Image

"മധുരം  കഴിക്കണ- മിന്നൊന്നാം  തിയതിയാണ്" (കഥ: ജോസഫ്‌ എബ്രഹാം)

Published on 01 January, 2024
"മധുരം  കഴിക്കണ- മിന്നൊന്നാം  തിയതിയാണ്" (കഥ: ജോസഫ്‌ എബ്രഹാം)

"മധുരം  കഴിക്കണ-
മിന്നൊന്നാം  തിയതിയാണ്"
പുതുവര്‍ഷം ഒന്നാം തിയതി അലക്കിത്തേച്ച പാന്റ്സും ഷര്‍ട്ടുമിട്ടു  ബസ്‌ പിടിക്കാനായി ധൃതിയില്‍  പോകാനിറങ്ങിയപ്പോള്‍,  ടെലിവിഷനില്‍ കാണുന്ന പരസ്യത്തിലെ പാട്ടും  പാടിക്കൊണ്ട്, വൈകുന്നേരം വരുമ്പോള്‍ മധുരം കൊണ്ടുവരേണ്ട കാര്യം നാലുവയസുകാരിയായ കുഞ്ഞിപ്പെണ്ണ്   അപ്പന്‍   മാത്തുക്കുട്ടി വക്കീലിനെ  ഭംഗ്യന്തരണേ ഓര്‍മ്മിപ്പിച്ചു.

ആണ്ടുപിറവി  ഒന്നാം തിയതി പോയി വക്കീല്‍ ഓഫീസ്  തുറന്നിട്ടു  ഒരു കാര്യവുമില്ലെന്നറിയാം.   ഒരു കക്ഷിപോലും  ഒന്നാം തിയതിയായിട്ടു  കോടതി കയറാനോ    വക്കീലിനു  ഫീസ് തരാനോ   വരില്ല. 
ഒന്നാം തിയതി എന്നാല്‍ കൈനീട്ടം കിട്ടാനുള്ള  ദിനമാണ്. 
കാശു കൊടുക്കാനുള്ള  ദിവസമല്ല. 
കൈനീട്ടി  ആരെങ്കിലും തന്നാലല്ലേ  വാങ്ങാന്‍  പറ്റൂ .
ക്രിസ്തുമസ്  തൊട്ടിങ്ങോട്ടു  വല്ലാത്ത വറുതിയാണ്. ചുറ്റുവട്ടത്തുള്ള പള്ളിക്കാര്‍ മുഴുവനും വന്നത് പോരാഞ്ഞിട്ട് സകലമാന ക്ല്ബ്കാര്‍ മുതല്‍  അയ്യപ്പന്‍ ഭജനസംഘക്കാര്‍ വരെ ഉണ്ണിയേശു പിറന്നുവെന്ന് പറഞ്ഞുകൊണ്ട്  പാട്ടും പാടിവന്നു ഉള്ള കാശെല്ലാം കൊണ്ടുപോയി. ബാക്കി ഉള്ളതെടുത്ത്‌  കുറച്ചു ബീഫും ചിക്കനും വാങ്ങിയതോടെ പേഴ്സ് കാലിയായി. 

കേസിന് വരാത്ത കക്ഷികള്‍ക്ക് വേണ്ടിയുള്ള അവധി  ഹര്‍ജിയില്‍  സ്റ്റാമ്പ്  ഒട്ടിച്ചില്ലെങ്കില്‍    കോടതി ഹര്‍ജി സ്വീകരിക്കില്ല. ഹര്‍ജി കൊടുത്തില്ലെങ്കിലോ കഷികള്‍ക്കെതിരെ   വാറണ്ട്  പോകും. ഫീസ്  ഒന്നും  തരില്ലെങ്കിലും  വാറണ്ട്  ചെന്നാല്‍ കക്ഷികളുടെ  വിധംമാറും. വാറണ്ടുമായി ചെല്ലുന്ന  പോലീസുകാരനു   കൈമടക്കി,   വക്കീല്‍ ഓഫീസില്‍   വന്നവര്‍  കൈമലര്‍ത്തി കാണിക്കും. വാറണ്ട് പിന്‍വലിച്ചു കൊടുത്തില്ലെങ്കില്‍ വക്കീലിന്  ചീത്തപ്പേര്  മാത്രം ബാക്കിയാകും 

അടിയും വെട്ടുമായി നടക്കുന്ന പുള്ളികള്‍  ആണെങ്കില്‍  അവരെ ഇച്ചിരി പേടിക്കുകയും വേണം. വക്കീലിനെ തല്ലിയാല്‍  പോലീസിനെ തല്ലുംപോലെ പേടിക്കുകയൊന്നും വേണ്ട. ജാമ്യമില്ലാ വകുപ്പോ, കൊലപാതക ശ്രമമോ പോലുള്ള വകുപ്പുകളൊന്നുമേ  ആരും ചുമത്തില്ല. കക്ഷി തല്ലിയെന്ന് പറഞ്ഞു  പോലീസില്‍ ചെല്ലാന്‍ പോലും നാണക്കേടാണ്,  ചിലപ്പോള്‍ പോലീസ്കാര്‍  കക്ഷിയുടെ കൂടെ ചേര്‍ന്ന്  കേസ് എടുത്തില്ലന്നു  പോലും വരും. 
ഇത്യാതി മാനഹാനികള്‍ ഒഴിവാക്കാന്‍  ഒരുവഴിയെ ഉള്ളൂ, കയ്യില്‍ നിന്നും കാശുമുടക്കി കോടതിയില്‍  അവധി അപേക്ഷ കൊടുത്തുകൊണ്ടിരിക്കണം ക്കണം.
 
"ഈ വക്കീലിന്‍റെ  കൂടെ നിന്നിട്ട് സ്റ്റാംമ്പ്  ഒട്ടിക്കാനുള്ള  തുപ്പലിന്റെ  പൈസ പോലും കിട്ടുന്നില്ലെന്ന്"  പറഞ്ഞു  ഗുമസ്തന്‍ പയ്യന്‍  പിണങ്ങിപ്പോയിട്ടു നാളുകള്‍  കുറച്ചായി. 

അവനിപ്പോള്‍  ഡയറക്ട്ടു മാര്‍ക്കറ്റിംഗ്   എകസിക്യൂട്ടിവാണെന്ന് പറഞ്ഞു കഴുത്തില്‍  ടൈയും കെട്ടി  വലിയ ബാഗുമായി നടക്കുന്നുണ്ട്. അവന്‍റെ കയ്യില്‍ ദമ്പടി  ഇച്ചിരെ തടയുന്നുണ്ടെന്നു തോന്നുന്നു. കുറച്ചു നാള്‍ മുന്‍പ് മാത്തുക്കുട്ടി വക്കീല്‍   പതിവു പോലെ ഉച്ചക്ക് കട്ടന്‍ ചായും പരിപ്പ് വടയും  കുടിച്ചു വിശപ്പടക്കിയിരിക്കുമ്പോള്‍  അടുത്ത മേശയിലിരുന്നവന്‍  ബിരിയാണി കഴിക്കുന്നത്‌ കണ്ടു.  വേറെ വല്ലോ നാട്ടിലും പോയിട്ടായാലും   അവന്‍ ചെയ്യുന്നമാതിരി  പണി ചെയ്താലോ എന്നുപോലും മാത്തുക്കുട്ടി അപ്പോള്‍ വിചാരിച്ചുപോയിരുന്നു. 

ബസില്‍  തിക്കിതിരക്കി ടൌണില്‍ എത്തി വക്കീല്‍ ഓഫിസ്  തുറന്നു. ചൂലെടുത്ത്  ഓഫീസ് വരാന്ത അടിച്ചു വാരുന്നത്  കണ്ടു ബസിലിരുന്നു  പോകുന്ന യുവതി  ചിരിച്ചു. അവള്‍ എന്നും ആ സമയത്തു   അതേ ബസില്‍ അതേ സീറ്റില്‍ ഇരുന്നു പോവുകയും ബസ് മാത്തുക്കുട്ടിയുടെ  ഓഫീസിന്റെ മുന്‍പില്‍ എത്തുമ്പോള്‍ കൃത്യമായി അവിടേയ്ക്കു നോക്കുകയും ചിരിക്കുകയും  ചെയ്യും.  
കേജ്രിവാള്‍  സാറിന്റെ  പാര്‍ട്ടിക്കാരനാണ്  മാത്തുക്കുട്ടി വക്കീല്‍. ആയതു  കൊണ്ട്   പാര്‍ട്ടി ചിഹ്നമായ   ചൂലെടുത്ത്  ഓഫീസും വരാന്തയും അടിച്ചു വാരുന്നത്  ഒരു പ്രതീകാത്മകമായ  പാര്‍ട്ടി പ്രവര്‍ത്തനം കൂടിയായിട്ടാണ് മാത്തുക്കുട്ടി  കാണുന്നത്  

അങ്ങിനെ പതിവ് പുഞ്ചിരി പോലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളുമായി പുതുവര്‍ഷ രാവിലെ നില്‍ക്കവേയാണ്. ഒരു കേസ് ആ പഴയ മാളിക മുകളിലുള്ള  കുടുസു ഓഫീസ് മുറിയിലേക്ക് നടന്നു വന്നത്. 

മിക്കവാറും കേസുള്ള വക്കീല്‍ന്മാരോക്കെ  ഒന്നാം തിയതി ഐശ്വര്യത്തോടെ കേസ്  ഫയല്‍ ചെയ്യാന്‍ ചില കേസുകള്‍ മാറ്റി വച്ചിട്ടിട്ടുണ്ടാകും.  പണ്ടേ വലിയ കേസൊന്നുമില്ലാത്ത മാത്തുക്കുട്ടിക്ക്  ഒന്നാം തിയതി  ആയി കേസൊന്നും ഇല്ലെങ്കിലും   ആണ്ടു പിറവിയായിട്ടു കോടതിയില്‍ പോയില്ലെങ്കില്‍ അതൊരു  ഐശ്വര്യക്കേട്‌   ആകുമല്ലോ എന്നു കരുതി ഹാങ്ങറില്‍ കിടക്കുന്ന കോട്ടും ഗൌണും  കുടഞ്ഞെടുത്ത്    മടക്കി മേശപ്പുറത്ത് വച്ചു, മേമ്പൊടിയായി വെറുതെ രണ്ടും ഫയലും എടുത്തുവച്ചു. വെറുതെ എങ്ങിനെയാണ്‌  കൈയും വീശി കാഴ്ചക്കാരനായി കോടതയില്‍ പോകുന്നത്?

വക്കീല്‍ ഓഫീസിനു  താഴെ ബേക്കറി നടത്തുന്ന  സുകുമാരനായിരുന്നു മാളികയുടെ പൂതലിച്ച മരഗോവണി കയറി വന്നത്. സുകുമാരന്‍റെ   അളിയന്‍ സുശീലനെ  പോലീസ് പിടിച്ചു. തലേന്നു രാത്രി പുതുവര്‍ഷ ഘോഷത്തില്‍ കള്ള്കുടിച്ചു ഭള്ളുപറഞ്ഞു കൊണ്ടിരിക്കുമ്പോള്‍ പോലീസുകാര്‍ വന്നു പിടിച്ചു.  കള്ളിന്റെ ഹുങ്കില്‍ പിടിച്ചത് പോലീസ് ആണോ അതോ വേറെ ആരോ എന്നൊന്നും  സുശീലന് മനസ്സിലായില്ല. പിടിക്കാന്‍ വന്നവരെ ഭള്ളു പറഞ്ഞുകൊണ്ട്  ഒരു തള്ള് കൊടുത്തു. അതോടെ കാര്യങ്ങളുടെ കിടപ്പുവശവും വകുപ്പുകളും മാറിമറിഞ്ഞു. സുശീലന്റെ ജാതകത്തില്‍ കാരാഗൃഹവാസം തെളിഞ്ഞു വന്നു.  ഔദ്യോഗിക കൃത്യനിര്‍വഹണ തടസം, കയ്യേറ്റം ചെയ്യല്‍, കൊലപാതകശ്രമം   ഒരു ജീവപര്യന്ത തടവ് കിട്ടാനുള്ള കെണികള്‍ എല്ലാം പോലീസുകാര്‍ ഒരുക്കി. പോരാത്തതിന് കള്ള് നിറഞ്ഞ പള്ള ഒഴിയുന്നതുവരെ ഇടിയും കൊടുത്തു.

നാട്ടില്‍ വേറെ കൊള്ളാവുന്ന വക്കീലമ്മാര്‍ ഇല്ലാത്തത് കൊണ്ടൊന്നുമല്ല  സുകുമാരന്‍ മാത്തുക്കുട്ടി വക്കീലിനെ  തേടിവന്നത്. മുന്തിയ വക്കീലമ്മാരുടെ അടുക്കല്‍ ചെന്നാല്‍ മുന്‍കൂറായി നല്ല കാശു കൊടുക്കണം. ഇതിപ്പോ മാത്തുക്കുട്ടി നല്ലവണ്ണം കേസ് നടത്തുന്ന  ഒരു ചെറിയ വക്കീലാണ്, പരിചയക്കാരന്‍ ആയതുകൊണ്ട് കാശൊന്നും ഇല്ലേലും കേസ് ഏല്പ്പിക്കാന്‍  പറ്റുമല്ലോ  എന്നു വിചാരിച്ചാണ്  സുകുമാരന്‍ കയറി വന്നത് 

“ വക്കീലെ  അളിയനെ  ജാമ്യത്തില്‍  എടുക്കണം"
“ സുകുമാരാ കേട്ടിടത്തോളം ജാമ്യമില്ലാത്ത വകുപ്പാണല്ലോ, പാടാകും”
“വക്കീലെ പെങ്ങള് കെടെന്നു കരച്ചിലാ. എങ്ങിനെ എങ്കിലും എടുക്കണം, അളിയന്‍ ഇറങ്ങിയാല്‍  വക്കീലിനു  ഫീസ് എത്ര വേണമെങ്കിലും തരും."

സുകുമാരന്‍ തന്‍റെ നയം വ്യക്തമാക്കി. അളിയനെ ജാമ്യത്തില്‍ ഇറക്കണം. പക്ഷെ താന്‍ കാശുതരില്ല, അളിയന്‍ ഇറങ്ങുമ്പോള്‍ കിട്ടിയാല്‍ വക്കീല്‍ വാങ്ങിക്കോ എന്നാണ് സാരം. 

സുശീലന്‍ ഒരു പണിയും ചെയ്യാതെ കള്ളും കുടിച്ചു നടക്കുന്ന പാര്‍ട്ടിയാണ്, ഒന്നു രണ്ടു കേസുകള്‍ മാത്തുക്കുട്ടിയുടെ  ഓഫീസില്‍ ഉണ്ട്. പത്തു പൈസ തരില്ലെന്ന് മാത്രമല്ല  അവധിക്കു ഹാജരാകാതെ വരുന്നതിനാല്‍  അവധി അപേക്ഷ കൊടുക്കാനുള്ള പേപ്പറിന്‍റെയും സ്റ്റാമ്പിന്‍റെയും പൈസ കൂടി മാത്തുക്കുട്ടിയുടെ പോക്കറ്റില്‍ നിന്നു പതിവായി ചിലവാക്കിക്കൊണ്ടിരിക്കുന്നു.

എന്തായാലും  കൊല്ലം തുടക്കത്തില്‍ ഒരു കേസ് വന്നല്ലോ, അതു തന്നെ ഐശ്വര്യത്തിന്‍റെ ലക്ഷണമെന്നു കരുതി മാത്തുക്കുട്ടി ശുഭാപ്തി വിശ്വാസിയായി കോട്ട് എടുത്തിട്ടു, ഗൌണ്‍ എടുത്തു  തോളില്‍ തലകീഴായി തൂക്കിയിട്ടു. ഒന്നാം തിയതിതന്നെ  ഒരു വ്യവഹാരം കയ്യില്‍ കിട്ടിയ സന്തോഷത്തോടെ കോടതിയിലേക്ക്  നടന്നു.

നടക്കുന്നതിനിടയില്‍ പോക്കറ്റില്‍  തപ്പിനോക്കി. ഉച്ചക്കത്തെ കട്ടന്‍ ചായക്കും പരിപ്പ് വടയ്ക്കും  പൈസ കൊടുത്താല്‍ പിന്നെ വൈകുന്നേരം വീട്ടിലേക്കു പോകാനുള്ള  വണ്ടിക്കൂലിക്കുള്ള ചില്ലറയേയുള്ളൂ.

ഒന്നാം തിയതി മധുരം കാത്തിരിക്കുന്ന  കുഞ്ഞിപ്പെണ്ണിനെ  എങ്ങിനെ നിരാശയാക്കൂം. അമിതാബച്ചന്‍റെ  കയ്യില്‍ ഇരിക്കുന്ന വലിയ ഡയറി  മില്‍ക്ക്   ചോക്ലേറ്റ് ആയിരിക്കണം അവളുടെ മനസ്സില്‍ ഉണ്ടാവുക. 

കോടതിയില്‍  എത്തിയപ്പോഴേക്കും   പോലീസുകാര്‍ സുശീലനെ അവിടെ കൊണ്ട് വന്നിരുന്നു. മാത്തുക്കുട്ടിയെ  കണ്ട സുശീലന്‍ ഭവ്യതയോടെ തൊഴുതുകൊണ്ട് പറഞ്ഞു 
“വക്കീലെ  ജാമ്യത്തില്‍   എടുക്കണം, പുറത്തിറങ്ങിയാല്‍  വക്കീലിന്റെ  ഫീസ്  അണാ പൈസ കുറയാതെ ഞാനെത്തിക്കും”
ഇന്നേവരെ ഫീസ് തന്ന ചരിത്രം ഇല്ലാത്ത  സുശീലന്റെ പുതുവര്‍ഷ  വാഗ്ദാനം  കേട്ടിട്ടും മാത്തുക്കുട്ടി ഒട്ടും പുളകിതനായില്ല. വക്കാലത്തില്‍   ഒപ്പിടിച്ചു  കോടതിയിലെ കസേരയില്‍ ചെന്നിരുന്നു. 

കോടതി തുടങ്ങി. നാരായണന്‍  മജിസ്ട്രറ്റ്  കേസ് വിളിക്കാന്‍  പറഞ്ഞു.
അറസ്റ്റുചെയ്തു  ഹാജരാക്കിയ  സുശീലന്റെ  പേര് വിളിച്ചപ്പോള്‍  മാത്തുക്കുട്ടി എഴുനേറ്റു ജാമ്യ അപേക്ഷ കൊടുത്തു. 

പ്രോസീക്യൂട്ടര്‍  പറഞ്ഞു  
“യുവര്‍ ഓണര്‍, പ്രതി ചെയ്തത്, കൊലപാതക ശ്രമമായിപ്പോലും കരുതാന്‍ പറ്റുന്ന  കുറ്റകൃത്യങ്ങളാണ്  ഒരിക്കലും ജാമ്യം കൊടുക്കാന്‍ പറ്റൂല. ശക്തമായി  എതിര്‍ക്കുന്നു”
“എന്താ മാത്തുക്കുട്ടി  പ്രോസീക്യൂട്ടര്‍ പറഞ്ഞത് കേട്ടില്ലേ. വലിയ വകുപ്പുകളാണ്. ജാമ്യം തരില്ല. ഹര്‍ജി തള്ളട്ടെ?”

നാരായണ്‍ മജിസ്ട്രറ്റ് പണ്ടത്തെ നമ:ശിവായം മജിസ്ട്രറ്റിനെപ്പോലയാണ്. വാദി പറയുന്നത് കേട്ടാല്‍  വാദിയാണ് ശരിയെന്നു   വിചാരിക്കും. പ്രതി പറയുന്നത് കേട്ടാല്‍ പ്രതിയാണ് ശരിയെന്നു കരുതി പ്രതിക്കും അനുകൂലമാകും. പക്ഷെ ആള് ഉള്ളുകൊണ്ട്  ശുദ്ധനും നീതിയില്‍ ധീരനുമാണ് 

“അയ്യയ്യോ, ബഹുമാനപ്പെട്ട  കോടതി  തള്ളല്ലെ. പ്രതി നിരപരാധിയാണ്  പുതുവര്‍ഷമായി അയാളെ ജയിലിലേക്ക് വിട്ടാല്‍  ഒരു നിരപരാധിയുടെ കണ്ണുനീര്‍ കോടതിയുടെ മേല്‍വീഴും. ഒരു പത്തു മിനിട്ട് നേരത്തേക്ക് കേസൊന്നു മാറ്റിവയ്ക്കാമോ, ഞാന്‍ വിശദമായി വാദം പറയാം”
മാത്തുക്കുട്ടിയുടെ  അപേക്ഷ കേട്ട കോടതി കേസ് കുറച്ചു നേരത്തേക്ക് മാറ്റി വെച്ചു. 
മാത്തുക്കുട്ടി  സുശീലന്‍റെ  അടുക്കല്‍ ചെന്നു
“കേട്ടില്ലേ  കോടതി പറഞ്ഞത്. വലിയ കേസാണ്. ജാമ്യ അപേക്ഷ തള്ളി ജയിലിലേക്ക് വിടുമെന്ന്”
“എന്‍റെ വക്കീലെ  എങ്ങിനെയെങ്കിലും കയിച്ചിലാക്കണം.  ഒന്നാം തിയതി  ജയിലില്‍ പോയാല്‍ ഈ കൊല്ലം മുഴുവന്‍ ജയിലില്‍ നിന്നും ഇറങ്ങാന്‍ നേരം ഉണ്ടാകില്ല” 
സുശീലനു കരച്ചില്‍ വന്നു.
മാത്തുക്കുട്ടി ചുറ്റും നോക്കി. 
"നോക്കാം, നമുക്ക് പത്തു മിനിട്ട്  സമയമുണ്ട്. പക്ഷെ അതിനു ചിലവുണ്ട്  കുറച്ചു പണം ഇപ്പോള്‍ വേണം  അല്ലാതെ കാര്യം നടക്കില്ല"
ഒന്നും കേഴ്ക്കാത്ത മട്ടില്‍ സുകുമാരന്‍ നിന്നു. 
“സാറെ  ജാമ്യം കിട്ടിയാല്‍ ഞാന്‍ എത്ര പണം വേണമെങ്കിലും തരാം”
“അതു ജാമ്യം കിട്ടിയ ശേഷമുള്ള കാര്യമല്ലേ സുശീലാ." 
പ്രോസീക്യൂട്ടരുടെ നേരെ നോക്കിയശേഷം  മാത്തുക്കുട്ടി  പറഞ്ഞു 
"ജാമ്യം കിട്ടണമെങ്കില്‍ ഇപ്പോള്‍ പണം വേണ്ടിവരുമെന്നാണ് ഞാന്‍ പറഞ്ഞതു. 
"പത്തു മിനുട്ട് മാത്രമേ സമയമുള്ളൂ. വേഗം തീരുമാനം വേണം"
മാത്തുക്കുട്ടി കട്ടായം പറഞ്ഞു.
“ അളിയാ “
സുശീലന്‍  സുകുമാരനെ വിളിച്ചു. അതൊരു സൂചനയായിരുന്നു. 'കാശുകൊടുക്കുന്നോ  അതോ ആണ്ടറുതിവരെ പെങ്ങള്‍ വീട്ടില്‍ നില്‍ക്കണമോ' 
എന്നായിരുന്നു അതിന്റെ അകംപൊരുള്‍  
സുകുമാരന്‍റെ ഇടം കൈ  അണ്ടര്‍വെയറിന്‍റെ പോക്കറ്റിലേക്കു നീങ്ങി. ഈര്‍പ്പവും മധുരവും  പുരണ്ട  നോട്ടുകളുമായി കൈ പുറത്തേക്ക് തിരിച്ചെത്തി. 
കോടതി മുറിയിലെ കസേരയില്‍  തിരിച്ചെത്തി ഇരിക്കുന്നതിനിടയില്‍  മാത്തുക്കുട്ടി വക്കീല്‍ പ്രോസീക്യൂട്ടറെ നോക്കി പുഞ്ചിരിച്ചു 
കേസ് വീണ്ടും വിളിച്ചു 
“യുവര്‍ ഓണര്‍, ഇന്ന് പുതുവര്‍ഷം. 
ഇന്നലെ എന്‍റെ കക്ഷി പുതുവര്‍ഷ ലഹരിയില്‍ മദ്യപിച്ചു മദോന്മത്തനായി,  സുബോധമില്ലാതെ  പെരുമാറുകയും  കസ്റ്റഡിയില്‍ എടുക്കാന്‍ ചെന്ന പോലീസുകാരെ ചീത്ത വിളിക്കുകയും, കയ്യേറ്റം ചെയ്തു ഔദ്യാഗിക കൃത്യനിര്‍വഹണത്തിനു തടസം വരുത്തുകയും, ചെയ്തു വെന്നാണല്ലോ  എഫ്.ഐ.ആറില്‍  പറഞ്ഞിരിക്കുന്നത്.
“യുവര്‍ ഓണര്‍,  എഫ്.ഐ.ആര്‍   സത്യമാണെങ്കില്‍  പ്രതിക്ക് ജാമ്യം കൊടുക്കണമെന്നു താഴ്മയായി അപേക്ഷിച്ചുകൊള്ളുന്നു."

നാരായണന്‍ മജിസ്ട്രറ്റ്   കാതുകള്‍ കൂര്‍പ്പിച്ചു 
“എന്താണ് വക്കീല്‍ പറഞ്ഞു വരുന്നത്?" 
“യുവര്‍ ഓണര്‍, എന്‍റെ കക്ഷിക്ക്  സംഭവം  നടക്കുന്ന സമയം സുബോധം ഇല്ലെന്നല്ലേ  പോലീസ് പറയുന്നത് ?
“ അതേ” 
“അപ്പോള്‍ പിന്നെ പ്രതി ഒന്നും ബോധപൂര്‍വം ചെയ്തിട്ടില്ല. ബോധമില്ലെങ്കില്‍ പിന്നെങ്ങിനെ   ഔദ്യോഗിക  കൃത്യനിര്‍വഹണത്തെ ബോധപൂര്‍വ്വം തടസപ്പെടുത്തും ? 
ബോധപൂര്‍വ്വം അല്ലെങ്കില്‍  അതെങ്ങിനെ കുറ്റമാകും ?
 ജാമ്യമില്ലാത്ത വകുപ്പാകും? 
കള്ളുകുടിച്ചു ബഹളം വച്ചത് ഒരു നിസാരമായ കേസല്ലേ,  അതുകൊണ്ട് പ്രതിക്ക് ജാമ്യം നല്‍കണം"

നാരായണ്‍ മജിസ്ട്രറ്റ്   നമ:ശിവായം മജിസ്ട്രറ്റ് ആയിമാറി. ന്യായം മാത്തുക്കുട്ടിയുടെ  ഭാഗത്തെന്നു മജിസ്ട്രറ്റിനു ഉള്‍വിളി തോന്നി. 
“അത് ശരിയാണല്ലോ, പ്രോസീക്യൂട്ടര്‍  നിങ്ങള്‍ എന്ത് പറയുന്നു?" 

“ഒബ്ജക്ഷന്‍  യുവര്‍ ഓണര്‍”
“എന്തിനു ഒബ്ജെക്ഷന്‍.? എഫ്. ഐ. ആര്‍ ശരിയോ തെറ്റോ എന്നു പറയൂ" 
“ ശരിയാണ്" 
“ അപ്പോള്‍ ജാമ്യം കൊടുക്കാം അല്ലേ”
"അതു, പിന്നെ യുവര്‍ ഓണര്‍.. ദി ഫാക്ട്സ്  ആന്‍ഡ്‌ സര്‍ക്കംസ്റ്റാന്‍സസ് ഓഫ് ദിസ്‌ കേസ്,..."
"മതി മതി" മജിസ്ട്രറ്റ്  ഇടപെട്ടു.
പ്രോസീക്യൂട്ടര്‍  തന്‍റെ വാദത്തിനു അര്‍ദ്ധവിരാമമിട്ടു.
 കോടതി  സുശീലന് ജാമ്യം അനുവദിച്ചു 

വൈകുന്നേരം ഓഫിസ്  അടച്ചു പോകുന്നേരം  സുകുമാരന്‍റെ ബേക്കറിയില്‍ നിന്നും പുതുവര്‍ഷ കേക്കും,  ഡയറി മില്‍ക്ക്  ചോക്ലേറ്റും  വാങ്ങി  പണം കൊടുക്കുമ്പോള്‍ മാത്തുക്കുട്ടി വക്കീല്‍ സുകുമാരനോട് പറഞ്ഞു.
"മധുരം കഴിക്കണമിന്നൊന്നാം തിയതിയാണ്" 
പണം വാങ്ങി പെട്ടിയില്‍ ഇടുമ്പോള്‍  സുകുമാരന്‍റെ മുഖത്തുള്ള പതിവ് ചിരി അന്നു പക്ഷെ ഉണ്ടായില്ല.  

Join WhatsApp News
George sebastian 2024-01-04 10:07:58
നല്ല രസികൻ ക
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക