'മേരേ ദേശ് കി ധര്‍ത്തി.... സോണാ ഉഗലേ, ഉഗലേ ഹീരേ മോത്തി'(എന്റെ ദേശത്തിന്റെ മണ്ണ് സ്വര്‍ണ്ണവും രന്തങ്ങളും മുത്തുകളും വിളയിക്കുന്നു) എന്നാരംഭിക്കുന്ന ഉപ്കാരി(1967) ലെ ഗാനം എല്ലാ ഭാരതീയരെയും ഹര്‍ഷ പുളകിതരാക്കിയിരുന്നു. നടന്‍ മനോജ്്കുമാര്‍ അന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി ആയിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെ മുദ്രാവാക്യം 'ജയ് ജവാന്‍', ജയ് കിസാന്‍'(സേനാംഗം ജയിക്കട്ടെ, കര്‍ഷകന്‍ ജയിക്കട്ടെ) പ്രചരിപ്പിക്കുവാന്‍ ആദ്യമായി സംവിധായകന്റെ മേലങ്കി അണിഞ്ഞ ചിത്രമാണ് 'ഉപ്കാര്‍'.
ഇന്നത്തെ പാകിസ്ഥാനിലെ അബോട്ടബാദില്‍ ഒരു ഹിന്ദു ബ്രാഹ്‌മണ കുടുംബത്തില്‍ ജനിച്ച ഹരികൃഷന്‍ ഹിരി ഗോസ്വാമി പത്തു വയസ്സുള്ളപ്പോഴാണ് ഡല്‍ഹിയിലേയ്ക്ക് കുടുംബത്തോടൊപ്പം കുടിയേറിയത്. ഹിന്ദു കോളേജില്‍ നിന്ന് ബിഎ ബിരുദം എടുത്തു. കടുത്ത സിനിമാജ്വരം ദിലീപ്കുമാറിന്റെ 'ഷബ്‌നമി' ലെ നായകന്‍ മനോജ്കുമാറിന്റെ പേര് സ്വീകരിച്ചു ഫിലിം സ്റ്റുഡിയോകളില്‍ അലയുവാന്‍ പ്രേരിപ്പിച്ചു. 1957 ലെ 'ഫാഷനി' ലെ ആദ്യവേഷം കാര്യമായ ചലനം സൃഷ്ടിച്ചില്ല. 1960 ലെ 'കാഞ്ച് കി ഗുഡിയ'യില്‍ സയ്ദ ഖാനൊപ്പം പ്രണയ ജോഡിയായതിന് ശേഷം വിജയത്തിന്റെ പടവുകള്‍ കയറി. ' പിയാ മിലന്‍ കി ആസ'്, 'രേശ്മി റൂമാല്‍' എന്നിവയില്‍ അടുത്ത വര്‍ഷം അഭിനനയിച്ചു. എന്നാല്‍ മാലാസില്‍ ഹയ്ക്കും ശശികലയ്ക്കും ഒപ്പം വിജയ് ഭട്ട് 1962ല്‍ സംവിധാനം ചെയ്ത 'ഹരിയാലി ഔര്‍ രാസ്ത' യാണ് വന്‍ വിജയമായത്. ത്രികോണ പ്രേമകഥയിലെ ടൈറ്റില്‍ ഗാനം വലിയ ഹരമായി മാറി. പ്രമേയത്തിന് പല രൂപാന്തരങ്ങള്‍ പല ഭാഷകളില്‍ ഇപ്പോഴും ഉടലെടുത്തു കൊണ്ടിരിക്കുന്നു.
1964 ലെ 'വോ കോന്‍ ഥി' യില്‍ ഒരു യക്ഷിയെപോലെ നായകന്‍ മനോജിന്റെ ജീവിതത്തിലേയ്ക്ക് കടന്നു വരുന്ന നായിക(സാധന) കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഗാനങ്ങളിലൂടെയും(റെയ്‌ന ബര്‍സെ, ലഗ് ജാഗലേ') ഇന്നും അനുകരണങ്ങള്‍ ധാരാളമാണ്. മലയാറ്റൂര്‍ രാമകൃഷ്ണന്റെ 'യക്ഷി'യുടെ പ്രചോദനവും ഒരു പക്ഷേ വോകോന്‍ ധി ആയിരുന്നിരിക്കാം. ഈ വിജയം ആവര്‍ത്തിക്കുവാന്‍ സംവിധായകന്‍ രാജ് ബോസ്ല നടത്തിയ ശ്രമങ്ങളില്‍ മനോജിനെയും ആശാ പരേഖിനെയും ജോഡിയാക്കിയ ശോകപര്യവസാനിയായ 'ദോ ബദന്‍'(1966) വലിയ വിജയമായി.
മനോജ് ദേശപ്രേമ ചിത്രങ്ങളിലേയ്ക്ക് തിരിഞ്ഞത് 1965 ലെ 'ഷഹീദി'ലൂടെയാണ്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരങ്ങളിലെ അവിസ്മരണീയ നായകരിലൊരാള്‍ ഭഗത്സിംഗിനെ മനോജ് വീണ്ടും മറക്കാനാവാത്ത നായകനാക്കിയപ്പോള്‍ ചിത്രം നിരൂപകപ്രശംസയും സാമ്പത്തിക വിജയവും നേടി.
'ഉപകാറി'ലൂടെ മനോജ് സംവിധാനത്തിലും കഥ, തിരക്കഥ, എഡിറ്റിംഗ് വിഭാഗങ്ങളിലും ഉള്ള തന്റെ അസാധാരണ കഴിവ് തെളിയിക്കുകയും ചെയ്തു. അന്ന് വരെ വില്ലന്‍ വേഷങ്ങളില്‍ ഉജ്ജ്വലപ്രകടനം നടത്തിയിരുന്ന പ്രാണ്‍ എന്ന നടന്റെ സ്വഭാവവേഷങ്ങളിലെ അസാധാരണ കഴിവ് പരോപകാരിയായ വികലാംഗ കഥാപാത്രത്തിലൂടെ മറക്കാനാവാത്തതാക്കി മനോജ് പ്രേക്ഷകരില്‍ എത്തിച്ചു. പ്രാണ്‍ പാടുന്ന 'കസമേ വാദേ പ്യാര്‍ വഫാ' എന്ന ഗാനത്തിലെ വരികള്‍ 'ദേത്തേ ഹൈ ഭഗവാന്‍ കോ ധോഖാ, ഇന്‍സാന്‍ കോ ക്യാ ഛോഡേംഗേ?' എക്കാലവും പ്രശ്‌നമാണ്. ഗ്രാമത്തിലെ പലിശക്കൊതിയനായ ധനികന്‍ ഭഗവാന്റെ വിഗ്രഹത്തിന് മുന്നില്‍ കപട ഭക്തികാട്ടി പൂജിക്കുന്നത് കണ്ടിട്ടാണ് ദൈവത്തെ പോലും വഞ്ചി ഇവര്‍ മനുഷ്യരെ വെറുതെ വിടുമോ? എന്ന് ചോദിക്കുന്നത്.
വര്‍ഗ്ഗീയ ലഹളയില്‍ കൊല്ലപ്പെട്ടവരുടെ ശരീരങ്ങളില്‍ നിന്ന് ആഭരണങ്ങള്‍ ഊരി മാറ്റുന്ന സാമൂഹ്യ വിരുദ്ധരെയും ദാഹം അടക്കാന്‍ കിണറ്റില്‍ നിന്ന് കോരുന്ന ജലത്തില്‍ രക്തം മാത്രം കാണുന്നതുമെല്ലാം പിന്നീട് ധാരാളം ചിത്രങ്ങളില്‍ നാം കണ്ടിട്ടുണ്ട്. വളരെ ശക്തമായി ദേശസ്നേഹവും രണ്ടാനമ്മയും മകനുമായുള്ള ബന്ധവും ഹിന്ദുമത വിശ്വാസവും ആചാരങ്ങളും പ്രേക്ഷകരില്‍ എത്തിക്കുവാന്‍ ഉപ്കാറില്‍ ആരംഭിച്ച ശ്രമം പിന്നീടുള്ള ചിത്രങ്ങളിലും മനോജ് തുടര്‍ന്നു.
1970 ല്‍ മനോജ് സംവിധാനം ചെയ്ത 'പൂരബ് ഔര്‍ പശ്ചിം' കിഴക്കിന്റെ വിശ്വാസപ്രമാണങ്ങളെയും പടിഞ്ഞാറിന്റെ നിഷേധ സമീപനങ്ങളെയും തുലനം ചെയ്തു. ഹിന്ദു മതവിശ്വാസവും ആചാരങ്ങളും ഭാരതീയ പാരമ്പര്യങ്ങളും പേരുകളും പുതിയ തലമുറയ്ക്ക് സ്വീകര്യമാക്കുവാന്‍ മനോജ് നടത്തിയ ശ്രമങ്ങള്‍ വലിയ ഒരളവുവരെ വിജയിച്ചു. ഭക്തിഗാനങ്ങള്‍ക്ക് ഏറെ ആരാധകരുണ്ടായി. മുകേഷിന്റെ ശബ്ദത്തില്‍ മനോജ് പാടിയ 'കൊയി ജബ് തുമാരാ ഹൃദയ് തോട് ധേം'(എപ്പോഴെങ്കിലും ആരെങ്കിലും നിനക്ക് ഹൃദയവേദന ഉണ്ടാക്കുകയാണെങ്കില്‍ എന്റെ അടുത്ത് വരിക) എന്ന ഗാനം ഇന്നും ആരാധകരുടെ ഹൃദയം കവരുന്നു. ചിത്രത്തില്‍ സൈരാബാനു നായികയായി. ചിത്രത്തിലെ ഭക്തിഗാനങ്ങളും ജാതിമതഭേദമന്യേ ആരാധകര്‍ ഏറ്റെടുത്തു.
1972ല്‍ ബേ ഇമാനിലെ ജയ് ബോലോ ബെ ഇമാനും രാഖി ഗാനവും വലിയ ഹരമായി. ഇന്നും രാഖി ദിനങ്ങളില്‍ മുഴങ്ങുന്ന ഗാനം സഹോദരനും സഹോദരിയും തമ്മിലുള്ള ബന്ധം അരക്കിട്ട് ഉറപ്പിച്ചു. മാനേജിന് ഏറ്റവും മികച്ച നടനുള്ള അവാര്‍ഡ് നേടിക്കൊടുത്ത ചിത്രത്തില്‍ പ്രാണിന്റെ മികവുറ്റ അഭിനയവും വേറിട്ടു നിന്നു. അതേ വര്‍ഷം സ്വയം സംവിധാനം ചെയ്ത 'ശോറി' ല്‍ മൂകനായ മകന്റെ ശബ്ദം കേള്‍ക്കാന്‍ കൊതിക്കുന്ന ഫാക്ടറി തൊഴിലാളിയായി മനോജ് പ്രശംസ നേടി. മകന്റെ വൈകല്യം മാറിക്കിട്ടുമ്പോള്‍ പിതാവിന്റെ ശ്രവണ ശേഷി ഫാക്ടറി അപകടത്തില്‍ നഷ്ടപ്പെടുന്നു. സാമ്പത്തിക വിജയം നേടാന്‍ കഴിയാതെ പോയ ചിത്രത്തില്‍ നന്ദയും ജയഭാദുരിയും നായികമാരായിരുന്നു. മുകേഷും ലതാ മങ്കേഷ്‌കറും പാടിയ ' ഏക്പ്യാര്‍ കാ നഗ്മാ ഹൈ' ഇന്നും ആരാധകരുടെ ചുണ്ടുകളില്‍ ഉണ്ട്.
1970 കളില്‍ മനോജ് തന്റെ ജൈത്രയാത്ര തുടര്‍ന്നു. മൂന്ന് പ്രധാന സാമൂഹ്യപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്ത 'റോട്ടി കപഡാ ഔര്‍ മകാന്‍' മികച്ച സംവിധായകനുള്ള അവാര്‍ഡ് നേടിക്കൊടുത്തു. സാമൂഹ്യവിഷയങ്ങളുടെ മികച്ച അവതരണവും വലിയ താരനിരയും(മനോജ്്, സീനത്ത് അമന്‍, ശശി കപൂര്‍, അമിതാഭ് ബച്ചന്‍, മൗസുമി ചാറ്റര്‍ജി തുടങ്ങിയവര്‍) ഉയര്‍ന്ന നിലവാരം പുലര്‍ത്തിയ സംഗീതവും (മേം നാ ഭൂലൂംഗാ... ജീവന്‍ സെ സാസോം കാ രിഷ്ത, ഹായ് ഹായ് യേ മജ്ബൂരി') ചിത്രത്തിന് ഒരളവ് വരെ നിരൂപക പ്രശംസയും വലിയ സാമ്പത്തിക വിജയവും നല്‍കി.
1974 ലെ ഈ ചിത്രത്തിന്റെ അടുത്ത വര്‍ഷം വീണ്ടും സോഹന്‍ലാല്‍ കന്‍വറിന്റെ 'സന്യാസി' യില്‍ മനോജ് നായകനായി. ഹേമമാലിനി നായികയും. ബ്രഹ്‌മചര്യവും ഭക്തിയും പ്രേമവും കോമഡിയും മാതൃപുത്രബന്ധവും( എന്റെ അമ്മ തരുന്നതല്ലാത്ത ഭക്ഷണം എനിക്ക് വിഷമാണ് എന്ന നായകന്റെ പ്രഖ്യാപനം ഉദ്ദാഹരണം) ഗാനങ്ങളും എല്ലാ ചിത്രത്തിന്റെ വിജയത്തിന് കാരണമായി.
1979 ല്‍ ഒരു പഞ്ചാബി ചിത്രത്തിലും മനോജ് നായകനായി. എന്നാല്‍ 1981 ലെ 'ക്രാന്തി' ആണ് മനോജ് എന്ന സംവിധായകന്റെയും കലാകാരന്റെയും ഏറ്റവും വലിയ നേട്ടം. തന്റെ ആരാധനാമൂര്‍ത്തിയായ ദിലീപ് കുമാറിനെ സംവിധാനം ചെയ്ത് അദ്ദേഹത്തിന്റെ മകനായി ക്രാന്തിയില്‍ മനോജ് അഭിനയിച്ചു.
ക്രാന്തിയുടെ രണ്ട് ലൊക്കേഷനുകളിലാണ് ഞാന്‍ മനോജിനെ ഇന്റര്‍വ്യൂ ചെയ്തത്. ആദ്യത്തേത് ബോംബെയിലെ അന്ധേരി വെര്‍സോവ ബീച്ചില്‍ നിന്ന് അധികം അകലെയല്ലാതെ നങ്കൂരം ഇട്ടിരുന്ന ഒരു പായ്കപ്പലില്‍ ആയിരുന്നു. ക്രാന്തിയെക്കുറിച്ചു തന്നെയാണ് മനോജിന് പറയുവാനുണ്ടായിരുന്നത്. മിക്കവാറും എല്ലാവരും ധരിച്ചിരിക്കുന്നത് 1857 ല്‍ ഇന്ത്യയില്‍ ഉണ്ടായത് ഒരു ശിപായി ലഹള, കലഹം ആണെന്നാണ്. എന്നാല്‍ അതായിരുന്നു ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആദ്യ അദ്ധ്യായം. കനജി അംഗരേ എന്നൊരു പടത്തലവന്‍ ബ്രിട്ടീഷ് നാവികസേനയ്‌ക്കെതിരെ അന്നത്തെ മറാഠാ കടല്‍ത്തീരത്ത് പൊരുതിയതിന്റെ വീരചരിത്രമാണ് എന്റെ ചിത്രം പറയുന്നത്.
'അംഗരെയുടെ ഭാര്യയും മകനും മരുമകളും വൈകിയാണെങ്കിലും അയാളുമായി ഒത്തുചേര്‍ന്ന് ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടുന്നു. കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുന്നെങ്കിലും അംഗരേയും മരുമകളും നവജാത കൊച്ചുമകനും രക്ഷപ്പെടുന്നു. അംഗരേ ഒളിപ്പോരാട്ടം തുടരുന്നു. ഇന്ത്യന്‍ നാവികസേനയില്‍ അംഗരേയ്ക്കു സ്മാരകം ഉണ്ട്.'
ദിലീപിന്റെ ചിത്രങ്ങളില്‍ നടന്‍ സംവിധാനത്തില്‍ കൈകടത്താറുണ്ട് എന്നൊരു ആരോപണം ഉണ്ടായിരുന്നു. മനോജ് ഇത് നിഷേധിച്ചു. ദിലീപ് സാബ് എങ്ങനെയാണ് ഷൂട്ടിംഗില്‍ സഹകരിക്കരുതെന്ന് നിങ്ങള്‍ക്ക് തന്നെ കാണാവുന്നതാണ്. സംവിധായകന്‍ പറയുന്നത് പോലെ അഭിനയിക്കുന്നു. എനിക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യമുണ്ട് ഞാന്‍ ആഗ്രഹിക്കുന്ന രീതിയില്‍ ഓരോ രംഗവും ചിത്രീകരിക്കുവാന്‍, മനോജ് പറഞ്ഞു. കുറെ നേരം ഷൂട്ടിംഗ് കണ്ടു നിന്നപ്പോള്‍ മനോജ് പറഞ്ഞത് വാസ്തവമാണെന്ന് എനിക്ക് മനസ്സിലായി.
ക്രാന്തിയുടെ മറ്റൊരു സെറ്റ്. അന്ധേരിയിലെ സേഠ് സ്റ്റുഡിയോ ഫ്‌ളോര്‍. മനോജും നൃത്തസംവിധായകനും ചേര്‍ന്ന് സരികയുടെ നൃത്തം ചിത്രീകരിക്കുന്നു. ബ്രിട്ടീഷ് സേനയുടേതാണ് സദസ്. വൈന്‍ ഗ്ലാസുമായി പടികള്‍ ഇറങ്ങി വരുന്ന നടി. ടേപ് റിക്കാര്‍ഡറില്‍ നിന്ന് പുറത്തു വരുന്ന ഗാനം ഇടയ്ക്കിടെ നിര്‍ത്തി വീണ്ടും വീണ്ടും ടേക്ക് നടത്തുന്നു. ഓരോ ഷോട്ടും ഓകെ ചെയ്യുന്നതിന് മുമ്പ് മനോജ് ധാരാളം റീടേക്ക് ചെയ്യുമെന്നറിഞ്ഞിരുന്നു. ഒരു ബ്രേക്കില്‍ ഞങ്ങള്‍ സംസാരിച്ചു. മനോജിന് പറയാന്‍ ഉണ്ടായിരുന്നത് ക്രാന്തിയെക്കുറിച്ചു മാത്രമായിരുന്നു. ഇപ്പോള്‍ എന്റെ മനസ്സില്‍ 'ക്രാന്തി' മാത്രമാണ് ഉള്ളത്. മറ്റു കാര്യങ്ങള്‍ നമുക്ക് പിന്നീട് ഒരിക്കല്‍ സംസാരിക്കാം' എന്ന് പറഞ്ഞു. തുടര്‍ന്ന് ചരിത്ര സംഭവത്തില്‍ താന്‍ സ്വീകരിക്കുന്ന സ്വതന്ത്ര സമീപനത്തെകുറിച്ചും ഷൂ്ട്ടിംഗ് പുരോഗതിയെകുറിച്ചും സംസാരിച്ചു.
ക്രാന്തി ബ്രഹത്തായ ഒരു ചലച്ചിത്രാവിഷ്‌കാരമായി. ദിലീപ്, മനോജ്, ഹേമ, പര്‍വീണ്‍ ബാബി, ശശി കപൂര്‍, പ്രേംനാഥ്, പ്രേംചോപ്രാ, സരിക തുടങ്ങിയ വലിയ താരനിര. നിതിന്‍ മുകേഷും ലതയും പാടിയ 'സിന്ദഗി കി നാ റൂട്ടി ലഡി' തുടങ്ങിയ ഗാനങ്ങളും അവയുടെ ചിത്രീകരണങ്ങളും ഹൃദയഹാരിയായി. ലൊക്കേഷനുകളും ഛായാഗ്രഹണവും ചിത്രസംയോജനവും മാറ്റുകൂട്ടി.
ക്രാന്തിയ്ക്ക് ശേഷം മനോജിന് വലിയ വിജയം സൃഷ്ടിക്കുവാന്‍ കഴിഞ്ഞില്ല. 1987 ലെ 'രാമായണ്‍', 1989 ലെ സന്തോഷും ക്ലാര്‍ക്കും, അനുജന്‍ രാജീവ് ഗോസ്വാമിക്ക് വേണ്ടി നിര്‍മ്മിച്ച 'പെയിന്റര്‍ ബാബു'(മീനാക്ഷി ശേഷാദ്രി നായിക, ശ്രീദേവിയും മകന്‍ കുണാള്‍ ഗോസ്വാമിയും ജോഡിയായ കലാകാര്‍, മകന്റെ 1989 ലെ ജെയ് ഹിന്ദ് എന്നിവ പരാജയപ്പെട്ടതിന് ശേഷം മനോജ് സിനിമാരംഗത്ത് നിന്നും വിടവാങ്ങി വിശ്രമജീവിതം നയിച്ചു വരുന്നു.
ഇന്ത്യന്‍ വംശജരായ ജനങ്ങള്‍ക്ക് തലമുറ തലമുറകളായി അവരുടെ പാരമ്പര്യവും ചരിത്രവും വിശ്വാസാചാരങ്ങളും വീണ്ടും തന്റെ ചിത്രങ്ങളിലൂടെ പുനരുജ്ജീവിപ്പിച്ച് നല്‍കാന്‍ മനോജിന് കഴിഞ്ഞു. ഒരു സംവിധായകനായും കഥാകൃത്തായും തിരക്കഥാകൃത്തായും എഡിറ്ററായും ഒട്ടേറെ ചിത്രങ്ങളില്‍ മനോജ് തിളങ്ങി. ചിത്രങ്ങളിലെ പ്രതീകാത്മക ഷോട്ടുകളും സൂം ഇന്‍ സൂം ഔട്ട്, ഡിസ്സോള്‍വ് എന്നിവയും പലപ്പോഴും ആവര്‍ത്തന വിരസമായി തോന്നാം. എന്നാല്‍ ഇവ ഫലപ്രദമായും മനോജ് ചിത്രീകരണത്തില്‍ ഉപയോഗിച്ചിട്ടുണ്ട്.
ഒരു നടന്‍ എന്ന നിലയില്‍ നായികമാരെ തൊട്ട് അഭിനയിക്കാത്ത നായകന്‍ ആയിരുന്നു ആദ്യകാലത്ത് മനോജ് അറിയപ്പെട്ടിരുന്നത്. എന്നാല്‍ നായികയുമൊത്ത് ഇഴുകിചേര്‍ന്നും മനോജ് അഭിനയിച്ചിട്ടുണ്ട്. ഒരു സംവിധായകന്‍ എന്ന നിലയില്‍ നടികളുടെ മാദക സൗന്ദര്യം പകര്‍ത്തുന്നതില്‍ തല്‍പരനായിരുന്നു എന്ന് ചിത്രങ്ങള്‍ വ്യക്തമാക്കി. ഹേമമാലിനി, സീനത്ത് അമന്‍, സൈരാബാനു തുടങ്ങിയവരാരും എതിര്‍പ്പ് പ്രകടിപ്പിച്ചതുമില്ല. നൃത്ത രംഗങ്ങളിലും എല്ലാ വികാരാവിഷ്‌കരണത്തിലും മനോജിന് തിളങ്ങാന്‍ കഴിഞ്ഞിട്ടില്ല. ദുഃഖം പ്രകടിപ്പിക്കുക പലപ്പോഴും ഒരു കൈകൊണ്ട് മുഖം മൂടിയിട്ടാണ്. ഇത് അനുകരണ കലാകാരന്മാര്‍ക്ക് ഉത്തേജനം നല്‍കാറുണ്ട്. പ്രേമരംഗങ്ങളിലും ഗാനാലാപനത്തിലും ദിലീപ്കുമാറിനെ പോലെതന്റെ ശബ്ദം നിയന്ത്രിച്ച് സംഭാഷണം ഉരുവിടുന്നതിലും മനോജ് മികവ് പുലര്‍ത്തുന്നു.
'ഹരിയാലി ഔര്‍ രാസ്ത' യ്ക്കു ശേഷം 'ബനാറസി തഗ്', ഫൂലോം കിസേജ്, ഹിമാലയ് കി ഗോദ് മേം, 'ഗുംനാം' , പുനം കി രാത്, ദോ ബദന്‍, സാവന്‍ കി ബട്ടാ, പത്തര്‍ കേ സനം, നീല്‍ കമല്‍, പഹ്ചാന്‍, മേരാ നാം ജോക്കര്‍, ബലി ദാന്‍-പ്രണാം കരോ ഇസ് ദര്‍ത്തി കോ ജിസ്‌നേ തും കോ ജനം ദിയ എന്ന ഗാനം- എന്നീ ചിത്രങ്ങള്‍ ശ്രദ്ധേയങ്ങളായി.
അനവധി പുരസ്‌കാരങ്ങളും ബഹുമതികളും നേടിയ മനോജിനെ തേടി 2016 ല്‍ ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡും എത്തി.