ആയിരം വട്ടം കേട്ടാലും മതിവരാത്ത പാട്ടുകളാണ് ഗാനഗന്ധർവ്വൻ സമ്മാനമായി തന്നിട്ടുള്ളത്. സന്തോഷത്തിലും സങ്കടത്തിലും ഏകാന്തതയിലും വിരഹത്തിലും ആ പാട്ടുകൾ നമ്മെ ചേർത്തുപിടിച്ചു. അദ്ദേഹം ജീവിച്ചിരുന്ന കാലത്ത് നമ്മളുമുണ്ടായിരുന്നെന്നു പറയുന്നതെത്ര ഭാഗ്യം. മലയാളികളുടെ മനസിന്റെ തൊട്ടടുത്തുള്ള പ്രിയഗായകന്റെ പിറന്നാളാണ് ബുധനാഴ്ച്ച. 84 വയസിന്റെ പുണ്യമാണ് മഹാഗായകനെ തേടിയെത്തുന്നത്. ഇത്തവണ യു. എസിലെ ഡാലസിലെ വീട്ടിലാണ് യേശുദാസ് ജന്മദിനം ആഘോഷിക്കുന്നത്.
വർഷങ്ങളായുള്ള പതിവുകൾ തെറ്റിയ പിറന്നാളാണ് ഇത്തവണ വന്നെത്തുന്നത്. എല്ലാ ജന്മദിനത്തിനും വാഗ്‌ദേവതയായ ശ്രീ മൂകാംബിക സന്നിദ്ധിയിലെത്തി കീർത്തനങ്ങൾ ആലപിക്കുന്ന പതിവുണ്ടായിരുന്നു അദ്ദേഹത്തിന്. എന്നാൽ കൊവിഡ് കാലത്ത് ആ ശീലത്തിന് മാറ്റമുണ്ടായി. എങ്കിലും വർഷങ്ങളായി തുടർന്നു വരുന്ന അർച്ചനകളും പൂജകളുമെല്ലാം അദ്ദേഹത്തിന്റെ പേരിൽ നടക്കും. സൂര്യാ ഫെസ്റ്റിവലിനും അദ്ദേഹം കൊവിഡ് കാലത്തിനുശേഷം വരാറില്ലായിരുന്നു.
മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ, ബംഗാളി, ഒഡിയ, മറാത്തി തുടങ്ങിയ ഇന്ത്യൻ ഭാഷകളിലായി യേശുദാസ് പാടിയിട്ടുണ്ട്. 1965ൽ യു എസ് എസ് ആർ ഗവണ്മെന്റിന്റെ അതിഥിയായി അവിടെ വിവിധ നഗരങ്ങളിൽ ഗാനാലാപനം നടത്തി. ഖസാക്കിസ്ഥാൻ റേഡിയോയ്ക്ക് വേണ്ടി റഷ്യൻ ഭാഷയിൽ പാടിയതും വലിയ കൗതുകമായിരുന്നു. മദ്ധ്യപൂർവ്വേഷ്യൻ രാജ്യങ്ങളിൽ നടത്തിയ സംഗീത പര്യടനങ്ങളിൽ കർണ്ണാടിക് ശൈലിയിൽ അറബിക് ഗാനങ്ങൾ പാടുമായിരുന്നു. 2001ൽ 'അഹിംസ' എന്ന ആൽബത്തിനുവേണ്ടി സംസ്‌കൃതത്തിലിലും ഇംഗ്ലീഷിലും ലാറ്റിനിലും പാടിയിട്ടുണ്ട്. പതിറ്റാണ്ടുകളായി അദ്ദേഹം നമുക്ക് വേണ്ടി പാടിക്കൊണ്ടിരിക്കുകയാണ്.
1940 ജനുവരി 10 നു ഫോർട്ട് കൊച്ചിയിൽ പ്രശസ്ത നടനും ഗായകനുമായിരുന്ന അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ചു മക്കളിൽ മൂത്ത പുത്രനായി കട്ടശേരി ജോസഫ് യേശുദാസ് എന്ന കെ.ജെ.യേശുദാസ് ജനിച്ചു.ചെറുപ്രായത്തിൽ തന്നെ പിതാവ് ഗുരുനാഥനായി യേശുദാസിനെ സംഗീതം അഭ്യസിപ്പിച്ചു. എട്ടു വയസ്സുള്ളപ്പോൾ പ്രാദേശികാടിസ്ഥാനത്തിൽ ഉള്ള ഒരു സംഗീത മത്സരത്തിൽ പങ്കെടുത്ത് സ്വർണ്ണ മെഡൽ സ്വന്തമാക്കി.1958ൽ സംസ്ഥാന സ്‌കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീത മത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ചു. കരുവേലിപ്പടിക്കൽ കുഞ്ഞൻ വേലു ആശാന്റെ കീഴിലാണ് ഒരു വർഷത്തെ സംഗീതാഭ്യസനം.തുടർന്ന് പള്ളുരുത്തി രാമൻ കുട്ടി ഭാഗവതരുടെ കീഴിൽ ആറു മാസവും എറണാകുളം ശിവരാമൻ ഭാഗവതരുടെ കീഴിൽ മൂന്നു വർഷവും സംഗീതം പഠിച്ചു.
പത്താം ക്ലാസ് പാസ്സായതിനു ശേഷം ശാസ്ത്രീയ സംഗീതാഭ്യസനത്തിനു തൃപ്പൂണിത്തുറ ആർ.എൽ.വി അക്കാഡമിയിൽ ചേർന്നു.1960 ൽ ഗാനഭൂഷണം പരീക്ഷ ഒന്നാം റാങ്കോടെ പാസ്സായ യേശുദാസ് പിന്നീട് സംഗീത ഭൂഷണത്തിന് തിരുവനന്തപുരം സ്വാതി തിരുനാൾ അക്കാദമിയിൽ ചേർന്നു. പ്രശസ്ത സംഗീതജ്ഞനായ ശെമ്മാങ്കുടി ആയിരുന്നു അന്ന് അക്കാഡമിയുടെ പ്രിൻസിപ്പൽ. യേശുദാസിലെ സംഗീത പ്രതിഭ യേ കേട്ടറിഞ്ഞ ശെമ്മാങ്കുടി യേശുദാസിനു വേണ്ട എല്ലാവിധ സാഹചര്യങ്ങളും സഹായങ്ങളും ചെയ്തു കൊടുത്തു. കർണാടക സംഗീത ലോകത്തെ ആചാര്യനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനാകാനും കച്ചേരിക്ക് അകമ്പടി പാടാനും സാധിച്ചത് അദ്ദേഹത്തിന്റെ സംഗീത ജീവിതത്തിലെ ഒരു വഴിത്തിരിവായി.
1961 നവംബർ 14ന് എം ബി ശ്രീനിവാസന്റെ സംഗീത സംവിധാനത്തിൽ 'കാല്പാടുകൾ' എന്ന ചിത്രത്തിനായി 'ജാതിഭേദം മതദ്വേഷം' എന്നുതുടങ്ങുന്ന വരികൾ ശബ്ദലേഖനം ചെയ്തതാണ് അദ്ദേഹത്തിന്റെ സിനിമയിലേക്കുള്ള കടന്നു വരവ്. എന്നാൽ ആദ്യം റിലീസ് ചെയ്ത സിനിമ ദക്ഷിണാമൂർത്തി ഈണമിട്ട 'വേലുത്തമ്പിദളവ'ആയിരുന്നു. ചെറിയ കാലത്തിനുള്ളിൽ തന്നെ പ്രശസ്തരായ പല സംഗീത സംവിധായകരുടേയും ഈണങ്ങളിൽ തെന്നിന്ത്യൻ ഭാഷകളിലെല്ലാം പാടാൻ യേശുദാസിനായി. ഒരു കാലഘട്ടം മുഴുവനുമാണ് അദ്ദേഹം വിവിധഭാഷകളിൽ നിറഞ്ഞു നിന്നത്. എത്രയോ ബഹുമതികൾ, അതിലുമേറെ അംഗീകാരങ്ങൾ, പദവികൾ അദ്ദേഹത്തെ തേടിയെത്തി.
പദ്മവിഭൂഷൻ (2017), പദ്മഭൂഷൻ (2002), പദ്മശ്രീ (1975) എന്നീ ബഹുമതികളും മലയാളത്തിന്റെ മഹാഗായകന് ലഭിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള ദേശീയ പുരസ്‌ക്കാരം എട്ടു തവണയും ഏറ്റവും കൂടുതൽ തവണ മികച്ച ഗായകനുള്ള കേരള സംസ്ഥാന പുരസ്‌ക്കാരം 25 തവണയും ലഭിച്ചു. തമിഴ്നാട് സംസ്ഥാന പുരസ്‌ക്കാരം അഞ്ചുതവണയും ആന്ധ്രാപ്രദേശ് സംസ്ഥാന പുരസ്‌ക്കാരം 4 തവണയും കർണ്ണാടക സംസ്ഥാന പുരസ്‌ക്കാരം ഒരു തവണയും ബംഗാൾ സംസ്ഥാന പുരസ്‌ക്കാരം ഒരുതവണയും ലഭിച്ചു. 2002ൽ കേരള സർക്കാരിന്റെ ജെ.സി. ഡാനിയേൽ പുരസ്‌കാരവും ലഭിച്ചു.