ഞാൻ ഈ കാടും മലയും കടന്ന് നിങ്ങളുടെ വീടിന്റെ മുറ്റത്ത് വന്നു നിൽക്കുന്നത് നിങ്ങൾ കാണുന്നില്ലേ? കൈയിലുണ്ടായിരുന്ന ചൂട്ട് കുത്തി അണച്ചിട്ട് ശാരദാമ്മ മുഖം ഇടത്തോട്ട് വെട്ടിച്ച് പിണക്കം നടിച്ചു.
ആഹാ നീ എത്തിയോ.. മാടൻ ഒരു തോർത്തുടുത്ത് കിണറ്റും കരയിൽനിന്ന് വെള്ളം കോരി തലവഴി ഒഴിച്ചുകൊണ്ട് ചോദിച്ചു.
നിങ്ങൾക്ക് ഇതേ മലകയറി എന്റെ അടുത്ത് വന്നാൽ എന്താ? എന്നെക്കൊണ്ട് ഒറ്റയ്ക്ക് രാത്രി ഈ വഴി നടത്തിക്കണോ നിങ്ങൾക്ക്? അവൾക്ക് പരിഭവം വിട്ടുമാറിയില്ല.
നിന്നോട് ആര് പറഞ്ഞു എന്റെ അടുത്ത് വരാൻ? മാടന് ന്യായമായും തോന്നിയ സംശയമൊന്നുമല്ല അത്. അവൾ വരുമെന്ന് അവന് അറിയുകയും ചെയ്യാം. അവൻ നിനച്ചിരിക്കാതെയാണ് അവളുടെ വരവെന്നും അതിന് താൻ കുറ്റക്കാരനല്ലെന്നും വരുത്തി തീർക്കുക മാത്രമായിരുന്നു അവന്റെ ഉദ്ദേശം.
ഞാൻ വന്നില്ലെങ്കിൽ എങ്ങനെ നമ്മൾ കാണും? നിങ്ങൾക്ക് വെല്ലതിനും നേരമുണ്ടോ!
ഒന്ന് കുളിക്കാൻ നേരം കിട്ടിയത് ഇപ്പോഴാ. . അവൻ ശാരദാമ്മ കേൾക്കാതെ ശബ്ദമില്ലാതെ ചിരിച്ചു.
ഓ.. ഞാൻ ഒരുത്തി വീട്ടുകാർ ഉറങ്ങിയ നേരം നോക്കി.. ങ്ഹാ.. അവൾ പിന്നിയ മുടി പുറകിലേക്കിട്ട് നിലത്തിരുന്നു. നിലത്ത് നനവുണ്ടായിരുന്നു. അന്തരീക്ഷത്തിലെ ഈർപ്പം മണ്ണിലും പുല്ലിലും വന്നിരിക്കുന്നതിന്റെ നനവ്.
മാടൻ കുളികഴിഞ്ഞ് നനഞ്ഞ ശരീരവുമായി അവളുടെ അടുത്തിരുന്നു. അവന്റെ ഉരുക്കുകൈകൾ അവളെ ചുറ്റിപ്പിടിച്ചു. അവളോട് കുറുമ്പുകാട്ടി ചോദിച്ചു, ‘എന്നെ കണ്ടിട്ട് എന്ത് ചെയ്യാനാ നിനക്ക്’!
ശാരദാമ്മ അവളുടെ സർവ്വ ബലവും ഉപയോഗിച്ച് അവന്റെ കൈകൾ അവളുടെമേൽ ഉണ്ടാക്കിയ കോട്ട പൊളിക്കാൻ പരിശ്രമിച്ചു.ആ പരിശ്രമത്തിലും അവളുടെ മുഖം പരിഭവിച്ചുതന്നെ ഇരുന്നു. അവൾ പറഞ്ഞു, ‘നിങ്ങൾ എന്നെ മറന്നില്ലേ... പിന്നെ ഞാൻ എന്ത് ചെയ്യാനാണ്! അപരിചിതരെപ്പോലെ കാണണം. . യാത്ര പറഞ്ഞു പോകണം.. അല്ലാതെ എന്ത്!‘
ഞാൻ നിന്നെ മറക്കുമോടി.. മറക്കാൻ ഞാൻ ചാകണം..
ആഹാ.. എന്നാൽ നിങ്ങൾ ചത്തുകാണും!
നീ കുറേ നേരമായല്ലോ എന്നെ നിങ്ങൾ എന്ന് വിളിക്കുന്നു.. വിളിക്കടീ ചേട്ടാന്ന്..
എനിക്ക് മനസ്സില്ല.. വേണമെങ്കിൽ ഞാൻ മാടേട്ടാ എന്ന് വിളിക്കാം.. മാടേട്ടൻ.. ശാരദാമ്മ മാടേട്ടാ എന്ന് സർവ്വഭൂതലവും കേൾക്കെ ഉറക്കെ വിളിച്ചു പൊട്ടി പൊട്ടി ചിരിച്ചു.
മാടൻ അവളുടെ വായ പൊത്തിപ്പിടിച്ചു.മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തിൽ അവരുടെ കണ്ണുകൾ പരസ്പരം നോക്കിത്തിളങ്ങി.
അവരെക്കണ്ട് നിശാഗന്ധി പുഷ്‌പ്പങ്ങൾ തമ്മിൽ ചോദിച്ചു, ‘ ആർക്കാണ് പിണക്കം! ആർക്കാണ് പരിഭവം! ആവോ ആവോ.. നമ്മൾപെണ്ണുങ്ങൾ..!‘ അവർ കണ്ണുകളിറുക്കി കുണുങ്ങിച്ചിരിച്ചു.
ഏകാകിയായ ഒരു ശിൽപ്പി കല്ലിൽ ശിൽപ്പം കൊത്തിയുണ്ടാക്കുന്നതിന്റെ താളം ആ മലമുകളിൽ കേട്ടുകൊണ്ടിരുന്നു.മിന്നാമിനുങ്ങുകൾ മിന്നുംവിളക്കുമായ് വളർന്നു നിൽക്കുന്ന വാറ്റുപുല്ലുകളിൽ മാറി മാറി പറന്നു ചെന്നിരുന്നു.
അവർ പിന്നെ ആകാശം നോക്കിക്കിടന്നു.
ശാരദാമ്മ പറഞ്ഞു, ‘ ഈ മൊട്ടക്കുന്നിൽ നമ്മൾക്ക് കിടക്കാനും ഇരിക്കാനും കുറച്ചു സ്ഥലം മാറ്റിവെച്ചിട്ട് ബാക്കി സ്ഥലത്തിന് ചുറ്റും മാവും പ്ലാവും ചാമ്പയും പേരയും ആത്തയും പുളിയും നാരകവുമൊക്കെ നടാം. ആ മരങ്ങളിലൊക്കെ കായ്കനികൾ പഴുക്കുമ്പോൾ ഇവിടൊക്കെ എന്ത് മണമായിരിക്കും! അത് കഴിക്കാൻ അണ്ണാൻ കുഞ്ഞുങ്ങളും കിളികളുമൊക്കെ വരും. അവർ ഇവിടെ താമസമാക്കും. നമുക്ക് അവരുടെ ശബ്ദങ്ങളും പഴുത്ത പഴങ്ങളുടെ ഗന്ധവും നുകർന്ന് ഇവിടെ എന്നുമിരിക്കാം. അപ്പോൾ ഈ മൊട്ടാക്കുന്നിൽ ഉച്ചനേരത്തും ചൂട് കാണില്ല. നല്ല തണുത്ത കാറ്റേറ്റ് ഞാൻ ചിലപ്പോൾ നിങ്ങളുടെ മടിയിൽ കിടന്ന് ഉറങ്ങിപ്പോകും. ഞാൻ ഉറങ്ങിക്കോട്ടെ എന്ന് കരുതി മിണ്ടാതെ ഇരിക്കരുത്. എന്നെ വിളിക്കണം. നിങ്ങൾ എന്നെ വിളിച്ചാൽ ഏത് ഉറക്കത്തിൽനിന്നും ഞാൻ ഉണരും. നിങ്ങൾ ഉണർന്നിരിക്കുമ്പോൾ ഉറങ്ങുന്നത് എനിക്ക് ഇഷ്ട്ടമല്ല. നിങ്ങളെ നോക്കിയിരിക്കുന്നതാണ് എനിക്ക് ഇഷ്ട്ടം.
എന്നിട്ട്.. മാടൻ അവളെ നോക്കി ചരിഞ്ഞു കിടന്നുകൊണ്ട് ചോദിച്ചു..
വടക്കുനിന്നും കാറ്റ് പറന്നു വന്ന് ആ കുന്നിൻ മുകളിലുള്ള ഓരോ പൂക്കളോടും ഇലകളോടും പുല്ലിനോടും എന്തോ തിരക്കി. അവർ എല്ലാവരും ഞങ്ങൾക്കറിയില്ല എന്ന് അവരുടെ തലകൾ കുലുക്കിപ്പറഞ്ഞു. കാറ്റ് അതുകേട്ട് എങ്ങോട്ടോ ഓടിപ്പോയി. പുല്ലുകളിൽ ഇരുന്നുറങ്ങിയ മിന്നാമിന്നിക്കൂട്ടങ്ങൾ കാറ്റ് വന്നു തട്ടിയപ്പോൾ ഉയരത്തിൽ പറന്നു പൊങ്ങി പിന്നെയും പുല്ലുകളിൽ ചെന്നിരുന്നു.
ശാരദാമ്മ പോകാൻ എഴുന്നേറ്റു..
ഇനി എന്നെ കാണാൻ അങ്ങോട്ട് വന്നേക്കണം..അവൾ പറഞ്ഞു.
ഓ അതില്ല.. ആരെങ്കിലുമൊക്കെ കാണും..
രാവിലെ വരുന്ന കാര്യമാ പറഞ്ഞത്..
രാവിലെ ആയാൽ എന്താ.. അന്നേരവും ആളുകൾ കാണും..
എന്ത് കാണാൻ? നിങ്ങൾ ഏതോ ഒരു പുരുഷൻ.. ഞാൻ ഏതോ ഒരു സ്ത്രീ.. നമ്മൾ സംസാരിച്ചു നിൽക്കുന്നു.. മറ്റു മനുഷ്യരെപ്പോലെ..
ഓ.. എന്നാലും ആളുകൾ കാണും..
കണ്ടാൽ എന്താ..
ആളുകൾ നോക്കും..
അവൾക്ക് ദേഷ്യം വരാൻ തുടങ്ങി..മനുഷ്യർ മനുഷ്യരോട് മിണ്ടുന്നത് എന്ത് നോക്കാനാ..
അത് നിന്റെ അച്ഛനറിഞ്ഞാൽ നിന്നെ ആർക്കേലും കെട്ടിച്ചു കൊടുക്കില്ലേ..
ഹ ഹ.. അവൾക്ക് അവന്റെ ചിന്ത അറിഞ്ഞപ്പോൾ ഉള്ളിൽ ഒരു കുടം തണുത്ത വെള്ളം കോരിയൊഴിച്ചതുപോലെയുള്ള സുഖമുണ്ടായി..
ശാരദാമ്മ മാടനുള്ളതല്ലേ.. അവൾ പറഞ്ഞു.
അവൾ പാവാടയും ബ്ലൗസും ഇടുന്നത് നോക്കി മാടൻ രണ്ടു മുട്ടിലും കൈ താങ്ങി വെച്ചുകൊണ്ട് ഇരുന്നു.
വാ എഴുന്നേൽക്ക്.. എന്നെ വീട്ടിൽക്കൊണ്ട് വിട്.. ശാരദാമ്മ അവന്റെ കൈയിൽ പിടിച്ചു വലിച്ചു.
അവൻ പെയ്യെ എഴുന്നേറ്റു.. എന്തോ തേടിക്കൊണ്ട് ഓടിപ്പോയ കാറ്റ് പിന്നെയും അതുവഴിവന്ന് അവരെ തലോടി കടന്നുപോയി..
കാറ്റ് വന്നു ചുറ്റിയപ്പോൾ കിനാവിൽനിന്ന് ഏഴിലംപാല ഉറക്കമുണർന്നു ശിരസ്സുകുടഞ്ഞു. അതിൽ വസിക്കുന്ന ശാരദാമ്മ പൊട്ടിക്കരഞ്ഞു. പാലപ്പൂവിന്റെ ഗന്ധം അന്തരീക്ഷത്തിൽ തിങ്ങിനിറഞ്ഞു.