഞെങ്കിലും രണ്ടുദിവസം കഴിഞ്ഞിട്ടും പ്രതിയെ കിട്ടിയില്ല; കേസും ചാര്‍ജ്ജ് ചെയ്തില്ല. എസ് ഐ ഇടിവെട്ടും കൂട്ടരും അടുത്ത ദിവസംതന്നെ കടയില്‍ വന്നിട്ടു പോയി. സി സി ടി വിയില്‍ പതിഞ്ഞ ആള്‍രൂപം മുഖം മുക്കാലും മൂടുന്ന മാസ്‌ക് വച്ചിരുന്നതുകൊണ്ട് അവര്‍ കൈയൊഴിഞ്ഞു. എന്നാലും രാത്രിയില്‍ മുറ്റത്തൊരു കണ്ണു വേണമെന്ന് അവര്‍ വിട്ടിലിനെ ഉപദേശിച്ചു. പോലീസ് സംഘം പൊയ്ക്കഴിഞ്ഞപ്പോള്‍ കുര്യാക്കോസ് പുഞ്ചിരിയോടെ പറഞ്ഞു:
'അതു കൊള്ളാം... കള്ളനെ കാവലേല്‍പ്പിക്കുക!'
വാവയ്ക്ക് അതിഷ്ടപ്പെട്ടില്ലെങ്കിലും പ്രതികരിച്ചില്ല.
ഒരു പുത്തന്‍ ചവിട്ടുവണ്ടി മഴയത്തിരുന്നു നനഞ്ഞുപോകുന്നതു കണ്ടിട്ടു സഹിക്കാതെയാണ് അതെടുത്ത് അകത്തുവച്ചതെങ്കിലും ഇപ്പോള്‍ ആകെ സങ്കടത്തിലായത് വിട്ടിലുവാവ മാത്രമല്ല, കുര്യാക്കോസുംകൂടിയാണ്.
അങ്ങനെ ഒരു തൊണ്ടിയുംകിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ്, കുറച്ചുദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, സൈക്കിള്‍ വീണ്ടും അതേ സ്ഥാനത്തു പ്രത്യക്ഷപ്പെട്ടത്! പോലീസ് സ്റ്റേഷനില്‍ പരാതി കിടപ്പുണ്ടെങ്കിലും അവരതൊക്കെ എപ്പോഴേ മറന്നിരുന്നു. പോലീസുകാര്‍ ഒരു നടപടിയുമെടുക്കാത്തതുകൊണ്ട് സൈക്കിള്‍ തിരികെക്കിട്ടിയ വിവരം റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന തീരുമാനത്തിലായിരുന്നു, വിട്ടില്‍. ആരോ ഉപയോഗിച്ചിട്ടു തിരിച്ചുവച്ചതായിരിക്കാമെന്ന നിഗമനത്തില്‍ വാവ പറഞ്ഞു:
'എന്നാപ്പിന്നെ അകത്തോട്ടെടുത്തുവയ്ക്കാം. പുറത്തിങ്ങനെയിരുന്നാല്‍ വേറേ വല്ല കള്ളന്‍മാരും ഇനിയും അടിച്ചുമാറ്റും.'
'അത്... എസ് ഐ ഇടിവെട്ടിനോടൊന്നു പറഞ്ഞിട്ടു പോരേ?'
കുര്യാക്കോസച്ചായന്‍ ചോദിച്ചു.
'അതിന്റെയൊന്നും ആവശ്യമില്ല. ഒരിക്കല്‍ പറഞ്ഞതല്ലേ? ഇനിയിപ്പം കാര്യമായിട്ടൊന്നും കിട്ടാനില്ലെന്നറിയാവുന്നതുകൊണ്ട് ആരും ഉടനെയെങ്ങും ഇതന്വേഷിച്ചു വരുമെന്നു തോന്നുന്നില്ല. ഇടയ്‌ക്കൊക്കെ നമുക്ക് അത്യാവശ്യത്തിന് ഉപയോഗിക്കുകയും ചെയ്യാം.'
വിട്ടില്‍ ആത്മവിശ്വാസത്തോടെ പറഞ്ഞു. കുര്യാക്കോസ് കൂലങ്കഷമായി ചിന്തിച്ചപ്പോള്‍ അവന്‍ പറയുന്നതിലും കാര്യമുണ്ടെന്നു തോന്നി. ഇനിയും കൂടുതല്‍ പരാതിയുമായി പോയാല്‍ കോള്‍ഡ് സ്റ്റോറേജിന്റെ മറവില്‍ നടക്കുന്ന എല്ലാ കള്ളക്കച്ചവടവും അവതാളത്തിലാകും!
അങ്ങനെ അവര്‍ രണ്ടുപേരുംകൂടി ആലോചിച്ച്, സൈക്കിളെടുത്തു കടയുടെ വശത്തുള്ള ചായ്പ്പില്‍ കൊണ്ടുവച്ചു.
അടുത്ത ദിവസംമുതല്‍ അവര്‍ രണ്ടുപേരും ആ പുതിയ സൈക്കിളിലായി, സവാരി. വിട്ടിലിന്റെ സൈക്കിളാണെങ്കില്‍ അതിപുരാതനമാണ്. അടുത്ത കൂട്ടുകാര്‍പോലും അതിനെ പുരാവസ്തു എന്നാണു വളിക്കുന്നത്. അതു തല്‍ക്കാലം ചായ്പ്പില്‍ ചാരിവച്ചു.
ഒരു ദിവസം, തീര്‍ത്തും അപ്രതീക്ഷിതമായി, ഇടിവെട്ടും സംഘവും പോലീസ് വാഹനത്തില്‍ ചീറിപ്പാഞ്ഞെത്തി. കുര്യാക്കോസും വിട്ടിലും അന്തംവിട്ടു നിന്നു. അവര്‍ക്ക് ഒന്നും മനസ്സിലായില്ല.
'എവിടെടാ നായിന്റെ മക്കളേ, സൈക്കിള്‍?'
ഇടിവെട്ട് ഗര്‍ജ്ജിച്ചു. അപ്പോഴേക്കും കുട്ടന്‍പിള്ള അതുരുട്ടിക്കൊണ്ടുവന്നു. സീറ്റിന്റെയടിയില്‍ പിടിപ്പിച്ചിരുന്ന ക്യാമറ എടുത്തുകാണിച്ചുകൊണ്ടു പറഞ്ഞു:
'എല്ലാ തെളിവും കിട്ടിയിട്ടുണ്ട്.'
മുതലാളിയും തൊഴിലാളിയും ഒന്നും മനസ്സിലാകാത്തമട്ടില്‍ കണ്ണില്‍ക്കണ്ണില്‍ നോക്കി.
'രണ്ടിനേമെടുത്തു ജീപ്പിലിട്... യു ആര്‍ അണ്ടര്‍ അറസ്റ്റ്!'
ഇടിവെട്ടു കല്‍പ്പിച്ചു.
അപ്പോഴേക്കും കൂടെയുണ്ടായിരുന്ന പോലീസുകാര്‍ കട മുഴുവന്‍ അരിച്ചുപെറുക്കി, കുറേ പായ്ക്കറ്റുകളുമായി വന്നു.
'സാറേ തൊണ്ടിയും കിട്ടി. ഇവന്‍മാരു വെറും എം ഡി മാത്രമല്ല, എം ഡി എം എയും പാസ്സായിട്ടുണ്ട്!'
സി പി ഒ സഹദേവന്‍ പായ്ക്കറ്റ് മണത്തുനോക്കിയിട്ടു പറഞ്ഞു. അതു കേട്ടപ്പോള്‍ ചാക്കോ ഒന്നമ്പരന്നു. അത്ര കിറുകൃത്യമായിട്ടു പറയണമെങ്കില്‍ ഇവന്‍മാരെയും സംശയിക്കണമല്ലോ എന്നൊക്കെ പെട്ടെന്നോര്‍ത്തെങ്കിലും അതു പറയാതെ കുര്യാക്കോസിനും വിട്ടിലിനും ഒരു വാണിംഗ് കൊടുത്തു:
'സൂക്ഷിച്ചുംകണ്ടും പെരുമാറിയില്ലെങ്കില്‍ എല്ലാത്തിനേയും ഞാന്‍ പൊക്കും! കടയുടെ മറവില്‍ അവന്റെയൊക്കെ ഒരു മരുന്നുകച്ചവടം!'
വലിയൊരു കാര്യം സാധിച്ച ചാരിതാര്‍ത്ഥ്യത്തോടെ, പോലീസ് വാഹനത്തിന്റെ മുന്‍സീറ്റില്‍ കയറിയിരുന്ന് ഇടിവെട്ടുചാക്കോ ആജ്ഞാപിച്ചു:
'പിള്ളേച്ചാ, കടയടച്ചു ഡബിള്‍ലോക്കിട്ടു പൂട്ടിയേര്... എന്നിട്ടു വേഗം എല്ലാവരും കേറിക്കോ...'
ഇടിവെട്ടിന്റെ ആജ്ഞയനുസരിച്ച്, വാഹനത്തില്‍ കയറിയ പോലീസ് സംഘം പ്രതികളെയുംകൊണ്ട് പൊതുനിരത്തില്‍ക്കൂടി വേഗത്തില്‍ ഓടിച്ചുപോയി.