ഇപ്പോഴത്തെ കേരളത്തിന്റെ പൊതു സമൂഹത്തിൽ കെ വി സൈമണിനെ (1883 - 1944) അറിയാവൂവർ അധികം കാണില്ല. അദ്ദേഹത്തെകുറിച്ചുള്ള ഒരു അക്കാദമിക് ബയോഗ്രഫിയാണ് ഈ യാത്രയിൽ വായിച്ചത്. അത് എഴുതിയത് അമേരിക്കയിൽ ഒരു യൂണിവേഴ്സിറ്റിയിൽ ഇഗ്ളീഷ് സാഹിത്യത്തിന്റ പ്രൊഫസറായ ഡോ വർഗീസ് മത്തായി. ഈ പുസ്തകം അദ്ദേഹത്തിന്റ ജീവചരിത്രം മാത്രം അല്ല. അദ്ദേഹത്തിന്റ വേദവിഹാരം ഉൾപ്പെടെയുള്ള കൃതികളുടെ സാഹിത്യ വിവരണ വിശകലനവും കൂടിയാണ്.
അലൈച്ചാനിക്കൽ ജോസഫ് തോമസ് ആണ് ഇതിന്റ പുസ്തകത്തിന് ആമുഖമെഴുതിയത്. വത്സൻ തമ്പു പുസ്തകത്തിനെ പരിചയപ്പെടുത്തി തുടക്കമദ്ധ്യായമെഴുതി.
പുസ്തകത്തിന്റെ ചരിത്രഭാഗത്തു ലേഖകൻ കേട്ട് കേൾവിയായ തോമസ്‌ളീഹ - നമ്പൂതിരി ഐതീഹ്യം ആവർത്തിച്ചതുപോലുള്ള കല്ലുകടികൾ ഒഴിച്ച് നിർത്തിയാൽ കെ വി സൈമണിന്റെ ജീവിതത്തെകുറിച്ചും സാഹിത്യത്തെകുറിച്ചും നവീകരണ ശ്രമങ്ങളെകുറിച്ചും ഇഗ്ളീഷിൽ പ്രസിദ്ധീകരിച്ച ആദ്യ പുസ്തകമാണ് ഇതെന്ന് തോന്നുന്നു.
പത്തൊമുപ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരിപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലും മലയാള ഭാഷാപരിസരത്തു ഉണ്ടായ വലിയ മാറ്റങ്ങളാണ് ബൈബിൾ പരിഭാഷയും പത്രമാസികളും. അത് പോലെ സാഹിത്യ പൊതു മണ്ഡലത്തിൽ അധികമായി ചർച്ചകൾ നടത്താത്ത ഒന്നാണ് മലയാളത്തിലെ ക്രിസ്തീയ ഭക്തിഗാന ചരിത്രവും അതിന്റെ ഭാഷ ചാരുതയും.
സമയമാം രഥത്തിൽ എന്ന മനോഹര ഗീതം എഴുതിയത് നാഗൽ സായ്‌പ് എന്നറിയപ്പെട്ട ഫോൾബ്രെഷ്റ്റ് നാഗൽ എന്ന ജർമൻ മിഷനറിയാണ്. ബേസൽ മിഷന്റെ ഭാഗയി വന്നു പിന്നീട് ബ്രദറൺ മിഷനോടൊപ്പം കുന്നംകുളം കേന്ദ്രമാക്കി പ്രവർത്തിച്ച അദ്ദേഹം 120 ഗീതങ്ങൾ പ്രസിദ്ധീകരിച്ചു. അത് പോലെ അധികം ആരും അറിയാത്തയാളാണ് പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച അനേക ഗാനങ്ങൾ രചിച്ച രാമ അയ്യർ എന്ന വിദ്വാൻകുട്ടി. അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചശേഷം യൂസ്സ്ത്തുസ് ജോസഫ് എന്ന പേരിലാണ് അറിയപ്പെട്ടത്. ക്രിസ്തീയ ഭക്തി ഗാനങ്ങൾ എഴുതിയ മോശ വൽസലം (പ്രശസ്തമായ എന്റെ ഹിതം പോലെയല്ലേ എന്നത് മോശവത്സലത്തിന്റ പാട്ടാണ്). അത് പോലെ പി വി തൊമ്മി, സാധു കൊച്ചുകുഞ്ഞു ഉപദേശി. എം ഇ ചെറിയാൻ (എന്നോടുള്ള നിൻ സർവ നന്മകൾക്കായി..)
ഒരു തലത്തിൽ കെ വി സൈമൺ പ്രശസ്ത ഗാനരചയിതായിരുന്നു. പക്ഷെ മറ്റൊരു തലത്തിൽ അധ്യാപകൻ, ബഹു ഭാഷ പണ്ഡിതൻ, സംസ്‌കൃത പണ്ഡിതൻ, കർണാട്ടിക് സംഗീതം പഠിച്ചയാൾ, എഴുത്തുകാരൻ, സാഹിത്യ പ്രവർത്തകൻ, വേദ വിഹാരം ഉൾപ്പെടെ നിരവധികൃതികൾ എഴുതിയാൾ. അതിന് അപ്പുറം കേരളത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ യഥാസ്‌ഥിതിക പാരമ്പര്യ ക്രിസ്ത്യാനി സമൂഹത്തിൽ നവീകരണത്തിനു വേണ്ടി പ്രവർത്തിച്ച വിയോജിത പ്രസ്ഥാനത്തിന് ബൌദ്ധീക, തിയോളജിക്കൽ നേതൃത്വം കൊടുത്തത് കെ വി സൈമനാണ്. വിയോജിതൻ എന്ന മാസിക അദ്ദേഹം എഡിറ്റ് ചെയ്തു. ദി മൂവ്മെന്റ് ഓഫ് ഡിസ്സന്റ് ഒരു തലത്തിൽ മലയാളം ബൈബിൾ പരിഭാഷയുടെയും മലയാള ഭാഷയുടെയും വളർച്ചയുടെ അടയാളമാണ്. മറ്റൊരു തലത്തിൽ അത് ഓർത്തോഡോസിക്ക് യാഥാസ്ഥിതികത്വത്തിന് ബദലായ പള്ളിയുടെ ഹൈറാർക്കിയേയും മെത്രാൻമാരെയും ചോദ്യം ചെയ്ത നവീകരണ പ്രസ്ഥാനമായിരുന്നു.
അത് കാരണം 19 നൂറ്റാണ്ടിലെ നവീകരണപ്രസ്ഥാനമായി തുടങ്ങിയ മാർത്തോമാ സഭ അദ്ദേഹത്തെ പുറത്താക്കി. അത് പോലെ പുറത്താക്കി തിരിച്ചു എടുത്തതാണ് സാധു കൊച്ചു കുഞ്ഞു ഉപദേശി എന്ന് അറിയപ്പെട്ട ഇട്ടി വർഗീസിനെ.
കെ വി സൈമണും അദ്ദേഹത്തിനു മധ്യകേരളത്തിൽ ഉണ്ടായിരുന്നു അനുഭാവികളും പിന്നീട് ബ്രദറൺ സഭയുണ്ടാക്കി. ക്ലെർജിയോ പാസ്റ്റർമാരോ ഒന്നും ഇല്ലാത്ത പ്രസ്ഥാനമാണ് ബ്രദറൺ സഭ. തിരുവല്ലയിലെ ആശുപത്രിയടക്കം നിരവധി സ്കൂളുകളും ബ്രദറൺ സഭ നടത്തുന്നുണ്ട്.
കെ വി സൈമണിന്റെ ശിഷ്യനും അധ്യാപകനുമായിരുന്ന കെ ഈ എബ്രഹാമാണ് ഇന്നു പതിനയാരകണക്കിന് സഭകളുള്ള ഐ പി സി . കുമ്പനാട് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഇന്ത്യൻ പെന്തകോസ്ത് ചർച്ച്, ഇന്ന് മധ്യ കേരളത്തിൽ തുടങ്ങി ഇന്ത്യയിൽ എല്ലാ സംസ്ഥാനങ്ങളിലും ലോകത്തു വിവിധ രാജ്യങ്ങളിലുമുള്ള സഭ പ്രസ്ഥാനമാണ്.
കേരളത്തിൽ പല തരത്തിലാണ് നവീകരണവും നവോത്ഥാനവും നടന്നത് . പക്ഷെ കേരളത്തിലെ മേൽക്കോയ്‌മ നരേറ്റിവ് കേരളത്തിൽ 1815 മുതൽ പല തലത്തിൽ നടന്ന ബദലുകളും ഭാഷ വിജ്ഞാന പ്രവർത്തനങ്ങളും അടിമ വേലക്കു എതിരെയുള്ളചെറുത്തു് നിൽപ്പും സ്ത്രീ അവകാശങ്ങൾക്ക് വേണ്ടിയുള്ള ചെറുത്തു നിൽപ്പും ഭൂമിയുടെ ഉടമസ്ഥ പ്രശ്നങ്ങളും കേരളത്തിലുണ്ടായ ക്ഷാമങ്ങളും അതിന്റ പൊളിറ്റിക്കൽ ഇക്കൊണമിയോ ചർച്ചകൾ ചെയ്യാതെ വിട്ടു. എൽ എം എസ്, സീ എം എസ്, ബെസൽ മിഷൻ അവരുടെ ഭാഷ, വിദ്യാഭ്യാസ, ആരോഗ്യ പ്രവർത്തനങ്ങൾ സാമൂഹിക പരിഷ്ക്കരണമൊന്നും മേൽക്കോയ്മ ചരിത്രങ്ങൾ പലപ്പോഴും മറന്നു പോകുന്നത് എന്ത് കൊണ്ടായിരിക്കും.?
കേരളത്തിന്റെ നവോത്ഥനമെന്ന നരേറ്റിവിന്റെ നിർമിതി അധികാരവുമായി ബന്ധപെട്ട ഹെജമണിക് നരേറ്റിവാണ്. അങ്ങനെയുള്ള നരേട്ടീവിൽ സ്വദേശിഭിമാനി പത്രം തുടങ്ങി അത് വഴി എല്ലാം നഷ്ട്ടപെട്ട വക്കം മൗലവി കാണില്ല. പക്ഷെ കലാശലായ ജാതി ബോധത്തിന്റെ കൂടി വക്താവായിരുന്ന ചില മാസങ്ങൾ അതിന്റ എഡിറ്ററായി പ്രവർത്തിച്ചു മദ്രാസിലേക്ക് നാടുകടത്തിയ രാമകൃഷ്ണ പിള്ള ഹീറോയാണ്.
ഈ പുസ്തകം വായിച്ചപ്പോൾ ഓർത്ത ചില കാര്യങ്ങളാണ് കേരളത്തിലെ മേൽക്കോയ്‌മ ചരിത്ര നരേറ്റിവ്. അതിന് അപ്പുറം നിൽക്കുന്ന ചില പി കെ ബാലകൃഷ്ണന്റെ ജാതി വ്യവസ്ഥയും കേരള ചരിത്രം പോലുള്ള പുസ്തകങ്ങളെ കൂടെ ഓർത്തു.
കേരളത്തിന്റ സാകല്യ സാമൂഹിക ചരിത്രം എഴുതണം എന്ന ഒരു ദൗത്യം എന്റെ മുന്നിലുണ്ട്.
ജെ എസ് അടൂർ
പുസ്തകം പ്രസിദ്ധീകരിച്ചത് ബ്ല ബെറി എന്ന അന്താരാഷ്ട്ര പബ്ലിഷിങ് കമ്പനി. വില 999 രൂപ. ആമസോണിൽ ലഭ്യമാണ്.