Image

അഭ്രപാളികളില്‍ ഇതിഹാസങ്ങള്‍ സൃഷ്ടിച്ചവര്‍-4 ; നാല് മഹാനഗരങ്ങളുടെ കഥ പറഞ്ഞ കെ.എ.അബ്ബാസ് (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 22 January, 2024
 അഭ്രപാളികളില്‍ ഇതിഹാസങ്ങള്‍ സൃഷ്ടിച്ചവര്‍-4 ; നാല് മഹാനഗരങ്ങളുടെ കഥ പറഞ്ഞ കെ.എ.അബ്ബാസ് (ഏബ്രഹാം തോമസ്)

ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ മുതല്‍ ഞാന്‍ വീടിനടുത്തുള്ള കൊല്ലം മു്ന്‍സിപ്പല്‍ പബ്ലിക് ലൈബ്രറിയില്‍ നിത്യേന പോയിരുന്നു. അവിടെ ലഭ്യമായിരുന്ന മലയാളം, ഇംഗ്ലീഷ്, ഹിന്ദി ആനുകാലികങ്ങള്‍ താല്‍പര്യത്തോടെ വായിച്ചിരുന്നു. പഠനം ഇംഗ്ലീഷ് മീഡിയത്തിലായിരുന്നതിനാല്‍ ഇംഗ്ലീഷിലുള്ള പ്രസിദ്ധീകരണങ്ങളും മുടങ്ങാതെ വായിച്ചിരുന്നു. ആര്‍.കെ. കരഞ്ചിയയുടെ പത്രാധിപത്യത്തില്‍ പുറത്തു വന്നിരുന്ന ബ്ലിറ്റ്‌സ് വാരികയും അതിന്റെ അവസാന പുറത്ത് തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്ന കെ.എ. അബ്ബാസിന്റെ ദ ലാസ്റ്റ് പേജ് ലേഖനങ്ങളും എന്നെ വല്ലാതെ ആകര്‍ഷിച്ചു.

ക്വാജാ അഹമ്മദ് അബ്ബാസ് ഒരു ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും എല്ലാമായ ഒരു ബഹുമുഖ പ്രതിഭയാണെന്ന് എ ടേല്‍ ഓഫ് ഫോര്‍ സിറ്റീസ് (നാല് മഹാനഗരങ്ങളുടെ കഥ) എന്ന ഡോക്യുമെന്ററി ചിത്രം സൃഷ്ടിച്ച നിയമ പോരാട്ടങ്ങളുടെ നീണ്ട കഥകള്‍ വായിച്ചപ്പോഴാണ് ഞാന്‍ മനസ്സിലാക്കിയത്. ഇന്ത്യന്‍ സുപ്രീം കോടതി വരെയെത്തി ജസ്റ്റീസ് ഹിദായത്തുള്ള വിധിയിലൂടെ പ്രസിദ്ധമായ തീര്‍പ്പ് പിന്നീടുണ്ടായ പല ആവിഷ്‌കാര സ്വാതന്ത്ര്യ വ്യവഹാരങ്ങളുടെയും നാന്ദിയായി മാറി. ബോംബെ, കൊല്‍ക്കത്ത, ഡെല്‍ഹി, മദിരാശി മഹാനഗരങ്ങളില്‍ ഒരു വിഭാഗം സുഖലോലുപതയില്‍ ആറാടുമ്പോള്‍ തൊട്ടടുത്ത് തീരെ മോശമായ, പരിതാപകരമായ സാഹചര്യങ്ങളില്‍ ജീവിക്കേണ്ടിവരുന്ന മനുഷ്യക്കോലങ്ങളുടെ യഥാര്‍ത്ഥ ചത്രീകരണം അബ്ബാസ് നടത്തിയതിന് എതിരെയാണ് ഇന്ത്യന്‍ സെന്‍സറിന്റെ ഉപദേശക സമിതി വാളോങ്ങിയത്.

അബ്ബാസിന്റെ പാരമ്പര്യം വിപ്ലവചരിത്രത്തിന്റേതാണ്. അവിഭജിത പഞ്ചാബിലെ പാനിപട്ടില്‍ മിഴസാഗാലിബിന്റെ ശിഷ്യനായിരുന്ന അല്‍ത്താഫ് ഹുസൈന്‍ ഹാലിയുടെ കുടുംബത്തില്‍ 1914 ജൂണ്‍ 7ന് അബ്ബാസ് ജനിച്ചു. മുത്തച്ഛന്‍ ക്വാജാഗുലാം അബ്ബാസിനെ 57-ലെ വിമോചന സമരത്തില്‍ പങ്കെടുത്തതിന് പീരങ്കി സ്‌ഫോടനം നടത്തി ബ്രിട്ടീഷ് സേന വധിച്ചു. അദ്ദേഹം പാനിപട്ടിലെ ആദ്യരക്തസാക്ഷികളില്‍ ഒരാളായി. അ അബ്ബാസിന്റെ പിതാവ് ഗുലാം ഉസ്സിഞ്ച് ടെയിന്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സ്റ്റിയില്‍ നിന്ന് ബിരുദം നേടി.  അബ്ബാസ് തന്റെ മുതമുത്തച്ഛന്‍ ഹാലിസ്ഥാപിച്ച ഹാലി മുസ്ലീം ഹൈസ്‌ക്കൂളില്‍ നിന്നും പിന്നീട് ബിഎ ഡിഗ്രിയും ബിഎല്ലും അലിഗഡ് മുസ്ലീം യൂണിവേഴ്‌സിറ്റിയില്‍ നിന്നും നേടി. ഒരു പത്രപ്രവര്‍ത്തകനായി അബ്ബാസ് ആദ്യം നാഷ്ണല്‍ കാളിലും പിന്നീട് 1935ല്‍ ബോംബെ ക്രോണിക്കിളിലും പ്രവര്‍ത്തനം ആരംഭിച്ചു. ബോംബെ ക്രോണിക്കിളില്‍ ഫിലിംഗ്രിട്ടിക്കായി മാറിയ അബ്ബാസ് 1941 ല്‍ ബോംബെ ടാക്കീസിന്റെ ഉടമസ്ഥരായ ദമ്പതികള്‍ ഹിമാംസുറായ് യക്കും ദേവികാറാണിക്കും തന്റെ ാദ്യ തിരക്കഥ 'നായാ സന്‍സാര്‍' വിറ്റു.

ബോംബെ ക്രോണിക്കിളില്‍ എഴുതിയിരുന്ന 'ദ ലാസ്റ്റ് പേജ്' 1947 മുതല്‍ 1987 ല്‍ മരിക്കുന്നത് വരെ ബ്ലിറ്റ്‌സ് വാരികയില്‍ തുടര്‍ന്നു. ഈ ലേഖനങ്ങളുടെ സമാഹാരങ്ങള്‍ രണ്ടു പുസ്തകങ്ങളായി പിന്നീട് പുറത്തു വന്നു. ഇതിനിടയില്‍ രണ്ട് തിരക്കഥകള്‍, 'നീച്ചാനഗര്‍' ചേതന്‍ ആനന്ദിനും 'ഡോക്ടര്‍  കോട്‌നിസ്‌കി അമര്‍ കഹാനി' വിശാന്താറാമിനും  വേണ്ടി അബ്ബാസ് എഴുതി. 1943ലെ ബംഗാള്‍ ക്ഷാമത്തെ ആസ്പദമാക്കി 1945ല്‍ 'ധര്‍ത്തി കെ ലാല്‍' എന്ന ചിത്രം സംവിധാനം ചെയ്ത് 'അന്‍ഹോണി'യും 'മുന്നാ', 'രാഹി'(മുല്‍ക്ക് രാജ് ആനന്ദിന്റെ കഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത ചിത്രം ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടി).  തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ പ്രശ്‌നമായിരുന്നു പ്രമേയം. 1964 ല്‍ 'ഷഹര്‍ ഔര്‍ സ്വപ്‌ന' മഹാനഗരത്തില്‍ ജീവിക്കുവാന്‍ ബദ്ധപ്പെടുന്ന കമിതാക്കളുടെ കഥ പറഞ്ഞു. 1969 ലെ സാത്ത് ഹിന്ദുസ്ഥാനിയില്‍ ഇന്ത്യയിലെ വിഭിന്ന പ്രദേശങ്ങളില്‍ നിന്നുള്ള ചെറുപ്പക്കാര്‍ ഗോവയെ പോര്‍ച്ചുഗീസ് ഭരണത്തില്‍ നിന്ന് മോചിപ്പിക്കുവാന്‍ നടത്തിയ സമരത്തിന്റെ കഥ പറഞ്ഞു. മലയാള നടന്‍ മധു, ഹിന്ദിയില്‍ നിന്ന് അമിതാഭ് ബച്ചന്‍, ജലാല്‍ ആഗ തുടങ്ങി ഏഴു പുതുമുഖങ്ങളെ അവതരിപ്പിച്ച ചിത്രം ദേശീയോദ്ഗ്രഥനത്തിനുള്ള അവാര്‍ഡ് നേടി.

1970 കളില്‍ അബ്ബാസിന്റെ 'ദോ ബൂന്ദ് പാനി' ഏറെ പ്രശംസയും അവാര്‍ഡുകളും നേടി. അബ്ബാസിനെ അദ്ദേഹത്തിന്റെ ജൂഹുവിന്‌ലെ ഫിലോമിന കോട്ടേജില്‍ വച്ച് ആദ്യമായി ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ 'സാത് ഹിന്ദുസ്ഥാനി'യില്‍ മധുവിനെ തിരഞ്ഞെടുക്കുവാനുണ്ടായ കാരണങ്ങള്‍ വിവരിച്ചു: ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഏഴ് ചെറുപ്പക്കാരെ ആയിരുന്നു എനിക്കാവശ്യം. മധു നാഷ്ണല്‍ സ്‌ക്കൂള്‍ ഓഫ് ഡ്രാമാസില്‍ നിന്ന് കോഴ്‌സ് പൂര്‍ത്തിയാക്കി നില്‍ക്കുന്ന സമയം. മധുവിനെ നേരിട്ട് കണ്ടപ്പോള്‍ ആകണ്ണുകള്‍ ആകര്‍ഷകമാണെന്ന് തോന്നി.

'ദോ ബൂന്ദ് പാനി' എടുക്കുവാന്‍ ജവഹര്‍ലാല്‍ നെഹ്‌റുവാണ് എന്നോട് പറഞ്ഞത്. രണ്ടു തുള്ളി വെള്ളത്തിന് വേണ്ടി മരുഭൂമിയിലൂടെ കുടവും തലയിലും തോളിലും വച്ച് മൈലുകള്‍ നടക്കേണ്ടി വരുന്ന കുടുംബിനികളുടെ കഷ്ടപ്പാടുകള്‍ ഞാന്‍ ചിത്രീകരിച്ചു. സിമി ഗരേവാളും മധുചന്ദയുമെല്ലാം മികച്ച അഭിനയം കാഴ്ച വെച്ചു.

അബ്ബാസ് കൂടുതലും നിയോ റിയലിസ്റ്റിക് പ്രമേയങ്ങളാണ് തന്റെ തിരക്കഥകളില്‍ അവതരിപ്പിച്ചത്. ധര്‍ത്തി കെ ലാല്‍, നീച്ചാ നഗര്‍, നയാ സന്‍സാര്‍, 'ജാഗ്‌തേ രഹോ', സാത് ഹിന്ദുസ്ഥാനി, 'ഹെന്ന' എന്നിവയ്ക്ക് അബ്ബാസ് തനിച്ചോ, വിപി സാഠേ, രാജ് കപൂര്‍ എന്നിവര്‍ക്കൊപ്പം ചേര്‍ന്നോ ആണ് തിരക്കഥകള്‍ രചിച്ചത്. 1974ല്‍ അബ്ബാസ് വിക്രത്തെയും(തമിഴ്‌നടനല്ല) സഹീറയെയും നായകനും നായികയുമാക്കി നിര്‍മ്മിച്ച 'കാള്‍ ഗേള്‍' എന്ന ചിത്രം വിവാദമായിരുന്നു.

ഇന്ത്യയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ബോംബെ സിനിമാ ലോകത്തിലെ അഞ്ച് പോരുടെ പ്രതികരണം അറിയുവാന്‍ ഒരു സിനിമാ മാസിക ആവശ്യപ്പെട്ടപ്പോള്‍ ഞാന്‍ വീണ്ടും അബ്ബാസുമായി അഭിമുഖം നടത്തി. അടിയന്തിരാവസ്ഥയ്‌ക്കെതിരെ ശക്തമായി പ്രതികരിച്ച അബ്ബാസ് നിലവിലുള്ള ബോംബെ ചലച്ചിത്രവ്യവസായത്തിന്റെ നിലപാടുകളെയും വിമര്‍ശിച്ചു. തന്റെ ചിത്രങ്ങള്‍ക്ക് വിതരണക്കാരെയും പ്രദര്‍ശനശാലകളെയും ലഭിക്കാത്തതില്‍ ദുഃഖിതനാണെന്ന് തുറന്ന് പറഞ്ഞു. സിനിമ നിര്‍മ്മാണം വ്യവസായം മാത്രമായി മാറിയിരിക്കുന്നതിനാല്‍ യഥാര്‍ത്ഥ ജീവിതഗന്ധിയായ ചിത്രങ്ങള്‍ സംവിധാനം ചെയ്യുന്ന തന്നെ പോലെയുള്ളവര്‍ക്ക് എന്ത് ചെയ്യണം എന്നറിയില്ല. ശ്യാം ബെനഗലിനെപോലെയുള്ള സിനിമാസംവിധായകര്‍ക്ക് പോലും വിതരണക്കാരെ ലഭിക്കുന്നു. തനിക്ക് അങ്ങനെയുള്ള വിതരണക്കാരെപോലും ലഭിക്കുന്നില്ല, അബ്ബാസ് പരാതിപ്പെട്ടു.

ഇംഗ്ലീഷ്, ഹിന്ദി, ഉര്‍ദു ഭാഷകളിലായി അബ്ബാസ് 73 പുസ്തങ്ങള്‍ എഴുതിയിട്ടുണ്ട്. ഉര്‍ദ്ദു ചെറുകഥാ സാഹിത്യത്തില്‍ അബ്ബാസിന് ബഹുമാന്യമായ പ്രത്യേക സ്ഥാനമുണ്ട്. അദ്ദേഹത്തിന്റെ കൃതി ഇന്‍ക്വിലാബ് പ്രശസ്തമാണ്. ഇത് പോലെ ധാരാളം പുസ്തകങ്ങള്‍ ഇന്ത്യന്‍, റഷ്യന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഫ്രഞ്ച്, അറബി ഭാഷകളില്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ആത്മകഥ, അയാം നോട്ട് ആന്‍ ഐലന്റ് 1977ലും പിന്നീട് 2010 ല്‍ വീണ്ടും പ്രസിദ്ധീകരിച്ചു. 'സാത് ഹിന്ദുസ്ഥാനി'യെ പോലെ 'ദോ ബൂന്ദ് പാനി'യും ദേശീയോദ്ഗ്രഥനത്തിനുള്ള ബഹുമതി നേടി. അനവധി അവാര്‍ഡുകള്‍, പത്മശ്രീ ഉള്‍പ്പെടെ അബ്ബാസിനെ തേടി എത്തിയിട്ടുണ്ട്. അബ്ബാസിന്റെ വിവരങ്ങള്‍ തിരഞ്ഞപ്പോഴാണ് മനസ്സിലായത് ഞങ്ങള്‍ രണ്ടുപേരും ജനിച്ചത് ജൂണ്‍ 7നാണെന്ന്. പക്ഷെ വര്‍ഷം വേറെയാണ്!

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക