Image

ആജ്ഞാപിക്കലല്ല അഭ്യര്‍ത്ഥിക്കലാണ് കൂടുതല്‍ ജനകീയം (സുരേന്ദ്രന്‍ നായര്‍)

Published on 21 January, 2024
ആജ്ഞാപിക്കലല്ല അഭ്യര്‍ത്ഥിക്കലാണ് കൂടുതല്‍ ജനകീയം (സുരേന്ദ്രന്‍ നായര്‍)

അമേരിക്കയില്‍ ദേശീയമായും നഗര കേന്ദ്രികൃതങ്ങളായും പ്രവര്‍ത്തിക്കുന്ന ഇരുന്നൂറോളം മലയാളി കൂട്ടായ്മകള്‍ ഉണ്ടെന്നാണ് മനസ്സിലാക്കുന്നത്. മലയാളികള്‍ ഒന്നാകാന്‍വേണ്ടിതുടങ്ങുന്ന പല സംഘടനകളും പിന്നെ രണ്ടായും ചിലയിടങ്ങളില്‍ മൂന്നായും തെറ്റിപ്പിരിഞ്ഞു പരസ്പരം പുലഭ്യം വിളമ്പി അപഹാസ്യരാകുന്നതും അപൂര്‍വമല്ല. ഭാഷ,സംസ്‌കാരം,വിശ്വാസംതുടങ്ങിയ വിരഹോത്കണ്ഠകളാണ് പ്രവാസിമലയാളികളെ സംഘം ചേരാന്‍ പ്രേരിപ്പിക്കുന്നത്.സംഘങ്ങള്‍ സംഘടനകളായി മാറുമ്പോള്‍അധികാര സ്ഥാനങ്ങള്‍ രൂപപ്പെടുന്നു.ആള്‍ബലവുംധനാഗമനവും ഉയരുന്നതനുസരിച്ചു അധികാരത്തിനു ആകര്‍ഷകത്വവും വര്‍ദ്ധിക്കുന്നു.അത്തരം ആകര്‍ഷ സ്ഥാനങ്ങളിലെത്താന്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങളും ലഭ്യമായസ്ഥാനങ്ങള്‍ ഉപയോഗിക്കുന്ന രീതികളുമാണ്പലപ്പോഴും ഒന്നായതിനെ പലതായി ഭിന്നിപ്പിക്കാന്‍കാരണമാകുന്നത്.
                              
അധികാരസ്ഥാന  നിര്‍ണ്ണയത്തില്‍ കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍എന്ന രാജഭരണ സംവിധാനം മുതല്‍പരിശോധിക്കുമ്പോള്‍ താരതമ്യേന പോരായ്മകള്‍കുറഞ്ഞത് ജനാധിപത്യരീതി തന്നെയാണ്. അതുകൊണ്ടു തന്നെ ഭൂരിപക്ഷ രാഷ്ട്രങ്ങളുംസംഘടനകളും ആ രീതിയെ പിന്‍പറ്റുകയുംചെയ്യുന്നു. ഇവിടെ പ്രതിപാദിക്കുന്ന സംഘടനകളില്‍ ഈ ജനാധിപത്യ ബോധംഏതളവുവരെ സംരക്ഷിക്കപ്പെടുന്നു എന്നത്പരിശോധിക്കപ്പെടേണ്ടതാണ്.

വിശ്വവിഖ്യാതരായ പല ചിന്തകന്മാരും ജനാധിപത്യത്തിന് ഭാഷ്യം രചിച്ചിട്ടുണ്ട്. അമേരിക്കയുടെ പതിനാറാമത്തെ പ്രസിഡന്റും രാഷ്ട്ര മീമാംസ വിദഗ്ധനുമായിരുന്ന എബ്രഹാം ലിങ്കന്റെ ഉദ്ദരണികളാണ്  രാജ്യ ഭരണത്തിനായി പലരും മാതൃകയാകുന്നത്. എന്നാല്‍ സംഘടനകളിലേക്ക് നോക്കിയാല്‍ അമേരിക്കയിലെ തന്നെ മറ്റൊരു സാമൂഹ്യ ശാസ്ത്രജ്ഞനായിരുന്ന ആന്‍ഡ്രൂ യുങ് പറയുന്ന, സത്യസന്ധതയില്ലെങ്കില്‍ ജനാധിപത്യം ഇല്ല, വിവാദങ്ങള്‍ ഉണ്ടായില്ലെങ്കില്‍ സത്യം വെളിച്ചം കാണില്ല, എന്നീ മൊഴിമാറ്റം ചെയ്യപ്പെട്ട വാക്യങ്ങളും പ്‌ളേറ്റോ ചൂണ്ടിക്കാണിച്ച, ലോകത്തിലെ ഏറ്റവും ആകര്‍ഷകമായ ഭരണ സംവിധാനം ജനാധിപത്യമാണെങ്കിലും അതെപ്പോഴും ഏകാധിപത്യത്തിലേക്കും സേച്ഛാധിപത്യത്തിലെക്കും വഴുതി വീഴാമെന്ന സാധ്യതയുമാണ് കൂടുതല്‍ പ്രസക്തം.
                       
യുങ് നിഷ്‌കര്‍ഷിച്ച  സത്യസന്ധത അധികാര സമ്പാദനത്തിന്റെ വഴികളിലും ലബ്ധമായ അധികാരം കൈകാര്യം ചെയ്യുന്നതിലും എത്ര സംഘടന നേതാക്കള്‍ പുലര്‍ത്തുന്നുവെന്നു ആത്മപരിശോധന നടത്തുന്നത് ഉചിതമായിരിക്കും. ലക്ഷ്യത്തോളം പ്രാധാന്യം മാര്‍ഗ്ഗത്തിനുമുണ്ടെന്നു ഉറക്കെ പറഞ്ഞ മഹാത്മാ ഗാന്ധിയുടെ നാട്ടില്‍ നിന്നും കുടിയേറിയവരില്‍ ഹിതമല്ലാത്ത മാര്‍ഗ്ഗം സ്വീകരിച്ചു അധികാരം നേടിയവര്‍ക്കും അവര്‍ക്കു കുട പിടിക്കുന്നവര്‍ക്കും സ്വയം വിലയിരുത്താനും തിരുത്താനും ചിലപ്പോള്‍ കഴിഞ്ഞേക്കാം. ഹിതമോ അവിഹിതമോ ആയ മാര്‍ഗ്ഗങ്ങളില്‍ കുടി ധനം സമ്പാദിച്ചു ജീവിതത്തിന്റെ സായം കാലത്തില്‍ എത്തിയവര്‍ സമ്പാദ്യത്തിന്റെ ഒരു വിഹിതം വിനിയോഗിച്ചു കൃത്രിമ വോട്ടര്‍മാരെ സൃഷ്ടിച്ചു അധികാരം ഉറപ്പിക്കുമ്പോള്‍ മരണം വരിക്കുന്നതു യുങ് എന്ന ചിന്തകന്‍ പറഞ്ഞ സത്യസന്ധതയും ഗാന്ധിജി ഉയര്‍ത്തിയ ധാര്‍മ്മികതയുമാണ്. വ്യവസായികളാണെന്ന അവകാശവുമായി എത്തുന്ന വെറും വ്യാപാരികള്‍ കരസ്ഥമാക്കുന്ന അധികാര സ്ഥാനങ്ങള്‍ ലാഭ സമ്പാദനത്തിനായി വിനിയോഗിക്കുന്നതും സാധാരണ സംഭവം. വ്യാപാരിയെയും വ്യവസായിയെയും തിരിച്ചറിയാന്‍ സാധാരണക്കാരന് കഴിയുന്നില്ല. അവരുടെ അധ്വാനത്തിന്റെ വിഹിതവും ഫെഡറല്‍ നികുതിയുടെ ഭാഗവും സമര്‍ത്ഥമായി നേതാക്കളുടെ കീശയിലെത്തുന്നു.
                   
തൊഴില്‍ രംഗത്തെ സ്വന്തം മികവും വ്യക്തിപരമായ സവിശേഷതയും കാരണം അധികാരം സിദ്ധിക്കുന്ന ചിലരും അറിഞ്ഞോ അറിയാതെയോ സംഘടനകളുടെ സംഘ ചേതനക്കു കോട്ടം വരുത്താറുണ്ട്. ജനാധിപത്യ ബോധത്തിന്റെ അഭാവമാണ് ഇത്തരക്കാര്‍ക്ക് പ്രതിബന്ധമാകുന്നത്. എതിര്‍ ശബ്ദങ്ങള്‍ക്ക് അവസരമുണ്ടാകുന്നതും സംവാദങ്ങള്‍ക്ക് സാധ്യത തെളിയുന്നതുമാണ് ജനാധിപത്യത്തിന്റെ സൗന്ദര്യം. സൗന്ദര്യ ദര്‍ശനവും ആസ്വാദനവും ഓരോ ആളും സ്വാംശീകരിച്ചിരിക്കുന്ന സര്‍ഗ്ഗാത്മകതയെ ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. തന്റെ വീക്ഷണത്തെ തങ്ങളുടെ വീക്ഷണമാക്കി മാറ്റാനും ഞാന്‍ എന്നതിനെ ഞങ്ങള്‍ എന്ന് തിരുത്തി പറയാനും കഴിയുന്ന സംഘടനാ ബോധമാണ് മികവിന്റെ സൂചനയാകുന്നത്. ഭിന്നിപ്പിന്റെ ഉന്നങ്ങളെ നിഷ്പ്രഭമാക്കാന്‍ യോജിപ്പിന്റെയും സഹനത്തിന്റെയും സഹവര്‍ത്തിത്വം സഹായിക്കുമെന്ന് ചരിത്രം പഠിപ്പിക്കുന്നു.
              
അനന്തമായ സാധ്യതകളും സംഘടനാസ്വാതന്ത്ര്യവും ഉറപ്പുനല്‍കുന്ന ഈ സ്വപ്ന ഭൂമിയില്‍ ഇന്ത്യയിലെ ഇതര സംസ്ഥാന ഭാഷാസംഘടനകളോടൊപ്പം എത്താന്‍ കഴിഞ്ഞില്ലെങ്കിലും മലയാളിയെയും മലയാളത്തെയും സഹായിക്കാനും അവര്‍ക്കു സൗഹൃദം പങ്കുവെക്കാനും മലയാളിസംഘടനകള്‍ നിലനില്‍ക്കുക തന്നെ വേണം.അവരുടെ നേതാക്കളില്‍  ആജ്ഞാപിക്കുന്നതിനേക്കാളും അഭ്യര്‍ത്ഥിക്കുന്നവനാണ് കൂടുതല്‍ ജനകീയനാകുന്നത്. 

Join WhatsApp News
G. Puthenkurish 2024-01-21 14:42:30
“There are three essentials to leadership: humility, clarity and courage." —Chan Master Fuchan Yuan എന്താണ് സംഘടനകൾക്ക് വേണ്ടതെന്ന് ഒരു വ്യക്തതയില്ല . അഭ്യർത്ഥന ഹ്യൂമിലിറ്റിയുടെ ഭാഗമാണ്; അതും കാണുന്നില്ല മേല്പറഞ്ഞവ ഇല്ലാത്തവർക്ക് കറേജ് ഉണ്ടാകുന്നതിൽ അതുഭുതപ്പെടാനുമില്ല. Good read.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക