Image

അബോര്‍ഷന്‍: കോടതിവിധികള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതായി ആരോപണം (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 18 December, 2023
അബോര്‍ഷന്‍: കോടതിവിധികള്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയതായി ആരോപണം (ഏബ്രഹാം തോമസ്)

ഓസ്റ്റിന്‍: ഗര്‍ഭസ്ഥ ശിശുവിന് ഗുരുതര ജനിതകപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അബോര്‍ഷന് അനുമതി ആവശ്യപ്പെട്ട് കേറ്റ് കോക്‌സ് എന്ന ടെക്‌സസ് സ്ത്രീ നല്‍കിയ ഹര്‍ജി അനുവദിച്ച ഡിസ്ട്രിക്ട് കോടതിയുടെ തീരുമാനം ടെക്‌സസ് ഹൈക്കോടതി തള്ളി. മണിക്കൂറുകള്‍ക്കുള്ളില്‍ 20 ആഴ്ച ഗര്‍ഭിണിയായ  കോക്‌സ് ഗര്‍ഭഛിദ്രം നടത്തുവാന്‍ ടെക്‌സസ് സംസ്ഥാനം വിട്ടു എന്ന വാര്‍ത്തയും പുറത്തു വന്നു. കഴിഞ്ഞ വര്‍ഷം ടെക്‌സസ് നിയമസഭ പാസ്സാക്കിയ നിയമപ്രകാരവും 2023ല്‍ യു.എസ്. സുപ്രീം കോടതി റോ വേഴ്‌സസ് വേഡ് തീരുമാനം റദ്ദു ചെയ്തതിന് ശേഷവും ഗര്‍ഭഛിദ്രം നടത്തുകയോ ആപ്രക്രിയയ്ക്കു കൂട്ടുനില്‍ക്കുകയോ ചെയ്യുന്നവര്‍ കുറ്റക്കാരാണ്. ഇവര്‍ക്ക് ശിക്ഷ ലഭിക്കാവുന്നതാണ്.

അബോര്‍ഷന്‍ ആവശ്യമാണോ ഇല്ലയോ എന്ന് തീരുമാനിക്കുന്നത് ഗര്‍ഭിണിയുടെ ഡോക്ടര്‍മാരാണ്, കോടതി അല്ല എന്നാണ് ഹൈക്കോടതി വിധി. ഇതേ വിധിയില്‍ കോക്‌സിന്റെ ഡോക്ടര്‍മാര്‍ അബോര്‍ഷന്‍ ശുപാര്‍ശ ചെയ്തു പറയുന്ന കാരണങ്ങള്‍ പൂര്‍ണ്ണമായും തൃപ്തികരമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി. ടെക്‌സസ് സംസ്ഥാനം മൂന്ന് നിയമങ്ങളിലൂടെ ഗര്‍ഭഛിദ്രം നിരോധിച്ചിരിക്കുന്നു എന്ന് കോടതി പറഞ്ഞു.

കോക്‌സിന് വേണ്ടി അഭിഭാഷകര്‍ വാദിച്ചത് അവര്‍ കടന്നു പോകുന്ന ദിനങ്ങള്‍ നരകതുല്യമാണ്, നാല് തവണ എമര്‍ജെന്‍സി റൂമുകളില്‍ പോകേണ്ടിവന്നു, ഗര്‍ഭഛിദ്രം വൈകുന്ന ഓരോ നിമിഷവും അവരുടെ ആരോഗ്യത്തിനും ജീവനും ഹാനികരമാണ് എന്നായിരുന്നു. ഈ വാദങ്ങള്‍ കോടതി തള്ളി.

ടെക്‌സസ് ഹൈക്കോടതിയുടെ ഈ വിധി അബോര്‍ഷന്‍ നിയമങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതായി നിയമ വിദഗ്ധര്‍ പറയുന്നു. ആദ്യ ചോദ്യം ഗര്‍ഭധാരണത്തിന് എത്ര നാളുകളോ ആഴ്ചകളോോ കഴിഞ്ഞതിന് ശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് അബോര്‍ഷന്‍ അനുമതി തേടേണ്ടത് എന്നതാണ്. സുരാവസ്‌കിവേഴ്‌സസ് ടെക്‌സസ് കേസില്‍ 20 ടെക്‌സസ് സ്ത്രീകള്‍ കോടതിയെ സമീപിച്ചപ്പോള്‍ കേസ് തള്ളിയത് ഇവരാരും ഗര്‍ഭിണികള്‍ ആയിരുന്നില്ല എന്ന കാരണത്താലാണ്.

കോക്‌സ് കേസില്‍ ഗര്‍ഭസ്ഥ ശിശുവിന് മാരകമായ ഫുള്‍ ട്രൈസോമി 18 രോഗം ഉണ്ട് എന്ന ഡോക്ടര്‍മാരുടെ കണ്ടെത്തലാണ് തൃപ്തികരമായി കോടതി സ്വീകരിക്കാതെയിരുന്നത്. എന്നാല്‍ കോടതിയുടെ അഭിപ്രായമായി ഗര്‍ഭഛിദ്ര നിരോധത്തില്‍ നിന്ന് ഒഴിവ് വേണമെന്നാഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ഡോക്ടര്‍മാരുടെ  തീരുമാനമായി ഗര്‍ഭഛിദ്രത്തിന് വിധേയരാകാം. ഇതിന്റെ ഉത്തരവാദിത്തം ഡോക്ടര്‍മാര്‍ക്കും സ്ത്രീകള്‍ക്കും ആയിരിക്കും.
ഗര്‍ഭഛിദ്രം നടത്തിക്കഴിഞ്ഞ് അധികാരികളെ സമീപിക്കുന്നത് മാപ്പ് അപേക്ഷിക്കലാണ്. അനുമതി തേടലല്ല. ഒരു അബോര്‍ഷന്‍ നടത്തിയ കുറ്റത്തിന് നിയമത്തിന് മുന്നിലെത്തുന്ന ഡോക്ടര്‍ക്ക് ആജീവനാന്തം ജയില്‍, ലൈസന്‍സ് റദ്ദാക്കല്‍, ഒരു ലക്ഷം ഡോളര്‍ വരെ പിഴ എന്നിവ ശിക്ഷയായി ലഭിക്കാം.

ടെക്‌സസില്‍ അബോര്‍ഷന്‍ നിരോധിക്കുന്ന മൂന്ന് നിയമങ്ങളുണ്ട്. സെനറ്റ് ബില്‍ 8(എസ്ബി8) ടെക്‌സസ് ഹാര്‍ട്ട്ബീറ്റ് ആക്ട് എന്നറിയപ്പെടുന്നു. ഏതൊരു സ്വകാര്യ വ്യക്തിക്കും അബോര്‍ഷന്‍ നടത്തിയോ, നടത്താന്‍ കൂട്ടുനിന്നതോ ആയ വ്യക്തിക്കെതിരെ കേസ് ഫയല്‍ ചെയ്യാം(ഗര്‍ഭധാരണത്തിന് 6 ആഴ്ചകള്‍ക്കു ശേഷം നടത്തുന്ന അബോര്‍ഷന്). യു.എസ്. സുപ്രീം കോടതി റോവേഴ്‌സസ് വേഡ് കേസ് വിധി റദ്ദാക്കിയപ്പോള്‍ ഈ ടെക്‌സസ് നിയമം 'ട്രിഗര്‍ ബാന്‍' ആയി അറിയപ്പെട്ടു. പിന്നീടുള്ളത് പ്രീറോബാന്‍ എന്ന പേരില്‍ അറിയപ്പെടുന്ന നിയമമാണ്. യു.എസ്. സുപ്രീം കോടതി വിധി വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് ടെക്‌സസ് പാസാക്കിയ നിയമം ഇപ്പോഴും പ്രാബല്യത്തില്‍ തുടരുന്നു. ഈ നിയമം അബോര്‍ഷന്‍ നടത്തുന്നതും അതിന് സംവിധാനം ഒരുക്കുന്നതിനും കുറ്റകരമാക്കിയിട്ടുണ്ട്. 

ഇത്രയേറെ വിവാദങ്ങള്‍ ഉണ്ടായിട്ടും ടെക്‌സസ് മെഡിക്കല്‍ ബോര്‍ഡിന്റെ ഒരു പ്രതികരണവും ഉണ്ടായിട്ടില്ല എന്ന് ചിലര്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക