ചിലർ ചോദിക്കും എങ്ങനെയിതെല്ലാം സിംപിൾ ആയി എടുക്കാൻ കഴിയുന്നു എന്ന്. ചിലർ കരുതും ഇതൊക്കെ എന്തിനാണ് ആളുകളോട് പറയുന്നത് എന്നും. എന്റെ നല്ല കാര്യങ്ങൾ മാത്രമേ മറ്റുള്ളവർ കാണാവു അറിയാവൂ എന്ന് നിർബന്ധബുദ്ധിയോടെ ജീവിക്കുന്ന ഒരാളല്ല ഞാൻ. നമ്മുടെ അനുഭവങ്ങളും ചിന്തകളും ഒരാൾക്കെങ്കിലും ഇൻസിപിരേഷനോ റഫറൻസോ ആയി അവർക്കൊരു പുതുനാമ്പു കിട്ടിയാലോ എന്നതാണ് എന്റേയീ കുറിപ്പുകൾക്കാധാരം.
ഞാനും ഉപ്പയും അപ്പുറത്തെയും ഇപ്പുറത്തെയും മുറികളിലാണ് കിടന്നിരുന്നത്. പാതിരാത്രിയിൽ വേദനയോടെ കിടക്കുന്ന ഒരുനാൾ ഉപ്പ എണീറ്റുവന്നു അരികിലിരുന്നു എന്റെ കാല് തടവിക്കൊണ്ടിരുന്നു. "നിന്റെ ഉമ്മയ്ക്ക് ശക്തമായ ഒരു തലവേദന ഉണ്ടായിരുന്നു. കണ്ണുകാണാൻ വയ്യാതായ ഒരു തലവേദന. അവളുടെ ചെറുപ്പത്തിലാണ്. അവസാനം അവളുടെ ഉപ്പ, അതായതു നിന്റെ ഗ്രാൻഡ് ഫാദർ ഏതോ വൈദ്യന്റെ അരികിൽ കൊണ്ടുപോയി. അയാൾ കണ്ണിൽ ഒരു ഓയിന്മെന്റ് പോലൊരു സാധനം എഴുതി കണ്ണ് കെട്ടിവെച്ചു. നിന്റെ ഉമ്മ കണ്ണെരിഞ്ഞു താഴെ വീണു. എല്ലാവരും പേടിച്ചു. പക്ഷേ വൈദ്യർക്കും ഉപ്പയ്ക്കും ഒരു കൂസലുമുണ്ടായില്ല. മൂന്നാമത്തെ ദിവസമാണ് കണ്ണ് അഴിച്ചത്. ആ അസുഖം നിന്റെ ഉമ്മായ്ക്ക് പിന്നീട് ജീവിതത്തിൽ ഉണ്ടായിട്ടില്ല."
"അതുകൊണ്ട്?"
"അതുകൊണ്ട് നല്ലൊരു ഡോക്ടറെ കണ്ടെത്തിയാൽ നിന്റെയീ അസുഖം മാറും."
എന്റെ ഉമ്മയുടെ ഫ്രണ്ടാണ് ഗീതാഞ്ജലി ടീച്ചർ. അവരാണെങ്കിൽ എനിക്ക് അസുഖമായ കാലംമുതൽ ഗുരുവായൂരപ്പനെയും മമ്മിയൂരപ്പനെയും ശ്രീ ഗണേശനെയും എന്നുവേണ്ട സർവ്വ ദൈവങ്ങൾക്കും പ്രാർത്ഥന നടത്തി ഞാൻ രക്ഷപ്പെടാൻ ഭജന ഇരിക്കുകയാണ്. ടീച്ചർ പറഞ്ഞു. 'റൂബി, നീ ഇന്റർനെറ്റിൽ ഒന്ന് തപ്പി നോക്ക്. നല്ല ഡോക്ടർമാരെ കിട്ടിയാലോ?
നമ്മുടെ ഫ്രണ്ട്‌സ് ഫേസ് ബുക്കിലും വാട്സ്ആപ്പിലും മെസ്സേജ് കൊടുത്തിട്ടുണ്ട്. ഇത്തരം രോഗങ്ങൾ ഓപ്പറേഷൻ ഇല്ലാതെ മാറ്റുന്ന അലോപ്പതി ഡോക്ടറോ ആയുർവേദ ഡോക്ടറോ ഉണ്ടെങ്കിൽ നമുക്ക് കിട്ടും. നിന്റെ ഓപ്പറേഷൻ ഡേറ്റ് നു സമയമുണ്ടല്ലോ. നമുക്ക് നോക്കാം'
പക്ഷേ ഒരു ട്രീറ്റ്മെന്റിനും എനിക്ക് വയ്യായിരുന്നു. അത്രയും വേദന
തിന്നുകഴിഞ്ഞു. ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പോകാനുള്ള നേരമായി എന്നെനിക്ക് മനസ്സിലായി. ഓപ്പറേഷനായാലും എന്തായാലും കാലിനു ഇനിയൊരു തിരിച്ചുപോക്കില്ല. ആ സത്യത്തെ ഉൾക്കൊണ്ടു ജീവിതം തള്ളിനീക്കിയെ പറ്റുള്ളൂ ആയുസ് ഒടുങ്ങുംവരെ. അങ്ങനെയെങ്കിൽ അങ്ങനെയാവട്ടെ. ആജീവനാന്തം വീൽചെയറിൽ ഇരിക്കാനുള്ള മനസ്സിനെ ഞാൻ പാകപ്പെടുത്തുകയായിരുന്നു.
ഒരു ദിവസം ഞാൻ ടീവിയിൽ ഒരു ഇന്റർവ്യു കാണുന്നു. ഒരു ഹിന്ദിനടന്റെ ഇന്റർവ്യുവാണ്. അയാളുടെ ചെറുപ്പകാലത്തു കാലിനു വളവും എല്ലുതേയ്മാനവും ബുദ്ധിമുട്ടും ഉണ്ടായിരുന്നെന്നും അയാൾക്കൊരിക്കലും നടക്കാനോ സ്പോർട്സിനോ പറ്റില്ലെന്നും ഡോക്ടർ വിധിയെഴുതിയെന്നും അയാൾക്കാണെങ്കിൽ നടനാവണമെന്നും വലിയ ഡാൻസർ ആവണമെന്നും ആഗ്രഹമുണ്ടായിരുന്നെന്നും ഇന്റർവ്യൂവിൽ അയാൾ പറയുന്നു! നടന്റെ നിശ്ചയദാർഢ്യത്തിനു പുറമെ നല്ലൊരു ഡോക്ടറുടെ ഹെല്പും കിട്ടുന്നു. ആ ഡോക്ടറും ന്യൂട്രിഷനും ചേർന്നാണ് അയാളെ ഇന്നത്തെ നടനും ഡാൻസറും ആക്കിയതെന്നും അയാൾ വിവരിച്ചു.
വളരെ ബാലിശമായി മറ്റുള്ളവർക്കു തോന്നാമെങ്കിലും ഞാൻ ആലോചിച്ച വഴി വ്യത്യസ്തമായിരുന്നു. ആ ഡോക്ടറുടെ നമ്പർ കിട്ടിയാൽ ഞാൻ രക്ഷപ്പെട്ടാലോ? പക്ഷേ അതിനായി ഈ നടന്റെ നമ്പർ വേണമല്ലോ. എളുപ്പമല്ല. ട്രൈ ചെയ്യാൻ തീരുമാനിച്ചു. ഏകദേശം ഒരു മാസത്തിനുള്ളിൽ എനിക്കിദ്ദേഹത്തിന്റെ നമ്പർ കിട്ടി. എന്നെ റഫർ ചെയ്ത ആൾ എന്റെ കാര്യങ്ങൾ അദ്ദേഹത്തോട് സൂചിപ്പിച്ചിരുന്നു. സംസാരിച്ച ഉടനെ അദ്ദേഹം എന്നോടു പറഞ്ഞത് 'സനാ... ആയിരകണക്കിന് ആളുകൾ പല ആവശ്യങ്ങൾക്കും എന്നെ സമീപിക്കാറുണ്ട്. പക്ഷേ സനയുടെ ആവശ്യം കേട്ടപ്പോൾ തീർച്ചയായും എനിക്ക് സംസാരിക്കാൻ തോന്നി. സന ഒട്ടും വറി ചെയ്യേണ്ട. സന ഇപ്പോൾതന്നെ ഹീൽ ആയിക്കഴിഞ്ഞു. കാരണം നിങ്ങൾ ആരോഗ്യത്തെ തേടുകയാണ്. തീർച്ചയായും അതു നിങ്ങളിലേക്ക് വരും"
ഇദ്ദേഹം എടുത്ത ചികിത്സകളെക്കുറിച്ചും രീതികളെക്കുറിച്ചും എന്നോടു വളരെ വിശദമായി പറഞ്ഞു. അദ്ദേഹത്തിന്റെ പല ചികിത്സകളും കേരളത്തിലായിരുന്നു എന്നത് എന്നെ അത്ഭുതപ്പെടുത്തി. പക്ഷേ പ്രത്യേകം പറയാനായി അദ്ദേഹത്തിന്റെ ഡോക്ടർ ഇപ്പോൾ ജീവിച്ചിരിപ്പില്ലായിരുന്നു. എങ്കിലും അദ്ദേഹത്തിൽനിന്നും കുറേ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു.
കുറച്ചു ദിവസങ്ങൾക്കുശേഷം എന്റെ ഫ്രണ്ട്‌സ് അയച്ച ഗ്രൂപ്പുകളിൽനിന്നും കുറേ ഡോക്ടർമാരുടെ പേര് കിട്ടി. മൂന്നുനാലിടത്തു ആവർത്തിച്ചുവന്ന ഒരു ഡോക്ടറുടെ പേരിൽ എന്റെ കണ്ണുകളുടക്കി.
Doctor A V Poulose, AVM Hospital, Irapuram, Perumbavoor, Ernamkulam.
ഇദ്ദേഹം ആയുർവേദ മർമ്മസ്പെഷ്യലിസ്റ്റ് ആണെന്നും ഒരുപാടുപേരുടെ അസുഖങ്ങൾക്ക് ശാശ്വതപരിഹാരമുണ്ടായിട്ടുണ്ടെന്നും മറ്റും ചെറിയ ഡിസ്ക്രിപ്ഷൻ അതിലുണ്ടായിരുന്നു.
ഈ പേര് എവിടെയോ കേട്ടു എന്നോരോർമ്മ. ഞാൻ ജിൻസിയെ കിട്ടാൻ മാലിദ്വീപിലേക്കു വിളിച്ചു.
"നീ അന്നുപറഞ്ഞ ഡോക്ടർ എവിടെയാണ്?"
"മിസ് ഒരുവട്ടം അവിടെയൊന്നു പോയി നോക്ക് "
"നോക്കാം. പേരെന്താ ആ ഡോക്ടറുടെ?"
"പൗലോസ് ഡോക്ടർ. ഐരാപുരം. ആയുർവേദമാണ്. റിട്ടയെർഡ് മെഡിക്കൽ ഓഫീസറാണ്. മർമ്മചികിത്സയാണ് സാറിന്റെ സ്പെഷ്യലൈസേഷൻ. സർ നു പറ്റുന്ന കേസ് ആണെങ്കിൽ സർ ഓക്കേ പറയും. ഇല്ലെങ്കിൽ സർ പറ്റില്ലെന്ന് പറയും. മിസ്സ് ഒരുവട്ടം പോയി നോക്ക് മിസ്സേ... ഒരുവട്ടം കണ്ടിട്ട് പറ്റിയില്ലെങ്കിൽ തിരികെ വാ.. എത്ര കാശ് മുടക്കി. ഒരുവട്ടം ഇതിനുംകൂടി ട്രൈ ചെയ്യൂ " ജിൻസി നിർബന്ധിക്കുന്നു.
ഗീത ടീച്ചർ പറയുന്നു. പപ്പാ പറയുന്നു. എന്നെ അറിയുന്ന പലരും പറയുന്നു. ഒരു വട്ടം വിളിച്ചുനോക്ക്.... ശരിയായില്ലെങ്കിൽ വേണ്ട. ഒരു വാക്കല്ലേ പോകൂ. ഒരു കാൾ അല്ലെ പോകൂ...
ഞാൻ റഫറൻസ് ചോദിച്ച നടൻ പറഞ്ഞ വാക്കുകൾ മനസ്സിലേക്ക് വന്നു. 'ചികിത്സയുടെ ഒരു ഭാഗം മർമ്മചികിത്സയായിരുന്നു'
മനസ്സില്ലാമനസ്സോടെ ഞാൻ ആ നമ്പർ ഡയൽ ചെയ്തു. രണ്ടുവട്ടം പൂർണ്ണമായി അടിച്ചു ഫോൺ നിന്നു. അനക്കമില്ല.
"വിളിച്ചാൽ കിട്ടുന്ന നമ്പർ ആണോ നിങ്ങൾ എനിക്ക് തന്നത്?"
ഞാൻ കൂട്ടുകാരോട് ദേഷ്യപ്പെട്ടു.
"അല്ലെങ്കിലും ചില ഡോക്ടർമാർ വിളിച്ചാൽ എടുക്കില്ല. കൊടുക്കുന്ന നമ്പർ ഫേക്ക് ആയിരിക്കും. I hate those Doctors! ഇനി വിളിക്കില്ല'
അടുത്ത നിമിഷം ആ നമ്പറിൽനിന്നും കാൾ തിരികെ വന്നു! ഞാൻ ഫോൺ എടുത്തു വളരെചുരുക്കി കാര്യങ്ങൾ പറഞ്ഞു.
"നിങ്ങൾ ഒരുവട്ടം എന്റെയടുത്തു വരുമോ? കണ്ടാലേ എനിക്കെന്തെങ്കിലും ചെയ്യാനാവുമോ എന്നറിയാൻ കഴിയൂ. ഉറപ്പ് ഞാൻ പറയുന്നില്ല. കണ്ടിട്ട് പരിശോധിച്ചിട്ടു പറയാം " ഡോക്ടർ പറഞ്ഞു.
ഞാൻ കുറച്ചുനേരം ആലോചിച്ചു. കുറേ ദൂരെയാണ് ആശുപത്രി. പോയിട്ട് പഴയ അവസ്ഥയാണെങ്കിൽ എന്താണ് പ്രയോജനം? എങ്കിലും മനസ്സ് പറഞ്ഞു. നീ പോകൂ.... പോയിട്ട് തീരുമാനിക്കൂ....
അങ്ങനെ 2019 ലെ ഓണം കഴിഞ്ഞു ഞാനും പപ്പയും AVM ആശുപത്രിയിലേക്ക് പോയി. അവിടെ പൗലോസ് ഡോക്ടർ മാത്രമല്ല അദ്ദേഹത്തിന്റെ ജൂനിയർ ആയ ആതിര ഡോക്ടറും വേറെ ഡോക്ടർമാരും ഉണ്ടായിരുന്നു. ഞാൻ പൗലോസ് സാറിന്റെയടുത്തു പറഞ്ഞു. "എനിക്ക് എണീറ്റു നടക്കാനാവില്ല എന്നാണ് മറ്റുള്ള ഡോക്ടർമാർ പറയുന്നത്. ഓപ്പറേഷൻ കഴിഞ്ഞാലും 50% ആണ് അതിനും ചാൻസ് ഉള്ളു. 1% എങ്കിലും ചാൻസ് രക്ഷപ്പെടാൻ സർ നോക്കിയിട്ട് കാണുന്നുണ്ടെങ്കിൽ എന്നെ രക്ഷപ്പെടുത്തണം. വീൽ ചെയറിൽ ആജീവനാന്തം ഇരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷേ വേറെ വഴികളില്ല എന്നെനിക്ക് ബോധ്യപ്പെടണം."
സർ ചിരിച്ചു. "നോക്കട്ടെ. ഇപ്പോൾ എല്ലാം ശരിയാക്കാം എന്നുപറയാൻ ഞാൻ ദൈവമല്ല. എനിക്ക് സമയം തരാൻ തയ്യാറാണോ?"
"അതെ. ഞാൻ തയ്യാറാണ്."
(തുടരും)