Image

ജനകീയമായ കളങ്ങൾ (വിജയ് സി. എച്ച്)

Published on 21 December, 2023
ജനകീയമായ കളങ്ങൾ (വിജയ് സി. എച്ച്)

അനുഷ്ഠാന കലാകാരൻ കടന്നമണ്ണ ശ്രീനിവാസൻ നടത്തിവരുന്ന പ്രശസ്ത കളമെഴുത്തുപാട്ടു ശിൽപശാലയ്ക്കു ഇരുനൂറിൻ്റെ ശോഭ! മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ഞെരളത്ത് കലാശ്രമത്തിൽ മെയ് 2015-ൽ തുടങ്ങിയ കളംപാട്ടു ശില്പശാല, പെരിന്തൽമണ്ണ പാതാക്കര എ.യു.പി സ്കൂളിൽ ഈയിടെ പിന്നിട്ടത് അതിൻ്റെ 200-ആം നിറക്കൂട്ട്!
കേരള സാംസ്കാരിക വകുപ്പിൻ്റെ അംഗീകാരമുള്ള ഇരുപത്തിയേഴു അനുഷ്ഠാന കലകളിൽ ഒരു പക്ഷേ ഏറ്റവും പുരാതനമായതാണ് കളമെഴുത്ത്. കളം വരച്ചതിനു ശേഷം സ്തോത്രങ്ങൾ ചൊല്ലുന്നതിനാൽ, ഈ ശിൽപവിദ്യയുടെ ഔപചാരികമായ നാമം 'കളമെഴുത്തും പാട്ടും' എന്നാണ്. കഴിഞ്ഞ 28 വർഷമായി മങ്കട സ്വദേശിയായ ശ്രീനിവാസൻ ഈ അനുഷ്ഠാന കലാരംഗത്തെ സജീവ സാന്നിധ്യം.


കളംപാട്ടിനെ ക്ഷേത്ര മതിൽക്കെട്ടിനു പുറത്തു കൊണ്ടുവന്നു സാധാരണക്കാർക്ക് പരിചയപ്പെടുത്തുന്നു എന്നതാണ് ശ്രീനിവാസനെ വിഭിന്നനായൊരു കലാകാരനാക്കുന്നത്. ക്ലാസ്സിക് പരിവേഷമുള്ളൊരു ഗ്രാമീണ കലയുടെ ജനകീയവൽക്കണം പരിഗണിച്ചാണ് കേരള ഫോക് ലോർ അക്കാദമി ശ്രീനിവാസനെ യുവപ്രതിഭ പുരസ്കാരം നൽകി ആദരിച്ചത്. കലാകാരൻ്റെ വാക്കുകളിലൂടെ..


🟥 ചരിത്രം
സംഘകാലത്ത് കേരളത്തിലെ ക്ഷേത്രങ്ങളിൽ ജന്മം കൊണ്ടൊരു ആചാരമാണ് കളമെഴുത്ത്. എന്നാൽ, ശതാബ്ദങ്ങൾ കഴിഞ്ഞപ്പോൾ ഈ ക്ഷേത്രാനുഷ്ഠാനം കലാപരതയുള്ളൊരു നാടൻ കലയായി പരിമണമിച്ചു. ക്രിസ്തുവിനു മുമ്പ് നാലാം നൂറ്റാണ്ടു മുതൽ ക്രിസ്തുവിനു ശേഷം രണ്ടാം നൂറ്റാണ്ടു വരെ നീണ്ടുനിന്ന അറുനൂറു വർഷങ്ങളാണ് ദക്ഷിണേന്ത്യൻ ചരിത്രത്തിലെ ഏറ്റവും പുഷ്കലമായ സംഘകാലം. മലയാള ഭാഷയുടെ അടിസ്ഥാന രൂപീകരണമാണ് സംഘകാലത്തെ ഏറ്റവും വലിയ നേട്ടമായി നാം കരുതുന്നതെങ്കിലും, ഈ കാലയളവിൽ തന്നെ പിറവികൊണ്ട സാംസ്കാരിക മികവുകളിലൊന്നാണ് കളത്തിൽ ആവിഷ്കരിയ്ക്കുന്ന വർണ്ണനകൾ. യഥാർത്ഥത്തിൽ, ഭാരതീയ ചുമർചിത്രകലയുടെ പിതാവാണ് കളമെഴുത്ത്.


🟥 ഗ്രാമീണമായ ആവിഷ്കാരം
കേരളത്തിൽ പൊതുവെ കണ്ടുവരുന്നൊരു ആചാര കലാരൂപമാണെങ്കിലും, പാലക്കാട്, തൃശ്ശൂർ, മലപ്പുറം ജില്ലകൾ ഉൾപ്പെടുന്ന വള്ളുവനാട്ടിലാണ് കളംപാട്ടിന് കൂടുതൽ പ്രചാരമുള്ളത്. വേലകളും താലപ്പൊലികളും അരങ്ങേറുന്ന മണ്ണിൽ അലിഞ്ഞു ചേർന്നതാണ് ഈ ആവിഷ്കാരം. പാലക്കാടു മുതൽ പൊന്നാനി വരെ പരന്നുകിടക്കുന്ന പ്രദേശത്തെ ഒട്ടുമിക്ക അമ്പലങ്ങളിലും ഉത്സവങ്ങൾക്കു മുന്നോടിയായി കളമെഴുതി പാട്ടുപാടുന്നു. പ്രകൃത്യാ ഉള്ള അഞ്ചു വർണ്ണപ്പൊടികൾ ഉപയോഗിച്ചു ദേവീദേവന്മാരെ ചിത്രീകരിക്കുന്നതാണ് കളമെഴുത്ത്. ക്ഷേത്രത്തിനു പുറത്താണ് കളമിടുന്നതെങ്കിൽ ചാണകം മെഴുകിയ തറയിൽ ഉമിക്കരിയാണ് എഴുത്തിൻ്റെ പ്രഥമ ലേപനം. പൊടികൾ അല്പാല്പമായി ശ്രദ്ധാപൂർവ്വം ഇട്ട് രൂപങ്ങൾ രചിക്കുന്നത് വിരലുകൾകൊണ്ടാണ്. ബ്രഷ്, പാലെറ്റ് മുതലായ ചിത്രകലാ സഹായ സാമഗ്രികളൊന്നും കളമെഴുത്തിന് ഉപയോഗിക്കുന്നില്ല. വാതിൽപുറ കളമെഴുത്തിന് കുരുത്തോല പന്തൽ പതിവുണ്ട്. ഉത്സവ ചടങ്ങുകളുടെ ഭാഗമായി കളമിടുന്നത് ക്ഷേത്ര അകത്തളത്തിലാണെങ്കിലും, സൗകര്യമുള്ള പക്ഷം അവിടെയും കുരുത്തോല കെട്ടി അലങ്കരിക്കാറുണ്ട്.


🟥 പഞ്ചവർണ്ണപ്പൊടികൾ
പ്രകൃതിദത്തമായ അഞ്ചു വർണ്ണപ്പൊടികളാണ് കളമെഴുതാൻ ഉപയോഗിക്കുന്നത്. ഉണങ്ങല്ലരി പൊടിച്ചു വെള്ളപ്പൊടിയും, മഞ്ഞൾ പൊടിച്ചു മഞ്ഞപ്പൊടിയും, ഉമി കരിച്ചു കറുത്ത പൊടിയും, മഞ്ചാടിയില പൊടിച്ചു പച്ചപ്പൊടിയും, മഞ്ഞളും ചുണ്ണാമ്പും തിരുമ്മിച്ചേർത്തു ചുവന്ന പൊടിയും നിർമ്മിക്കുന്നു. ഈ പഞ്ചവർണ്ണങ്ങൾ യഥാക്രമം പഞ്ചലോഹങ്ങളായ വെള്ളി, സ്വർണ്ണം, ഇരുമ്പ്, പിച്ചള, ചെമ്പ് എന്നിവയെ പ്രതിനിധാനം ചെയ്യുന്നു. കല്ലാറ്റ് കുറുപ്പെന്ന് സ്ഥാന നാമമുള്ള കലാകാരനാണ് കളം ചിത്രകാരനും ഗായകനും. അസ്തമയത്തിനു മുന്നെ കുറുപ്പ് ദേവരൂപം വരച്ചു തീർക്കും. തുടർന്ന്, തന്ത്രിവാദ്യമായ നന്തുണിയുടെ അകമ്പടിയോടെ, കുറുപ്പ് കളംപാട്ട് ആരംഭിക്കും. കുറുപ്പിൻ്റെ ആലാപനത്തിനൊപ്പം മാരാരുടെ ചെണ്ട കൊട്ടും, നമ്പൂതിരിയുടെ പൂജയും കൂടിയാകുമ്പോൾ കളമെഴുത്തും പാട്ടും ഏറെ കമനീയമായിത്തീരുന്നു! കളബലിയാണ് (തിരി ഉഴിച്ചിൽ) അവസാനത്തെ ചടങ്ങ്. താമസിയാതെ, വെളിച്ചപ്പാടോ, കുറുപ്പോ കളം മായ്ക്കുന്നു. കളപ്പൊടി ഭക്തജനങ്ങൾക്ക് പ്രസാദമായി വിതരണം ചെയ്യുന്നതോടെ കാര്യക്രമത്തിന് സമാപ്തിയായി.


🟥 കളംപാട്ടു കുടുംബത്തിൽ ജനിച്ചു
ഞാൻ ജനിച്ചു വളർന്നത് ഒരു കളംപാട്ടുകലാ കുടുംബത്തിലാണ്. കളംപാട്ടിനുള്ള 2004-ലെ കേരള ഫോക് ലോർ അക്കാദമി പുരസ്കാര ജേതാവായ കടന്നമണ്ണ നാരായണ കുറുപ്പാണ് മുത്തച്ഛൻ. അച്ഛൻ കടന്നമണ്ണ നാരായണൻകുട്ടി കുറുപ്പും കളംപാട്ടു കലാകാരനാണ്. കളംപാട്ടിനെക്കുറിച്ചുള്ള അവഗാഹം ഇവരിൽ നിന്നാണ് എനിയ്ക്കു ലഭിച്ചത്. അടുപ്പിലെ ചാരം ഉപയോഗിച്ചായിരുന്നു കളമെഴുത്ത് പരിശീലനം. ആറു വയസ്സു മുതൽ വീട്ടു മുറ്റത്ത് കുറേശ്ശെയായി വരച്ചു പഠിക്കുവാൻ തുടങ്ങി. ഏറ്റവുമാദ്യം ഒരു ക്ഷേത്രത്തിൽ കളമെഴുതിയത്, പാട്ട് അരങ്ങേറ്റം നടത്തിയ കീഴാറ്റൂർ മുതുകുർശ്ശിക്കാവ് ക്ഷേത്രത്തിൽ തന്നെയായിരുന്നു. അച്ഛൻ കളം കുറിച്ചതിനു ശേഷം ദേവരൂപത്തിൻ്റെ കൈകാലുകൾക്ക് പച്ചപ്പൊടി കുടഞ്ഞാണ് കളമെഴുത്തിൻ്റെ ഔപചാരികമായ ആരംഭം കുറിച്ചത്. ഈ ആവിഷ്കാരത്തിൻ്റെ ആലാപന ശൈലി ചെറുപ്പം മുതൽ എന്നെ വല്ലാതെ ആകർഷിച്ചിരുന്നു. അതിനാൽ കളം രചന പഠിയ്ക്കും മുന്നെ തന്നെ ആലാപനം അഭ്യസിച്ചു തുടങ്ങി. ഇതു കൊണ്ടാകാം ഇന്ന് കളംപാട്ടിലെ പാദാദികേശ വർണ്ണന, സ്തുതി മുതലായ പാട്ടുകളിൽ കൂടുതൽ യുക്തമായ രാഗങ്ങൾ കൂട്ടിച്ചേർത്ത് ചൊല്ലാൻ എനിയ്ക്കു സാധിക്കുന്നത്. മലയാളത്തിലും, ചെന്തമിഴിലുമുള്ള സോപാന സംഗീതത്തിൻ്റെയും, നാടൻ പാട്ടിൻ്റെയും മിശ്രണമാണ് സ്തുതിയുടെ വരികൾ. ശങ്കരാഭരണം, നാട്ട, കാനഡ, സാരംഗം, അഠാണ, മദ്ധ്യമാവതി തുടങ്ങിയ രാഗങ്ങളിൽ ഞാൻ ഇപ്പോൾ പാടിക്കൊണ്ടിരിയ്ക്കുന്നു.


🟥 ശില്പശാലകൾ, പ്രതികരണങ്ങൾ
അതിപുരാതന അനുഷ്ഠാനമായ കളമെഴുത്തുപാട്ടിനെ എല്ലാവരിലേക്കും എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടെയാണ് ശില്പശാലകൾ ആരംഭിച്ചത്. സ്കൂളുകളിലും കോളേജുകളിലും വച്ചു നടത്തുന്ന പരിപാടികളിൽ ഈ ആവിഷ്കാരത്തിൻ്റെ ഐതിഹ്യവും, ചരിത്രവും, കളമെഴുതാൻ ഉപയോഗിക്കുന്ന പൊടികൾ ഉണ്ടാക്കുന്ന രീതിയും വിദ്യാർത്ഥികൾക്ക് വിവരിച്ചു കൊടുക്കുന്നു. തുടർന്ന് കളം വരച്ചു, നന്തുണി വായിച്ചുകൊണ്ട് പാട്ടും പാടുന്നു. ശില്പശാലകൾ പൊതു സ്ഥാപനങ്ങളിൽ വച്ചു നടത്തുന്നതിനാൽ ജാതിമത ഭേദമന്യേ താൽപര്യമുള്ളവർക്കെല്ലാം ഈ കലാരൂപത്തെ കുറിച്ച് അറിയാൻ അവസരം ലഭിക്കുന്നു. 2018-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലെ ഫോക്‌ലോർ പഠന വിഭാഗത്തിൽ നടന്ന കളംപാട്ട് ശില്പശാല ഉദ്ഘാടനം ചെയ്തുകൊണ്ട്, വൈസ് ചാൻസലർ ഡോ. മുഹമ്മദ് ബഷീർ പ്രസ്താവിച്ചത്, ക്ഷേത്രങ്ങൾക്കകത്ത് മാത്രം നടക്കുന്ന ഒരു അനുഷ്ഠാനകല ഒരു സെക്യൂലാർ വേദിയിൽ വെച്ചു സകലർക്കും പരിചയപ്പെടുത്തുകയാണ് ശ്രീനിവാസനെന്നും, ഒരു കലാകാരൻ പരിപൂർണ്ണനാകുന്നത് താൻ ഉപാസിക്കുന്ന കല സമൂഹത്തിൽ പ്രചാരണം ചെയ്യുമ്പോഴാണെന്നുമാണ്.

2019-ൽ കോട്ടയ്ക്കൽ പുതുപ്പറമ്പ് സേക്രട്ട് ഹാർട്ട് സ്കൂളിൽ വച്ചു നടന്ന കളംപാട്ട് ശില്പശാലയിൽ, പ്രിൻസിപ്പൽ സിസ്റ്റർ ആൻസില ജോർജ് അഭിപ്രായപ്പെട്ടത്, കേരളത്തിൻറെ അനുഷ്ഠാനകലകളിൽ ഏറ്റവും പ്രധാനപ്പെട്ട കളമെഴുത്തു പാട്ടിനെ ജാതിമത വേർതിരിവ് കൂടാതെ എല്ലാവരിലുമെത്തിക്കുന്ന ശ്രീനിവാസൻ്റെ ഉദ്യമം വളരെ പ്രശംസനീയമാണെന്നാണ്. ഞാൻ പഠിച്ച മങ്കട സർക്കാർ ഹൈസ്കൂളിലാണ് 2015-ൽ രണ്ടാമത്തെ കളംപാട്ട് ശില്പശാല അരങ്ങേറിയത്. അതിനുശേഷം 94 സ്കൂളുകളും, 38 കോളേജുകളും ഉൾപ്പെടെ 132 വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതുവരെ കളംപാട്ട് ശില്പശാലകൾ സംഘടിപ്പിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി, തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല, പാലക്കാട് ചെമ്പൈ മെമ്മോറിയൽ ഗവൺമെൻ്റ് സംഗീത കോളേജ്, പാലക്കാട് വിക്റ്റോറിയ കോളേജ്, തൃശ്ശൂർ കേരള വർമ്മ കോളേജ്, കോഴിക്കോട് ഫാറൂഖ് കോളേജ്, കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജ്, മലപ്പുറം ഗവൺമെൻ്റ് കോളേജ്, വളാഞ്ചേരി എം.ഇ.എസ് കോളേജ്, ചിറ്റൂർ ഗവൺമെൻ്റ് കോളേജ്, കൊടുങ്ങല്ലൂർ അസ്മാബി കോളേജ്, നാട്ടിക എസ്.എൻ കോളേജ് തുടങ്ങിയവ ശില്പശാലകൾക്ക് സാക്ഷ്യം വഹിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചിലതാണ്.

കൂടാതെ, 68 ഫേസ്ബുക്ക് ലൈവ് കളംപാട്ട് ശില്പശാലകളിലായി രണ്ടു ലക്ഷത്തിനുമേൽ വ്യൂവർഷിപ്പും ലഭിച്ചിട്ടുണ്ട്. "ശതാബ്ദങ്ങളുടെ ചരിത്രമുള്ള കളമെഴുത്തുപാട്ട് ഇന്ന് പ്രചാരലുപ്തത നേരിടാൻ കാരണം ഈ പൈതൃകത്തെക്കുറിച്ച് അറിയാനുള്ള അവസരം സാധാരണക്കാർക്ക് ഒരുക്കിക്കൊടുക്കാത്തതുകൊണ്ടാണ്. ആയതിനാൽ ശ്രീനിവാസൻ ഏറ്റെടുത്തു നടത്തുന്ന ജനകീയവൽക്കരണ പ്രവർത്തനങ്ങളെ ഞാൻ അങ്ങേയറ്റം വിലമതിക്കുന്നു," കഥകളിയുടെ കാരണവർ കലാമണ്ഡലം ഗോപിയാശാൻ വ്യക്തമാക്കി.
🟥 ക്രൂരമായ വിമർശനങ്ങൾ
സമൂഹത്തിൽ നിന്നും, കുടുംബത്തിൽ നിന്നും താഴ്‌ത്തികെട്ടലുകളും പരിഹാസങ്ങളും എന്നും ഏറ്റുവാങ്ങേണ്ടി വരുന്നത് വേദനാജനകമാണ്. കളംപാട്ടിന് ചിലവാക്കുന്ന സമയം കൊണ്ട് എന്തെങ്കിലും ഒരു കൈത്തൊഴിൽ പഠിക്കുന്നത് എത്ര നന്നെന്നും, പുതിയ ലോകത്ത് കളംപാട്ടിന് പ്രസക്തിയൊന്നുമില്ലെന്നുമാണ് പലരുടെയും ക്രൂരമായ വിമർശനം. പ്രോത്സാഹിപ്പിച്ചില്ലെങ്കിലും, മനസ്സിനിണങ്ങുന്നൊരു കലാരൂപം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എനിയ്ക്കുണ്ടെന്നെങ്കിലും അവർക്ക് ചിന്തിച്ചുകൂടേ? വരയും ഗാനവും ഹൃദ്യമായി സംഗമിയ്ക്കുന്ന അപൂർവ്വമായൊരു പൈതൃക കലയുമായി ഒരാൾ പ്രണയത്തിലാകുന്നത് ഇത്ര വലിയ അപരാധമാണോ?


🟥 വഴിമുട്ടുന്ന വ്യക്തി ജീവിതം
ഒരു ജീവിത പങ്കാളിയെ തേടി ചെല്ലുമ്പോൾ, കളംപാട്ടു കൊണ്ട് ഒരു കുടുംബം എങ്ങനെ പുലർത്തുമെന്നാണ് പെൺവീട്ടുകാർ അവജ്ഞയോടെ ചോദിക്കുന്നത്. സ്ഥിര വരുമാനവും, സർക്കാർ ഉദ്യോഗവുമാണ് വിവാഹാഭ്യർത്ഥനയ്ക്കുള്ള മാനദണ്ഡം. ഒരു കളത്തിന് ദക്ഷിണയായി എനിയ്ക്ക് ലഭിയ്ക്കുന്നത് ആയിരം രൂപയാണ്. പക്ഷെ, വർഷത്തിൽ ആറു മാസം മാത്രമാണ് കളം പാട്ടിൻ്റെ കാലം. വേലകളും താലപ്പൊലികളുമില്ലാത്ത ബാക്കി ആറുമാസത്തിൽ കളം കലാകാരൻ്റെ അടുപ്പിൽ തീ പുകയേണ്ടേ? അവശ കലാകാരന്മാർക്കു നൽകിവരുന്നതു പോലെ യുവ കലാകാരന്മാർക്കും അർഹിക്കുന്ന സാമ്പത്തിക സഹായം സർക്കാരിൽ നിന്നും ബന്ധപ്പെട്ട അക്കാദമികളിൽ നിന്നും ലഭിക്കണമെന്നാണ് ഞങ്ങളുടെ അപേക്ഷ. കല്ലാറ്റ് കുറുപ്പന്മാരുടെ കുലത്തൊഴിലാണ് കളം, എന്നാൽ അതിനർത്ഥം അധികൃതർ പിൻതുണയൊന്നും നൽകേണ്ടതില്ലായെന്നല്ലല്ലൊ! വാസ്തവങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും, അന്യമായിക്കൊണ്ടിരിക്കുന്ന കളമെഴുത്തുംപാട്ടിനെ ജാതി മത ഭേദമന്യേ എല്ലാവർക്കും അറിയാനും, പരിചയപ്പെടാനും, കാണാനുമുള്ള, സാഹചര്യങ്ങൾ ഒരുക്കാനുള്ള പ്രവർത്തനങ്ങൾ തുടരുക തന്നെ ചെയ്യും.


🟥 അംഗീകാരങ്ങൾ
കേരള ഫോക് ലോർ അക്കാദമി യുവപ്രതിഭ പുരസ്കാരം കൂടാതെ, കേരള ക്ഷേത്രകലാ അക്കാദമി പുരസ്കാരം, യുവ കലാനിപുണ പുരസ്കാരം, തിലകസ്മൃതി പുരസ്കാരം, സംസ്ഥാന പ്രതീക്ഷാ പുരസ്കാരം, ശിവശക്തി പുരസ്കാരം മുതലായവയും ലഭിച്ചിട്ടുണ്ട്. ഇവയേക്കാളേറെ ഞാൻ നെഞ്ചോടു ചേർത്തുപിടിയ്ക്കുന്ന അംഗീകാരം ഓരോ ശിൽപശാലയുടെ അവസാനത്തിലും കലാസ്നേഹികൾ നേരിട്ടു പറയുന്ന പ്രോത്സാഹന വാക്കുകളാണ്.

ജനകീയമായ കളങ്ങൾ (വിജയ് സി. എച്ച്)
ജനകീയമായ കളങ്ങൾ (വിജയ് സി. എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക