Image

ജീവപര്യന്തം (കഥ: സാം നിലമ്പള്ളില്‍)

Published on 25 December, 2023
ജീവപര്യന്തം (കഥ: സാം നിലമ്പള്ളില്‍)

'എന്താടാ ശെല്‍വാ വല്ല്യ ആലോചന?' സഹതടവുകാരന്‍ രാജപ്പന്‍ ചോദിച്ചതുകേട്ടാണ് ചിന്തയില്‍ നിന്ന് ഉണര്‍ന്നത്. ഒന്നുമില്ലെന്ന് പറഞ്ഞ് തിരിഞ്ഞുകിടന്നു.

'ഇവിടെനിന്ന് ഇറങ്ങിയിട്ട് ആരെ തട്ടണമെന്ന് ആലോചിക്കയായിരിക്കും.' സെല്ലിലെ മങ്ങിയവെളിച്ചത്തില്‍ ചോദിച്ച ആളെ കണ്ടില്ലെങ്കിലും ശബ്ദംകൊണ്ട് മറ്റൊരു ജീവപര്യന്തക്കാരന്‍   റഹ്മാനാണെന്ന് മനസ്സിലായി.

'തന്തേം തള്ളേം കൊല്ലാതെ വല്ല കൊട്ടേഷന്‍കാരുടെ കൂടെ കൂടിക്കോ. നല്ല കാശാ. ഒരാളെ തട്ടാന്‍ ഒന്നുമുതല്‍ മേലോട്ടാ.' റഹ്മാന്‍ പറഞ്ഞതു കേട്ട് മറ്റുള്ളവരെല്ലാം ചിരിച്ചു.

'എന്തായാലും ശെല്‍വന്‍ ഭാഗ്യവാനാ. ഇനി നാലഞ്ചു ദിവസംകൂടി ഇവിടെക്കിടന്നാല്‍ മതിയല്ലോ.'

അയാള്‍ പറഞ്ഞത് ശരിയാണ്. ശെല്‍വന്റെ ശിക്ഷതീരാന്‍ ഇനി അഞ്ചു ദിവസം കൂടിയേ ഉള്ളു. അതു കഴിഞ്ഞാല്‍ താന്‍ സ്വതന്ത്രന്‍. മറ്റു തടവുകാരൊക്കെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം. എന്നാല്‍ ആ ദിവസം വന്നുചേരാതിരുന്നെങ്കില്‍ എന്ന ചിന്തയാണ് ശെല്‍വന്. ജീവിതത്തിലെ നല്ല ദിവസങ്ങള്‍ ചിലവിട്ടത് ജയിലിലാണ്. വയറുനിറയെ ഭക്ഷണം കഴിച്ചതും, മനസമാധാനത്തോടെ ഉറങ്ങിയതും ഇവിടെയാണ്. സഹതടവുകാരുടെ ജീവിത കഥകള്‍ കേട്ടും, തമശകള്‍ പറഞ്ഞും വര്‍ഷങ്ങള്‍ പോയത് അറിഞ്ഞില്ല.

നല്ല നടപ്പിന്റെ പേരിലാണ് പന്ത്രണ്ടെന്നുള്ളത് പത്തായി ചുരുങ്ങിക്കിട്ടിയത്. മറ്റു ചിലരെപ്പോലെ ജയിലില്‍ ചില്ലറ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നെങ്കില്‍ രണ്ടുവര്‍ഷംകൂടി ഇവിടെ കഴിയാമായിരുന്നു. ഇവിടെനിന്ന് ഇറങ്ങിയാല്‍ എങ്ങോട്ടാണ് പോവുക? അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും വീട്ടിലോട്ട് പോകാന്‍ വയ്യ. അല്ലെങ്കില്‍തന്നെ വീട് ഇപ്പോള്‍ ഇല്ലല്ലൊ. കുടുംബം നശിപ്പിച്ചവനെ അമ്മപോലും കാണാന്‍ ഇഷ്ടപ്പെടുന്നുണ്ടാവില്ല, പിന്നല്ലേ സഹോദരങ്ങള്‍. ഇത്രയും വര്‍ഷങ്ങള്‍ക്കിടയില്‍ ഒരിക്കല്‍പോലും തന്നെ കാണാന്‍ ആരും ജയിലില്‍ വന്നിട്ടില്ല. അതിന്റെ അര്‍ഥം എത്രത്തോളം വെറുപ്പ് അവര്‍ക്ക് തന്നേടുണ്ട് എന്നല്ലേ? പരോള്‍ കിട്ടുമായിരുന്നിട്ടും അപേക്ഷിക്കാതിരുന്നത് അതുകൊണ്ടാണ്.

'നിനക്ക് വീടും കുടിയും ഒന്നുമില്ലേടാ?' ഒരിക്കല്‍ ജയില്‍ വാര്‍ഡന്‍ ചോദിച്ചതിന് മറുപടി പറഞ്ഞില്ല. അയാളെ സന്തോഷിപ്പിക്കാന്‍ ഒന്ന് ചിരിക്കുക മാത്രം ചെയ്തു. എന്തിന് തന്റെ കഥകള്‍ മറ്റുള്ളവരോട് പറയണം, അവരുടെ പരിഹസം ഏറ്റുവാങ്ങാനോ?

ഒരിക്കല്‍ നാട്ടുകാരനായ ഒരാള്‍ ജയിലില്‍ വന്നപ്പോളാണ് ചുരക്കം പേര്‍ക്കുമാത്രം അറിയാവുന്ന തന്റെരഹസ്യം പരസ്യമായത്. ഏതോ മോഷണക്കേസ്സില്‍ ശിക്ഷിക്കപ്പെട്ട് വന്നതാണ് അയാള്‍. മെസ്സ് ഹാളില്‍വെച്ച് തന്നെ തിരിച്ചറിഞ്ഞപ്പോള്‍ എല്ലാവരും കേള്‍ക്കെയാണ് അയള്‍ ചോദിച്ചത്, ഭനീയാ തന്തെക്കൊന്ന ശെല്‍വരാജനല്ലേ?' അങ്ങനെ ആ സത്യം എല്ലാവരും അറിഞ്ഞു.

'തന്തെ കൊന്നോ, ഇവനോ?'

'അതേന്നെ, ജനിപ്പിച്ച തന്തെ കൊന്നവനാ ഇവന്‍.'

അതിന് ശേഷം ചിലരൊക്കെ ഭതന്തെക്കൊല്ലി' എന്നുവിളിച്ച് കളിയാക്കിത്തുടങ്ങി.

പിന്നീടൊരിക്കല്‍ നാട്ടുകാരനെ കണ്ടപ്പോള്‍ വീട്ടിലെ വിവരങ്ങള്‍ തിരക്കി.

'നിന്റെ വീട്ടിലെ കാര്യങ്ങളൊന്നും എനിക്കറിയത്തില്ല.' അയാള്‍ പറഞ്ഞു. 'ഞാന്‍ ചില്ലറ മോഷണവും പിടിച്ചുപറിയുമായി നാടുചുറ്റുന്നവനല്ലേ? അതിനിടക്ക് വല്ലപ്പോഴും നാട്ടിലൊന്ന് പോയാലായി. പന്നെ എന്റെ അഭിപ്രായത്തില്‍ ഇവിടുന്നിറങ്ങിയാല്‍ നീ അങ്ങോട്ട് പോകാതിരിക്കുകാ നല്ലത്. നിന്നെക്കണ്ടാല്‍ തല്ലി ഓടിക്കാനിരിക്കുകാ നാട്ടുകാര്.'

നാട്ടിലോട്ട് തിരിച്ചുപോകണമെന്ന് ശെല്‍നുമില്ല ആഗ്രഹം. അമ്മയേയും ഇളയ പെങ്ങളേയും ഒന്ന് കണ്ടാല്‍ കൊള്ളാമെന്നുണ്ട്. ശ്യാമള പാവമാണ്. തന്നെ പോലീസ് അറസ്റ്റുചെയ്യുമ്പോള്‍ അവള്‍ ഉറക്കെ കരയുന്നുണ്ടായിരുന്നു. അന്നവള്‍ അഞ്ചാം ക്‌ളാസ്സിലായിരുന്നെന്ന് ഓര്‍മയുണ്ട്. ഇപ്പോള്‍ അവള്‍ക്ക് ഇരുപത് വയസ്സായി കാണും, ഒരുപക്ഷേ, വിവാഹവും കഴിഞ്ഞിട്ടുണ്ടാകണം. അഞ്ചാറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ശ്യാമളയുടെ ഒരു കത്ത് കിട്ടി. അഡ്രസ്സ് തെറ്റായിരുന്നതുകൊണ്ട് കറങ്ങിത്തിരിഞ്ഞാണ് കയ്യില്‍ കിട്ടിയത്. കെ. ശെല്‍വരാജ്, ജയില്‍, തിരുവനന്തപുരം എന്നാണ് അഡ്രസ്സ് എഴുതിയിരുന്നത്. അവളുടെ കത്തില്‍ നിന്നാണ് വീട്ടിലെ വിശേഷങ്ങള്‍ അല്‍പമെങ്കിലും അറിഞ്ഞത്. അമ്മ ഇപ്പോള്‍ അമ്മാവന്റെ വീട്ടിലാണ് താമസം, ശ്യാമള മൂത്ത അണ്ണന്റെകൂടെയും.

പിന്നീടൊരിക്കലും അവള്‍ കത്തയച്ചിട്ടില്ല. ഒരുപക്ഷേ, താന്‍ അയച്ച മറുപടിക്കത്ത് അണ്ണന്റെ കയ്യില്‍ കിട്ടിക്കാണും. കത്തയച്ചതിന്റെ പേരില്‍ അവളെ ശകാരിക്കുകയോ, തല്ലുകയോ ചെയ്തിട്ടുണ്ടാകാം. ചേട്ടന്മാര് രണ്ടുപേരും അണ്ണനോട് വലിയ ദേഷ്യത്തിലാണെന്ന് അവള്‍ എഴുതിയിരുന്നു. രാത്രിയില്‍ കുഞ്ഞണ്ണനെ ഓര്‍ത്ത് താന്‍ കരയാറുണ്ടെന്നും.

ശ്യാമള തന്റെ കുഞ്ഞനുജത്തി ആയിരുന്നു. തന്നേക്കാള്‍ ഒന്‍പത് വയസ്സിനിളപ്പം.എന്തുകാര്യത്തനും അവള്‍ക്ക് കുഞ്ഞണ്ണനെ മതി. 

'നീ അവളെ താലോലിച്ച് വഷളാക്കരുത്,' അമ്മ ഇടക്കിടെ പറയാറുള്ള പരാതിയാണ്. ജേഷ്ട്ടന്മാര്‍ വിവാഹംചെയ്ത് വേറെ താമസം ആയപ്പോള്‍ താനും ശ്യാമളയും മാത്രമായി വീട്ടില്‍. അഛന്റെ രണ്ടാം ഭാര്യയിലുള്ള മക്കളായതിനാല്‍ അവര്‍ക്ക് തങ്ങളോട് പ്രത്യേക അടുപ്പമൊന്നും ഇല്ലായിരുന്നു.

 എന്നും രാത്രി കുടിച്ച് ലവലില്ലാതെ വരുന്ന അഛന്‍ വീട്ടില്‍ സംഹാരതാണ്‍ഢവം ആടുമ്പോള്‍ പേടിച്ചുവിറച്ച് താനും ശ്യാമളയും ഏതെങ്കിലും മൂലക്ക് പോയിഒളിക്കും. എന്നും രാത്രിയില്‍ അമ്മയെ തല്ലിയില്ലെങ്കില്‍ അഛന് ഉറക്കം വരത്തില്ല. അഛന്റെ ചീത്തവിളിയും, അമ്മയുടെ നിലവിളിയും എല്ലാം ചേര്‍ന്ന് വീട് ഒരു നരകമായി മാറി.

സര്‍ക്കാരാശുപത്രിയിലെ അറ്റണ്ടര്‍ ആയിരന്ന അഛന് കിട്ടുന്നകാശ് കള്ളുകുടിക്കാന്‍പോലും തികയത്തില്ലായിരുന്നു. ഭിക്ഷകൊടുക്കുന്നതുപോലെ കൊടുക്കുന്ന ചില്ലറക്കാശും അമ്മാവന്‍ വല്ലപ്പോഴും കൊണ്ടുവരുന്ന അരിയും മറ്റുസാധനങ്ങളുംകൊണ്ട് അരപ്പട്ടിണിയില്‍ തങ്ങള്‍ ജീവിച്ചു. അമ്മ ഒരു പട്ടിണിക്കോലമായിരുന്നു. അതിന്റെകൂടെ അഛന്റെവക മര്‍ദ്ദനങ്ങളും. 

അഛന്റെ ആഹാരം കള്ളുഷാപ്പില്‍ നിന്നായിരുന്നു. ഭാര്യയും മക്കളും എങ്ങനെ ജീവിക്കുന്നു എന്നത് അഛന് ഒരു വിഷയമേ അല്ലായിരുന്നു. പതിനാറ് വയസ്സായതിന് ശേഷമാണ് അഛനെ എതിര്‍ക്കാനും അമ്മയെ തല്ലുമ്പോള്‍ തടസ്സം പിടിക്കാനുമുള്ള ധൈര്യം വന്നുതുടങ്ങിയത്.   അപ്പോള്‍ തനിക്കും കിട്ടും വേണ്ടുവോളം.

'നീയെന്തിനാടാ അയാടെ തല്ലുകൊള്ളുന്നത്? എന്നെ തല്ലിക്കൊന്നോട്ടെ.' നിലവിളിക്കുന്നതിനിടയില്‍ അമ്മ പറയും.

'പ്രായപൂര്‍ത്തി ആയില്ലേ? വെറുതെ ഇരുന്ന് തിന്നാതെ വല്ല പണിക്കും പോടാ.' പറയുന്നതുകേട്ടാല്‍ അഛനാണ് മൂന്നുനേരം കഴിക്കാനുള്ള വക തരുന്നതെന്ന് തോന്നും.

'പത്താംക്‌ളാസ്സുവരെ പഠിച്ച തനിക്ക് എന്തുപണികിട്ടാനാണ്?' തിന്നുന്നകാര്യം പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍ ഒരിക്കല്‍ ചോദിച്ചു. രക്തക്കട്ടപോലെ ചുവന്ന വട്ടക്കണ്ണുകള്‍ ഉരുട്ടി തറപ്പിച്ച് നോക്കിയിട്ട് പറഞ്ഞു, 'മൈക്കാടുപണിക്ക് പോടാ, അല്ലെങ്കി്ല്‍ ഹോട്ടലില്‍ പോയി പാത്രം കഴുകിക്കൊട്, ആഹാരമെങ്കിലും കിട്ടും.'

'അഛന്‍ പറഞ്ഞത് ശരിയല്ലേ? മോന്‍ ചെറിയപണി വല്ലതും കിട്ടുമോന്ന് നോക്ക്,' അമ്മ പറഞ്ഞു. പട്ടിണികിടന്ന് ചാകേണ്ടല്ലോ.'

അങ്ങനെയാണ് ഫ്‌ളാറ്റ് പണിയുന്നിടത്ത് ജോലിക്ക് പോയിത്തുടങ്ങിയത്. കോണ്‍ക്രീറ്റ് കൂട്ടുന്നിടത്ത് മണലും മെറ്റലും വാരുന്ന പണി.  ആദ്യമൊക്കെ പ്രയാസമായി തോന്നിയെങ്കിലും വൈകിട്ട് നൂറിന്റെ രണ്ട് നോട്ടുകള്‍ കയ്യില്‍ കിട്ടുമ്പോള്‍ ജോലിയുടെ വേദനകള്‍ എല്ലാം മറക്കും. ആദ്യ ദിവസംതന്നെ അരിയും, മലക്കറിയും മീനും ഒക്കെ വാങ്ങിക്കൊണ്ടാണ് വീട്ടില്‍ പോയത്. ജീവിതത്തില്‍ ആദ്യമായി ശ്യാമള വയറുനിറയെ ആഹാരം കഴിക്കുന്നത് സന്തോഷത്തോടെ നോക്കിയിരുന്നു. പുത്തന്‍ പാവാടയും ബ്‌ളൗസും ധരിച്ച് അവള്‍ സ്‌കൂളില്‍ പോയി. ജീവിതം വീണ്ടും പച്ചപിടിക്കുകയാണോ എന്ന് തോന്നിത്തുടങ്ങയപ്പോളാണ് എല്ലാം തലകീഴ്‌മേല്‍ മറിഞ്ഞത്.

മദ്യപിച്ച് ഡ്യൂട്ടിക്ക് ചെന്ന് ഡോക്ട്ടറോട് വഴക്കിട്ടതിനാണ് അഛന് സസ്‌പെന്‍ഷന്‍ കിട്ടിയത്. കള്ളുകുടിക്കാന്‍ പണം ഇല്ലാതെവന്നപ്പോള്‍ വീട്ടില്‍ വഴക്ക് കൂടി. 

'എന്റെ മോന്‍ കഷ്ട്ടപ്പെട്ട് ഉണ്ടാക്കിക്കൊണ്ടുവരുന്നത് നിങ്ങള്‍ക്ക് കള്ളുകുടിക്കാന്‍ തരത്തില്ല.' അമ്മ പറഞ്ഞു.

'എന്നാടി നിന്റെ മോന്‍ സമ്പാദിക്കാന്‍ തുടങ്ങിയത്? ഇത്രയും നാള്‍ ഞാന്‍ കൊണ്ടുവന്നതുകൊണ്ടല്ലേ നീയും നിന്റെ മക്കളും ജീവിച്ചത്?'

'നിങ്ങള്‍ക്ക് നാണമില്ലേ പറയാന്‍? എന്റെ മൂത്താങ്ങള സഹായിച്ചില്ലായിരന്നെങ്കില്‍ ഞാനും എന്റെ മക്കളും പട്ടിണികിടന്ന് ചത്തേനെ.'

വഴക്ക് തുടങ്ങിയത് അങ്ങനെയാണ്. അവസാനം തള്ളേം മക്കളും വീട്ടില്‍നിന്ന് ഇറങ്ങണമെന്നായി അഛന്‍. എന്റെ മക്കള്‍ക്കുകൂടി അവകാശപ്പെട്ട വീടാണെന്ന് അമ്മ.

എന്നാല്‍ നിന്നേം നിന്റെ മക്കളേയും കൊന്നിട്ടുതന്നെ എന്നു പറഞ്ഞ് അഛന്‍ വെട്ടുകത്തിയുമായി വന്നു. മുറ്റത്തേക്ക് ഇറങ്ങി ഓടിയ അമ്മയുടെ പുറകെ വെട്ടുകത്തിയുമായി അഛനും. രണ്ടുപേരുടേയും പിന്നാലെ ഓടിയ താന്‍ കയ്യില്‍കിട്ടിയ ഒരു തടിക്കഷണം എടുത്ത് അഛനെ അടിച്ചു. തലക്ക് അടികൊണ്ട് അഛന്‍ താഴെ വീണു.

'നീയെന്താടാ ഈ ചെയ്തത്, മഹാപാപി? ഈ പാപം നീ എവിടക്കൊണ്ട് കഴുകിക്കളയും?' അമ്മ തന്നെ ശപിച്ചു.

അഛന്‍ ബോധംകെട്ട് കിടക്കുകയാണെന്നാണ് കരുതിയത്, പക്ഷേ, മരിച്ചുകഴിഞ്ഞിരുന്നു. പോലീസിനെ വിളിച്ചുകൊണ്ടുവന്നതും പുരക്കകത്ത് പേടിച്ചുവിറച്ചിരുന്ന തന്നെ കാട്ടിക്കൊടുത്തതും മൂത്ത ജേഷ്ട്ടനാണ്.ശ്യാമള ഉറക്കെ കരയുന്നുണ്ടായിരുന്നു. അകത്തെ മുറയിലെവിടെയോ ബോധംകെട്ട് കിടന്നിരുന്ന അമ്മ തന്നെ പോലീസ് കൊണ്ടുപോയത് അറിഞ്ഞതേയില്ല. സ്വന്തംതന്തെ െകാന്നവനോട് കോടതിക്ക് ദയതോന്നാതിരുന്നതില്‍ അല്‍ഭുതപ്പെടേണ്ടതില്ലല്ലോ. ജീവപര്യന്തം എന്നുകേട്ടപ്പോള്‍ വധശിക്ഷ വിധിക്കാഞ്ഞതിലാണ് വിഷമംതോന്നിയത്. ശപിക്കപ്പെട്ട തന്റെ ജീവിതം അങ്ങനെയെങ്കിലും ഒന്ന് അവസാനിച്ച് കിട്ടിയേനെ.

'എന്താടാ പോകാന്‍ മനസ്സുവരുന്നില്ലേ?' ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങി എങ്ങോട്ട് പോകണമെന്ന് അറിയാതെ നില്‍ക്കുന്നത് കണ്ട് ഗാര്‍ഡ് ചോദിച്ചു. 'ആരേയേലും കൊന്നിട്ട് ഇങ്ങോട്ടുതന്നെ പോര്. ജയില്‍ ഇവിടെത്തന്നെ കാണും.'

കേട്ടുനിന്നവരെല്ലാം ചിരച്ചപ്പോള്‍ മറുപടി ഒന്നും പറയാതെ എങ്ങോട്ടെന്നില്ലാതെ നടന്നു. ചെന്നെത്തിയത് റയില്‍വേ സ്റ്റേഷനില്‍. ശ്യാമളയെ കാണണം എന്ന് മനസ്സ് പറഞ്ഞു. അവള്‍ക്ക് തന്നോട് വെറുപ്പ് കാണത്തില്ല. അമ്മയുടെ കാര്യം പറയാന്‍ പറ്റത്തില്ല.

 എനിക്ക് നിന്നെ കാണേണ്ട എന്ന് അമ്മ പറഞ്ഞാല്‍ തനിക്കത് സഹിക്കാനാവില്ല.

സന്ധ്യകഴിഞ്ഞാണ് ശ്യാമളയുടെ വീട്ടില്‍ ചെന്നുകയറിയത്. അവളും കുഞ്ഞും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. സന്ധ്യക്ക് വീട്ടില്‍ വന്നുകയറിയ അപരിചിതനെ അവള്‍ പരിഭ്രമത്തോടെ നോക്കി.

'പേടിക്കേണ്ട മോളെ ഞാനാ, ശെല്‍വന്‍.'

'കുഞ്ഞണ്ണന്‍.' കുറെനേരത്തേക്ക് അവള്‍ വേറന്നും പറഞ്ഞില്ല. സമ്മിശ്രവികാരങ്ങള്‍ അവളെ വീര്‍പ്പുമുട്ടിക്കുന്നതുപോലെ തോന്നി.

'നിന്നെവന്ന് കാണണമെന്ന് തോന്നി. നിനക്ക് കുഞ്ഞുള്ളകാര്യം ഞാനറിഞ്ഞില്ല. കുഞ്ഞിന് ഒന്നും വാങ്ങിയില്ല.'

ശ്യാമള കരയുകയായിരുന്നു.

'കരയേണ്ട മോളെ. നിങ്ങളെ ആരേം വിഷമിപ്പിക്കാന്‍ വന്നതല്ല. ഞന്‍ ഉടനെ പോവുകയാണ്.'

'അണ്ണനെങ്ങോട്ടും പോകേണ്ട,' അവസാനം അവള്‍ ശബ്ദിച്ചു. 'സുധിയേട്ടന്‍ ജോലികഴിഞ്ഞ് ഇപ്പം വരും. ഞങ്ങള്‍ക്കാര്‍ക്കും അണ്ണനോട് ഒരു വിരോധവുമില്ല.'

'അമ്മ?'

'അമ്മ വല്ല്യമ്മാവന്റെ വീട്ടിലാണ്. അണ്ണന്‍ അങ്ങോട്ട് പോകേണ്ട.'

അവള്‍ പറയാതെതന്നെ മനസിലായി അമ്മ തന്നെക്കാണാന്‍ ഇഷ്ട്ടപ്പെടുന്നില്ലെന്ന്.

സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ശ്യാമളയുടെ ഭര്‍ത്താവ് വന്നുകയറി. സുമുഖനായ ചെറുപ്പക്കാരന്‍. ചിരിക്കുന്ന മുഖഭാവം. ഇലക്ക്ട്രീഷ്യനാണത്രേ.

'ശ്യാമള പറഞ്ഞതാ എനിക്കും പറയാനുള്ളത്,' ശ്യാമളയുടെ സുധിയേട്ടന്‍ പറഞ്ഞു. 'അളിയന് ഞങ്ങളുടെ കൂടെ താമസിക്കാം, എത്രകാലം വേണമെങ്കിലും. ഒരു പ്രയാസവും ഞങ്ങള്‍ക്കില്ല.'

'അങ്ങനെയല്ല. ഒരു തീര്‍ത്ഥാടനമാണ് എന്റെ മനസില്‍. ചെയ്തുപോയ പാപം പുണ്യനദികളില്‍ കഴുകിക്കളയണം. മനസ്സിന് സമാധാനം കിട്ടണമെങ്കില്‍ സന്ന്യസിക്കണം. അമ്മയെക്കൂടി കാണണമെന്നുണ്ടായിരുന്നു. എന്റെ ശ്യാമളയേയും ഭര്‍ത്താവിനേയും കുഞ്ഞിനേയും കണ്ടല്ലോ. അത്രയും മതി.'

ശെല്‍വന്‍ പെട്ടന്ന് ഇറങ്ങി നടന്നു. ഇരുട്ടില്‍ മാഞ്ഞുപോകുന്ന അയാളുടെ രൂപംനോക്കി അവര്‍ നിശബ്ദരായി നിന്നു.

sam3nilam@yahoo.com

 

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക