Image

ഇന്‍ഡ്യാ മുന്നണിക്ക് എത്രയെത്ര പ്രധാനമന്ത്രിമാര്‍ ? (ലേഖനം: സാം നിലമ്പള്ളില്‍)

Published on 13 December, 2023
ഇന്‍ഡ്യാ മുന്നണിക്ക് എത്രയെത്ര പ്രധാനമന്ത്രിമാര്‍ ? (ലേഖനം: സാം നിലമ്പള്ളില്‍)

അഞ്ചുസംസ്ഥനങ്ങളിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ ശോഷിച്ചുപോയ കോണ്‍ഗ്രസ്സിനെ ഞെക്കിക്കൊല്ലാനാണ് പ്രതിപക്ഷസംഖ്യമായ ഇന്‍ഡ്യമുന്നണി ശ്രമിച്ചുകൊണ്ടിരിക്കുന്നത്. കോണ്‍ഗ്രസ്സിനാണെങ്കില്‍ വിലപേശാനുള്ള അവസരവും നഷ്ടപ്പെട്ടിരിക്കയാണ്. ഒന്നുംരണ്ടും എം പിമാരുള്ള ഞാഞ്ഞൂല്‍പാര്‍ട്ടികള്‍വരെ പ്രധാനമന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ചുകഴിഞ്ഞു. ഉത്സവം തുടങ്ങുന്നതിനുമുന്‍പേ വെടിക്കെട്ട് ആരംഭിച്ചിരിക്കയാണ് ഇന്‍ഡ്യാ മുന്നണിയില്‍. ഭാഗ്യവശാല്‍ നമ്മുടെ കാരണഭൂതനായ പിണറായി വിജയന് അങ്ങനത്തെ അതിമോഹങ്ങളൊന്നുമില്ല. അദ്ദേഹം നവകേരളം സൃഷ്ടിച്ചുകൊണ്ട് വടക്കുനിന്ന് തെക്കോട്ട് രഥം തെളി—ച്ചുകൊണ്ടിരിക്കയാണ്.

 INDIA മുന്നണിയുടെ പേരിലെ A എന്ന അക്ഷരം എടുത്തുമാറ്റണമെന്നാണ് സി പി എം ആവശ്യപ്പെടുന്നത്. A എന്നാല്‍ അലയന്‍സിനെയാണ് Alliance  സൂചിപ്പിക്കുന്നത്. മുപ്പത്തഞ്ച് വര്‍ഷം വാണിരുന്ന ബംഗാള്‍നിന്ന് തങ്ങളെ വേരോടെ പിഴുതെറിഞ്ഞ മമത ബാനര്‍ജിയുടെ തൃണമുല്‍ കോണ്‍ഗ്രസ്സുമായി യാതൊരു സഖ്യവും ഉണ്ടാക്കാന്‍ തങ്ങള്‍ക്കാകില്ല എന്നാണ് പാര്‍ട്ടിയുടെ പക്ഷം. ഇതൊരു തട്ടിക്കൂട്ട് മുന്നണിയായി വേണമെങ്കില്‍ തുടരാം. ഇലക്ക്ഷന്‍ കഴിഞ്ഞ് ആര് പ്രധാനമന്ത്രി ആകുമെന്ന് കണ്ടിട്ട് പിന്തുണതുടരണോയെന്ന് തീരുമാനിക്കാം. മമതയാണ് പ്രധാനമന്ത്രിയാകുന്നതെങ്കില്‍ തങ്ങള്‍ സഖ്യത്തില്‍ ഉണ്ടാകില്ല. ഇന്‍ഡ്യാ സഖ്യത്തില്‍നിന്ന് A എടുത്തുമാറ്റിയാല്‍പിന്നെ ഇന്‍ഡി INDI എന്നല്ലേ പറയേണ്ടു.

ആരാകണം അടുത്ത പ്രധാനമന്ത്രി എന്നതിനെപറ്റി ഇപ്പോള്‍തന്നെ തര്‍ക്കം ആരംഭിച്ചുകഴിഞ്ഞു. സ്ഥാനമോഹികള്‍ ആറേഴുപേരുണ്ട്. പ്രധാനമായും രാഹുല്‍ ഗാന്ധി, മമത ബാനര്‍ജി, അഘിലേഷ് യാദവ്, നീതിഷ് കുമാര്‍,കേജരിവാള്‍, പിന്നെ നമ്മുടെ അയല്‍കാരന്‍ സ്റ്റാലിന്‍ അണ്ണന്‍. നിതീഷ്‌കുമാര്‍ പ്രധാനമന്ത്രിയാകാനുള്ള ഉടുപ്പ് തൈക്കാന്‍ കൊടുത്തുകഴിഞ്ഞു. ഉടുപ്പ് ഇട്ടുകൊണ്ട് വീട്ടിലിരുന്നാല്‍ മതിയെന്ന് മമതാ ബാനര്‍ജി. ഇതിനിടയില്‍ അവകാശവാദം ഉന്നയിക്കാന്‍ കഴിയാതെ രാഹുല്‍ ഗാന്ധി. 

 അഘിലേഷ് യാദവ് അടുത്ത പ്രധനമന്ത്രിയെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ അദ്ദേഹത്തിന്റെ അനുയായികള്‍ ഒട്ടിച്ചപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ പടംസഹിതം കോണ്‍ഗ്രസ്സുകാരും മത്സരിച്ച് പതിച്ചു. ഇനി ആരുടെയൊക്കെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുമെന്ന് കാത്തിരുന്ന് കാണാം. ഇപ്പോള്‍തന്നെ ഇങ്ങനെയാണെങ്കില്‍ ഇലക്ഷനില്‍ വിജയിച്ചാലുള്ള അവസ്ഥയെന്തായിരിക്കും. മുന്നണിഭരണം രാജ്യം രണ്ടുവട്ടം കണ്ടതാണ്. തമ്മില്‍തല്ലും അധികാരവടംവലിയും ഖജനാവ്‌കൊള്ളയും കണ്ടുമടുത്തിട്ടാണ് കോണ്‍ഗ്രസ്സിനെ വീണ്ടുംഅധികാരമേല്‍പിച്ചത്. അതുകൊണ്ടും രാജ്യത്തിന് നന്മയൊന്നും ഉണ്ടായില്ല. 2014ല്‍ നരേന്ദ്രമോദി പ്രധാനമന്ത്രി ആയതിനുശേഷമാണ് ഇന്‍ഡ്യ പുരോഗതിയുടെ പാതയിലേക്ക് നീങ്ങിയത്. 2023 ആയപ്പോഴേക്കും രാജ്യം ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തികശക്തിയും മൂന്നാമത്തെ സൈനികശക്തിയുമായി മാറി. 

ഇക്കാര്യം ഇപ്പോഴും വിശ്വസിക്കാന്‍ സാധിക്കാത്തവര്‍ മുന്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷെറീഫിന്റെ വാക്കുകള്‍ കേള്‍ക്കുക. അദ്ദേഹം കഴിഞ്ഞമാസം പ്രവാസവാസം കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ പാക് ജനതയോട് പറഞ്ഞത് ഇന്‍ഡ്യ കൈവരിച്ച വന്‍പുരോഗതിയെപറ്റിയാണ്. ഇന്‍ഡ്യ ചന്ദ്രനിലെത്തി., പാകിസ്ഥാന്‍ ഒരുനേരത്തെ ഭക്ഷണത്തിനുവേണ്ടി ലോകരാജ്യങ്ങളോട് യാചിക്കുന്നു. മുന്‍ പ്രധാനമന്ത്രിയായിരുന്ന ഇമ്രാന്‍ ഖാനും ഇന്‍ഡ്യകൈവരിച്ച പുരോഗതിയെപറ്റി പറഞ്ഞു. ഇത് അംഗീകരിക്കാത്തത് കേരളത്തിലെ കമ്മ്യൂണിസ്റ്റുകളും കോണ്‍ഗ്രസ്സുകാരുമാണ്. അവര്‍ക്കിത് പറയാന്‍ സാധിക്കില്ല., പറഞ്ഞാല്‍ അവരുടെ വോട്ടുബാങ്ക് ചോര്‍ന്നുപോകും.  ലോകബാങ്കും ഇന്‍ഡ്യയുടെ വിമര്‍ശകനായ ജസ്റ്റിന്‍ ട്രൂഡോയും റഷ്യന്‍ ചൈനീസ് പ്രസിഡണ്ടുമാരും പറയുന്നത് ഇന്‍ഡ്യ കൈവരിച്ച പുരോഗതിയെപറ്റിയാണ്. 

 മോദി വീണ്ടും അധികാരത്തിലെത്തുകയാണെങ്കില്‍ 2030 ല്‍ ഇന്‍ഡ്യ മൂന്നാമത്തെ സാമ്പത്തികശക്തിയായി മാറും. തമ്മില്‍തല്ലുന്ന പ്രതിപക്ഷപാര്‍ട്ടികളാണ് ഭരിക്കുന്നതെങ്കില്‍ രാജ്യം വീണ്ടും പത്താംസ്ഥാനത്തേക്ക് മടങ്ങുമെന്നതില്‍ സംശയമില്ല.

samnilampallil@gmail.com.

Join WhatsApp News
George Neduvelil 2023-12-15 01:38:58
വയനാടിനെ ഒരു രാജ്യമായി പ്രഖ്യാപിക്കുക! വയനാടിൻറെ പ്രധാനമന്ത്രിസ്ഥാനം രാഹുൽ ഗാന്ധിക്ക് ആയൂഷ്‌കാലാടിസ്ഥാനത്തിൽ അടിയറവുവയ്‌ക്കുക! ഓവർസീസ് കോൺഗ്രെസ്സ്കാരെ ഇക്കാര്യത്തിൽ മുൻകൈ എടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക