Image

ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം :3- സാംസി കൊടുമണ്‍)

Published on 26 January, 2024
ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍ (നോവല്‍ ഭാഗം :3- സാംസി കൊടുമണ്‍)

അങ്കിള്‍ ടോം റിനയോടു പറഞ്ഞ കഥ തുടരുന്നു.

റീന, അങ്കിള്‍ ടോം പറഞ്ഞ കഥകള്‍ മൂളിക്കേട്ടതെയുള്ളു.(അങ്കിള്‍ ടോം റീന സങ്കല്പിച്ചുണ്ടാക്കിയ അവളുടെ പൂര്‍വ്വികരുടെ പ്രതിനിധി ആയിരിക്കാം. റീന എന്തൊക്കയോ മൂളികേള്‍ക്കുകയും ഒപ്പം പ്രതികരിക്കുകയും ചെയ്യുന്നതായി സാമും, ആന്‍ഡ്രുവും കാണുന്നുണ്ടായിരുന്നു.) അവളുടെ ഉള്ളിലും അന്ന് ആ കപ്പലില്‍ ഉണ്ടായിരുന്നവരുടെ ഉള്ളിലെ പക നീറുന്നു. ലെമാറിന്റെ ഉള്ളില്‍ ആ തീ എന്നും അണയാതെ കത്തുന്നത് റീന തിരിച്ചറിയുന്നു. ഒന്നാം കപ്പലിലെ ബന്ധികളുടെ ഉള്ളില്‍ കത്തിയ തിയില്‍ നിന്നും കൊളുത്തിയ ദീപശിഖ ഇന്നും തലമുറകളുടെ നെഞ്ചില്‍ കത്തുന്നു. …ആ എരിതീയ്യില്‍ വെന്തെരിഞ്ഞ എന്റെ സഹോദരങ്ങളെ... റീനയുടെ ഉള്ളില്‍ നിന്നും ഒരു തേങ്ങല്‍ ഉയര്‍ന്നു.

കുട്ടി നീ കരയുന്നുവോ... കരഞ്ഞു നിന്റെ സങ്കടങ്ങളെ ഒഴുക്കി കളയരുത്... അതു നിന്റെ ഉള്ളില്‍ കിടന്നു വിങ്ങട്ടെ... നിന്റെ അടുത്ത തലമുറയിലേക്ക് ഈ കഥകള്‍ നീ പകരുമ്പോള്‍ അല്ലെങ്കില്‍ അതിന്റെ തീവ്രതകുറഞ്ഞു പോകും... നീ അവകാശങ്ങളുള്ള ഒരു നീഗ്രോ ആണ്. നീഗ്രോ എന്ന് ഞാന്‍ എടുപറഞ്ഞതാണ്. നിന്നെ നീ എങ്ങനെ അടയാളപ്പെടുത്തണമെന്ന അവരുടെ ആഗ്രഹം ഓര്‍മ്മപ്പെടുത്തിയതാണ്. ഇത്രയേറെ അവകാശങ്ങള്‍ ഉള്ള നീ ഇന്നും പുറമ്പോക്കിലാണന്ന കാര്യം മറക്കരുത്. അവകാശങ്ങള്‍ അവര്‍ തന്നതല്ല. തലമുറകളായി അവരുടെ പാടങ്ങളില്‍ ആത്മാഹൂതി ചെയ്ത നിന്റെ പൂര്‍വ്വികരുടെ പ്രാണന്റെ വിലയാണ്. നിശബ്ദമായ, ശബ്ദം നഷ്ടപ്പെട്ടവന്റെ പ്രതിക്ഷേധങ്ങളുടെ കഥ നിനക്കു മാത്രമല്ല നിന്റെ തലമുറയ്ക്കും അറിയില്ല.

ലെമാറിന്റെ മകന്‍ ലെമാര്‍ ജൂനിയര്‍ തന്റെ പിതാവിനുള്ള അന്ത്യോപചാരം എന്ന നിലയില്‍ പിതാവിനെക്കുറിച്ചുള്ള നല്ല ഓര്‍മ്മകള്‍ പങ്കുവെയ്ക്കാനായി എഴുനേറ്റതാണ്. അവനു വാക്കുകള്‍ തൊണ്ടയില്‍ തടയുന്നു. ഇനി എന്നാണു നമ്മുടെ അടിമത്വം അവസാനിക്കുക. ആ ചോദ്യം എല്ലാവരും സ്വയം ചോദിക്കുന്നതാണ്.“എന്റെ പിതാവ് ഡൗണ്‍ സൗത്തില്‍ നിന്നാണ്. നിങ്ങള്‍ക്കൊക്കെ അറിയാം അവിടം ഇന്നും ഉടമമനുസ്സുകളാണ്. അടിമത്വം നിയമം വഴി നിരോധിച്ചിട്ട് നൂറ്റമ്പതുവര്‍ഷത്തിലേറെയായെങ്കിലും ഇന്നും നമ്മള്‍ വ്യവസ്ഥിതിയുടെ അടിമകളാണ്…” എല്ലാവരും ഒന്നു നിവര്‍ന്നിരുന്ന് ആമീന്‍ എന്ന് അര്‍ത്ഥമറിയാത്തവരെപ്പോലെ പറഞ്ഞു. പിന്നെ അവന്‍ പറഞ്ഞതൊന്നും റീന കേട്ടില്ല. ഉള്ളില്‍ നിര്‍വികാരതയുടെ തരിശുകള്‍ വളരാന്‍ തുടങ്ങി. നമ്മള്‍ ആരാണെന്ന ചോദ്യം.... സ്വന്തം അസ്ഥിത്വം, നഷ്ടപ്പെട്ടവര്‍ സ്വയം കണ്ടെത്താന്‍ ശ്രമിച്ചിട്ടെന്ത്... രാജ്യവും, ഭാഷയും, സംസ്‌കാരവും നഷ്ടമായി. വെളുത്തവന്റെ ദൈവത്തിനു കീഴടങ്ങി. അതോട് കറുത്തവന്‍ അടിമത്വത്തിന്റെ ചങ്ങലയില്‍ തളയ്ക്കപ്പെട്ടു.

സ്വര്‍ഗ്ഗത്തില്‍ എടുക്കപ്പെടുന്ന ഒരു നീഗ്രോയുടെ ആത്മാവിന്റെ (അല്ലെങ്കില്‍ നീഗ്രോയിക്ക് ആത്മാവുണ്ടോ) ഇടം എവിടെയായിരിക്കും. അവിടെ വെളുത്തവനൊപ്പം സ്ഥാനം ഉണ്ടാകുമോ...? അതോ അവിടെയും നമ്മള്‍ അവന്റെ സുഖത്തിനുവേണ്ടി അടിമകളായി തുടരുമോ...?റീന പെട്ടന്ന് അങ്കിള്‍ ടോമിനോടായി ചോദിച്ചു.

അങ്കിള്‍ ടോം എന്തു പറയണമെന്നറിയാതെ ഒന്നു ചിരിക്കമാത്രം ചെയ്തു.എന്നിട്ട് ആരോടെന്നില്ലാതെ പറഞ്ഞു: എല്ലാ രാജ്യങ്ങളും ഒരോ സാമ്രാജ്യങ്ങളാണ്. അവിടെ സ്ഥാപകന്റെ താല്പര്യങ്ങള്‍ക്കെ വിലയുള്ളു. ഇവിടെയും സ്വര്‍ഗ്ഗം ഒരു രാജ്യമായാണു ചിത്രീകരിച്ചിരിക്കുന്നത്. അതു വെളുത്തവന്റെ ബുദ്ധിയില്‍ ഉദിച്ച, പുതിയ ആയുധമായിരുന്നു. ഭൂമിയില്‍ അവന് അസൗകര്യങ്ങള്‍ ഇല്ലാതെ ജീവിക്കാന്‍ ചുറ്റുമുള്ളവര്‍ അനുസരണയുള്ളവരായിരിക്കണം. വിധേയത്വമുള്ളവരായിരിക്കണം. അങ്ങനെയുള്ളവര്‍ക്ക് സ്വര്‍ഗ്ഗരാജ്യത്തിനവകാശികളാകാമെന്നവര്‍ നിയമം വെച്ചു.

നമ്മുടെ പൂര്‍വ്വികരുടെ മതം ഇതായിരുന്നില്ല. അല്ലെങ്കില്‍ നമുക്കൊരു മതം തന്നെ ഉണ്ടായിരുന്നില്ല. പ്രകൃതിയായിരുന്നു നമ്മുടെ ദൈവവും മതവും എല്ലാം. പ്രകൃതിയെ നോവിക്കാതെ ജീവിക്കണം എന്നുള്ളതായിരുന്നു നമ്മുടെ ഗോത്ര നിയമം. മരണം ഒരാഘോഷമായിരുന്നു. മരിച്ചവരെ, ഇതുപോലെ പെട്ടിയിലാക്കിയല്ല അടക്കിയിരുന്നത്. അതുപോലെ മരണത്തിന്റെ ദൂതന്മരെപ്പോലെ കറുത്ത കോട്ടിട്ടവരായിരുന്നില്ല ശവവാഹികള്‍. ഗ്രാമം മുഴുവന്‍ ഒരുവന്റെ മരണത്തില്‍ വിലാപത്തിന്റെ പാട്ടുകള്‍ ആലപിച്ച് വീട്ടുകാര്‍ക്കൊപ്പം കൂടും. മരണത്തിന്റെ ഘനമൊന്നു കുറയുമ്പോള്‍, പരേതനു കടമുള്ളതൊക്കെ കൊടുത്ത്, അവനെ പൂര്‍വ്വികരുടെ അടുത്തേക്കയയ്ക്കുമ്പോള്‍ അയാള്‍ക്ക് പ്രീയപ്പെട്ടതൊക്കെ കുഴിമാടത്തില്‍ ഇടും. ഒരു മടക്കയാത്ര പാടില്ല. ആത്മാവ് പ്രേതമായി ചുറ്റിയലയാന്‍ വിടാതെ മന്ത്രധനികളാല്‍ പരേതന്റെ ആത്മാവിനെ അവരുടെ ലോകത്തിലെക്കയക്കുന്നത്, പാട്ടും, നൃത്തവും ഒക്കെയായി സങ്കടമൊട്ടും ഇല്ലാതെയാണ്. പ്രേതലോകത്ത് അവര്‍ നമ്മുടെ കാവല്‍ക്കാരാണ്. ഒരോ ഗോത്രങ്ങള്‍ക്കും ആചാരങ്ങളില്‍ അല്പാല്പമാറ്റങ്ങള്‍ കണ്ടേക്കാം. എന്നാലും പൊതുവേ ചില സമാനതകള്‍ ഒരു ആഫ്രിക്കക്കാരന്റെ സ്വഭാവത്തിലും, ജീവിതത്തിലും എന്നപോലെ അവന്റെ അവസാനയാത്രയിലും ഉണ്ട്. ഒരിക്കലും കൃഷിയിടങ്ങളില്‍ സ്മശാനം ഒരുക്കിയിരുന്നില്ല. അതിരാവിലെ സൂര്യന്‍ ഉദിച്ചുപൊങ്ങുന്നതിനുമുമ്പ്, പരേതന്റെ ആത്മാവ് ഉണരുന്നതിനുമുമ്പേ അടക്കം കഴിഞ്ഞിരിക്കും ചിലര്‍ പശുവിന്റെയൊ, മറ്റേതെങ്കിലുമൊ മൃഗത്തിന്റെയോ തുകലില്‍ പൊതിഞ്ഞായിരിക്കും ശവം അടക്കുന്നത്. അതിനു വേണ്ടി കൊല്ലുന്ന മൃഗത്തിന്റെ മാംസം ശവമടക്കിനുശേഷമുള്ള സദ്യയില്‍ എല്ലാവര്‍ക്കും വിളമ്പും. ആ ആചരങ്ങള്‍ നല്ലതൊ ചീത്തയോ എന്നെനിക്കറിയില്ല. (ക്രിസ്തുവിന്റെ മാംസവും, രക്തവും പങ്കിട്ട് ആരാധന നടത്തുന്നവരും ഇതിന്റെ പിഗ്മാമികളോ…?) പക്ഷേ നമുക്ക് ഒരു വര്‍ഗ്ഗം എന്ന നിലയില്‍ പലതും നഷ്ടമായി. എല്ലാ ആചരങ്ങളും എനിക്ക് പറയാന്‍ അറിയില്ല. എന്നാലും കേട്ടകാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ്.

റീന കഥ കേള്‍ക്കുന്നതിനിടയില്‍ ലെമാറിന്റെ ശരീരവും വഹിച്ച് ആറുപേര്‍ ഫൂണറല്‍ഹോമിന്റെ പടികള്‍ ഇറങ്ങി. അവര്‍ അച്ചടക്കത്തോട് വളരെ ചിട്ടയിലാണു ശവം വാഹനത്തില്‍ കയറ്റിയത്. കൂടിനിന്നവര്‍ പരേതനോടുള്ള ആദരസൂചകമായി, സൈഡ് ടേബിളില്‍ വെച്ചിരുന്ന വിസ്‌കിയുടെ ഒരോ ഷോട്ടെടുത്ത് കണ്ണുകളടച്ച് ഒരു നിമിഷം മൗനികളായി നിന്ന് പടിയിറങ്ങി. റീനക്കൊപ്പം സാമും, ആന്‍ഡ്രുവും കഥകള്‍ കേട്ടിരിക്കുമ്പോള്‍, ആചാരങ്ങളിലെ സമാനതകളില്‍ ആന്‍ഡ്രുവിന്റെ മനസ്സുടക്കി. തന്റെ നാട്ടിലെ ചില ജാത്യാചാരങ്ങളിലും മൃതന് കള്ളും വെള്ളവും കൊടുത്ത് യാത്രയാക്കുന്ന പതിവ് ദേശ ദേശങ്ങളില്‍ നിന്നും പകര്‍ന്നതോ, ജന്മ ജന്മാന്തരങ്ങളില്‍ എവിടെയോ അവരൊക്കെ പരസ്പര ബന്ധിതരോ എന്ന ചിന്തയില്‍ മൗനിയായി.

റീന ലെമാറിനെ അടക്കുന്നതു കാണാന്‍ പോയില്ല. ലെമാര്‍ അവള്‍ക്ക് നല്ല ഒരു സ്‌നേഹിതനും ബന്ധുവുമായിരുന്നു. ജീവിതത്തിന്റെ പ്രതിസന്ധികളിലൊക്കെ ഒപ്പം നിന്നു. എന്തും തുറന്നു പറയാവുന്ന ഒരു നല്ല സുഹൃത്തിനെ, അല്ല അങ്കിളിനെ, അവള്‍ക്ക് നഷ്ടമായിരിക്കുന്നു. അയാള്‍ മണ്ണിലേക്കു ചേര്‍ക്കപ്പെടുന്നതു കാണാന്‍ എന്തുകൊണ്ടൊ മനസ്സ് അനുവദിക്കുന്നില്ല. എപ്പോഴും ലെമാര്‍ പറയുമായിരുന്നു; നീ എനിക്ക് എന്റെ പെങ്ങളുടെ മകളെപ്പൊലെയാണെന്ന്. ചിലപ്പോള്‍ ശരിയായിരിക്കും. അയാള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത അയാളുടെ പെങ്ങളുടെ മകള്‍ തന്നെയായിരിക്കാം. താന്‍ അറ്റലാന്റായില്‍നിന്നാണന്നു പറഞ്ഞപ്പോള്‍, ഒരടിമക്ക് തന്റെ സഹോദരങ്ങള്‍ എവിടെ എന്നു തിരിച്ചറിയാന്‍ കഴിയാത്തപോലെ തങ്ങളുടെ വംശങ്ങളെ ചിതറിച്ചവരോടുള്ള പകയാല്‍ അയാളുടെ കണ്ണുകള്‍ കത്തിയതോര്‍ക്കുന്നു. തന്റെ അമ്മയെ കാണിച്ചു കൊടുക്കാന്‍ കഴിയാത്തതില്‍ തനിക്കും ദുഃഖമുണ്ടായിരുന്നു. അമ്മ മരിച്ചിട്ട് ഏറെ ആയിരുന്നു.

റീന... ചിലപ്പോള്‍ ലെമാര്‍ നിന്റെ അമ്മാവന്‍ തന്നെ ആയിരിക്കും. എനിക്കും ഒന്നും തീര്‍ച്ച പറയാന്‍ പറ്റില്ല. അങ്കിള്‍ ടോം എവിടെ നിന്നോ ഇഴഞ്ഞു കയറി പറഞ്ഞു. ഒരടിമപെണ്ണിന്റെ ജീവിതം അവളുടേതല്ല. അഞ്ചാം വയസ്സില്‍ തന്നെ അവള്‍ വില്പനച്ചരക്കാണ്. അവന്റെ പെങ്ങന്മാരെ ഉടമ വിറ്റു. ഉടമ എന്നു പറഞ്ഞാല്‍ അവന്റെ അമ്മ അല്ല. ഒരടിമയുടെ മേലും അവരുടെ അച്ഛനമ്മമാര്‍ക്ക് അവകാശമില്ല. നിനക്കതിന്റെ പൊരുള്‍ എത്രമാത്രം മനസിലാകും എന്നെനിക്കറിയില്ല. ഞാന്‍ മറ്റൊരു രീതിയില്‍ പറയാം. നിനക്കു കുറെ പശുക്കള്‍ ഉണ്ടെന്നിരിക്കട്ടെ അതിനെ നീ കൂട്ടമായി മേയാന്‍ വിട്ട് അതില്‍ ഒന്നു ഗര്‍ഭം ധരിച്ചാല്‍ കുട്ടിയുടെ അച്ഛന്‍ ആരെന്നു നീ വേവലാതി കൊള്ളുമോ...? ആ പശുവിനു ജനിക്കുന്ന കിടാവിന്റെ അവകാശി ആരാണ്. സമയമാകുമ്പോള്‍ നീ അതിനെ വിറ്റു പണം വാങ്ങില്ലെ... ഒരടിമയും ഒരു കന്നാലിയെക്കാള്‍ മെച്ചമായിരുന്നില്ല.

ഒരുടമക്ക് ഏറ്റവും സന്തോഷം തന്റെ അടിമസ്ത്രീകള്‍ പെറ്റുപെരുകുന്നതിലായിരുന്നു. ഒരടിമപെണ്ണിനു വിലയുണ്ടായിരുന്നു. അവളുടെ പ്രായം കുറയുന്തോറും വിലകൂടിവരും. അതിനെക്കുറിച്ചൊക്കെ ഒത്തിരിപറയാനുണ്ട്. ഇപ്പോള്‍ ഒരു കഥ കേള്‍ക്കുന്നപോലെ നിനക്ക് വേണമെങ്കില്‍ ഇടയ്ക്ക് കഷ്ടം....അയ്യോ പാവം.....അങ്ങനെയൊക്കെ ചെയ്യുമൊ എന്നൊക്കെ ചോദിച്ച് നിന്റെ മനസ്സിന്റെ ആകാംഷയെ പ്രകടിപ്പിക്കാം. എന്നാല്‍ ഒന്നുരിയാടാന്‍ അവകാശങ്ങളില്ലാതെ ഇതൊക്കെ സഹിച്ചവരെക്കുറിച്ച് നിന്റെ അമ്മ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ?അല്ലെങ്കില്‍ വല്ലതും നിനക്കു മനസ്സിലായിട്ടുണ്ടോ...ഞാനും, ലെമാറുമൊക്കെ ഒത്തിരി കണ്ടവരാ...ലെമാര്‍ പ്രായമായപ്പോഴേക്കും കാലം കുറെ മാറിയിരുന്നു. അവന്റെജീവിതംരണ്ടായി പകുക്കണം. ഒരു പകുതി അടിയുടെയും, മറുപകുതി ചങ്ങല ഊരിയവന്റേയും. പക്ഷേ ആദ്യം ഒന്നും അവനു മനസ്സിലായില്ല എവിടെയാണവന്റെ സ്ഥാനം എന്ന്. എന്നാല്‍ ഞാന്‍ ഒരു പുരുഷായിസു മുഴുവന്‍ ചങ്ങലയില്‍ ജീവിച്ചവനാണ്.ആയിരത്തി എണ്ണൂറ്റി അറുപത്തൊന്നില്‍ (1861) തുടങ്ങിയ സിവില്‍ വാറിന്റെ കാരണം അടിമത്വം വേണമോ വേണ്ടയോ എന്ന തര്‍ക്കമായിരുന്നു. ആയിരത്തി എണ്ണുറ്റി അറുപത്തഞ്ചില്‍ (1865) സിവില്‍ വാര്‍ അവസാനിക്കുമ്പോള്‍ അതൊരു പുതിയ സൂര്യോദയമായിരുന്നു. എന്നാല്‍ പിന്നേയും നൂറുവര്‍ഷം എടുത്തു ഒരടിമ വോട്ടവകാശമുള്ള ഒരു പൗരനായി അംഗീകരിക്കപ്പെടാന്‍. ഇതിനിടയില്‍ ഒത്തിരിയേറെ ത്യാഗങ്ങളുടെ, ബലിദാനങ്ങളുടെ, ഒളിച്ചോട്ടങ്ങളുടെ, സമരങ്ങളുടെ കഥയുണ്ട്.

ലെമാര്‍ എന്നോടൊരിക്കല്‍ ചോദിച്ചു....നമ്മള്‍ എന്താണിങ്ങനെ ആയതെന്ന്. ഞാനെന്തുത്തരമാണവനോടു പറയേണ്ടത്. ചതിയുടെ കഥകള്‍, കയ്യേറ്റത്തിന്റെ കഥകള്‍, ബലവാന്‍ ബലഹീനന്റെമേല്‍ നേടിയ ആയുധത്തിന്റെ കഥകള്‍.ഇതൊക്കെ അതില്‍ വരുമെങ്കിലും, നിഷ്‌ക്കളങ്കാരായ ഗോത്രവര്‍ഗ്ഗങ്ങളുടെ മേല്‍, തൊലിവെളുപ്പും, മിനുക്കമുള്ള പട്ടിന്റെ നിറപ്പകിട്ടും, കാണിച്ച് അവരെ ഭയപ്പെടുത്തി ചങ്ങലക്കിട്ടതിന്റെ കഥയാണു മൊത്തത്തില്‍.അങ്കിള്‍ ടോം ഒന്നു നിര്‍ത്തി മുന്നിലുള്ള ഒരു വലിയ ജനക്കൂട്ടത്തെ കാണുന്നപോലെ ചിരിച്ചു.ഇവരൊന്നും നമ്മളെ അനുമോദിക്കാനോ ആദരിക്കാനോ കൂടിയവരല്ല. നമ്മെ ലേലം കൊള്ളാന്‍ വന്നവരാ...അടിമവംശത്തെ അവരുടെ ചമ്മട്ടികൊണ്ട് മെരുക്കാന്‍ വന്നവര്‍. അങ്കിള്‍ ടോം ശരിക്കും ആള്‍ക്കുട്ടത്തെ കാണുന്നപോലെ പല്ലുകള്‍ ഞെരിക്കുന്നു.

അന്ന് കപ്പലില്‍ നിന്നും ആദ്യമായി വന്ന ഇരുപതുപേരെ വെര്‍ജീനിയയിലെ പ്ലാന്റേഷന്‍ ഉടമകള്‍ വാങ്ങി. അടിമവര്‍ഗ്ഗത്തിന്റെ ആദി പിതാക്കന്മാര്‍ എന്ന് അവരെ ചരിത്രം രേഖപ്പെടുത്തിയോ... അല്ലെങ്കില്‍ അവര്‍ ചരിത്രത്തില്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യം ഉടമയുടെ കൂലിക്കാരായ ചരിത്രകാരന്മാര്‍ക്കില്ലല്ലോ.... പകരം അവര്‍ എഴുതിയ ചരിത്രത്തില്‍, ആഫ്രിക്കയൂടെ ഇരുളടഞ്ഞ വനാന്തരങ്ങളില്‍നിന്നും പുതുലോകത്തേക്ക് തങ്ങള്‍ കൂട്ടിക്കൊണ്ടു വന്നവരുടെ രേഖാചിത്രങ്ങള്‍. ഇരയുടെ ചങ്ങലയ്ക്കിട്ട കാലുകളും കുനിഞ്ഞ തലയും അവര്‍ ചരിത്ര ക്ലാസുകളില്‍ നിന്നും തുടച്ചു മാറ്റി, ‘ക്യാന്‍സല്‍’ കള്‍ച്ചറിന്റെ പുതിയ പാഠങ്ങള്‍ പഠിച്ചും പഠിപ്പിച്ചും ചരിത്രത്തെ വികൃതമാക്കി. ഇപ്പോള്‍ നമ്മള്‍ പറയുന്നു സത്യമായ ചരിത്രം അതല്ലെന്ന്. പക്ഷേ അവര്‍ വിട്ടുതരില്ല. അവരുടെ കുട്ടികള്‍ എന്തു പഠിക്കണമെന്നവര്‍ തീരുമാനിക്കുമെന്നവര്‍ പറയുന്നു. ഇതാണെന്നത്തേയും അമേരിക്ക. മറ്റുള്ളവരെ അടിമയായി വെച്ച് നേട്ടങ്ങളുടെ കൊടുമുടി കയറിയവര്‍ ജനാധിപത്യത്തെക്കുറിച്ച് പ്രസംഗിക്കുന്നു. എന്നും മുഖം മൂടിക്കുള്ളില്‍ ജീവിക്കുന്നവര്‍.

അങ്കിള്‍ ടോം കഥ പറഞ്ഞപ്പോള്‍, റീനയുടെയും ആന്‍ഡ്രുവിന്റേയും മനസ്സില്‍ ഒരേ ചോദ്യം ഉയര്‍ന്നു. ആദ്യ കപ്പലില്‍ വന്നവരെ എന്തുകൊണ്ട് പില്‍ഗ്രിം ഫാദേഴ്‌സെന്നു വിളിച്ചില്ല. ടര്‍ക്കിക്കോഴികളുടെ പെരുന്നാളായ താങ്ക്‌സ് ഗീവിങ്ങ് ആഘോഷങ്ങളില്‍ വെളുത്തവരുടെ കുടിയേറ്റ വായ്പ്പാട്ടുകള്‍ മാത്രമായതെന്തേ. ..?. അവര്‍ കണ്ണില്‍ കണ്ണില്‍ നോക്കിച്ചിരിച്ചു.അവര്‍ മോക്ഷയാത്രികരായി ഇവിടെ എത്തിയവരല്ലെന്നതിനു തെളിവല്ലെ അത്.

അങ്കിള്‍ ടോം കാടുകയറുകയാണന്നു റീനയ്ക്കു തോന്നി. ഉള്ളിലെ കടല്‍ ഒരു സുനാമിയായി അലതല്ലുമ്പോള്‍ വഴിമാറി ഒഴുകുന്നതു സ്വഭാവികമായിരുന്നു. രണ്ടാമത്തെ കപ്പല്‍ കൊണ്ടുവന്ന നൂറ്റിരണ്ടുപേരുടെ വിധി എന്തെന്നു ആരെങ്കിലും രേഖപ്പെടുത്തിയോ എന്നറിയാനായി റീന കാതോര്‍ത്തു. അങ്കിള്‍ ടോം അനാദികാലത്തിന്റെ കഥയറിയാവുന്നവനല്ലെ... എല്ലാം ഓര്‍മ്മകളില്‍ കാണും. റീനയുടെ ഉള്ളറിഞ്ഞിട്ടെന്നപോലെ അങ്കിള്‍ ടോം ആ കാലത്തിന്റെ താളുകള്‍ തപ്പി.

കുഞ്ഞെ... ലിപികളില്ലാതെ എഴുതിയ കഥാപുസ്തകത്തിന്റെ താളുകളൊക്കെ പൊടിഞ്ഞ് തുളവീണിരിക്കുന്നു. അവിടെ നഷ്ടമായ കഥകള്‍ നീ പൂരിപ്പിക്കണം.

അങ്കിള്‍ ടോം...നമുക്കതിനെ ജീവിതം എന്നു വിളിക്കുന്നതല്ലെ കൂടുതല്‍ മനുഷ്യത്വം.... അവരുടെ ജീവിതവും, രോദനങ്ങളും വെറും കഥകള്‍ മാത്രമോ...?

മനുഷ്യത്വം... അങ്ങനെ ഒരു വാക്കിന്റെ അര്‍ത്ഥം അറിയാവുന്നവരായിരുന്നോ അവര്‍. എങ്കിലും നിനക്ക് ദിനവൃത്താന്തങ്ങളെ ജീവിതം എന്നു വിളിക്കണമെങ്കില്‍ അങ്ങനെ ആയിക്കൊ... പക്ഷേ നീ തന്നെ പറയണം ഇതൊരു ജീവിതം ആയിരുന്നുവോ എന്ന്.

ആ നൂറ്റിരണ്ടില്‍ അധികവും സ്ത്രീകളും കുട്ടികളും ആയിരുന്നു. പുരുഷന്മാരില്‍ ഏറയും വഴിയില്‍ ചത്തു. അല്ലെങ്കില്‍ കൊന്നു. പ്രതിക്ഷേധിച്ചവനെ മെരുക്കാനുള്ള ശ്രമത്തില്‍, ചങ്ങലയ്ക്കിട്ടും, മുറിവേല്പിച്ചും, പട്ടിണിക്കിട്ടും അവനെ കൊന്നു. അവര്‍ക്ക് ആത്മാവില്ലാത്തതുകൊണ്ട് കൊന്നവനു കുറ്റബോധം ഒട്ടും ഇല്ലായിരുന്നു.അല്ലെങ്കില്‍ തന്നെ എല്ലാ കൊലപാതങ്ങളേയും നീതികരിക്കുന്ന ഒരു ദൈവമാണല്ലോ അവര്‍ക്ക് കൂട്ട്.തുറമുഖത്തെ തുറസില്‍ അവരെ ചങ്ങലയില്‍ ബന്ധിച്ചു. കൂടിവന്നവര്‍ക്കൊക്കെ പുതിയ കാഴ്ചയിലെ ആനന്ദത്തിന്റെ ആര്‍പ്പുവിളികള്‍. ചത്തതിനേയും കൊന്നതിനേയും കടലിനു കെടുത്തതിനു ശേഷം മിച്ചം വന്ന നൂറ്റിരണ്ടില്‍, ആദ്യം ആണിനെ പ്രദര്‍ശിപ്പിച്ചു.

ഒരോ ആണിന്റേയും കായബലമായിരുന്നവന്റെ വില നിശ്ചയിച്ചത്. വിരിഞ്ഞ നെഞ്ചും, പുറവും അവര്‍ കണക്കിലെടുത്തു. നീണ്ടകരങ്ങളും, ഉറച്ച കാലുകളും അവരുടെ വില വര്‍ദ്ധിപ്പിച്ചപ്പോള്‍ പെണ്ണിന്റെ വിലനിശ്ചയിച്ചത്, അവളുടെ പ്രായവും, മാറിന്റെ വലുപ്പവും, തുടയെല്ലുകളുടെ ബലവുമായിരുന്നു. പല്ലുകള്‍ നോക്കി അവര്‍ പ്രായം ഗണിച്ച് വിലയെഴുതി പ്രദര്‍ശിപ്പിച്ചു. അഞ്ചുവയസിനു താഴയുള്ള കുട്ടികളെ അമ്മക്കൊപ്പം വിലയുറപ്പിച്ചു. അഞ്ചുമുതല്‍ അമ്പതുവരെ ഒരോ ഉരുവിനും അവര്‍ വിലയിട്ടു. ചുട്ടപ്പമ്പോലെയാ കച്ചോടം നടന്നത്. വലിയ പ്ലാന്റേഷനുകളിലേക്ക് നയിക്കപ്പെട്ട അവര്‍ പുറലോകം പിന്നെ കണ്ടിട്ടില്ല. ഒട്ടു മിക്കവരുടെയും ജീവിതം ചങ്ങലകളുടെ നീളത്തിനൊപ്പമായിരുന്നു.

ആ കപ്പലില്‍ തടവിലാക്കപ്പെട്ടവരില്‍ പലരും ഒരേ കുടുംബത്തിലെ അംഗങ്ങളും, സഹോദരന്മാരും, സഹോദരികളും, അച്ഛനും, അമ്മയും ഒക്കെ ആയിരുന്നുവെങ്കിലും വെര്‍ജീനയുടെ കപ്പല്‍ തുറമുഖത്തു നിന്നും പലതോട്ടങ്ങളിലെ മുതലാളിമാരുടെ അടിമകളായി വിലയ്ക്കു വാങ്ങിയ വെറും ചരക്കുകളായി, ജീവിതത്തില്‍ ഒരിക്കലും കണ്ടുമുട്ടാത്തവരായി, എന്തിനു പോകുന്നെന്നോ, എങ്ങോട്ടു പോകുന്നെന്നോ അറിയാതെ മാടുകളായി, പല കൂട്ടങ്ങളായി തെളിച്ച വഴികളിലൂടെ നടന്നു. പരസ്പരം പിരിയുമ്പോള്‍ അവര്‍ കണ്ണില്‍ കണ്ണില്‍ നോക്കി നോക്കി കണ്ണിര്‍ വിഴുങ്ങി. അവര്‍ക്കത്രമാത്രമേ കഴിയുകയുള്ളായിരുന്നു. അമ്മമാരെ പിരിഞ്ഞ കുഞ്ഞുങ്ങള്‍ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കി. അവര്‍ ജീവിതത്തില്‍ ഇനി ഒരിക്കലും കണ്ടുമുട്ടില്ല എന്നവരറിഞ്ഞിരുന്നുവോ...? അവര്‍ പല പ്ലാന്റേഷനുകളിലേക്ക് നയിക്കപ്പെട്ടു, വെര്‍ജീനിയ, ജോര്‍ജ്ജിയ, മെരിലാന്റ് എന്നിവിടങ്ങളിലെ വ്യാപാരികള്‍ ഉറപ്പിച്ച കച്ചവടം അവരുടെ കങ്കാണിമാരുടെ കുതിരികള്‍ക്ക് പിന്നാലെ കൂട്ടമായി തെളിക്കപ്പെട്ടു. കാലുകളിലെ ചങ്ങലയ്ക്ക് കുതിരയുടെ കുളമ്പിന്റെ താളത്തിലും വേഗത്തിലും എത്താനനുള്ള നീളം ഇല്ലായിരുന്നെങ്കിലും, പിറകിലെ കുതിരക്കാരന്റെ ചാട്ടവാര്‍ പുറത്തു നീറുമ്പോള്‍ അവര്‍ വലിഞ്ഞും ഏങ്ങിയും, കുതിരകളായി. പരസ്പരം ബന്ധിപ്പിച്ച കൈകളുടെ കടിഞ്ഞാണ്‍ മുന്നിലെ കുതിരക്കാരനിലായിരുന്നു.

അനുസരണയുള്ള കുതിര, പുറത്തിരിക്കുന്നവന്റെ ശബ്ദത്തിന്റെ താളവ്യതിയാനത്തെ തിരിച്ചറിഞ്ഞ് വേഗം കൂട്ടിയും, കുറച്ചും, വളവുകളും, തിരുവുകളുമുള്ള നാട്ടുപാതയുടെ ഇരുവശങ്ങളിലുമുള്ള പച്ചിലകള്‍ക്കായി കൊതിച്ചു. പക്ഷേ അവയ്ക്ക് മുഖപട്ടയും, കടിഞ്ഞാണും ഉണ്ടായിരുന്നു. യജമാനന്റെ ആജ്ഞാനുവര്‍ത്തികളായി മാറ്റിയവര്‍ ഒരിക്കല്‍ കാടിന്റെ വന്ന്യതയില്‍ നിന്നും പിടിച്ച് മെരുക്കപ്പെട്ടവയാണ്. ഇപ്പോള്‍ ചങ്ങലയില്‍ ബന്ധിക്കപ്പെട്ടവരേയും മെരുക്കി തങ്ങളുടെ കാലികളുടെ കൂട്ടത്തില്‍ കണക്കില്‍ പെടുത്തും. വെളുത്തവനും അവന്റെ ദൈവവും അതിനു കൂട്ട്.

റീനാ.. നിനക്കറിയാമോ...നമ്മുടെ ദൈവം ഏകിഭാവമുള്ള ഒരു ദൈവം അല്ല എന്ന്...? പ്രകൃതിയുടെ എല്ലാ ഭാവങ്ങളും നമ്മുടെ ആരാധനയുടെ മൂര്‍ത്തികളാണ്. തീയും വെള്ളവും, വായുവും, ഇടിയും, മിന്നലും, സൂര്യനും, ചന്ദ്രനും ഒക്കെ നമ്മള്‍ ആരാധനയുടെ ആരതി ഉഴിഞ്ഞു. അതില്‍ പ്രധാനം തീയ്യാണ്. തീയ്യാണു നമ്മുടെ ദൈവം.നമ്മുടെ എല്ലാ ചടങ്ങുകള്‍ക്കും തീ ഉണ്ടായിരുന്നു, എന്നാല്‍ നമ്മളെ അടിമകളാക്കിയവര്‍ നമ്മളിലെ തീ കെടുത്താന്‍, അവരുടെ മതത്തേയും ദൈവങ്ങളേയും നമ്മുടെ മേലിറക്കി. മെരുക്കപ്പെടുന്നവനു നഷ്ടപ്പെടുന്നതെന്തെല്ലാമെന്ന് ഇവര്‍ അറിയുന്നില്ലല്ലോ...? എങ്കിലും ആ ചങ്ങലയിലെ പത്തുപേരുടേയും ഉള്ളിലും തീയുണ്ടായിരുന്നു. പ്രതിക്ഷേതത്തിന്റെ തീ. ആ പൊരി കെടാതെ തലമുറകളിളേക്കവര്‍ പകര്‍ന്നു. എന്നിലും നിന്നിലും അതു നിറഞ്ഞു. എന്നാല്‍ ചിലരിലെല്ലാം, അതു കത്തിയെരിഞ്ഞു. അവര്‍ രക്തസാക്ഷികളായി അവര്‍ നമ്മുടെ കൈകളിന്‍ നിന്നും അടിമച്ചങ്ങലയെ വലിച്ചെറിഞ്ഞു. പക്ഷേ ഇന്നും നമ്മള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട അടിമത്വത്തിന്റെ ഇരകളല്ലെ....ലെമാറിന്റെ സഹോദരന്റെ കഴുത്തില്‍ അമര്‍ന്ന ആ മുട്ടുകാല്‍ അതിന്റെ പ്രതീകമല്ലെ...ഞാന്‍ അതിനെക്കുറിച്ച് ഒന്നും പറയുന്നില്ല... ഞാന്‍ നിങ്ങള്‍ക്ക് മുമ്പേ ജീവിച്ചവനല്ലേ...തലമുറകള്‍ തമ്മിലുള്ള വിടവ് എന്തു തന്നെയായാലും ഒന്നെനിക്കറിയാം ഞാനും എന്റെ മുന്‍തലമുറയും അനുഭവിച്ച യാതനകള്‍ നിങ്ങള്‍ക്ക് മനസിലാകില്ല... റീന ഞാന്‍ പറഞ്ഞു പറഞ്ഞു കാടു കേറുന്നെന്നു തോന്നുന്നുണ്ടോ...? വേണം എന്നു വെച്ചിട്ടല്ല. വികാരത്തള്ളിച്ച കൊണ്ട് അങ്ങനെ സംഭവിച്ചു പോകുന്നതാണ്.ഞാന്‍ എവിടെയാണു പറഞ്ഞു നിര്‍ത്തിയത്....അതെനമ്മുടെ പൂര്‍വ്വികര്‍ നടന്ന വഴികളെക്കുറിച്ച്.

read more: https://next.emalayalee.com/writer/119

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക