Image

അനുമതികള്‍ ഏറെ വേണം; ശബരി എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാവുമോ..?(എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 22 December, 2023
 അനുമതികള്‍ ഏറെ വേണം; ശബരി എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാവുമോ..?(എ.എസ് ശ്രീകുമാര്‍)

വേഗയാത്രയ്ക്ക് റണ്‍വേ ഒരുക്കുന്ന നിര്‍ദിഷ്ട ശബരി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള പദ്ധതി ആശങ്കകള്‍ക്കിടയിലും യാഥാര്‍ത്ഥ്യമാവുമോ..? വിമാനത്താവള പദ്ധതിയുടെ റണ്‍വേയ്ക്കായി ജനവാസ മേഖലയില്‍  ഏറ്റെടുക്കുന്നത് 165 ഏക്കറാണ്. 307 ഏക്കറാണ് സര്‍ക്കാര്‍ ആദ്യം നോട്ടിഫൈ ചെയ്തത്. എന്നാല്‍, റണ്‍വേക്കായി എരുമേലി-മണിമല പഞ്ചായത്തുകളിലായി 165 ഏക്കറേ വേണ്ടി വരൂ എന്നാണ് അന്തിമ അതിര്‍ത്തി നിര്‍ണയത്തില്‍ ഉദ്യോഗസ്ഥര്‍ നിജപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ പദ്ധതി വിഭാവനം ചെയ്യുന്ന ചെറുവള്ളി എസ്റ്റേറ്റിലും റണ്‍വേക്കായി നിശ്ചയിച്ച ജനവാസ മേഖലയിലെ സ്വകാര്യഭൂമികളിലും അതിര്‍ത്തി നിര്‍ണയിച്ച് അടയാളം രേഖപ്പെടുത്തിയിട്ടുണ്ട്. റണ്‍വേ ഉദ്ദേശിക്കുന്നത് എരുമേലി ഗ്രാമപ്പഞ്ചായത്തിലെ മഴക്കാട്, മണിമല പഞ്ചായത്തിലെ ചാരുവേലി പ്രദേശങ്ങള്‍ ബന്ധിപ്പിച്ചാണ്. റണ്‍വേയുടെ കിഴക്കുദിശ എരുമേലി ടൗണിനു സമീപം ഓരുങ്കല്‍ക്കടവും പടിഞ്ഞാറ് മണിമല പഞ്ചായത്തിലെ ചാരുവേലിയുമാണ്. 2263 ഏക്കര്‍ ചെറുവള്ളി എസ്റ്റേറ്റ് പൂര്‍ണമായി ഏറ്റെടുത്ത് പദ്ധതി നടപ്പാക്കുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപനം.

പാരിസ്ഥിതികാനുമതി ഉള്‍പ്പെടെ കേന്ദ്രഅനുമതികള്‍ ഇനിയും ലഭിക്കാനുണ്ട്. ഭൂമിയുടെ അതിര്‍ത്തി നിര്‍ണയം അംഗീകരിച്ചാല്‍ വ്യോമയാന മന്ത്രാലയം, പ്രതിരോധ മന്ത്രാലയം എന്നിവയുടെ അനുമതിയും വേണ്ടതുണ്ട്. അതിനു ശേഷമാണ് വിശദപദ്ധതി രേഖ തയ്യാറാക്കല്‍. ചെറുവള്ളി എസ്റ്റേറ്റിന്റെയും റണ്‍വേക്കായി കണ്ടെത്തിയ സ്വകാര്യ ഭൂമികളുടെയും റോഡുകളില്‍ ഉള്‍പ്പെടെ അതിര്‍ത്തി നിര്‍ണയം പൂര്‍ത്തിയാക്കി. താത്കാലികമായി കുറ്റി നാട്ടിയ ഭൂമിയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മഞ്ഞ പെയിന്റടിച്ച് നമ്പറുകള്‍ രേഖപ്പെടുത്തിയ കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് അതിര്‍ത്തി വേര്‍തിരിക്കും.

എരുമേലി സൗത്ത്, മണിമല വില്ലേജുകളില്‍ നിന്നായി ആകെ 1,039.8 ഹെക്ടര്‍ സ്ഥലമാണ് വിമാനത്താവളത്തിനായി ഏറ്റെടുക്കുന്നത്. ഇതില്‍ 916.27 ഹെക്ടര്‍ ചെറുവള്ളി എസ്റ്റേറ്റിലും 123.53 ഹെക്ടര്‍ സ്വകാര്യ വ്യക്തികളില്‍ നിന്നുമാണ് വേണ്ടത്. ഒരു പള്ളിയും, ഒരു എല്‍.പി സ്‌കൂളും ഏറ്റെടുക്കേണ്ട വസ്തുവകകളില്‍ ഉള്‍പ്പെടുന്നു.

ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്റ്റേറ്റ്, തൊഴിലാളികളുടെ പൂര്‍വികര്‍ ഉറങ്ങുന്ന മണ്ണാണ്. നാനാജാതിമതസ്ഥരുടെ ആരാധനാലയങ്ങള്‍ ഉണ്ട്. തൊഴിലാളികളില്‍ ഏറെപ്പേര്‍ക്കും വീടില്ലാതെ ലയങ്ങളിലാണ് താമസം. പദ്ധതിക്കായി സ്ഥലങ്ങള്‍ ഏറ്റെടുക്കുമ്പോള്‍ പുനരധിവാസം സംബന്ധിച്ച് സര്‍ക്കാര്‍ ഉറപ്പു നല്‍കണമെന്നാണ് ആവശ്യം. തൊഴിലാളികളുടെ സംരക്ഷണം ഉറപ്പാക്കി പദ്ധതി നടത്താന്‍ അനുകൂലമെന്ന് പറഞ്ഞിട്ടും തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പറയാതെ, തൊഴിലാളികള്‍ എല്ലാം പദ്ധതിക്ക് അനുകൂലമാണെന്നാണ് പറയുന്നതെന്ന വാദവും ഉയരുന്നുണ്ട്.

സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ആണ് സാമൂഹികാഘാത പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 579 കുടുംബങ്ങളെ പദ്ധതി ബാധിക്കുമെന്നും ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന് ന്യായമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എസ്റ്റേറ്റിന് പുറത്ത് താമസിക്കുന്ന 358 കുടുംബങ്ങളും ചെറുവള്ളി എസ്റ്റേറ്റിലെ ലയങ്ങളില്‍ താമസിക്കുന്ന 221 കുടുംബങ്ങളും ഉള്‍പ്പെടെയുള്ളതാണ് 579 കുടുംബങ്ങള്‍.

ഇത്തരത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ആശങ്കകള്‍ ഉയരുമ്പോഴും അതെല്ലാം ദൂരീകരിച്ച് എയര്‍പോര്‍ട്ട് വേണമെന്ന് നാട്ടുകാര്‍ക്കും ആഗ്രഹമുണ്ട്. ശബരിമല തീര്‍ഥാടകര്‍ക്കും ആഭ്യന്തര, അന്തര്‍ദേശീയ വിനോദ സഞ്ചാരികള്‍ക്കും സുഗമമായ യാത്ര ഉറപ്പു വരുത്തുന്നതിനായാണ് ശബരിമല വിമാനത്താവള പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

ഇതോടൊപ്പം സമീപത്തെ തീര്‍ത്ഥാടന കേന്ദ്രങ്ങളായ എരുമേലി ധര്‍മ്മശാസ്താ ക്ഷേത്രം, എരുമേലി വാവരു പള്ളി, മാരമണ്‍ കണ്‍വെന്‍ഷന്‍, പന്തളം, പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രങ്ങള്‍, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, താഴത്തങ്ങാടി ജുമാമസ്ജിദ്, ഭരണങ്ങാനം സെന്റ് അല്‍ഫോണ്‍സ തീര്‍ത്ഥാടന കേന്ദ്രം തുടങ്ങിയ സ്ഥലങ്ങളിലേക്കും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

ഇവിടെ 3,500 മീറ്ററാണ് റണ്‍വേയുടെ നീളം. ഇതിന് അനുബന്ധമായി 900 മീറ്റര്‍ റണ്‍വേ എന്‍ഡ് സേഫ്ടി ഏരിയ ഉണ്ടാകും. വിമാനം അധികമായി ഓടേണ്ടി വന്നാല്‍ ഈ ഇടം ഗുണപ്പെടും. റണ്‍വേയ്ക്ക് മുമ്പും ഇത്തരം സ്ഥലം ഉണ്ടാകും. അതേസമയം എസ്റ്റേറ്റിനുള്ളില്‍ മാത്രമായിരുന്നു വിമാനത്താവളമെങ്കില്‍ റണ്‍വേയ്ക്ക് 1895 മീറ്റര്‍ മാത്രമേ നീളം ഉണ്ടാകുമായിരുന്നുള്ളു. റണ്‍വേയ്ക്ക് ചുറ്റുമുള്ള സുരക്ഷാ പട്രോള്‍ റോഡ്, ഡ്രെയിനേജ്, ചുറ്റുമതില്‍ എന്നിവയ്ക്കെല്ലാം വേണ്ടത്ര സ്ഥലം പുതിയ രൂപരേഖയിലുണ്ട്.

ശബരി ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന്റെ നിര്‍മാണം തുടങ്ങിയാല്‍ മൂന്നര വര്‍ഷം കൊണ്ട് വിമാനം പറത്താനാകുമെന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു. പക്ഷേ, ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. നിര്‍ദ്ദിഷ്ട ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ട്. ആറന്മുള എയര്‍പോര്‍ട്ട് നടക്കാതെ പോയ സ്വപ്നമായിരുന്നെങ്കില്‍ ശബരിമല എയര്‍പോര്‍ട്ട് യാഥാര്‍ത്ഥ്യമാവുമോ എന്ന ചോദ്യത്തിനാണിപ്പോള്‍ പ്രസക്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക