അധികാരമേറ്റു ആദ്യം ഇന്ത്യ സന്ദർശിക്കുക എന്ന പതിവ് കാറ്റിൽ പറത്തി ചൈനയിൽ പോയതുകൊണ്ട് മാലദ്വീപ് പ്രസിഡന്റിന് നേട്ടമോ കോട്ടമോ? ഇന്ത്യയെ കെട്ടുകെട്ടിക്കും എന്ന് വീരവാദംമുഴക്കി പോയി വന്ന മഹമ്മദ് മുയിസു മാർച്ച് 15നു മുമ്പ് ഇന്ത്യൻ സൈന്യം നാടുവിട്ടുകൊള്ളണമെന്ന ആവശ്യം വീണ്ടും ഉന്നയിച്ചു.
2010 ലെ ഉഭയകക്ഷികരാർ പ്രകാരം മാലദ്വീപ് സൈന്യത്തിന് പരിശീലനം നൽക്കാനും മറ്റുമായി 88 ഇന്ത്യൻ പടയാളികളേ അവിടുള്ളൂ. അവർ ആ നാട്ടിന് എങ്ങനെ ഭീഷണിയാകുമെന്നാണ് ആദ്യത്തെ ചോദ്യം. ഇന്ത്യ സൗജന്യമായി നൽകിയ രണ്ടു ധ്രുവ് ഹെലികോപ്റ്ററുകൾ തിരികെ അയക്കുമോ എന്ന് വ്യക്തമായിട്ടില്ല.
1970കളിൽ ലോകത്തിലെ ഏറ്റവും ദരിദ്രരാഷ്ട്രങ്ങളിൽ ഒന്നായിരുന്നു മാലദ്വീപ്. മൽസ്യബന്ധനം മാത്രം ശരണം. ടൂറിസത്തിലേക്കു ശ്രദ്ധ തിരി ച്ചതോടെ മട്ടു മാറി. ടൂറിസമാണ് ഇന്നു രാജ്യത്തിന്റെ മുഖ്യവരുമാന മാർഗം. വാട്ടർ വില്ലകൾ ഉൾപ്പെടെ നൂറ്റമ്പതോളം റിസോർട്ടുകൾ. ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്.
ലക്ഷദ്വീപ് തലസ്ഥാനം കവരത്തി
2023ൽ 2,09198 ഇന്ത്യക്കാർ മാലദ്വീപ് സന്ദർശിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. ഇന്ത്യയിലെത്തിയ വിദേശ സഞ്ചാരികളിൽ 1.7 ശതമാനം പേർ മാലദ്വീപുകാരായിരുന്നു. അതിൽ 85.8 ശതമാനവും ആശുപത്രികളിൽ പ്രത്യേകിച്ച് കേരളത്തിലെ സൂപ്പർ സ്പെഷ്യാൽറ്റി ആശുപത്രികളിൽ ചികിത്സക്ക് എത്തിയവർ.
ടൂറിസം കൊണ്ട് കഴിഞ്ഞവർഷം 6.977 ബില്യൺ ഡോളറിന്റെ വരുമാനമാണ് മാലദ്വീപ് ഉണ്ടാക്കിയിട്ടുള്ളത്. അവരുടെ പ്രതിശീർഷ വരുമാനം 37,093 ഡോളർ. കേരളത്തിന്റെ മൊത്ത വരുമാനം 140 ബില്യൺ ഡോളർ. പ്രതിശീർഷ വരുമാനം 4100 ഡോളർ.
കവരത്തിയിൽ ടൂറിസ്റ്റുകൾ
തെരഞ്ഞെടുപ്പുകളിൽ വിധി മാറിമറിഞ്ഞു വരാം. ഇന്ത്യയോട് അടുപ്പമുള്ള ഇബ്രാഹിം സോളിത്തിനെ തോൽപ്പിച്ചുകൊണ്ടാണ് ആറുമാസം മുമ്പ് മുയിസു അധികാരത്തിൽ എത്തിയത്. മതിയായ ഭൂരിപക്ഷം കിട്ടാതെ വന്നതിനാൽ രണ്ടാം വോട്ടെടുപ്പിൽ 54 ശതമാനം പിന്തുണ നേടി കഷ്ട്ടിച്ചു കടന്നു കൂടി.
ടൂറിസം വികസനത്തിന് ചൈനയിൽ നിന്ന് അഞ്ചുകോടി ഡോളറിന്റെ സഹായം നേടിയ മുയിസു, കൂടുതൽ ചൈനക്കാരെ അയ ക്കണമെന്നു അഭ്യർത്ഥിക്കുകയും ചെയ്തു. ഇപ്പോൾ ഇന്ത്യക്കാർ ക ഴിഞ്ഞാൽ അവിടെ എത്തുന്ന ഏറ്റവും കൂടുതൽ പേർ റഷ്യയിൽ നിന്നാണ്. മൂന്നാം സ്ഥാനമാണ് ചൈനക്ക്.
ബംഗാരം ദ്വീപിലെ റിസോർട്
കൊച്ചിയോട് 750 കി മീ അടുത്തുകിടക്കുന്ന മാലദ്വീപിലേക്കു ഇന്ത്യയിൽ നിന്നല്ലാതെ 5830 കിമീ അകലെ കിടക്കുന്ന ചൈനയിൽ നിന്ന് ടൂറിസ്റ്റുകൾ എത്തണമെന്ന് നിർദേശിക്കുന്നത് തന്നെ വിചിത്രമാണ്. മാലദ്വീപിൽ കിട്ടുന്നതെല്ലാം തൊട്ടടുത്ത് കിടക്കുന്ന വിയറ്റ്നാമിലും തായ്ലണ്ടിലും മലേഷ്യയിലും സിംഗപ്പൂരിലും കിട്ടാവുന്നതേയുള്ളു. മാത്രവുമല്ല വിയറ്റ്നാമുമായുണ്ടായിരുന്ന ശത്രുത അവസാനിപ്പിച്ച് അവരെ ആലിംഗനം ചെയ്തു തുടങ്ങിയത് അടുത്തനാളിലാണ്.
രാഷ് ട്രീയമാണ് പ്രധാനപെട്ട മറ്റൊരു കാരണം. അതിർത്തിതർക്കം തുടരുകയും സാമ്പത്തിക രംഗത്ത്കൊടും മത്സരം നടത്തുകയും ചെയ്യുന്ന കാലയളവിൽ ഇന്ത്യയുടെ പിന്നാമ്പുറത്തു ഒരു ചങ്ങാതിയെ സൃഷ്ട്ടിക്കുക ചൈനക്ക് തികച്ചും അഭികാമ്യമായ കാര്യം. പാക്കിസ്ഥാനോടും ബംഗ്ളദേശിനോടും മ്യാന്മാറിനോടും ശ്രീലങ്കയോടുമുള്ള ചൈനയുടെ സമീപനം ഏവർക്കും അറിയാവുന്നതാണ്. .
അഗത്തി വിമാനത്താവളം
ഗവർമെന്റിന്റ പൂർണ സാമ്പത്തിക പിന്തുണയോടെയാണ് മാലദ്വീപുകാർ ഇന്ത്യയിൽ ചികിത്സക്ക് എത്തുന്നത്. ആ സൗജന്യം യുഎഇ, തായ് ലാൻഡ് എന്നീ രജ്ജ്യങ്ങളിക്ക് വ്യാപിപ്പിക്കാൻ അടുത്ത ദിവസം തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യക്കു പകരം യൂറോപ്പിൽ നിന്നും മറ്റും മരുന്നുകളും അരിയും പയറും ഉപ്പും മുളകുമെല്ലാം ഇനി ഇറക്കുമതി ചെയ്യുമത്രേ.
പുതിയ ഹോട്ടലുകളും എയർപോർട്ടുകളുമായി ലക്ഷദ്വീപിനെ വികസിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കമാണത്രെ മാലദ്വീപിനെ ചൊടിപ്പിച്ച മറ്റൊരു കാരണം.
വലിപ്പത്തിന്റെ കാര്യത്തിൽ മാലദ്വീപും ലക്ഷദീപും തമ്മിൽ അജഗജാന്തരമുണ്ട്. മാലദ്വീപിൽ 1192 ദീപുകളുണ്ട്. ജനവാസമുള്ളതു 187 എണ്ണത്തിൽ. ആകെ വിസ് തീർണം 298 ചകിമീ. ജനസംഖ്യ 5.21 ലക്ഷം.
പുതിയ എയർപോർട് വരുന്ന മിനിക്കോയി
ലക്ഷ ദ്വീപിൽ 36 ദ്വീപുകൾ, ജനവാസം പത്തെണ്ണത്തിൽ മാത്രം. ആകെ വിസ്തീർണം 32 ചകിമീ. ജനസംഖ്യ 68,500. യൂറോപ്പിൽ നിന്ന് ഗൾഫ് വഴി അറബിക്കടലും ഇന്ത്യൻ മഹാസമുദ്രവും താണ്ടി ഏഷ്യാ പസഫിക്കിലേക്കുള്ള കപ്പൽ ചാലിലാണ് രണ്ടു ദ്വീപസമൂഹവും സ്ഥിതിചെയ്യുന്നത്. തന്മൂലം അതീവ തന്ത്രപ്രധാനം.
കേരളത്തോട് അടുത്തു കിടക്കുന്നതിനാൽ കൊച്ചിയിൽ നിന്നാണ് ലക്ഷദ്വീപിലേക്കുള്ള യാത്ര സൗകര്യം ഏറെയുള്ളത്. യാത്രാകപ്പലുകളും വിമാനങ്ങളും പോകുന്നു. തലസ്ഥാനമായ കവരത്തിക്കുസമീപമുള്ള അഗത്തിയിൽ പ്രൊപ്പല്ലർ വിമാനങ്ങൾ ഇറങ്ങാനുള്ള റൺവേയേ ഇപ്പോഴുള്ളൂ.
മാലെ നഗരം; ഇന്ദിരാഗാന്ധി ഹോസ്പിറ്റൽ
കൊച്ചിയിൽ നിന്ന് അഗത്തിയിലേക്കു എല്ലാദിവസവും വിമാന സർവീസ് ഉണ്ട്. ബോയിങ്, എയർബസ് വിമാനങ്ങൾ ഇറങ്ങത്തക്കവിധം റൺവേയുടെ നീളം വർധിപ്പിക്കാനാണ് തീരുമാനം.
സഞ്ചാരികളെ അഗത്തിയിൽ എത്തിച്ച് അവിടെനിന്നു സ്പീഡ് ബോട്ടിൽ കവരത്തിക്കോ ബംഗാരത്തേക്കോ കൊണ്ടുപോവുകയാണ്. അഗാത്തിക്കടുത്ത് തിണ്ണക്കര എന്ന ചെറിയ ദ്വീപിലെ റിസോറോട്ടുകളിലേക്കും കൊണ്ടുപോകും.
കവരത്തിയിൽ നിന്ന് 300 കിമീ തെക്കുള്ള മിനിക്കോയി ദ്വീപിൽ യാത്രാവിമാനങ്ങളും യുധ്ധവിമാനങ്ങളും ഇറങ്ങത്തക്കവിധം വലിയ എയർ പോർട്ട് നിർമ്മിക്കാനും ഇന്ത്യ ഉദ്ദേശിക്കുന്നു. ലക്ഷദ്വീപ് സമൂഹത്തിൽ ഏറ്റവും തെക്കേ അറ്റത്തുള്ള ദ്വീപാണ് മിനിക്കോയി.
മിനിക്കോയിയിൽ നിന്ന് മാലദ്വീപിന്റെ വടക്കേ അറ്റത്തുള്ള തുറാക്കുനു ദ്വീലേക്ക് വെറും 35 കിമീ. ദൂരം. ഹെലികോപ്റ്ററുകളിലോ ചെറു വിമാനങ്ങളിലോ ഫെറി ബോട്ടുകളിലോ മാലദ്വീപ് സമൂഹത്തിൽ ഏത്താൻ കഴിയും. പദ്ധതി കടലാസിലെ ആയിട്ടുള്ളു. യാഥാർഥ്യമാകാൻ സമയം എടുക്കും.
മാലദ്വീപിലെ വാട്ടർ വില്ലകൾ
എങ്കിലും തങ്ങളുടെ നിഴൽവെട്ടത്തു ഇന്ത്യയുടെ യുദ്ധ വിമാനങ്ങൾ ഇറങ്ങുന്ന ഒരു താവളം വരുന്നത് മാലദ്വീപിനും അവരെ പിന്തുണക്കുന്ന ചൈനക്കും ഉറക്കം കെടുത്തുന്നതാണ്. പക്ഷേ അവർക്കു ഒന്നും ചെയ്യാനാവില്ല. ഇന്ത്യയുടെ ഭാഗമായ ദ്വീപിൽ എന്ത് ചെയ്യാനും ഇന്ത്യക്കു അവകാശം ഉണ്ടല്ലോ. കേന്ദ്രഗവര്മെന്റിനു നേരിട്ട് ഭരണമുള്ള ഏറ്റവും ചെറിയ ഇടമാണ് ലക്ഷദ്വീപ്. അവിടെ അഡ്മിനിസ്ട്രേറ്റാർക്കാണ് ഭരണം.
മാലെയിൽ ചൈന പണിത പാലം
ലക്ഷദ്വീപിലെ സുഹേലി, കടമത്ത് ദ്വീപുകളിൽ ലോകോത്തര നിലവാരമുള്ള റിസോർട്ടുകൾ പണിയുമെന്നു ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുള്ള ഇന്ത്യൻ ഹോട്ടൽ കമ്പനി ലിമിറ്റഡ് പ്രഖ്യാപിച്ചിട്ടുണ്ട്. സുഹേലിയിൽ 110 മുറികൾ, ബീച്ചിൽ 60 വില്ലകൾ, കടലിൽ 60 വാട്ടർ വില്ലകൾ എന്നിവയാണ് വരിക. ലഗൂണുകൾക്കു പ്രസിദ്ധമായ കടമത്ത് ദ്വീപിന്നെ കാർഡമം ദ്വീപെന്നും വിളിക്കുന്നു.അവിടെ 110 മുറികൾ, 75 ബീച്ച് വില്ലകൾ, 35 വാട്ടർ വില്ലകൾ എന്നിവ നിർമ്മിക്കും.
ബംഗാരം ദ്വീപിൽ നേരത്തെ തന്നെ റിസോർട്ട് ഉണ്ട്. 20 വർഷം അത് നടത്തിയത്കൊച്ചിയിലെ സിജിഎച് എർത് എന്ന സ്ഥാപനമാണ്. ലക്ഷദ്വീപിൽ മാലദ്വീപിനെ അനുകരിച്ച് വൻ തോതിൽ വാട്ടർ വില്ലകളും സ്നോർക്കലിംഗും ഒക്കെയുള്ള ടൂറിസം പരിപാടികൾ തുടങ്ങിയാൽ പരിസ്ഥിതിക്കു ദോഷം വരുമെന്നാണ് സിജിഎച് എർത് മേധാവി ജോസ് ഡൊമിനിക് പറയുന്നത്.
കോട്ടയത്തെ ജിയോ, ജസ്റ്റിൻ കുടുംബം മാലെയിൽ
മാലദ്വീപുമായുള്ള ഭിന്നതയുടെ വെളിച്ചത്തിൽ അങ്ങോട്ടുള്ള വിനോദസഞ്ചാരം നിർത്തിവയ്ക്കണമെന്നാണ് ഇന്ത്യയിൽ ചിലരുടെ മുറവിളി. പക്ഷെ അവിടത്തെ ടൂറിസം ഓപ്പറേറ്റർമാർ അതിനെതിരെ രംഗത്തുവന്നു.
തലസ്ഥാനമായ മാലേയിൽ ഇന്ദിരാഗാന്ധിയുടെ പേരിലുള്ള ഒരു വൻ ആശുപത്രി ഇന്ത്യ പണിതു കൊടുത്തത് 1995ലാണ്. കോട്ടയത്ത് ഗാന്ധിനഗറിലുള്ള എന്റെ അയൽക്കാരൻ ജിയോ ജസ്റ്റിൻ അവിടെ റേഡിയോഗ്രാഫറായി സേവനം ചെയ്യുന്നു.
ജിയോ അടുത്ത കാലത്തു മാതാപിതാക്കളെ അങ്ങോട്ടു കൂട്ടികൊണ്ടു പോയി. ചൈനപണിതുകൊടുത്ത നെടുങ്കൻ പാലത്തിലൂടെ അവർ സഞ്ചരിച്ചു. മാലെയിലെ അത്യാധുനിക സൗകര്യങ്ങളും അംബരചുംബികളായ കെട്ടിടങ്ങളും അവരെ വിസ്മയിപ്പിച്ചു.
ലക്ഷദീപും മാലദ്വീപും
മാലദ്വീപിൽ മലയാളികളായ ധാരാളം അധ്യാപകരുണ്ട്. അവർക്കു നല്ല വേതനവും താമസസൗകര്യവുമെല്ലാമുണ്ട്. ദ്വീപുകളിലേക്കു പോകാൻ ഫെറി ബോട്ടുകളുണ്ട്. റിസോർട്ടുകളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരിൽ മലയാളികൽ ധാരാളം.
ഇന്ത്യയെ അകറ്റിനിർത്തിക്കൊണ്ടുള്ളനയം ആത്മഹത്യാപരമാണെന്നു മലദീപ് താമസിയാതെ തിരിച്ചറിയുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടൽ.