Image

കഥാസ്പർശം (രേഷ്മ ലെച്ചൂസ്)

Published on 05 January, 2024
കഥാസ്പർശം (രേഷ്മ ലെച്ചൂസ്)

ഓരോ കഥയും എഴുത്തുകാരന് ഭൂമിയിൽ ആദ്യമായി പിറന്നു വീഴുന്ന കുഞ്ഞിനെ പോലെയാണ്.. അതിനെ കുഞ്ഞിനെ നോക്കുന്നത് പോലെ വളർത്തി എടുത്തു വായനക്കാരനെ മുന്നിൽ എത്തിക്കും. വായനക്കാരന് ഹൃദ്യമായി കൊടുക്കുക എന്നതാണ് എഴുത്തുകാരന്റെ വിജയം. ഒരു വിഷയം ഒന്ന് തന്നെ ആണെങ്കിലും ഓരോരുത്തർക്കും ശൈലിയും ഭാഷയും വേറെ രൂപത്തിലും ഭാവത്തിലും ആണെന്ന് മാത്രം. കുഞ്ഞിന്റെ സ്പർശം പോലെ 13 കഥകളിൽ എവിടെയൊക്കെ നിഗൂഢത ഒളിഞ്ഞു കിടക്കുന്നതായി കാണാം. എന്താണാവോ കവി ഉദ്ദേശിക്കുന്നത് എന്നാവും ആലോചിക്കുന്നത്. ഒന്നുമില്ലന്നെ! ആ കവർ പേജ് കണ്ടപ്പോ എനിക്ക് മനസ്സിൽ വന്ന വട്ട്. ചിലത് നമ്മളെ വല്ലാതെ ആകർഷിക്കും. ആ കുഞ്ഞിനെ ചിത്രം കണ്ടപ്പോ മനസ്സിൽ തോന്നിയത് പറഞ്ഞു എന്ന് മാത്രം. ചില തോന്നലുകൾ ശരിയാകാം തെറ്റാകാം. എന്താണ് പറഞ്ഞു വരുന്നതെന്ന് ചോദിച്ചാൽ എനിക്കും അറിയില്ല .


നമ്മുക്ക് 13 കഥയിലേക്ക് കടന്നു ചെന്നു നോക്കിയാലോ.. 
കഥയിലെ അകത്താളിലേക്ക്....

അപ്പൂപ്പൻ താടി 

ആത്മസൗഹൃദത്തിന്റെ കഥയാണ്. അപ്പൂപ്പൻ താടി പോലെ പാറി നടക്കുന്ന രണ്ട് കൂട്ടുകാരുടെ കഥയാണ്. അറിയാതെ പറ്റിയ അബദ്ധത്തിന് കൂട്ടുകാരന്റെ വേദന കൊണ്ട് പുളയുന്ന മുഖം കണ്ടപ്പോൾ ഉറക്കാൻ പറ്റാതെ ഹരി. പിറ്റേന്ന് തന്നെ കൂട്ടുകാരനെ കാണാൻ പോകുന്നതും ചേച്ചിയോട് നടന്ന കാര്യം പറഞ്ഞിട്ടും ഒന്ന് അറിയാതെ പോലെ പെരുമാറി. അവന്റെ പേടി അകറ്റി. അറിയാതെ പറ്റിയ തെറ്റിന് അവൻ തന്നെ മാർഗം കണ്ടെത്തി. അവന്റെ വിട്ടിൽ പോയി കാണുക എന്നത്. ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്നാണ് പറയുന്നത്. ഈ കഥ വായിച്ചപ്പോൾ എന്റെ ബാല്യത്തിൽ ഇത് പോലെ കൂട്ടുകാർ ഉണ്ടായിരുന്നില്ല. അന്ന് ഒക്കെ കൂട്ടുകാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട് ..ദൈവത്തോട് പരാതിയും പറഞ്ഞിട്ടുണ്ട് അതൊക്കെ ഒരു കാലം. ഇന്ന് കൂട്ടുകാരെ കൊണ്ട് നിറഞ്ഞ ഇടമാണ്. അക്ഷരം കൊണ്ട് നേടി വന്നതും പഠിക്കുന്ന കാലത്ത് ഉള്ള സൗഹൃദവും.. ഇതൊക്കെ അപ്പൂപ്പൻ താടി പോലെ മനസ്സ് അങ്ങോട്ടേക്ക് കൂട്ടി കൊണ്ട് പോയി. അപ്പൂപ്പൻ താടി പോലെ മനസുമായി ... അടുത്ത കഥയിലേക്ക് പോയി വരാം 

അസ്തമയം

ഏകാന്തതയുടെ കൂട്ടുകാരൻ അസ്തമയ സൂര്യനാണെന്ന് കേട്ടിട്ടുണ്ട്. എനിക്ക് അറിയില്ല ട്ടാ. ഏകാന്തത കൂട്ട് ഉണ്ടായിട്ടും കടലിൽ താഴ്ന്നു പോകുന്ന അസ്തമയം കണ്ടിട്ടേ ഇല്ല ഇത് വരെയും.. അസ്തമയം നാളേക്ക് ഉള്ള പുത്തൻ പ്രതീക്ഷയും കൊണ്ടാണ് കടന്ന് പോകുന്നത്. കുഞ്ഞു കഥയിൽ വലിയ അർത്ഥ തലങ്ങൾ ഒളിഞ്ഞു കിടക്കുന്നുണ്ട്. സൂക്ഷിച്ചു നോക്കിയാൽ കാണാം. ചില മനുഷ്യരെ പോലെ. എല്ലാം കൊണ്ടും തളർന്നു പോകുമ്പോഴും ഓരോ ദിനവും സൂര്യൻ അസ്തമിച്ചു പോകുമ്പോഴും ഇന്ന് അല്ലെങ്കിൽ നാളെ ശരിയാകും എന്നൊരു പ്രതിക്ഷ കൊണ്ട് ജീവിക്കുന്നവരുണ്ട്. അസ്തമയം ജീവിതത്തിന്റെ തിരിച്ചറിവിന്റെ പാത കൂടിയാണ് ...

താലോലം

അമ്മ സ്നേഹത്തിന്റെ കഥയാണ്. ആർക്കും പിടി കൊടുക്കാത്ത ജീവിതത്തിന്റെ കഥയാണ്.. ജന്മം കൊണ്ട് അല്ലാതെ കർമ്മം കൊണ്ട് അമ്മ ആയവളുടെ കഥയാണ്. ആത്മബന്ധത്തിന്റെയും സ്നേഹ ബന്ധത്തിന്റെയും കഥയാണ്. അമ്മയുടെ കഥയാണ്.. എല്ലാം ജീവിതം ചേർത്ത് കൂട്ടി വായിക്കുമ്പോൾ അമ്മമാരുടെ കഥയാണ്. സ്‌നേഹിച്ചു കൊതി തീരാത്ത, താലോലിക്കാൻ കൊതിക്കുന്ന അമ്മ മനസ്സിന്റെ കഥ കൂടിയാണ്. കഥയിൽ അമ്മ മനസ്സിന്റെ തേങ്ങൽ അലയടിക്കുന്നതായി എന്റെ കാതിൽ കേൾക്കാൻ സാധിക്കുന്നുണ്ട്.അമ്മ
പ്രപഞ്ച പോരാളി..

റിക്ഷവാലാ 

ഈ കഥ വായിച്ചപ്പോൾ പി കേശവ ദേവിന്റെ ഓടയിൽ നിന്ന് എന്ന നോവലിലേക്ക് കൂട്ടി കൊണ്ട് പോയി.ഞാൻ വായിച്ചു അറിഞ്ഞത് അല്ല കണ്ടു അറിഞ്ഞതാണ് സിനിമയിലൂടെ. അതിനു ശേഷമാണ് ഈ നോവൽ വായിക്കുന്നത് തന്നെ. കഥയും സിനിമയും തമ്മിൽ അന്തരമുണ്ട്. എന്നറിയാം. ജീവിതത്തിന്റെ നേർ രേഖ രണ്ട് രീതിയിലാണ് തുറന്ന് കാണിക്കുന്നത്. എന്നിരുന്നാലും ഓടയിൽ നിന്ന് പപ്പുവിനെ ഓർമ്മ വന്നു. ചില കഥകൾ വായിക്കുമ്പോൾ അങ്ങനെയാണ് എങ്ങോട്ടൊക്കെയോ കൂട്ടി കൊണ്ട് പോകും. അത്രക്കും ഹൃദ യ സ്പർശി യായ കഥയാണ്. ഓരോ വരിയിലും കഥാപാത്രം നമ്മുടെ മുന്നിൽ വന്നു നിൽക്കുന്ന ഫീൽ ആയിരുന്നു. ഒരു ചലച്ചിത്രം കാണുന്നത് പോലെ.. വാക്കുകൾ കൊണ്ട് അതീതമാണ്..
എഴുതാനും പറയാനും....

ചെരുപ്പ്

ഇന്ന് കാലം വല്ലാതെ മാറിയിരിക്കുന്നു. കാലിൽ ഇടുന്ന ചെരുപ്പ് നോക്കി ആണെത്ര സ്റ്റാറ്റസ് അറിയുന്നത് പോലും. ചെരുപ്പുകൾക്കും കഥയുണ്ട്. ഓരോ മന്വഷ്യന്റെയും ജീവിത കഥ. ഓടിയും ചാടിയും എല്ലാം കുടുംബത്തിന് വേണ്ടി ഉണ്ടാക്കി കൊടുത്തിയിട്ട് അവസാനം ഒന്നും ഇല്ലാതെ ആയ പോയവന്റെ കഥ. ജീവിതത്തെ കര പറ്റിക്കാൻ ആയി തേഞ്ഞു പോയ മനുഷ്യരുടെ കഥ." ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര" എന്ന കടംങ്കഥ യുടെ ഉത്തരം ചെരുപ്പാണ്. നമ്മുടെ കാലിന്റെ സംരക്ഷണം ഏറ്റു എടുക്കുമ്പോഴും മനുഷ്യരുടെ ജീവിത പ്രാപ്തമായിരിക്കും. അവരൊക്കെ സ്വയം ജീവിക്കാൻ മറന്ന് പോയവർ ആയിരിക്കും. എന്റെ അമ്മ ചെരുപ്പ് തേഞ്ഞു തേഞ്ഞു പൊട്ടി കഴിയുമ്പോൾ ആയിരിക്കും വാങ്ങി ഇടുക. അതും വില കുറഞ്ഞത് നോക്കി. ചോദിച്ചപ്പോൾ ചിരിച്ചോണ്ട് ഒരു മറുപടി ബാക്കി പൈസ ഉണ്ടെങ്കിൽ നമ്മുക്ക് വീട്ടിലേക്കുള്ള സാധനം വാങ്ങാമല്ലോ എന്ന്. ഇപ്പോഴും ഓട്ടത്തിലാണ് മക്കൾക്ക് വേണ്ടി... അമ്മ ഉള്ള കാലം എത്ര മനോഹരമാണ് അപ്രതീക്ഷമായി ശരിക്കും ഞാൻ വീണു പോയപ്പോൾ ആണ് അമ്മയാണ് എന്റെ ഉയർത്തി കൊണ്ട് വന്നത്. ശോ വിഷയം മാറി പോയല്ലോ.. ചിലപ്പോ അങ്ങനെ യാ വാ തുറന്നാൽ നിർത്താൻ തോന്നില്ല. സംസാരിച്ചു കൊണ്ടിരിക്കും അന്തവും കുന്തവുമില്ലാതെ..

കബാലി

അപ്രതീക്ഷമായി ചിലർ കടന്നു വരും. തിരിച്ചറിവിന്റെ പാഠങ്ങൾ പറഞ്ഞു തരാൻ. ആ അറിവുകൾ പകർന്നു കടന്നു പോകുമ്പോഴും മായ ജാലം പോലെ മാഞ്ഞു പോകുകയും ചെയ്യും. കബാലി എന്ന ആ കുട്ടി നല്ല പാഠങ്ങൾ പകർന്നു നൽകി അവന്റെ തമാസ സ്ഥലത്തേക്ക് പോകുമ്പോൾ ജീവിതം അവനു അത്മ വിശ്വാസത്തോടെ മുന്നോട്ട് നയിക്കാൻ ഉള്ള ആവേശമാണ്. കബാലി പോലെ കുഞ്ഞു മിടുക്കാ നീ.. പൊളിയാ. പല തിരിച്ചറിവ് നൽകി ആ മനുഷ്യനിൽ ചുറ്റുമുള്ള വിശപ്പിന്റെ മുഖം ഉള്ള മനുഷ്യന്റെ അവസ്ഥ മനസ്സിലായത് തന്നെ. എന്റെ ജീവിത അനുഭവത്തിൽ പഠിച്ച പാഠമുണ്ട്. നമ്മുടെ സാഹചര്യം ഒരാളോട് പറയുമ്പോൾ കേൾക്കുന്നവർക്ക് തമാശ ആയിരിക്കും. അവർക്കും ആ അനുഭവത്തോടെ കടന്നു പോയല്ലേ ആ വേദനയുടെ ആഴം തിരിച്ചറിയാൻ കഴിയു.. അതാണ് യാഥാർഥ്യം. പണം കൊണ്ട് ആരെയും അളക്കരുത് ദാരിദ്ര്യം ഉള്ളവന്റെ ഉള്ളിലും ഓരോ സാഹചര്യം അറിഞ്ഞു പ്രവർത്തിക്കാൻ ഉള്ള കഴിവുണ്ട്. പണത്തെക്കാൾ മൂല്യമുണ്ട് ചില മനുഷ്യരുടെ കടന്നു വരവിൽ കിട്ടുന്ന ഓരോ അറിവിന്‌...

ബേബി വർഗീസ് ഇംഗ്ലണ്ടിലാണ് 

ആധുനിക ലോകത്തിലെ കപടത നിറഞ്ഞ മുഖം അറിഞ്ഞു വരുമ്പോഴേക്കും എല്ലാം വൈകി പോയിട്ടുണ്ടാകും. വിദേശ രാജ്യത്തു ആണ് എന്റെ മോൻ, മോൾ പഠിക്കുന്നത് എന്ന് പറയുമ്പോൾ മാതാപിതാക്കൾക്ക് നൂറു നാവ് ആയിരിക്കും. എത്ര ലക്ഷങ്ങൾ മുടക്കി അവിടെ എത്തുമ്പോൾ അവിടുത്തെ മായ ലോകമാണ് അവിടെ തുറന്നു വരുന്നത്. അതിൽ പെട്ടാൽ പിന്നെ തിരിച്ചു വരാൻ തന്നെ പാടായിരിക്കും. ആരുമില്ലാതെ മാനസികമായും ശാരീരികമായും ബുദ്ധിമുട്ട് ഉണ്ടാകും. അത് ആരോടും പറയാൻ ആവാതെ ആത്മഹത്യ ചെയ്ത വാർത്തകൾ നമ്മെ വല്ലാതെ ഭയപ്പെടുത്തുന്നു. വിദേശ രാജ്യത്ത് ഉള്ള പഠനം ജോലി എന്ന് പറയുമ്പോൾ വല്യ സംഭവം ആണെന്ന് ചിലർക്ക് തോന്നമെങ്കിലും നമ്മുടെ നാട്ടിൽ ചെയ്യുന്ന വീട്ടു വേല, ഹോട്ടൽ പണികൾ ഒക്കെ ആയിരിക്കും. വിശപ്പ് അകറ്റാൻ പോലും അവർക്ക് കഴിഞ്ഞു എന്ന് വരില്ല. ഇന്ന് ഈ ലോകം മുഴുവൻ മായ ലോകമാണ്. ആ മായ ലോകം സൂപ്പർ ആണെന്ന് തോന്നും. പുകെ പുകെ തിരിച്ചു വരാൻ കഴിയാത്ത കയത്തിലേക്ക് ആയിരിക്കും മുങ്ങി പോകുക. തിരിച്ചു കര കയറി വരാൻ പറ്റി എന്ന് വരില്ല. ഓർത്താൽ നന്ന്.

പുഴയോരത്ത് 

പുഴ ശാന്തമായ ഒഴുകി കൊണ്ടിരിക്കുകയാണ്. അവന്റെ ഉള്ളിൽ ക്രൂരനായ ഒരുവന്റെ ഭാവം ഒളിഞ്ഞിരിക്കുന്നുണ്ട്.ആർക്കും അത്ര പെട്ടെന്ന് ഒന്നും പിടി കിട്ടാത്ത ഭാവം.ഒരു അമ്മയുടെ തീരാത്ത വേദനയുടെ കഥയാണ്. ഇളയ പുത്രൻ എങ്ങനെയാണ് ചീത്ത കൂട്ട് കെട്ടിൽ പെട്ടു എന്ന് അറിയില്ല. ഒരു ശ്രമം എന്ന വണ്ണം മകനോട് സംസാരിക്കാൻ ശ്രമിക്കുന്ന ആ അമ്മയുടെ കാതിലേക്കാണ് മൂത്ത മകന്റെയും മരുമോളുടെയും മരണത്തെ അറിയുന്നത്. കുഞ്ഞിനെ പോലും കൊല്ലാൻ ശ്രമിക്കുന്ന മകനെ വിധി അമ്മ നടപ്പിൽ വരുത്തി. ചെയ്തത് തെറ്റ് തന്നെ ആണെങ്കിലും നീതി ന്യയ കോടതിയിൽ അമ്മ ചെയ്തത് തന്നെയാണ് ശരി.

മണിയമ്മ

ചിലപ്പോൾ ഒക്കെ സ്വാർത്ഥത കൊണ്ട് നഷ്‌ടപ്പെടുത്തുന്നവർ നമ്മുടെ ചുറ്റിലുമുണ്ട്. സ്നേഹം ഒരു വീർപ്പു മുട്ടൽ പോലെയാണല്ലോ ? ആത്മാർത്ഥത നിറഞ്ഞ സ്നേഹകൊണ്ട് അവരെ നമ്മുടെ സ്വന്തം എന്ന് പറഞ്ഞു കരുതുമ്പോൾ അവർ തന്നെയാവും ഏറ്റവും കൂടുതൽ വേദനിപ്പിക്കുക. ആ വേദന പറഞ്ഞു അറിയിക്കാൻ കഴിയില്ല. മണിയമ്മ എന്ന കഥ മനസ്സിൽ ഒരു ചിന്തനം നടത്തി. മനുഷ്യന് ഇങ്ങനെ ഒക്കെ മാറാൻ പറ്റുവോ? ആ കുടുംബം ഒരു വീട്ടിലെ അംഗത്തെ പോലെ കണ്ടിട്ട് ആ കുടുബത്തെ തന്നെ ചതിക്കുക എന്ന് പറഞ്ഞാൽ? ആർക്കും സംശയം തോന്നാതെ രീതിയിൽ. ആ വിശ്വാസത്തെ മുതലെടുപ്പ് നടത്തിയിട്ടുണ്ട്. കാലം കൊടുത്തിരിക്കുന്നു ശിക്ഷ. എന്നാലും, അമ്മയുടെ ചിറകിനെ വെട്ടി മാറ്റി ഇല്ലേ? എന്നാലും, പറഞ്ഞിട്ട് എന്ത് കാര്യം? മനുഷ്യ മനസ്സിനെ അത്ര പെട്ടെന്ന് ആർക്കാ പിടി കിട്ടുക അല്ലെ?.

വഴി വെളിച്ചങ്ങൾ

വെളിച്ചങ്ങൾ നമ്മുക്ക് ജീവിതത്തിലെ വഴി കാട്ടിയാണ്. അത് ചിലപ്പോ പല രൂപത്തിലും ഭാവത്തിലുമാണ്. പലർക്കും പല രീതിയിൽ ആകും കിട്ടുക. വായനയാണ് എന്റെ ജീവിതത്തിൽ നിന്ന് കര കയറ്റിയത്. ചില കണ്ടു മുട്ടലുകൾ, ചില പുസ്തകങ്ങൾ എല്ലാം തേടി കൊണ്ടിരിക്കുന്ന ചോദ്യത്തിന്റെ ഉത്തരമാണ്. ലക്ഷ്യം വച്ചു യാത്ര ചെയ്യണം അടഞ്ഞു പോയ വഴികൾ തനിയെ തുറന്ന് വന്നു കൊണ്ടിരിക്കും. ദുർഘടമായ വഴികളിൽ ചില വെളിച്ചങ്ങൾ നമ്മുക്ക് വേണ്ടി ഉണ്ടാകും. അത് ഒന്ന് കണ്ടെത്തിയാൽ മാത്രം മതി. ഏകാന്തത യിൽ വായന വല്ലാത്ത അനുഭവമാണ്. മനസിനും കൂടിയിരിക്കുന്ന പല ചോദ്യങ്ങളുടെ ഉത്തരം അതിൽ തന്നെ ഉണ്ടാകും. ആ വെളിച്ചത്തെ നമ്മൾ തന്നെ കണ്ടെത്താൻ ശ്രമിക്കണം. അത് നമ്മുക്ക് മാത്രം ദൈവം കരുതി വച്ച വെളിച്ചമാണ്. അത് അണിയാതെ കാത്തു രക്ഷിക്കുക.

മഴ നാരുകൾ

മഴ ഇപ്പൊ പിടി കിട്ടാത്ത ഭാവത്തിലാണ്. മഴയുടെ കൂടെ വരുന്ന അതിഥികൾ നമ്മെ ഒന്ന് പേടിപ്പെടുത്തും. അതിഥി എന്ന് പറഞ്ഞാൽ ഇടി വെട്ട്. അത് കഴിഞ്ഞാൽ നമ്മുക്ക് ആശ്വാസമാണ്. അത് പോലെ തന്നെയാണ് ജീവിതവും. മഴയും ജീവിതവും തമ്മിൽ നല്ല ബന്ധമുണ്ട്. മഴ പെയ്യുമ്പോൾ ആ ഓർമ്മകൾ മഴ തുള്ളികൾ പോലെ മനസ്സിലേക്ക് ഓടി വന്നു കൊണ്ടിരിക്കും. ജീവിതത്തിൽ പകച്ചു പോയാൽ പിടി വിട്ടു പോയാൽ ഒന്നിൽ അങ്ങ് തീരുമാനിക്കും ഒരു മുഴം കയറിൽ. ബാക്കി ഉള്ള ജീവന്റെ കാര്യം ആരും ഓർക്കില്ല എന്നത് തന്നെ.കഥ അല്ല മറിച്ചു എന്റെ ജീവിതത്തിൽ നടന്ന സംഭവങ്ങൾ അരങ്ങേറി കൊണ്ടിരുന്നു. ആ ഓർമ്മയിലേക്ക്..
ഞാൻ പ്ലസ് വണിൽ പഠിക്കുന്ന സമയം അച്ഛന്റെ കുടുംബത്തെ സ്നേഹിച്ചു. ആ സ്നേഹിച്ചവർ കൂടപിറപ്പുകൾ തന്നെ അച്ഛനെ വീഴ്ത്തി. ആ വേദന താങ്ങാവുന്നതിൽ അപ്പുറം ആയപ്പോ അച്ഛൻ മരിക്കാൻ തീരുമാനിച്ചു. അമ്മ കണ്ടത് കൊണ്ട് രക്ഷപ്പെട്ടു അല്ലെങ്കിൽ.. എന്താകുമായിരുന്നു എന്ന് ചോദിച്ചാൽ അറിയില്ല. ആ രാത്രി ഉറങ്ങാതെ പിറ്റേന്ന് ആ സ്വന്തം വീട് വിട്ട് വാടക വീട്ടിലേക്ക് മാറി. അച്ഛന്റെ തളർത്തിയ വരുടെ മുന്നിൽ മക്കൾ ജയിച്ചു കാണിച്ചു കൊടുത്തു. കഥകൾ ഏറെയുണ്ട് പറയാൻ അതൊക്കെ ജീവിതത്തിൽ മുന്നേറാൻ ഉള്ള പാതകൾ തന്നെയാണ് അവർക്കും പുത്തൻ ജീവിതമാണ് മുന്നിൽ തുറന്നു കിടക്കുന്നത്. ദൈവത്തിന്റെ കരങ്ങൾ നമ്മുടെ ചുറ്റും വലം വയ്ക്കുന്നുണ്ടാകും. ആരും ഇല്ലാത്തവർക്ക് ദൈവം തുണ.

അമ്പലം, മുറ്റം, കുളം

പ്രവാസി യുടെ ജീവിതം ഇങ്ങനെ ഒക്കെ തന്നെയാണ്. നാട്ടിൻ പുറത്തെ ഓർമ്മകളും കൊണ്ട് പിന്നെയും പിന്നെയും ജീവിക്കാൻ പ്രേരിപ്പിക്കുന്ന ശക്തി തന്നെയാണ്. മുത്തശ്ശി കഥകളും പഴയ കാലത്തിന്റെ ഓർമ്മകളും പറയുന്നത് കേൾക്കാൻ എന്തര് രസാ. എനിക്ക് ഇഷ്ടം ആയിരുന്നു. അന്നത്തെ കാലത്തു ഇങ്ങനെ പാടില്ല അങ്ങനെ പാടില്ല എന്നൊക്കെ ഈണത്തിൽ പറയുമ്പോൾ കെട്ടിരിക്കാൻ ഒരു ഇമ്പമാണ്. കാലം ഇല കൊഴിയുന്നത് പോലെ പോയി കൊണ്ടിരിക്കും. നമ്മുടെ ഏകാന്തത യിൽ കൂട്ട് എന്നെന്നും വീര്യം കൂടി വരുന്ന ഓർമ്മകൾ തന്നെയാണ്.
ആ ഓർമ്മകൾക്ക് എന്താണെന്ന് ഇല്ലാത്ത മനസ്സിൽ അറിയാതെ വരുന്ന ആനന്ദമാണ്....

ഇരുളിൽ മറയുന്നവർ

ഈ കഥ വായിച്ചപ്പോൾ സെക്കന്റ്‌ ഷോ ഫിലിം ഓർമ്മയിൽ അലയടിച്ചു കൊണ്ടിരുന്നു. അത് പോലെ ആയിരിക്കുമോ എന്ന് വിചാരിച്ചു. പക്ഷെ, കഥ വേറെ തലത്തിലേക്ക് കൊണ്ട് പോയി. ജീവിതം എണ്ണപ്പെട്ടു എന്ന് അറിയുമ്പോൾ ആത്മഹത്യയിൽ തീർക്കുന്ന ചിലരുണ്ട്. അതിൽ നിന്ന് പിന്തിരിഞ്ഞു വന്നാൽ മതിയായിരുന്നു എന്ന് ആശിക്കുന്നു. അയാളുടെ ഭാര്യ, മകൻ അവരുടെ മാനസിക അവസ്ഥ അതൊക്കെയാണ്‌ എന്റെ കടന്നു വന്നു കൊണ്ടിരുന്നത്. എന്നാലും എഴുത്തുക്കാരാ വായനക്കാരന്റെ ഇഷ്‌ടത്തിനു വിട്ടു കൊടുത്തു. കഥ അവസാനിച്ചു എന്ന് അവസാന വരിയും എന്നോട് പറഞ്ഞപ്പോഴും നൂറായിരം ചോദ്യത്തിന് ഉത്തരം ഞാൻ തന്നെ കണ്ടെത്തി കൊടുത്തു സമാധാനപ്പെടുത്തി. അയാൾ തിരികെ വരുമായിരിക്കും അല്ലെ????

13 കഥകളിൽ ഞാൻ അറിയുക ആയിരുന്നു നമ്മൾ അറിയാത്ത പല കഥയുടെ ഉള്ളിൽ ആർക്കും പിടി കിട്ടാത്ത ഒന്നുണ്ട്. അത് മനുഷ്യ മനസ്സാണ്. അത് പിടി കൊടുക്കാതെ തുടർന്ന് കൊണ്ടിരിക്കുന്നു....
കാലം ഭാവം മാറ്റിയും കോലവും മാറ്റിയും..
അങ്ങനെയാണ് കഥ തുടരുകയാണ്...

 

Join WhatsApp News
സുനന്ദ 2024-01-05 15:59:00
സൂപ്പർ റിവ്യൂ.. സ്നേഹം ലെച്ചു വായനക്കും വിവരണത്തിനും സ്നേഹം 👍😍
Vijayan 2024-01-05 16:45:55
പുസ്തകം എഴുതിയ ആളിന്റെ പേര് എഴുതിയതായി കാണുന്നില്ല. അല്ലെങ്കിലും ആര് എഴുതിയാലെന്താ എന്ത് എഴുതി അതല്ലേ നിരൂപണം ചെയ്യേണ്ടത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക