Image

മരുമകളുടെ ഉന്തും തള്ളും..! (സോയ നായർ, ഫിലഡൽഫിയാ)

Published on 19 December, 2023
മരുമകളുടെ ഉന്തും തള്ളും..! (സോയ നായർ, ഫിലഡൽഫിയാ)

വിദ്യാഭ്യാസമുണ്ടായിട്ടോ സർക്കാർ ഉദ്യോഗം ഉണ്ടായിട്ടോ പണം കൈയിൽ ധാരാളം ഉണ്ടായിട്ടോ ഒന്നും ഒരു കാര്യവും ഇല്ല. സ്വഭാവവൈക്യതവും മനോവൈകല്യവും ഒരാൾ മരുമകളായ്‌ ഏതു വീട്ടിൽ വന്നാലും ആ വീട്‌ നശിക്കും.. ആ വീട്ടിനുള്ളിലെ സ്നേഹം, സമാധാനം എല്ലാം ഇല്ലാണ്ട്‌ ആകും.  ഭർത്താവിനെ ചീത്ത വിളിക്കുന്നതുകൊണ്ടോ ദേഹോപദ്രവം ഏൽപ്പിക്കുന്നതു കൊണ്ടോ അമ്മായിയമ്മയെ തള്ളിയിടുന്നതു കൊണ്ടോ നേടുന്ന ആത്മസംത്യപ്തി അധികകാലം വാഴുകയില്ല. അവരവർ ചെയ്യുന്ന കർമ്മഫലം അവരവർക്ക്‌ അധികം വൈകാതെ തന്നെ പിന്നാലെ വന്നു ചേരും..

എത്ര നിക്യഷ്ടമായിട്ടാണു സ്വന്തം അമ്മയുടെ പ്രായമുള്ള  അമ്മയെപ്പോലെ കണ്ട്‌ സ്നേഹിക്കേണ്ട അമ്മായി അമ്മയെ ഉന്തിതള്ളിയിടുന്നത്‌?? ഭർത്താവിന്റെ അമ്മയുടെവസ്തുവകകളിൽ മാത്രം സന്തോഷം കണ്ടെത്തി  അമ്മയെയും സ്വന്തം ഭർത്താവിനെയും പെരുവഴിയിലിറക്കി വിട്ട്‌ ഒറ്റയ്ക്ക്‌ സസുഖം വാഴാം എന്ന് ചിന്തിക്കുന്ന എല്ലാവർക്കും മനസമാധാനം എന്നൊന്ന് കിട്ടുമോ?? ഇല്ല എന്ന് തെളിയിച്ച ആ വീഡിയോ ഇന്ന് കണ്ടു.

മരുമകൾ ക്രൂരമായി മർദ്ദിക്കുമ്പോഴും ചീത്ത വിളിക്കുമ്പോഴും കുത്തുവാക്കുകൾ കൊണ്ട്‌ നോവിപ്പിക്കുമ്പോഴും കൊച്ചുമക്കളെ കൊണ്ട്‌ ഉപദ്രവിപ്പിക്കുമ്പോഴും  കൊച്ചുമക്കളെ ഓർത്ത്‌ കൊച്ചുമക്കൾക്ക്‌ വേണ്ടി മാത്രം എല്ലാം സഹിച്ച്‌ ആരോടും പരാതി പറയാതെ ആരെയും അറിയിക്കാതെ കൊണ്ട്‌ നടക്കുന്ന ഇങ്ങനെയുള്ള അമ്മായിയമ്മമാരെ സമ്മതിക്കണം. അവരൊന്ന് വാ തുറന്നാൽ, ഒരു പോലീസ്‌ പരാതി കൊടുത്താൽ തീരുന്നതേ ഉള്ളൂ ഈ പറയുന്ന ജോലിയും അഭിമാനവും മറ്റുള്ളവരുടെ മുൻപിലുള്ള അഭിനയവും.. എല്ലാരെയും എപ്പോഴും പൊട്ടരാക്കാൻ അത്ര എളുപ്പമല്ല.

കഷ്ടം തന്നെ..! ഈ ലോകം ഇതെങ്ങോട്ടാണു പോകുന്നത്‌?? മക്കളെ സ്വന്തംകാലിൽ നിൽക്കാൻ പ്രാപ്തരാക്കി കഴിഞ്ഞാൽ പിന്നെ എന്തേ അമ്മമാർ മക്കൾക്ക്‌ ഒരു അധികപ്പറ്റാകുന്നു. അവരുടെ പണം, സ്വത്ത്‌ ഇവയൊക്കെ മാത്രം ലക്ഷ്യമിട്ട്‌ അവരെ വാക്കുകൾ കൊണ്ട്‌ അപമാനിക്കുന്നു, അവഗേളിക്കുന്നു, അവഗണിക്കുന്നു, അവരെ ബഹുമാനിക്കാതെ പോകുന്നു. പണം കൊണ്ട്‌ മാത്രമല്ല ഒരു ജീവിതം നന്നായി മുന്നോട്ട്‌ പോകുന്നത്‌. കൂടെചേരുന്നവരുടെ സ്വഭാവം നന്നല്ല എങ്കിൽ എന്തുണ്ടായിട്ടും ഒരു ഗുണവുമില്ല കൂട്ടത്തിൽ മനസ്സും നന്നാകണം. നാം മക്കൾക്കു കാട്ടിക്കൊടുക്കുന്ന വഴികളാണു നാളെ നമ്മൾക്കും വന്നു ചേരുക എന്ന് കരുതുന്നവർ ഒരിക്കലും ഇങ്ങനെ പെരുമാറുകയില്ല. എരിതീയിൽ എണ്ണ ഒഴിക്കാൻ ചുറ്റിലും കുറേ വിഷനാവുകളും ഉണ്ടെങ്കിൽ സംഗതി കളർ, സൂപ്പർ. ജീവിതം സ്വാഹ.

പലരും കാണാതെ, അറിയാതെ പോകുന്ന എത്രയോ കേസുകൾ ഉണ്ടാകാം ചുറ്റിനും. ഭർത്താവിനെ ഫോർക്ക്‌ കൊണ്ട്‌ കുത്തിയും അമ്മായിയമ്മയെ തള്ളിയിട്ടും ആനന്ദിക്കുന്ന  എല്ലാ മരുമക്കളോടുമായി ഒരൊറ്റ ചോദ്യം? നിങ്ങളുടെ അമ്മയെ അല്ലെങ്കിൽ ആങ്ങളയെ ഇങ്ങനെ മർദ്ദിച്ചാൽ നിങ്ങൾ സന്തോഷിക്കുമോ അതോ ദുഖിക്കുമോ?? അവരവരുടെ അമ്മ എങ്ങനെയാണോ അതുപോലെ തന്നെയാണു എല്ലാവർക്കും അമ്മ. ആ അമ്മയുടെ സ്നേഹം, ആ കരുതൽ അതിനെ നോവിപ്പിച്ചാൽ, ആ അമ്മയെ ഉപദ്രവിച്ചാൽ, അവരെ വാക്കുകൾ കൊണ്ട്‌ കുത്തി നോവിച്ചാൽ ജയിൽ ശിക്ഷ വരെ കിട്ടാൻ ഉള്ള വകുപ്പുണ്ട്‌.. ആ വകുപ്പിൽ അകത്തു പോയാൽ അന്ന് തീരും എല്ലാം..എന്തൊരു മനുഷ്യരാണു ദൈവമേ.. ഇവർക്കൊക്കെ എന്താ ബന്ധങ്ങളുടെ വില, മനുഷ്യരുടെ സ്നേഹം ഇതൊന്നും അറിയാൻ കഴിയാതെ പോകുന്നത്‌?? എന്തായാലുമധ്യാപന ജോലി നഷ്ടപ്പെട്ട്‌ മരുമകൾ സുഖമായി ജയിലിൽ ഇരിക്കുന്നത്‌ കൊണ്ട്‌ അമ്മായിയമ്മയുടെ ജീവനു വലിയ ആപത്തില്ല...

സ്വഭാവവൈക്യതം മൂത്ത്‌ പ്രാന്തായ ഇത്തരം മരുമക്കളെ ഇനിയാർക്കും കിട്ടാതെ ഇരിക്കട്ടെ. മക്കളിൽ നിന്നും മരുമക്കളിൽ നിന്നും ഉപദ്രവമേൽക്കുന്ന അമ്മായിഅമ്മമാർ മുന്നോട്ട്‌ വരട്ടെ.. അവരുടെ പ്രതികരണം അത്‌ മാത്രമാണു ഇതിനു പ്രതിവിധി.. കാരണം നാളെ നിങ്ങളുടെ ഈ മിണ്ടാപ്പൂച്ച നയം ഇല്ലാണ്ടാക്കാൻ  പോകുന്നത്‌ നിങ്ങളുടെ ജീവിതവും അതു മൂലം നിങ്ങൾ രക്ഷിക്കാൻ നോക്കുന്നത്‌ ഒരു ക്രിമിനലിനെയുമാണു..പേടിച്ച്‌ ജീവിക്കുന്ന ഭർത്താവിനെക്കാൾ നട്ടെല്ലുള്ള ഭർത്താവ്‌ ഉണ്ടേൽ ഇതൊന്നും നടക്കില്ല എന്നും കൂടി പറയുന്നു.. സ്വന്തമമ്മയെ സ്നേഹിക്കാത്ത മക്കളൊക്കെ വൻ പരാജയം എന്നേ പറയാൻ കഴിയൂ.. വിദ്യാസമ്പന്നയും അധ്യാപന ജോലിയുമുണ്ടായിരുന്ന  മരുമകൾക്ക്‌ ഇനി അഹങ്കരിക്കാതെ വിശ്രമിക്കാം.. കാലം കാത്തു വെച്ചിരിക്കുന്ന ശിക്‌ഷകൾ ഏറ്റുവാങ്ങി ശിഷ്ടകാലം ആസ്വദിക്കാം...! ഹോ!! ഭയാനകം... മനുഷ്യത്വമുള്ള മനുഷ്യനാകാൻ ആരാ ഇനി ഇവരെ പഠിപ്പിക്കുക..??
Soya Nair

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക