നൻപകൽ നേരത്തൊരു മയക്കം പോലെ ഒരു വർഷം!
ഇനി ഒരിക്കലും അനുഭവിക്കാനിട വരല്ലേ എന്ന പ്രാർത്ഥനയോടെ അതിനെ പടിയിറക്കിയെങ്കിലും ഉള്ളിലാളുന്ന തീ ഇനിയെന്നെങ്കിലും കെടുമോ എന്ന് പോലും അറിയാത്തത് കൊണ്ട് ഇത്തവണ ഔപചാരിക, പാരമ്പര്യ പുതുവർഷാശംസകൾ എന്നിൽ നിന്നുണ്ടായില്ല. ചിലരെങ്കിലും എന്ത് പറ്റി എന്നും, എന്തെങ്കിലും പ്രശ്നമുണ്ടോ എന്നും ചോദിച്ചപ്പോൾ കഴിഞ്ഞതൊക്കെ ഓർത്തുപോയി !
ജീവിതമെന്നത് എത്രമേൽ കഠിനവും കയ്പ് നിറഞ്ഞതുമാണെന്നും, അത് നമ്മൾ വിചാരിക്കുന്നതിനും സങ്കല്പിക്കുന്നതിനുമപ്പുറം എതിർ വഴിയിലൂടെ നടക്കുന്ന ഒന്നാണെന്നുമുള്ള തിരിച്ചറിവ് വലിയ ഒരു പാഠം തന്നെയാണ്.
2023 ജനുവരി ഒന്നിന് പുതുവർഷ ആശംസ നേരാനായി അമ്മയെ വിളിച്ചപ്പോൾ, വിശേഷങ്ങൾ പറയുന്നതിനിടയിൽ രോഗവിവരങ്ങൾ ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കാൽവിരലിന്റെ അസ്വാഭാവിക നിറമാറ്റത്തെക്കുറിച്ച് എന്നോട് സൂചിപ്പിക്കുന്നത്. പേടിക്കാനൊന്നുമുണ്ടാവില്ല എന്ന് സമാധാനിപ്പിച്ചൊഴിഞ്ഞെങ്കിലും മനസ്സിൽ ഭീതി നിറഞ്ഞു. ഡയബറ്റിക്ക് എന്ന വില്ലൻ ശരീരത്തിൽ പിടിമുറുക്കി ചുറ്റിവരിഞ്ഞ് ഞെരിച്ചു കളഞ്ഞ അമ്മയുടെ കാലുകളിലെ ഓരോ നിറമാറ്റവും ശ്രദ്ധിക്കേണ്ടതാണെന്ന് ഡോക്ടർ അന്നേ പറഞ്ഞിരുന്നു.
അടുത്ത ദിവസം തന്നെ കൊങ്ക് നാട് ആശുപത്രിയിൽ ചെക്കപ്പിന് പോയപ്പോൾ ചെറിയൊരു സർജറി വേണ്ടിവരുമെന്ന് സെന്തിൽ ഡോക്ടർ നിർദ്ദേശിച്ചു. കൂടെനിൽക്കാനും ശുശ്രൂഷിക്കാനും ആരുണ്ട് എന്ന ചോദ്യത്തിന് ഞാനുണ്ട് എന്ന് ഉറപ്പിച്ചു പറയാൻ എനിക്ക് ഏറെയൊന്നും ആലോചിക്കേണ്ടിയിരുന്നില്ല. വഴിയെ പോവുന്ന എല്ലാവരുടെയും പ്രശ്നങ്ങൾ തലയിലേറ്റുന്ന എന്റെ ജീൻ അമ്മയിൽ നിന്ന് പകർന്നതാണെന്ന് പരാതി പറയുന്ന ഞാൻ അമ്മയ്ക്കൊപ്പം നിൽക്കാതെങ്ങിനെ ?
മമ്മിയെ തത്കാലം ഇളയച്ഛനെ ഏല്പിച്ച് മറ്റൊന്നുമാലോചിക്കാതെ
അടുത്ത ദിവസം തന്നെ കോയമ്പത്തൂരിലെത്തി.
കൊങ്ക്നാട് ഹോസ്പിറ്റലിലെ മരുന്ന് മണക്കുന്ന ഇടുങ്ങിയ വരാന്തകളിലായിരുന്നു പുതുവർഷത്തിന്റെ ആദ്യ ആഴ്ച .
ജനനവും മരണവും കൈകോർത്ത് പിടിച്ച് നടക്കുന്നതിന് നിശബ്ദ സാക്ഷിയായി.
ആരുടെയൊക്കെയോ നഷ്ടങ്ങൾക്കും പൊട്ടിക്കരച്ചിലുകൾക്കുമെന്നപോലെ പ്രസവമുറിക്ക് പുറത്തുള്ള ഉത്കണ്ഠക്കും, ആൺകുഞ്ഞിനെ മാത്രം തേടി ദൈവത്തിന് നേർ പായുന്ന പ്രാർത്ഥനകൾക്കും പെൺകുളന്തകളുടെ അമ്മമാരുടെ കുറ്റബോധം നിറഞ്ഞ പാതി മന്ദഹാസത്തിനുമിടയിലൂടെ ഞാൻ അമ്മയുടെ വീൽച്ചെയറുന്തി നടന്നു.
എല്ലാ ഭാഷയിലെയും ആശ്വാസവാക്കുകൾക്ക് ഒരേ ശബ്ദവും ഭാവവുമാണെന്ന് തിരിച്ചറിഞ്ഞു. എല്ലാം ശരിയാവുമെന്ന ആശ്വാസകൺപാച്ചലുൾ പരസ്പര മെറിഞ്ഞ് ഞങ്ങൾ ബൈസ്റ്റാൻഡറു കാർ ആശുപത്രി കാന്റീനിലെ കാപ്പിയും വടയും തിന്ന് സൗഹൃദമൊരുക്കി. ഡിസ്ചാർജ് എപ്പോഴായിരിക്കും എന്ന് ചർച്ച ചെയ്തു. അസുഖം കുറവുണ്ട് എന്ന് സമാധാനിച്ചു.
എന്റെ കാപ്പിഫ്ലാസ് കാണുമ്പോഴേക്കും "ഇതിൽ കമ്മിശക്കര താനേ" എന്ന് തിരിച്ചറിഞ്ഞ് കാപ്പിക്കടക്കാരൻ സൗഹൃദം പകർന്നു. മറ്റേ ഫ്ലാസ്കിലെ
ചക്കര പോടാത്ത ചായ രണ്ടരക്കപ്പോളമുണ്ടെന്ന് ഉദാരനായി.
അഴുക്ക് തുണി മാറ്റിയെടുക്കാൻ വീട്ടിലേക്ക് പോവാൻ ടാക്സിക്കാർക്ക് അറിയാത്ത തമിഴിൽ വഴി പറഞ്ഞു കൊടുത്തു. "കോയിൽ പക്കം" എന്ന ഒരു അടയാളം കൊണ്ട് അവരെ ഉഷ്ണിപ്പിച്ചു. കോവൈപുതൂർ അയ്യപ്പൻകോയിൽ എന്ന ലൊക്കേഷനിൽ തൊട്ടടുത്തുള്ള സ്വന്തം വീട് കണ്ടെത്താനാവാതെ ഞാൻ പലവട്ടം കറങ്ങിത്തിരിഞ്ഞു. ടാക്സി ഡ്രൈവറുടെ സംശയ നോട്ടങ്ങൾ കണ്ണുരുട്ടിക്കാണിച്ച് അവഗണിച്ചു.
ആശുപത്രി വിട്ടശേഷം
കോവൈപുതൂർ തെരുവിലൂടെ തമിഴ്മണമറിഞ്ഞ് ഒറ്റയ്ക്ക് ചുറ്റി നടന്നു പച്ചക്കറികൾ വിലപേശി വാങ്ങി. ചൂട്മുറുക്ക് വിൽക്കുന്ന സ്റ്റാളുകൾക്ക് മുന്നിൽ വറവുമണം ആസ്വദിച്ച് കൊതിയോടെ നോക്കി നിന്നു. "വേണമാ" എന്ന ചോദ്യം കേൾക്കാത്തത് പോലെ തിടുക്കം ഭാവിച്ച് നടന്ന് നീങ്ങി.
അയ്യപ്പൻ കോവിലിന് മുന്നിലെ പാട്ടിയോട് നിത്യം മല്ലിപ്പൂക്കൾ വാങ്ങി ! അവർ സമ്മാനമായി തരുന്ന റോസാ പൂക്കൾ മുടിക്കെട്ടിൽ തിരുകി. അയ്യപ്പനോട് പരാതികൾ പറഞ്ഞു. മീനയുടെ കൂട്ടുകാരികളുടെ സംശയ നോട്ടങ്ങൾക്ക് വളം വെച്ച് കൊടുത്ത് ഒടുവിൽ "ഞാൻ മീനാവുടെ അക്കച്ചി" എന്ന് തമിഴിൽ മൊഴിഞ്ഞു, അവരിൽ കൺഫ്യൂഷന്റെ അമിട്ട് പൊട്ടിച്ചു.
ഒടുവിൽ ഡോക്ടറോട് സമ്മതം വാങ്ങി അമ്മയെയും അതിവികൃതിയായ അച്ഛനെയും കൂട്ടി
നാട്ടിലെത്തിയിട്ടും ആശുപത്രിവരാന്തകളിലെ കാത്തിരിപ്പ് അവസാനിച്ചില്ല.
അവർ രോഗം മാറി തിരിച്ച് കോയമ്പത്തൂരിലേക്ക് പോയിട്ടും അമ്മയുടെ പേര് ഓരോ തവണയും ഫോൺ ഡിസ്പ്ലേയിൽ കാണിക്കുമ്പോൾ മനസ്സിൽ ആധി നിറയുമായിരുന്നു. ഇപ്പോഴും അത് തീർന്നിട്ടില്ല. തമിഴ് മധുരങ്ങളുടെ ഓരോ രുചിക്കൂട്ടും രുചി വൈവിദ്ധ്യവും അമ്മയ്ക്കറിയാം ! അതുകൊണ്ട് തന്നെ പ്രിയപ്പെട്ടതൊക്കെ ഉപേക്ഷിക്കേണ്ടി വരുന്നത് കഠിനവുമാണ്.
ഈ പ്രശ്നങ്ങൾക്കിടയിൽ പലയിടങ്ങളിൽ ചിതറിക്കിടക്കുന്ന എന്റെ മക്കളെ ഓർത്ത് നെഞ്ച് പൊള്ളിപ്പിടഞ്ഞു. അവരും അസുഖങ്ങളും അസൗകര്യങ്ങളും ഞങ്ങളെയും അറിയിച്ചില്ല. മക്കളെ പൊത്തിപ്പോറ്റിയ ഒരമ്മയായിരുന്നില്ല ഞാൻ. എന്നാലും പലപ്പോഴും കുറ്റബോധം കൊണ്ട് പുളഞ്ഞു. പത്തരമാറ്റ് തിളക്കത്തിൽ
ഞാനെന്റെ മകൾ എന്ന ഭാഗം മിനുക്കിയൊരുക്കുമ്പോൾ ഞാനെന്ന അമ്മ നിസ്സഹായയായി വീർപ്പുമുട്ടി. പല വിധ ക്രൈസിസുകളും മക്കൾ ഒറ്റക്ക് പൊരുതി. മനസ്സുകൊണ്ട് മാത്രം അവരുടെ കൂടെ നിന്നു. അവരും ജീവിതം പഠിച്ചു. സങ്കടങ്ങൾ പുറത്താരോടും പറയാനാവാതെ ഞാൻ ഉള്ളെരിച്ചു. പലയിടങ്ങളിലിരുന്ന് നിസ്സഹായരായി
ഞങ്ങൾ പരസ്പരം വിരലുകൾ കോർത്തു.
ഇതിനിടയിൽ നാട്ടിലെ പലവിധ പ്രാരബ്ധങ്ങളും കുറ്റപ്പെടുത്തലുകളും ചുറ്റിയെടുത്ത് വിസ നഷ്ടപ്പെടാതിരിക്കാനുള്ള ദുബായ് യാത്രകൾ ! ഓർമ്മകൾ മുറിവേല്പിക്കുന്നതായിരുന്നു ഓരോ ദുബായ് യാത്രയും. അവിടെയെത്തിയിൽ നാട്ടിൽ നിന്ന് വരുന്ന ഓരോ മെസേജ് അലർട്ടും ഞെട്ടിപ്പിക്കും ! പഴകിപ്പൊളിഞ്ഞ തമാശകളായിരുന്നു അവയിൽ ചില തെങ്കിലും ! ഇതായിരുന്നോ എന്ന് സമാധാനിച്ച് ദീർഘ നിശ്വാസത്തോടെ കണ്ണുകളടക്കും ! ഓള് ദുബായിലിരുന്ന് സുഖിക്കുകയല്ലേ എന്ന അശരീരികൾ ചെവിക്ക് പുറത്തുകൂടെ പറന്ന് നീങ്ങി.
ഇതിനൊക്കെ അപ്പുറമായിരുന്നു പലുടെയും ജീവിതത്തിൽ നിന്നുളള അപ്രതീക്ഷിത വേർപിരിയലുകൾ ! ഓരോരു വേർപാടും പകരം വെക്കാനാവാത്തവരുടേതായിരുന്നു !
കാലമെത്താതെ പിരിഞ്ഞുപോയവർ
ഒന്നുമറിയുന്നില്ലല്ലോ! ജീവിതത്തിന്റെ അനീതി എന്നെ ശരിക്കും പിടിച്ചുലച്ചു.
ഫിലോസഫികൾ എന്നെ സമാധാനിപ്പിക്കാനാവാതെ നിസ്സഹായരായി! ജീവിതം ഇങ്ങനെയാണെന്ന് ക്രൂരമായി പഠിപ്പിച്ചു തീർത്തു കൊണ്ട് 2023 വിടപറഞ്ഞു.
നിസ്സംഗമായി ജീവിതത്തെ നോക്കിക്കാണേണമെന്ന തിരിച്ചറിവിൽ 2024 എനിക്ക് വെറും കലണ്ടർ നമ്പർ മാത്രമായി ! ആശംസിക്കാൻ ബാക്കി ഒന്നുമില്ലായിരുന്നു എനിക്ക് !
ഇതിലധികം ഒന്നുമില്ല.... ഇതിനപ്പുറവും ഒന്നുമില്ല ....
അനുഭവങ്ങളാൽ സ്ഫുടം ചെയ്യുക എന്ന പ്രയോഗത്തിന്റെ അർത്ഥം ഇന്ന് എനിക്ക് ശരിക്കുമറിയാം.
അതിനിടയിൽ സംഭവിച്ച ഒരേ ഒരു നല്ല കാര്യമാണ് എന്റെ പുസ്തകം.
"ചരിത്രമുറങ്ങുന്ന നേപ്പാൾ." ഷാർജാ പുസ്തകോത്സവം സമ്മാനിച്ച അമൂല്യമായ ചില സ്നേഹ സൗഹൃദങ്ങൾക്കും കാരണം എന്റെ പുസ്തകം തന്നെയാണ്. എന്തിനും ഞാനുണ്ട് എന്നു പറഞ്ഞു കൊണ്ട് കൂടെ നിന്ന ഒരു പാടു മനുഷ്യരുണ്ട്. പേരെടുത്തു പറഞ്ഞാൽ തീരാത്തത്ര മുഖങ്ങൾ !
ഏതായാലും ശുഭാപ്തി വിശ്വാസം മുറുകെ പിടിക്കുന്നു ! എല്ലാം ശരിയായില്ലെങ്കിലും എല്ലാം തെറ്റാതെ ഇരിക്കണേ എന്ന് പ്രാർത്ഥിക്കുന്നു !
എന്റെ സ്വന്തം പ്രശ്നങ്ങൾ കാരണം സഹായിച്ച പലരോടും നന്ദികേട് കാണിച്ചിട്ടുണ്ട്. പല വാഗ്ദാനങ്ങളും പാലിക്കാൻ പറ്റിയില്ല. വിചാരിച്ചതൊന്നും ചെയ്യാൻ പറ്റിയില്ല.
ക്ഷമിക്കണം, പൊറുക്കണം.
ഞാൻ ശരിയാവും ....
ശരിയാവണം...
ശരിയാക്കണം...
നന്മകൾ മാത്രം സംഭവിക്കട്ടെ !