Image

കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തു (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 21 December, 2023
 കഴിഞ്ഞ രണ്ട്  വര്‍ഷത്തിനുള്ളില്‍ 40 ലക്ഷം നിയമവിരുദ്ധ കുടിയേറ്റക്കാരെ അറസ്റ്റു ചെയ്തു (ഏബ്രഹാം തോമസ്)

ലൂക്ക് വില്‍, അരിസോണ: കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷങ്ങളില്‍ ഓരോ വര്‍ഷവും 20 ലക്ഷം വീതം നിയമ വിരുദ്ധകുടിയേറ്റക്കാരെ യു.എസ്. കസ്റ്റംസ് ആന്റ് ബോര്‍ഡര്‍  പ്രൊട്ടക്ഷന്റെ ആക്ടിംഗ് കമ്മീഷ്ണര്‍ ട്രോയ് മില്ലര്‍ അറിയിച്ചു. ഈയടുത്ത കാലത്തായി നിയമ വിരുദ്ധ കടന്നുകയറ്റം വര്‍ധിച്ചു. നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യമാസമായ ഒക്ടോബര്‍ 2023ല്‍ മാത്രം 1, 88, 778 കടന്നു കയറ്റങ്ങള്‍ തടഞ്ഞു. ഇപ്രാവശ്യം ടൂസോണ്‍ പ്രദേശത്തായിരുന്നു കൂടുതല്‍ -55,224. തൊട്ടുപിന്നാലെ ഡെല്‍റിയോ-38,211, റിയോ ഗ്രാന്റ് വാലി-32,107, സാന്‍ഡിയാഗോ-29,904, അല്പാസോ- 22, 107 എന്നിങ്ങനെയാണ് വിവരങ്ങള്‍.

നിയമവിരുദ്ധ കുടിയേറ്റശ്രമങ്ങള്‍ വര്‍ധിച്ചതിന് കാരണമായി സാങ്കേതിക പുരോഗതി മൂലം ഉണ്ടായ ആഗോള കുടിയേറ്റം, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, പ്രകൃതിദുരന്തങ്ങള്‍, രാഷ്ട്രീയ അടിച്ചമര്‍ത്തലുകള്‍, സംഘടിത കുറ്റകൃത്യങ്ങള്‍ എന്നിവ മില്ലര്‍ ചൂണ്ടിക്കാട്ടി. പ്രശ്‌ന പരിഹാരമാര്‍ഗങ്ങള്‍ സിബിപിക്കും അപ്പുറമാണ്. സിബിപിയുടെ കീഴില്‍ ദീര്‍ഘകാല തടഞ്ഞു വയ്ക്കല്‍, അഭയാര്‍ത്ഥി അപേക്ഷാ പരിശോധന എന്നിവ മാത്രമേ ഉള്ളൂ. അതിര്‍ത്തി മതിലുകളില്‍ അവിടവിടെയായി കാണുന്ന ഭേദനങ്ങള്‍ മെക്‌സിക്കന്‍ അധികാരികളുടെ കൂടുതല്‍ സൂക്ഷ്മ നിരീക്ഷണം ആവശ്യപ്പെടുന്നു എന്നും മില്ലര്‍ പറഞ്ഞു.

ലൂക്ക് വില്ലില്‍ സ്ഥാപിച്ചിട്ടുള്ള ബാര്‍ബ്ഡ് വയര്‍വേലിയില്‍ ഇടയ്ക്കിടെയുള്ള കോണ്‍ക്രീറ്റ് തൂണുകളില്‍ ചില തീയതികള്‍ തുരന്ന് രേഖപ്പെടുത്തിയിട്ടുള്ളത് കാണാം. ഓരോ തവണയും വേലി ഭേദിച്ച് യു.എസിനകത്തേയ്ക്ക് നുഴഞ്ഞു കയറിയത് നന്നാക്കി സ്ഥാപിച്ച തീയതികളാണ് ഇങ്ങനെ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്. തൂണുകള്‍ മുറിച്ചും വേലികള്‍ കത്തിച്ചും രാകിയും സംഘങ്ങളായി കുടിയേറ്റക്കാര്‍ അകത്തേയ്ക്ക് കടക്കുന്നു. കഴിഞ്ഞ വസന്തത്തിന് ശേഷം കുടിയേറ്റശ്രമങ്ങള്‍ ധാരാളമായി വര്‍ധിച്ചപ്പോള്‍ മുതലാണ് തൂണുകളില്‍ തീയതികള്‍ ആലേഖനം ചെയ്യുവാന്‍ ആരംഭിച്ചത്. ഒരു കൂട്ടം തീയതികള്‍ ഏപ്രില്‍ 12 മുതല്‍ ഒക്ടോബര്‍ 3 വരെയാണ്. ഒരു തൂണില്‍ ഒക്ടോബര്‍ 31 ഉം ഡിസംബര്‍ 5 ഉം കാണാനുണ്ട്.

മനുഷ്യക്കടത്ത് സംഘങ്ങള്‍ 30 അടി ഉയരമുള്ള തൂണുകള്‍ക്ക് താഴെ കുറെ ഇഞ്ചുകള്‍ കുഴിച്ച് തൂണുകള്‍ അനായാസം നിലത്ത് നിന്ന് വേര്‍പെടുത്തുന്നു. ഒരു തൂണ്‍ ഇളക്കി വയ്ക്കുവാന്‍ ഏതാണ്ട് 30 മിനിറ്റ് എടുക്കുമെന്ന് സിബിപി ഏജന്റുമാര്‍ പറയുന്നു. പി്ന്നീട് ഒരു തൂക്കം പാലം പോലെയായ വേലികടക്കുക പ്രയാസമുള്ള കാര്യമല്ല. വെല്‍ഡര്‍മാര്‍ മെറ്റല്‍ബാറുകള്‍ നീളത്തില്‍ പല തൂണുകള്‍ക്കിടയിലൂടെ കടത്തി ആട്ടം നിയന്ത്രിക്കുന്നു. ബന്ധനം വിടുവിക്കുവാന്‍ രാകി മുറിച്ച് കടന്നു കയറ്റം സുഗമമാക്കുന്നു. ഓരോ ദിവസവും കടന്നുകയറുന്നവരുടെ എണ്ണം റെക്കോര്‍ഡ് സൃഷ്ടിക്കുന്നു. ഡിസംബറില്‍ ശരാശരി 10,000 വരും, മില്ലര്‍ പറഞ്ഞു.

ടെക്‌സസ് നിയമസഭ പാസ്സാക്കി ഗവര്‍ണ്ണര്‍ ഗ്രെഗ് ആബട്ട് നിയമമായി ഒപ്പുവച്ച സെനറ്റ് ബില്‍ 4 രേഖകള്‍ ഇല്ലാതെ സംസ്ഥാനത്ത് കണ്ടെത്തുന്നവരെ അറസ്റ്റു ചെയ്ത് നീക്കം ചെയ്യാന്‍ സംസ്ഥാന പോലീസിന് അധികാരം നല്‍കുന്നു. ഈ നിയമം 2024 മാര്‍ച്ച് മുതല്‍ നിലവില്‍ വരും. മൂന്ന് കേന്ദ്രങ്ങളില്‍ നിന്ന് ഈ നിയമം എതിര്‍പ്പു നേരിടുന്നു. അല്‍പാസോ കൗണ്ടിയും അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ ഓഫ് ടെക്‌സസും ചേര്‍ന്ന് ടെക്‌സസ് സ്റ്റേറ്റിനെതിരെ ഒരു ലോ സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. മെക്‌സിക്കന്‍ ഗവണ്‍മെന്റ് ഈ നിയമം കോടതിയില്‍ ചോദ്യം ചെയ്യുമെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ്  ആന്ദ്രെ മാനുവല്‍ ലോപസ് ഒബ്രഡോര്‍ പറഞ്ഞു. വൈറ്റ് ഹൗസും നിയമത്തെ നിശിതമായി വിമര്‍ശിച്ചു. ഇതിനിടയില്‍ ഒരു അപ്പീല്‍ കോടതി ഈഗിള്‍ പാസിന് സമീപം റിയോഗ്രാന്‍ഡില്‍ ടെക്‌സസ് സ്ഥാപിച്ചിട്ടുള്ള കോണ്‍സെര്‍ട്ടീന വയറുകള്‍ മുറിക്കുന്നതില്‍ നിന്ന് ബോര്‍ഡര്‍ പെട്രോളിനെ വിലക്കി. അപ്പീല്‍ കോടതി വിധി കീഴ്‌ക്കോടതി വിധി തള്ളുകയായിരുന്നു. ഈഗിള്‍ ഉള്‍പ്പെടുന്ന മേവ്‌റിക് കൗണ്ടിയിലെ 29 മൈല്‍ ദൈര്‍ഘ്യമുള്ള കമ്പി വേലികള്‍ മുറിക്കുന്നതില്‍ നിന്നാണ് ഫെഡറല്‍ ഏജന്റുമാരെ വിലക്കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക