ലെമാറിന്റെ കഥ അങ്കിള്‍ ടോം റീനയോടു പറയുന്നു..
റീന ലെമാറിന്റെ മരണവാര്‍ത്ത അറിഞ്ഞ് ആദ്യം വെറുതെ ഒന്നു നെടുവീര്‍പ്പിട്ടതെയുള്ളു. ഒരടിമയുടെ മരണം
അത്രമാത്രമേ അര്‍ഹിക്കുന്നുള്ളായിരിക്കാം. എന്നാല്‍ ഫുണറല്‍ ഹോമില്‍ ക്രമേണ റീനയുടെ ഹൃദയം ഭാരത്തില്‍ നിറയുകയും അവള്‍ അലറിക്കരയുകയും ചെയ്തു. അപസ്മാരം ബാധിച്ചവളെപ്പോലെ അവള്‍ കൈകാല്‍ തല്ലി. എന്റെ ജനം... എന്റെ ജനം എന്നവള്‍ പറയുന്നുണ്ടായിരുന്നു.പൂര്‍വ്വികരുടെ ആരുടേയോ ആത്മാവ് അവളില്‍ കയറിയിട്ടുണ്ടന്നോരോ പറഞ്ഞു. അതു ചിലപ്പോള്‍ ശരിയായിരിക്കാം. റീനയെ അറിയാവുന്ന ലെമാറിന്റെ മകന്‍ അവളെ കൈയ്ക്കു പിടിച്ച്, അപ്പനരുകില്‍ മരക്കസേരയില്‍ ഇരുത്തി. അപ്പോള്‍ അവളില്‍ ലമാറിന്റെ ആത്മാവ് നിറഞ്ഞു. അവിടെ വിലാപങ്ങള്‍ ഇല്ലായിരുന്നു. പകരം ലെമാറിനോട് അങ്കില്‍ ടോം പറഞ്ഞ കഥകള്‍ അവള്‍ കേള്‍ക്കാന്‍ തുടങ്ങി; അങ്കിള്‍ ടോം ലെമാറിനു മുമ്പെങ്ങോ അവനിലേക്കു പ്രവേശിച്ച ഒരാത്മാവായിരുന്നു.
‘റീന..., ലെമാര്‍ നിന്നോട് അരയേക്കറും അതിലെ തണല്‍ മരത്തെക്കുറിച്ചും ഒരു സ്വപ്നം പറഞ്ഞില്ലെ...? അങ്കിള്‍ ടോം പറഞ്ഞു തുടങ്ങി. അതവന്‍ വെറുതെ പറഞ്ഞതല്ല. അവന്‍ തീര്‍ച്ചയായും അതാഗ്രഹിച്ചിരുന്നു. ഞങ്ങളുടെ പ്ലാന്റേഷനില്‍ അവനേറെ ഇഷ്ടപ്പെട്ടിരുന്നഅങ്ങനെ ഒരു സ്ഥലവും അതില്‍ ഒരു മരവും ഉണ്ടായിരുന്നു. എണ്ണൂറേക്കറിലെ സ്ലേവ് ക്യാബിനുകള്‍ പണിതിട്ടുള്ള നദിയോടു ചേര്‍ന്നുള്ള ചെറിയ തുരുത്തുപോലുള്ള ഒരു ഇടം. പണിക്കിടയില്‍ അവന്‍ അവിടേക്കു നോക്കി ഏറെനേരം നില്‍ക്കും.ആ മരത്തില്‍ ചേക്കേറുന്ന ഒരോ കിളികളേയും എണ്ണും. മരങ്ങളുടെ ഇലപൊഴിയുന്ന കാലമായാല്‍ അവനേറെ സങ്കടമാണ്. കൊഴിയുന്ന ഒരോ ഇലകളേയും നോക്കി അവന്‍ സങ്കടപ്പെടും. അന്നവന് അഞ്ചോ ആറോ വയസേ ഉള്ളു. ഞാനായിരുന്നവന്റെ കൂട്ടുകാരനും, ഉപദേശകനും. രക്ഷകനും.’
'അങ്കിള്‍ ടോമി ഇന്നലെ നൂറ്റി ഇരുപത്തിഞ്ചിലകള്‍ പൊഴിഞ്ഞു. അവനെങ്ങനെ കണക്കറിയാം... പക്ഷേ കൊഴിയുന്ന ഒരോ ഇലയെക്കുറിച്ചും അവനു സങ്കടമുണ്ടായിരുന്നു. അവന്‍ സങ്കടങ്ങളെ മാത്രം ഏറ്റുവാങ്ങാനുള്ളവനോ എന്നെനിക്കു തോന്നും. അല്ലെങ്കില്‍ ഏതൊരടിമയ്ക്കാണു മറ്റൊരു ജീവിതം ഉള്ളത’്.
‘റീന നിനക്ക് അടിമ ജീവിതം എന്താണന്നറിയാമോ...? നീ അതെങ്ങനെ അറിയാന്‍. നീ ജനിക്കുമ്പോള്‍ നിനക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും അവകാശങ്ങളും ഉണ്ടായിരുന്നു. പക്ഷേ ലെമാറിനും എനിക്കും മറ്റൊരു ജിവിതക്രമത്തിന്റെ കഥയാണു പറയാനുള്ളത്. നിനക്ക് ഭാവനയില്‍ പോലും പൊള്ളുന്ന ജീവിത സത്യങ്ങളുടെ
അതെവിടെ നിന്നും തുടങ്ങണം... ലെമാറില്‍ നിന്നും തുടങ്ങിയാല്‍...അവനും ഞാനുമൊക്കെ ചങ്ങലയുടെ ഇങ്ങേയറ്റത്തെക്കണ്ണികളാ.... ഈ ചങ്ങലയുടെ ഒരോ കണ്ണികള്‍ക്കും ഒരോ കഥകളാണുള്ളത്. വേദനയുടെ, സഹനത്തിന്റെ, ക്രൂരതയുടെ, ഹിംസയുടെ, ബലാല്‍സംഗത്തിന്റെ, പൊള്ളലിന്റെ, ചാട്ടാവാറിന്റെ, ശബ്ദമില്ലാത്തവന്റെ ശബ്ദത്തിന്റെ, അങ്ങനെ അനേകം പാലങ്ങള്‍ കടന്നെ നിനക്ക് അക്കരെ എത്താന്‍ കഴിയുകയുള്ളു.എല്ലാം സഹിച്ച് തലമുറകള്‍ക്കായിപാലം പണിതവരുടെ തിരുശേഷിപ്പുകളുടെ നിലവിളി നീ കേള്‍ക്കുന്നില്ലെ...?’
‘ആ കൂട്ടത്തില്‍ എന്റേയും നിന്റേയും പിതൃക്കള്‍ ഉണ്ട്.ഞാന്‍ കേട്ട കഥകള്‍ നിന്നോടു പറയാം...ഞാന്‍ അക്ഷരം പഠിച്ചവനല്ല. അക്ഷരം കേട്ടറിഞ്ഞവനാ...തെറ്റുകള്‍ ഉണ്ടെങ്കില്‍ നീ തിരുത്തി വായിച്ചോണം. നിന്റെ കൂട്ടുകാര്‍ എന്നെ കേള്‍ക്കുന്നുണ്ടെങ്കില്‍ അവരോടും പറയണം. സാമിനേയും, ആന്‍ഡ്രുവിനേയും നോക്കി അങ്കിള്‍ ടോം തുടര്‍ന്നു. നിങ്ങളുടെ കാലത്തെ അറിവുകള്‍ അന്നില്ലായിരുന്നുവല്ലോ. പതിഞ്ചാം നൂറ്റാണ്ടു മുതലുള്ള അറിവിന്റെ പൊട്ടും പൊടിയും ഞാന്‍ കേട്ടിട്ടുണ്ട്.ആ കേട്ടറുവുകളെ എനിക്കു നിന്നോടു പറയുവാനുള്ളു.’
‘ആയിരത്തി അറുനൂറ്റി പത്തൊന്‍പതില്‍ (1619) വെര്‍ജീനിയയില്‍ ജെയിംസ് ടൗണിന്റെ തീരങ്ങളില്‍ വന്നിറങ്ങിയ ഒരു കപ്പലില്‍ ചങ്ങലയ്ക്കിട്ട ഇരുപതു കറുത്തവരെ കൗതുക കണ്ണുകളോട് പോര്‍ട്ടിലുള്ളവര്‍ നോക്കി. സര്‍ക്കസുകൂടാരത്തിലെ റിംഗ് മാസ്റ്ററെപ്പോലെ ഒരു തടിയന്‍ വെള്ളക്കാരന്‍ അവരെ ചാട്ടവാറുകൊണ്ടടിച്ചും ഉച്ചത്തില്‍ പുലഭ്യം പറഞ്ഞും വരുതിയിലാക്കാന്‍ ശ്രമിക്കുന്നു. അപ്പോഴത്തെ ആ വെളുത്തവന്റെ മുഖഭാവത്തില്‍ മെരിക്കിയിട്ടും മെരുങ്ങാത്ത ഒരു സിംഹത്തിന്റെ അടുത്തു നില്‍ക്കുന്നവന്റെ ഭയത്തിന്റെ വിളര്‍ച്ച പ്രകടമായിരുന്നു.
അതായിരുന്നു അടിമ വ്യാപരത്തിന്റെ തുടക്കം എന്നു പറയാമോ എന്തോ...? പറഞ്ഞുകേട്ട കഥകളൊക്കെ തുടങ്ങുന്നതവിടെ നിന്നും ആയിരുന്നു. കൊണ്ടിറക്കിയ ഇരുപതുപേരുടെ ചുറ്റിനും കൂടിയവരുടെ മുന്നില്‍ സര്‍ക്കസുകാരനെപ്പോലെ തോന്നിയവന്‍ അധികാരത്തിന്റെ കനത്തശബ്ദങ്ങളില്‍ അവരുടെ ചലനങ്ങളെ നിയന്ത്രിച്ചു. അവര്‍ പുതിയ ഭാഷയില്‍ തങ്ങളുടെ യജമാനനുമായി സന്ധി ചെയ്തുകൊണ്ടേ ഇരുന്നു. പുതിയ ദേശത്തിന്റെ കാറ്റും, ഭാഷയും, കാഴ്ചകളും അവര്‍ക്കന്ന്യമായിരുന്നു. കാലിലെ തടികൊണ്ടുള്ള ആമപ്പുട്ട് കഴുത്തിലെ നുകവും, കൈകളിലെ ചങ്ങലുയുമായി കൂട്ടിക്കെട്ടി, അടിമയുടെ സ്വാതന്ത്ര്യം അടയാളപ്പെടുത്തി. അവര്‍ക്കു പ്രതിരോധിക്കാനോ, പ്രതിക്ഷേധിക്കാനോ ബലമില്ലായിരുന്നു. അവര്‍ ബലവാന്മാര്‍ അല്ലാത്തതുകൊണ്ടല്ല, കടലില്‍, കപ്പലിലെ അടിത്തട്ടില്‍ നിവര്‍ന്നു നില്‍ക്കാന്‍ ഇടമില്ലാതെ, ആവശ്യത്തിന് ആഹാരവും, വെള്ളവുമില്ലാതെ അവരുടെ ഊര്‍ജ്ജമത്രയും കടല്‍ കൊണ്ടുപോയിരുന്നു.
അവരുടെ വിധി ആരാണു നിശ്ചയിച്ചത്. ആഫ്രിക്കയിലെനിഷ്‌ക്കളങ്കരായ ഗോത്രവര്‍ഗ്ഗങ്ങള്‍ക്കിടയില്‍, ചിരിച്ചു കളിച്ച് നടന്ന ഈ ചെറുപ്പക്കാര്‍ എങ്ങനെ ചതിയില്‍ പിടിക്കപ്പെട്ടു. കേട്ടോ റീന ഞാന്‍ ചിലപ്പോഴൊക്കെരാത്രിയില്‍ ഉറക്കം വരാതെ നമ്മുടെ പൂര്‍വ്വികരെക്കുറിച്ചൊക്കെ ഒരോന്നൊക്കെ ഓര്‍ത്തു കിടക്കുമ്പോള്‍ എന്റെ ഉള്ളില്‍ അവരെക്കുറിച്ചൊരു കഥ ഊരിത്തിരിയും. അതൊക്കെ പൂര്‍ണ
സത്യങ്ങളല്ല എന്നെനിക്കറിയാം എങ്കിലും അതിനു പിറകെ പോകാനൊരു രസമാ....നിനക്കു കഥകള്‍ ഇഷ്ടമല്ലെ... ഞാന്‍ കല്പിച്ചുണ്ടാക്കിയ കഥ പറയാം. ചിലപ്പോള്‍ അതു നേരായിരിക്കാം.
എല്ലാ ഗോത്രവര്‍ഗ്ഗങ്ങളിലും അല്ല..എല്ലാം ജന്തു വര്‍ഗ്ഗങ്ങളിലും കരുത്തുള്ളവനേ ഇണയെ കിട്ടിയിരുന്നുള്ളു. അല്ലെങ്കില്‍ പെണ്‍വര്‍ഗ്ഗം ആണിന്റെ കരുത്തിനെ കൊതിക്കുന്നു എന്നു മാറ്റി പറയാം. ഗ്രാമത്തിലെ അതി സുന്ദരിയെ കാമിച്ച ഈ ചെറുപ്പക്കാരത്രയും, ഗ്രാമ മൂപ്പന്‍ നിശ്ചയിച്ച പന്തയത്തിനു പിറകെ ആയിരുന്നിരിക്കാം. വനത്തില്‍ മേയുന്ന കാട്ടുപോത്തിന്റെ വൃഷണവും, കൊമ്പുകളും ആദ്യം കൊണ്ടുവരുന്നവന് അവകാശപ്പെട്ടതായിരുന്നാ സുന്ദരി. എല്ലാവരും മറ്റാരും അറിയാതെ വനത്തിലെ കാട്ടുപോത്തിനെത്തേടി ഇറങ്ങി. അവര്‍ ഒരൊരുത്തരായി കെണിയില്‍ പിടിക്കപ്പെട്ടതാകാം. ഇന്നും ആ കന്യക തന്നെ കാമിച്ചവരെ നോക്കി ഇരിക്കുന്നുണ്ടാവും... കഥയില്‍ എന്തൊക്കയോ നഷ്ടപ്പെട്ടതുപോലെയുണ്ട് അല്ലെ.പത്തു നാനൂറുവര്‍ഷങ്ങള്‍ എനിക്കിങ്ങനെയൊക്കെ അടയാളപ്പെടുത്താനെ കഴിയുന്നുള്ളു. എങ്കിലും അന്നു ചങ്ങലയില്‍ ഈ തീരത്തു ഇറങ്ങിയവരുടെ കണ്ണിലെ തീയ്യും, പകയും, പിന്നെ നിസഹായതയും എനിക്കിന്നും കാണാം. കാരണം ആ തീ എന്നിലും ഉണ്ടായിരുന്നു.
പോര്‍ച്ചുഗീസുകാരുടെ വലയിലാണവര്‍ കുടുങ്ങിയത്. അന്നത്തെ പ്രബലന്മാര്‍ പോര്‍ച്ചുഗീസുകാരും, ബ്രിട്ടിഷുകാരും, ഫ്രാന്‍സുകാരും ഒക്കെ ആയിരുന്നുവല്ലോ.അവര്‍ക്കു ലോകം മുഴുവന്‍ കോളനികള്‍ ഉണ്ടായിരുന്നു. രക്ഷയുടെ വെളിച്ചവുമായി ചെന്ന മിഷനറിമാര്‍ക്കൊപ്പം കടന്നു കൂടിയകച്ചവടക്കാരുടെ കണ്ടുപിടുത്തമായിരുന്നുവോ ഈ പുത്തന്‍ കച്ചവടം. പുതുതായി സ്ഥാപിച്ച കോളനികളിലൊക്കെ പണിയെടുക്കാന്‍ ആളുകളെ വേണം എന്ന പുതിയ ആവശ്യമായിരുന്നവരെ പ്രേരിപ്പിച്ചത്. മോഹിച്ച പെണ്ണിനായി യുദ്ധം ജയിക്കാനിറങ്ങിയവരെ കയറ്റിയ പോര്‍ച്ചുഗീസ് കപ്പലിനെ ബ്രിട്ടീഷുകാര്‍ പിടിച്ചെടുത്ത് അവരുടേതാക്കി. യുദ്ധവും വിജയവും എന്നത്തേയും നിയമമാണ്.ആ യുദ്ധം ഈ അടിമകളുടെ വിധിയും തിരുത്തിക്കുറിച്ചു. പോര്‍ച്ചുഗീസുകാരുടെ ഏതെങ്കിലും കോളനിയില്‍ എത്തിച്ചേരേണ്ടവര്‍, ബ്രിട്ടീഷ്‌കാരുടെ പുത്തന്‍ കോളനിയിലേക്ക് വഴിമാറി. അവര്‍ വെര്‍ജീനയുടെ തീരങ്ങളില്‍ എത്തി. പുതുതായി വെട്ടിപ്പിടിച്ച പ്ലാന്റേഷനികളിലേക്ക് പുതിയ ഒരു വര്‍ഗ്ഗത്തിന്റെ പറിച്ചു നടീല്‍ ആയിരുന്നത്.
അടിമക്കച്ചവടം ഏറ്റവും ലാഭകരമായ ഒരു വ്യാപാരമായി പെട്ടന്നു തന്നെ വളര്‍ന്നു. ആയിരത്തി അറൂനൂറ്റി ഇരുപതില്‍ (1620) മെയ്ഫ്‌ളവര്‍ എന്നഅടുത്ത കപ്പലില്‍ കൊണ്ടുവന്നത് നൂറ്റിരണ്ട് അടിമകളെ. അവരില്‍ ആരോഗ്യമുള്ള ചെറുപ്പക്കാരികളായ സ്ത്രീകളും കുട്ടികളും ഉണ്ടായിരുന്നു. തലമുറകള്‍ കൈമാറിവന്ന ഈ കഥകളില്‍ എവിടെയെങ്കിലും രേഖയുണ്ടോ എന്നു ചോദിച്ചാല്‍ എനിക്കറിയില്ല. പക്ഷേ വായ്ത്താരയിലെ സത്യത്തിന്റെ അംശങ്ങളെ കാണാതെ പോകണ്ട. ഗോത്രവര്‍ഗ്ഗകഥകളത്രയും നാടോടിക്കഥകളില്‍ ആണല്ലോ. തങ്ങളുടെ അടിമജീവിതത്തെക്കുറിച്ച് പാടിപ്പറയാന്‍ കഴിവുള്ളവര്‍ എല്ലാം സഹിച്ച് ആരോടെങ്കിലും ഒക്കെ പറഞ്ഞിട്ടുണ്ടാകും. നിങ്ങള്‍ സ്‌കൂളില്‍ പഠിച്ച, വെളുത്തവന്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റിയെഴുതിയ നീഗ്രോയുടെ അടിമജീവിതമായിരിക്കില്ല അവര്‍ പറഞ്ഞ കഥകളില്‍ ഉള്ളത്.
ആ കപ്പലില്‍ വന്ന നൂറ്റിരണ്ടു അടിമകളുടെ ജീവിതം എന്തായി എന്നാരോടു ചോദിക്കും. യാത്രയുടെ തുടക്കത്തില്‍ എത്രപേര്‍ ആ കപ്പലില്‍ചരക്കുകളായി അട്ടിയടുക്കപ്പെട്ടു. റീനാ... അവര്‍ വെളുത്തവന്റെ കണ്ണിലെ ക്രെയവിക്രയം ചെയ്യപ്പെടാനുള്ള വെറും ചരക്കുകള്‍ മാത്രമായിരുന്നു. അവര്‍ക്ക് വികാരങ്ങളോ, വിചാരങ്ങളോ, വേദനോയോ, വിശപ്പൊ ഇല്ലാത്തവരായിരുന്നുവോ...? പക്ഷേ ആയുധത്തിന്റെയും, ചതിയുടെയും ബലത്തില്‍ കീഴടക്കപ്പെട്ടവന്റെ മനസ്സിലെ തീ അവര്‍ തിരിച്ചറിഞ്ഞില്ല. അവന്റെ കണ്ണിലെ അമര്‍ഷം ഉടമയെന്നവകാശപ്പെട്ടവനെ ഭയപ്പെടുത്തി. അതുകൊണ്ടുതന്നെ കപ്പലിന്റെ അടിത്തട്ടില്‍ അവരെ പലശ്രേണികളാക്കി. പ്രതിക്ഷേധിക്കുന്നവനെ കൂടുതല്‍ പീഡനത്തിനിരയാക്കി. നൂറ്റിരണ്ടുപേരെ തീരത്തെത്തിയുള്ളു. ചീഞ്ഞ തക്കാളിപോലെകടലില്‍ വലിച്ചെറിയപ്പെട്ടവര്‍ എത്ര...? ആരെങ്കിലും കണക്കുകള്‍ ചോദിച്ചുവോ...? ഇല്ല ചോദ്യം ചെയ്യാന്‍ നമുക്കൊരിക്കലും അവകാശങ്ങള്‍ ഇല്ലായിരുന്നുവല്ലോ... നമ്മള്‍ അന്നും ഇന്നും അധികാരികളുടെ ഔദാര്യത്തിന്റെ ഉച്ചിഷ്ടങ്ങളില്‍ ജീവിക്കുന്നവരല്ലെ. നമ്മള്‍ സ്വതന്ത്രരെന്നവര്‍ പറയുമ്പോഴും, അവര്‍ അനുവദിക്കുന്ന സ്വാതന്ത്ര്യമേ നമുക്കൂള്ളു എന്നു തിരുത്തി വായിക്കണം.ഞാന്‍ ആവേശം കൊള്ളുകയല്ല. ഉള്ളിലെ വിങ്ങല്‍ പുറത്തുവന്നു പോയതാണ്.
ആ കപ്പലില്‍ പ്രതിക്ഷേധിച്ചവരെ ക്രൂരമായി പീഡിപ്പിച്ച് എതിര്‍പ്പുകളെ ഇല്ലാതാക്കാനുള്ള തന്ത്രം അവര്‍ ആദ്യമേ പുറത്തെടുത്തു. അതൊരു സന്ദേശം കൂടിയായിരുന്നു. കൂച്ചുവിലങ്ങില്‍ കിടക്കുന്നവന് എല്ലാം ഉള്ളില്‍ ഒതുക്കുവാനെ കഴിഞ്ഞുള്ളു. കപ്പലിന്റെ അടിത്തട്ടിലെ രഹസ്യ അറകളില്‍, നിന്നു തിരിയാന്‍ സ്ഥലം കൊടുക്കാതെ മെരുക്കലിന്റെ ഒന്നാം പാഠം ആരംഭിച്ചു. സ്വന്തം വിസര്‍ജ്ജ്യങ്ങളില്‍, പുഴുക്കളെപ്പോലെ ഒരാള്‍ മറ്റവന്റെ ദേഹത്തില്‍ ഇഴഞ്ഞു. ഒരിറ്റു വെള്ളമോ, ഒരുപിടി വറ്റോ കിളിവാതിലിലൂടെ എറിഞ്ഞു കൊടുത്താല്‍ അതിജീവിക്കാനുള്ള ആര്‍ത്തിയില്‍, പട്ടികളെപ്പോലെ അവര്‍ അതു നക്കിത്തുടച്ചു. രോഗത്താലും പട്ടിണിയാലും പകുതിയിലേറെ മരിച്ചു. ഒരടിമ മരിച്ചു എന്നു പറയാമോ... അതിനേക്കാള്‍ താഴെയുള്ള പദം ചത്തു എന്നു മതി. ചത്തതിനെ ഒക്കെ അവര്‍ കടലിനു കൊടുത്തു.
അവര്‍ സ്ത്രീകളേയും കുട്ടികളെയും തടവിലാക്കിയിരുന്നു. അവരുടെ നില കുറച്ചു മെച്ചമായിരുന്നു എന്നു തോന്നുന്നു. സ്ത്രീകളെ കായികമായി പെട്ടന്നു കീഴ്‌പ്പെടുത്താന്‍ കഴിയുമെന്ന ചിന്തയിലാകാം... അതോ സ്ത്രി പ്രകൃതിയുടെ ബലഹീനത ആയതുകൊണ്ടാണോ...? എന്തായാലും ആ കപ്പലിലെ സ്ത്രികളേയും, കുട്ടികളേയും പുരുഷന്മാരുടെ ഒപ്പം പാര്‍പ്പിക്കതെ വേര്‍തിരിച്ചിരുന്നതായി പറയുന്നു. സ്ത്രീകളെ വിലങ്ങണിയിച്ചിരുന്നില്ല.പക്ഷേ അവര്‍ക്കതിന്റെ വില കൊടുക്കേണ്ടിയിരുന്നു.കപ്പലിലെ ജീവനക്കാര്‍ അവരെ മാറിമാറി ബലാല്‍സംഗം ചെയ്തു. ഒരു അടിമസ്ത്രിയുടെ ജീവിതം എന്തായിരിക്കണമെന്നും എന്തായിരിക്കും എന്നും അവര്‍ അറിയാന്‍ തുടങ്ങി. ഇവരാരും അവരുടെ ഇഷ്ടത്തിന് തടവിലായവരല്ല. ബലവാന്റെ കീഴ്‌പ്പെടുത്തലായിരുന്നു. കെണിയില്‍ പെട്ടവര്‍...ഇന്നലെവരെ സ്വന്തം ഇഷ്ടത്തിനു ജീവിച്ചവര്‍, പരിഷ്‌കാരികള്‍ എന്നു സ്വയം വിളിക്കുന്നവരുടെ, ആയുധങ്ങളുടെയും, കാപട്യത്തിന്റെയും ഇരകളായി, തലമുറകളുടെ തലയിലെഴുത്തു മാറ്റിമറിച്ചു. ജീവിതവും, രാജ്യവും നഷ്ടപ്പെട്ടു, യജമാനന്റെ കീഴിലെ വെറും മൃഗതുല്ല്യരായി...അല്ലെങ്കില്‍ അതിലും താഴെ... നോക്കു റീന... നമ്മുടെ വിധി എങ്ങനെ മാറ്റപ്പെട്ടു എന്ന്. എന്തിനേക്കള്‍ ഏറെ പണത്തെ സ്‌നേഹിച്ചവര്‍ നിഷ്‌ക്കളങ്കാരായ, പ്രകൃതിയെ സ്‌നേഹിച്ച്, പ്രകൃതിക്കൊപ്പം ജീവിച്ച നമ്മുടെ പൂര്‍വ്വികരെ എങ്ങനെ ചങ്ങലയില്‍ ബന്ധിച്ചുവെന്ന്…. പുതിയ അടിമവര്‍ഗ്ഗം അവരുടെ സൃഷ്ടിയാണ്.ഇരകളും വേട്ടക്കാരും തമ്മിലുള്ള യുദ്ധത്തിന്റെ ഒരു പോര്‍മുഖം അവിടെ നിന്നുമാണാരംഭിച്ചത്.
ആ കപ്പലില്‍ ഉണ്ടായിരുന്ന എല്ലാവരുടെയും ഉള്ളില്‍ പകയുടെ ഒരു പൊരിനീറാന്‍ തുടങ്ങിയിരുന്നു. പലരും ആഹാരം കഴിക്കാതെ പ്രതിക്ഷേധിച്ചു. മറ്റു ചിലര്‍ തങ്ങളുടെ പ്രതിക്ഷേധമത്രയും അവരുടെ കണ്ണുകളില്‍ പ്രതിഫലിപ്പിച്ച് വേട്ടക്കാരന്റെ നേരെ ചീറി. അങ്ങനെയുള്ളവരെ ചമ്മട്ടികൊണ്ടും, മൂര്‍ച്ചയുള്ള കുന്തമുനയാലും അവര്‍ നോവിച്ച് പട്ടിണിക്കിട്ടു. കൂട്ടിലടക്കപ്പെട്ട കിളി പുറത്തുകടക്കാനായി ആദ്യമൊക്കെ ശക്തിയോട് പറന്നുയരും. കൂടിനുള്ളില്‍ ചുറ്റും ചിറകടിച്ച് ഒരു പഴുതിനായി തിരയും. പക്ഷേ പഴുതുകളടച്ച കൂടിനുള്ളില്‍ തളര്‍ന്നു വീഴും. പിന്നേയും അതു ശ്രമിക്കും. അപ്പോള്‍ അതിന്റെ ശക്തി കുറഞ്ഞുകുറഞ്ഞുവരും. പിന്നെ അതു കൂടുമായി പൊരുത്തപ്പെടും. അതിനു പറക്കാവുന്ന പരുധിയെക്കുറിച്ചതിനു ബോദ്ധ്യം വരും. അതുപോലെ ആത്മാവില്‍ ബലം നഷ്ടപ്പെട്ട ഒത്തിരിപ്പേര്‍ തങ്ങളുടെ അടിമത്വത്തിനു സ്വയം കീഴടങ്ങി. എന്നാല്‍ അപ്പോഴും പ്രതിക്ഷേധത്തിന്റെ തീ ഉള്ളിലെരിഞ്ഞവരൊക്കെ തിന്നാതെയും കുടിക്കാതെയും, രോഗങ്ങളാലും, മുറിവുകളാലും ചത്തു. അവരെ കടലിനു കൊടുത്ത് മിച്ചമായ നൂറ്റിരണ്ട് പേരുമായി കപ്പല്‍ തീരം തേടി.