Image

ബാസു ഭട്ടാചാര്യ- പ്രേക്ഷകനോട് കടപ്പാടില്ല (അഭ്രപാളികളില്‍ ഇതിഹാസം രചിച്ചവര്‍-2 ഏബ്രഹാം തോമസ്)

Published on 18 December, 2023
ബാസു ഭട്ടാചാര്യ- പ്രേക്ഷകനോട് കടപ്പാടില്ല (അഭ്രപാളികളില്‍ ഇതിഹാസം രചിച്ചവര്‍-2 ഏബ്രഹാം തോമസ്)

കാളവണ്ടികളുടെ ചലന സംഗീതത്തില്‍ ഗാനങ്ങളുടെ ചിത്രീകരണം അവിസ്മരണീയമാക്കിയ ധാരാളം ചിത്രങ്ങള്‍ ഇന്ത്യന്‍ ഭാഷകളില്‍ പുറത്ത് വന്നിട്ടുണ്ട്. അവയില്‍ പല കാരണങ്ങളാല്‍ മുന്നില്‍ നില്‍ക്കുന്ന ചലച്ചിത്രങ്ങളില്‍ ഒന്നാണ് ബാസു ഭട്ടാചാര്യയുടെ 'തീസരി കസം.' താന്‍ ചെയ്യുന്ന തെറ്റുകള്‍ വീണ്ടും ആവര്‍ത്തിക്കില്ല എന്ന് ഓരോ തവണയും ശപഥം ചെയ്യുന്ന നിഷ്‌ക്കളങ്കനായ ഗ്രാമീണ കാളവണ്ടിക്കാരന്‍ ഹിരാമന്‍ മൂന്നാമത് നടത്തുന്ന ശപഥത്തെ തുടര്‍ന്നുള്ള കഥയാണ് ചിത്രത്തില്‍ വിവരിക്കുന്നത്.

രാജ് കപൂർ  ചിത്രങ്ങളില്‍ ഗാനരചന നടത്തിയിരുന്ന ശൈലേന്ദ്ര  നിര്‍മ്മാതാവായപ്പോള്‍ രാജും സഹായിച്ചു. നായകവേഷം അനുയോജ്യനായ രാജ് തന്നെ തന്മയത്വത്തോടെ നിര്‍വഹിച്ചു. രാജിന്റെ അഭിനയം ഏവരും പ്രശംസിച്ചു. ഗ്രാമീണ, നാടോടി കലകളുടെയും നൃത്തത്തിന്റെയും (നൗടങ്കി) യഥാര്‍ത്ഥമായ പുനരാവിഷ്‌കാരം നിരൂപകര്‍ നെഞ്ചിലേറ്റിയപ്പോള്‍ സാധാരണ പ്രേക്ഷകരുടെ കാര്യമായ പിന്തുണ ലഭിച്ചില്ല. ഒരു നാടോടി നര്‍ത്തകിയ്ക്ക് യാത്രാ സഹായം ചെയ്യുന്ന നായകനെ ധാരാളം ചിത്രങ്ങളില്‍ കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

സാങ്കേതികമായും സംഗീതാത്മകമായും ചിത്രം ഔന്നത്യം പുലര്‍ത്തി. നായിക വഹീദാ റഹ്‌മാനുമൊത്ത് രാജ് സജനു വാ വൈരി ഹോ ഗയി ഗമാര്‍' എന്ന് പാടുമ്പോള്‍ നദിയിലെ കുഞ്ഞോളങ്ങള്‍ കരയെ വന്ന് തഴുകുന്നത് സുബ്രത മിത്ര എന്ന ക്യാമറാമാനും ജിജി മായേക്കര്‍ എന്ന ചിത്രസംയോജകനും കാവ്യാത്മകമായി പകര്‍ത്തി.

ബീഹാറിലെ ടെറായ് പ്രദേശത്ത് സംഭവിക്കുന്നതായി ഹനീഷ്വര്‍ നാഥ് രേണ എഴുതിയ കഥ യഥാർത്ഥത്തില്‍ മഹാരാഷ്ട്രയിലെ ഇഗത്പുരിയിലാണ് വനപശ്ചാത്തലം ചിത്രീകരിച്ചതെന്ന്  ബാസുദാ എന്നോട് പറഞ്ഞു.

സ്റ്റുഡിയോവില്‍ നിന്ന് ലൈറ്റ് സെറ്റുകള്‍ കൊണ്ട് വന്നില്ല. സമീപത്ത് നിര്‍ത്തിയിട്ട രണ്ടു കാറുകളുടെ ഹെഡ് ലൈറ്റുകളുടെ വെളിച്ചത്തിലാണ് ഷൂട്ടിംഗ് നടത്തിയതെന്നും പറയുന്നു.

തീസരി കസമിലെ പാട്ടുകള്‍ ഇന്നും ആരാധകരുടെ നാവിന്‍ തുമ്പിലുണ്ടാവും. സജനരേത്സൂ  ഠ് മത്‌ബോലാ, ഖുദാകെ പാസ് ജാനാ ഹൈ, ന ഹാത്തിഹൈ, ന ഘോഡാഹൈ, വഹാം പൈതല്‍ ഹി ജാനാ ഹൈ' (നല്ലവരേ നിങ്ങള്‍ കള്ളം പറയരുത്. ദൈവത്തിനടുത്ത് പോകാനുള്ളതാണ്. അവിടേയ്ക്ക് പോകാന്‍ ആനയില്ല, കുതിരയില്ല. കാല്‍നടയായി തന്നെ പോകണം).

മറ്റൊരു ഗാനം 'ചലത് മുസാഫിര്‍ മോഹ്ലിയാരേവിന്‍ ജരേ വാലി മുന്നിയാ'( `ഒരു യാത്രക്കാരിയെപോലെ പറന്നു നടക്കാന്‍ കൂട്ടിലെ കിളിക്ക് മോഹം ഉണ്ടായി). ദുനിയാം ബനാനേ വാലേ ക്യാ തേരി മന്‍മേം സമായി, കാഹേകോ ദുനിയാ ബനായാ? (ലോകം സൃഷ്ടിച്ചവനേ എന്തായിരുന്നു നിന്റെ മനസ്സില്‍? എന്തിനായിരുന്നു ലോകം സൃഷ്ടിച്ചത്?) മുകേഷ്, ലതാ മങ്കേഷ്‌ക്കര്‍, മന്നാഡേ, മുബാറക് ബീഗം, ശംഭൂ ശങ്കര്‍, ആശാ ഭോസ്ലേ എന്നീ ഗായകരാണ് ഗാനങ്ങളെ അനശ്വരമാക്കിയത്. ശൈലേന്ദ്രയുടെ വരികള്‍ക്ക് ശങ്കര്‍-ജയ്കിഷന്‍ സംഗീതം നല്‍കി.

തീസരി കസത്തിന് മുമ്പ് ബാസുദാ ഉസ്‌കി കഹാനി സംവിധാനം ചെയ്തു. ഏറ്റവും നല്ല ചിത്രത്തിനുള്ള പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡല്‍ നേടിയത് 1966 ലെ തീസരി കസമിനാണ്. ബാസുദായുടെ ചിത്രങ്ങളില്‍ ഏറെ ഓര്‍ക്കപ്പെടുന്നതും ഇതാണ്. എന്നാല്‍ ചില നിരൂപകര്‍ 1974ലെ 'ആവിഷ്‌കാറി' നെ മുന്നോട്ട് വയ്ക്കുന്നു. ദാമ്പത്യ ജീവിതത്തിലെ പിണക്കങ്ങളും പൊരുത്തക്കേടുകളും അനുഭവ് (1971), ആവിഷ്‌കാര്‍ (1973-74), ഗൃഹപ്രവേശ് (1979) എന്നീ ചിത്രങ്ങളില്‍ പ്രധാന വിഷയമാക്കി. മിക്കവാറും സംവിധായകരെപോലെ ഒരേ പശ്ചാത്തലത്തില്‍ മൂന്നില്‍ അധികം ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

ഞാന്‍ ബാസുദായെ ഇന്റര്‍വ്യൂ ചെയ്തത് 1974 സെപ്റ്റംബര്‍ ആദ്യം ഒരു മഴക്കാല പ്രഭാതത്തിലായിരുന്നു. ഭാര്യ റിങ്കി എന്നെ സ്വാഗതം ചെയ്ത് ഇരുത്തി. ചായ തന്നു. റിങ്കി ബിമല്‍ റോയിയുടെ മകളാണെന്ന് പിന്നീടാണ് ഞാന്‍ അറിഞ്ഞത്. ഇന്റര്‍വ്യൂവില്‍ ബാസുദാ പറഞ്ഞ രണ്ട് കാര്യങ്ങള്‍ അത്ഭുതപ്പെടുത്തി. ഒന്ന് എനിക്ക് പ്രേക്ഷരോട് കടപ്പാടില്ല. രണ്ട് എല്ലാ ഭാര്യയിലും ഒരു വേശ്യയുണ്ട്. ഇന്റര്‍വ്യൂ ഇങ്ങനെ പുരോഗമിച്ചു.

ബിമല്‍ റോയിയുടെ നാലാമത്തെ അസിസ്റ്റന്റായാണ് തുടങ്ങിയത്. സിനിമ എന്ന മാധ്യമത്തോടുള്ള താല്‍പര്യം കൊണ്ടാണ് ബോംബെയില്‍ എത്തിയത്. ഉസ്‌കി കഹാനിക്ക് ശേഷം തീസരി കസം എടുത്തു. അതിന് പ്രസിഡന്റിന്റെ സ്വര്‍ണ്ണ മെഡലും അനവധി ദേശീയ അന്തര്‍ദേശീയ ബഹുമതികളും ലഭിച്ചു. അതിന് ശേഷം 'അനുഭവ് ' സംവിധാനം ചെയ്തു. അനുഭവിന് ഏറ്റവും നല്ല രണ്ടാമത്തെ ചലച്ചിത്രത്തിനുള്ള രാഷ്ട്രപതിയുടെ അവാര്‍ഡ് ലഭിച്ചു. ഇപ്പോള്‍ പ്രദര്‍ശിപ്പിച്ചു വരുന്ന ആവിഷ്‌കാറില്‍ സൂപ്പര്‍ താരങ്ങള്‍ രാജേഷ്ഖന്നയും ഷര്‍മ്മിളാ ടാഗോറും പ്രധാന റോളുകളില്‍ ഉള്ളതിനാല്‍ നാഷ്ണല്‍ അവാര്‍ഡ് ജൂറി ചിത്രം മുന്‍വിധിയോടെ ആയിരിക്കണം കണ്ടത് എന്നത് ഞാന്‍ കരുതുന്നു. അവാര്‍ഡിന് അര്‍ഹമായ ചിത്രമാണ് ആവിഷ്‌കാര്‍. നിങ്ങള്‍ ചിത്രം കണ്ടു എന്ന് പറഞ്ഞു. ചിത്രത്തിലെ ഒരു രംഗത്ത് ഷോ കേസില്‍ ഇരിക്കുന്ന ഒരു പ്രതിമ മറിഞ്ഞു വീഴുന്നത് ശ്രദ്ധിച്ചിട്ടുണ്ടാവില്ല. നിങ്ങള്‍ മാത്രമല്ല, നിരൂപകരാരും തന്നെ ഈ രംഗം ശ്രദ്ധിക്കാതെയാണ് ലേഖനങ്ങള്‍ എഴുതിയിട്ടുള്ളത്.

ചിത്രത്തിന്റെ പ്രമേയത്തെ ആശ്രയിച്ചാണ് ഗാനങ്ങള്‍ വേണോ എന്ന് തീരുമാനിക്കുക. തീസരി കസമില്‍ പതിനൊന്ന് ഗാനങ്ങള്‍ ഉണ്ടായിരുന്നു.

'പ്രേക്ഷകര്‍ക്ക് വേണ്ടി ഞാന്‍ വിട്ടുവീഴ്ചകള്‍ നടത്താറില്ല. എന്റെ സിനിമ ആരും കണ്ടില്ലെങ്കിലും കുഴപ്പമില്ല', ബാസുദാ തന്റെ സ്വതസിദ്ധമായ കര്‍ക്കശ്ശ ശൈലിയില്‍ പറഞ്ഞു.

'ഞാന്‍ ബംഗാളിയാണ്. ഞങ്ങള്‍ ബംഗാളികള്‍ ഒരു ഭരണിയില്‍ ഇട്ടിരിക്കുന്ന ഞണ്ടുകളെ പോലെയാണ്. ആരെയും മുകളിലേയ്ക്ക് കയറാന്‍ അനുവദിക്കാതെ വലിച്ച് താഴെയിടും.'

രണ്ടാമത് തവണ ഞാന്‍ ബാസുദായെ അഭിമുഖം ചെയ്തത് 1979-ലാണ്. 'ഗൃഹപ്രവേശ്' റിലീസിന് കാത്തിരിക്കുന്നു. ഇതിനിടയില്‍ ബാസുദായുടെ സംവിധാനത്തില്‍ ഢാക്കൂ, തുമാരാകല്ലൂ, സംഗ, നോണ്‍ യെറ്റ് നോട്ട് നോണ്‍, മധു മാലതി എന്നീ ചിത്രങ്ങള്‍ പുറത്തു വരികയും 'ആന്ദ് മഹല്‍' പ്രശ്‌നങ്ങള്‍ മൂലം റിലീസാകാതെ ഇരിക്കുകയും ചെയ്തു. ഗൃഹ്പ്രവേശില്‍ വീണ്ടും നായകന്‍ അമറും (സന്‍ജീവ് കുമാര്‍), നായിക ഭാര്യ മാന്‍സിയും  (ഷര്‍മ്മിള ടാഗോര്‍) ദാമ്പത്യത്തില്‍ പൊരുത്തപ്പെടാതെ  കഴിയുന്നത് കണ്ടു. ഓഫീസിലെ സെക്രട്ടറി (സരിക)യുമായി അടുക്കുന്ന അമര്‍ അവള്‍ക്കിഷ്ടം കാപ്പി ആയതിനാല്‍ സ്വന്തം ഇഷ്ടം ചായയ്ക്ക് പകരം കാപ്പി സ്വീകരിക്കുന്ന വഴിത്തിരിവ് ബാസുദാ അവതരിപ്പിച്ചു.

തുടര്‍ന്ന് ബാസുദാ ഹോര്‍കി പോഡ്‌സിം സവുനി മാംഗാ, അന്‍വേഷന്‍, സോളാര്‍ എനര്‍ജി, സയന്‍സ് ഇന്ത്യ, പഞ്ചവടി, ഏക്‌സാസ് സിന്ദഗി, 'ആസ്ത: ഇന്‍ ദ പ്രിസണ്‍ ഓഫ് സ്പ്രിംഗ്' എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ആസ്തയുടെ പ്രമേയത്തിന് 'ദ ബ്രിഡ്ജസ് ഓഫ് മാഡിസണ്‍ കൗണ്ടി' പ്രചോദനമായിട്ടുണ്ടാവണം. ഗൃഹ് പ്രവേശില്‍ സന്‍ജീവ് കുമാറും സരികയും തമ്മിലും ആസ്തയില്‍ ഓംപുരിയും രേഖയും തമ്മിലും ഉള്ള അഗാധ പ്രണയരംഗങ്ങളുടെ ചിത്രീകരണം വിവാദമായിരുന്നു. ഇവ പ്രമേയങ്ങള്‍ക്ക് അനുയോജ്യവും സന്ദര്‍ഭങ്ങള്‍ ആവശ്യപ്പെടുന്നതുമായിമായിരുന്നു എന്ന് ബാസുദാ ന്യായീകരിച്ചു. ബാസുദാ 1980 ല്‍ നിര്‍മ്മിച്ച 'സ്പര്‍ശ്' അനവധി അവാര്‍ഡുകള്‍ നേടി.

പശ്ചിമബംഗാളിലെ ചെറിയ പട്ടണം, കോസിം ബസാറിലെ ഒരു യാഥാസ്ഥിതിക ബ്രാഹ്‌മണ കുടുംബത്തില്‍ 1934 ലായിരുന്നു ബാസുദായുടെ ജനനം. 1958 ല്‍ ബോംബെയിലെത്തിയ അദ്ദേഹം ബിമല്‍ റോയിയുടെ സഹായിയായി കൂടെക്കൂടി. ബിമല്‍ദായുടെ മകള്‍ റിങ്കിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു. ഈ വിവാഹത്തിന് ബിമല്‍ ദാ എതിരായിരുന്നു. ഏറെ നാള്‍ എതിര്‍പ്പ് തുടരുകയും ചെയ്തു. ബാസുദായും റിങ്കിയും തമ്മിലുള്ള പൊരുത്തക്കേടുകള്‍ വളര്‍ന്ന് 1983 ല്‍ മാറിത്താമസിച്ച റിങ്കിയും ബാസുദായും 1990 ല്‍ വിവാഹമോചിതരായി.

ഇരുവര്‍ക്കും മൂന്ന് മക്കളുണ്ട്.- ആദിത്യ, ചിമ്മു, അന്വേഷ ആര്യ. ആദിത്യ ചലച്ചിത്ര സംവിധായകനാവാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ശശി കപൂറിന്റെ മകളെ വിവാഹം കഴിച്ചു. റിങ്കി പിന്നീട് എഴുത്തുകാരിയും ഡോക്യുമെന്ററി ഫിലിം മേക്കറും ആയി. 1997 ജൂണ്‍ 19ന് ബാസുദാ അന്തരിച്ചു. നിലപാടുകളില്‍ മയം വരുത്താതെ സ്വന്തം വീക്ഷണത്തിലൂടെ ചലച്ചിത്രങ്ങള്‍ സംവിധാനം ചെയ്ത ബാസുദാ കാലഘട്ടത്തിന് അതീതനായ കലാകാരനായിരുന്നു. തന്റെ സിനിമകളിലെ സാങ്കേതിക മികവ് ഓരോ ഷോട്ടിലും വ്യക്തമായിരുന്നു.

ഒരു കലാകാരന്‍ നേരിടുന്ന  സമ്മര്‍ദ്ദങ്ങളും വ്യക്തിപരമായ സംഘര്‍ഷങ്ങളും ബാസുദായെ അലട്ടിയിരുന്നു. തന്റെ ചിത്രങ്ങളുടെ പരാജയവും റിലീസ് കാത്തു അവയില്‍ ചിലത് കാനുകളില്‍ ഉറങ്ങേണ്ടി വന്നതും ബാസുദായെ ഏറെ ദുഃഖിതനാക്കിയിട്ടുണ്ടാവാം. പക്ഷെ തന്റെ സിനിമ പ്രേക്ഷകര്‍ കണ്ടില്ലെങ്കിലും സാരമില്ല എന്ന നിലപാട് ആ സിനിമയുടെ നിര്‍മ്മാണത്തില്‍ പങ്കെടുത്തവരോട് ചെയ്യുന്ന വലിയ ക്രൂരതയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക