Image

താളുകൾ മറിയുമ്പോള്‍ പ്രതീക്ഷാപൂർവം പുതുവർഷത്തെ വരവേൽക്കാം (ശ്രീകുമാർ ഉണ്ണിത്താൻ)  

Published on 31 December, 2023
താളുകൾ മറിയുമ്പോള്‍ പ്രതീക്ഷാപൂർവം പുതുവർഷത്തെ വരവേൽക്കാം (ശ്രീകുമാർ ഉണ്ണിത്താൻ)  

2023  വിടപറയാൻ ഇനി മണിക്കൂറുകൾ. പുത്തൻ പ്രതീക്ഷകളും സ്വപ്നങ്ങളുമായി 2024   ഇതാ നമ്മുടെ പടിവാതിലിൽ എത്തിനിൽക്കുന്നു. പുതുവർഷം കടന്നു വരുബോൾ മനസ്സിൽ പുത്തൻ പ്രതീക്ഷകൾ നിറയുകയാണ്. പുതുവര്‍ഷം എന്നത്  പ്രതീക്ഷാനിര്‍ഭരമായ ഒരു കാത്തിരിപ്പാണ്‌ . സമാധാനത്തിന്റെ, സ്നേഹത്തിന്റെ, ഐശ്വര്യത്തിന്റെ ഈ പുതു പ്രഭാതത്തെ പ്രാര്‍ത്ഥനയോടെ, നിറഞ്ഞ മനസ്സോടെ നമുക്കു വരവേല്‍ക്കാം.

ലോകമെമ്പാടും വർഷത്തിൽ ഏറ്റവും കൂടുതൽ  ആഘോഷിക്കപ്പെടുന്ന ദിവസമാണ്  ന്യൂ ഇയർ. സന്തോഷകരമായ പുതുവത്സര സന്ദേശങ്ങളും ആശംസകളും ആളുകൾക്ക് അവരുടെ വികാരങ്ങളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്നതിനുള്ള ഒരു  മാർഗമാണ്. സന്തോഷത്തിൻ്റെയും ശാന്തിയുടെയും പുതുവര്‍ഷത്തുടക്കത്തിൽ പ്രിയപ്പെട്ടവര്‍ക്ക് ആശംസകൾ കൈമാറി നമുക്ക് സ്നേഹം പ്രകടിപ്പിക്കാം.

സന്തോഷവും ദുഖവും, ഉയര്‍ച്ചയും താഴ്ച്ചയും, പ്രണയവും , വിരഹവും,  ചിരിയും കരച്ചിലും, ആത്മസംതൃപ്തിയും  എല്ലാം പകര്‍ന്നു തന്ന 12 മാസങ്ങള്‍. ഓര്‍മ്മിക്കാനും ഓമനിക്കാനും എത്രയോ നല്ല നിമിഷങ്ങള്‍, വർണ്ണശഭളമായ എത്ര എത്ര ആഘോഷങ്ങൾ.!!, നമ്മിൽ എത്ര പേർക്ക് ഈ കഴിഞ്ഞ വര്‍ഷം മറക്കാന്‍ കഴിയും, നമ്മുടെ ജീവിതത്തിലേക്ക് നടന്നു കയറിയവർ, വേർപിരിഞ്ഞു പോയവർ. എണ്ണിയാൽ ഒടുങ്ങാത്ത സമ്മിശ്ര വികാരങ്ങൾകൊണ്ട് നിറഞ്ഞതാണ് കഴിഞ്ഞ വർഷം. ഇന്നലെയുടെ തെറ്റുകളില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് ശുഭ പ്രതീക്ഷയോടെ പുതിയൊരു വര്‍ഷത്തിലേക്ക് കടക്കാം  . തെറ്റുകള്‍ തിരുത്താനും പൊറുക്കാനും മറക്കാനും സ്നേഹം വഴിയൊരുക്കുന്നു എങ്കിൽ അതുതന്നെ ആയിരിക്കട്ടെ നമ്മുടെ ലക്ഷ്യം.

ഓരോ വർഷത്തിന്റെയും ആരംഭത്തിൽ  നമ്മുടെ  സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിലേക്ക് നാം ഒരു ചുവടുവെപ്പ് നടത്തുന്നു. ഈ പുതിയ വർഷം ഒരു വഴിത്തിരിവായിരിക്കുമെന്നും, നമ്മുടെ  സ്വപ്നങ്ങൾ  യാഥാർത്ഥ്യമാകുമെന്നും നമ്മൾ  പ്രതീക്ഷിക്കുന്നു. പുതിയ ഒരു  ജീവിതത്തിന്റെ പ്രതീക്ഷയും, നിറവുമാണ് ഓരോ  പുതു വത്സരവും നമുക്ക് സമ്മാനിക്കുന്നത്.

പോകുന്ന  വർഷം നിങ്ങൾക്ക് സന്തോഷിക്കാനും അഭിമാനിക്കാനും എന്തെങ്കിലും നൽകിയിട്ടില്ലെങ്കിൽ, വിഷമിക്കേണ്ട. ഡിസംബർ 31 എന്നത് ഒരു വർഷത്തിന്റെ അവസാനത്തെ അർത്ഥമാക്കുന്നുവെങ്കിൽ, ജനുവരി 1 എന്നാൽ ആരംഭമാണ്. നിങ്ങൾക്ക് ജീവിതമുണ്ട്, നിങ്ങൾക്ക് പ്രതീക്ഷയുണ്ട്,  നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം നേടുവാൻ  ഒരു പുതു വർഷം  കടന്ന് വരുകയാണ്. നമുക്ക് നേടാൻ സാധിക്കാത്തതൊക്കെ  ഈ പുതുവർഷത്തിൽ നേടും എന്ന് വിശ്വസിക്കാം.

ഞാൻ എന്റെ കണ്ണുകളുടെ കൂടെ മനസിനേയും പിന്നിലേക്ക് ഒന്ന് ഓടിച്ച് നോക്കി… എത്ര പെട്ടെന്നാണു ഒരു വർഷം പിന്നിലേക്ക് തള്ളപ്പെട്ടത്… കലണ്ടറില്‍ ഡിസംബറിന്റെ അവസാന താളും മറിയുമ്പോള്‍ , ജീവിതത്തിലെ ഏറ്റവും വലിയ നഷ്ട്ടമാണ് നമുക്ക്  സംഭവിക്കുന്നത്. ആയുസ്സ്  മരണ സമയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്നു . ഇന്നോ നാളെയോ അസ്തമിച്ചേക്കാവുന്ന വളരെ ലളിതമായ ഈ    ജീവിതത്തിൽ ഇത്തരം ഇലകൾ കൊഴിയുന്നത് അനിവാര്യമാണെകിലും അത് നമ്മെ ഓർമ്മിപ്പിക്കുന്നത്    നഷ്‌ടപെടിലിന്റെ ഒരു വലിയ കഥയാണ്. നാം എന്തൊക്കെ നേടിയാലും പലപ്പോഴും നമുക്ക് നഷ്‌ടപ്പെട്ടതിനു അതിനേക്കാൾ വിലയുണ്ടായിരിക്കും. കാരണം, ഓർമ്മകൾ ഒത്തിരി മധുരിക്കും.

വിട പറഞ്ഞ കഴിഞ്ഞ വർഷങ്ങൾ   സ്നേഹത്തിനും വൽസല്യങ്ങൽക്കും അപ്പുറം, എവിടെയോ മറന്നു വച്ച സംരക്ഷണവും പകർന്നു നൽകിയ  പലരുടേയു നഷടപെടിലുകളുടെ  തീരാ നഷ്‌ടങ്ങൾ ആയി തീർന്ന കഥ നമുക്ക് തരുന്ന ഒരു ജീവിത അനുഭവമാണ്.   കഴിഞ്ഞ വർഷത്തെ പല  കാഴ്ചകളും  കാണാമറയത്തേക്കു മായുമ്പോള്‍ അതിന്റെ മധുരം ഇരട്ടിയാകും. ഒരിക്കല്‍ കൂടി കാണാനും കേള്‍ക്കാനും ആസ്വദിക്കാനും ഒക്കെ കൊതിപ്പിക്കുന്ന ചില കാഴ്ചകള്‍ നമ്മുടെ മനസ്സിൽ കൂടെ കടന്നു പോകും . ആ കാഴ്ചകൾ  ഒന്നുകൂടെ കാണുവാൻ   നമ്മുടെ മനസ്സ് അറിയാതെ  ആഗ്രഹിക്കും .  

മഴ പെയ്യാൻ വിതുമ്പി നില്ക്കുന്ന മഴമേഘം പോലെ ആണ് നമ്മുടെയൊക്ക  മനസ്സ്  . ഒരു തുള്ളി പോലും തുളുമ്പാതെ വീര്പ്പു മുട്ടുന്ന മഴ മേഘത്തിന്റെ വേദന നമ്മുടെ  വേദനയെക്കാൾ കൂടുതൽ ആയിരിക്കില്ല  എന്നറിയാം .  സ്വയം ഉരുകി തീരുമ്പോളും ചുറ്റുപാടും പ്രകാശം ചൊരിയുന്ന മെഴുകുതിരിയുടെ കഥ ഒരു പക്ഷേ നമുക്ക് ഒരു പ്രചോദനം ആയിരിക്കാം .   നല്ല നാളെകൾ തന്നെയാകട്ടെ നമ്മുടെ പ്രതീക്ഷകൾ . ഇല പൊഴിയുന്ന ശിശിരത്തിന് അപ്പുറം വസന്തം ഒരു വർണ്ണപൂത്താലവുമായി നില്ക്കുന്നുണ്ടാവും . ഓരോ ഉദയവും അസ്തമയത്തിൽ അവസാനിക്കുന്നു എന്ന ചിന്തക്ക് പകരം ഓരോ അസ്തമനവും പുതിയ ഉദയത്തിന്റെ തുടക്കം എന്ന് ചിന്തിക്കാം.

മോഹഭംഗങ്ങളില്ലാത്ത ജീവിതങ്ങള്‍ കാണില്ലായിരിയ്ക്കാം, പല സ്വപ്നങ്ങളും യാഥാര്‍ത്ഥ്യമാകാറില്ലായിരിയ്ക്കാം. എന്നാലും പുതു വർഷം  പുത്തൻ സ്വപ്നങ്ങൾ  കാണുവാൻ  നമ്മെ പ്രേരിപ്പിക്കും.  കാലം മാറുമ്പോള്‍,  പ്രായമേറുമ്പോള്‍ സ്വപ്നങ്ങളുടേയും രൂപഭാവത്തിലും വ്യത്യാസങ്ങൾ കാണാം. അല്ലെങ്കിൽ തന്നെ  കാലത്തിന്റെ സൂചികൾ പിന്നോട്ട് തിരിച്ച് വെക്കാനുള്ള മാന്ത്രിക ശക്തി നമ്മുടെ  കരങ്ങൾക്കില്ലല്ലോ, മുന്നോട്ടു ചിന്തിക്കാൻ മാത്രമല്ലേ നമുക്ക് കഴിയു.

മനുഷ്യന്റെ  ഏറ്റവും വലിയ ആവശ്യം സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുക എന്നതാണ് . ഏതെല്ലാം   തരത്തിലുള്ള സിദ്ധി വിശേഷങ്ങള്‍ ഉണ്ടായിരുന്നാലും,  സ്നേഹം ഇല്ലെങ്കിൽ നാം  ഒന്നുമില്ലാത്തവർ ആണ്. സ്നേഹമില്ലെങ്കിൽ നാം  ഒന്നും നേടുവാനും  പോകുന്നില്ല
 
കുടുംബ ബന്ധങ്ങളും, വ്യക്തി ബന്ധങ്ങളും തകരുന്നത് ഒരു നിത്യ കാഴ്ചയാണ് . ഇവയ്ക്കുള്ള പരിഹാരം മനസ്സില്‍ സ്നേഹം നിറയ്ക്കുക എന്നത് മാത്രമാണ്. മനസ്സില്‍ സ്നേഹം നിറയുമ്പോള്‍ നാമറിയാതെ നമ്മുടെ വ്യക്തി ബന്ധങ്ങളും, കുടുംബ ബന്ധങ്ങളും ശക്തിപ്പെടുന്നു. സ്നേഹമുണ്ടങ്കിൽ നമ്മുടെ ചുറ്റുപാടുകള്‍ കൂടുതല്‍ സുന്ദരമായി തോന്നുന്നു. പൂക്കള്‍ കൂടുതല്‍ മനോഹരവും സുഗന്ധം ഉള്ളവയായും, പക്ഷികളുടെ കൊഞ്ചല്‍ മധുരതരമായും അനുഭവപ്പെടുന്നു. സൌഹൃദങ്ങള്‍ ഇളം കാറ്റുപോലെ ആശ്വാസകരമാകുന്നു .

ഈ പുതു വര്‍ഷപുലരിയില്‍ മനസ്സിന്റെ ജാലകങ്ങള്‍ തുറക്കുമ്പോള്‍ സൌഹൃദങ്ങൾ  പനിനീര്‍ മുകുളങ്ങൾ ആയി നമുക്കു ചുറ്റും വിടരട്ടെ . സ്നേഹത്തിന്റെ മഞ്ഞു തുള്ളികള്‍ അവയെ കുളിരണിയിക്കട്ടെ . അങ്ങനെ ഒരിക്കലും വാടാത്ത പനിനീര്‍ മലരുകളായി നമ്മുടെ സൗഹൃദങ്ങൾ  സ്നേഹത്തിന്റെ പരിമളം പരത്തട്ടെ.

പിന്നിട്ടു  പോകുന്ന  വര്‍ഷത്തെപറ്റിയുള്ള വിശകലനങ്ങളും, തിരിഞ്ഞുനോട്ടവും, ഗുണദോഷങ്ങള്‍ വിലയിരുത്തലും നടത്തേണ്ടുന്നത്  ഒരു സമൂഹത്തിന്‌ ആവശ്യമാണ്‌. വീഴ്‌ചകള്‍ പാഠമാകാന്‍, തെറ്റുകള്‍ തിരുത്താന്‍, മികവുകള്‍ വളര്‍ത്താന്‍ തുടര്‍ ജീവിതത്തിലേക്ക്‌ ആസൂത്രണം ചെയ്യാന്‍ അങ്ങനെ  വർഷാവസാനത്തിന്റെ  ഒരു കണക്കെടുപ്പ് ജീവിതത്തിലും ആവശ്യമാണ്.  പോയ വര്‍ഷം ഏറെ കഷ്ടതകള്‍ ഓരോരുത്തര്‍ക്കും സമ്മാനിച്ചുവെങ്കിലും വരും വര്‍ഷം ആ കഷ്ടതകളൊക്കെ മായ്ക്കുന്ന,  നമ്മുടെ  ആഗ്രഹങ്ങൾക്ക് അനുസരിച്ചുള്ള ഒരു വർഷമാക്കാനും  നമുക്ക് ശ്രമിക്കാം.

വിലയിരുത്തല്‍ ഇല്ലാത്ത ഒരു പ്രവര്‍ത്തനവും വിജയത്തിലെത്തിച്ചേരില്ല എന്നാണ്  അനുഭവം നമ്മളെ പഠിപ്പിച്ചിരിക്കുന്നത്. ഇങ്ങനെ വിലയിരുത്തലിനായി വർഷത്തിലെ  ഏത് സമയവും  നമുക്ക്‌ തെരഞ്ഞെടുക്കാം. ആ അര്‍ഥത്തില്‍ കലണ്ടര്‍ വര്‍ഷത്തിലെ അവസാനദിനം വീണ്ടുവിചാരത്തിനു വേണ്ടി വിനിയോഗിക്കുന്നുവെങ്കില്‍ അത്‌ ശ്ലാഘനീയമാണെന്നു പറയാം.

പുതുവര്‍ഷം ആഹ്ളാദത്തിന്റെ സമയമാണ്,  എല്ലാവര്‍ക്കും നന്മ ആശംസിക്കാന്‍ ഉള്ള സമയം. കഴിഞ്ഞു പോയ വര്‍ഷത്തില്‍ നമുക്ക് കിട്ടിയ എല്ലാ കാര്യങ്ങളിൽനിന്നും പാഠം ഉൾക്കൊണ്ട്  നല്ല ദിവസങ്ങൾക്കു വേണ്ടി  പ്രതീക്ഷയോടെ കാത്തിരിക്കാം

പഴയതിനോട് വിടപറയുകയും പ്രതീക്ഷയും സ്വപ്നവും അഭിലാഷവും നിറഞ്ഞ പുതിയതിനെ സ്വീകരിക്കുകയും ചെയ്യുക. നിങ്ങൾക്ക് സന്തോഷം നിറഞ്ഞ ഒരു പുതുവർഷം ആശംസിക്കുന്നു!
2024  നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും മികച്ച വർഷമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു.
 
സന്തോഷത്തിന്റെയും  ,സമാധാനത്തിന്റെയും , പ്രത്യാശയുടെയും ,ഐശ്വര്യത്തിന്റെയും , പ്രതീക്ഷയുടെയും  ഒരു നവവത്സരം ഏവര്‍ക്കും ആശംസിക്കുന്നു...

ഏവർക്കും  എന്റെ  ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകൾ

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക