2024 ജനുവരി 22 നു അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠ ചടങ്ങു നടക്കുന്നു എന്ന വാർത്ത ഭാരതത്തിൽ പലയിടത്തും അതൃപ്തി പരത്തുന്നതായി നമ്മൾ സോഷ്യൽ മീഡിയയിൽ വായിക്കുന്നു."യോഗശാസ്‌ത്രപ്രകാരം ഒരു സ്ഥലത്തിനോ അല്ലെങ്കില്‍ ഒരു സാധനത്തിനോ മുഴുവൻ ശക്തി അല്ലെങ്കിൽ ആയുസ്സ് കൊടുത്ത് ആ ശക്തി വളരെക്കാലം നിലനിര്‍ത്തുന്നതാണ് പ്രാണപ്രതിഷ്‌ഠ.:ഇത് കഴിയുമ്പോഴാണ് മൂർത്തിദേവതയാകുന്നത്. പലരും പരിഹാസത്തോടെ പറയാറുണ്ട് മൂർത്തി പണിത ശില്പി അതുകഴിഞ്ഞാൽ പിന്നെ അയാൾക്ക് മൂർത്തിയെ തൊടാൻ അവകാശമില്ല. ശരിയാണ്. കാരണം അദ്ദേഹം പണിതത് വെറും മൂർത്തിയാണ്. പ്രതിഷ്ഠ കഴിയുമ്പോൾ മൂർത്തിക്ക് ചൈതന്യം ലഭിക്കുന്നു. ഇവിടെ ശ്രദ്ധിക്കേണ്ട കാര്യം ഈശ്വരനെയല്ല പ്രതിഷ്ഠിക്കുന്നത് എന്നാണു. ഈശ്വരൻ ജനിക്കുന്നില്ല മരിക്കുന്നില്ല. നമ്മൾ ദേവതഭാവങ്ങളെയാണ് പ്രതിഷ്ഠിക്കുന്നത് ഓരോ നാമത്തിൽ അവരെ ഉപാസന ചെയ്യുന്നു.
ഇങ്ങനെ ഒരു പ്രത്യേക മതത്തിന്റെ ആചാരങ്ങൾ ആഘോഷിക്കുന്നതിൽ മറ്റു മതക്കാർ ആശങ്കാകുലരാകുന്നത് സ്വാഭാവികം. രാമ പ്രതിഷ്ഠ ഹിന്ദുത്വ രാജ്യത്തെ സൂചിപ്പിക്കുന്നുവെന്ന ഭയം അജ്ഞരായ മനുഷ്യരിൽ ഉളവാക്കുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരു ഹിന്ദു രാഷ്ട്രം സൃഷ്ടിക്കാൻ ഒരുങ്ങുകയാണെന്നൊക്കെ കിംവദന്തികൾ പരക്കുന്നു. ഹിന്ദുക്കളെ ഒഴിച്ച് ബാക്കി എല്ലാ മതക്കാരെയും നിഷ്കാസിതരാക്കും എന്നൊക്കെ തല്പര കക്ഷികൾ പറഞ്ഞുണ്ടാക്കുകയും ചെയ്യുമ്പോൾ വിഷയം ഗൗരവതരമാകുന്നു. ഹിന്ദു രാഷ്ട്രം വരുമോ? സിനിമാനടൻ ശ്രീനിവാസൻ പറയുന്നപോലെ എത്ര സുന്ദരമായ നടക്കാത്ത സ്വപ്നം. ഭാരതം ഒരു മതേതര രാഷ്ട്രമാണ്. അതെങ്ങനെ ഹിന്ദു രാഷ്ട്രമാകുമെന്നു ആരും ചിന്തിക്കുന്നില്ല. പക്ഷെ ജനങ്ങളെ പരിഭ്രാന്തരാക്കുക എന്ന രാഷ്ട്രീയപാർട്ടികളുടെ നയം അവരെ തമ്മിൽ അടിപ്പിക്കുകയും തെറ്റിദ്ധരിപ്പിക്കുകയും ചെയ്യുകയെന്നാണെന്ന് സാധാരണ മനുഷ്യർ മനസ്സിലാക്കുന്നില്ല. എല്ലാവരും ഭാരതീയ സംസ്കൃതിയും പാരമ്പര്യങ്ങളും ചരിത്രവും അറിയുന്നവരല്ല. അതുകൊണ്ട് അവർ വിശ്വസിക്കുന്ന ആളുകൾ പറയുന്നത് വിശ്വസിക്കുന്നു. "വണ്ടേ നീ തുലയുന്നു വിളക്കും കെടുത്തുന്നു" എന്ന് പറഞ്ഞപോലെ ഒരു ജനവിഭാഗം അടിസ്ഥാനരഹിതമായ ഭയാശങ്കകളാൽ കഷ്ടപ്പെടുന്നു, വെറുതെ ഇരകളാണെന്നു സങ്കൽപ്പിച്ച് വിലപിക്കുന്നു. ഒരു പ്രസംഗത്തിൽ കേട്ടു സരയു നദിയുടെ വിശാലമായ തീരത്തെ ഏക്കറോളും ഭൂമി കിടക്കുമ്പോൾ മഹാനായ ബാബർ എന്തിനു രാമന്റെ മന്ദിരം പൊളിച്ച് അവിടെ പള്ളി പണിയണം. ശരിയല്ലേ എന്ന് തോന്നാം. പക്ഷെ വിഗ്രഹഭജ്ഞനം നടത്താൻ ഖുർആൻ നിർദേശിക്കുന്നു. മുഹമ്മദ് ഗസ്നി അത് ഒരു ജീവിതവൃതമായി എടുത്തിരുന്നു. അദ്ദേഹം പതിനേഴ് തവണ സോമനാഥ് ക്ഷേത്രം കൊള്ളയടിച്ചു.
ഹിന്ദു മതാചാരങ്ങൾ വ്യത്യസ്ത വിശ്വാസങ്ങളിലുള്ള ചിലർക്കൊക്കെ അത്ഭുതവും പുച്ഛവും ഉണ്ടാക്കുന്നതിൽ അതിശയമില്ല. സഹിഷ്ണുത എന്ന വികാരം ധാരാളമായി ഉണ്ടെങ്കിൽ എല്ലാം സന്തോഷത്തോടെ സ്വീകരിക്കാനും തിരസ്കരിക്കാനും കഴിയും. ഏതാണ് ശരിയെന്നു ഇന്നും ആർക്കും ഒരു രൂപവുമില്ല.. ഓരോരുത്തർ കാലാകാലങ്ങളിൽ പറയുന്നത് കേട്ട് പൊതുജനം മുന്നോട്ട് നീങ്ങുന്നു. ഭാരതം പോലുള്ള ഒരു രാജ്യത്ത് നമ്മെ വിസ്മയിപ്പിക്കുന്ന പലതും പ്രതിദിനം അരങ്ങേറുന്നു. യേശുവിലല്ലാതെ നിങ്ങൾക്ക് രക്ഷയില്ലെന്ന് നമ്മൾ കേൾക്കുകയും എഴുതിവച്ചിരിക്കുന്നത് വായിക്കുകയും ചെയ്യുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നു ദിവസത്തിൽ അഞ്ചു നേരം നമ്മൾ കേൾക്കുന്നു.അതിനെ എതിർക്കാനോ അപമാനിക്കാനോ ആരും മുതിരാറില്ല. അങ്ങനെ ചെയ്യാതിരിക്കാൻ ഭരണഘടനാ അനുശാസിക്കുന്നുമുണ്ട്. പക്ഷെ ഹിന്ദുമതവിശ്വാസങ്ങളെപ്പറ്റി ആ മതത്തിലുള്ളവർക്ക്പോലും പറയാനോ അതനുശാസിക്കുന്ന അനുഷ്ഠാനങ്ങളിലും ഏർപ്പെടാനോ ഈ കാലഘട്ടത്തിൽ കഴിയുന്നില്ലെന്നുള്ളത് വർധിക്കുന്ന മത അസഹിഷ്ണുതയുടെ ലക്ഷണമാണ് നമ്മൾ മതേതര രാഷ്ട്രമെന്ന അഭിമാനിക്കുമ്പോഴും ശരിയത് നിയമം അനുസരിച്ച് ഒരു അധ്യാപകന്റെ കൈപ്പത്തികൾ വെട്ടി വീഴ്ത്തിയെന്നു ചരിത്രം രേഖപെടുത്തുന്നു.
മതതീവ്രതമൂലം മറ്റു മതങ്ങളെ അംഗീകരിക്കാനോ ആദരിക്കാനോ ദുർബലനായ മനുഷ്യന് കഴിയാതെ പോകുന്നു. ഭാരതത്തിന്റെ മണ്ണിലേക്ക് മുസ്‌ലിം ആക്രമണങ്ങൾ ഉണ്ടായപ്പോഴൊക്കെ അവർ ഇവിടത്തെ പൊന്നും പണവും മാത്രമല്ല അമ്പലങ്ങളും കൊള്ളയടിച്ചിരുന്നുവെന്നു ചരിത്ര രേഖകൾ കാണിക്കുന്നു. അമ്പലങ്ങൾ കൊള്ളയടിച്ചിരുന്നവരിൽ പലരും അവിടത്തെ ഭണ്ഡാരങ്ങളിലെ ദ്രവ്യം ലക്ഷ്യം വച്ചായിരുന്നു. അവരിൽ മതഭ്രാന്തന്മാർ അമ്പലങ്ങളെ തീ വച്ച് നശിപ്പിച്ചും അവിടെ പള്ളി പണിതും അല്ലാഹുവിനോടുള്ള അവരുടെ കടമ നിറവേറ്റിയതായി കാണുന്നു. അവർ മരിച്ചു ചെല്ലുമ്പോൾ എഴുപത്തിരണ്ട് ഹൂറികളെ കൊടുത്തോ എന്ന് ആർക്കും അറിയില്ല. പക്ഷെ വിഗ്രഹഭജ്ഞനം ഖുർആൻ നിര്ദേശിക്കുന്നതായി കാണുന്നു.
" ബാബ്‌റി മസ്ജിദിന്റെ താഴെ ക്ഷേത്രം ഉണ്ടെന്ന് റിപ്പോർട്ട് വന്നപ്പോൾ സർവേ നിർത്തി വെക്കാൻ പറഞ്ഞവരാണ് മാർക്സിസ്റ്റ് ചരിത്രകാരന്മാർ – കെ കെ മുഹമ്മദ്". രാഷ്ട്രീയമായ ഇടപെടലുകൾ ചരിത്രസത്യങ്ങളെ വികൃതമാക്കുന്നത് വ്യസനകരമാണ്. മുഗൾ ചക്രവർത്തി ബാബറിന്റെ കമാൻഡർ മിർ ബഖി പണിതതാണ് ബാബ്‌റി മസ്ജിദ് എന്ന് ചില ചരിത്ര രേഖകളിൽ കാണുന്നപോലെ തന്നെ പല ചരിത്രകാരന്മാരും ഇതിനോട് യോജിക്കുന്നില്ല. 1526 ലെ പാനിപ്പറ്റ് യുദ്ധത്തിൽ ഇബ്രാഹിം ലോഡിയെ തോല്പിച്ചുകൊണ്ട് മുഗൾ സാമ്രാജ്യത്തിനു തുടക്കം കുറിച്ച ബാബർ 1530 ഇൽ മരിച്ചു. ഇത്രയും ചുരുങ്ങിയ കാലഘട്ടത്തിൽ ഒരു അമ്പലം തകർത്ത് അവിടെ ഒരു പള്ളി പണിയാൻ അദ്ദേഹം മുതിരുകയില്ലെന്നും അമ്പലം തകർത്തത് ഒരംഗസേബ് ആണെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. പള്ളി ഒരു വ്യക്തിയുടെ പേരിലാണ് അറിയപ്പെടുന്നത് എന്നാൽ അമ്പലം ഹിന്ദുക്കളുടെ ദേവനായ രാമന്റെ പേരിലാണ്. അല്ലെങ്കിൽ തന്നെ ഹിന്ദുക്കളുടെ അമ്പലങ്ങളെ ദേവാലയം എന്നും മറ്റു മതക്കാരുടെ പള്ളികളെ ആരാധനാലയം എന്നുമാണ് വിശേഷിപ്പിക്കുന്നതെന്നും പണ്ഡിതർ അഭിപ്രായപ്പെടുന്നു.
ബാബ്‌റി മസ്‌ജിദ് തർക്കം 1885 മുതൽ തുടങ്ങിയതായി കാണുന്നു. 1940 നു മുമ്പ് വരെ ബാബ്‌റി ഇ ജന്മസ്ഥാൻ എന്നാണു ബാബ്‌റി മസ്‌ജിദ് അറിയപ്പെട്ടിരുന്നത്. 1949 ഇൽ രാമവിഗ്രഹങ്ങൾ അവിടെ പ്രത്യക്ഷപ്പെട്ടു. അന്ന് പ്രധാനമന്ത്രിയായിരുന്ന നെഹ്‌റു പള്ളി അടച്ചിടാൻ ഉത്തരവ് നൽകി. ഈ ഉത്തരവ് പിൽക്കാലത്ത് മതസ്പർദ്ധ വളരാനും കുറെ പേരുടെ രക്തം ചിന്താനും ഇടയായി. നെഹ്‌റു ആയതുകൊണ്ട് അതേപ്പറ്റി ആരും ചർച്ച ചെയ്യുകയില്ലല്ലോ. സോമനാഥ് അമ്പലം പുതുക്കി പണിയണമെന്ന പട്ടേലിന്റെയും ഗാന്ധിയുടെയും അഭിപ്രായങ്ങളോടും നെഹ്റു യോജിച്ചില്ല. മുസ്‌ലിം സഹോദരങ്ങൾക്ക് അതിഷ്ടമാകില്ലെന്നു അദ്ദേഹം പറയുകയുണ്ടായി എന്നും രേഖകളിൽ കാണുന്നു. ഓരോ കാലത്ത് ഓരോരുത്തർ എഴുതുന്നത് നമ്മൾ വായിക്കുന്നു. നമ്മളിൽ പലരും പല രേഖകൾ വായിക്കുന്നു. ഒന്നും ഒരേപോലെയല്ലാത്തതുകൊണ്ട് നമ്മൾ നമ്മിൽ തർക്കം ഉണ്ടാകുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ വസ്തുതകളെ ശരിയായ കാഴ്ച്ചപ്പാടിലൂടെ കാണുക തന്നെ. മുൻകാല ഭരണാധികാരികൾക്കും തെറ്റ് പറ്റാം. ഇപ്പോഴത്തെയാളുകൾക്കും തെറ്റ് പറ്റാം. പക്ഷെ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആകാതെ സ്വയം ചിന്തിക്കാൻ ജനം പ്രാപ്‌തരാകണം.
സെമിറ്റിക് മതങ്ങളെപോലെയല്ല ഹിന്ദുമതത്തിൽ അനേകം ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതുകൊണ്ട് അതേക്കുറിച്ച് അറിയാത്ത ഒരു ജനതയെ കബളിപ്പിക്കാൻ എളുപ്പമാണ്. തന്ത്രികൾ ചെയ്യേണ്ട കർമ്മം പ്രധാനമന്ത്രി ചെയ്യുന്നു എന്ന് വാർത്ത പടച്ചുവിടുന്നുണ്ട്. സത്യാവസ്ഥ അറിയണമെന്ന് ആർക്കുമില്ല. കേട്ടപാതി കേൾക്കാത്തപാതി അതിന്റെ പുറകെ പായുന്നു. പ്രത്യേകിച്ച് ജനങ്ങൾ അന്ധമായി സ്നേഹിച്ചിരുന്ന നെഹ്രുവിനെപോലെ അല്ലാത്ത ഒരു പ്രധാനമന്ത്രിയെപ്പറ്റിയാകുമ്പോൾ. അയോധ്യയിലെ ശ്രീരാമക്ഷേത്രം ഒരു പള്ളി പൊളിച്ചുണ്ടാക്കിയതാണെന്നു പറയുന്നവർ അവിടെ ഒരു അമ്പലം ഉണ്ടായിരുന്നതായി പുരാവസ്തു ഗവേഷകർ കണ്ടിട്ടുണ്ട് അതിന്മേലാണ് പള്ളി പണിതത് എന്ന് പറയാതെ ഒരു ഭാഗം മാത്രം പറഞ്ഞ് ജനങ്ങളിൽ സ്പർദ്ധ ഉണ്ടാക്കുന്നു. അവിടെ അമ്പലം ഉണ്ടായിരുന്നോ അത് ബാബർ തകർത്തു പള്ളി പണിതോ എന്ന് സൂക്ഷ്മമായി ആരും പറയുന്നില്ല. എല്ലാവരും ആരോ എഴുതിവച്ച രേഖകളിൽ ഊന്നിനിന്നുകൊണ്ടു അവരുടെ അഭിപ്രായം പറയുന്നു.
നെഹ്‌റു പറഞ്ഞപോലെ മുസ്‌ലിം സഹോദരക്ക് ഇഷ്ടമില്ലാത്തത് ചെയ്യരുതെന്ന ബോധത്തിൽ എല്ലാവരും മുന്നോട്ടു പോകണോ എന്ന് തീരുമാനിക്കേണ്ടത് പുതിയ തലമുറയാണ്. വാസ്തവത്തിൽ മുസ്‌ലിം സഹോദരർ ഹിന്ദു ആചാരങ്ങളെ അവരുടെ വിശ്വാസം പ്രകാരം എതിർക്കുന്നെങ്കിലും അവർക്ക് വ്യക്തികളോട് വിരോധമില്ല. വിരോധം കപട മതേതര വാദികൾക്കാണ്. ഗാന്ധി വിഭാവനം ചെയ്ത രാമരാജ്യം ശ്രീരാമന്റെ ഭരണകാലമാണെന്ന നുണയും പ്രചരിപ്പിച്ച് ചിലർ അശാന്തി പരത്തുന്നു. എല്ലാവരും അവരവരുടെ മതങ്ങളിൽ ഉറച്ചു നിൽക്കുക. ഒരു മതം വിട്ടുപോയി അല്ലെങ്കിൽ മതത്തിലെ ഒരു വിഭാഗം വിട്ടുപോയി തങ്ങളുടെ പൂർവ മതത്തേ തള്ളിപ്പറഞ്ഞു കലാപം ഉണ്ടാക്കുന്നത് എത്രയോ ശോചനീയം. രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങൾ കേട്ട് അതിന് വിധേയരാകാതിരിക്കുന്നത് ബുദ്ധി. സ്വയം അറിവുകൾ കണ്ടെത്തുക. സത്യം മനസ്സിലാക്കുക.
ജന്മസ്ഥാനം ഒന്നേയുള്ളു. അത് മാറ്റാൻ കഴിയില്ല. അതുകൊണ്ട് മുസ്‌ലിം സഹോദരർ കോടതി വിധിപ്രകാരം വേറെ സ്ഥലത്തു അവരുടെ പള്ളി പണിയുന്നു. കണക്കുകൾ ശരിയോ എന്നറിയില്ല. വായിച്ച അറിവാണ്. ശ്രീരാമൻ കൃസ്തുവിനു ഏകദേശം അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ജനിച്ചുവെന്നു കാണുന്നു. ഇസ്ലാം ജനിച്ചത് 1414 വർഷങ്ങൾക്ക് മുമ്പാണെന്നു കാണുന്നു. അത് ഭാരതത്തിൽ വന്നത് ഏഴാം നൂറ്റാണ്ടിലാണ്. അപ്പോൾ മുന്നേ ജനിച്ച ശ്രീരാമന് വേണ്ടി സ്ഥലം ഒഴിഞ്ഞു കൊടുക്കാൻ നെഹ്‌റു 1949 ഇൽ പറഞ്ഞെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല എന്ന് ചിലർക്കെങ്കിലും തോന്നുന്നതിനോട് യോജിക്കേണ്ടിയിരിക്കുന്നു. അന്നത്തെ മുസ്‌ലിം സമൂഹം അത് സന്തോഷത്തോടെ സ്വീകരിച്ചേനെ. ഇപ്പോൾ എല്ലാവരുടെ മനസ്സിലും മതസ്പർദ്ധ നിറഞ്ഞു. കേരളത്തിലാണെങ്കിൽ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ ആ വാക്കിനെ, വാചകത്തെ മലയാളം വ്യാകരണം വച്ച് അപഗ്രഥനം ചെയ്യുന്നു. മലയാളഭാഷ പുരോഗമിക്കട്ടെ.
ഹിന്ദുവിശ്വാസികളായ എല്ലാവര്ക്കും ശ്രീരാമപ്രതിഷ്ഠ നടക്കുന്ന ഈ സുദിനം അനുഗ്രഹപ്രദമാകട്ടെ. (എല്ലാവര്ക്കും എന്നെഴുതാൻ കഴിയാത്ത ദുരവസ്ഥയെ ഓർത്ത് ഖേദിക്കുന്നു.). ഒരു കാലത്ത് നമ്മൾ ആയിരുന്നു. ഇപ്പോൾ നിങ്ങൾ ഞങ്ങൾ എന്നായി വിഭജിക്കപ്പെട്ടു. കാലം സാക്ഷി.
ശുഭം