Image

എന്റെ മഴയോർമ്മ (ലേഖനം: ത്രേസ്യാമ്മ  തോമസ്)

Published on 20 January, 2024
എന്റെ മഴയോർമ്മ (ലേഖനം: ത്രേസ്യാമ്മ  തോമസ്)

മഴ നിതാന്തമായ ചലനമാണ്.അഭംഗുരമായ സൗന്ദര്യമാണ്. അതിനെ വാരിപ്പുണരുവാൻ അതിൽകുളിച്ചൊന്നു കുളിരുവാൻ
ഇന്നും കൊതിക്കുന്നൊരു മനസ്സാണ് എന്റേത് .മാനത്ത് മഴകൊള്ളുമ്പോൾ എന്റെ കുഞ്ഞുശരീരം മഴനനയാൻ വെമ്പൽ കൊണ്ടിരുന്നത് എന്തിനായിരിക്കാം? ഒരുതുള്ളിക്ക് ഒരു കുടം മാതിരി പെയ്യുന്ന മഴയെയല്ല കുനുകുനാ പെയ്യുന്ന മഴയെയാണ് എനിക്കെന്നും ഇഷ്ടം.മഴയുള്ള നാളുകളിൽ മൂടിപ്പുതച്ചുറങ്ങുന്നതിന്റെ സുഖമൊന്നു വേറെയാണ്.പുറത്ത് മഴയുടെ നേരിയ ഈണം കെട്ടുണരുക,എന്നിട്ടോരിക്കൽക്കൂടി പുതപ്പിനടിയിൽ കിടന്ന് ആ മഴയുടെ സുഖം അനുഭവിക്കുക,അതൊക്കെ ഇന്നും ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചു വച്ചിരിക്കുകയാണ് ഞാൻ.
പാടവരമ്പത്തെ വഴുക്കലിൽകൂടി  നടന്ന് സ്കൂളിലേക്ക് പോകുംപോഴായിരിക്കും ഓർക്കാപ്പുറത്ത് ഒരു മഴ ഓടിവരിക. അപ്പോൾ കൈയ്യിൽ കുട കാണുകയില്ല.ഓടി വല്ല വീടിന്റെ ഉമ്മറത്തോ മരച്ചുവട്ടിലോ നിൽക്കുമ്പോഴും മഴയോടെന്തെ വെറുപ്പ് തോന്നിയില്ല? അപ്പോഴും കൈകൾ നീട്ടി ആ കുഞ്ഞു കണങ്ങളെ സ്വീകരിക്കയാണ് ചെയ്തിട്ടുള്ളത്. മഴക്കാലത്തെക്കായി ഓലക്കുടയുണ്ടാക്കിത്തന്നത് കുഞ്ഞൂഞ്ഞുകണിയാൻ ആയിരുന്നു. ഓലക്കുടചൂടി  പള്ളിക്കൂടത്തിലേക്ക് പോകുമ്പോൾ വാഴയിലയും ചേമ്പിലയും  ചൂടിവരുന്ന കൂട്ടുകാരോട്  തോന്നിയത്  അനുകമ്പയാണോ അസൂയ യാണോ  എന്ന്  ഇപ്പോഴും  വേർതിരിച്ചറിയാനാവുന്നില്ല.
 ഈറനായിപല കുട്ടികളും ക്ലാസ്സിൽ ഇരിക്കുമ്പോൾ നനയാതെയിരിക്കുവാൻ കഴിഞ്ഞതിൽ  സന്തോഷം തോന്നിയിട്ടുണ്ട്. മഴയേ ഞാൻ സ്നേഹിച്ചിരുന്നു  എന്നത് വാസ്തവമാണ് .എന്നാൽ മഴക്കാലത്ത് തെങ്ങും പാലത്തിലൂടെ സ്കൂളിലേക്ക് പോകുമ്പോൾ കരകവിഞ്ഞൊഴുകുന്ന തോടും, കൂലം കുത്തിയൊഴുകുന്ന മഴവെള്ളത്തിന്റെ ക്രൗര്യ ഭാവവും എന്നെ വല്ലാതെ ഭയ പെടുത്തിയിരുന്നു .ഒരിക്കൽ കയ്യിൽ തൂക്കിയിരുന്ന ചോറ്റുപാത്രം തോട്ടിലേക്ക് ഊർന്നു പോയപ്പോൾ   ഊണു കഴിഞ്ഞിട്ടാണല്ലോ എന്ന് സമാധാനിച്ചതും കാൽവഴുതി തോട്ടിലേക്കു വീണുപോയി ല്ലല്ലോ എന്നു സമാശ്വസിച്ചതും ഇന്നെന്ന പോലെ ഓർമ്മിക്കുന്നു.
                         ഓണത്തിൻറെഏതോ നാളുകളിൽ കൂട്ടുകാരൊത്ത് പാടവരമ്പത്ത് പരന്നുകിടക്കുന്ന  വെളുത്ത പൂക്കൾ കാണാൻ പോയതും കാലം തെറ്റി വന്ന ഒരു മഴ ഞങ്ങളുടെ  പുത്തനുടുപ്പുകൾ  നനച്ചതും റോസാപ്പൂക്കളുള്ള എൻറെ ഉടുപ്പിന്റെ നിറം ഇളകി പരന്നതും മറവിയിലേക്ക് തള്ളിക്കളയാൻ ആവുന്നില്ല. ആ ദുഃഖത്തിന് പ്രായമേറുന്നതേയില്ല. ഒരിക്കൽ താമസിച്ചു ക്ലാസിൽ വന്ന ജോണിനോട് ടീച്ചർ വല്ലാതെ ദേഷ്യപ്പെട്ടു . അടിയോളമെത്തിയപ്പോൾ  കലക്കവെള്ളത്തിൽ വീണു പോയതിനാൽ വീട്ടിൽ പോയി ഉടുപ്പുമാറി വരികയാണെന്ന്  പറഞ്ഞ കുട്ടിയേയും അവൻറെ പാകമല്ലാത്ത ഉടുപ്പും എന്തിനാണ് ഞാൻ ഇന്നും  ഓർമ്മയിൽ സൂക്ഷിക്കുന്നതെന്നും അറിയില്ല .
                  മുറ്റത്തു വീഴുന്ന മഴത്തുള്ളികൾ വലിയ കുമിളകളായി യാത്ര തുടരുന്നതും തുടക്കത്തിലോ അല്പം കഴിഞ്ഞോ അത് പൊട്ടിപ്പോകുന്നതും ഞാൻ കൗതുകത്തോടെ നോക്കിയിരുന്നിട്ടുണ്ട് .പക്ഷേ ജീവിതം പോലെയാണ് ഈ നീർക്കുമിളകളെന്നു മനസ്സിലാക്കാൻ എനിക്ക് പിന്നെയും ഒരുപാടുകാലം വേണ്ടിവന്നു .ചില മഴകളിൽ ഓട്ടുംപുറത്ത് കല്ലു വാരിയെറിയുന്നപോലെ ശബ്ദം കേൾക്കാം.അത് ആലിപ്പഴമാണെന്നറിഞ്ഞ് പെറുക്കാൻ തിടുക്കപ്പെട്ടോടുന്നതും വായിലിട്ടുനുണയുന്നതും അന്നത്തെ സന്തോഷങ്ങളിൽപ്പെടുന്ന വയായിരുന്നു .കുറച്ചുനാൾ മുമ്പ് ഇവിടെയും (ന്യൂയോർക്ക് )ആലിപ്പഴം വീഴുകയുണ്ടായി. പക്ഷേ അതോടിപ്പോയി പെറുക്കാൻ മനസ്സ് കൊതിച്ചെങ്കിലും എന്തുകൊണ്ടോചെയ്തില്ല .
                         അന്ന്  വീടിൻറെ ഉമ്മറത്തിരുന്നാൽ അകലെനിന്നും പെയ്തു വരുന്ന മഴ കാണാം . ശബ്ദമില്ലാതെ ഓടിവരുന്ന മഴ അടുത്തുവന്ന് വലിയ ആരവത്തോടെ നൃത്തംവച്ചു തുടങ്ങും. അതിൻറെ ലഹരിയിൽ മതിമറന്നി രിക്കാൻ നല്ല സുഖമാണ്. മഴക്കാർ കണ്ടുകഴിഞ്ഞാൽപിന്നെ എൻറെ അമ്മച്ചി വലിയ പിരിമുറുക്കത്തിലാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട് . ഉണക്കാനിട്ടിരിക്കുന്ന തുണികൾ, നെല്ല്,കപ്പ തുടങ്ങിയവ ഒന്നും നനയാൻ പാടില്ല . എല്ലാം ഓടിനടന്ന് അമ്മച്ചി ചെയ്യിപ്പിക്കുന്നു ണ്ടായിരിക്കും.
                  കഴിഞ്ഞവർഷം  ന്യൂയോർക്കിലും സമീപപ്രദേശങ്ങളിലും  മഴയുടെ രൗദ്രഭാവം അറിയിച്ചുകൊണ്ട് സാൻഡി തിമിർത്താടി. കുറച്ച് സമയത്തേക്ക് വെളിച്ചം ഇല്ലാതിരുന്നതോഴിച്ചാൽ മറ്റു പ്രയാസങ്ങളൊന്നും  എനിക്ക് നേരിടേണ്ടി വന്നില്ല. മഴ കാരണം മറ്റുള്ളവരുടെ ദുഃഖത്തിൽ ഭാഗഭാക്കാകേണ്ടി വന്നിട്ടുണ്ടെങ്കിലും അതൊരിക്കലും എൻറെ ജീവിതത്തിൽ  ഒരു ദുരിതാനുഭവവും ഉണ്ടാക്കിയിട്ടില്ല.
                  എല്ലാ സൗകര്യങ്ങളുടെയും  ഈറ്റില്ലം എൻറെ കൊച്ചു ഗ്രാമത്തിലെ എൻറെ കുടുംബവീടിൻറെ പശ്ചാത്തലമാണ് .അവിടെ ഈ നാളുകളിലും ഞാൻ  പോയി. ചുറ്റുവട്ടത്തിരുന്ന് എൻറെ മക്കളോട് അന്നത്തെ കഥകൾ പറഞ്ഞു. കാറ്റും മഴയും മഴവില്ലും വന്നിരുന്ന വഴികളെപ്പറ്റി പറഞ്ഞു. അവിടുത്തെ വായുവിന്റെയും വെള്ളത്തിന്റെയും  പരിശുദ്ധിയെക്കുറിച്ചു പറഞ്ഞു. എൻറെ മകൾ പറഞ്ഞത് "ഇവിടെ ജീവിക്കാൻ സാധിച്ച നിങ്ങളൊക്കെ സുകൃതം ചെയ്തവർ "എന്നാണ്.

       ലോകത്തിലെ വലിയൊരു നഗരത്തിൽ ജീവിക്കുമ്പോഴും അന്നത്തെ ജീവിതത്തിൻറെ ചാരുതയിൽ മതിമറന്നി രിക്കാൻ ഇന്നും  എനിക്ക് കൊതിയാണ് .ആ വീടിനോടും തൊടിയോടും ആ ഗ്രാമത്തോടും പരിസരത്തോടും ചേർന്നുള്ള  എൻറെ മഴയോർമ്മയെ ഞാൻ അയവിറക്കുന്നു. ആ നിതാന്തമായ ചലനത്തെ ഞാൻ അതിയായി സ്നേഹിക്കുന്നു.


(സിൻസിറ്റി  കഫേ  എന്ന എന്റെ പുസ്തകത്തിലെ  ആദ്യ ലേഖനം )

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക