Image

സ്നേഹ വിശാലതയുടെ നീലാകാശത്ത് വീണ്ടും കണ്ടുമുട്ടിയവർ : പുഷ്പമ്മ ചാണ്ടി

Published on 24 January, 2024
സ്നേഹ വിശാലതയുടെ നീലാകാശത്ത് വീണ്ടും കണ്ടുമുട്ടിയവർ : പുഷ്പമ്മ ചാണ്ടി

1997 മുതൽ പത്തുവർഷക്കാലം ചെന്നൈ അണ്ണാ യൂണിവേഴ്സിറ്റി എൻവയോൺമെന്റ് ഡിപ്പാർട്ട്മെന്റിൽ  ഒരു ഇൻഡോ - ജർമ്മൻ പ്രോജെക്ടിൽ ഞാൻ ജോലി ചെയ്തിരുന്നു. ആ സമയത്താണ്, ജർമ്മനിയിൽനിന്നും ഹോൾഗർ മുള്ളർ എന്ന പേരുളള ഒരു എക്സ്ചേഞ്ച്  പ്രോഗ്രാം വിദ്യാർത്ഥി അവിടെ ജോയിൻ ചെയ്തത്.  ഇന്റർനാഷണൽ സ്റ്റുഡന്റ്സ് ഹോസ്റ്റലിലായിരുന്നു ആളുടെ താമസം.

കുറച്ചു നാളുകൾക്കു  ശേഷം മുളളറുടെ തൊട്ടടുത്ത മുറിയിൽ ഓട്ഗോ എന്നു പേരുളള   മംഗോളിയൻ പെൺകുട്ടി താമസക്കാരിയായി വന്നു. അവളും എക്സ്ചേഞ്ച് വിദ്യാർത്ഥിനിയായിരുന്നു.. 
അന്നേ ദിവസം രാത്രിയിൽ ഉറക്കത്തിൽ ഓട്ഗോയുടെ ദേഹത്ത് പാറ്റകൾ പറന്നു വീണു.

അവൾ പേടിച്ചു  നിലവിളിച്ചു..   നിലവിളികേട്ട് ഓടിവന്ന മുള്ളർ ഓട്ഗോയെ ആശ്വസിപ്പിച്ചു ; പാറ്റകളെ ഓടിക്കാൻ  സ്പ്രേ അടിച്ചു .. വേണമെങ്കിൽ അന്ന് രാത്രി തൻ്റെ മുറിയിലെ  ബെഡ്ഡിൽ വന്നു കിടന്നുകൊളളാനും
പറഞ്ഞു..

അന്ന് മുള്ളർ സോഫയിൽ ഉറങ്ങി. 

പാറ്റകളെ തുരത്തി തന്നെ രക്ഷിച്ച ആളെ ഓട്ഗോക്ക് ഇഷ്ടമായി..
ഇഷ്ടം പ്രണയവുമായി..

പഠിത്തം കഴിഞ്ഞ്,
തിരിച്ചു ജർമ്മനിയിൽ പോയി അവർ  വിവാഹിതരുമായി..

ഏഴു വർഷങ്ങൾക്കു മുൻപ് ജർമ്മനിയിൽ നടന്ന  ഒരു ഒത്തുചേരലിൽ വച്ച് മുള്ളറെ ഞാൻ കണ്ടിരുന്നു.

ഇന്ന്, അവർ രണ്ടു പേരും കൂടി എന്നെ കാണാനായി ചെന്നൈയിലുളള എന്റെ വീട്ടിൽ വന്നു. 

അവരെനിക്ക്  ഒരു നീല ഷാൾ  സമ്മാനിച്ചു. 

നീല, നാമെല്ലാവരും പങ്കിടുന്ന വിശാലമായ നീലാകാശത്തെ പ്രതിനിധീകരിക്കുന്നു.
നീല ഒരുമയുടെ  പ്രതീകമാണ്.
ഖദാ, ഹദാ, ഘത എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ ഷാൾ ( സ്കാർഫ്) 

ടിബറ്റൻ ബുദ്ധമതത്തിലും, ടെംഗറിസത്തിലും  പരമ്പരാഗത ആചാരപരമായ സ്കാർഫാണ്..ടിബറ്റൻ, നേപ്പാളി, ഹിന്ദുസ്ഥാനി, ഗോർഖ, ഭൂട്ടാനീസ്  തുടങ്ങിയ ആളുകൾ വിവിധ അവസരങ്ങളിൽ ഇത് വ്യാപകമായി ഉപയോഗിക്കാറുണ്ട്..

ഇത് ടിബറ്റൻ സംസ്കാരത്തിൽ നിന്നാണ് ഉത്ഭവിച്ചത്. ടിബറ്റൻ ബുദ്ധമതം ആചരിക്കുന്നതോ, ശക്തമായ സ്വാധീനമുള്ളതോ ആയ സംസ്കാരങ്ങളിലും രാജ്യങ്ങളിലും ഈ ഷാളിന്റെ ഉപയോഗം സാധാരണമാണ്. 

ഇത് ബഹുമാനത്തിന്റെകൂടി പ്രതീകമാണ്. 
അശുഭ ചിന്തകളോ ഉദ്ദേശ്യങ്ങളോ മനസ്സിൽ ഇല്ലാതെ, ഇത് കൊടുക്കുന്നവരുടേയും വാങ്ങുന്നവരുടേയും മനസ്സിന്റെ പരിശുദ്ധി, സന്മനസ്സ് എന്നിവയെയാണ് സൂചിപ്പിക്കുന്നത്. വാങ്ങുന്ന ആളിന്   ഐശ്വര്യമുണ്ടാകട്ടെ യെന്ന്  ആശംസിക്കുന്നു.

സുഹൃത്തുക്കൾക്കുംബന്ധുക്കൾക്കും, അല്ലെങ്കിൽ വിവാഹങ്ങൾ ജനനങ്ങൾ ബിരുദ ദാനങ്ങൾ, പ്രധാന മതപരമായ ചടങ്ങുകൾ തുടങ്ങിയവയ്‌ക്ക് ഒരു സമ്മാനമായി (ഭാഗ്യം/അഭിനന്ദനങ്ങളുടെ പ്രതീകം) ഖാദ ഏത് ആഘോഷ വേളയിലും സമ്മാനിക്കാം.

ടിബറ്റുകാർ സാധാരണയായി ഇത് നൽകുമ്പോൾ   "താഷി ഡെലെക്ക്" (ഭാഗ്യം എന്നാണ് അർത്ഥമാക്കുന്നത്) 
എന്ന് പറയും .

ഇന്ന് എനിക്കും കിട്ടി ഒരു 
"താഷി ഡെലെക്ക്" ആശംസ .

തിരിച്ച്, മുള്ളർ ഓട്ഗോ ദമ്പതികളിലേക്കു തന്നെ വരാം..

അവരുടെ  വിവാഹ നിശ്ചയം  ചെന്നൈയിൽവച്ചാ യിരുന്നു..

ഇരുപത്തിയഞ്ചു വർഷങ്ങൾക്കു ശേഷമാണ് അവർ ചെന്നൈയിലേക്ക് വീണ്ടും വരുന്നത്. തങ്ങൾ ഒന്നിച്ചു നടന്ന ഇടങ്ങൾ കാണാൻ, അന്ന് കൂടെ നിന്നവരെയൊക്കെ സന്ദർശിക്കാൻ...!

അന്ന്, അവർക്ക് ധൈര്യം പകർന്നുകൊടുത്തവരിൽ ഒരാൾ ഞാനായിരുന്നു.  

രണ്ടു സംസ്കാരങ്ങൾ ഒന്നിച്ചു ചേർക്കപ്പെട്ടു.

മുള്ളറുടെ മാതാപിതാക്കൾ വിവാഹത്തിന് സമ്മതിച്ചുവെങ്കിലും ഓട്ഗോയുടെ കുടുംബം സമ്മതം മൂളാൻ കുറച്ചു
കാലമെടുത്തു .
ഈ ദമ്പതികൾക്ക് രണ്ട് ആൺകുട്ടികളാണ്. അവർ ജർമ്മനിയിൽ പഠിക്കുന്നു..

ഒരു നഷ്ടപ്രണയത്തിന്റെ സങ്കടത്തോടെയായിരുന്നു  മുള്ളർ ഇന്ത്യക്കു  വിമാനം കയറിയത് .
എന്നാൽ ഇവിടെ വന്നു കുറച്ചു കഴിഞ്ഞപ്പോൾ ഓട്ഗോ കൂട്ടായി .
തിരികെപ്പോകുമ്പോൾ കൂടെ ഓട്ഗോയുമുണ്ടായിരുന്നു..

തൻ്റെ ജീവിതത്തിൽ തനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം അവളാണ് എന്ന് മുളളർ പറയുമ്പോൾ
അവരുടെ കണ്ണുകൾ മാത്രമല്ല, എന്റെ കണ്ണുകളും നിറഞ്ഞു..

സ്നേഹ വിശാലതയുടെ നീലാകാശത്ത് വീണ്ടും കണ്ടുമുട്ടിയവർ : പുഷ്പമ്മ ചാണ്ടി
സ്നേഹ വിശാലതയുടെ നീലാകാശത്ത് വീണ്ടും കണ്ടുമുട്ടിയവർ : പുഷ്പമ്മ ചാണ്ടി

സ്നേഹ വിശാലതയുടെ നീലാകാശത്ത് വീണ്ടും കണ്ടുമുട്ടിയവർ : പുഷ്പമ്മ ചാണ്ടി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക