Image

നേർച്ചയുടേയും പൂരത്തിന്റേയും സാമൂഹിക ശാസ്ത്രം (ഷുക്കൂർ ഉഗ്രപുരം)

Published on 17 December, 2023
നേർച്ചയുടേയും പൂരത്തിന്റേയും സാമൂഹിക ശാസ്ത്രം (ഷുക്കൂർ ഉഗ്രപുരം)

ഒരുതവണയെങ്കിലും ക്ഷേത്രോത്സവത്തിനോ നേർച്ചക്കോ പള്ളിപ്പെരുന്നാളിനോ പങ്കെടുക്കാത്തവരായി മലയാളികളുടെ കൂട്ടത്തിൽ ആരെങ്കിലുമുണ്ടാകുമോ? ഒരർത്ഥത്തിൽ ഇങ്ങനെയുള്ള ഉത്സവങ്ങളെല്ലാം മലയാളിക്ക് ഗൃഹാതുരത്വത്തിന്റെ സുഖമുള്ള ഓർമ്മകളിലൊന്നാണ്. എത്ര വലിയ സാമൂഹികോദ്ഗ്രഥനമാണ് ഇങ്ങനെയുള്ള ഉൽസവപ്പറമ്പുകളിൽ നടക്കുന്നത്. വ്യത്യസ്ഥ മതങ്ങളിലും,ജാതിയിലും, രാഷ്ട്രീയത്തിലും, വ്യത്യസ്ഥ പ്രത്യയശാസ്ത്രങ്ങളിലും വിശ്വസിക്കുന്ന അനേകം സ്ത്രീകളും,പുരുഷൻമാരുമെല്ലാം ഉൾക്കൊള്ളുന്ന മഹാജനസഞ്ചയത്തിന്റെ ഒരുമിച്ചുകൂടലാണ് ഇവിടങ്ങളിലൊക്കെ നടക്കുന്നത്.

ഇന്ന് ഈ ഉത്സവങ്ങളെയെല്ലാം (നേർച്ച, പൂരം, പള്ളിപ്പെരുന്നാൾ) വല്ലാതെ രാഷ്ട്രീയവൽക്കരിച്ചിട്ടുണ്ട്. അതിനാൽ തന്നെ ഇവയെല്ലാം ഓരോരോ വിഭാഗത്തിന്റേത് മാത്രമായി ചുരുങ്ങിയിട്ടുമുണ്ട്. ഇതൊട്ടും ശുഭസൂചകമല്ല. ഒരുഭാഗത്ത് മതത്തിന്റെ Radicalization ഉം ,മറുഭാഗത്ത് മതത്തിന്റെ രാഷ്ട്രീയ വൽക്കരണവും നടക്കുമ്പോൾ ആഘോഷങ്ങൾ മലയാളിയുടേതല്ലാതായി മാറുകയാണ് ചെയ്യുന്നത്.ഈ ആഘോഷങ്ങളെയെല്ലാം മതേതര മലയാളികൾ തിരിച്ച് പിടിക്കേണ്ടതുണ്ട്.

സാമൂഹിക ഐക്യം Social solidarity നിലനിർത്തുന്നതിൽ ആഘോഷങ്ങൾക്കും ഉൽസവങ്ങൾക്കും വളരെ വലിയ പങ്കുണ്ട്. പ്രമുഖ ഫ്രഞ്ച് സോഷ്യോളജിസ്റ്റ് എമിലി ദുർഖൈം Social Solidarity യെ കുറിച്ച് വളരെ വ്യക്തമായ സിദ്ധാന്തങ്ങൾ രൂപീകരിച്ചിട്ടുണ്ട്. Mechanical Solidarity (യാന്ത്രിക ഐക്യമത്യം), Organic Solidarity എന്നിങ്ങനെയുള്ള സിദ്ധാന്തങ്ങളുടെ അടിസ്ഥാനത്തിൽ പല പ്രമുഖ വാദങ്ങളും അദ്ധേമുയർത്തുന്നുണ്ട്. അദ്ധേഹത്തിന്റെ ''Suicide Theory " സിദ്ധാന്തത്തിലും Solidarity യുടെ സ്വാധീനത്തെ കാണാൻ സാധിക്കും. Ibn Khadun ന്റെ Asabiyya എന്ന Sociological Theory യിലും ഐക്യമത്യത്തി (Solidarity) ന്റെ പ്രാധാന്യത്തെ കാണാം.

ഓരോ ഉത്സവപ്പറമ്പുകളിലും എത്രയെത്ര ചെറു കച്ചവടക്കാരാണ് തന്റെ കുടുംബത്തോടുള്ള സാമ്പത്തിക ഉത്തരവാദിത്വം നിർവ്വഹിക്കാനായി വന്നു ചേരുന്നത്! അതിനാൽ തന്നെ മാക്സിയൻ വീക്ഷണത്തിൽ  ഈ ആഘോഷങ്ങളെല്ലാം ഡയലറ്റിക്സിന്റെ ഭാഗമാണെന്ന് പറയുന്നതിൽ തെറ്റില്ല. ഈ കച്ചവടക്കാർക്കിടയിലും വൈജാത്യ പ്രത്യയശാസ്ത്രങ്ങളിൽ വിശ്വസിക്കുന്നവരെ കാണാം. മലബാറിലെ 90% ഉത്സവപ്പറമ്പുകളിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായുടെ പണപ്പിരിവ് നടത്തുന്ന യുവാക്കളുടെ കൂട്ടത്തെയും  കാണാം.

ഇപ്പോഴും ഉത്സവപ്പറമ്പുകളിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം ‘മുച്ചീട്ടുകളിക്കാര’നെ കാണാം! 'കിലുക്കിക്കുത്ത് ' അന്നും ഇന്നും ഒരേ പൊലിമയോടെ തുടർന്നുകൊണ്ടിരിക്കുന്നു. ബഷീർ എഴുതിത്തുടങ്ങുന്ന കാലത്ത് അദ്ധേഹത്തിന്റെ എത്രയോ കൃതി കൾ ഉത്സവപ്പറമ്പുകളിൽ വിറ്റഴിച്ചിട്ടുണ്ട്.

ഒരു ഉത്സവം ഇല്ലാവുമ്പോൾ അനേകം സാമൂഹിക ശാസത്ര ഘടകങ്ങളാണ് ഇല്ലാതാവുന്നത്. Dale & Menon (1978) പഠനം നടത്തി പറയുന്നത് മുസ്ലിം കലണ്ടറിൽ നേർച്ചയെന്ന ഉത്സവമില്ല, ഇവ ഒരു പക്ഷേ കാർഷിക ഉത്സവങ്ങളായിരിക്കാം എന്നാണ്. മമ്പുറം തങ്ങളുടെ നേർച്ചയും, കിഴിശ്ശേരി മൊയ്തീൻ മുസ്‌ല്യാരുടെ നേർച്ചയും മലബാറിൽ പ്രശസ്തമാണ്. മമ്പുറം തങ്ങളുടെ നേർച്ചക്ക് ജാതി, മത, വർഗ്ഗ ബേധമന്യേ ക്വിന്റൽ കണക്കിന് ഭക്ഷണമാണ് വിതരണം ചെയ്യുന്നത്. കിഴിശ്ശേരി മൊയ്തീൻ മുസ്ല്യാരുടെ നേർച്ചക്ക് ജാതി മത വർഗ്ഗ വർണ്ണ ബേധമന്യേ എല്ലാ പാവപ്പെട്ട മനുഷ്യർക്കും അരിയാണ് വിതരണം ചെയ്യുന്നത്. വഴിയോരങ്ങളിൽ സ്ഥാപിച്ച നേർച്ചപ്പെട്ടികളിൽ ജാതിമത ബേധമന്യേ ആളുകൾ നിക്ഷേപിക്കുന്ന നാണയത്തുട്ടുകൾ ഇങ്ങനെ പാവപ്പെട്ടവരുടെ ഭക്ഷണാവശ്യത്തിന് ഉപയോഗിക്കുന്നു. പ്രമുഖ സൂഫിവര്യനായിരുന്ന തൃപ്പനച്ചി മുഹമ്മദ് മുസ്‌ല്യാരുടെ നേർച്ചക്കും ക്വിൻറൽ കണക്കിന് ഭക്ഷണമാണ് ജാതി മത ബേധമന്യേ വിതരണം ചെയ്യുന്നത്. പ്രമുഖ സൂഫിവര്യനായ മുഹമ്മദ് മുസ്ല്യാരുടെ മഖാമും വിദ്യാഭ്യാസ സമുച്ചയവും ഉൾപ്പെടുന്ന ക്യാമ്പസ്  അറിയപ്പെടുന്നത് കേരളത്തിന്റെ അജ്മീർ എന്ന പേരിലാണ്. സൂഫികളുടെ ആണ്ട് നേർച്ചക്ക് പുറമേ തിൻമക്കും അനീതിക്കുമെതിരെ യുദ്ധം നയിച്ച  ബദ്ർ ശുഹദാക്കളുടെ ആണ്ടു നേർച്ചയും കേരളത്തിലെ സുന്നീ ധാരയിൽ പെട്ട മുസ്ലിംകൾ ആചരിക്കുന്നു. എല്ലാ നേർച്ചകളുടേയും ഏറ്റവും വലിയ പ്രത്യേക ത അവ മത മാനവ സൗഹാർദ്ധത്തിന് വലിയ വില കൽപ്പിക്കുന്നു എന്നതാണ്. സ്തുതി കീർത്തനാലാപനങ്ങളുടെ ഭാഗമായി മാലയും , മൗലിദും, കവാലിയും, ദഫ് മുട്ടും മറ്റും അരങ്ങേറുന്നു. തൃശൂരിലെ ചന്ദനക്കുടം ആഘോഷവും മത സൗഹാർദ്ധത്തിന് വിഖ്യാതമാണ്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി നേർച്ച മത സൗർഹാർദ്ധത്തിനു പേരു കേട്ട നേർച്ചയാണ് .സയ്യിദ് തങ്ങളുടെ അടുത്തേക്ക് വരുന്ന ഹൈന്ദവ വിഭാഗത്തിന്റെ തട്ടാന്റെ പെട്ടി വരവോട് കൂടിയേ നേർച്ചയിലെ പ്രധാന ഭാഗം പൂർത്തിയാകൂ. ഇന്ന് കൊണ്ടോട്ടി നേർച്ചയും വിസ്മൃതിയിലാണ്ടു. 

ഇന്ത്യയിൽ മാംസാഹാരഭോജനത്തിന്റെ പേരിൽ ആൾക്കൂട്ട കൊലപാതകങ്ങളും അക്രമങ്ങളും അരങ്ങേറുന്ന സമയത്തു പോലും തെക്കേ മലബാറിലെ പ്രമുഖ നേർച്ചയായ ഓമാനൂർ ശുഹദാക്കളുടെ നേർച്ചയുടെ ബീഫും തേങ്ങാച്ചോറും ഇവിടുത്തെ ഹിന്ദു വിശ്വാസികളും മുസ്ലിംങ്ങളും കഴിക്കുകയും പങ്ക് വെക്കപ്പെടുകയും ചെയ്യുന്നത് Economic & Political Weekly യിൽ 2018 - Auguste 04 ലെ 31 Issue വിൽ  ഹനീഫ എ പി എഴുതിയ ലേഖനത്തിൽ ചർച്ചക്ക് വിധേയമായതാണ്.

കൊടിഞ്ഞിയിൽ ഫൈസൽ കൊലപാതകം നടക്കുകയും മത ചേരിതിരിവുകൾ രൂപപ്പെടുകയും ചെയ്ത ഘട്ടത്തിൽ പോലും വർഷങ്ങളോളം പഴക്കമുള്ള കൊടിഞ്ഞിയിലെ ക്ഷേത്രോത്സവത്തിന്റെ ഭാഗമായുള്ള പേട്ടതുള്ളൽ ചടങ്ങ്  ഹൈന്ദവ സംഘം മസ്ജിദിന്റെ മുറ്റത്ത് വന്ന് പതിവ് പോലെ നടത്തിയപ്പോൾ ഇരുണ്ട അനാവശ്യ കാർ മേഘങ്ങളാണ് സാമുദായിക മനസ്സുകളിൽ നിന്നും കുടിയിറങ്ങിപ്പോയത്. പല ക്ഷേത്രോത്സവങ്ങളുടേയും ഭാഗമായി ഇന്ന് സമൂഹ സദ്യ,മിശ്ര ഭോജനം സംഘടിപ്പിക്കാറുണ്ട്. സയ്യിദ് സാദിഖലി ശിഹാബ് തങ്ങളും, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ തുടങ്ങീ പ്രശസ്ത മുസ്ലിം നേതാക്കളെല്ലാം ഇത്യാദി ചടങ്ങുകളിലെ സ്ഥിരം ക്ഷണിതാക്കളാണ്. മത വിശ്വാസികൾക്കിടയിലുള്ള സൗഹൃദം നിലനിർത്തുന്നതിൽ ഇത്തരം ആഘോഷങ്ങൾക്ക് വലിയ പങ്കാണുള്ളത്.
സ്വാതന്ത്ര്യ സമര സേനാനിയും മുസ്ലിംകളുടെ ആത്മീയ നേതാവുമായിരുന്ന സയ്യിദ് അലവി മമ്പുറം തങ്ങളാണ് പ്രശസ്തമായ മുന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്രോത്സവത്തിന് തിയ്യതി കുറിച്ച് കൊടുത്തത്. നേർച്ചയും പൂരവും മറ്റു ഉത്സവങ്ങളുമെല്ലാം എത്രമേൽ ശക്തമായ മത സൗഹൃദവും സാമൂഹികോദ്ഗ്രഥനവുമാണ് നടത്തുന്നതെന്ന് മനസ്സിലാക്കാൻ ഈ ഒരുദാഹരണം മാത്രം മതി.

നാട്ടിൽ നിന്നും താമസം മാറിയവരും , വിവാഹം കഴിഞ്ഞ് നാട്ടിലില്ലാത്തവരുമൊക്കെ ഉത്സവത്തിനും, നേർച്ചക്കും, പള്ളിപ്പെരുന്നാളിനുമെല്ലാം സ്വദേശത്ത് ഒരുമിച്ച്  കൂടുകയും ബന്ധങ്ങൾ പുതുക്കുകയും ഊഷ്മളമാക്കുകയും ചെയ്യുന്നു. വ്യത്യസ്ഥ ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം കാർഷിക ഗ്രാമീണ സമൂഹങ്ങളിൽ ചെലുത്തുന്ന സ്വാധീനം ചെറുതല്ല. ഹെർബർട്ട് സ്പെസറിനെ പോലുള്ള Functionalist സൈദ്ധാന്തികരുടെ കാഴ്ച്ചപ്പാടിൽ ആഘോഷങ്ങളും ഉത്സവങ്ങളും നിർവ്വഹിക്കുന്ന ധർമ്മം ശാരീരിക ജൈവിക ധർമ്മം പോൽ സുപ്രധാനമായവയാണ്. സമൂഹശാസ്ത്രപരമായി അവ നിർവ്വഹിക്കുന്ന ധർമ്മം അമൂല്ല്യവും സംരക്ഷിക്കപ്പെടേണ്ടവയുമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക