മോസ്‌കോ: ലോകം കണ്ട ഏറ്റവും ക്രൂരനായ മനുഷ്യനെന്ന് വിശേഷിപ്പിക്കപ്പെടുന്ന അഡോള്‍ഫ് ഹിറ്റ്ലര്‍ രചിച്ച 'മെയിന്‍ കാംഫ്...' എന്ന പുസ്തകം ബുക്സ് ആപ്ലിക്കേഷനില്‍ നിന്ന് നീക്കം ചെയ്യാന്‍ വിസമ്മതിച്ചതിന് ആപ്പിളിനോട് 800,000 റൂബിള്‍ (8,915 ഡോളര്‍) പിഴ അടയ്ക്കാന്‍ റഷ്യന്‍ കോടതി ഉത്തരവിട്ടു. മോസ്‌കോയിലെ ടാഗന്‍സ്‌കി ജില്ലാ കോടതിയില്‍ നടന്ന വാദത്തിനു ശേഷമായിരുന്നു വിധി.
വ്യാപാര രഹസ്യങ്ങള്‍ സംരക്ഷിക്കുന്നതിനായി കേസ് സ്വകാര്യമായി കേള്‍ക്കണമെന്ന് ആപ്പിള്‍ അഭ്യര്‍ത്ഥിച്ചു. രാജ്യദ്രോഹ കുറ്റത്തിന് ഹിറ്റ്ലര്‍ തടവിലാക്കപ്പെട്ടപ്പോള്‍ 1923-ല്‍ എഴുതിയ 'മെയിന്‍ കാംഫ്' ഒന്നാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള ഹിറ്റ്‌ലറുടെ അനുഭവവും യുദ്ധാനന്തര വെയ്മര്‍ റിപ്പബ്ലിക്കുമായുള്ള അദ്ദേഹത്തിന്റെ നിരാശയും വിവരിക്കുന്നു. 1923-ല്‍ ഹിറ്റ്ലര്‍ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ശ്രമിച്ചു. ബീര്‍ ഹാള്‍ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം പരാജയപ്പെട്ടതോടെ പിടിയിലായ ഹിറ്റ്‌ലറെ ജയിലിലടയ്ക്കുകയായിരുന്നു.
പുസ്തകത്തില്‍, ഹിറ്റ്‌ലര്‍ ജര്‍മ്മനിക് ആര്യവംശത്തിന്റെ മേല്‍ക്കോയ്മയിലുള്ള തന്റെ വിശ്വാസത്തിന്റെ രൂപരേഖ നല്‍കുകയും യൂറോപ്പിന്റെ തിന്മകള്‍ ജൂത ജനതയ്ക്ക് മേല്‍ ആരോപിക്കുകയും ചെയ്യുന്നു. മെയിന്‍ കാംഫിന്റെ വിതരണം 2010-ല്‍ റഷ്യയില്‍ നിരോധിച്ചു, എന്നിരുന്നാലും, ആപ്പിള്‍ ബുക്സ് വഴി റഷ്യന്‍ വായനക്കാര്‍ക്ക് ഇത് തുടര്‍ന്നും ലഭ്യമായിരുന്നു. റഷ്യന്‍ ആന്റിട്രസ്റ്റ് നിയമങ്ങള്‍ ലംഘിച്ചതിന് ആപ്പിള്‍ 1.2 ബില്യണ്‍ റൂബിള്‍ (13.5 മില്യണ്‍ ഡോളര്‍) പിഴ അടച്ചതായി റഷ്യയുടെ ഫെഡറല്‍ ആന്റി-മോണോപൊളി സര്‍വീസ് (എഫ്.എ.എസ്) പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് കഴിഞ്ഞദിവസത്തെ വിധി വന്നത്.
ലോകത്തിലെ ഏറ്റവും വിറ്റഴിഞ്ഞ ആത്മകഥകളിലൊന്നാമണ് മെയിന്‍ കാംഫ്. 'എന്റെ പോരാട്ടം' എന്നാണ് മെയിന്‍ കാംഫ് എന്ന വാക്കിനര്‍ഥം. 1925 ജൂലൈ 18-നാണ് മെയിന്‍ കാംഫ് പുറത്തിറങ്ങിയത്. മെയിന്‍ കാംഫ് വെറുമൊരു ആത്മകഥയല്ല, മറിച്ച് ആര്യന്മാരുടെ വംശശുദ്ധി എന്ന മിഥ്യയ്ക്കും വിശാല ജര്‍മ്മനി എന്ന സ്വപ്നത്തിനും കൂടി നടത്തിയ കൊടും പാതകങ്ങളിലൂടെ അഡോള്‍ഫ് ഹിറ്റ്ലര്‍ നടത്തിയ നയ പ്രഖ്യാപനം കൂടിയാണ്. ജൂതരോടും കമ്യൂണിസ്റ്റുകാരോടുമുള്ള വിരോധമായിരുന്നു ഈ തത്ത്വശാസ്ത്രത്തിന്റെ മുഖമുദ്ര.
ജര്‍മനിയുടെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ബവേറിയ സംസ്ഥാനത്തെ ലാന്‍സ്ബര്‍ഗ് ജയിലില്‍ കിടന്നു കൊണ്ടാണ് ഹിറ്റ്ലര്‍ 1924-ല്‍ മെയിന്‍ കാംഫ് എഴുതിയത്. അടിമുടി കടത്തില്‍ മുങ്ങി നില്‍ക്കുന്ന തനിക്ക് ചെറിയൊരു വരുമാന മാര്‍ഗ്ഗമാവും ഈ പുസ്തകമെന്നും അദ്ദേഹം പ്രതീക്ഷിച്ചു. എന്നാല്‍ പ്രതീക്ഷകളെ കടത്തിവെട്ടി പുസ്തകം വന്‍ പ്രചാരം നേടി. തുടക്കത്തില്‍ വില്പന അത്ര കേമമായിരുന്നില്ലെങ്കിലും ഹിറ്റ്ലറുടെ രാഷ്ട്രീയ ഉയര്‍ച്ചയ്ക്കൊത്ത് പുസ്തകവില്പനയും പൊടിപൊടിച്ചു.
ചില ഘട്ടങ്ങളില്‍ റോയല്‍റ്റിയില്‍ നിന്നു മാത്രം പത്തു ലക്ഷം ഡോളര്‍ വരെ പ്രതിഫലം ഹിറ്റ്ലര്‍ക്ക് ലഭിച്ചു. ജയിലില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ നാസി പാര്‍ട്ടി പുനരുജ്ജീവിപ്പിക്കാന്‍ ഹിറ്റ്ലറെ സഹായിച്ചത് ഈ പുസ്തകത്തിലൂടെ ലഭിച്ച വന്‍ വരുമാനം കൂടിയാണ്. വിശുദ്ധ പുസ്തകമായിരുന്ന മെയിന്‍ കാംഫ് ജര്‍മനിയുടെ പരാജയത്തോടെ വിലക്കപ്പെട്ട പുസ്തകമായി മാറി. എന്നാല്‍ ലോകത്തെ ഏറ്റവും വലിയ സ്വോച്ഛാധിയും കൊടിയ ക്രൂരനുമായ ഹിറ്റ്ലര്‍ എന്ന എഴുത്തുകാരനെ വെറുക്കുമ്പോഴും അയാളുടെ വാക്കുകളിലേക്ക് കാലദേശമെന്യേ വായനക്കാര്‍ കുതിച്ചെത്തുന്നുവെന്നതാണ് മെയിന്‍ കാംഫിന്റെ അപൂര്‍വ പ്രത്യേകത.