Image

മലയാളത്തില്‍ ഫ്രഞ്ച് വിപ്ലവം, റൂസോക്ക് പകരം രാംമോഹന്‍ : (കുര്യന്‍ പാമ്പാടി)

കുര്യന്‍ പാമ്പാടി Published on 16 December, 2023
മലയാളത്തില്‍ ഫ്രഞ്ച് വിപ്ലവം, റൂസോക്ക് പകരം രാംമോഹന്‍ : (കുര്യന്‍ പാമ്പാടി)

"പാടംനികത്തിവച്ച വീടുകൾക്കിടയിലൂടെ, ജനകീയാസൂത്രണം കൊണ്ടു വന്ന റോഡിലൂടെ, സ്‌കൂൾ മാഷമ്മാർ  പോലും മാരുതി ആൾട്ടോയിൽ എഫ്എമ്മും കേട്ട് പോകുമ്പോൾ  ആരെ കുറ്റം പറയാൻ പറ്റും? കമ്മ്യുണിസ്റ്റുകാർ  എല്ലാക്കാലത്തും കട്ടൻ ചായയും പരിപ്പുവടയും മാത്രം കഴിക്കണമെന്നു ആർക്കും നിർബന്ധിക്കാനാകാത്തതു പോലെ സ്‌കൂൾ  മാഷമ്മാര് സൈക്കിളിൽത്തന്നെ പൊയ്‌ക്കോളണമെന്നു ആർക്കു നിർബന്ധിക്കാൻ പറ്റും?"

ഒന്നര പതിറ്റണ്ടു മുമ്പ്, കൃത്യമായി പറഞ്ഞാൽ 2008 ജനുവരി 20ലെ മാതൃഭൂമി വാരികയിൽ 'കേരളം ഒരു ബ്രാൻഡാലയം' എന്ന ശീർഷകത്തിൽ  രാംമോഹൻ പാലിയത്ത് എഴുതിയ കവർ സ്റ്റോറിയിലെ ഒരു സത്യാനന്തര പ്രസ്താവനയാണിത്. "ആഗോളവൽക്കരണത്തിന്റെ പുതിയ ഘട്ടം കേരളത്തെ,  നഗരം മസാല ചേർത്ത്   പൊരിക്കുമോ? അതോ അതിനും മുമ്പ് തന്നെ ഈ ഭ്രാന്താലയത്തിൽ നിന്ന് നമ്മെ പുറത്തു കടത്താൻ ഒരു 'അരാഷ്ട്രീയ' നേതൃത്വമെങ്കിലും പിറവിയെടുക്കുമോ? '' ഈ ചോദ്യം ഇന്നും മലയാളി മനസുകളിൽ അനുരണം ചെയ്യുന്നു. 

മൊബൈലില്ലാ യുഗത്തിൽ വാന്ഗോഗിന്റെ മുമ്പിൽ

ആത്യന്തിക ഫലം:  രാംമോഹൻ പാലിയത്തിന്റെ ചിന്തോദീപകവും സ്‌ഫോടനാത്മകവുമായ 'വെബിനിവേശം' എന്ന പംക്തി 2022 ഫെബ്രുവരി 6 നു വാരികയിൽ  ആരംഭം കുറിച്ചു. 'ലോകത്തിന്റെ നവമാധ്യമ സ്പന്ദനങ്ങൾ ആഴ്ചതോറും' എന്ന ഉപശീർഷകത്തിൽ  വരുന്ന പംക്തി  എൻ എസ് മാധവൻ പറയും പോലെ  ഗൂഗിളിനപ്പുറമുള്ള ഏതിനെയും  ഇന്റര്നെറ് ചാറ്റുമുതൽ നിർമിത ബുദ്ധിയായ ചാറ്റ് ജിപിടിയും ബിങ്ങും വരെ ആധുനികമനുഷ്യ  ജീവിതത്തെ സ്പർശിക്കുന്ന സകല ആഗോള ഗതിവിഗതികളും നാലുപേജിൽ ആറ്റികുറുക്കി അവതരിപ്പിക്കുന്നു.  

നൂറുപേജുള്ള വാരികയുടെ അവസാന പേജുകളാണ് ഈ പംക്തിക്കുവേണ്ടി നീക്കി വയ്ക്കുന്നതെങ്കിലും പല വായനക്കാരും അറബി കൃതികൾ പോലെ അവസാന പേജുകളിൽ നിന്നാണ് പിന്നോട്ട് വായന തുടങ്ങുന്നതെന്ന് തുറന്നെഴുതുന്നു. 

അച്ഛനും മകളും ഒരുതരം രണ്ടു തരം- അമ്മ രശ്മി, മകൾ രചന

സ്‌കൂളിൽ പഠിക്കുന്ന കാലത്ത് വഴിയോരത്ത് പോസ്റ്മാൻ  എത്തിക്കുന്ന വാരിക ആദ്യം കൈക്കലാക്കാൻ താനും സഹോദരി മേരിയും മലവാരത്തെ വീട്ടിൽ റബർമരങ്ങൾക്കിടയിലൂടെ മത്സരിച്ച് ഓടുമായിരുന്നുവെന്നു  മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ സക്കറിയ 'ഉരുളികുന്നത്തിന്റെ ലുത്തിനിയ' എന്ന ജീവിതസ് മരണകളിൽ   വെളിപ്പെടുത്തിയിട്ടുണ്ട്. 

ഉരുളികുന്നത്തിനടുത്തു കൊഴുവനാൽ ഗ്രാമത്തിൽ റബർകൃഷി തുടങ്ങിയ കാലത്ത് പാവാടപ്രായമെത്തിയ  മൂന്നു സഹോദരിമാർക്കും ആറു സഹോദരന്മാർക്കും കൂടി വായിക്കാൻ മാതൃഭൂമി വാരിക വരുത്തിയിരുന്നു ഉല്പതിഷ്ണുവായ ചേട്ടൻ  മാത്യു. തൊണ്ണൂറടുത്ത് പ്രായം. കാനഡയിലാണ്. ഒരു സഹോദരിയെ ജീവിത പങ്കാളിയാക്കിയ ഞാനും 60 വർഷമായി മാതൃഭൂമി വരിക വായിക്കുന്നു.

വായനയാണ് ശക്തി-ബുക്ക് ഫെയറിൽ

പക്ഷെ കമൽറാം സജീവിന്റെ കാലത്ത് തീർത്തും ദുർഗ്രഹമെന്നു പറഞ്ഞു ഗ്രേസി വാരിക വായന നിറുത്തി. ഇപ്പോൾ തിരിഞ്ഞു നോക്കുന്നതേയില്ല. സ്വന്തം പേരിൽ പോസ്റ്റിൽ വരുന്ന ദി ന്യുയോർക്കറാണ് ഇന്നു പഥ്യം!  ഈയിടെ അതിന്റെ റാപ്പർ പൊട്ടിക്കുന്ന വേളയിൽ ആൾ ഇങ്ങിനെ ഒച്ചയിട്ടു: 'തൊട്ടുപോകരുത്! പൈങ്കിളി മാസികകൾ തൊടുന്ന നിങ്ങൾക്ക്  ഇതിൽ  തൊടാൻ യോഗ്യതയില്ല!"

സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്ന മുദ്രാവാക്യം ലോകത്തിനു നൽകിയ ഫ്രഞ്ച് വിപ്ലവം നടന്നിട്ടു നവംബറിൽ  രണ്ടേകാൽ നൂറ്റാണ്ട് പൂർത്തിയായി. മർദന ഭരണം കൊണ്ടും നികുതിഭാരം കൊണ്ടും  പൊറുതിമുട്ടിയ ഫ്രഞ്ച് ജനത ലൂയി പതിനാറാമൻ രാജാവിനെയും ഫ്യൂഡൽ പ്രഭുക്കളെയും ഗില്ലറ്റിനിൽ കുരുതി കൊടുക്കാൻ  പ്രേരണ നൽകിയത് ജീൻ ജാക്വസ് റൂസ്സോ, വോൾട്ടയർ, മോണ്ടെസ് ക്യൂ എന്നി എഴുത്തുകാരുടെ ആഹ്വാനങ്ങളാണെന്നത് ചരിത്ര സത്യമാണ്. റൂസോ അവരിൽ പ്രമുഖൻ.  

മാതൃഭൂമി മീഡിയ സ്‌കൂളിലെ അംഗങ്ങൾക്കൊപ്പം

ജനാധിപത്യത്തിന്റെ പേരു പറഞ്ഞു സർവാധിപത്യത്തിലേക്കും പുരോഗമനത്തിന്റെ വേഷമമണിഞ്ഞു അന്ധ വിശ്വാസത്തിലേക്കും മതഭ്രാന്തിലേക്കും കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന കേരളത്തിൽ ഒരു വിപ്ലവം അനിവാര്യവാര്യമെന്നാണ്  പണ്ടത്തെ കൊച്ചി രാജ്യത്ത് ജനിച്ച, രാജാവിന്റെ  പ്രധാനമന്ത്രിയായിരുന്ന  പാലിയത്തച്ചന്റെ പേര് ശിരസാ  വഹിക്കുന്ന രാം മോഹൻ ആവർത്തിച്ച് പ്രഖ്യാപിക്കുന്നത്‌. എന്നാൽ അതിനു ചില റൈഡറുകൾ ഉണ്ട്. 

ഒന്നാമത്  രാജാവിന്റെ പ്രധാനമന്ത്രി പാലിയത്തച്ചനുമായി തനിക്ക് പൊക്കിൾകൊടി ബന്ധം പോലുമില്ല.  പട്ടാളകഥകൾ എഴുതി മലയാളി മനസ്സിൽ റെജിമെന്റേഷനെതിരെ അമർഷം ഊതിക്കത്തിച്ച കോവിലന്റെ  കണ്ടാണശ്ശേരി ഗ്രാമത്തിൽ  പാലിയത്ത് പി. നാരായണിയുടെയും ചേന്ദമംഗലം തെക്കേച്ചാലിൽ ടിസി ഭരതന്റെയും മകനായി ജനിച്ചയാളാണ് രാംമോഹൻ.   

പിസാദോശ-എറണാകുളം ഗോകുൽ ഊട്ടുപുരയിൽ

രണ്ടാം മഹായുധ്ധകാലത്ത് ബ്രിട്ടീഷ് ആർമിയിൽ ബർമ്മയിലെ റങ്കൂണിലും മാൻഡലേയിലും സേവനം ചെയ്ത എന്റെ മാമൻ ക്യാപ്റ്റൻ ഓ. മത്തായിയുടെ വഴിത്താര തേടി മാണ്ഡലേക്കടുത്ത്  മൊറേ വരെ പോയി  ഞാൻ. ജപ്പാൻകാരോട് യുദ്ധം ചെയ്യാൻ ആ വഴി നടന്നു പോയ കോവിലന്റെ  'ഞാൻ ഒരു പെൺകുട്ടിയെ സ്നേഹിക്കയുണ്ടായി' എന്ന് തുടങ്ങുന്ന  'ഓർമ്മകൾ' എന്ന കഥ വായിച്ച് ഞാൻ കരഞ്ഞിട്ടുണ്ട്. ഒടുവിൽ കണ്ടാണശേരിയിലെ ഗിരി എന്ന വീട്ടിൽ അതിരാവിലെ തീർഥാടനത്തിനു എത്തിയ എനിക്ക് കോവിലന്റെ ശാരദചേച്ചി പുട്ടും പയറും പപ്പടവും ചായയും തന്നു സൽക്കരിച്ചു. 

യുകെ നോവലിസ്റ്റ് ദീപ ആനപ്പാറക്കൊരു കേളികൊട്ട്

കോരിത്തരിപ്പിക്കുന്ന ആ മണ്ണിലാണ് രാംമോഹൻ ജനിച്ചതെന്നോർക്കുമ്പോൾ സാഷ്ട്ടാംഗം നമസ്കരിക്കാൻ തോന്നുന്നു. ചേന്ദമംഗലം ഹൈസ്‌കൂളിലും മാല്യങ്കര എസ്എൻഎം കോളജിലും എറണാകുളം മഹാരാജാസിലും പഠിച്ച് പൊളിറ്റിക്കൽ സയൻസിൽ മാസ്റ്റേഴ്സ് എടുത്ത് കൊച്ചി ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിൽ അഡ്വെർടൈസിങ്, പബ്ലിക് റിലേഷൻസ്,  പത്രപ്രവർത്തന മേഖകളിൽ പ്രവർത്തിച്ചു. ഇപ്പോൾ കൊച്ചിയിൽ പ്രസിദ്ധി കമ്മ്യുണിക്കേഷൻസ് എന്ന പബ്ലിക് റിലേഷൻ ഏജൻസി നടത്തുന്നു. ഗവർമെന്റ് പ്ളീഡർ കെഎം രശ്മി  ഭാര്യ. ഏകമകൾ രചന അമ്മയുടെ പിന്നാലെ ജോധ്പൂർ ലോ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നു. 

മനോരമ,  മാതൃഭൂമി, ഇന്ത്യൻ എക്പ്രസ്, ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ  പോലുള്ള ആനുകാലികങ്ങളിൽ മൂർച്ചയുള്ള ലേഖനങ്ങൾ എഴുതുന്നതൊഴിച്ചാൽ വായനക്കാർ  ബോംബോ വാളോ വാക്കത്തിയോ തോക്കോ എടുത്ത് വിപ്ലവം കൈ വരുത്താൻ ഓടിയിറങ്ങണമെന്നു വാദിക്കാൻ അദ്ദേഹം തയ്യാറാകുന്നില്ല.  രോഷം നുരച്ചു പൊന്തി ഇതിനൊക്കെ ആര് എന്ന് എപ്പോൾ മാറ്റം വരുത്തും എന്നു ചോദിക്കുന്നതേയുള്ളു. ശ്രീനാരായണ ഗുരുവും കുമാരനാശാനും വയലാറും പി ഭാസ്ക്കരനും ശ്രീനിവാസനും  നിരന്തരം  ഉന്നയിച്ചുകൊണ്ടേയിരുന്ന ചോദ്യം. 

മുണ്ടുമുറുക്കി ഉടുത്താണെങ്കിലും വളർച്ചക്കു ആഗോള മാതൃകയായി  അമർത്യാ സെൻ  സമർഥിച്ച  കേരളത്തിൽ ഇന്ന് ഒരുവർഷം ഇരുനൂറോളം സിനിമകൾ ഇറങ്ങുന്നു. ധീരമായ പരീക്ഷണങ്ങൾക്കു മടിയില്ലാത്ത അമ്പതിലേറെ യുവ സംവിധായകർ രംഗത്തുണ്ട്. എന്നാൽ,  1973ൽ  എംടി എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച്‌ സംവിധാനത്തിനുള്ള ദേശീയ പുരസ്‌ക്കാരവും  പിജെ ആന്റണിക്ക് മികച നടനുള്ള ഭരത് അവാർഡും നേടിക്കൊടുത്ത നിർമ്മാല്യം  പോലുള്ള ഒരു ചിത്രം ഇന്നിറക്കാൻ  ആരെങ്കിലും ധൈര്യപ്പെടുമോ  എന്നാണ് രാംമോഹൻ  ചോദിക്കുന്നത്. 

ഇവിടെ വിശ്വാസം മൂത്തു ഭ്രാന്താണ്. 125 വർഷം മുമ്പ് വിവേകാനന്ദൻ കേരളത്തെ ഒരു ഭ്രാന്താലയം എന്നു വിളിച്ചതു ഇന്ന് അക്ഷരം പ്രതി ശരിയാണെന്ന് 'കേരളം ഒരു ബ്രാൻഡാലയം' എന്ന ലേഖനത്തിൽ അദ്ദേഹം അടിവരയിട്ടു പറയുന്നു. സക്കറിയ ആവർത്തിക്കുന്നതുപോലെ "മതമേതെന്ന് ചോദിക്കുമ്പോൾ മലയാളി എന്ന് പറയാൻ പറ്റണം. അങ്ങനെ ഒരു സ്വപ്നമുണ്ട്" എന്ന് രാം.  

മാനവ രാശിയുടെ  തൃക്കണ്ണാണ് രാം: ദൃശ്യ

മനോരമ വാരികയിൽ  കഥക്കൂട്ട് എന്ന എന്ന പംക്തി ആരംഭിച്ചു 2024ൽ കാൽ നൂറ്റാണ്ടു പൂർത്തിയാക്കുന്ന  തോമസ് ജേക്കബിനും  (ഇത് ഇന്ത്യയിലോ ഏഷ്യയിലോ ലോകത്തോ റൊക്കോഡ് ആകാം) മാതൃഭൂമി വാരികയിൽ  വെബിനിവേശത്തിന്റെ നൂറാഴ്ച  പൂർത്തിയാക്കിയ രാം മോഹൻ പാലിയത്തിനും വായനക്കാരാണെന്ന നിലയിൽ ഞാൻ കാണുന്ന പൊതു സ്വഭാവം പരന്ന വായനയും ഭയങ്കര ഓർമ്മശക്തിയുമാണ്. തോമസ് ജേക്കബിന്റെ കഥക്കൂട്ട്, കഥാവശേഷൻ, കഥയാട്ടം എന്നീ സമാഹാരങ്ങൾ  ഇറങ്ങി. 

അമ്പത്താറാം വയസിൽ രാംമോഹന്റെ ആദ്യ  പുസ്തകം, 35 ലേഖനങ്ങളുടെ സമാഹാരമായ  വെബിനിവേശം പ്രസിദ്ധീകരിച്ചു. ആറുമാസംകൊണ്ടു രണ്ടാം പതിപ്പും. ലക്ഷങ്ങൾ വിൽക്കുന്ന ലോകോത്തര എഴുത്തുകാരെ ഓർമ്മിച്ചുകൊണ്ടു, ഇനി ബെന്യാമിനും രാംമോഹനും  എഴുത്തുകൊണ്ടു ജീവിക്കാം എന്നാണോ? ജ്ഞാനപീഠം കിട്ടിയ തകഴി പോലും അതു സമ്മതിച്ചിട്ടില്ല. ഇനി മാരുതി ബ്രെസ്‌ല വാങ്ങാം, ഔഡിയോ ടെസ് ലയോ വാങ്ങാൻ വരട്ടെ. 

പ്രസിദ്ധി വെബ് സൈറ്റ്

സേതുവിന്റെ 'അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ' എന്ന ആത്മകഥക്കു തോമസ് ജേക്കബ് എഴുതിയ അവതാരിക (നവ.5) ഇതഃപര്യന്തം മലയാളം കണ്ട  അവതാരികകളുടെ ഒരു സമ്പൂർണ്ണാവലോകനം തന്നെയെന്നു 'അഞ്ഞൂറു പേജുള്ള അവതാരികക്കാലം' എന്ന തലകെട്ടിൽ അതു പ്രസിദ്ധീകരിച്ചുകൊണ്ടു മാതൃഭൂമി വാരിക ഉദ്ഘോഷിക്കുന്നു.  'അവതരികയല്ലിതു ഗവേഷണപഠനം' എന്ന് ആലപ്പുഴയിൽ നിന്ന് ശ്രീലകം വിശ്വനാഥ് നവംബർ 19നു കത്തെഴുതുന്നുമുണ്ട്.  

എഴുതിയെഴുതി മതിവരാതെ കടന്നുപോയ പി. ഗോവിന്ദപിള്ളയുടെ പ്രിയപ്പെട്ട നോവലിസ്റ്റ് ഇർവിങ് വാലസ് മുതൽ  ആർതർ ഹെയ്‌ലി, ടോം ക്ലാൻസി, ലീ ചൈൽഡ് വരെയുള്ള കഥാകാരന്മാർക്ക്  ഗവേഷണം നടത്തി വിവരങ്ങൾ ശേഖരിച്ച് കൊടുക്കാൻ ഒരു പ്രൊഫഷണൽ ടീം തന്നെ ഉണ്ടെന്നു വായിച്ചിട്ടുണ്ട്. 

എന്നാൽ  വെബിനിവേശത്തിൽ എല്ലാം താൻതന്നെ  പടച്ചുണ്ടാക്കുന്നതാണെന്നാണ് രാംമോഹൻ എന്നോട് ഏറ്റുപറഞ്ഞത്‌. അത് ഞാൻ വിശ്വസിക്കുന്നു. അപാരം! എല്ലാ ആഴ്ചയിലും ഗൂഗിളിന് അപ്പുറം പോയി സർവ ലോകങ്ങളെയും രാമിന്റെ കണ്ണുകൾ സ്കാൻ ചെയ്യന്നു.  അസാരം കവിതയുടെ അസ്കിതയുമുണ്ട്. എന്നാൽ ധർമ്മദാരം രശ്മി പതിവായി ഓണപ്പാട്ട് എഴുതുന്ന ആളാണ്‌. 

വെബ്ബിനോട്‌ ഏറെ അടുക്കാത്ത മലയാളികൾ  കേട്ടിട്ടില്ലാത്ത വെബ് അവതാരങ്ങളെ  ചിത്രസഹിതം പരിചയപ്പെടുത്തുന്നതിൽ രാംമോഹൻ പിശുക്കു കാണിക്കുന്നില്ല-റാപ് ഗായകൻ കാർത്തിക് കൃഷ്ണൻ, കൊല്ലം ഉമയനല്ലൂർ അജിത്, പാറുക്കുട്ടി നേത്യാരമ്മ, ചങ്ങനാശ്ശേരിയിലെ അജ് മൽ  സാബു, പോപ്പ് ഗായകൻ റഫ്ത്താർ  എന്ന ദിലിൻ നായർ, മലയാളി ബോളിവുഡ് ഗായകൻ കെകെ, കാവ്യകാരി ഗീത തോട്ടം, കാർനഗി മെലൻ പ്രൊഫസർ ഇന്ദിര നായർ, യുകെ ക്രൈം നോവലിസ്റ്റ് ദീപ ആനപ്പാറ, ഗ്രന്ഥപ്പുര ആർക്കൈവിസ്റ് ഷിജു അലക്സ്, തേങ്ങാ കൊക്കോ സ്ടാർട്ടപ്പിലെ മരിയ  കുര്യാക്കോസ്   എന്നിങ്ങനെ. 

നർമ്മത്തിനൊപ്പം കർമ്മവും കൂർമ്മവും ഉണ്ട്.  "ചോക്കലേറ്റുകൾ, സ്വീഡിഷ് ജയൻറ്സായ ബർഗ് മാൻ, ഐകിയ, എറിക്‌സൺ...എന്തിനധികം, ഭൂമിയിലെ സ്വർഗങ്ങൾ തന്നെ രണ്ടും. എന്നാൽ വെള്ളതേച്ച ഈ ശവക്കല്ലറകൾക്കുള്ളിൽ, കർത്താവ് പറഞ്ഞതു പോലെ, അസ്ഥികളും അവിശുദ്ധിയും നിറഞ്ഞിരിക്കുന്നു." 

ഡിജിറ്റൽ തട്ടകത്തിലെ തടവറകൾക്കെതിരെ രാംമോഹൻ ശബ്ദമുയർത്തിയോ എന്നെനിക്കു തീർച്ചയില്ല. ഹയർ ആൻഡ് ഫയർ യുഗത്തിൽ യൂണിയൻ ഉണ്ടാക്കാനുള്ള ശ്രമങ്ങളെ  പൊളിക്കുന്ന മസ്‌ക്,  ആമസോൺ, കൊക്കക്കോള, പെപ്സി, യുബർ, സൊമാറ്റോ, സ്വിഗ്ഗി എന്നിങ്ങനെ.  ലോകത്തിലെ എല്ലാത്തരം അടിച്ചമർത്തലിനുമെതിരെ പോരാടിയ പട്ടാളക്കാരനായിരുന്നു കണ്ടാണശേരിയിലെ കോവിലൻ.

വെബിനിവേശത്തിലെ മിക്കവാറും എല്ലാ ശീർഷകങ്ങളും വായനക്കാരെ പിടിച്ച് നിർത്തത്തക്ക വിധം ജനകീയമാണ്‌. 'ഓ'ഹരിശ്രീയെന്നും കുറിക്കേടോ മലയാളീ,'' നീ 'ഫോമോ'നെ ദിനേശാ, ആന്റണി പെരുമ്പാവൂർ ഇല്ലാതെ എന്ത് മോഹൻലാൽ, സത്യഖേദപുസ്തകം, ലോഗോ: സമസ്താ: സുഖിനോ ഭവന്തു,  അനുരാഗിണീ ഇതാ എഐയിൽ വിരിഞ്ഞ പൂക്കൾ, ആഡ് ജീവിതം. ടോം, ഡിക്ക് ആൻഡ് ഹാരിയല്ല, ഉണ്ണി, സണ്ണി ആംഡ് ഉമ്മർ,  സസ്യഭുക്, മാംസഭുക്, ഫേസ്‌ഭുക്ക് എന്നൊക്കെ തലക്കെട്ടു കൾ.    

സഹജമായ നർമ്മത്തിൽ  ചാലിച്ചായതിനാൽ രാംമോഹന്റെ  രചനകൾക്ക് വലിയ റീഡബിലിറ്റി ഉണ്ട്. സ്വന്തം ജീവിതത്തിലെ അനുഭവങ്ങളും പാളിച്ചകളും  ഓർത്തോർത്തു ചിരിക്കുന്ന ആളാണ്  അദ്ദേഹം. രാംമോഹന്റെ തെരഞ്ഞെടുത്ത  നർമ്മോക്തികൾ ക്വോട്സ് എന്നൊരു ഫോൾഡർ ഉണ്ടാക്കി സൂക്ഷിച്ചിരിക്കുകയാണ് ഞാൻ.

തേനൂറുന്ന ചില ഡിസേർട്ടുകൾ  ഇങ്ങിനെ: 

"കേൾക്കാൻ ക്ഷമയില്ലാത്തതുകൊണ്ടാകാം.  57 വർഷത്തിനിടെ (കുടയെക്കാൾ) ഏറ്റവുമധികം കളഞ്ഞു പോയത് ഇയർഫോണുകളായിരിക്കും; പരിചയപെട്ടു അധികകാലം ആയിട്ടില്ലെങ്കിലും." 

"ഒരു ചീപ് റിവഞ്ച്. ഇക്കുറി ദീവാളിക്ക്  കൊച്ചിയിൽ പുലർച്ചക്കു മെക്കാട്ടുപണിക്കു പോകുന്ന ഹിന്ദിക്കാരാ ഏതാനും വർഷം  മുമ്പ് ദില്ലിയിലോണത്തിന് ജോലിക്കു പോയപ്പോൾ ഞാൻ ഖേദിച്ച ഖേദം തീർന്നു!" 

"ഓർമ്മ  ദൗർബല്യമാണ്, എന്നാലും നമ്മളതിനെ ഓർമ്മശക്‌തി എന്ന് വിളിക്കുന്നു. പ്രതികാരം ബുദ്ധിശൂന്യമാണ്, എന്നിട്ടുമതിനെ പ്രതികാര ബുധ്ധി എന്ന് വിളിക്കുന്നതുപോലെ." 

"ഉഡുപ്പി ഹോട്ടലിലെ  ഉഴുന്നുവട പോലെയാണ് ദുഃഖം. പ്രത്യേകിച്ച് ഓർഡറിയ്യണ്ട കാര്യമില്ല. അഥവാ മസാല ദോശ ഓർഡറിയ്‌ദാലും ഇഡലി ഓർഡറിയ്‌ദാലും നെയ്‌റോസ്‌റ്  ഓർഡറിയ്‌ദാലും അങ്ങേര് കൂടെ വന്നോളും." 

"ഓടയില്  നിന്ന്. താരേ സമീന് പര്, കാതല്.. രാമായണം കത്തിക്കണം എന്നു പറഞ്ഞത് കേശവദേവ്. കത്തിക്കാന് പോലും യോഗ്യമായ സാഹിത്യമൊന്നും എഴുതിയിട്ടുള്ള ആളല്ല ദേവ് എന്നാണു എന്റെ വായനയില് തോന്നിയിട്ടുള്ളത്." 

"പയറഞ്ഞാഴി (അരിയില്ലാഞ്ഞിട്ടാണ് സാർ)'' 

'ഉണ്ടോ എന്ന് ചോദിച്ചു, അൺഡു എന്നു വായിച്ചു ഇല്ലാതാക്കി ഖേദിച്ചു തമ്പുരാനെ പൊറുക്കണേ" 

'ഈ പ്രേതങ്ങൾക്കിടയിൽ നാം കണ്ടുമുട്ടുന്നു മനുഷ്യബാധയേറ്റ ചിലരെ'' 

 ''രണ്ടു സിമ്മില്ലാത്ത ഒരാളുണ്ടത്രേ കാണാൻ കഴിഞ്ഞെങ്കിലെന്തു  ഭാഗ്യം'' 

"സഹ്യപർവതം ഒന്നേയുള്ളു. അസഹ്യപർവതങ്ങൾ അനേകം." 

"അമ്മയുടെ നാട്ടിൽ മൽസ്യം, അച്ഛന്റെ  നാട്ടിൽ നാളികേരം, എന്നാലുമെനിക്കിഷ്ട്ടം തേങ്ങയരച്ച മീൻ കറി." 

Join WhatsApp News
ഷീജ വിവേകാനന്ദൻ 2023-12-17 07:18:23
രാംമോഹൻ്റെ പേനയുടെ മൂർച്ചയ്ക്കൊപ്പം നിൽക്കുന്ന എഴുത്ത് .അഭിനന്ദനങ്ങൾ .
Abdul Punnayurkulam 2023-12-20 02:16:45
Despite the article's length, it gives exciting information.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക