നക്ഷത്ര മുനയൊടിഞ്ഞ്
പതിച്ചത് നിൻ
മൂക്കുകുത്തിക്കല്ല്.....
സാന്ധ്യശോഭ പടർന്നത്
നിൻ ചിത്രം കവിൾ
പകർത്തിയത് ......
കാട്ടുമുല്ല നിലാവിൽ
ചിരിച്ചു നിന്നത്
നിൻ ദന്തപ്രകാശത്തിൽ ....
നീല നിറമുള്ള
കരിമീൻ കണ്ണുകൾ
നിള വിരിച്ച നീലാഞ്ജനങ്ങൾ .......
ചുണ്ടുകൾ,
ചെംനിറക്കുസുമങ്ങൾ
പിഴിഞ്ഞൊഴുകുന്ന
തടാകങ്ങൾ ......
നിശാകന്യകകൾ
നിരന്നിരുന്നു മെടഞ്ഞ
കാർമുകിൽ ചികുരഭാരം .....
തെന്നിത്തെന്നിയിളം കാറ്റ്
തൊട്ടു പോകുന്ന ഫാല സ്ഥലം .....
കരങ്ങൾ, മുല്ലവള്ളികൾ
ചുറ്റിയ ഇളം തണ്ടുകൾ ......
നിറം,
ഉദയകിരണം
തൂലിക മുക്കി വരച്ച
ചന്ദനലേപനം ......
സ്തുതി എഴുതി
നിറയ്ക്കുന്ന കവിയ്ക്ക്
പിന്നെയും ബാക്കിയാവുന്നു
അവളുടെ ഗാത്രത്തിന്
ഉപമകളും ഉപമേയങ്ങളും.....
അന്ധയായവൾക്ക്
ഈ സ്തുതി പാഠകനെ
കേട്ടിരിക്കാനല്ലേ, ആവൂ......