Image

വെറുമൊരോർമ്മ തൻ കുരുന്നു തൂവൽ - ബോബി ജോസ് കട്ടികാട് ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

Published on 21 January, 2024
വെറുമൊരോർമ്മ തൻ കുരുന്നു തൂവൽ - ബോബി ജോസ് കട്ടികാട് ( പുസ്തക പരിചയം : ഡോ. കുഞ്ഞമ്മ ജോർജ്ജ് )

'മനുഷ്യർ എത്ര നല്ലവരാണ് ' (വെറുമൊരോർമ്മതൻ കുരുന്നു തൂവൽ-
ബോബി ജോസ് കട്ടികാട് )
അറുപത്തി ഒന്നാമത്തെ
ചാപ്റ്റർ ആണ്.
മനുഷ്യർ എത്ര നല്ലവരാണ്.
ദുഃഖപ്പെട്ടിരുന്ന അപ്പനു വേണ്ടി ക്ലാസുകൾ എടുത്ത സേവ്യർ
സാറാണ് ഈ നല്ല മനുഷ്യൻ.
 ഹാജർ പുസ്തകത്തിൽ കയ്യൊപ്പ് ചാർ ത്തിപ്പിച്ച് വേതനം ഉറപ്പാക്കിയ മറ്റുചിലരും നല്ല മനുഷ്യരാണ്.
 ദേശത്തിൽ ഉണ്ടായിരുന്ന കലാകാരന്മാരെ കുറിച്ച് ഏറെ സംസാരങ്ങൾ കേൾക്കുന്നുണ്ടിതിൽ.
 "എന്തുകൊണ്ടാണ് മനുഷ്യൻ ഇങ്ങനെ ഉറക്കെ  സംസാരിക്കുന്നത് എന്ന ചെറിയ കാലത്തിലെ പ്രശ്നം ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.. ഉറക്കെ പറഞ്ഞില്ലെങ്കിൽ കേൾക്കാൻ പറ്റാത്ത വിധത്തിൽ അടുത്തിരിക്കുന്നവർ അകന്നു പോയി എന്നല്ലാതെ മറ്റൊന്നും വിശേഷാൽ അതിലില്ല. അത് പള്ളിയിൽ ആയാലും വീട്ടിൽ ആയാലും. ഒപ്പം ഒരു അടിസ്ഥാന വിനയത്തിന്റെ കുറവും ഉണ്ട്. " വെറുതെയങ്ങ് വായിച്ചാൽ മതി,
അർത്ഥം നമുക്ക് പിടുത്തം കിട്ടും..

ബോബി ജോസ് കാപുച്ചിന്റെ വെറുമൊരോർമ്മതൻ കുരുന്നു തൂവൽഎന്ന ഓർമകളിൽ നിന്നാണിത്. ഷൂസെ സരമാഗുവിന്റെ Small Memories ആണ്‌ ഈ കുരുന്നോർമ്മകൾക്ക് പ്രേരണ എന്ന അച്ചന്റെ                                            വെളിപ്പെടുത്തൽ.
ചെറുതെങ്കിലും ഷൂസേയുടെ  നല്ലൊരു പുസ്തകമാണത്. അല്ലെങ്കിലും അദ്ദേഹത്തിന്റെ ഏതു പുസ്തകമാണ് നല്ലതല്ലാത്തത്? ചെറുപ്രായത്തിൽ കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ല എന്ന ആരോപണം സ്മാൾ മെമ്മറീസ്
പങ്കുവെക്കുന്നുണ്ട്‌. തന്റെ എഴുപതാമത്തെ വയസ്സിൽ ഈ സ്മാൾ മെമ്മറീസ് കുറിയ്ക്കുമ്പോൾ ബാല്യത്തിൽ എന്നോ താൻ സവാരി ചെയ്യണമെന്നാഗ്രഹിച്ച് നടക്കാതെ പോയ ആ കുതിരപ്പുറത്തുനിന്ന് വീണ അയാൾ ഈ എഴുപതാം വയസ്സിലും ഞൊണ്ടി ഞൊണ്ടി നടക്കുകയാണ്. പലതും പറഞ്ഞ് അങ്ങ് പഠിപ്പിക്കാൻ പറ്റാത്ത ബാല്യം, അതീ സമകാലത്തിലും ഉണ്ടെന്നുള്ളതാണ് വെളിപ്പെട്ട് കിട്ടുന്ന ഒരു വലിയ സത്യം.തന്റെ അച്ഛന് പല അസംബന്ധ സ്വഭാവങ്ങളും ഉണ്ടായിരുന്നു എന്ന് സരമാഗു, എന്നാലും അദ്ദേഹത്തെ ഒരു മോശപ്പെട്ട മനുഷ്യനായി സരമാഗു കണ്ടിട്ടില്ല.. സരമാഗു എഴുതുന്നത് നോക്കൂ- "മുതിർന്നതിനുശേഷം അച്ഛൻ ഒരിക്കൽ എന്നോട് പറഞ്ഞു, നീ എന്നും ഒരു നല്ല പുത്രനായിരുന്നു.. ആ മുഹൂർത്തത്തിൽ ഞാൻ അദ്ദേഹത്തിന്റെ എല്ലാ തെറ്റുകളും ക്ഷമിച്ചു".
   

"Memories are the threads that stitch
   together the fabric of our lives "(Bitter Sweet Memories )

മാസത്തിൽ ഒന്നോ രണ്ടോ ദിവസം  കോട്ടയം DcB യിലും മാതൃഭൂമിയിലും ഒക്കെ കറങ്ങി നടക്കല് എന്റെ പതിവാണ്.. പുതിയ Arrivals, അതാണ് ടാർജറ്റ്. ഇംഗ്ലീഷ് പുസ്തകങ്ങൾക്കിടയിലും ഒരു തിരച്ചിൽ ഉണ്ട്.. ഏറ്റവും കൂടുതൽ ബുക്ക് പർച്ചേസ് ചെയ്യുന്ന ആൾ എന്ന നിലയിൽ എന്നെ ഈ രണ്ടു കൂട്ടർക്കും പരിചയമാണ്.. വായനദിനത്തിൽ ദീപം തെളിയ്ക്കുവാനൊക്കെ വിളിക്കും...

ഡി.സി ബുക്സിൽ എത്തിയത് രാവിലെയാണ്. പുതിയവയുടെ ബുക്ക് സ്റ്റാൻഡിൽ പുതിയതൊന്നും കണ്ടില്ല.. ബോബി അച്ച ന്റെ കുരുന്നോർമ്മകൾ വന്നില്ലേ?
"ഇവിടെ വെച്ചിരുന്നതാ, ഇപ്പോ ഒരാൾ പത്തെണ്ണം വാങ്ങി പോയി". പത്തെണ്ണമോ!! ഞാൻ കണ്ണുമിഴിച്ചു. ഡോക്ടർ ഇരിക്കൂ അയാൾ എനിക്ക് കസേര ഇട്ടു തന്നു. ഇപ്പോൾ കൊണ്ടുവരാം. ഒരു കുഞ്ഞൻ ബുക്കിനെ കാത്തിരുന്ന എന്റെ കയ്യിലേക്ക് 275 പേജുകളുള്ള ഒരു വമ്പൻ പുസ്തകം.!. പുറത്ത് അച്ചന്റെ അത്ര പഴയതല്ലാത്ത ഒരു ചിത്രം.. ബ്ലർബിൽ വി.ജി.തമ്പി. അവസാന വാചകം ശ്രദ്ധിച്ചു. "നഷ്ടപ്പെട്ടുപോയ നമ്മുടെ നിഷ്കളങ്കതയിലേക്കുള്ള ഒരു മടക്കയാത്രയാണിത് " ..
 

കാര്യങ്ങൾ നമുക്ക് എളുപ്പം പിടികിട്ടും. മിക്കവയും  നേരത്തെ എഫ്ബിയിൽ വായിച്ചതാണ്. ജിമ്മി ചേട്ടനാണ് സമർപ്പണം, അതുവേണ്ടതുതന്നെ.
പെട്ടെന്നൊന്ന് സ്ക്രോൾ ചെയ്തു നോക്കി. 95 അധ്യായങ്ങളാണ്. അതിലധികം ചിത്രങ്ങളുണ്ട്. നല്ല സ്പേസിങ്ങിൽ  ചെറിയ ചെറിയ വരികൾ.റീഡബിലിറ്റി- 200%.സംഗീത് ബാലചന്ദ്രന്റെ പടങ്ങൾ അപാരം തന്നെ.. ബിഗ് സല്യൂട്ട് ഫോർ ഹിം.
 

എല്ലാ അധ്യായത്തിനും മേൽ മഹത്തുക്കളുടെ മഹത്വചനങ്ങൾ ഉണ്ട്.
 നൂറെണ്ണത്തിൽ ഒരു 30 ഒക്കെ നമുക്ക്              പിടുത്തം കിട്ടുന്നുണ്ട്.. പണ്ടായിരുന്നെങ്കിൽ ബാക്കി                            അന്വേഷിച്ച് നടന്നേനെ.
 ഇനി അതിനൊരു ബാല്യം ബാക്കിയില്ല.
 കുട്ടികളും യുവാക്കളും ഒക്കെ നോക്കട്ടെ. ഓർമ്മ എഴുത്തുകൾക്ക് അവർക്കും ഇത് സഹായകമായേക്കാം.
 

പിറവിയിലാണ് തുടക്കം.  കുഞ്ഞുങ്ങളെ എല്ലാം കൈകളിലേക്ക് ഏറ്റുവാങ്ങിയ കുട്ടിമാമ എന്ന ദേശത്തിന്റെ സൂതികർമ്മിണിയിൽ നമുക്ക് പിടുത്തം കിട്ടുന്ന തരത്തിലുള്ള
 വിശേഷണങ്ങൾ ഒക്കെ വന്നു ചേർന്നിട്ടുണ്ട്.. സേതുവിന്റെ നിയോഗത്തിലെ കാർത്തു അമ്മയും, ഫറോവയുടെ നിയമം തെറ്റിച്ച് ആൺകുട്ടികളെ കൊല്ലാതെ വിടുന്ന സൂതികർമണിമാരും വല്ലാതെ തിളങ്ങുന്നുണ്ട്.

അവസാനത്തെ ചാപ്റ്റർ 'അല ഒടുങ്ങിയ' കടൽക്കരയാണ്.                       അതെന്നെ വല്ലാതെ മോഹിപ്പിക്കുന്നുണ്ട്. പരിണാമങ്ങൾ ഉണ്ടായതെല്ലാം കട പുറത്ത് വച്ചാണ്. ഇന്ന് നമുക്കും അതു പിടുത്തം കിട്ടി. ജീവിതം ഇതല്ല, ഇതല്ല എന്ന് കടലിനു  മുകളിലെ ആകാശ നക്ഷത്രങ്ങൾ  അയാൾക്കു പറഞ്ഞു കൊടുക്കുന്നു. പുറത്ത് കടക്കുവാൻ ഉള്ള വഴി കാണിച്ചു കൊടുത്ത ഫ്രാൻസിസ് പുണ്യവാളനെ നമ്മളും കാണുന്നു.. ആ കടും തവിട്ട് ഉടുപ്പിനോടും വെളുത്ത ചരടിനോടുമുള്ള ആകർഷണം എപ്പോഴും ഉണ്ടായിരുന്നു. ഇപ്പോഴും. അതൊരു ധൈര്യം പറച്ചിലാണെന്ന് നമുക്ക് പിടികിട്ടും. അത് അങ്ങനെയാകട്ടെ എന്ന് എന്റെ ഉള്ളും പിടയുന്നു.. ഏതോ അപരിചിത ദേശങ്ങളിലെ നാടോടികൾക്ക് ഉതകുന്ന വേഷപ്പകർച്ച എന്നു മാത്രമേ അദ്ദേഹം ഇതിനെ കാണുന്നുള്ളൂ..

ഇടയിലുള്ള അധ്യായങ്ങളിൽ, അപ്പൂപ്പനും അമ്മൂമ്മയും അമ്മായിയും, അപ്പച്ചനും അമ്മയും സഹോദരങ്ങളും, സുഹൃത്തുക്കളും, ദേശത്തിലെ എല്ലാത്തരം കലാകാരന്മാരും ഓർമ്മയിലൂടെ വെറുതെ അങ്ങ് പാഞ്ഞു പോവുകയല്ല. ചെറിയ ചെറിയ വരികളിൽ അവരെ കുറിച്ചുള്ള വലിയ ഓർമ്മകളാണ്എഴുതിയിരിക്കുന്നത്.                കൂടെ സ്വന്തം സംശയങ്ങൾ, ആകാംക്ഷകൾ, ബാല്യത്തിലെ ചില മുറിവുകൾ ഒപ്പം ഹർഷങ്ങളും ഇതിൽ ചേർത്തു വച്ചിരിക്കുന്നു.
കന്നാരം ചക്ക തിന്ന് നീല നിറമായി പോയ 'കുഞ്ഞനോട് ' വീട്ടിലെ          അമ്മായിക്ക് വലിയകരുതലാണ്.,'കുഞ്ഞനൊരുത്തൻ കഴിക്കാതിരിക്കണ നെറികേട് ' പറഞ്ഞ് അമ്മായി മറ്റുള്ളവരുടെ വായ അടപ്പിച്ചു.. പിന്നെ ആ വീട്ടിൽ കൈതച്ചക്ക  മുറിച്ചിട്ടില്ല..അന്ന് നീലിച്ചു നീലിച്ചു അങ്ങു പോയിരുന്നെങ്കിലോ? ഈ വാക്കുകളും, ഭാഷണവും എങ്ങനെ കിട്ടും നമുക്ക്!! പ്രത്യേകം കരുതലും വാത്സല്യവും ലഭിച്ച മുന്തിരിത്തോട്ടത്തിലെ അത്തിയായി കുഞ്ഞൻ പിന്നെ പലപ്പോഴും സ്വയം                      ആരോഹിതനായി...
 കുഞ്ഞൻ   ഒരിക്കൽ ചാപ്രയിൽ പോയി അവിടുത്തെ കാഴ്ച കാണാൻ.. പരവതാനി വെട്ടി മിനുക്കിയിരുന്ന  ഒരു ചേട്ടൻ കുഞ്ഞന്റെ  മുടി ഒരണ വട്ടത്തിൽ വെട്ടിക്കളഞ്ഞു.  എന്നിട്ട് വെട്ടിയ ചേട്ടൻ ഇരുന്ന് ചിരിക്കുകയാണ്.. അതൊരു അപമാനമായി കുഞ്ഞന് തോന്നിയെങ്കിലും കുഞ്ഞൻ ചേട്ടനെ ഒന്നും ചെയ്തില്ല.. പകരം തല മൊട്ടയടിക്കാം എന്ന്  കരുതി. എന്നാൽ ബാർബർ ഒരു 'നേവി കട്ടിൽ '   അതങ്ങ് ശരിയാക്കി. വായിച്ചപ്പോൾ എനിക്ക് കുടഞ്ഞിട്ട് ചിരിക്കാൻ ആണ് തോന്നിയത്. ചേട്ടനെന്തോ പ്രവചന വരം കിട്ടിയിട്ടുണ്ട്...പരിസരബോധം, ഞാൻ DcB യിൽ ആയതിനാൽ ഊറിച്ചി രിയിലായിപ്പോയി അത്.. തുമ്പോളിയിലെ ആൺകുട്ടികളൊക്കെ പാവങ്ങൾ ആയിരുന്നു. ഞങ്ങളുടെ പാലായിലെ ഗ്രാമങ്ങളിൽ ഒക്കെ ആയിരുന്നെങ്കിൽ ചേട്ടനെ അന്നേ അവസാനിപ്പിച്ചേനെ.. കമലഹാസന്റെ ലുക്ക് ഉണ്ടെന്നു പറഞ്ഞതിലേ നിഷ്കളങ്കത മനസ്സിലാവാത്ത ബെന്നി ചുമലിൽ അടിച്ചഅടി.  എത്ര അടിയാ അവൻഅടിച്ചത്...ഞാൻ വായിച്ചു ഞെട്ടിപ്പോയി..പാവം എന്നിട്ടും തിരിച്ചൊന്നു കൊടുത്തില്ല.. അതാ ഈ പുസ്തകം വായിക്കുമ്പോൾ എനിക്ക് ചിലപ്പോൾ സങ്കടം വരുന്നത്.... ചിലപ്പോൾ  കായേനെപ്പോലെ ഒരാളെയും നീതീകരിക്കുന്നുണ്ട് കുഞ്ഞു ബോബി ഇതിൽ. ബോർഹസ്സാണ് ചൂണ്ടുപലക..പ്രതിക്കും ഒറ്റുകാരനും ഒക്കെ ചിലത് പറയാനുണ്ടെന്ന് എനിക്കും തോന്നാറുണ്ട്..

ജിമ്മിച്ചേട്ടന്റെ പല സമയങ്ങളിലെ ഇടപെടൽ സങ്കടത്തോടെയാണ് ഞാൻ വായിച്ചത്. കിളുന്നു പ്രായത്തിൽ സെമിനാരിയിൽ പോകുമ്പോൾ ഏറ്റവും മൂത്ത ചേട്ടൻ ജിമ്മി ചേട്ടനാണ് കൂടെ പോയത്. കൈകൾക്കുമേൽ കൈകൾ വച്ച് സ്നേഹം തടവിയ ചേട്ടന്റെ കൈകൾ. പിന്നീട് ഒരിക്കൽ ആ വിരലുകൾ അനിയന്റെ വിരലുകൾക്കിടയിൽ പിണഞ്ഞുനിന്നു..
നെഞ്ചിനുള്ളിൽ ഓർമ്മകൾ രണ്ടാമത്തെ ഹൃദയം പോലെ ഇടിക്കുന്നത് ഇപ്പോൾ എന്റെ ഉള്ളിലും കേൾക്കാം..
ഇത്രയ്ക്ക് മതി..
"ഞാൻ വീണ്ടും കടപ്പുറത്തേക്ക് മടങ്ങുന്നു.
 മേഘങ്ങളെ നോക്കി കിടക്കുന്നു.
 ഇല്ല ആ ശബ്ദം നിലച്ചിട്ടില്ല
 കുറേക്കൂടി തിടം വച്ചിട്ടുണ്ട്
 ഇതല്ല ജീവിതം ഇതല്ല ജീവിതം"
 ഞാൻ പുസ്തകം അടച്ചു വയ്ക്കുന്നു
 ബുക്ക് തിരികെ ഏൽപ്പിക്കുന്നു.
 

ഡി.സി ബുക്സിൽ നിന്നും വെളിയിലേക്ക്.
" ഡോക്ടർ ബുക്കു വാങ്ങുന്നില്ലേ?
പിന്നിൽ നിന്നൊരു ചോദ്യം.
ഇല്ല, ഞാൻ വായിച്ചു കഴിഞ്ഞു

വെറും രണ്ടു മണിക്കൂർ!
എല്ലാം ബൈഹാർട്ട് ആണ്".

അവരെന്നെ മിഴിച്ചു നോക്കി.
എന്തോ കാറ്റുവീശിയ പോലെ ഞാൻ പറഞ്ഞു.
അതിങ്ങു തന്നോളൂ,  കൊച്ചുമക്കൾ ആമിക്കുട്ടി, ചാക്കോച്ചൻ. അവർക്ക് വായിക്കേണ്ടേ.  

പിന്നെ എങ്ങാനും ഞാൻ മറന്നു പോയാലോ അതിലെ ചില വരികൾ.. ചില വാക്കുകൾ
 പീലാസ് മകൻ പോലെ ചിലത്

നിമ്മിയുടെ ഇല്ലാത്ത ഇടത്തെ കൈപ്പത്തി                                                         
പതിരിഞ്ഞപ്പൻ എന്ന ഞങ്ങളുടെ നാട്ടിലെ തല തൊട്ടപ്പൻ                                            
നിനക്കെന്താ ഇത്ര സങ്കടം എന്ന്  എന്നോട് ആരും ചോദിക്കരുത്.
എന്തു സങ്കടം ഒന്നുമില്ല, എന്നു പറഞ്ഞു തിരിഞ്ഞു നോക്കി പറയാൻ      എനിക്കൊരു ശിമയോൻ ഇല്ല ..അവളും.                                       

സ്വകാര്യതയിൽ ഈ പുസ്തകത്തെയും ഇതിലെ നർമവും , കുറുമ്പും,നിഷ്‌ക്കളങ്കതയും സ്നേഹമിറ്റുന്ന  ഓർമകളും നമുക്കായി സൂക്ഷിച്ചു വച്ച ആ കുരുന്നു ഹൃദയത്തെയും ഞാൻ സാധ്യമായ എല്ലാ വിശുദ്ധിയോടും കൂടി  ഉമ്മ വയ്ക്കുന്നു.

ഭാരം കുറഞ്ഞ തൂവൽ പോലെ ജീവിക്കാൻ.. വായിക്കൂ,                           ഒരാൾ ഹൃദയത്തിൽ നിന്ന് ഓർത്തെടുത്ത കുരുന്നോർമ്മകൾ.

ആമ്മേൻ!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക