ഡെന്‍വര്‍: മുന്‍ യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് ഒരു വലിയ വിഭാഗം മാധ്യമങ്ങളില്‍ നിന്നും പ്രധാനമായും ഡെമോക്രാറ്റിക് അനുയായികളില്‍ നിന്നും തുടര്‍ച്ചയായി ശക്തമായ വിമര്‍ശനവും എതിര്‍പ്പും നേരിടുകയാണ്. മറുവശത്ത് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി അടുത്ത തിരഞ്ഞെടുപ്പില്‍ മത്സരിക്കുവാനുള്ള ട്രമ്പിന്റെ പ്രചരണം ദിനംപ്രതി കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ ട്രമ്പിനെ എതിര്‍ത്തിരുന്ന പലരും ഇതിനകം ട്രമ്പ് അനുയായികളായി മാറിക്കഴിഞ്ഞു.
എന്നാല്‍ കൊളറാഡോ സംസ്ഥാനത്തെ സുപ്രീം കോടതി വിധിക്ക് ശേഷം സംസ്ഥാനത്ത് നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറി ബാലറ്റില്‍ ട്രമ്പിന്റെ പേര് ഉണ്ടാകുമോ എന്ന കാര്യം സംശയമാണ്. ജനുവരി 6, 2021 ല്‍ വാഷിംഗ്ടണ്‍ ഡിസിയിലെ ക്യാപിറ്റോളില്‍ നടന്ന കലാപത്തിന് പ്രേരണ നല്‍കിയതിനാല്‍ ട്രമ്പിന്റെ പേര് ബാലറ്റില്‍ ഉണ്ടാവാന്‍ പാടില്ല എന്ന് കൊളറാഡോയിലെ ഉന്നത കോടതി ജഡ്ജി മാര്‍ 3ന് എതിരെ 4 പേര്‍ വിധിച്ചു. ഭരണഘടനയുടെ 14-ാം ഭേദഗതിയിലെ സെക്ഷന്‍ 3 അനുസരിച്ചാണ് ട്രമ്പിന് അയോഗ്യത കല്പിച്ചത്. 2024 ജനുവരി 5നാണ് പ്രൈമറിയുടെ ബാലറ്റുകളുടെ അച്ചടി ആരംഭിക്കുക. അതിന് മുമ്പ് യു.എസ്. സുപ്രീം കോടതി ഈ വിധി തള്ളുകയോ ശരിവയ്ക്കുകയോ ചെയ്യുമെന്ന് കരുതുന്നു. ട്രമ്പിന്റെ അഭിഭാഷക സംഘം യു.എസ്. സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
2020 ലെ യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രമ്പ് കൊളറാഡോയില്‍ ജോ ബൈഡനോട് 20 പെഴ്‌സേന്റേജ് പോയിന്റിന് പരാജയപ്പെട്ടിരുന്നു. യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കൊളറാഡോ കൂടി വേണമെന്ന് നിര്‍ബന്ധമില്ല. അല്ലാതെ തന്നെ ആവശ്യമായ 270 വോട്ടുകള്‍ നേടി ജയിക്കാം. എങ്കിലും കൊളറാഡോ പ്രൈമറിയില്‍ പേര് ഇല്ലാതെ വന്നാല്‍ അത് ട്രമ്പിന് രാഷ്ട്രീയമായി ക്ഷീണം ആയിരിക്കും.
യു.എസില്‍ മുമ്പ് ചില സ്ഥലങ്ങളില്‍ ഭരണത്തില്‍ ഉണ്ടായിരുന്ന കോണ്‍ഫെഡറേറ്റുകള്‍ അധികാരത്തില്‍ എത്തുന്നത് തടയാനാണ് 14-ാം ഭേദഗതിയില്‍ ഈ വകുപ്പ് ചേര്‍ത്തത്. സിവില്‍ വാറില്‍ പങ്കെടുത്തവരാരും പിന്നീട്, ഭരണത്തില്‍ എത്തിയിട്ടില്ല. അതിനാല്‍ ഈ വകുപ്പ് ഇതുവരെ പ്രയോഗത്തില്‍ വന്നിട്ടില്ല. എന്നാല്‍ രാജ്യത്തിനെതിരെ കലാപം നടത്തുന്നവരെ അധികാരത്തില്‍ എത്തുന്നതില്‍ നിന്ന് തടയാനാണ് ഈ വകുപ്പ്. അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് തടയാനല്ല എന്ന് എതിര്‍വാദം ഉയരുന്നുണ്ട്.
യു.എസ്. സുപ്രീം കോടതി ഈ വിധി അംഗീകരിച്ചാല്‍ മറ്റ് ചില സംസ്ഥാനങ്ങളിലെ പ്രൈമറി ബാലറ്റുകളില്‍ നിന്നും ട്രമ്പ് പേര് ഒഴിവായി എന്നുവരാം. അങ്ങനെ വന്നാല്‍ ട്രനപ് റിപ്പബ്ലിക്കന്‍ നോമിനി ആയാല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനി ആകാന്‍ സാധ്യതയുള്ള, ബൈഡന്റെ പേര്‍ എല്ലാ സംസ്ഥാനങ്ങളുടെയും ബാലറ്റുകളില്‍ ഉണ്ടാകും. മത്സരത്തില്‍ അപാകത ഉണ്ടായി എന്നാരോപിച്ച് ട്രമ്പ് വീണ്ടും കോടതിയില്‍ എത്തിയെന്ന് വരാം. യു.എസ്. സുപ്രീം കോടതി വ്യക്തമായ ഒരു തീരുമാനം എടുക്കാതെ നിലവിലെ സ്ഥിതി തുടരട്ടെ എന്നും പറയാം(സ്റ്റാറ്റസ് കോ നിലനിര്‍ത്തുക). പക്ഷെ എന്തായാലും പ്രശ്‌നത്തിന് പരിഹാരം ആവശ്യമാണ്.
ഇത്രയധികം മാധ്യമങ്ങളും ബൈഡന്‍ അനുകൂലികളും ട്രമ്പിനെതിരെ സജീവമായി നിലകൊള്ളുമ്പോള്‍ ജനാധിപത്യധ്വംസനശ്രമം നടത്തി എന്നാരോപിച്ച് ഒരു സ്ഥാനാര്‍ത്ഥിയെ ജനാധിപത്യ സംവിധാനത്തില്‍ മത്സരിക്കുവാന്‍ അനുവദിക്കാതെ ഇരിക്കുന്നത് ശരിയല്ല എന്ന് വാദിക്കുന്നവരുണ്ട്. രണ്ടാഴ്ചയ്ക്കുള്ളില്‍ വരുന്ന യു.എസ്. സുപ്രീം കോടതി വിധി നിര്‍ണ്ണായകമായിരിക്കും.