റേച്ചൽ അന്ന് രാവിലെതന്നെ എഴുന്നേറ്റു. എന്നാൽ അവൾ ഉറങ്ങിയിട്ടുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. അച്ചായൻ വരുമെന്ന് വിളിച്ചു പറഞ്ഞിരുന്നു. അച്ചായനെ കാണാനുള്ള മോഹം അവളെ ആ രാത്രി ഉറങ്ങാൻ വിട്ടില്ല. അവർ അവസാനമായി കണ്ട ആ ദിവസത്തെക്കുറിച്ച് ഓർത്തും ഓരോന്ന് പറഞ്ഞും അവൾ തിരിഞ്ഞും മറിഞ്ഞും ആ രാത്രി മുഴുവൻ കിടന്നു. അവൾ തലയിണ കെട്ടിപ്പുണർന്നു.
ചുടുചുംബനങ്ങൾ.. നൂറ് ചുടുചുംബനങ്ങൾ ആ നേരം തലയിണയ്ക്കു നല്കിയിട്ടുണ്ടാകും.
ഉറങ്ങിയിട്ടില്ലങ്കിലും അവൾക്ക് ക്ഷീണമുണ്ടായിരുന്നില്ല. ധമനിയിൽനിന്നും ചുടുരക്തം പതിവിലും വേഗം പ്രവഹിച്ചുകൊണ്ടിരുന്നു. വാരിക്കോരി നല്കാൻ അവൾ നിധി പോലെ കാത്തു സൂക്ഷിച്ച് മൂടിക്കെട്ടി വെച്ചിരുന്ന സ്നേഹം അച്ചായൻ വരുന്നതറിഞ്ഞ് പുറത്തേക്ക് ചാടാൻ വെമ്പൽകൊണ്ടു. അവളുടെ മനസ്സ് തുള്ളിത്തുളുമ്പിക്കൊണ്ടിരുന്നു. അവളുടെ പാദങ്ങൾ നിലത്ത് ഒരു നേരവും ഉറയ്ക്കുന്നില്ല. അവൾ ലെക്കുകെട്ട് ഓടി നടക്കുകയാണ്.
അവൾ ത്രേസ്യേട്ടത്തിയെ തിരഞ്ഞു..
ത്രേസ്യേട്ടത്തീ… അക്ഷമയോടെ വിളിച്ച് അവൾ ഓരോ മുറിയും കയറിയിറങ്ങി. ജനാലകളെല്ലാം തുറന്നിട്ടിരിക്കുന്നു. ത്രേസ്യേട്ടത്തി ജനാലകൾ തുടയ്ക്കുകയാവണം. അന്തരീക്ഷത്തിൽ കാറ്റിന്റെ സംഗീതമുണ്ട്. വീടിനുള്ളിലേക്ക് അത് ഇളം തെന്നലായി പ്രവഹിച്ച് വെള്ളനിറത്തിലുള്ള നേർത്ത കർട്ടനുകളെ ഊഞ്ഞാലാട്ടുന്നു. ജനാലവഴി അകത്തു കടന്ന വണ്ടിന്റെ പിറകേ മറ്റൊരു വണ്ട് പറന്നു വന്ന് അതിനെ മുട്ടി ഉരുമ്മി വീടിനുള്ളിൽ യഥേഷ്ട്ടം പ്രണയ രംഗങ്ങൾ തീർക്കുന്നു. അവളുടെ കണ്മുന്നിൽ കൂടി പറന്നു നടന്ന് അവർ പ്രേമം ആവോളം നുകരുന്നു. അന്ന് അവൾക്കു ചുറ്റും ശൃംഗാരം നടമാടി. എല്ലാത്തിനും ശൃംഗാരം. സർവ്വചരാചരങ്ങൾക്കും ശൃംഗാരം. ആ മോഹന ശൃംഗാര അഖിലാണ്ഡവത്തിൽ ചേരിതിരിഞ്ഞ് ഏക ജീവജാലമായി ത്രേസ്യേട്ടത്തി അതാ നിൽക്കുന്നു ഒരു ജനാല തുടച്ചുകൊണ്ട്. അവരിൽ ഒരു ഭാവം മാത്രം , ഉത്തരവാദിത്തത്തിന്റെ ഭാവം.
‘ത്രേസ്യേട്ടത്തീ.. ഞാൻ എവിടെയെല്ലാം തിരക്കി’ .. റേച്ചൽ ഓടിച്ചെന്ന് ത്രേസ്യേട്ടത്തിയെ കെട്ടിപ്പിടിച്ചു.
‘എന്താ മോൾ ഇത്ര രാവിലെ’!
ഇന്ന് അച്ചായൻ വരുമെന്ന് വിളിച്ചു പറഞ്ഞു. അതുകൊണ്ട് ഞാൻ ഉറങ്ങിയതേയില്ല ത്രേസ്യേട്ടത്തി.. നമുക്ക് അച്ചായന് ഒരു സദ്യയൊരുക്കണം. നെയ്‌മീൻ കറിയാക്കണം. കരിമീൻ വറക്കണം. കരിമീൻ കിട്ടിയില്ലെങ്കിൽ കാരലായാലും മതി. പാവക്ക പച്ചടി, ബീൻസ് തോരൻ , അവിയൽ ,കാച്ചിയ മോര്…
ത്രേസ്യേട്ടത്തി ചോദിച്ചു ,’ ആരാ മോളെ അച്ചായൻ ‘?
റേച്ചൽ അത്ഭുതപ്പെട്ടു.. ഇതെന്തു ചോദ്യമാ ത്രേസ്യേട്ടത്തി ? ഞാൻ ആരെയാ അച്ചായാന്ന് വിളിക്കുന്നത്? ത്രേസ്യേട്ടത്തിക്ക് അതറിയില്ലേ ഇത്ര നാളായിട്ടും ?
ത്രേസ്യേട്ടത്തിക്ക് സംശയമായി. അവർക്ക് പിടികിട്ടുന്നില്ല. ഓർമ്മപ്പിശകുണ്ട് . എങ്കിലും അറിയില്ല എന്ന് പറഞ്ഞില്ല. റേച്ചൽ മോൾ വിഷമിക്കും.
അവർ ചോദിച്ചു , ത്രേസ്യേട്ടത്തി എന്താ ചെയ്യേണ്ടത് മോളെ ?
അതു കേട്ട് റേച്ചൽ തന്റെ വിവേകദന്തങ്ങൾ വരെ കാണത്തക്ക വിധം നീളത്തിൽ പുഞ്ചിരി വിടർത്തി. സദ്യക്ക് വേണ്ടുന്നതെല്ലാം ഒന്നൊഴിയാതെ പറഞ്ഞു കൊടുത്തു.
ത്രേസ്യേട്ടത്തി സാധനങ്ങൾ വാങ്ങാൻ ജോലിക്കാരനെ ഏൽപ്പിച്ചു.
ആരാ വിരുന്നിന് ? , അയാൾ ചോദിച്ചു.
അച്ചായൻ.
ഏത് അച്ചായൻ ? കൊച്ചമ്മയുടെ കെട്ടിയോനാണോ ? അയാൾക്ക് ആകാംഷയായി.
അത് നീ അച്ചായൻ വരുമ്പോൾ കണ്ടാൽ മതി. നീ നിന്റെ ജോലി നോക്ക് ചെറുക്കാ. എന്തൊക്കെ അറിയണം നിനക്ക് ? ത്രേസ്യേട്ടത്തി ജോലിക്കാരനെ ശാസിച്ചു. അയാൾ ഒന്ന് മൂളി. എന്നിട്ട് സഞ്ചിയുമായി പുറത്തേക്ക് നടന്നു. ത്രേസ്യേട്ടത്തി ധൃതിയിൽ ജനൽ വൃത്തിയാക്കിത്തുടങ്ങി.
റേച്ചൽ ഓരോന്ന് സ്വപ്നം കാണുകയാണ്.. അല്ലെങ്കിലും മനസ്സിനെ നിയന്ത്രിച്ചു നിർത്താൻ ആർക്കാണ് കഴിയുക! അവളുടെ കിനാവുകൾക്ക് ഇപ്പോൾ പകലെന്നോ രാത്രിയെന്നോയില്ല. ഒരു വേലിയിലുംതട്ടി അത് നിൽക്കുന്നില്ല. അവൾ കിനാവുകൾ നെയ്തുകൂട്ടി…
അച്ചായൻ ക്ഷീണിച്ചാകും വരിക, അവളോർത്തു. കുളിക്കണമെങ്കിൽ അതാകാം.. അവൾ ഒരു പുതിയ ടവ്വൽ അലമാരയിൽ നിന്നെടുത്ത് കട്ടിലിൽ വെച്ചു. കുളികഴിഞ്ഞ് ധരിക്കാൻ അച്ചായൻ അന്ന് വന്നപ്പോൾ അവൾക്ക് കൊടുത്തിട്ടുപോയ കൈലിയും ഷർട്ടുമെടുത്ത് ടവ്വലിന്റെ കൂടെ വെച്ചു. ഓരോപ്രാവശ്യം വരുമ്പോഴും അച്ചായൻ ധരിച്ചിരുന്ന കൈലിയും ഷർട്ടും ഓരോന്ന് വെച്ച് അവൾക്ക് കൊടുത്തിരുന്നു. പിന്നെ കുളികഴിയുമ്പോഴേക്കും ഒരു ചായ…ചായപ്പൊടി അവളുടെ സ്വന്തം ചായ ഫാക്ടറിയിൽ ഉണ്ടാക്കുന്നത്. നീലഗിരിയുടെ മലനിരകളിൽ വളരുന്ന മുന്തിയയിനം തേയിലച്ചെടിയിൽ നിന്നുമുണ്ടാകുന്ന ചായപ്പൊടി. അതൊന്ന് മണത്താൽ മതി ക്ഷീണം പോകാൻ. അതുകഴിഞ്ഞു വേണമെങ്കിൽ വീടും പറമ്പുമൊക്കെ ചുറ്റിനടന്ന് കാണട്ടെ. അല്ലെങ്കിൽ പിന്നെ.. അവൾക്ക് പെട്ടെന്ന് നാണം തോന്നി. പിന്നെ.. ഞങ്ങൾക്ക് കുറേ സംസാരിക്കാനുണ്ടല്ലോ ! എത്ര നാളായി അച്ചായനെ കണ്ടിട്ട് ! അവൾ ആ ചിന്തകൾക്ക് വേഗംതന്നെ തിരശീല വലിച്ചിട്ടു.. ശെരിയാകില്ല അത്രതന്നെ. അവൾ നാണം കുണുങ്ങി കട്ടിലിൽ കിടന്നുരുണ്ടു. മുഖം തലയിണകൊണ്ട് മറച്ചു.
അവൾ പിന്നെയും അച്ചായൻ വരുന്നതിനെപ്പറ്റി ഓർത്തു…മുഖത്തുനിന്നും തലയിണ മാറ്റി.. അപ്പോഴേക്കും ത്രേസ്യേട്ടത്തി ഊണ് തയ്യാറാക്കിയിട്ടുണ്ടാകും. ഊണ് കഴിഞ്ഞു വേണമെങ്കിൽ അച്ചായന് ഉറങ്ങാം. അല്ലെങ്കിൽ ഒരു ചെറിയ യാത്ര. എമറാൾഡ് തടാകത്തിന്റെ തീരത്ത് പോയി കുറേ നേരമിരിക്കാം. ഇത്രെയും നാൾ പറയാൻ സൂക്ഷിച്ചു വെച്ച കാര്യങ്ങൾ ഒരു ഭാണ്ഡക്കെട്ടു തുറന്നിടും പോലെ അങ്ങുന്നും ഇങ്ങുന്നുമായി ഒരു ക്രമവുമില്ലാതെ പറയാം. അതിലെ തമാശകൾ പറഞ്ഞ് അട്ടഹസിക്കാം, കാണാൻ കൊതികൊണ്ട നിമിഷങ്ങൾ അറിയാതെ ഉള്ളത്തിൽ വന്നു ചേരുമ്പോൾ വിരഹം തീർത്ത നൊമ്പരത്താൽ കണ്ണു നിറയ്ക്കാം, കാത്തിരുന്നുകിട്ടിയ സുന്ദരസുരഭിലമായ മുഹൂർത്തങ്ങളിൽ നെഞ്ചോട് ചായാം, ഇത്രയുംനാൾ അനുഭവിച്ച നൊമ്പരങ്ങളെ വിസ്‌മൃതിയുടെ കൂടിനുള്ളിൽ തള്ളിയിടാം, ആ കൈയ്യും പിടിച്ച് അങ്ങനെ ഇരിക്കുമ്പോൾ ചന്ദ്രനെത്തേടിനടക്കുന്ന സൂര്യന് മംഗളം നേരാം. മംഗളാശംസകൾ എങ്ങനെ പറയണമെന്നും അവൾ ഓർത്തുവെച്ചു : ഹേയ് സൂര്യ ചന്ദ്രന്മാരേ.. നിങ്ങളുടെ പ്രേമവും ഞങ്ങളുടേതുപോലെ അനശ്വരമാണ്. വിരളമായി മാത്രം നിങ്ങൾ സംഗമിക്കുന്നു. പിന്നെ കണ്ടുമുട്ടാത്തത്ര ദൂരത്തിൽ മറയുന്നു. എത്ര ദൂരെയാണെങ്കിലും സൂര്യൻ നൽകുന്ന പ്രകാശത്തിൽ അവൾ(ചന്ദ്രൻ ) ശോഭിക്കുന്നു. അവൾ കാത്തിരിക്കുന്നു അവൻ (സൂര്യൻ ) പിന്നെയും അവളുടെ അടുത്തണയും വരെ. അവർ ഒരുമിക്കുന്നു..സന്തോഷത്തിന്റെ കുറച്ചു ദിനങ്ങൾ.. വീണ്ടും വീണ്ടും ചന്ദ്രൻ കാത്തിരിക്കുന്നു. സൂര്യൻ വീണ്ടും വീണ്ടും അവളെ തേടുന്നു. എന്ത് വിചിത്രമായിരിക്കുന്നു! നിനക്ക് ആ മനോഹര മുഹൂർത്തം വേഗം ഉണ്ടാകട്ടെ . എന്റെയടുത്ത് അച്ചായൻ വന്നതുപോലെ നീയും ചന്ദ്രന്റെയടുത്ത് വേഗം ചെന്നു ചേരട്ടെ എന്ന് ഞാൻ ആശംസിക്കുന്നു… സൂര്യന് മംഗളവും നേർന്നിട്ട് സന്ധ്യയ്ക്ക് മുമ്പ് വീട്ടിൽ തിരിച്ചെത്താം. പിന്നെ ഉറങ്ങാം.
ശ്ശോ.. എന്തിനാ ഞാൻ ഉറങ്ങാം എന്ന് വെറുതേ പറയുന്നത് ! അച്ചായൻ കൂടെയുള്ളപ്പോൾ എങ്ങനെ ഉറങ്ങാനാണ് ! അങ്ങനെ ഉറങ്ങീട്ടുമില്ലല്ലോ !
എത്ര ദിവസം ഉണ്ടാകും അച്ചായൻ ഇവിടെ ? അവൾക്ക് അതറിയില്ല. എത്ര ദിവസം ഉണ്ടെങ്കിലും പോകാൻ നേരം വിഷമമാണ്. അതോർത്തപ്പോൾത്തന്നെ റേച്ചലിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
സാരമില്ല. ഇനിയും വരുമെല്ലോ.. ഞാനുള്ള കാലം വരെ. അതു മതി.
റേച്ചൽ കട്ടിലിൽനിന്ന് എഴുന്നേറ്റു. കുളിച്ച് കസവ് സാരിയുടുത്തു. കണ്ണെഴുതി. മുടിയിൽ കുളിപ്പിന്നലിട്ടു. കണ്ണാടിയിൽ ആകെയൊന്ന് നോക്കി. എന്നിട്ട് പൊട്ടുകുത്തി.
ത്രേസ്യേട്ടത്തി പ്രാതൽ തയ്യാറാക്കി മേശപ്പുറത്തു വെച്ചിരുന്നു. അവൾ വയറു നിറയെ കഴിച്ചു. എന്നിട്ട് സദ്യ തയ്യാറാക്കുന്ന ത്രേസ്യേട്ടത്തിയെ സഹായിക്കാനായി അടുക്കളയിൽ വട്ടംചുറ്റി നിന്നു.
ഞാൻ കറിക്ക് അരിഞ്ഞു തരട്ടേ ത്രേസ്യേട്ടത്തി ?
ഒറ്റനോട്ടത്തിൽ തന്നെ കിനാവുകൾ കണ്ടു നിൽക്കുകയാണ് റേച്ചലെന്ന് മനസ്സിലാക്കാൻ ത്രേസ്യേട്ടത്തിക്ക് പ്രയാസമുണ്ടായില്ല. പക്ഷേ ത്രേസ്യേട്ടത്തി കണ്ടിട്ടുള്ള റേച്ചലല്ല ഇത് . അവൾ ആരെയോ കാര്യമായി പ്രതീക്ഷിക്കുന്നുണ്ട് !
സഹായമൊന്നും വേണ്ട. എന്നിട്ട് വേണം വിരൽ മുറിയാൻ, ത്രേസ്യേട്ടത്തി അവളുടെ കൈയിൽനിന്നും പിച്ചാത്തി വാങ്ങി മാറ്റി വെച്ചു.
ആരാകും അച്ചായൻ ! റേച്ചലിന്റെ ഭാവം കണ്ടിട്ട് എനിക്ക് ഒരെത്തും പിടിയും കിട്ടുന്നില്ല, ത്രേസ്യേട്ടത്തി ചിന്തിച്ചു. ആരായാലും വേണ്ടിയില്ല ആ കൊച്ചിനെക്കാണാൻ ആരെങ്കിലുമൊക്കെയുണ്ടെല്ലോ ! അച്ചായനെ എന്തായാലും വരുമ്പോൾ കാണാം .
റേച്ചൽ അച്ചായനെ കാത്ത് ഉമ്മറത്തുള്ള ആട്ടുകട്ടിലിൽ ഉന്മേഷവതിയായി ഇരിക്കുകയാണ്. അവളുടെ ബംഗ്ലാവ് ഭൂമിയുടെ ഏറ്റവും ഉയർന്ന ഭാഗത്താണ് എന്ന് തോന്നിപ്പോകും. അവിടെ നിന്ന് നോക്കുമ്പോൾ ഈ ലോകം മുഴുവൻ കാണത്തക്കപോലെ! എങ്ങും തേയിലത്തോട്ടങ്ങൾ കൂനകൂട്ടിയിട്ടിരിക്കുന്നു. പെണ്ണുങ്ങൾ പിറകിൽ തൂക്കിയിട്ടിരിക്കുന്ന വലിയ ചാക്കിൽ പാകമായ തേയിലഇലകൾ നുള്ളിയിടുന്നു. താഴ്വാരങ്ങളിലായി കുറേ തേയില ഫാക്ടറികളും കാണാം. അതിലൊന്ന് റേച്ചലിന്റേതാണ്. ഫാക്ടറികളിൽനിന്നും രാവിലെതന്നെ പുക ഉയരുന്നുണ്ട്. ആ പുകയിൽനിന്നും അന്തരീക്ഷത്തിലേക്ക് ചായയുടെ ഗന്ധം അലിഞ്ഞുചേരുന്നു. പൈൻ മരങ്ങളാൽ സുന്ദരമാക്കപ്പെട്ട സ്വർഗ്ഗതുല്യമായ ഭൂമി. ചായയുടെ ഗന്ധമുള്ള ഭൂമി. ആകാശം തൊട്ടുനിൽക്കുമ്പോൾ മേഘങ്ങൾ തലോടിപ്പോകും ഭൂമി.
ഇനിയുള്ളകാലം ഭൂമിയിലെ ഈ സ്വർഗ്ഗത്തിൽ താമസിക്കാം എന്ന് തീരുമാനിച്ച് അവൾ നീലഗിരിയിൽ തേയിലത്തോട്ടവും ഫാക്ടറിയും ബംഗ്ലാവും വാങ്ങി താമസമാക്കിയതാണ്. അവളുടെ ബംഗ്ലാവിൽ അവളും ത്രേസ്യേട്ടത്തിയും ജോലിക്കാരൻ സന്തോഷും ഒരു സെക്യുരിറ്റിയും മാത്രമാണുള്ളത്.. അവൾ അവിടുത്തുകാരിയല്ല. അവളെക്കുറിച്ച് ഒന്നുംതന്നെ ആർക്കുമറിയില്ല. റേച്ചൽ ഒന്നും പറഞ്ഞിട്ടുമില്ല. ആദ്യമായിട്ടാണ് ഒരാൾ അവളെക്കാണാൻ ബംഗ്ലാവിലേക്ക് വരുന്നത്. റേച്ചലിന് പ്രായം അമ്പതുകഴിഞ്ഞു. അവൾ തിരക്കുള്ള ജീവിതം നയിക്കുന്ന സ്ത്രീയാണ്. അതുകൊണ്ടുതന്നെ ആരും അവളെ കാണാൻ വരാത്തതിൽ ത്രേസ്യേട്ടത്തിക്ക് വിഷമമുണ്ടായിരുന്നില്ല. ത്രേസ്യേട്ടത്തി ജോലിക്കാരിയായിരുന്നു എങ്കിലും അവൾക്ക് അമ്മയെപ്പോലെയായിരുന്നു. അവർക്ക് റേച്ചൽ മകളെപ്പോലെയും. അവർക്കിടയിൽ ആ ബന്ധത്തിന്റെ ഊഷ്മളത എന്നും ഉണ്ടായിരുന്നു.
ജോലിയെല്ലാം കഴിഞ്ഞ് ത്രേസ്യേട്ടത്തി റേച്ചലിന്റെയടുത്ത് വന്നു.
ഉച്ചയായി മോളേ.. അച്ചായനെ കാണുന്നില്ലല്ലോ ..
ത്രേസ്യേട്ടത്തിയുടെ പരിഭവം പറച്ചിൽ കേട്ടതായി അവൾ ഭാവിച്ചില്ല. അവൾ അവരുടെ മുഖത്ത് നോക്കിയില്ല. വീട്ടിലേക്കുള്ള വഴിയിയിൽ കണ്ണുംനട്ടിരിക്കുകയാണ്. റേച്ചൽ ഊണ് കഴിച്ചില്ല. അതുകൊണ്ട് ത്രേസ്യേട്ടത്തിയും കഴിച്ചില്ല. അവർ ചായയിട്ടു കുടിച്ചുകൊണ്ടിരുന്നു. അവർ റേച്ചലിനും ചായ കൊടുത്തുകൊണ്ടിരുന്നു. അതൊക്കെ മേശപ്പുറത്തു തൊടാതെ തന്നെയിരുന്നു. കുറച്ചു കഴിഞ്ഞ് ത്രേസ്യേട്ടത്തി അതൊക്കെ ചൂടാക്കിക്കുടിച്ചു.
ത്രേസ്യേട്ടത്തി ഇടയ്ക്കൊക്കെ ഓരോന്ന് ചോദിച്ചു. തേയില ഫാക്ടറിയെപ്പറ്റി, പണിക്കാരുടെ ശമ്പളത്തെപ്പറ്റി.. റേച്ചലിന്റെ വിഷമം അകറ്റാനായിരുന്നു ഓരോ ചോദ്യങ്ങളും. പക്ഷേ ഒന്നിനും ഉത്തരമുണ്ടായില്ല. റേച്ചൽ ശബ്ദിച്ചില്ല.
നേരം ഇരുട്ടിത്തുടങ്ങി..
വീടിന്റെ മുമ്പിൽ കിടന്നിരുന്ന അംബാസിഡർ കാറിലേക്ക് റേച്ചൽ സൂക്ഷിച്ചു നോക്കി.
ആരാ അത് ? റേച്ചൽ ചോദിച്ചു.
ഉറക്കം തൂങ്ങിയിരുന്ന ത്രേസ്യേട്ടത്തി ചാടി എഴുന്നേറ്റ് കാറിലേക്ക് നോക്കി. അവർ ആരേയും കണ്ടില്ല.
ആരുമില്ലല്ലോ മോളേ !
റേച്ചലിന്റെ മുഖം സന്തോഷത്താൽ പ്രകാശപൂരിതമായി… അച്ചായൻ… അവൾ പറഞ്ഞു.
അച്ചായൻ കാറിലിരിക്കുകയായിരുന്നോ ഇത്രയും നേരം ! ഞാൻ കാണാതെ മറഞ്ഞിരിക്കുകയായിരുന്നോ !
റേച്ചൽ ഓടിച്ചെന്നു കാർ തുറന്നു..
ത്രേസ്യേട്ടത്തീ… അച്ചായൻ.. എന്റെ അച്ചായൻ.. അവൾ അന്തരീക്ഷത്തെ കെട്ടിപ്പുണർന്നു. ത്രേസ്യേട്ടത്തിയുടെ ഉള്ളൊന്ന് കാളി. അവിടെ ആരുംതന്നെ ഉണ്ടായിരുന്നില്ല.
ത്രേസ്യേട്ടത്തി പരിഭ്രാന്തയായി. അവർ അകത്തേക്കോടി. ഫോണെടുത്ത് അടുത്തുള്ള ഡോക്ടറിനെ വിളിച്ചു. കാര്യങ്ങൾ വിശദീകരിച്ചു. വേഗം വീടുവരെ വരാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഉമ്മറത്തേക്കോടി. എന്റെ മോളേ… എന്ന് നിലവിളിച്ചു.
റേച്ചൽ അവിടെ വർത്തമാനം പറഞ്ഞും ചിരിച്ചും നിൽക്കുകയാണ്. എന്താ കുഞ്ഞിന് പറ്റിയത് എന്റെ ദൈവമേ ! ആരെങ്കിലും ഇത് കണ്ടുകൊണ്ടുവന്നാൽ.. ത്രേസ്യേട്ടത്തി അവളെ അകത്തുകയറ്റാനുള്ള മാർഗ്ഗം ആലോചിച്ചു..
അച്ചായനോട് അകത്തു കയറിയിരിക്കാൻ പറ മോളേ.. തണുപ്പ് കൂടുന്നു. ഞാൻ ചായ എടുക്കാം.. ത്രേസ്യേട്ടത്തി സാരിത്തുമ്പുകൊണ്ട് കണ്ണുതുടച്ചു.
റേച്ചൽ അതനുസരിച്ചു.
റേച്ചൽ അച്ചായനെ ആനയിച്ചു അകത്തേക്ക് കൊണ്ടുവന്നു. അവൾ നിർത്താതെ സംസാരിച്ചുകൊണ്ടിരുന്നു. റേച്ചലിനെ ഇങ്ങനെ കണ്ടിട്ട് ത്രേസ്യേട്ടത്തിക്ക് ഉൾഭയമുണ്ടായി. അവർ ചായയിട്ടുകൊണ്ടു വന്നു. രണ്ട് കപ്പിൽ !
പുറത്തു കോളിങ് ബെല്ലടിച്ചു. ത്രേസ്യേട്ടത്തി വാതിൽ തുറന്നു. പ്രതീക്ഷിച്ചതുപോലെ ഡോക്ടറാണ്. ഡോക്ടർ റേച്ചലിനോട് സംസാരിക്കാൻ ശ്രമിച്ചു. അവൾ ഡോക്ടറെ കണ്ടതായി നടിക്കുന്നില്ല. അയാളുടെ ചോദ്യങ്ങൾക്ക് ഉത്തരവുമില്ല. അച്ചായാ.. എന്ന് വിളിച്ചുകൊണ്ട് ശൂന്യതയിലേക്ക് നോക്കി നിർത്താതെയുള്ള സംസാരങ്ങൾ ! പൊട്ടിച്ചിരികൾ ! പരിഭവങ്ങൾ ! ഡോക്ടർ ഉറങ്ങാനുള്ള മരുന്ന് റേച്ചലിന്റെ ദേഹത്ത് കുത്തിവെച്ചു. അവളെ താങ്ങിപ്പിടിച്ചുകൊണ്ടുവന്ന് കട്ടിലിൽ കിടത്തി.
ലക്ഷണം കണ്ടിട്ട് അൽഷിമേഴ്‌സ് ആണെന്ന് തോന്നുന്നു. വിശദമായ പരിശോധന വേണം. എന്റെ ഒരു സുഹൃത്ത് ന്യൂറോളജിസ്റ്റ് ആണ്. പുള്ളി നല്ല മിടുക്കനായ ഡോക്ടറാണ്. നിങ്ങൾ നാളെത്തന്നെ അങ്ങോട്ട് പോകണം. ഞാൻ വിളിച്ചു പറഞ്ഞേക്കാം. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ചാൽ മതി. റേച്ചലിന്റെ സ്വന്തക്കാരെയൊക്കെ വിവരമറിയിച്ചോളൂ.
എന്താ ഡോക്ടറേ ഈ അസുഖം ?
ഓർമ്മ പോകുന്ന അസുഖമാ. ചേട്ടത്തിക്ക് ഇനി ഒറ്റയ്ക്ക് റേച്ചലിനെ നോക്കാൻ കഴിയില്ല. അവർ ഇനി ആരുപറഞ്ഞാലും കേൾക്കില്ല. ഡോക്ടർ ഇത് പറഞ്ഞുകൊണ്ട് പടിയിറങ്ങി.
ത്രേസ്യേട്ടത്തിയുടെ ചങ്കിന്റെ ഭാരം അവർക്ക് താങ്ങാൻ വയ്യാതെയായി. അവർ അലമുറയിട്ടു കരഞ്ഞു.
അവരുടെ മനസ്സുനിറയെ റേച്ചലിന്റെ ബന്ധുജനങ്ങളെക്കുറിച്ചുള്ള ചിന്തകളോടിവന്നു. ആരും കാണാതിരിക്കില്ല കുഞ്ഞിന്.
മനസ്സില്ലാ മനസ്സോടെ ത്രേസ്യേട്ടത്തി റേച്ചലിന്റെ മുറിയിൽ കയറി പരിശോധിച്ചു. ഫോൺ ബുക്കിൽ എഴുതിവെച്ചിരിക്കുന്ന നമ്പറുകളെല്ലാം നീലഗിരിയിലുള്ളവരുടേതുമാത്രം !
അവിടെയുള്ള അലമാരകൾ തുറന്നു. പഴയ കുറേ ചിത്രങ്ങൾ. കുഞ്ഞിന്റെ അപ്പനും അമ്മയും ബന്ധുക്കാരുമൊക്കെയായിരിക്കുമത്.. റേച്ചലിന്റെ ഡയറിക്കുറിപ്പുകൾ.. അതിൽ അച്ചായനെക്കുറിച്ചു മാത്രം. അച്ചായൻ എഴുതിയ എഴുത്തുകൾ.. ഒന്നിലും അച്ചായന്റെ പേരോ വിലാസമോ ഇല്ല. അതെല്ലാം കുത്തിവരച്ചു നശിപ്പിച്ചു കളഞ്ഞിരിക്കുന്നു. ആരും അച്ചായനെക്കുറിച്ച് ഒന്നും അറിയരുത് എന്നവൾ ആഗ്രഹിച്ചിരുന്നു എന്ന് ത്രേസ്യേട്ടത്തിക്ക് മനസ്സിലായി. അവർ ആ ഡയറി മടക്കി അലമാരയിൽ വെച്ചു. അലമാര നിറയെ മടക്കി വെച്ചിരിക്കുന്ന കൈലികളും ഷർട്ടുകളും അവർ കണ്ടു.. അവർ തല കുനിച്ചു. ആദരപൂർവ്വം ആ അലമാര അടച്ചു.
ഒന്നുമറിയാതെ ഉറങ്ങിക്കിടക്കുന്ന റേച്ചലിന്റെ അടുത്ത് അവർ ഇരുന്നു. നെറ്റിയിൽ കൈവെച്ചു. മുടിയിൽ മെല്ലെ തലോടി.
മോളുടെ മനസ്സിൽ അച്ചായനെ കണ്ടല്ലോ! മോൾ ഇന്ന് കുറേ സന്തോഷിച്ചല്ലോ ! ചിരിച്ചല്ലോ !
ആരും വേണ്ട.. എനിക്ക് ഒന്നും അറിയേണ്ട.. മോൾ ഉറങ്ങിക്കോ ഞാൻ കാവലിരിക്കാം. എന്നും…